June 25, 2009

ചക്കയും പള്ളിക്കാടും പ്രേതവും


ഞാനന്നു അഞ്ചാം ക്ലാസ്സില്‍.....,

സ്കൂളില്‍ നിന്നും ഉച്ചക്കു ഊണു കഴിക്കാന്‍ വീട്ടില് വന്നതായിരുന്നു‍.,.. ഒടുക്കത്തെ മഴയും കാറ്റും.. കറന്റില്ലാത്തത് കൊണ്ട് വല്ലാത്ത ഇരുട്ടും.. ഒരു മെഴുകുതിരി കത്തിച്ചു വെച്ചിട്ടാണ് ഊണു പരിപാടി തുടങ്ങിയത്..

നല്ല അയലക്കറിയും, മോരു കാച്ചിയതും പപ്പടവും ചമ്മന്തിയുമെല്ലാം കുത്തരിച്ചോറു കൂട്ടി കുഴച്ചു ലാവിഷായിട്ടങ്ങു വെട്ടി വിഴുങ്ങികൊണ്ടിരിക്കുംബോഴാണു ഭയങ്കരമായിട്ട് എന്തോ വീഴുന്ന ശബ്ദം കേട്ടത്.. തീറ്റ നിര്‍ത്തി ചാടിയെണീറ്റ് പിന്നിലെ വാതില്‍ തുറന്ന് നോക്കി വാതില്‍ തുറന്ന പാടെ അകത്തേക്ക് കാറ്റിന്റെ ശക്തിയില്‍ മഴവെള്ളം അടിച്ചു കേറാന്‍ തുടങ്ങി.. അതിന്റൊപ്പം തന്നെ ടപ്പേന്നു നടുപ്പുറത്ത് ഉമ്മാടേ കയ്യും വീണു..

"വാതിലടക്കെടാ... നീയൊക്കെ പെണ്ണു കെട്ടി കൊണ്ടു വന്നു ഇരുത്തിയിരിക്കുവല്ലെ വീടു വൃത്തിയാക്കാന്‍..?"

"അതിനിപ്പൊ ഈ നട്ടുച്ചക്കു മഴയത്തു ഞാനെവിടെ പോയി പെണ്ണു കെട്ടാനാ..??" പുറം തടവുന്നതിനിടയില്‍ ചോദിക്കാതിരിക്കാന്‍ കഴിഞില്ല..

"ചോറു തിന്നു സകൂളില്‍ പോകാന്‍ നോക്കെടാ ചെക്കാ.. കല്യാണം കഴിക്കാന്‍ നടക്കുന്നു...!!"

വീണ്ടു കലാപരിപാടി ആരംഭിക്കുന്നതിനു മുന്നു തന്നെ വാതിലില്‍ മുട്ട് കേട്ടു...
വടക്കേലെ ഇക്കയാണ്..
"ഇത്താ നിങ്ങടെ പടിഞാബുറത്തെ പ്ലാവിന്റെ കൊമ്പൊടിഞു വീണു...പറമ്പു മുഴുവന്‍ ചക്കയാ.."

കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞങ്ങളു രണ്ടും (ഞാനും അനിയനും) വാണം വിട്ട പോലെ ചക്ക കാണാന്‍ ഓടി.. ഉമ്മാക്കൊന്നും പറയാനുള്ള അവസരവും കിട്ടീല. അവിടെ ചെന്നപ്പോഴാണെങ്കില്‍ ഒരു കല്യാണത്തിനുള്ള ആളുകള്‍ ഉണ്ട്.. കൊമ്പൊടിഞു വീണ ഒച്ച കേട്ടു വന്നവരും പറഞറിഞു വന്നവരും എല്ലാവരും കൂടെ ആകെ ബഹളം.. വീട്ടുകാരായ ഞങ്ങള്‍ മാത്രം ഇല്ല. ഇപ്പൊ കോറം തികഞു..കാറ്റൊക്കെ കുറഞു മഴ ഇപ്പോഴും ചാറികൊണ്ടിരിക്കുന്നുണ്ട്.. കൊമ്പു മുഴുവനും ചക്ക കായ്ചു നിന്നിട്ടു ചക്കയുടെ ഭാരവും കാറ്റിന്റെ ശക്തിയും താങ്ങാന്‍ പറ്റാതായപ്പോഴാണ് പ്ലാവിന്റെ കൊമ്പോടിഞത്..

