February 26, 2013

ഇങ്ങക്കിന്നോട് തീരെ ഇഷ്ടല്യ


ആദ്യായിട്ട് സൂറ ജബ്ബാറിനോടീ കാര്യം പറയുന്നത് അവരുടെ അദ്യ ഗള്‍ഫ് യാത്രയിലായിരുന്നു. തെരക്കു പിടിച്ച് കഷ്ടപ്പെട്ട് ഓടി ട്രാഫിക് ബ്ലോക്കും ഗട്ടറും കുഴിയുമെല്ലാം കടന്ന് എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും സൂറാന്റേം ജബ്ബാറിന്റേം പേരുകള്‍ അവ്ട്ത്തെ പെണ്ണുങ്ങള്‍ മൈക്കിലിങ്ങനെ ഒറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സൂറാക്ക് രേയൊരു അസുഖമേ ഒള്ളു.. വെശപ്പ് സഹിക്കാന്‍ പറ്റൂല.. വീട്ടിന്നെറങ്ങി വഴിയില്‍ ഓരോ ഹോട്ടലു കാണുമ്പഴും  "ഇനിക്ക് പള്ള പയ്ക്കിണിക്കാ.." ന്നും പറഞ്ഞോണ്ടിരുന്നു. നല്ലൊരു ദിവസമായിട്ട് ഒന്നും മിണ്ടെണ്ടാന്നു കരുതി റൂട്ട് കനാലു ചെയ്ത പല്ലു ഞെരിച്ച് സ്ട്രെസ്സ് കൊടുത്ത് ജബ്ബാര്‍ മുന്നിലെ സീറ്റിന്റെ പിന്നിലുള്ള ചെറിയ സ്ക്രീനില്‍ ചാനലു മാറ്റാന്‍ ശ്രമിച്ചു. സൂറാക്കറിയില്ലല്ലോ വൈകിയാല്‍ പിന്നെ ഫ്ലൈറ്റ് പോകുംന്നും പിന്നേം ഫ്ലൈറ്റ് സംഘടിപ്പിച്ച് അവിടെ എത്തുമ്പോഴേക്കും സീറ്റില്‍ വേറാരെയെങ്കിലും കാണേണ്ടിവരുമെന്നും. 

