May 7, 2009

'സില്‍ വൂ പ്ലേ...'


സ്വിറ്റ്സെര്‍ലാന്റ്...!!
തമിഴ്, ഹിന്ദി സിനിമാരാധകരുടെ സ്വപ്ന തീരം...
ഫ്ലൈറ്റിലിരിക്കുംമ്പോള്‍ ദില്‍വാലെ ദുല്‍ഹനിയായിലേയും ഷാജഹാനിലേയും പാട്ടു സീനുകളായിരുന്നു മനസ്സില്‍......,..
ഫ്ലൈറ്റിറങ്ങി ജെനീവാ എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ തന്നെ ആദ്യത്തെ ബോംബ് പൊട്ടി.. പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ കൗണ്ടറിലിരുന്ന മഞതലമുടിക്കാരി സുന്ദരി മദാമ്മയുടെ ഒടുക്കത്തെ ചോദ്യം..
"കോമൂ പൂഷെ വൂ എയ്ടെ മിസ്യൂ...??"
'പടച്ചോനെ പണി കിട്ടിയോ..??
എന്തൂട്ടു കുന്തമാണാവോ ഈ പന്ന വെള്ളച്ചി ചോദിക്കുന്നത്..??'
ഇതൊന്നും നമുക്കു ബാധകമല്ല എന്നുള്ള മട്ടില്‍ ഞാന്‍ ടികറ്റ് കൗണ്ടറില്‍ താളത്തില്‍ തട്ടി ഷാറൂഖ് ഖാന്‍ സ്റ്റൈലില്‍ മുടിയിലൂടെ വിരലോടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി...
"മിസ്യൂ...??"
വീണ്ടും വിളി.. ഇവളെന്താ എന്നെ കണ്ടപ്പോള്‍ മിസ്സ് യൂ എന്നു പറയുന്നത്..
ഞാനാണെങ്കില്‍ ഈ സാധനത്തിനെ മുന്നു കണ്ടിട്ടു പോലുമില്ല... ലൗ അറ്റ് ഫസ്റ്റ് സൈറ്റാണോ..?? അങ്ങനെയാണെങ്കില്‍ ആദ്യമായിട്ട് ഐ ലൗ യൂ എന്നല്ലേ പറയേണ്ടത്..?? ആദ്യം തന്നെ മിസ്സ് യൂ വിലാണല്ലോ ലവളു കേറി പിടിച്ചിരിക്കുന്നത്.. ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ എന്റെ തലക്കുള്ളില്‍ മിന്നി.. എന്റെ സ്റ്റൈലാക്കലു കണ്ടപ്പൊ പൊട്ടനാണെന്നു കരുതിക്കാണും.. പിന്നൊന്നും ചോദിക്കാതെ പാസ്സ് പോര്‍ട്ടില്‍ സീലടിച്ചു ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു തന്നു.. അവിടെ ചുവന്ന ലൈറ്റില്‍ തിളങ്ങുന്ന ഒരു ബോര്‍ഡും കണ്ടൂ.. വായിച്ചിട്ടൊരു ചുക്കും മനസ്സിലാവുന്നില്ല.. ഇതു നമുക്കു പറ്റിയ സ്ഥലമല്ലാ... അപ്പൊ തന്നെ മനസ്സിലുറപ്പിച്ചു. 
കോളേജിലെത്തി ക്ലാസ്സെല്ലാം തുടങ്ങി.. താമസവും ഭക്ഷണവും എല്ലാം അതിന്നുള്ളില്‍ തന്നെ.. ഒരു വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറങ്ങി..
ഇംഗ്ലീഷ് സിനിമയിലെല്ലാം ആളുകളു കോട്ടിട്ടു നടക്കുന്നത് കണ്ടപ്പോള്‍ ഈ പഹയന്‍മാരെല്ലാം ജെനിച്ചതു തന്നെ ഇങ്ങനാണോ എന്നു തോന്നീട്ടുണ്ട്..
പുറത്തിറങ്ങിയപ്പോഴല്ലെ കാര്യം പിടികിട്ടിയത്.. തണുത്തു വിറച്ചു വടിയാകാതിരിക്കാനാണ് ഇവന്മാരും ഇവളുമാരും കോട്ടിടുന്നതെന്ന്...

