July 28, 2013

സെയിം റ്റു യൂ..

കോളേജിലെ മിസ്റ്റർ വളിപ്പൻ പട്ടം അലങ്കരിച്ച് അഹങ്കാരത്തോടെ നടന്നിരുന്നത് കൊണ്ട് സാമാന്യം ഭേദപ്പെട്ട പെൺപിള്ളേരൊന്നും എന്നോടധികം കമ്പനിക്കു വരാറില്ലായിരുന്നു. അധവാ ആരെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അധികവും എന്നെ പേടിച്ച് വേറെ നിവൃത്തിയില്ലാതെ മിണ്ടിയവരായിരുന്നു. കൂടെ ഉണ്ടായിരുന്ന ദുഷ്ടന്മാർക്കെല്ലാം ലൈൻ വീണെങ്കിലും പാവപ്പെട്ട എനിക്ക് ആരും വളയുന്നില്ല.. അതെന്ങനെ ആരെങ്കിലും ഒന്നു മിണ്ടികിട്ടിയാലല്ലെ പ്രേമം പറയാൻ പറ്റൂ.. അവസാനം ഒരൈഡിയ കണ്ടു പിടിച്ചു.മുൻപരിചയമില്ലാത്ത ഏതെങ്കിലും കുട്ടിയെ കണ്ടു പിടിച്ച് ഇമ്പ്രഷൻ ക്രിയേറ്റ് ചെയ്ത് കമ്പ്രഷനാക്കി പ്രേമം അവതരിപ്പിക്കുക. സംഭവം ക്ലീനായിട്ട് കയ്യിൽ പോരുമെന്ന് കൂട്ടുകാരെല്ലാം അഭിപ്രായപ്പെട്ടതനുസരിച്ച് അതിനുള്ള പ്ലാനിന്ങ് തുടന്ങി.

ഫൈനൽ ഇയറിൽ സൂപ്പർ ജൂനിയേഴ്സ് വന്നപ്പോൾ കൂട്ടത്തിൽ കാണാൻ കൊള്ളാമായിരുന്ന ഒരെണ്ണത്തിനെ നോട്ടമിട്ട് അവളെ വളക്കാൻ വട്ടം ചുറ്റി നടക്കുന്ന എല്ലാവന്മാർക്കും വാണിന്ങ് കൊടുത്തു. ഫ്രെഷേർസ് വന്ന സമയമായിരുന്നതു കൊണ്ടും റാഗിംഗ് എന്ന പേരിൽ താപ്പിനു കിട്ടുന്ന ജൂനിയേഴ്നസിനെ കൊണ്ട് പാട്ടു പാടിപ്പിക്കുക. ഡാൻസ് ചെയ്യിക്കുക തുടന്ങിയ കലാപരിപാടികൾ യ്ഥേഷ്ടം അരന്ങേറിയിരുന്നത് കൊണ്ടും, സകല ടീച്ചർമാരും ഫുൾ ടൈം പട്രോളിങ്ങ് ശക്തമാക്കി. അതു ക്ണ്ട് തന്നെ ഈ കുട്ടീടടുത്തോട്ടൊന്നു സൗകര്യ പൂർവ്വം അടുക്കാൻ പറ്റിയിരുന്നില്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ കാര്യന്ങൾക്കെല്ലാം ഒരയവു വന്നു തുടന്ങി. ഒരു ദിവസം കുട്ടിയെ മുന്നിൽ കിട്ടി.. സംസാരിച്ചു തുടന്ങിയപ്പോഴാണു പണി പാളിയത്. കുട്ടിക്കു മലയാളം അറിയില്ല.. എനിക്ക് ഇംഗ്ലീഷും.. ഇതാരോടെങ്കിലും പറയാൻ പറ്റുമോ.? എന്തായാലും ഈ കേസിൽ പിന്നോട്ടില്ലാന്നു തന്നെ ഉറപ്പിച്ചു. അവളു വളയുമെങ്കിൽ അവൾക്കു വേണ്ടി ഒരു റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് കോഴ്സ് ബുക്ക് വാന്ങിക്കുമെന്നും ദൃഡപ്രതിജ്ഞയെടുത്തു.