എയര്‍പോര്‍ട്ടീന്ന് ഫ്ലൈറ്റില്‍ കയറുനതിനിടക്ക് മൂന്നു പ്രാവശ്യം കൂടി സൂറാടെ പള്ള പയ്ച്ചു..
"ന്റെ സൂറാ.. മുത്തേ.. കൊര്‍ച്ച് നേരം കൂടെ ഒന്നടങ്ങിരിക്കീന്‍.... ബീമാനത്തീ കേറ്യാ അതിന്റുള്ളീന്നു കിട്ടും തോനെ കയ്ക്കാന്‍..,.."
അതോടെ സൂറാ അടങ്ങി.. 
ബഡ്ജറ്റ് ഫ്ലൈറ്റ് ആങ്ങി തൂങ്ങി നാട്ടുകാരെ മുഴുവനും വെറപ്പിച്ചും വെറുപ്പിച്ചും മെല്ലെ യാത്ര തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രോളിയും തള്ളി ജനിച്ചിട്ടിന്നു വരെ ഭക്ഷണം കാണാത്ത കോലത്തിലുള്ള ഒരു സീറോ ഫിഗര്‍ ആദ്യ സീറ്റിനടുത്തെത്തി..
രണ്ടു സീറ്റ് പിന്നിലായിരുന്ന സൂറാ ആ ട്രോളിയിലും പെണ്ണിന്റെ കയ്യിലെ ട്രേയിലുമെന്താണെന്നറിയാന്‍ ഏന്തി വലിഞ്ഞു നോക്കാന്‍ ശ്രമിച്ചു. പെണ്ണെന്താ പറയുന്നതെന്നറിയാന്‍ സൂറാ ചെവി കൂര്‍പ്പിച്ചു.. 
"യൂ വാണ്ട് പായസം..??"
ന്റുമ്മാ.. ബീമാനത്തില്‍ കേറുമ്പോഴേക്കും പായസം കിട്ടുമല്ലോ..സൂറ സന്തോഷത്തില്‍ സീറ്റിലൊന്നെളകിയിരുന്നു.. സൂറാന്റെ മുഖത്ത് പതിന്നാലാം രാവുദിച്ചു.. രണ്ടാമത്തെ സീറ്റിനടുത്തും വന്നു ആ പെണ്ണ് ചോദിക്കുന്നത് സൂറ കേട്ടു.. 
"യൂ വാണ്ട് പായസം..??"
അടുത്തത് ഇങ്ങോട്ടാണല്ലോന്നു കണ്ട സൂറ ജബ്ബാറിനെ തോണ്ടി വിളിച്ചു.. 
ഇക്കാ.. ഇങ്ങളൊറങ്ങല്ലെ.. ആ മൊഞ്ചത്തിങ്ങട്ടെത്തി.."
വായില്‍ വന്ന തെറി പുറത്തേക്ക് തെറിക്കുമ്പോഴേക്കും സീറോ ഫിഗര്‍ ജബ്ബാറിന്റടുത്തെത്തി.. വശ്യമായ ചിരിയോടെ അവള്‍ ജബ്ബാറിനോട് ചോദിക്കുന്നത് സൂറ കേട്ടു..
"യൂ വാണ്ട് പായസം..??"
യേസ് പറയാന്‍ ചാടിയ സൂറാന്റെ കയ്യില്‍ പിടിച്ച് അമര്‍ത്തി ജബ്ബാര്‍ തിരിച്ചടിച്ചു.. "നോ"..!!
ഇതു കേട്ട് സൂറാന്റെ ഇടനെഞ്ച് പിടച്ചു.. 

അന്നാദ്യായിട്ട് ആ ഫ്ലൈറ്റിലിരുന്ന് സൂറാ ചങ്ക് പൊട്ടി ജബ്ബാറിനോട് പറഞ്ഞു.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
അതോടെ ജബ്ബാറിന്റെ സകല വിധ ഞരമ്പും വലിഞ്ഞു മുറുകി പൊട്ടി.. 
സൂറാടെ കൈ പിടിച്ച് ഞെരിച്ച്  പല്ലു കടിച്ച് അടുത്തിരിക്കുന്നവരൊന്നും കേള്‍ക്കാതെ, എന്നാല്‍ വന്ന കലിപ്പ് മുഴുവനും പ്രകടമാക്കി സൂറാനോട് ചോദിച്ചു..
"ന്താടീ പോത്തേ.. അന്ക്കെന്തിന്റെ കേടാ..?"
സൂറാടെ ഉണ്ടകണ്ണുകള്‍ രണ്ടും മഴപെയ്ത് തുളുമ്പി പൊട്ടാന്‍ നില്‍ക്കുന്ന ഡാം പോലെയായി..എന്നാലും വിടാതെ സൂറ പറഞ്ഞു.. 
" ഇതെന്ന്യാ ഞാമ്പറഞ്ഞേ.. ന്തായിരുന്നു ഇങ്ങടെ ബര്‍ത്താനം.. ബീമാനത്തീ കേറ്യാ അവരു തോനേ കയ്ക്കാന്‍ തരുംന്നൊക്കെ പറഞ്ഞതല്ലേ..? ഇങ്ങടെ വാക്കും ഇന്ത്യക്കാരു ബിടണ റോകറ്റും ഒരുപോലാ.. രണ്ടും ബിശ്വസിക്കാന്‍ പറ്റൂല..!" 
"അയ്നിപ്പിവ്ടെന്താണ്ടീ ണ്ടായേ..ബലാലെ..??"
ആ പെണ്ണ് പായസം തന്നപ്പോ ഇങ്ങളെന്താ ബേ?ണ്ടാന്നു പറഞ്ഞേ..?? ഇങ്ങളെ പോലെ പഠിപ്പു പത്രാസോന്നും ല്യാങ്കിലും 'നോ' ന്നു കേട്ടാലൊക്കെ ഇനിക്ക് മന്‍സിലാവുംട്ടാ...!"
"ഡീ പോത്തേ... അയ്നവളു പായസം വേണോന്നല്ല ചോദിച്ചത്.. 'യൂ വാണ്ട് ടു ബയ് സം' ന്നാ ചോയ്ച്ചേ.. നു വെച്ചാ എന്തെങ്കിലും വേണോങ്കില്‍ കാശു കൊടുക്കണംന്ന്.. മന്‍സിലായാ..?? കൊര്‍ച്ചു കഴിഞ്ഞാ ഫ്രീ സാന്‍ഡ്‌വിച്ച് കിട്ടും.. അതു വരെ ഇയ്യൊന്ന് സബൂറാക്ക്ന്റെ സൂറാ..." കാട്ടു കോഴിക്കെന്തു സംക്രാന്തി എന്നു പറയും പോലെ സൂറാ വരാന്‍ പോകുന്ന സാന്‍ഡ്‌വിച്ച് സ്വപ്നം കാണാന്‍ തുടങ്ങി..

