April 9, 2015

പല്ലാസ്പത്രി

പല്ലു വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ മരുന്നു വാങ്ങിക്കണമെന്ന മോഹവുമായി എത്തി പെട്ടത് ഒരു പല്ലാസ്പത്രിയിലെ ഡോക്ടര്‍ സഫ്‌വാന്‍ ഡെന്റല്‍ സര്‍ജന്റെ മുന്നില്‍.. ആവശ്യമറിയിച്ചപ്പോള്‍ ഐഡി വെക്കാന്‍ പറഞ്ഞു.ഊരും തെണ്ടി ഓട്ടപ്പല്ലും വെച്ച് ചെന്ന നുമ്മ ഖത്തറില്‍ എത്തിയപാടെ റെസിഡന്‍സ് പെര്‍മിറ്റ് അടിച്ചു തന്നെ മിനിസ്റ്ററി ഓഫ് ഇന്റീരിയേര്‍സിനെ മനസ്സില്‍ ധ്യാനിച്ച് ഐഡി എടുത്ത് കൊടുത്തു.. ഐഡി വായിച്ചു മുഴുമിപ്പിച്ചില്ല.. അതിനു മുന്നേ തന്നെ അതു നഴ്സിന്റെ കയ്യില്‍ കൊടുത്ത് ഫോട്ടോ കോപ്പി എടുക്കാന്‍ പറഞ്ഞു. അവ്ടെ കേറി കെടെന്നു വാ പൊളിക്കാന്‍ പറഞ്ഞ് കസേരയുമല്ല ബെഡുമല്ലാത്ത ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു.. പല്ലു വേദനയുമായി തലമുതല്‍ കഴുത്തു വരെ വേദനിച്ച് പണ്ടാരമടങ്ങി ചെന്ന ഞാന്‍ നേരെ അതിലേക്ക് പൊത്തിപ്പിടിച്ച് കയറി മലര്‍ന്നു കെടെന്ന് വാ പൊളിച്ചു..
ഡോകടര്‍ ഒരു തുണിയെടുത്ത് സ്വന്തം വായും മൂക്കുമെല്ലാം മൂടിക്കെട്ടി, രണ്ടു കയ്യിലും ഗ്ലൗസിട്ട് അതിന്റെ ഇലാസ്റ്റിക് വലിച്ച് ടക് ടക് എന്ന ശബ്ദമുണ്ടാക്കി അടുത്ത് വന്നു.. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍, പല്ലു വേദനയുമായി വന്ന എന്നെ കയ്യില്‍ ഗ്ലൗസെല്ലാം ഇട്ട് ഇയാളെന്തു ചെയ്യാന്‍ പോകുകയാണെന്ന് മനസ്സിലാകാതെ കണ്ണു തള്ളി.. വായിന്റുള്ളില്‍ നിന്നും ഗ്ലും എന്ന സൗണ്ട് എഫെക്റ്റോടെ കൊറേ ഉമിനീരും ഓക്സിജനുമെല്ലാം കൂടെ വയറ്റിലേക്കിറങ്ങി പോയി..
"കമിഴ്ന്നു കെടക്കണോ ഡോക്ടറേ..?"
എന്റെ ചോദ്യം കേട്ട ഡോക്ടര്‍ വായില്‍ കെട്ടിയ തുണിയഴിച്ച് വാ പൊളിച്ച് എന്നെ നോക്കി.. "ഡോ.. തനിക്ക് പല്ലു വേദനയാണെന്നല്ലേ പറഞ്ഞത്.. മൂലക്കുരു അല്ലല്ലോ..? ഇയ്യെന്താണ്ടാ തമാശാക്കാ..??"
'ഏഹ്..? അല്ല... ഇതു പോലെ ഗ്ലൗസിട്ട് ടക് ടക് എന്ന് ഇലാസ്റ്റിക് വലിച്ച് ഒച്ചയുണ്ടാക്കി വഷളന്‍ നോട്ടവുമായി വരുന്ന ഒരു ഡോക്ടറെയേ ഞാന്‍ കണ്ടിട്ടൊള്ളു.. പണ്ട്.. വീട്ടിലെ പശൂനു ഗര്‍ഭണ്ടോന്നു നോക്കാന്‍ വന്ന ഡോക്ടറെ' എന്നു പറയാന്‍ മുട്ടിയതാ.. ഒന്നും മിണ്ടാണ്ട് പിന്നേം വാ പൊളിച്ചു..
