January 24, 2013

കോയിബിര്യാണി


"നാളെ ഞാറാഴ്ചയല്ലെ..?"
പടച്ചോനേ... തിന്നാനിരിക്കുമ്പോ എന്തു പുലിവാലാണാവോ എഴുന്നള്ളിച്ചോണ്ട് വരുന്നത്.. ഉരുട്ടിയ ഉരുള വായിലോട്ടിട്ട് ചവച്ചരച്ച് ഞാന്‍ സൂറാടെ തിളങ്ങുന്ന മുഖത്തേക്ക് നോക്കി.. "ന്ത്യേ സൂറാ..?? അനക്കെന്തേലും വെണാ..?"
''ഇക്കൊന്നും വേണ്ട.. ഇങ്ങള് ചോറുരിട്ടി മിണ്ങ്ങണ കാണാനെന്തു ശേലാ.."
ഇതെനിക്കുള്ള പണി തന്നെ.. അറുക്കുന്നതിനു മുന്നുള്ള വെള്ളം തരലാണിതെന്നെന്റെ മനസ്സെന്നെ ഉദ്ബോധിപ്പിച്ചു ..
"അതെന്താ സൂറാ.. ഇന്നലേം മിനിഞ്ഞാന്നും ഇക്കണ്ട കാലമത്രയും ഞാന്‍ ഉരുട്ടി മിണുങ്ങുമ്പോ നീ അട്ടത്തോട്ട് നോക്കിയിരിപ്പായിരുന്നോ...?"
അടുത്ത ഉരുള ഉരുട്ടാതെ തന്നെ വായിലോട്ടാക്കി.. വീണ്ടും ഉരുട്ടി മിണുങ്ങണത് കണ്ടാലവളുദ്ധേശിച്ച കാര്യം പറഞ്ഞാലോന്നായിരുന്നു പേടി.. എന്തും സഹിക്കാം.. ഇമ്മാതിരി സമയത്ത് അഗ്നി പര്‍‌വ്വതം പൊട്ടുന്ന ചൂടോടെയായിരികും സൂറാടെ ഓരോ പൂതി പൊട്ടുന്നത്..
"എത്ര കണ്ടാലും ശേല് ശേലല്ലാണ്ടാവോ മന്‍ഷ്യാ..??" ഇവളിന്ന് രണ്ടും കല്പിച്ചിട്ടു തന്നെ.. ഇനി രക്ഷയില്ല.. തുരുപ്പെറക്കി കളിക്കാം...!
"സൂറാ.. ജ്ജ് നാളെ ഭക്ഷണണ്ടാക്കണ്ടട്ടാ.. ബദറൂന്റെ മോന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വിളിച്ചിട്ടുണ്ട് .. നല്ല ബിര്യാണീണ്ടാവും.."
"എന്നിട്ട് ഇങ്ങള് അങ്ങട്ട് പൂവ്വാന്‍ നിക്കാ..??"
ഇജ്ജു ഇല്ലാണ്ട് ഞമ്മള് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ...?
''പോയിട്ടില്ലാ ..ല്ലേ ..'' സൂറാടെ നിഷ്കളങ്കമായ ഇമ്മാതിരി ചോദ്യം കേട്ടാലരിച്ചു കേറാറുള്ളതാ.. ഇന്നത് സുഖത്തോടെ കേട്ടു.. നേരത്തെ പൊട്ടിക്കാന്‍ വെച്ച ബോംമ്പിന്റെ കാര്യം ബലാല് മറന്നൂന്നു തോന്നുന്നു.. രക്ഷപെട്ടു..!! ആ സമാധാനത്തോടെ അടുത്ത ഉരുള ഉരുട്ടി..
"ആ. ഇങ്ങളുരുട്ടുന്ന കണ്ടപ്പഴാ ഓര്‍ത്തത്.. ന്നാലും പാര്‍ട്ടിക്ക് പോണ്ട..!! "
ബോംമ്പിന്റെ പിന്നൂരുന്നതിനു മുന്നെ ഞാനിടയില്‍ ചാടി വീണു.. " ഇയ്യൊന്നു മുണ്ടാണ്ടിരിക്കിണ്‍‌ണ്ടാ സൂറാ..? ഇജ്ജോന്നു അപ്പ്രത്തെക്ക് പോയെ.."