വഴിയില്‍ ആരോടും ഒന്നും ചോദിക്കാന്‍ നിന്നില്ല.. ചോദിച്ചിട്ടൊരു ഗുണവും ഇല്ല.. അവന്മാര്‍ക്കു മലയാളവും എനിക്കു ഫ്രെഞ്ചും അറിയില്ല..
ഞായറാഴ്ച ഉച്ചക്കു ഡെല്‍ഹി ചാനലില്‍ ഒന്നരക്കുള്ള പൊട്ടന്മാരുടെ വാര്‍ത്ത തുടങ്ങുമ്പോള്‍ മുള്ളാന്‍ പോയതു വന്‍ നഷ്ട്ടമായി എന്നു മനസിസ്ലായതിപ്പഴാ..
'ലെ മാര്‍ഷെ' എന്ന ഒരു ബോര്‍ഡ് കാണാന്‍ നല്ല രസം.. നേരെ അതിന്റുള്ളിലേക്കു കയറി. അവിടെ കണ്ണാടി കൂട്ടില്‍ വെച്ചിരിക്കുന്ന ചോക്ക്ലേറ്റും.. ബാക്കി സാധനങ്ങളും നോക്കി വെള്ളമിറക്കി ചുറ്റി നടന്നു.. കുറച്ചു വെള്ളമെങ്കിലും മേടിച്ചു കുടിച്ചില്ലെങ്കില്‍ മോശമല്ലെ.. ഒന്നര ലിറ്ററിന്റെ 'ഏവിയോണ്‍' ബോട്ടിലെടുത്തു.. ചുമ്മാ അതു തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ തല ചുറ്റി.. മൂന്നര ഫ്രാങ്കേ... നാട്ടിലെ നൂറ്റിയിരുപത്തഞ്ചു രൂപ...!! കുപ്പി അവിടെതന്നെ ആരും കാണാതെ തിരിച്ചു വെച്ചു.. ഇനി റൂമിലെത്താതെ വെള്ളം കുടിക്കുന്ന പരിപാടിയില്ല.. 

"മോനേ ഓടല്ലെ.. തട്ടി വീഴും.."
ദൈവമെ.. ഇതു സ്വപ്നമാണോ.. ഞാന്‍ കേട്ടതു തന്നെയാണോ അതോ എനിക്കു തോന്നിയതാണോ..?? കാതും മനസ്സും.. എന്തിനു പറയുന്നു.. ശരീരമാസകലം ഒരു കുളിരു വന്നു.. ഒരു കൊച്ചു ചെറുക്കന്‍ ഓടുന്നു.. അതിന്റെ പിന്നാലെ ചുരിദാറിന്റെ മേലെക്കൂടി കോട്ടിട്ട ഒരു ചേച്ചിയും.. ഞാനും ഓടി പിന്നാലെ.. ഒരാഴ്ചക്കു ശേഷം മലയാളം കേട്ട ആക്രാന്തമായിരുന്നു ആ ഓട്ടത്തിനു പിറകില്‍..
ഓടിച്ചെന്നു ചേച്ചിയോടു ചോദ്ച്ചു,,
"മലയാളിയാണോ..??"
"ക്വാ..??"
ഇതെന്താ താറാവോ.. ഒരു നിമിഷം ഞാനൊന്നു അന്തിച്ചു നിന്നു,,,
"അല്ല.. ചേച്ചി മലയാളം.. കേരള കേരള.."
"ക്ക്വി എത്തേ വൂ..??"
ഒരു ചുക്കും മനസ്സിലായില്ല.. എന്തു തെറിയാണാവൊ പറയുന്നത്..
ഈ ചേച്ചി കൊച്ചിന്റെ വാ പൊത്തി പിടിച്ചിരിക്കുന്നതെന്തിനാണെന്നു എനിക്കു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമില്ല.. എന്തായാലും കൊച്ചിന്റെ വായീന്നുള്ള തെറി കൂടി ഉണ്ടാവില്ല...
ആശ്വാസം..!!
"സെ ക്വാ സെ പാസ്സെ..?" ദാ വരുന്നു നല്ല കറുത്തു തടിച്ച് ക്ലീന്‍ ഷേവ് ചെയ്ത ഒരു ചേട്ടന്‍...., ചേച്ചിയുടെ പാപ്പാന്‍ ആണെന്നു തോന്നുന്നു.. അത്രേം വെല്യ വയറു കണ്ടപ്പോള്‍ തന്നെ എനിക്കു ശ്വാസം മുട്ടി. ഇവരു മലയാളി തന്നെ.. പക്ഷെ മലയാളം പറയുന്നുമില്ല..എനിക്കാണെങ്കില്‍ ഒരു നാട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ നിക്കണോ ഇരിക്കണോ ചാടണോന്നൊന്നും അറിയാതെ..
ഇവരാണെങ്കില്‍ എലി പാഷാണം കണ്ട പോലെ.. എന്താണാവോ ഇതിന്റെ ഗുട്ടന്‍സ്..?? അങ്ങേരു.. എന്നെ ഒന്നും നോക്കും.. പിന്നെ കോട്ടിട്ട അമ്മച്ചിയെ നോക്കും.. പിന്നേം എന്നെ നോക്കുന്നു.. അമ്മച്ചിയെ നോക്കുന്നു... ചേച്ചിയ്ക്കു പെട്ടെന്നു കോങ്കണ്ണു വന്ന പോലെ.. ചേട്ടനെ നോക്കി ആംഗ്യം കാണിക്കുന്നു.. എന്തോ കുഴപ്പമുണ്ട്.. അല്ലാതെ ഇവരിങ്ങന്നെ  കുരിശു കണ്ട ചെകുത്താനെ പോലെ നിക്കെണ്ട കാര്യമില്ലല്ലൊ..  എന്തു വരട്ടെ.. ധൈര്യമായിട്ടു മുട്ടാം എന്ന തീരുമാനത്തോടെ അടുത്ത ഡയലോഗിനു വാ തുറന്നതും ചേട്ടനും ചേചിയും കൂടെ ആ കൊച്ചെറുക്കനേം വലിച്ചിഴച്ചു ഒരൊറ്റ പോക്ക്..!! ലെന്തോ പോയ ലെന്തിന്റെയോ കണക്ക് ഞാന്‍ അവരുടെ പോക്കും നോക്കി അങ്ങനെ തന്നെ നിന്നു..
കുറച്ചു നേരം കൂടി അവിടെ വായില്‍ നോക്കി നടന്നു.. ഇതു മാത്രം കണ്ടാല്‍ പോരല്ലോ.. ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു.. ഷാറൂഖും കാജോളും കെട്ടിപിടിച്ചു കിടന്നുരുളുന്ന ഗര്‍ഡന്‍ കാണണം... വിജയും സിമ്രാനും ഒളിച്ചു കളിക്കുന്ന മരങ്ങള്‍ കാണണം.. വേഗം പുറത്തിറങ്ങി.. റൈറ്റ് പോണോ ലെഫ്റ്റ് പോണോന്നുള്ള ആശയക്കുഴപ്പം.. അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പൊ കുറച്ചപ്പുറത്തായി ചേട്ടനും ചേച്ചിയും.. ആഹാ.. എന്നെ പൊട്ടനാക്കീട്ടു രണ്ടു പേരും കൂടെ ജ്യൂസ് കുടിക്കുന്നു.. ഞാന്‍ നേരെ അവരുടെ അടുത്തേക്ക് വെച്ചു പിടിച്ചു.. ഫോണെടുത്തു ചെവിയില്‍ വെച്ചു ചുമ്മാ സംസാരം തുടങ്ങി..
"യാ.. യാ.. ശെരി ശെരി.. ഇവിടെ നല്ല രസമാ.. അടിപൊളി ക്ലൈമെറ്റ്.. അതേടാ ശെരിക്കും സിനിമയില്‍ കാണുന്ന പോലെ തന്നെ.."
സംസാരത്തിനിടക്ക് അവരുടെ അടുത്തെത്തി.
"ആളുകളൊക്കെ നല്ലവരാ.. പിന്നെ നാട്ടില്‍ വള്ളി ട്രൗസറും ലുങ്കിയുമുടുത്തു കട്ടന്‍ ചായയും കുടിച്ചു നടന്നവരൊക്കെ ഇവിടെ കോട്ടും സ്യൂട്ടുമിട്ടു  കഞ്ഞ ഗ്ലാസ്സില്‍ ഹ്യൂസും കുടിച്ച് നടക്കുവാ... വായെടുത്താല്‍ ഫ്രെഞ്ചു മാത്രമെ പറയൂ.. ഒരു കൊട കൊടുത്താല്‍ പാതിരാക്കും ചൂടിക്കോളും.." 
അവസാന ഡയലോഗ് പറഞ്ഞത് അവരുടെ നേരെ നോക്കി തന്നെയായിരുന്നു.. അപ്പൊ അവരുടെ ചമ്മിയ മുഖം കണ്ടപ്പോഴുള്ള ഒരു സന്തോഷം.. ആഹഹാ...