പലവഴികളും ആലോചിച്ച് അവസാനം താരതമ്യേന റിസ്ക് കുറഞ്ഞതും ക്ലീഷേ അല്ലാത്തതുമായ ഒരെണ്ണത്തിൽ ലേലമുറപ്പിച്ചു. അവൾകു ചോക്ലേറ്റ് കൊടുക്കുക. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത പെണ്ണുങ്ങളുണ്ടോ..? ഇനി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും ചുമ്മാ കൊണ്ടു പോയി ചോക്ലേറ്റ് കൊടുക്കാൻ പറ്റുമോ..? ഏപ്രിൽ മാസത്തിൽ കഴിഞ്ഞു പോയ എന്റെ ബർത്ത്ഡേ വീണ്ടും ഓഗസ്റ്റിൽ കൊണ്ടാടുക. അതേ.. അതു തന്നെ വഴി. അന്നു രാത്രി തന്നെ അവളു ചോദിക്കാവുന്ന ചോദ്യന്ങളും അതിനുള്ള ഉത്തരന്ങളും മലയാളത്തിൽ എഴുതി ഒരുത്തനു വയറു നിറച്ചും ഇറച്ചിയും പൊറോട്ടയും വാങ്ങിച്ച് കൊടുത്ത് അവനെകൊണ്ട് ഇംഗ്ലീഷിലേക്ക് ട്രാൻസ്പോർട്ടേഷൻ ചെയ്ത് കഷ്ടപ്പെട്ട് കാണാപ്പാടം പഠിച്ചു വെച്ചു. ഹും.. മനുഷ്യന്മാരുടെ ഒരു കാര്യമേ..? സ്വന്തം വാപ്പയും ഉമ്മയും കയ്യും കാലും പിടിച്ചു പഠിക്കെടാ പഠിക്കെടാന്നു പറഞ്ഞാലും അതിനു പുല്ലു വെല പോലും കൊടൂക്കാത്ത മക്കളാ ഇന്നു കണ്ട ഒരു പെണ്ണിനു വേണ്ടി ഉറക്കമിളച്ചു പഠിക്കുന്നത്. അതാണു പെണ്ണിന്റെ മിടുക്ക്. അതു പോട്ടേ.. പിറ്റേ ദിവസം രാവിലെ തന്നെ കെട്ടിയൊരുങ്ങി കോളേജിലെത്തി. ബസ്സിറന്ങി എല്ലാവരും നടന്നു വരുന്ന റബ്ബർ തോട്ടത്തിലെ നടപ്പാതയും അബ്ദുക്കാന്റെ കാന്റീനും ഒരുമിച്ചു ചേരുന്നിടത്തൊരു കല്ലിന്മേൽ ചൂണ്ടയിട്ടിരിക്കുന്ന മുക്കുവനെ പോലെ ചോക്ലേറ്റ് പെട്ടിയും പിടിച്ച് ഞാനവളെയും കാത്തിരുന്നു.

