May 25, 2013

ദി ചൈനീസ് റിവെഞ്ച്

നാലു മലയാളികള്‍, എണ്‍പത് ചൈനീസ്, ബാക്കി സാമ്പാറു കഷണം പോലെ റഷ്യ, സ്പെയിന്‍, ഇറ്റലി, വിയെറ്റ്നാം, പാകിസ്താൻ പിന്നെ അന്നു വരെ കേട്ടിട്ടില്ലാതിരുന്ന വേറേം കുറെ രാജ്യക്കാരും കൂട്ടി ഞങ്ങള്‍ നൂറ്റിയറുപത് പേരായിരുന്നു ആ ബാച്ചിലെ സ്റ്റ്യുഡെന്റ്സ്.

തൊലി വെളുത്തവരെല്ലാം ഇംഗ്ലീഷുകാരല്ലെന്നുള്ള നഗ്ന സത്യം മനസ്സിലായതും അവിടെ വെച്ചു തന്നെയായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് വശമില്ലായിരുന്നത് കൊണ്ടും അവിടുത്തെ ഭാഷ ഫ്രെഞ്ച് ആയിരുന്നത് കൊണ്ടും ആദ്യത്തെ രണ്ടു മാസം ഫുള്‍ ഇംഗ്ലീഷും ഫ്രെഞ്ചും മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്.

ക്ലാസില്‍ എന്റെ തൊട്ടടുത്തിരുന്നിരുന്നത് ജോണി എന്ന ചൈനക്കാരനായിരുന്നു. ആദ്യ ദിവസം തന്നെ ക്ലാസിലേക്ക് കയറി വന്നപ്പോള്‍ സീറ്റൊഴിവുണ്ടായിരുന്നത് ലവന്റെ അടുത്തായിരുന്നത് കൊണ്ട് എന്റടുത്തിരിക്കാനുള്ള ഭാഗ്യം അവനു കിട്ടീന്ന് പറഞ്ഞാ മതീലോ. ചെന്നപ്പോ തന്നെ അവനിട്ടൊരു ഗുഡ് മോണിങ്ങ് പൂശാന്‍ തീരുമാനിച്ചു.

"ഹെലോ.. ഗുഡ് മോണിങ്ങ്.."
"മ്മ് ഹും.."
"ഗൂഡ് മോണിങ്ങ്.."

അവനെന്റെ മുഖത്തു നോക്കി കണ്ണുരുട്ടി. ആകെ മത്തക്കുരുവിന്റെ അത്രേം പോന്ന ആ പീക്കിരിക്കണ്ണുരുട്ടിയാല്‍ തന്നെ എന്തോരം ഉരുട്ടാനാ.. എന്നിട്ടും അവന്‍ മാക്സിമം ട്രൈ ചെയ്തു. കമാന്നൊരക്ഷരം പോലും മിണ്ടുന്നില്ല. നീയിങ്ങനിരുന്നോടാ മഞ്ഞപ്പിശാശേ.. ചാത്തന്മാര്‍ നിന്നെ എന്റെയടുത്ത് കൊണ്ടു വരും. ഇല്ലെങ്കില്‍ ഞാന്‍ വരുത്തും..
എന്റെ അതേ ഗതി തന്നെയായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൂന്നു മലയാളീസിനും. പക്ഷെ കൃത്യം ഏഴു ദിവസം തികയുന്നേനും മുന്നു തന്നെ ചാത്തന്‍‌മാരവനെ എന്റെ മുന്നില്‍ കൊണ്ട് വന്നിട്ടു.

ആരെ എപ്പൊ കണ്ടാലും  ഒരു മുടക്കവുമില്ലാതെ ഗുഡ് മോണിങ്ങും ആഫ്റ്റെര്‍നൂണുമെല്ലാം ഫ്രീയായിട്ടു കൊടുക്കുന്നതു കൊണ്ടായിരിക്കാം, അല്ലെങ്കില്‍ കൂട്ടത്തില്‍ സുന്ദരനും അല്പം മനുഷ്യപറ്റുള്ളവനും ഞാന്‍ ആണെന്നുള്ള തെറ്റിദ്ധാരണായായിരിക്കാം. എന്തായാലും ശെരി.. ജോണിയെ ചാത്തന്മാര്‍ കൊണ്ടു വന്നു.