''ഇന്നാ ഇഞ്ഞി ഞമ്മള് മുണ്ടണില്ല ." സൂറ പെണങ്ങി മുഖം വീര്‍പ്പിച്ചു.. വായടച്ചു.. ആ സമാധാനത്തില്‍ അടുത്ത ഉരുള ഉരുട്ടി.. അപ്പോഴേക്കും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു അവള്‍ വാ തുറന്നു .
"പിന്നെ മനുഷ്യാ.. ഇങ്ങളിങ്ങനെ നടന്നാട്ടാ.. ഇത്ര നാളിങ്ങനെ ഉരുട്ടി മിണ്‌ങ്ങാന്നാ വിചാരം?? " വെശപ്പ് മാറ്റാന്‍ ഞാനുരുട്ടുന്ന ഓരോ ഉണ്ടയും എനിക്കു നേരെ വരുന്ന ബോമ്പുകളാവുകയാണല്ലോ പടച്ചോനെ.. വെശന്നെടങ്ങേറായത് കൊണ്ട് ചോറ് തീറ്റ നിര്‍ത്താനും തോന്നുന്നില്ല..
"അതിനിപ്പോ ഇവടെ എന്താ ഉണ്ടായേ. ..??".ഞാന്‍ കൈചുരുട്ടി അവളുടെ നെഞ്ചിന്റെ നൂറ്റിപത്താം നിലയിലേക്ക് ഇടിച്ചിറക്കന്‍ തയ്യാറായി പിന്നിലേക്ക്‌ ചുവടുവെച്ച് ഞെരിഞ്ഞമര്‍ന്നു ..
"ഇങ്ങളെന്തോര്‍ത്തിട്ടാ നാളെ പാര്‍ട്ടിക്കു പോണത്..??
"പാര്‍ട്ടിക്ക് പോകുമ്പോ ബദറൂന്റെ മോനു പ്രസെന്റേഷന്‍ കൊടുക്കണ്ടെ.. ഇങ്ങള് എവടെ നിന്നെടുത്തു കൊടുക്കും ..?? . ബിസിനസ്സ് ബിസിനസ്സ് എന്നും പറഞ്ഞ് നടക്കലല്ലേ ഒള്ളു..വല്ല വരുമാനം ഉണ്ടാ കയ്യില് ." പൊട്ടാന്‍ പോണ ബോംമ്പിന്റെ ഏകദേശ ശക്തി മനസ്സിലായി.. ഞാന്‍ ധൈര്യത്തോടെ നെഞ്ചും വിരിച്ച് ചോറുരുട്ടി വിഴുങ്ങി..
"ഇന്റെ സൂറാ.. ഇയ്യെന്താ പറയണെ..? ബാക്ക്യുള്ളോരും ബിസിനസ്സ് നടത്തണില്ലെ..?? അവര്‍ക്കൊക്കെ കിട്ടുന്നില്ലെ..?? ഇയ്യിങ്ങനെ വളര്‍ന്നു വരുന്ന ഒരു ബിസിനസ്സ് കാരനെ തളര്‍ത്തെല്ലെന്റെ പൊന്നേ..." ഇത്രയും പറഞ്ഞ് ദയനീയമായി ഞാന്‍ സൂറാടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി..
"പിന്നേ.. എട്ടു കൊല്ലായിട്ടും ങ്ങള് ബളര്‍ന്നിട്ടില്ല..പിന്നേം പുളൂസിന്റെ വര്‍ത്താനത്തിനും ഒരു കുറവുമില്ല .! ന്തായാലും പാര്‍ട്ടിക്ക് കയ്യും ബീശി പോകാനെന്നെ കിട്ടൂല.. ബദറൂന്റെ കൂട്ടാരന്‍ ചന്ദ്രന്റെ പെണ്ണ് ശശി.. ന്റെ കൂടെ പഠിച്ചതാ.."
"ഏഹ്.. ചന്ദ്രന്റെ ഭാര്യ ശശിയോ.. അതെന്റെ തെറ്റാണോ സൂറാ.. "?
"ന്റെ റബ്ബേ.. ശശികല..!! ഓളെന്തായാലും ഒരയ്യായിരം രുപ്പ്യെന്റെ പ്രെസെന്റേഷനും കൊണ്ടേ പോകൂ.. ഇക്ക് വയ്യ ബെര്‍തെഡേക്ക് പോയി ഓള്‍ടെ ലിഫ്റ്റിക് തേച്ച ചുണ്ട്മ്മലത്തെ പുഛം കാണാന്‍..''