അതിന്റെടേല്‍ വേറാരുടെയൊ ഒരു കണ്ടെത്തലും നടന്നു.. രാവിലെ നമ്മുടെ കണ്ടന്‍ കോരന്‍ ഇതു വഴി പോയപ്പോള്‍ ചക്ക കായ്ചു കിടക്കുന്നതു കണ്ടിട്ടു പറഞൂത്രെ..
"ആരാ തൃശൂര്‍ പൂരത്തിനു പൊട്ടിക്കാനുള്ള അമിട്ടെല്ലാം കൂടി പ്ലാവില്‍ കയറ്റി വെച്ചതെന്നു.."
നാട്ടിലെ പേരെടുത്ത കരിങ്കണ്ണന്‍ കണ്ടന്‍ കോരന്‍ പറഞാല്‍ പ്ലാവല്ല കോണ്‍ക്രീറ്റ് വരെ ഭസ്മമായി പോകുമത്രെ.

ആളുകളു പ്ലാവില ആട്നി കൊടുക്കാന്‍ വെട്ടിയെടുത്ത് കെട്ടുകളാക്കുന്നു.. ചിലര്‍ വന്നകാലില്‍ നില്‍ക്കാതെ മഴയൊന്നും ചക്കക്കു മുന്നില്‍ ഒന്നുമല്ല എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മുഴുത്തതും മൂത്തതുമായ ചക്കകള്‍ നോക്കി സൈഡിലേക്ക് മാറ്റിയിട്ടു ചക്ക പെറുക്കി കൊണ്ടു പോകാന്‍ കൊണ്ടു ചാക്കിട്ടു മൂടുന്നു..  വീട്ടിലാകെ ബഹളമയം.. ഞങ്ങള്‍ക്കാണെങ്കില്‍ ഈ പേരും പറഞു ഉച്ചക്കു സ്കൂളില്‍ പോകാതിരിക്കാനും.. ഇഷ്ടം പോലെ മഴ നനയാനും ഉള്ള ഗോള്‍ഡന്‍ ചാന്‍സും.. വൈകുന്നേരം ആയപ്പോഴേക്കും ആളുകളൊക്കെ പോയി ഞങ്ങളും പത്തു പതിനഞ്ചു ചക്കയും മാത്രം ബാക്കിയായി.. ബാക്കി വന്ന ചക്കയെല്ലാം കൂടി പെറുക്കിയെടുത്ത് പത്തായപ്പുരയില്‍ കൊണ്ടു പോയി വെച്ചു..

പിറ്റേന്നു രാവിലെ ബ്രേക് ഫാസ്റ്റ് കിട്ടി.. ചക്ക തോരനും കഞിയും.. സാധാരണ പുട്ടും പഴവും അല്ലെങ്കില്‍ ഇടിയപ്പവും മുട്ടകറിയും.. പത്തിരി. ഇത്യാദി സാധനങ്ങള്‍ വന്നിരുന്ന സമയത്തിതെന്താ കഞി..?? ഉച്ചക്കു വന്നപ്പോള്‍ ചോറും ചക്ക തോരനും ചക്ക വരട്ടിയതും.. ചക്കക്കുരു ചെമ്മീന്‍ ഇട്ടു കറി വെച്ചത്.. എന്തിനു പറയണം ആകെ കൂടെ ചക്ക മയം.. വൈകീട്ടു ചായയും ചക്ക ഫ്രൈ യും ആയിരിക്കും.. ഉറപ്പിച്ചൂ..

പക്ഷെ കമ്പ്ലീറ്റ് പ്രതീക്ഷകളും തെറ്റി പോയി.. തന്നതു ചക്ക ഫ്രൈ അല്ല.. പകരം ചക്ക പുഴുക്ക് എന്നു പറഞ ഒരു സാധനം.. ദൈവമെ... ആ പ്ലാവിന്റെ കൂട്ടത്തില്‍ വല്ല മാവോ തെങ്ങോ കൂടി വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.. പിന്നെ മാങ്ങാ പുഴുക്ക്, മാങ്ങാണ്ടി തോരന്‍.. മാങ്ങാ പിണ്ണാക്ക്... അയ്യോ.. ആലോചിക്കാന്‍ വയ്യ..