വായിന്റെ ഉള്ളില്‍ സ്റ്റീലിന്റെ കയിലു പോലെയുള്ള ഒരു സാധനവും ഒരു ചെറ്യേ കുന്തവും വെച്ച് ഇളക്കി ഉള്ള പല്ലിലൊക്കെ ചെണ്ട കൊട്ടുന്ന പോലെ കൊട്ടാന്‍ തുടങ്ങി.. ഇങ്ങേരിതെന്താ വീടു പൊളിക്കുമ്പോ കട്ട തല്ലിയിളക്കുന്ന പോലെ ഇട്ടു കൊട്ടി ഉള്ള പല്ലു മുഴുവനും തട്ടിപ്പൊട്ടിക്കാന്‍ പോവുകയാണോ പണ്ടാരം.. വേദനയടുത്തപ്പോള്‍ കയ്യും കാലുമെല്ലാം ഇളക്കി ഡോക്ടറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വായില്‍ കണ്ട സാധങ്ങളെല്ലാം കുത്തികയറ്റി വെച്ചത് കൊണ്ട് മിണ്ടാനും പറ്റുന്നില്ല.
അവസാനം പടച്ചോന്റെ കുദ്‌റത്ത് കൊണ്ട് വേദനയുള്ള അണപ്പല്ലില്‍ വന്നു കൊട്ടവസാനിപ്പിച്ചു.. എന്നിട്ട് ഏ ആര്‍ റഹ്മാന്റെ പാട്ടിനു ഡ്രംസടിച്ച് കഴിഞ്ഞ ആശ്വസിക്കുന്ന ശിവമണിയുടെ പോലെ എന്നെ നോക്കി ഒരു ചിരി..
"ഇവനാണു പ്രശ്നക്കാരന്‍ അല്ലേ..?" അതേ എന്ന അര്‍ത്ഥത്തില്‍ മുക്കിയും മൂളിയും ഞാന്‍ അപ്രൂവല്‍ കൊടുത്തു. പിന്നെ ആ പല്ലിന്റെ പൊറത്തായി അഭ്യാസം മുഴുവനും.. ഒരു ഡില്ലിങ്ങ് മെഷീന്‍ എടുത്തോണ്ട് വന്ന് പല്ലൊക്കെ കുത്തി തൊരന്ന് ഗുഹ പോലെ ആക്കി.. ആകെപ്പാടെ ഒരു തരിപ്പും പൊകച്ചിലും പുളിയും.. എല്ലാം സഹിക്കാം.. പക്ഷേ പല്ലിനും ഇക്കിളിയാകും എന്നു മനസ്സിലായത് അപ്പഴായിരുന്നു. ചിരിക്കണോ കരയണോ എന്നൊന്നും അറിയാത്ത അവസ്ഥ..
"റൂട്ട് കനാല്‍ പറ്റൂല.. എല്ലാറൂട്ടും പോയി കിടക്കുവാ.. നമുക്കിവനെ അങ്ങട്ട് എടുത്താലോ.. ഇല്ലെങ്കില്‍ വേദന മാറൂല കോയാ.."
പല്ലുമ്മെ ഇക്കിളിയായി ചിരി വന്നിട്ട് വയ്യ.. എല്ലാം കൂടെ കുത്തി പൊട്ടിച്ചിട്ട് അതും ഇതു പറഞ്ഞിട്ടെന്ത് കാര്യം..എന്തു പണ്ടാരമെങ്കിലും കാണിക്ക് എന്ന അര്‍ത്ഥത്തില്‍ പിന്നേം കയ്യാട്ടി അനുവാദം കൊടുത്തു. ഒരു സിറിഞ്ചെടുത്ത് വന്നു ചുണ്ട് പിടിച്ച് വലിച്ച് പൊട്ടിക്കാന്‍ പാകത്തിനു അകത്തി ഒരു ക്ലിപ്പിട്ട് മറ്റേ പല്ലിന്റെ താഴെ ഒരു കുത്ത്.. കൊറച്ച് കഴിഞ്ഞപ്പോല്‍ ഇക്കിളി പോയി.. പിന്നെ വായവിടെ തന്നെ ഉണ്ടോന്നായി സംശയം.. ഞാന്‍ കവിളു ചൊറിയുന്ന പോലെ പതുക്കെ ഒന്നു തൊട്ടു നോക്കി.. ഭാഗ്യം.. എല്ലാം അവിടെ തന്നെ ഉണ്ട്..