വന്നപാടെ കഴിഞ്ഞാഴ്ച ഞാന്‍ കൊടുത്ത ഒരൊറ്റ ഗുഡ്മോണിങ്ങ് പോലും തിരിച്ചു തന്നില്ലെന്നുള്ള യാതൊരു കുറ്റബോധവും ഇല്ലാതെ ലവനെന്നോടൊരു ചോദ്യം..

"മിസ്റ്റര്‍ പയാസ്.."
"ജോണീ.. പയാസല്ല.. ഫയാസ്.."
"ഓ സോറീ.. മിസ്റ്റര്‍ പയാസ്.."
ഓ.. അപ്പൊ അവന്‍ പറയുന്ന കുഴപ്പമല്ല.. എന്റെ കേള്‍‌വി പ്രശനമാണെന്ന തിരിച്ചറിവു വന്നത് കൊണ്ട് ഞാന്‍ പിന്നെ തിരുത്താന്‍ പോയില്ല.
"ശെരി.. എന്താ ജോണീ കാര്യം..?"
"എനിക്ക് ക്ലാസില്‍ ടീച്ചര്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.. ഈ ഹോം‌വര്‍ക്കും മറ്റുമെല്ലാം ചെയ്യാന്‍ എന്നെ ഒന്നു സഹായിക്കാമോ..?"

ടാ പരട്ടേ.. വേറെ ആരുടെയെങ്കിലും അടുത്ത് ട്യൂഷനു പോണോ വേണ്ടേ എന്നുള്ള ഡിസിഷന്‍ മേക്കിങ്ങ് പ്രശനത്തില്‍ പെട്ടുഴലുന്ന എന്നെ മാത്രമേ നിനക്കിതിനു കിട്ടിയൊള്ളു.. എന്നു ചോദിക്കാന്‍ നാക്കു തരിച്ചെങ്കിലും മിണ്ടിയില്ല. ഞാനൊടുക്കത്തെ ഇംഗ്ലീഷു കാരനാണെന്നൊരു തെറ്റിദ്ധാരണ അവനുണ്ടെങ്കില്‍ അതവിടെ തന്നെ നിന്നോട്ടേ.. എനിക്കു നഷ്ടമൊന്നുമില്ലല്ലോ..

പഠനം അവന്റെ റൂമിലാക്കാം എന്ന ഡിമാന്റില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. ആ തീരുമാനത്തിന്റെ പിന്നിലെനിക്കൊരു രഹസ്യ അജണ്ട ഉണ്ടായിരുന്നു അവനും അവന്റെ ഫിയാന്‍സേയും ഒരുമിച്ചു പഠിക്കാന്‍ വന്നു ഒരേ റൂമിലാണു താമസം. രണ്ടു പേരും അപാര സെറ്റപ്പാ. റൂമില്‍ ആരുമറിയാതെ സ്റ്റൗ വാങ്ങി വെച്ചിട്ടുണ്ട്, പിന്നെ കൊണ്ടു വന്ന ലഗേജില്‍ പകുതിമുക്കാലും ഫുഡ് ഐറ്റംസ്.. എന്തിനു പറയുന്നു, അടുത്ത മാസം അമേരിക്കയില്‍ റിലീസ് ആകാന്‍ പോകുന്ന ഇംഗ്ലീഷ് സിനിമകളുടെ ഒറിജിനല്‍ ഡി വി ഡി വരെയുണ്ട്. ഇഷ്ടം പോലെ സിനിമ കാണാം, ഒറിജിനല്‍ ചൈനീസ് ഫുഡ് അടിക്കാം. (പട്ടിയിറച്ചിയടക്കം ജീവനുള്ള ഏതൊരു സാധനത്തെ കിട്ടിയാലും അവരു തിന്നും എന്നു ഞാനറിഞ്ഞത് ഈയടുത്തായിരുന്നുവെന്നുള്ളത് വേറെ കാര്യം).

പല പല പ്രതീക്ഷകളിലാണ് സംഗതി തുടങ്ങിയെങ്കിലും ആദ്യ ദിവസങ്ങളില്‍ എന്റെ പ്രതീക്ഷകളെല്ലാം ബ്ലെയിഡ് കമ്പനിയില്‍ പണയം വെച്ച സ്വര്‍ണ്ണ പണ്ടം പോലെയായി. ലവനു പഠിപ്പ് മാത്രം. അവന്റെ പെണ്ണാണെങ്കിലോ, എന്നെ കണ്ട ഭാവം പോലുമില്ല. വല്ലപ്പോഴും വല്ല ഒണക്ക ചൈനീസ് സൂപ്പോ പാകറ്റ് ന്യൂഡില്‍സോ ഗ്രീന്‍ ടീയോ കിട്ടിയെങ്കിലായി.