നടന്നു നടന്നു കിയോസ്കിന്റെ അടുത്തെത്തിയപ്പോള്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ വെച്ചെടുത്ത പ്രതിഞ്ജ കാറ്റില്‍ പറത്തി.. പണം പോട്ടെ.. പവ്വറു വരട്ടെ എന്നുള്ള ആപ്ത വാക്യം മനസ്സില്‍ പറഞു കൊണ്ട് രണ്ടും കല്പിച്ചു ഒരു കുപ്പി വെള്ളം വാങ്ങിച്ചു.. കാശു പോയ വെഷമം മറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നേം മലയാളം കേട്ടു..
"നാട്ടിലെവിടുന്നാ....??"
പിന്നില്‍ ചേട്ടനെ കണ്ടപാടെ എന്റെ ഭാവം സീരിയലിലെ അമ്മായിയമ്മയെ കണ്ട മരുമകളെ പോലെ ആയി.. പെട്ടെന്നൊന്നു ഞെട്ടിയ പോലെ.. കണ്ണു രണ്ടും പരമാവധി വെളിയിലേക്കു തള്ളിച്ചു.. വാ മാക്സിമം പൊളിച്ചു പിടിച്ചു..
"അയ്യോ ചേട്ടന്‍ മലയാളിയായിരുന്നോ..?? ഞാന്‍ കരുതി വല്ല ഹിന്ദിക്കാരും ആയിരിക്കുമെന്ന്... ഞാന്‍ ത്രിശൂരാണു ചേട്ടാ.. ചേട്ടനോ..??"
ഭാര്യ കാണുന്നില്ല എന്നുറപ്പു വരുത്തി ചേട്ടന്‍ പറഞു..
"ഞങ്ങളു എടപ്പള്ളിയാ... ഏറണാംകുളം..!! ഒന്നും വിജാരിക്കല്ലെ കേട്ടൊ.. മിണ്ടിയാല്‍ പിന്നെ പണിയാ.. അതു കൊണ്ടാ.."
"അതെന്തു പണി.."
"പിന്നെ സംസാരിക്കാം.. മോന്റെ ഫോണ്‍ നംബരു തന്നെ.. ഞാന്‍ സൗകര്യം പോലെ വിളിക്കാം.." "ഇതെന്താ വല്ല കള്ളക്കടത്തു ഫാമിലിയാണോ പടച്ചോനെ.."
എന്റെ ചിന്ത ആ വഴിക്കു നീങ്ങി..
ആ എന്തു കുന്തമെങ്കിലുമാകട്ടെ.. ഞാന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു... മൊബയിലില്‍ സേവ് പോലും ചെയ്യാതെ 'അത്തൂതല്ലെ' എന്നും പറഞു പുള്ളിക്കാരന്‍ സ്ഥലം കാലിയാക്കി.. ഇതെന്തു മറിമായം.. നംബര്‍ മേടിച്ചു ഊതല്ലെ എന്നും പറഞു ഒരാളു പൊവുക എന്നൊക്കെ പറഞാല്‍....,. എന്തെങ്കിലുമാകട്ടേന്നും കരുതി ഞാന്‍ വീണ്ടും തെണ്ടല്‍ പുനരാരംഭിച്ചു.