ന്റെ റബ്ബുല്‍ ആലിമീനായ തമ്പുരാനെ.. ഇന്റെ സൂറ തന്നെയാണോ ഈ പറയുന്നത്..?? എവിടേങ്കിലും കല്യാണമോ പാര്‍ട്ടിയോ ണ്ടെങ്കി വീട്ടുകാര്‍ക്കു മുന്നെ അവ്ടെ പോയി പെറ്റു കെടക്കണ സാധനമാണ്... ഇവള് മേത്തു വെള്ള ജിന്ന് കേറിയോ..
"സൂറാ.. ഇന്നല്‍ത്തെ ബണ്ടി കച്ചോടത്തിന്റെ കമ്മീഷന്‍ അയ്യായൊരുറ്പ്യ കിട്ടീട്ട്ണ്ട്.. പ്രെസെന്റേഷനില്ലാതെ പാര്‍ട്ടിക്ക് പോണ വെഷമം വേണ്ട.." ഇതു പറയുന്നതിനിടക്ക് ഞാന്‍ അവളറിയാതെ, കൊതിയോടെ സൂറാടെ കയ്യീ കെടന്നു പൊള പൊളാ പൊളക്കുന്ന വളയില്‍ നോക്കി വെള്ള മിറക്കി.. ഈ ഗ്യാപ്പില്‍ അടുത്താഴ്ച പണയം വെക്കാന്‍ ചോദിക്കാനുള്ളതാ...
"ന്റെ മന്‍ഷ്യാ.. ഇങ്ങളിങ്ങനെ പാര്‍ട്ടിക്കും കല്യാണത്തിനുമൊക്കെ പോയി ബെര്‍തെ കാശു ചെലവാക്കെണ്ട.. ഇപ്പഴ്ത്തെ കാലത്ത് വീട്ടിലെ പെണ്ണുങ്ങളും കൂടെ ശ്രദ്ധിച്ചാലെ ഒരു കുടുമ്പം നല്ലക്കം പോലെ നടത്താന്‍ പറ്റൂന്ന് ഇന്നലേം കൂടെ ജയന്തി പറഞ്ഞതാ..!"
"ജയന്തിയോ.. അതേതാ ആ പിശാശ്.. ഞാനറിയാത്ത ഒരു ജയന്തി??"
ഇന്റള്ളാ ഇങ്ങക്ക് മ്മടെ കുങ്കുമപ്പൂവ് സീരിയലിലെ പ്രൊഫസര്‍ ജയന്തീനെ അറിഞ്ഞൂടെ..??
"ഇന്റെ സൂറാ.....!!"
"ഇങ്ങള് കേക്ക് മന്‍ഷ്യാ.. നമ്മക്ക് ഒരു നല്ല സ്ഥലമൊക്കെ വാങ്ങിച്ച് നല്ല ഒരു പെരേം കുടീമൊക്കെ വേണ്ടേ..?? എന്നും ഇങ്ങനെ ഈ ചെറ്യേ പൊരേല് കെട്ന്നാ മത്യാ..?? പാര്‍ട്ടിക്ക് പോണ്ട..."
"ശെരി. ഇയ്യിപ്പൊ മ്മടെ നാഗവല്ലീന്റെ കൂട്ട് രണ്ടു മൂന്ന പ്രാവശം പോണ്ടാന്ന് പറഞ്ഞാ ഇക്കെങ്ങനെ പൂവ്വാന്‍ പറ്റും..? നല്ലോരു ബിരിയാണി കയ്ക്കാന്‍ കൊതിച്ചതായിരുന്നു.. ന്നാ ശെരി.. അന്ക്ക് വേണ്ടി ബിരിയാണിപ്പൂതി ഞാന്‍ വേണ്ടാന്ന് വെച്ചു.." വെണ്ണയില്‍ നെയ്യു പൊരട്ടിയ ചേലില്‍ ഞാന്‍ ഒരു ഇരയിട്ട് കൊടുത്തു...