ഈ സംഭവത്തിനു ശേഷം ജബ്ബാറിന്നാണ് സൂറാന്റെ സെയിം ഡയലോഗ് കേട്ടത്.. 
"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."
"അതെന്താ ഇന്റെ സൂറാ ഇജ്ജങ്ങനെ പര്‍ഞ്ഞേ..?? ഇന്റെ മുത്തല്ലെ ബലാലേ ഇയ്യ്..?? "
"ങ്ങളെ ഏനാന്തോം കൊണ്ട്ങ്ങോട്ട് വെരണ്ട... ഇതൊക്കെ ബെറും വര്‍ത്താനം മാത്രോള്ളൂന്നിനിക്കറ്യാം.."

കാര്യങ്ങളിന്ന് ഒരു പാകറ്റ് സിഗരറ്റിലൊതുങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ പടച്ചോനെ.. ഈ പാതിരാക്കിനി അബ്ദൂന്റെ ഗ്രോസറീ പോയാ ഒരു ബീഡി പോലും കിട്ടൂന്ന് തോന്നണില്ല.. ഇനിയും എന്തേലും മിണ്ടി വെറുതെ അബ്ദൂന്റെ തെറി കേള്‍ക്കെണ്‍റ്റാന്നു തീരുമാനിച്ച് വേഗം തന്നെ കട്ടിലിന്നടിയില്‍ കിടന്നിരുന്ന വനിതയെടുത്ത് നിവര്‍ത്തി 
"അല്ലെങ്കിലും ഇങ്ങളീയിട്യായിട്ടിങ്ങനാ.. ഞമ്മളെന്തേലും പറഞ്ഞാ അപ്പൊ ങ്ങളൊടുക്കത്തെ ബുക്ക് വായന.. വെല്യ മയിസ്ട്റേറ്റാകാമ്പോവല്ലെ..??"
ഇത്രയുമായപ്പോഴേക്കും ജബ്ബാര്‍ കട്ടിലിന്റെ മോളീന്ന് ക്ലച്ച് പൊട്ടിയ ബജാജ് സ്കൂട്ടര്‍ കണക്കെ ചാടിയെണീറ്റു.. വനിതയിലെ മുഖചിത്രത്തില്‍ പല്ലുമുഴുവനും കാട്ടി ചിരിച്ച് താടിക്ക് കയ്യും കൊടുത്തിരുന്നിരുന്ന ഭാവന ജബ്ബാറിന്റെ ഇടം കയ്യിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു.. 
"ന്താ ങ്ങക്കൊരു ചാട്ടം.. ഏഹ്..? ന്നെ അടിക്യാനാ..?? ഈടെ ചോയ്ക്ക്യാനും പറയാനും ആരൂല്യാന്നുള്ള ധൈര്യല്ലെ..??"
അണപ്പല്ലിലെ റൂട്ട് കനാല് ചെയ്ത വെള്ളിക്കഷണം പല്ലിനുള്ളിലേക്കമര്‍ന്ന് പല്ലിന്റെ  എടപാടു തീരുംന്നായപ്പൊ ജബാറൊന്നടങ്ങി.. 
"ന്റെ സൂറാ.. ജ്ജ് കാര്യന്താന്ന് വെച്ചാ ഒന്നു പണ്ടാറടക്ക്.. ഇക്ക് രാവിലെ ജോലിക്ക് പൂവ്വാനുള്ളതല്ലെ.."??
"കാര്യൊന്നൂല്ല്യാ.. ങ്ങക്ക് ന്നോട് തീരെ ഇഷ്ടല്യാ.. അതെന്നെ..!!"