ശനിയായ്ഴ്ച ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടിട്ടാണ് ഞാന്‍ ഉച്ചയുറക്കത്തില്‍ നിന്നും എണീറ്റത്.. പരിജയമില്ലാത്ത ഒരു ശബ്ദം...
"ഉറക്കമായിരുന്നോ...??"
ഉറക്കത്തീന്നു വിളിച്ചെണീപ്പിച്ചു ചോദിക്കാന്‍ പറ്റിയ ചോദ്യം.. അതു പറയാതെ ഒരു മറുചോദ്യം ചോദിച്ചു..
"ആരാ..?"
"എന്നെ മനസ്സിലായില്ലേ...?? എടപ്പള്ളിക്കാരന്‍ ജോണിക്കുട്ടീന്നു പറയും.. നാട്ടിലു വള്ളീ ട്രൗസറും ലുങ്കിയുമുടുത്തു നടന്നിരുന്ന.. മഞ ഗ്ലാസ്സിലു ജ്യൂസു കുടിക്കുന്ന ജോണിക്കുട്ടി.. മറന്നോ..??"
കൂടുതലു പറയുന്നതിനു മുന്‍പു തന്നെ ഒരു പളിച്ച ചിരിയും ചിരിച്ച് ഞാന്‍ വിഷയം മാറ്റി.. 
"അയ്യോ ചേട്ടനായിരുന്നോ..?? മനസ്സിലായില്ലാട്ടൊ.."
"നിന്റെ പേരു പറഞില്ലല്ലോ..."
"ഫയാസ്.."
"ഓകെ ഫയസ്.. നാളെ ഇവിടെ ഒരു ഓണാഘോഷം ഉണ്ട്.. ജനീവാ മലയാളി അസ്സോസിയേഷന്റെ വക.. നാലു മണിക്കാണ് പരിപാടി.. ഡിന്നെറെല്ലാം അവിടുന്നാകാം.. നല്ല നാടന്‍ സദ്യയാണ് വരുന്നൊണ്ടോ..??"
ക്ലിം.. 
സദ്യ എന്നു കേട്ടപ്പോള്‍ എന്റെ ഉറക്കമെല്ലാം സ്വിച്ച് ഓഫ് ചെയ്ത പോലെ പോയി... "നല്ല ചോദ്യം എപ്പൊ വന്നൂന്നു ചോദിച്ചാല്‍ മതി പക്ഷെ സ്ഥലമറിയില്ലല്ലൊ.."
"ആഹ്.. അതൊക്കെ ശെര്യാക്കാം.. ജനീവയില്‍ ട്രെയിനിറങ്ങി സ്റ്റേഷന്റെ മുന്നിലെ അണ്ടര്‍ പാസ്സേജ് വഴി ഇറങ്ങിയാല്‍ നേരെ കയറുന്നത് പോസ്റ്റോഫീസിന്റെ മുന്നിലാ.. വൈകീട്ടൊരു മൂന്നരയാകുമ്പോള്‍ ഞാന്‍ നിന്നെ അവ്ടുന്നു പിക് ചെയ്തോളാം.."
"ഓ.. മനസ്സിലായി.. അവിടെ വരാം.."
"ഓകെ.. എങ്കില്‍ നാളെ ഷാര്‍പ് ത്രീ തേര്‍ട്ടി.. ആ പിന്നെ രെജിസ്ട്രേഷന്‍ ഫീ അമ്പത് ഫ്രാങ്കെടുക്കാന്‍ മറക്കെണ്ടാട്ടാ..."
അംബത് ഫ്രാങ്ക്.. അപ്പോ തന്നെ മനസ്സിലെ കാല്‍ക്കുലേറ്റര്‍ ഫുള്‍ ത്രോട്ടില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.. പടച്ചോനെ.. നാട്ടിലെ ഏകതേശം രണ്ടായിരം രൂപ.. ഒരു ഫോണ്‍ അറ്റെന്റ് ചെയ്തതു കൊണ്ടൂണ്ടായ നഷ്ടം... കുറെ നേരം ആലോചിച്ചു.. അവസാനം ആപ്തവാക്യം വീണ്ടു സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞു.. മ
നസ്സമാധാനത്തിനു വേണ്ടി....
പണം പോട്ടെ.. പവ്വറു വരട്ടെ....!!
ഒന്നുമില്ലെങ്കിലും കുറെ മലയാളികളെ പരിചയപ്പെടാം.. അതിലേക്കാളുപരി ലാവിഷായിട്ടു മലയാളം കേള്‍ക്കാം കുശാലായിട്ടു ശാപ്പാടും അടിക്കാം..