"മന്‍ഷ്യാ.. ന്നാലും ഇങ്ങള്‍ടെ ബിര്യാണിപ്പൂതി ഇല്ലാണ്ടാക്കണ്ട.. ഇക്കത് സഹിക്കാന്‍ കയ്യൂല.." പടച്ചോനേ.. ഇത്രേം സ്നേഹോള്ള എന്റെ പാവം സൂറാനെയല്ലെ ഞാന്‍ തരം കിട്ടുമ്പോഴെല്ലാം ഹിമാറേന്നും ബലാലേന്നും പോത്തെന്നും ഒക്കെ വിളിക്കണത് .. ആത്മ നൊമ്പരം താങ്ങാന്‍ വയ്യാതെ ഞാന്‍ മേസപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം മുഴുവനും ഒറ്റയടിക്ക് കുടിച്ച് തീര്‍ത്തു. സൂറ തുടര്‍ന്നു....
"ടൗണിലെ സല്‍ക്കാരേല് നല്ലസ്സല് ബിരിയാണി കിട്ടും.. മ്മക്ക് രണ്ടാക്കും തിങ്ക്ലാഴ്ച അവ്ടെ പോയി ബിര്യാണി തിന്നാം.. എങ്ങനെ വന്നാലും നൂറ്റ്യമ്പതുര്‍പ്യേ കൂടൂല.. ഇങ്ങക്ക് പ്രെസെന്റേഷന്‍ വാങ്ങുന്ന അയ്യായിരുര്‍പ്യേം ലാഭിക്കാം, ബിരിയാണീം തിന്നാം..."
കുടിച്ച വെള്ളം മുഴുവനും അപ്പൊ തന്നെ കണ്ണീക്കൂടെ ചാടുംന്നായപ്പോള്‍ "ന്റെ പുന്നാര പഹച്ചീ" ന്നും പറഞ്ഞ് കെട്ടിപ്പിടിക്കാന്‍ വെമ്പിയതാ.. അപ്പഴേക്കും സൂറാ ശ്വാസമെടുത്ത് പറഞ്ഞു നിര്‍ത്തീതിന്റെ ബാക്കി തുടങ്ങി.. ഞാനൊന്നടങ്ങി..
"സല്‍ക്കാരേന്റടുത്തുള്ള തുണിക്കടയില്‍ പുത്യേ മോഡലു സാരി വന്നൂത്രെ.. ഇന്നലെ അമ്മായി വന്നപ്പോ പറഞ്ഞതാ.. അതിന്റെ കൂടെ അതിന്റെ മാച്ച് ബ്ലൗസിന്റെ തുണീം കിട്ടും.. ആകെ നാലായിഇരുന്നൂറുര്‍പ്യേ ആവൂത്രെ.. ഇക്ക് ആ സാരി വാങ്ങി തന്നാ മതി.."
തീര്‍ന്നില്ല... ദാ വരുന്നു സൂറാടെ ക്ലൈമാക്സ് പഞ്ച്... "ഇങ്ങളെന്നെ നോക്ക്വോന്നും വേണ്ട.. എങ്ങനെ പോയാലും ഇങ്ങക്ക് പത്തഞ്ഞൂറുപ്യാ ലാഭം...!!"
ഹാവൂ.. പറമ്പ് വാങ്ങാനും വീട് വെക്കാനുമുള്ള സമ്പാദ്യത്തിന്റെ ആദ്യ പടി.. ജഗ്ഗിലെ വെള്ളം മുഴുവനും നേരത്തെ കുടിച്ച് തീര്‍ത്തതു കൊണ്ട് തല്‍ക്കാലം ഉമിനീരിറക്കി സമധാനിക്കേണ്ടി വന്നു... ന്നാലും ഇന്റെ പഹച്ചീ.. ഏതു ഹിമാറാണ്ടീ പറഞ്ഞേ അനക്ക് ........

*മ്മടെ നായിക സൂറാ എന്ന കഥപാത്രത്തിന്റെ കോപ്പിറൈറ്റ് ശ്രീമാന്‍ ഗുണ്ട എന്ന പേരില്‍ അറിയപ്പെടുന്ന ഷാഹുക്കാക്ക് മാത്ര്ംഅവകാശപ്പെട്ടതാണ്. ഈ പോസ്റ്റ് വായിച്ച് വേണ്ട തിരുത്തലുകള്‍ ചെയ്ത് തന്ന ഗുണ്ടക്ക് ഒരുപാട് നന്ദി..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com