January 3, 2010

പിമ്പിള്‍ പിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍..

രാവിലെ എണീറ്റ് പതിവു പോലെ കണ്ണാടിയുടെ മുന്നില്‍ വന്നു നിന്നു.. പല്ലിളിച്ചു നോക്കി സ്വന്തം സൗന്ദര്യം ആസ്വദിച്ചങ്ങനെ നിന്നു.. ആഹഹാ.. ഈ ഭൂമിയില്‍ എന്നെക്കാള്‍ സുന്ദരന്‍ വേറെ ആരുമില്ലെന്ന അഹംഭാവത്തോടെ മുഖമൊക്കെ കൈ കൊണ്ട് തടവി പല തരത്തിലുള്ള കോപ്രായങ്ങള്‍ കാണിക്കുമ്പോഴാണ് പണ്ടു നമ്മുടെ ന്യൂട്ടന്റെ തലേല്‍ ആപ്പിളു വീണ ഞെട്ടലോടെ ഞാനത് കണ്ടു പിടിച്ചത്...!!
ന്യൂട്ടന്‍സ് ലോ ഓഫ് ഗ്രാവിറ്റേഷന്‍.. അവന്റെ ഒടുക്കത്തെ ഒരു ഗ്രാവിറ്റേഷന്‍ കാരണം ഒന്നും രണ്ടുമല്ല.‍. നാല് കൊല്ലമാ എടുത്തത് പ്രീ ഡിഗ്രീ ഒന്നു പാസ്സായിക്കിട്ടാന്‍.. അതും ഫിസിക്സ് ലാബിലെ അറ്റന്റര്‍ക്കു വയറു നിറച്ചും പോത്തിറച്ചിയും, പൊറോട്ടയും ഒരു പാക്കറ്റ് വില്‍സും പിന്നെ അമ്പത് രൂപയും കൊടുത്തിട്ടാണ് പ്രാക്റ്റിക്കല്‍ എക്സാമിനു സിമ്പിള്‍ പെന്‍ഡുലം തന്നെ എങ്ങനെയെങ്കിലും ഒപ്പിച്ചെടുത്തത്.. ഈ ഐസക് ന്യൂട്ടന്‍ ഒറ്റയൊരുത്തന്‍ കാരണമാണ് ഞാനൊരു ഡോക്ടറാകാതെ പോയത്.. അല്ലെങ്കില്‍ ഇന്നു ഞാന്‍...!
ആ ആരെങ്കിലും അകട്ടെ.. ഇപ്പൊ അതല്ലല്ലൊ ഇവിടെ പ്രശ്നം.. ഞാന്‍ കണ്ടു പിടിച്ചത് നല്ല അസ്സലൊരു കുരു..! പടച്ചോനെ.. വലത്തേ കവിളത്തൊരു ചുമന്ന വട്ടം.. ഇതെന്തു ഹലാക്കിന്റെ അവലും കഞ്ഞിയാണാവൊ എന്നും ചിന്തിച്ച് തൊട്ടു നോക്കിയപ്പോള്‍ ഒടുക്കത്തെ വേദന.. കൊച്ചു കുട്ടികള്‍ക്കു കണ്ണു തട്ടാതിരിക്കാന്‍ ഇടുന്ന വലിയ പൊട്ടിനേക്കാള്‍ വലുപ്പത്തിലങ്ങനെ നിന്നു തിളങ്ങുന്നു.. എനിക്കാണെങ്കില്‍ അതു കാണും തോറും തല ചുറ്റുന്നു.. ദേഹമാകെ തരിച്ചു കേറുന്നു.. അല്ലെങ്കില്‍ തന്നെ മുഖമാകെ ഒരു മാതിരി മഴക്കാലം കഴിഞ്ഞ പഞ്ചായത്ത് റോഡു പോലെ ഗട്ടറും ഹമ്പും കുഴീം പണ്ടാറവുമാണ്.. അതിന്റെടേലാ ഇനി ഒരു ചൊമല വട്ടം..