പറഞ പോലെ കറക്ടു മൂന്നരയായപ്പോള്‍ മുന്നിലൊരു പച്ച ഫോര്‍ വീല്‍ ഡ്രൈവു വന്നു നിന്നു.. ഉള്ളില്‍ നിന്നും ജോണിച്ചായന്റെ കൈ നീണ്ടൂ വന്നു..
"വേഗം വാ.. ഇവിടെ സ്റ്റോപ് ചെയ്യാന്‍ പറ്റില്ല..ഫൈന്‍ കിട്ടും..."
ദൈവമേ.. ഇനി ആ ഫൈനും എന്നോടു കൊടുക്കാന്‍ പറയുമോ എന്നുള്ള ബെജാറില്‍ ഞാന്‍ ഓടി ഫ്രന്റ് സൈഡിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു..
ഷോക്കടിച്ച പോലെ കൈ റിട്ടേണ്‍ പോന്നു... മുന്നിലെ സീറ്റില്‍ കോട്ടു കാരി അമ്മച്ചി ഇരുന്നു പല്ലിളിക്കുന്നു.. പിന്നൊന്നും നോക്കാതെ ബാക്ക് ഡോറ് തുറന്ന് വണ്ടിക്കുള്ളില്‍ ആസനസ്ഥനായി...!!
പിന്നിലെ സീറ്റില്‍ വേറൊരു കൊച്ചു സീറ്റ് ഫിറ്റ് ചെയ്ത് വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ പറ്റാത്ത രീതിയില്‍ കൊച്ചിനെ പൂട്ടിയിട്ടിരിക്കുന്നു.. കൊച്ചിന്റെ വായില്‍ റബ്ബറിന്റെ ഒരു സാധനവും ഫിറ്റ് ചെയ്തിട്ടുണ്ട്.. ഓണാഘോഷം നടക്കുന്ന സ്ഥലത്തെത്തുന്ന വരെ ആരും ഒന്നും പറഞില്ല.. അവിടെ ചെന്നപ്പോള്‍ ഒരു മാതിരി ഇഞ്ചി കടിച്ച കൊരങ്ങിന്റെ അവസ്ഥയായി.. പരിചയപ്പെടാന്‍ വരുന്ന ആളുകളെല്ലാം തന്നെ ഫ്രെഞ്ചില്‍ ചിരിക്കുന്നു.. ഫ്രെഞ്ചില്‍ നടക്കുന്നു.. എനിക്കാണെങ്കില്‍ ഈ കോപ്പൊട്ടു പിടിക്കുന്നുമില്ല .. കഷ്ടപ്പെട്ടു ആരെയെങ്കിലും മിണ്ടാന്‍ കിട്ടിയാലോ.. പരിചയപ്പെട്ടു പുതിയ ആളാണെന്നു ഒഅറയുമ്പോള്‍ മലയാളം പിന്നേം ഫ്രെഞ്ചാകുന്നു.. ഇതെന്തു ലോകമാണപ്പാ.. ടാക്സി വിളിച്ചു പോയി അടി മേടിച്ച ഒരു ഫീലിങ്ങില്‍ ഞാന്‍ അന്തിച്ചു പോയി ഒരു മൂലക്കു ഇരുന്നു..
കല്യാണവീട്ടില്‍ ചെന്ന പോലെ പിള്ളാരെല്ലാം അവിടെയും ഇവിടെയും ഓടി നടക്കുന്നു.. മലയാളി തരുണീ മണികള്‍ ആണുങ്ങള്‍ടെ ഇടയിലൂടെ ഫ്രെഞ്ചില്‍  മിന്നുന്നു.. ചെക്കന്മാരാണെങ്കില്‍ ഓടി നടക്കുന്ന പെണ്‍പിള്ളാഅരുടെ മുഴുപ്പും മിനുപ്പും നോക്കി ഫ്രെഞ്ചില്‍ നെടുവീര്‍പ്പിടുന്നു.. കമന്റടിക്കുന്നു...!! സ്റ്റേജില്‍ കുറെ കുട്ടികള്‍ ഫ്രെഞ്ചില്‍ ഓണപ്പാട്ടു പാടുന്നു..അസ്സോസിയേഷന്‍ ഭാരവാഹികളെല്ലാം വന്നു എംഗ്ലീഷില്‍ പ്രസംഗിക്കുന്നു..  ആകെ ഒരുമാതിരി അവസ്ഥ..