ഉള്ള ഗ്യാപ്പിൽ തലേന്നെഴുതി വെച്ചിരുന്ന പേപ്പെറെല്ലാം ഒന്നൂടെ വായിച്ച് എല്ലാം മനസ്സിലുറപ്പിച്ചു. പിന്നെ പ്ലാൻ ചെയ്ത കാര്യന്ങളെല്ലാം ഒന്നു റിവൈൻഡ് ചെയ്തു പെർഫെക്റ്റാണോന്നുറപ്പിച്ചു. അവളു മെല്ലെ നടന്നു വരുന്നു.. ഞാൻ സ്ലോമോഷനിൽ എഴുന്നേൽക്കുന്നു.. വിത്ത് എ സൂത്തിന്ങ് റൊമാന്റിക് മ്യൂസിക്.. കണ്ണും കണ്ണും കൂട്ടിമുട്ടുന്നു.. ചിരിക്കുന്നു.. ചോക്ലേറ്റ് കൊടുക്കുന്നു.. വീണ്ടും ചിരിക്കുന്നു.. പിന്നെ ഏതെങ്കിലും മലയുടെ മണ്ടക്കോ കാടിന്റെ നടുവിലോ, മരുഭൂമിയിലോ പോയി ഒരു ലൗ ഡ്യൂയറ്റ്.. കല്യാണം, കുട്ടികൾ.. ഇനിയൊരമ്പത് കൊല്ലത്തേക്കുള്ള സകല കാര്യങ്ങളും വെൽ പ്ലാൻഡ്.. അതു കഴിഞ്ഞിട്ടുള്ള കാര്യന്ങൾ പിന്നെ നോക്കാമല്ലോന്നു വിചാരിച്ചിരുന്ന സമയം കൊണ്ട് അവളെന്നെ കടന്നു പോയത് ഞാനറിഞ്ഞില്ല.

കമ്പ്ലീറ്റ് പ്ലാനിന്ങും അതോടേ തെറ്റി . നടന്നു വരുമ്പോൾ കണ്ണും കണ്ണും മുട്ടാതെന്ങനെ പ്ലാൻ വർക്കൗട്ടാകും? ന്നാലും വേണ്ടില്ല.. വീട്ടീന്നു ഒരാഴ്ചത്തെ ചെലവിനെന്നും പറഞ്ഞ് ഉമ്മ എണ്ണിചുട്ട് തന്ന പൈസയിൽ നിന്നും അഡ്ജസ്റ്റ് ചെയ്ത് വാങ്ങിച്ച ചോക്ലേറ്റാ.. ചാടിയെണീറ്റ് അവളുടെ പിന്നാലെ ഓടി.. മുന്നിലെത്തി കിതച്ചു കൊണ്ട് അവളുടെ വട്ടം നിന്നു. അപ്പൊ തന്നെ സ്വിച്ചിട്ട പോലെ ഇമ്ഗ്ലീഷിലെന്തോ കരഞ്ഞു കൊണ്ട് അവളു പിന്നോട്ടു രണ്ടു ചാട്ടം. ഇവളുടേ ഒടുക്കത്തെ ഒച്ചയും ചാട്ടവും കണ്ടപ്പോ ഞാനും കൂടെ ചാടി. അല്ല അവളേ പറഞ്ഞിട്ട് കാര്യമില്ല. ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നു മുന്നിലൊരുത്തൻ ചാടി വീണു പട്ടിയെ പോലെ നിന്ന് കിതക്കുന്നത് കണ്ടാൽ ആരാ പേടിക്കാത്തത്..? ഇന്ങനെ രണ്ടു പേരും കൂടേ ചാടി ചാടി നിന്നാൽ കാര്യം നടക്കൂലല്ലോ.. പെട്ടെന്നു തന്നെ ചോക്ലേറ്റ് ബോക്സ് തുറന്നു അവളുടെ മുന്നിലേക്ക് നീട്ടി.. ആ ചോക്ലേറ്റ് ബോക്സ് അതു പോലെ തന്നെ രണ്ടു കൈ കൊണ്ടു തടഞ്ഞ് എന്റെ നേരെ തിരിച്ചു തള്ളി കൊഴ കൊഴാന്നു വീണ്ടും ഇംഗ്ലീഷിലെന്തോ പറഞ്ഞു.. ഇതോടെ എന്റെ സകല ഗ്യാസും പോയികിട്ടി.. ആലോചിച്ചു വന്നതെല്ലാം മറന്നു.. കിതപ്പിന്റെ കൂടെ വിയർപ്പും പിന്നെ ശരീരമാസകലം ഒരു വെറയലും. അവളിംഗ്ലീഷിൽ പറഞ്ഞത് തെറിയാണോ അതോ വേറെന്തെങ്കിലുമാണോ എന്നു ചിന്തിച്ചു അന്തം വിടാൻ ക്ഷമയില്ലാത്തത് കൊണ്ട് വന്ന കാര്യം പറയാൻ തന്നെ തീരുമാനിച്ചു.