പിന്നെയായിരുന്നു കലാ പരിപാടി.. കുന്തമെടുത്ത് കുത്തുന്നു വലിക്കുന്നു.. പിന്നേം കുത്തുന്നു.. എന്നിട്ടു നഴ്സിനോടു പറയുന്നു.. ആ വണ്ണമുള്ളതെടുക്ക്.. കൊറച്ച് കഴിയുമ്പോള്‍ ഇതു പോരാ.. കുറച്ചൂടെ ബലമുള്ളതെടുത്തേ.. അതല്ല മറ്റേത്.. മൂര്‍ച്ചയുള്ളത്.. എന്നൊക്കെ പറയുമ്പോള്‍, കമ്പിപ്പാരയെടുക്ക്.. വടിവാളെടുക്ക് അമ്പും വില്ലുമെടുക്ക് എന്നൊക്കെ കേള്‍ക്കുന്ന ഫീലിങ്ങാണു വരുന്നത്. എല്ലാം കൂടെ എടുത്ത് വായിലിട്ടിളാക്കി ദമ്മ് പൊട്ടിച്ച ബിരിയാണിചെമ്പില്‍ മസാല മിക്സ് ചെയ്യുന്ന പോലെ ഒരു മാതിരി കളി...
ഡോക്ടറുടെ നെറ്റിയൊക്കെ വിയര്‍ത്തു തുടങ്ങി.. ഇടക്ക് എന്റെ വായില്‍ ടോര്‍ച്ചടിച്ചു നോക്കുന്നു.. നഴ്സിനെ നോക്കുന്നു.. പിന്നേം വായിലേക്ക് നോക്കുന്നു.. എന്നെ നോക്കുന്നു.. എന്നിട്ട് ഒരു ചവണ വെച്ച് വലിക്കുന്നു.. പിന്നേം കുത്തിയിളക്കുന്നു.. ഒരു രക്ഷയുമില്ല.. റ്റിഷ്യൂ പേപ്പറെടുത്ത് നെറ്റിയിലെ വിയര്‍പ്പെല്ലാം തുടച്ച് ചോര നിറഞ്ഞ ഗ്ലൗസ് മാറ്റി അടുത്ത ഗ്ലൗസ് ഫിറ്റ് ചെയ്തു.. പിന്നേം ടക് ടക്.. ഈ ടക് ടക് ശബ്ദം തൃശൂര്‍ പൂരത്തിന്‍ പൊട്ടിക്കുന്ന ഗര്‍ഭം കലക്കി അമിട്ടിനേക്കാള്‍ എഫെക്റ്റിലാണു എന്റെ ചെവിയില്‍ വന്നലക്കുന്നത്.
"ഒരു ട്രിപ്പൂടെ നോക്കാം.. ഇല്ലെങ്കില്‍ പിന്നെ മോണ പൊട്ടിക്കേണ്ടി വരും.." വാശിയാണെങ്കില്‍ വാശി.. ഇന്നിവനെ എടുത്തിട്ടേ എനിക്കു വിശ്രമമൊള്ളു എന്ന മട്ടില്‍ കയ്യിന്റെ വിരലൊക്കെ മടക്കി പൊട്ടിച്ച് ആയുധങ്ങള്‍ എടുത്തു..
കത്തിയെടുത്ത് പല്ലിന്റെ അടിയില്‍ ഒരു കീറു കീറി.. ഡോകടറുടേ ഇടതു കൈ എടുത്ത് എന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.. പിന്നെ വലത് കാല്‍ മുന്നോട്ട് വെച്ച്കസേരക്കാലില്‍ കുത്തി കാല്‍ മുട്ട് മടക്കി മറ്റേ കാല്‍ പിന്നോട്ട് വലിച്ച് വെച്ച് സ്റ്റെപ്പെടുത്തു. ഇതും കൂടെ ആയപ്പോള്‍ പല്ലു വേദനയുടെ കൂടെ നെഞ്ചു വേദനയും ശ്വാസം മുട്ടലും.. വായില്‍ ആക്രിക്കടയില്‍ നിരത്തി വെച്ച പോലെ കുന്തവും വടിവാളും കമ്പിപ്പാരയും കെട്ടു കമ്പിയുമൊക്കെ കുത്തി കയറ്റി വെച്ചിട്ട് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ. ഇടക്കിടക്ക് പമ്പു വെച്ച് വായില്‍ നിന്നും വാട്ടര്‍ ഇറിഗേഷനും നടത്തുന്നുണ്ട്. ഹോ.. ഒരു തെങ്ങു പറിക്കാന്‍ ഇണ്ടാവില്ല ഇത്ര കഷ്ടപ്പാട്..