അടുത്ത ചെയറില്‍ വന്നിരുന്ന മറ്റൊരു കോട്ടു മുക്രി എന്നെ നോക്കി ചിരിച്ചു..
ഞാനും വിട്ടു കൊടുത്തില്ല.. തിരിച്ചും കൊടുത്തു ഡബിള്‍ സ്ട്രോങ്ങില്‍ അതു പോലെരെണ്ണം.. അതു കണ്ട പാടെ പുള്ളിക്കാരന്‍ എന്റെ കൈ തട്ടിപറിച്ചു മേടിച്ചു ഷേക് ഹാന്റ് തന്നു. എന്നിട്ട് പണ്ടത്തെ സിനിമയില്‍ ജോസ് പ്രകാശ് പറയുന്ന പോലെ ഒരു ഡയലോഗ്..
"ഞാന്‍ കണ്ണന്‍..""'' ആഹ ഹാ.. ഈ ഫ്രെഞ്ച് കേള്‍ക്കാന്‍ കേള്‍ക്കാന് എന്തു രസം‍..കേട്ടപ്പോള്‍ തനി മലയാളം പോലെ തന്നെ തോന്നുന്നു.....
ഇതു കൊള്ളാമല്ലോ.. ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല..
"നിന്റെ പേരെന്താ..??" 
വീണ്ടും മലയാളം പോലെയുള്ള ഫ്രെഞ്ച്.. സാധാരണ പരിചയമില്ലാത്ത ആരെങ്കിലും വന്നു 'നീ' 'ടാ..' എന്നൊക്കെ വിളിച്ചാല്‍ രക്തം തിളച്ചു കയറുന്ന എനിക്കു നോ ഫീലിംഗ്സ്... തന്ന ഷേക്ക് ഹന്റ് വിടാന്‍ പോലും മറന്നു..
ഒരു പാടു നാളു പിന്നാലെ നടന്നു നടന്നു അവസാനം കാമുകിയുടെ വായില്‍ നിന്നും 'ഐ ലവ് യൂ' കേട്ട കാമുകന്റെ ഹൃദയത്തുടിപ്പോടെ ഞാന്‍ പറഞു..
"ഫയാസ്..!!"
"ഇവിടെത്ര നാളായി..?"
"ഒരാഴ്ച...!!"
"കണ്ണനോ...??"
"ഞാന്‍ രണ്ടു മാസമായി ഇവിടെ വന്നിട്ട്.. ജോലി അന്വേഷിച്ചോണ്ടിരിക്കുവാ.. നീ പഠിക്കാന്‍ വന്നതായിരിക്കും അല്ലേ,,??"
"അതെ"
"അതാണ് എന്നേം നിന്നേം കാണുംബോള്‍ ആരും അടുക്കാത്തത്.. മനസ്സിലായോ..? അടുത്തു പോയാല്‍ പിന്നെ ജോലിയൊ സഹായമോ ചോദിച്ചു ചെല്ലും എന്നുള്ള പേടിയാണ് എല്ലാവര്‍ക്കും..!! ഒരു തെണ്ടിയും പുതിയ ആളികളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല.. മലയാളം പോലും പറയില്ല.."
ആ.. അപ്പൊ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.. അങ്ങനെ വരട്ടെ...!! ഇപ്പോഴല്ലെ സംഗതികളുടെ  ഗുട്ടന്‍സ് പിടികിട്ടിയത്..
"ഇവിടെ എങ്ങനെ എത്തിപ്പെട്ടു...??" കണ്ണന്റെ ചോദ്യം...
"ജോണിച്ചായന്റെ കൂടെ വന്നതാ.."
"ആഹാ ആളെ അറിയുമോ.. നല്ല മനുഷ്യനാണു കേട്ടൊ.. ഇവ്ട്ത്തെ ഒരു പുലിയാ... യു എന്നിലാണു ജോലി.. ബട്ട്... അങ്ങേര്‍ടെ ഭാര്യ ഒടുക്കത്തെ മുറ്റാ... ആരേയും അടുപ്പിക്കില്ല... ഞാന്‍ സൗദീന്നു ഒരു അറബീടെ ഡ്രൈവറായിട്ടു വന്നതാ.. ഇപ്പോ ചാടി നടക്കുവാ.. ഇവിടുത്തെ ഭാഷയില്‍ പറഞാല്‍ ഇല്ലീഗല്‍..""''
അതു ശെരി.. ഇവന്റെ കൂടെ ഇരുന്നാല്‍ എന്നേം പോലീസു കൊണ്ടു പോകുമോ എന്നായി എന്റെ അടുത്ത സംശയം.. പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല.. അപ്പോഴെക്കും ഫ്രെഞ്ചില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.. ആളുകളൊക്കെ തിടുക്കത്തില്‍ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു.. എനിക്കൊന്നും മനസ്സിലായില്ല...
"വേഗം വാ അല്ലെങ്കില്‍ സീറ്റു കിട്ടില്ല.. ഫൂഡ് റെഡി ആയിട്ടുണ്ട്.."
ഇതു കേട്ടപ്പോള്‍ ഒട്ടും മടിക്കാതെ ഞാനും ചാടിയെണീറ്റു...
എങ്ങനെയെങ്കിലും കൊടുത്ത കാശു മൊതലാക്കാന്‍ കാത്തിരുന്ന അവസരമാ.. അച്ചാറും സാമ്പാറും പപ്പടവും പായസവും എല്ലാം കൂടെ കൂട്ടി ഒരു പിടി പിടിക്കാനുള്ളതാ..
ശ്രീലങ്കയില്‍ നിന്നും ഇംബോര്‍ട്ട് ചെയ്ത വാഴയിലയില്‍ നല്ലൊന്നാന്തരം സദ്യ....
വിവിധ തരം കറികള്‍...കാളന്‍.. കൂളന്‍.. പച്ചടി.. കിച്ചടി.. തോരന്‍.. അച്ചാര്‍... പരിപ്പ്.. പപ്പടം പലതരം സാംബാറുകള്‍... എന്നു വേണ്ടാ ഇല്ലാത്തതൊന്നുമില്ല...
അപ്പോഴും ഒരു പ്രശ്നം മാത്രം.. ആവശ്യമുള്ള സാധനം മാത്രം ചോദിച്ചു മേടിക്കാന്‍ പറ്റുന്നില്ല.. ചേച്ചിമാരെല്ലാം ഫ്രെഞ്ചിലാണു ചോദിക്കുന്നതും വിളംബുന്നതും... ഈ കറികളുടെയെല്ലാം ഫ്രെഞ്ചു പേരു ഏതു ഡിക്ഷ്ണറീന്നു കിട്ടും.. ഈ സമയത്തു അതും നോക്കി പോകാന്‍ എവിടെ ടൈം..??  കണ്ണനടുത്തുള്ളതു കൊണ്ട് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു കഴിച്ചു...
പുള്ളിക്കാരന്‍ മുറി ഫ്രെഞ്ചെല്ലാം പറഞു കാര്യം നടത്തി.. കൂട്ടത്തില്‍ ഞാനും..