ഡിം.. ദാ പിന്നേം...!!

"ന്താന്റെ സൂറാ ഇയ്യിങ്ങനെ..? ജോലി കഴിഞ്ഞ് വന്നാ കൊര്‍ച്ച് നേരം മനസ്സമാധാനം തന്നൂടേ..? അനക്കിവ്ടെന്തിന്റെ കൊറവാ..?? തിന്ന് തിന്ന്  ശീമ പോര്‍ക്കു പോലായില്ലെ ഇയ്യ്..?? ഇഷ്ടള്ള ഉടുപ്പും ബാക്കിയെല്ലാം ഇയ്യ് ചോയ്ക്കുമ്പോ ചോയ്ക്കുമ്പോ കൊണ്ടന്ന് തരണില്ലേ..??"
"ഇതാപ്പോ വെല്യ കാര്യം.. ഇതെല്ലാ പുത്യാപ്ലമാരും ഓരെ പെണ്ണുങ്ങള്‍ക്ക് കൊട്ക്ക്ണതല്ലെ..?? ഇയ്‌ലെന്താപ്പോ ഇത്ര പുതുമ..??"

"രാവിലെണീച്ചാ രാത്രി വരെ അനക്കു ടി വി കാണലു മാത്രല്ലേ ഒള്ളു.. അടിക്കാനും തൊടക്കാനും ബെയ്ക്കാനുമെല്ലാം ആ ശ്രീലങ്കക്കാരി പെണ്ണില്ലെ..?? പോരാത്തതിനിയ്യിപ്പോ തമിഴും നല്ലാ പേശുന്നില്ലേ..??"
"ഇതാപ്പോ വെല്യ കാര്യായേ.. തമിയ് പഠിച്ചൂന്നറിഞ്ഞ് ഇന്നെ ഫാസിലു ബിളിച്ചേക്ക്ണ്.. മൂപ്പര്‍ടെ മണിച്ചിത്രതായിന്റെ രണ്ടാമത്തേലഭിനൈക്കാന്‍..,.. ശോഭനക്ക് ബയ്സ്സായീത്രെ.. ങ്ങളിന്നെ കൊണ്ടൊന്നു പറയിപ്പിക്കല്ലെ മന്‍ഷ്യാ.. "
"ന്റെ സൂറാ പടച്ചോനോര്‍ത്ത് ഇയ്യാ കോമഡി ഫെസ്റ്റിവല്‍ കാണലൊന്ന് നിര്‍ത്ത്.. അന്റെ ബര്‍ത്താനം കേട്ടിട്ട് സഹിക്കാമ്പറ്റണില്ല.. ആ പണ്ടാരം ടി വി ഞാന്‍ തല്ലിപ്പൊട്ടിച്ച് കളയുംട്ടാ.."