കാണെ കാണെ ആ വട്ടമങ്ങനെ വെള്ളവും വളവും ഒന്നും കൊടുക്കാതെ തന്നെ വളര്‍ന്നു വലുതായി വന്നു.. കൂടെ അതിന്റെ വേദനയും.. ഒറ്റക്കായതു കൊണ്ട് വീട്ടിനുള്ളില്‍ ആരും കാണുമെന്ന പേടിയില്ല.. പക്ഷെ പുറത്തിറങ്ങിയാലോ.. ഒരു പ്രാവശ്യം ഒന്നു ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതോടെ ആ പൂതി മതിയായി.. ചായക്കടയിലെ ഇത്താത്ത ചോറു വിളമ്പാന്‍ വന്നതാണ്.. പാത്രത്തില്‍ ചോറിട്ട് മീഞ്ചാറ് വേണോ സാംബാറ് വേണോ എന്നും ചോദിച്ച് എന്റെ മുഖത്തേക്ക് നോക്കിയതാ.. പിന്നെ ഒന്നും മിണ്ടാതെ താടിക്ക് കയ്യും കൊടുത്ത് മയ്യത്ത് കണ്ട പോലെ ഒരൊറ്റ നിപ്പായിരുന്നു..
ചിലപ്പോള്‍ ചൂടിന്റെ ആയിരിക്കും ഈ പ്രശ്നം.. സോ.. നോ മോര്‍ പുറത്ത് പോകല്‍സ് ഫ്രം ടുഡേ.. ഇനി എന്റെ പട്ടി പുറത്ത് പോകും എന്നു മലയാളത്തില്‍ ഒരു കഠിന പ്രതിജ്ഞ എടുത്ത് വീട്ടില്‍ വന്നു പുതച്ചു മൂടി കിടന്നൊരുറക്കം പാസ്സാക്കി.. വൈകുന്നേരം എണീറ്റ് കണ്ണാടിയില്‍ നോക്കി വെറുതെ വെഷമിക്കണ്ടാന്നു കരുതി കിച്ചണില്‍ പോയി ഒരു ഓംലെറ്റ് ഉണ്ടാക്കി കഴിച്ച് വീണ്ടും വന്നു കെടന്നൊറങ്ങി..
പിറ്റേന്നു രാവിലെ എണീറ്റ് കണ്ണാടിയുടെ മുന്നില്‍ പതിവു കോപ്രായ മഹാ മഹത്തിനു വന്നപ്പോഴാണ് മറ്റെ സാധനം വീണ്ടും കണ്ണില്‍ പെട്ടത്.. ഇന്നവനങ്ങനെ ചുവന്നു തുടുത്ത് നല്ല തക്കാളി പഴം പോലെ നിന്നു തിളങ്ങുന്നു.. മുഖമാണെങ്കില്‍ ആകെപാടെ ഓള്‍ട്രേഷന്‍ ചെയ്ത ബൈക്ക് പോലെ ആയി.. പെറ്റ തള്ള കണ്ടാല്‍ പോലും തിരിച്ചറിയൂല.
പിന്നെ ഒന്നും നോക്കിയില്ല.. രണ്ടും കല്പിച്ച് പൊറത്തോട്ടിറങ്ങി. അടുത്ത് തന്നെ എം ഏ ജെ എന്ന ഒരു ഹോസ്പിറ്റല്‍ ഉണ്ട്.. ഓടിച്ചെന്ന് അവിടെ റിസെപ്ഷന്‍ കൗണ്ടറില്‍ ഇരുന്ന് മൊബൈലില്‍ കാന്റി ക്രഷിനു ലൈക്ക് തെണ്ടി കൊണ്ടിരുന്ന സിസ്റ്ററെ വിളിച്ചു..
"സിസ്റ്ററേഏഏഏഏഏ....!!"