വീണ്ടും ചോക്ലേറ്റ് ബോക്സ് മുന്നിലേക്ക് നീട്ടി തലേന്നു പഠിച്ചു വെച്ചത് അന്ങു കാച്ചാൻ തുടന്ങി. പടച്ചോൻ സഹായിച്ചിട്ട് ഒരൊറ്റ ഇംഗ്ലീഷു പോലും വായീന്നു പുറത്തോട്ട് വരുന്നില്ല. അവളുടെ ചുവന്ന മുഖവും ഉരുട്ടി പിഠിച്ച കണ്ണുകളും കണ്ടതോടെ വെറയലു കൂടി ഒരു വിധം പറഞ്ഞൊപ്പിച്ചു..
"ഞാൻ.. അയാം.. ഹാപ്പി ബർത്ത്ഡേ... ചോക്ലേറ്റ് മിഠായി.. റ്റുഡേ.."
സംഭവം ഏറ്റു.. എന്റെ കയ്യിലിരിന്നു വിറക്കുന്ന ചോക്ലേറ്റ് ബോക്സിൽ നിന്നും അവളൊരെണ്ണം എടുത്തു..
"നോ നോ... ഒരെണ്ണം അല്ല.. ഫുൾ ബോക്സ്... യൂ.. എടുത്തോ,,"
അവളുടേ കണ്ണൊന്നു വിടർന്നോ..? കണ്ണിലൊരു തിളക്കം..? അന്ങനെ തന്നെ ആ ബോക്സ് മുഴുവനും അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. എനിക്ക് വാസം നേരെ വീണു.. നെഞ്ചിടിപ്പ് താഴ്ന്നു താഴ്ന്നു വന്നു.. അവളു പിന്നേം ഇംഗ്ലീഷിൽ പറഞ്ഞു..
"വിഷ് യൂ മെനി മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ...!!"
ഇപ്രാവശ്യം ഇംഗ്ലീഷിൽ തന്നെ തെറ്റാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി മറുപടി പറഞ്ഞു "താങ്ക്യൂ.. ആന്റ് സെയിം ടു യൂ.." എന്നിട്ട് തെല്ലഹങ്കാരത്തോടെ നെഞ്ചു വിരിച്ച് തിരിഞ്ഞ് നടന്നു.. ഞാനാരാ മോൻ അല്ലെ..??
(ഒരു പ്രത്യേക അറിയിപ്പുണ്ട്.. ഇതിലെ ഞാൻ എന്ന കഥാപാത്രം ശെരിക്കും ഞാനല്ല.. അതു വേറൊരുത്തനാണു കേട്ടോ..)

5 comments:

അവസാനത്തെ ആ അറിയിപ്പ് ഞാന്‍ വിശ്വസിക്കുന്നില്ല

സെയിം റ്റു യൂ!!

ഹഹഹ!

:) ഞാന്‍ വിശ്വസിച്ചു...അത് വേറൊരു ഞാന്‍ ആണെന്ന്!!!

ഹഹ... നിങ്ങളു രണ്ടു പേരും ധൈര്യായിട്ടു വിശ്വസിച്ചോ.. അന്നു ഞാന്‍ ആയിരുന്നെങ്കില്‍ തിരിച്ചു നബിദിനാശംസകള്‍ എന്നേ പറയുമായിരുന്നൊള്ളു അല്ലെങ്കില്‍ ഹാപ്പ്യ് എക്സ്മസ്..

ആര്‍ക്കാണ് അബദ്ധം പറ്റിയത് എന്ന് അവസാനം പറയേണ്ടിയിരുന്നില്ല. ഇപ്പോള്‍ എല്ലാര്ക്കും ഉറപ്പായി ഫയാസിനു തന്നെയാണ് അബദ്ധം സംഭവിച്ചത് എന്ന്,.. :)

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com