കയ്യു വളച്ചും മുഖം വക്രിച്ചും കഥകളിക്കാരെ വെല്ലുന്ന രീതിയില്‍ ഭാവാഭിനയ പ്രകടനം നറ്റത്തിയും ഒരു വിധേന മൂന്നാമത്തെ തവണയും ചോറു മേടിച്ചു... സാംബാറില്ല.. ഇനി സാമ്പാറെങ്ങനെ ഫ്രെഞ്ചില്‍ ചോദിച്ച് വാങ്ങിക്കും..?കണ്ണനോടു ചോദിക്കാന്‍ ഒരു നാണം.. മൂന്നാമതും ചോറു മേടിച്ചപ്പോള്‍ തന്നെ ഒരു മാതിരി ആക്കിയ ചിരിയും നോട്ടവും ആയിരുന്നു കണ്ണനും വിളംമ്പിയ ചേച്ചിക്കും..
അധികം ആലോചിച്ച് കയ്യുണന്നുഗ്ന്നതിനു മുന്നേ തന്നെ ഞാന്‍ ആശിച്ചതും ചേച്ചി കൊണ്ടു വന്നതും സാമ്പാര്‍ എന്ന പോലെ ഒരു ദേവത ഒരു സ്റ്റീല്‍ ബക്കറ്റ് നിറയെ ആവി പറക്കുന്ന സാമ്പാരുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.. കണ്ണന്‍ ആ ചേച്ചിയെ കൈ കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു.. ചേച്ചി അടുത്ത് വന്നപ്പോള്‍ കണ്ണന്‍ പറഞു..
"സില്‍ വൂ പ്ലേ...!!" എന്നിട്ടു വീണ്ടും ഒഴിച്ചോ എന്ന രീതിയില്‍ കൈ കൊണ്ട്  ആംഗ്യം കാണിച്ചു.. ചേച്ചി കണ്ണനു സാംബാറൊഴിച്ചു കൊടുത്തു...
"മേഴ്സീ ബൂക്കു..." കണ്ണന്‍ വീണ്ടും പറഞു...
ചേച്ചി ചിരിച്ചു..
ഹാവൂ രക്ഷപ്പെട്ടു....ഇനീപ്പൊ ധൈര്യമായി ചോദിക്കാമല്ലോ.. സാംബാറിന്റെ ഫ്രെഞ്ച് വേര്‍ട് കിട്ടി... പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല.. ആദ്യമായിട്ടു ഫ്രെഞ്ച് പറയാനുള്ള അവസരം.. അതിലുപരി സാംബാറു കിട്ടാനുള്ള ആക്രാന്തം.. നാണിച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ ഒരു കാച്ചു കാച്ചി.. ഞാന്‍ പോലുമറിയാതെ ചോദ്യം കുറച്ചു ഉച്ചത്തിലായി പോയി...