പതിവു പോലെ ഒരു ദിവസം ഞാന്‍ ജോണിയുടെ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഭയങ്കര ഭഹളം. നല്ല അടി നടക്കുകയാണ്. "ചാന്‍ ചീ ഹ്യൂ ഹാങ് ഷീ..  എന്നു മാത്രമേ എനിക്കു മനസ്സിലാകുന്നൊള്ളു.. ഇടയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പയാസ് പയാസ് എന്നും പറയുന്നത് കേട്ടു. അതെന്തു കുന്താമായാലും ശെരി, സിനിമയിലു മാത്രം കണ്ടിട്ടുള്ളാ ചൈനീസ് അടി നേരില്‍ കാണാനുള്ള ആഗ്രഹത്തില്‍ ഞാന്‍ നേരേ റൂമിലേക്ക് കയറി. അവളു സോഫയിലിരുന്നു കരയുന്നു, അവന്‍ ദേഷ്യം വന്നു മഞ മുഖമാകെ ഒരു മാതിരി പച്ചക്കളറായി ഇരിപ്പുണ്ട്. അടി കഴിഞ്ഞല്ലോയെന്നുള്ള സങ്കടത്താല്‍ ഞാന്‍ രണ്ടു പേരെയും നോക്കി. എന്റെ മുഖഭാവം കണ്ടപ്പോള്‍ അവരോടുള്ള സഹതാപമാണെന്റെ മുഖത്ത് പ്രതിഫലിക്കുന്നതെന്ന് അവളു കരുതീട്ടുണ്ടാകും. എന്തായാലും ഇപ്രാവശ്യം അവളെഴുന്നേറ്റ് പോകാതെ അവിടെ തന്നെയിരുന്നു. പക്ഷെ രണ്ടു മിനിറ്റു കഴിയുന്നതിനു മുന്നു തന്നെ യാതൊരു ദയയുമില്ലാതെ അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു.

"പയസ് നീയിനി ഈ റൂമിലേക്ക് വരരുത്. അതു മാത്രമല്ല ജോണിയോട് മിണ്ടാനും പാടില്ല.."
ഏഹ്.. ഇതു കൊള്ളാമല്ലോ.. റൂമിലേക്ക് വരാന്‍ പാടില്ലെന്നു പറഞ്ഞത് സമ്മതിക്കാം.. പക്ഷെ ഒരു ക്ലാസില്‍ ഒരുമിച്ചടുത്തടുത്തിരിക്കുന്നവനോട് മിണ്ടാന്‍ പാടീല്ലാന്നൊക്കെ പറഞ്ഞാല്‍, ഇനിയിവളെങ്ങാനും ഞാനൊരു ഹോമോയാണെന്ന് വിചാരിച്ചിട്ടുണ്ടാകുമോ..??

"അയ്യേ.. ജോയ്, ഞങ്ങള്‍ തമ്മില്‍ നീ വിചാരിക്കുന്ന പോലെ ഒരു എടപാടുമില്ല.. വീ ആര്‍ ജസ്റ്റ് ക്ലാസ്മേറ്റ്സ്.. അത്രേയൊള്ളു.."

"അതൊന്നുമല്ല കാര്യം.. നീയെന്നല്ല ഒരൊറ്റ ഇന്ത്യക്കാരനേയും എനിക്കിഷ്ടമില്ല.."
ഇത്രേം മുറി ഇംഗ്ലീഷിലും ബാക്കി  ചൈനീസിലുമായിരുന്നു പറഞ്ഞത്. പക്ഷെ അവളുടെ മുഖഭാവവും ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലും സംഗതികളുമെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചപ്പോള്‍
'ഹും.. നിങ്ങള്‍ ഇന്‍ന്ത്യക്കാരെയെല്ലാം എനിക്കു അറപ്പാണ്, വെറുപ്പാണ്, നിങ്ങളൊക്കെ വെറും തീട്ടക്കണ്ടികളാണ്..' എന്നൊക്കെയാണു പറഞ്ഞതെന്നു എനിക്കു തോന്നി..
എന്റെ മനസ്സില്‍ സ്കൂളിലെ അസംബ്ലിയും റിപ്പബ്ലിക് ഡേയും ആഗസ്റ്റ് പതിനഞ്ചുമെല്ലാം സുനാമിത്തിരമാലകളേക്കാള്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..' ഇതെല്ലാം എന്റെ മനസ്സില്‍ മുഴങ്ങി. അതോടെ എന്റെ പ്രഷറും കൂടി.. കണ്ട്രോളു വള്ളി പൊട്ടി.. രാജ്യ സ്നേഹം അണപൊട്ടിയൊഴുകി. ആഹ അത്രക്കായോ.. എന്നാ പിന്നെ നമ്മളും വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ..