"ഇങ്ങളൊന്നും പറയെണ്ട.. ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.. അത്രന്നെ..!"
"ഇയ്യ് കളിക്കാണ്ട് കാര്യം പറയെന്റെ സൂറാ.. ഞാനിനി അനക്കെന്താ ബാങ്ങിച്ച് തരേണ്ടേ..??"
"അങ്ങനിപ്പോ ഞാമ്പറഞ്ഞിട്ട് ഇങ്ങളൊന്നും ബാങ്ങിച്ച് തരണ്ട.. ന്റെ മനസ്സിലുള്ളത് മന്‍സിലാക്കീട്ട് ന്നോട് ചോയ്ക്കാതെ ഓരോന്നും ബാങ്ങിച്ച് തരണം..അതാണ് ശെരിക്കിനുള്ള സ്നേഹം.. ശെരിക്കും സ്നേഹോണ്ടെങ്കില്‍ നമ്മളു പറയാതെ തന്നെ പുയ്യാപ്ലക്ക് എല്ലാം മന്‍സിലാകുന്നാ ഇന്നലെ ടീവീല്‍ വനിതാ വേദീലെ ഡോക്ടറ് പറഞ്ഞേ...!!"

ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റാതെ, അപ്പോഴും പാടി കൊണ്ടിരിക്കുന്ന പുതിയ എല്‍ ഇ ഡി ടീവി അപ്പാടെ വലിച്ചെടുത്ത് ജബ്ബാര്‍ ചുവരിലേക്കെറിഞ്ഞു.. ഫോണെടുത്ത് കമ്പനിയിലെ എച്ച് ആറിലേക്ക് വിളിച്ചു.. 
"ടാ ജോസപ്പേ.. ഇക്ക് എത്രേം പെട്ടെന്ന് നാട്ടീക്കൊരു ഖുറൂജും(എക്സിറ്റ് പെര്‍മിറ്റ്) ടിക്കെറ്റും വേണം.. ഇന്നാണെങ്കില്‍ ഇന്നു തന്നെ.. ന്റെ പേരീ മതി..  ഞാന്‍ മാത്രേ പോണൊള്ളു.. ആ പിന്നെ. നാട്ടിലുള്ള എല്ലാ ജോല്‍സ്യന്മാരുടേം, പണിക്കന്മരുടേം, തങ്ങള്‍ മാരുടേം അഡ്രസ്സും ഫോണ്‍ നമ്പരും ഞാന്‍ നാട്ടിലെത്തുമ്പോഴേക്ക് കിട്ടണം..!"
"ന്തൂട്ടാ ജബ്ബാര്‍ക്കാ.. ന്താ പ്രശ്നം..?? ന്തായാലും മ്മക്ക് റെഡ്യാക്കാന്നേ.."
"ഇല്ല ജോസപ്പേ.. ഇപ്പഴ്ത്തെ കാലത്ത് സമാധാനത്തോടെ കുടുംബം നടത്തണമെങ്കില്‍ മാജിക്കും പ്രശ്നം വെപ്പും പിഞ്ഞാണമെഴുത്തും മഷിനോട്ടവുമെല്ലാം പഠിക്കണം..! ആ പിന്നെ പെറ്റീ ക്യാഷീന്നു കാശെടുത്ത് നമ്മളു കഴിഞ്ഞാഴ്ച്ച വാങ്ങിയ അതേ ടീവി ഒന്നൂടെ വാങ്ങി വീട്ടിലേക്ക് കൊടുത്തയച്ചേക്ക്..!!"

ഫോണ്‍ വെച്ച് സോഫയിലിരുന്ന ജബ്ബാര്‍ 'ന്നാലും ന്റെ സൂറാ..  ഇജ്ജിന്യൊന്നും മിണ്ടല്ലേന്നുള്ള ഭാവത്തില്‍ അതി ദയനീയമായി സൂറാനെ നോക്കി.. ഇനി ടീവിയല്ലാ എന്തു തല്ലിപൊട്ടിച്ചാലും തനിക്കൊരു പ്രശ്നവുമില്ലെന്ന രീതിയില്‍ ചുമരും ചാരി നിന്ന് നഖം കടിച്ച് തുപ്പുന്ന സൂറാടെ മുഖത്തെ ഉണ്ടക്കണ്ണുകളിലൊളിഞ്ഞിരിക്കുന്ന പരിഭവം ജബ്ബാറ് വായിച്ചു..

"ങ്ങക്ക്ന്നോട് തീരെ ഇഷ്ട്ല്യ.."


Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com