"ചേച്ചീ.. ഒരുച്ചിരി 'സില്‍ വൂ പ്ലേ' എനിക്കും തര്വോ..."
സാംബാര്‍ ബക്കറ്റ് കയ്യില്‍ വെച്ചു അനക്കമില്ലാതെ എന്റെ മുഖത്തേക്കും നോക്കി നില്‍ക്കുന്ന ചേച്ചി... ഞാന്‍ പിന്നേം ചോദിച്ചു..
"ചേച്ചി കുറച്ചു 'സില്‍ വൂ പ്ലേ' ഇങ്ങോട്ടൊഴിക്കൂ..... "
എന്റെ ആക്ഷനും ചൊദ്യവും കേട്ട് അപ്പുറത്തും ഇപ്പുറത്തും തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരൊക്കെ ഒരു നിമിഷം സ്റ്റക്ക് ആയി...
എന്റെ മുഖത്തേക്ക് നോക്കി... സാംബാറു ചോദിക്കുന്നത് ഇത്ര വെല്യ തെറ്റാണോ എന്ന ഭാവത്തില്‍ ഞാനും അവരുടെയെല്ലാം മുഖത്തേക്കു നോക്കി... ചേച്ചിയാണെങ്കില്‍ സാംബാറ് പോലും ഒഴിക്കാതെ ബകറ്റ് എന്റടുത്തു ടേബിളില്‍ വെച്ചു വാ പൊത്തി ചിരിച്ചു കൊണ്ട് ഒറ്റയോട്ടം....
പിന്നെ അവിടെ കൂട്ടച്ചിരിയായിരുന്നു.. ഭക്ഷണം കഴിക്കാന്‍ പോലും മറന്നു ആളുകളു ചിരിയായി.. അടുത്തിരുന്ന കണ്ണനാണെങ്കില്‍ ചിരിച്ചു ചിരിച്ചു കണ്ണീന്നും മൂക്കീന്നുമൊക്കെ വെള്ളമൊലിപ്പിച്ചു ചുമക്കാനും തുടങ്ങി...
അപ്പോഴും; കുറച്ചു 'സില്‍ വൂ പ്ലേ' ചോദിച്ചതിനു ഇത്ര മാത്രം ചിരിക്കാനെന്താണുല്ള്ളതെന്ന ചിന്ത കുഴപ്പത്തിലായിരുന്നു നിഷ്കളങ്കനായ പാവം ഞാന്‍...!. ഞാന്‍ പതുക്കെ കണ്ണനെ തോണ്ടി..
"കണ്ണാ.. എന്താ പ്രശ്നം..?? ഫ്രെഞ്ചില്‍ സാംബാറു ചോദിച്ചതിനെന്താ ഇത്രേം ചിരിക്കാന്‍..??"
"സാംബാറിനു ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ എന്നാ പറയ്യാന്നു നിന്റടുത്താരാ പ്റഞത്...??"
"അതു ശെരി.. അപ്പോ നീ ചോദിച്ചപ്പൊ മാത്രം ആര്‍ക്കും കുഴപ്പമില്ല.. ഞാന്‍ ചോദിച്ചപ്പോള്‍ എന്താ ഇത്രേം ചിരിക്കാനുള്ളാത്...??"
അപ്പോഴും അടക്കി പിടിച്ച ചിരിയോടെ കണ്ണന്‍ പറഞു...
"ഡാ പൊട്ടാ... ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ ( s'il vous plaît ) എന്നു പറഞാല്‍ പ്ലീസ് എന്നാണ് അര്‍ഥം...!!"
വായിലുണ്ടായിരുന്ന ചോറ് ഇറക്കണൊ... ചവക്കണോ.. തുപ്പണോ എന്നറിയാതെ വിയര്‍ത്തു കുളിച്ചു ചമ്മി നാറി ഞാന്‍ അവിടെ ഇരുന്നു...!!!

15 comments:

Ikka,

sathyam para ithu swantham anubhavam alle? endayalum kollam........

superrbbbbb... really funny :D

നല്ല എഴുത്ത്.

ആശംസകൾ.

Daaa,
Uvva...vaa....!
I am back...Nannayirikkunnu...! njanalla...ninte ezhuth....!
Kallan...

Daaa,
Uvva...vaa....!
I am back...Nannayirikkunnu...! njanalla...ninte ezhuth....!
Kallan...

meenakshi : ഹ.. ഹ.. തങ്ക്യൂ... :)

smiling assassin : ജയേഷ് കുട്ടാ.. എന്നെക്കൊണ്ട് സത്യം പറയിപ്പിച്ചിട്ടേ അടങ്ങൂ അല്ലെ..?? :)

Sminzz : ഈ സ്മിനുവിന്റെ ഒരു കാര്യം.. ഒന്നു പോ ചെക്കാ.. :).. താങ്ക്സ് ഡാ..

Baji Sir : thank you :)

വീ കെ : നന്ദി :)

ആലുവാവാല : തിരിച്ചു വന്നല്ലെ...?? എന്തായാലും ബെലക്കം ബാക്ക്.. നിന്റെ നടു വെലങ്ങിയ്യൊ.. എന്നു.. ആ ഫോണ്‍ ഒന്നു ഓണാക്കി വെക്കെടാ ചെക്കാ.. :)

haha vous êtes fou, mais très drôle, et un écrivain très incroyable!!=] haha et je vois que notre Malayalees sont les mêmes partout!

Sherikkum adipoli .... :-)..ts funnyy....

LOL as usual thakarppan - i almost expected sme other meaning for silvu plait :D

silvu plait enthayalum fayazkkakkittonnu panithu.... oru onnonnara pani...
appo mercy bukku o? ikkante wonderful swafavam bech athum ee side-ilokkozhicholan paranju kanumallo alle?
;)
really enjoyed d reading ikkaa....
:)

LKG യിലൊക്കെ ഇപ്പൊ second language ഫ്രെഞ്ചാ..ഹു ഹു

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com