എന്റെ പരവേശത്തോട് കൂടിയുള്ള വിളികേട്ടു ഞെട്ടി ചാടിയെഴുന്നേറ്റ സിസ്റ്ററിന്റെ കയ്യീന്നു മൊബൈല്‍ താഴെ വീണ് മൂന്നു പീസായി..
"എന്താടൊ..?? എവിടുന്നു കുറ്റീം പറിച്ചോണ്ടെറങ്ങീതാ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാനായി.."
താഴെ വീണ പീസുകള്‍ പെറുക്കിയെടുക്കുന്നതിനിടയില്‍ സിസ്റ്റര്‍എന്നെ നോക്കി കൊഞ്ഞനം കാണിച്ചു..
"ഇവിടെ സ്കിന്‍ സ്പെഷ്യലിസ്റ്റ് ഉണ്ടോ..??"
"ഉണ്ടല്ലൊ.. പക്ഷെ ന്യൂ ഇയര്‍ കഴിയുന്നത് വരെ വെയ്റ്റ് ചെയ്യേണ്ടി വരും...!!"
" അത്രക്കും തെരക്കാണോ..??"
"തെരക്കും കുന്തോമൊന്നുമല്ല.. ഡോക്ടര്‍ ലീവിലാ.. ജാന്‍ ഫസ്റ്റ് വീക്കിലേ വരൂ.."
"അയ്യോ.. അപ്പോഴേക്കും എന്റെ മുഖം..."
"തന്റെ മുഖമെന്താ.. ആരെങ്കിലും കട്ടു കൊണ്ട് പോകുമോ..ഇതു നല്ല കൂത്ത്..!!"
പട്ടി ചന്തക്കു പോയതു പോലെ ഒരു ഗുണവുമില്ലാതെ അവിടുന്നിറങ്ങി ആകെ നിരാശനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് എറണാംകുളത്തേക്ക് വിട്ടു.. എനിക്കാണെങ്കില്‍ അംബാസഡര്‍ കാറ് ഡ്രൈവ് ചെയ്യുമ്പോള്‍ ബോണറ്റ് കാണുന്ന പോലെ എന്റെ വലത്തെ കവിളു മുഴുവനും കാണുന്നുണ്ട്.. അത്രക്ക് വീര്‍ത്ത് ഇരിക്കുന്നു.. ഒടുക്കത്തെ വേദനയും..
പോകുന്ന വഴിയില്‍ ഒരുപാട് ഡെന്റല്‍ സ്പെഷ്യലിസ്റ്റ്, ഓങ്കോളജി, ഗൈനക്കോളജി, ഓര്‍ത്തോ എല്ലാം ഉണ്ട്... പകഷെ.. മരുന്നിനു പോലും ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണുന്നില്ല.. അവസാനം തുരുമ്പിച്ച ബോര്‍ഡ് കെട്ടി തൂക്കിയ ഒരു ഗേറ്റ് കണ്ടു.. സ്കിന്‍ സ്പെഷ്യലിസ്റ്റ്, DVD, MBBS, VCD, MRCP, IRDP, SCST അങ്ങനെ ലോകത്തുള്ള കമ്പ്ലീറ്റ് ഡിഗ്രികളും കൂട്ടി ഒരു യൂണിവേഴ്സിറ്റി മൊത്തം ആ ബോര്‍ഡില്‍ എടുത്ത് വെച്ചിട്ടുണ്ട്.. അപ്പൊ തന്നെ വണ്ടി അവിടെ ചവിട്ടി.. ബെല്ലടിച്ചു..
നൈറ്റിയിട്ട ഒരു ചേച്ചി വന്നു വാതില്‍ തുറന്നു.. വീട്ടിലെ പണിക്കാരിയായിരിക്കും..
"ഡോക്ടറില്ലെ..??"
"വെയ്റ്റ് ചെയ്യൂട്ടോ.. ഇപ്പൊ വരാം.. !!"