"ഡീ പിത്തക്കാടീ.. മഞ്ഞത്തെണ്ടി പട്ടീ.. ഡാഷ് മോളേ.. ഞങ്ങളു തീട്ടക്കണ്ടികളാണേങ്കില്‍ നിങ്ങളു കക്കൂസ് ടാങ്കാടീ.." എന്നൊക്കെ മനസ്സില്‍ വന്നു.. പക്ഷെ ഇതൊന്നും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെയ്ത് നാക്കിലൂടെ വെളിയിലോട്ടെടുക്കാന്‍ പറ്റുന്നില്ല. മര്യാദക്കു പറയാനുള്ള കാര്യങ്ങള്‍ വരെ ഇംഗ്ലീഷില്‍ പറയാന്‍ ബുധ്ധിമുട്ടുന്ന എനിക്കല്ലേ ദേഷ്യം വരുമ്പോള്‍ ഇംഗ്ലീഷ് വരുന്നത്.. അതും തെറി.. ഉം.. അതിനിമ്മിണി പുളിക്കും.. മനസ്സില്‍ കോപം തോന്നിതുടങ്ങുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ ഇംഗ്ലീഷാണു നല്ലതെന്നു ആ നരേന്ദ്രപ്രസാദിനേതു തെണ്ടീയാണാവോ പറഞ്ഞു കൊടുത്തത്.

അവസാനം ഞാന്‍ ജോണിയോട് ചോദിച്ചു.
"ശെരിക്കും എന്താണു നിങ്ങളുടെ പ്രശ്നം..?"
"അവള്‍ടെ അപ്പൂപ്പനെ കൊന്നത് ഏതോ ഇന്ത്യക്കാരനാണെന്ന്.."
ഏഹ്.. ട്വിസ്റ്റ്... കഥയില്‍ ട്വിസ്റ്റ്..!!
"അതെപ്പോ..?"
പണ്ട് ഇന്ത്യാ ചൈന യുദ്ധമുണ്ടായപ്പോള്‍ ഇവള്‍ടേ അപ്പൂപ്പന്‍ പട്ടാളത്തില്‍ ഡ്രൈവറായിരുന്നു.. അങ്ങനെ യുദ്ധത്തില്‍ മരിച്ചതാണെന്ന്..!"

"പടച്ചോനേ.. അതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കാര്യമൊന്നും ഇവളിതുവരെ അറിഞ്ഞില്ലേ..? തന്നെയുമല്ല. എന്റെ കുടുമ്പത്തിലിന്നു വരെ ആരും പോലീസില്‍ പോലും ചേര്‍ന്നിട്ടില്ല. പിന്നല്ലേ പട്ടാളം.." എന്റെ മുഖത്ത് ദയനീയത..

"എന്റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരിന്ത്യക്കാരനെ തക്കത്തിനു കിട്ടിയാല്‍ അപ്പൊ തന്നെ തട്ടിക്കോ, ബാക്കി വരുന്നിടത്ത് വെച്ച് കാണാന്ന്.."

ഇതു കേട്ടതോടേ ഞാന്‍ പതുക്കെ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.. ഞാന്‍ അവരറിയാതെ തന്നെ എമെര്‍ജെന്‍സി എക്സിറ്റെല്ലാം മനസ്സില്‍ മാര്‍ക്ക് ചെയ്ത് വെച്ചു..
ഹും.. ഇനി നിന്റെ സൂപ്പും നൂഡില്‍സുമെല്ലാം എന്റെ പട്ടി കഴിക്കും.. ബാക്കീം കൂടെ അറിയണമല്ലോ..