ഈ കലാപരിപാടിയുടെ അനുബന്ധമെന്നോണം ചവണയെടുത്ത് പല്ലില്‍ പിടിച്ചു.. എന്നിട്ട് എന്തോ മന്ത്രിച്ച് കണ്ണുമടച്ച് ഒരൊറ്റ വലി.. ഹാവൂ.. സമാധാനം.. ഇത്തവണ സാധനം ഊരി കയ്യില്‍ പോന്നു.. "സക്സസ്.." എന്നലറി തുള്ളിച്ചാടിയ ഡോക്ടരുടെ ചിരി സ്വന്തം കയ്യിലേക്ക് നോക്കിയപ്പോള്‍ വോള്‍ട്ടേജ് പോയ പണ്ടത്തെ ടിവി പ്രോഗ്രാം പോലെ ആയി..ഊരി പോന്നത് പല്ലല്ല.. ചവണയുടെ റബ്ബര്‍ ഗ്രിപ്പ്..
"തന്റെ വായിലെന്താണ്ടോ ഷോപ്പിങ്ങ് കോമ്പ്ലെക്സ് പണിയാന്‍ വല്ല പ്ലാനും ഉണ്ടായിരുന്നോ..? പില്ലറടിച്ച് ഫൗണ്ടേഷന്‍ ഇട്ട പോലെയാണല്ലോ പല്ലു ഫിറ്റ് ചെയ്തിരിക്കുന്നത്..?" എന്നൊരു ആത്മഗ്തത്തോടേ അടുത്ത ചവണയെടുത്ത് മേല്‍ പറഞ്ഞ കളരി സ്റ്റെപ്പെല്ലാമെടുത്ത് ഒരു വലി കൂടി വലിച്ചപ്പോള്‍ ഡോക്ടര്‍ ജെയിച്ചു.. പല്ലു തോറ്റു.. സന്തോഷം കൊണ്ട് ഡോക്ടറുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊടിഞ്ഞു. കൊറെ പഞ്ഞിയെടുത്ത് എന്റെ വായില്‍ കുത്തിക്കയറ്റി വെച്ച് പുറം കൈ കൊണ്ട് സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ച് എന്റെ തോളത്ത് തട്ടി പറഞ്ഞു.. "വെല്‍ഡണ്‍ മൈ ബോയ്.. വെല്‍ഡണ്‍..."
ഇതെന്തിനാ ഇപ്പോ എനിക്ക് വെല്‍ഡണ്‍ എന്നാലൊചിച്ച് തല ചൊറിഞ്ഞ് എണീറ്റ ഉടനെ ഒരു ഏ ഫോര്‍ സൈസ് പേപ്പറില്‍ കൊറെ മരുന്നിനെഴുതി ഒരു കവറു നിറച്ച് പഞ്ഞിയും തന്ന് പോയി രണ്ട് ഐസ്ക്രീമൊക്കെ കഴിച്ച് വിശ്രമിക്ക് എന്നും പറഞ്ഞ് വിട്ടു. ഇപ്പ ദാ രണ്ട് ലോഡ് ആന്റിബയോട്ടിക്കും മൂന്നാലു ലിറ്റര്‍ ഐസ്ക്രീമും വാങ്ങി വീട്ടില്‍ വന്ന് ഐസ്ക്രീം കഴിച്ച് സില്‍മയും കണ്ട് വിശ്രമവേള ആനന്ദകരമാക്കി കൊണ്ടിരിക്കുന്നു.

3 comments:

മുഴുവൻ വായിക്കാനായി പിന്നെ വരാം.. എന്ന ഭീഷണിയോടെ .

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com