ഇതും പറഞ്ഞ് പോയ ചേച്ചിയെ കണ്ടപ്പോള്‍ തന്നെ എനിക്കു മതിയായി.. കുറച്ചു കഴിഞപ്പോള്‍ അതെ ഐറ്റം തന്നെ ഒരു ചുരിദാരും ഫിറ്റ് ചെയ്ത് തിരിച്ചു വന്നു..
"എന്താ പ്രശ്നം..?? എന്തു പറ്റി..??"
"ഡോക്ടറെ എനിക്കു വല്ലാത്ത നടു വേദന..!!"
"ഹേ...?"
"നടു വേദന...."
"പുറത്ത് ബോര്‍ഡ് കണ്ടില്ലേ..ഞാന്‍ സ്കിന്നിന്റെ ആളാ.. ??"
"അയ്യൊ.. ഇനീപ്പൊ എന്തു ചെയ്യും??"
"താനൊരു കാര്യം ചെയ്യ്.. എറണാം കുളത്ത് ------ ഹോസ്പിറ്റലില്‍ പോയി Dr.----- നെ കണ്ടാല്‍ മതി. എന്റെ ഫ്രണ്ടാ.. ഞാന്‍ റെഫെര്‍ ചെയ്തതാണെന്നു പറഞാല്‍ മതി.."
കേട്ട പാതി കേള്‍ക്കാത്ത് പാതി ഞാന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ടു...
"മെനി താങ്ക്സ് മാഡം.. അപ്പൊ ഞാനങ്ങോട്ട്.. !!"
ഇതു കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍ ചാടിയെണീറ്റു എന്നെ തടഞ്ഞു..
"ഹേയ് അതൊന്നും വേണ്ടേടോ.."
ശ്ശെടാ.. ഈ ഡോക്ടര്‍ക്കെന്തിന്റെ വട്ടാ.. പോക്കറ്റീന്നു ബൈക്കിന്റെ താക്കോലെടുക്കാനും സമ്മതിക്കില്ലെ എന്നു ചിന്തിച്ച് വെപ്രാളത്തോടെ ഞാന്‍ ചോദിച്ചു..
"എന്താ ഡോക്ടര്‍...??"
"ഇതിനൊന്നും ഫീസിന്റെ ആവശ്യമില്ല.. താന്‍ പൊയ്ക്കോ...!!"
ഇനീം നിന്നാല്‍ ചിലപ്പോ ഫീസ് വാങ്ങിച്ചാലോന്നു പേടിച്ച് പെട്ടെന്നു തന്നെ വണ്ടി വിട്ടു...
ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ലവനിതു കുരുവിന്റെ കാര്യം പറഞ്ഞു പറഞ്ഞു നടുവേദന വരെ ആയല്ലൊ എന്നു അല്ലെ?? എന്റെ മുഖം പഞ്ചായത്ത് റോഡ് പൊലെ ആണെങ്കില്‍ ആ ഡോക്ടര്‍ടെ മുഖം ആദിവാസി കോളനി പോലെ ആണിരിക്കുന്നത്.. അതും പോരാഞ്ഞ് എന്റെ മുഖത്തുള്ളത്തിനേക്കാ വെല്യ രണ്ടു കുരു ഡോക്ടറിന്റെ മുഖത്ത്.. ഇതിനോട് ഞാന്‍ എങ്ങനെ എന്റെ സങ്കടം പറയും..?? മുഖത്ത് നോക്കി ആളെ കളിയാക്കി അപമാനിച്ചു എന്നും പറഞ്ഞ് ആ സ്ത്രീയെങ്ങാനും മാന നഷ്ടത്തിനോ, മാനസിക പീഡനത്തിനോ മറ്റോ കേസു കൊടുത്താല്‍ പിന്നെ എന്റെ കുരുവിന്റെ കാര്യം എന്തായേനേ...??? അല്ല നിങ്ങളു തന്നെ പറ. എന്തായേനേ..?
©fayaz




Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com