"എന്നിട്ട്.."
"അപ്പൂപ്പന്‍ മരിച്ചതോടെ മുത്തശ്ശിക്ക് ഇന്ത്യക്കാരെന്നു കേള്‍ക്കുന്നതേ വെറുപ്പായിതുടങ്ങി.. പുള്ളിക്കാരീടെ ഒരേയൊരാഗ്രഹം തന്നെ ഏതെങ്കിലും ഒരിന്ത്യക്കാരനെയെങ്കിലും സ്വന്തം കൈ കൊണ്ട് കൊന്ന് മനസ്സമാധാനത്തോടേ കണ്ണടക്കണമെന്നാണ്.."
പെരട്ട തള്ളേടേ ഒടുക്കത്തെ ആഗ്രഹം.. പോരാഞ്ഞിട്ട് ആകെയുള്ള പേരക്കുട്ടിയേം അതും ഇതും പറഞ്ഞു ചീത്തയാക്കി വിട്ടിരിക്കുവാ..

"ആ.. അതൊക്കെ പണ്ടല്ലേ ജോയ്.. അങ്ങനെ നോക്കുവാണെങ്കില്‍ എത്രയോ ആളുകള്‍ വേറേം മരിച്ചിരിക്കുന്നു.. ഓരോരുത്തരും ഇതു പോലെ പ്രതികാരം ചെയ്യാന്‍ പോയാല്‍ പിന്നെ...?"
"അതു ശെരിയാ.. പക്ഷെ മുത്തശ്ശി പറഞ്ഞ കഥകളൊക്കെ കേട്ടിട്ട് എനിക്ക് ഇന്ത്യ എന്നു കേള്‍ക്കുമ്പോല്‍ തന്നെ പേടിയാ.. അപ്പൂപ്പന്‍ മരിച്ചിട്ട് മുത്തശ്ശി കൊറെ കഷ്ടപ്പെട്ടതാ.. മൂപ്പരു യുദ്ധത്തില്‍ മരിച്ചത് കൊണ്ട് മുത്തശ്ശിക്ക് ആര്‍മിയില്‍ തന്നെ ജോലി കിട്ടി, പിന്നെ കൊറെ കാശും, എന്റെ അച്ചനു ആര്‍മി കോളേജില്‍ മെഡിക്കല്‍ അഡിമിഷന്‍ കിട്ടി ഡോക്ടറായി.."

"ആഹാ.. നിന്റച്ചന്‍ ഡോക്ടറാണോ..?"
" അച്ചന്‍ മാത്രമല്ല അമ്മയും ഡോക്ടറാ.. അവരൊരുമിച്ച് പഠിച്ചതാ..!!"
"ഹും.. ഡീ മന്ദബുദ്ധീ.. ശെരിക്കും പറഞ്ഞാല്‍ നീയും നിന്റെ കുടുംബവുമെല്ലാം എന്ത്യക്കരോട് നന്ദി പറയണം.. അന്നങ്ങേരു യുദ്ധത്തീ തട്ടിപ്പോയത് കൊണ്ടല്ലേ നിന്റച്ചന്‍ ഡോക്ടറായതും നിന്റമ്മേനെ കെട്ടിയതും നിങ്ങളുടെ കുടുമ്പം രക്ഷപ്പെട്ടതും.. അതു കൊണ്ടല്ലേ നീയിന്നീ സ്വിറ്റ്സെര്‍ലാന്റില്‍ പഠിക്കാന്‍ വന്നതും..?? എന്നിട്ട് കൊല്ലാന്‍ നടക്കുന്നു..!"

ജോണിയും ജോയും എന്തോ കണ്ട എന്തിന്റെയോ പോലെ എന്റെ മുഖത്തേക്ക് നോക്കി അന്തിച്ചു നിന്നു. ഇതോടെ എനിക്കുഷാറു കൂടി..
"സ്മരണ വേണമെടീ.. സ്മരണ.. നിന്റെ മുത്തശ്ശിയോട് പറ ഈ ചെയ്തു തന്ന ഉപകാരങ്ങള്‍ക്കെല്ലാം ഇന്ത്യക്കരോട് നന്ദി കാണിക്കണമെന്നു.."

അവരെ ആ നില്പ്പില്‍ തന്നെ നിര്‍ത്തിയിട്ട് മറുപടിക്ക് കാക്കാതെ ഞാനാ റൂമീന്നെറങ്ങി പോന്നു.. തിരിച്ച് റൂമിലേക്ക് നടക്കുമ്പോല്‍ എന്റെ ചിന്ത വേറൊന്നായിരുന്നു..എത്രയോ ഇന്ത്യന്‍ പട്ടാളക്കാര്‍ യുദ്ധത്തിലും മറ്റും വീരമൃത്യു വരിക്കുന്നു... അവരുടെ കുടുമ്പമോ...???

1 comments:

സ്മരണ വേണമെടീ ചൈനക്കാരീ...

രസമായി കേട്ടോ

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com