"ഇന്നിനി നീ റ്റ്യൂഷനൊന്നും പോണ്ട നല്ല മഴ വരുന്നുണ്ട് എന്നു തോന്നുന്നു..."
ആഹഹാ.. ഇങ്ങനെ എല്ലാദിവസവും വീഴാന്‍ പരമ്പു നിറച്ചു പ്ലാവും നല്ല ഇടിയും മഴയുമുണ്ടാകട്ടെ എന്നു മനസ്സുരുകി പ്രാര്‍ഥിച്ച് യൂണിഫോം മാറ്റാന്‍ തുടങ്ങിയപ്പൊ ഇടിത്തീ പോലെ ബാക്കി ഭാഗം വന്നു...

"അതു കൊണ്ട് ഇന്നു വീട്ടിലിരുന്നു പഠിച്ചാല്‍ മതി. മഴയത്ത് കളിക്കാനൊന്നും ഓടെണ്ട.. ഓണ പരീക്ഷ അടുക്കറായി.."
സ്വന്തം തല തല്ലിപ്പൊളിക്കാനാണ് അതു കേട്ടപ്പോള്‍ തോന്നിയത്.. സ്കൂളു തുറന്നിട്ടു ഒരു മാസം പോലും ആയില്ല അപ്പോഴെകും പരീക്ഷ വരുന്നത്രെ..
വലിയ ടെക്സ്റ്റ് ബൂക്കെടുത്തു തുറന്നു വായന തുടങ്ങി.. ഉമ്മായെങ്ങാനും ഉറക്കെ വായിക്കാന്‍ പറഞാല്‍ പണി പാളും.. കാരണം അങ്ങനെ ആണെങ്കില്‍
"ശക്തരില്‍ ശക്തന്‍.. എതിരാളിക്കൊരു പോരാളി.. ആപത്തിലെ മിത്രം.. ഡിങ്കന്‍..!!""' എന്നു വായിക്കേണ്‍റ്റി വരും

ടെക്സ്റ്റ് ബുക്കിന്റെ ഉള്ളില്‍ ബാലമംഗളം ഒളിപ്പിച്ചു വെച്ചു ഡിങ്കന്റെ ധീരതകള്‍ വായിച്ചു കോരിച്ചരിച്ച് രസിച്ചിരിക്കുമ്പോള്‍ ഉമ്മ പിന്നേം വിളിച്ചു..

"ഡാ.. നീയീ ചക്ക പുഴുക്കു കൊണ്ടു പോയി വല്യുമ്മാക്കു കൊടുത്തിട്ടു വാ.. ഉമ്മാ ഇതു കൊറെ തിന്നോളും..."
എനിക്കാണെങ്കില്‍ ദേഷ്യം വരാന്‍ വേറെ കാരണം വല്ലോം വേണോ.. അല്ല ദേഷ്യം വന്നിട്ടും കാര്യമൊന്നും ഇല്ല.. ഒരു പുണ്ണാക്കും ഉണ്ടാക്കാന്‍ പറ്റില്ല.. ദേഷ്യവും വെച്ചവിടെ ഇരിക്കലു മാത്രമേ ഉണ്ടാകൂ.. അതു വേറെ കാര്യം.. എന്നാലും ദേഷ്യം വന്നു.. അതിന്റെ കൂടെ കരച്ചിലും വന്നു..

"പഠിക്കാന്‍ പറഞിട്ട് ഇപ്പൊ ചക്ക പുഴുക്ക് കൊണ്ടു കൊടുക്കാനൊ.. എനിക്കൊന്നും വയ്യ.. ഞാന്‍ പഠിച്ചു കഴിഞില്ല.."
"ഓ പിന്നെ നീ പഠിച്ചു കളക്ടറാകാന്‍ പോകുവല്ലെ.. ഇതു കൊടുത്തിട്ടു വന്നിട്ടു ഉമ്മാടെ മോന്‍ ബാക്കി പടിച്ചാല്‍ മതി കേട്ടൊ..??"

"ഞാന്‍ അതു കൊണ്ടു കൊടുത്തിട്ട് ക്രിക്കറ്റ് കളിക്കാന്‍ പോകും...!!"
"ശരി.. പക്ഷെ ഇരുട്ടാകുന്നതിനു മുന്നു വീട്ടിലെത്തിയേക്കണം..."

ഏഹ്.. അതും ഉമ്മ സമ്മതിച്ചോ.. ഡിങ്കന്‍ ബാക്കി വായിക്കാന്‍ കിടക്കുന്നു.. അങ്ങോട്ടു വെച്ച കണ്ടീഷന്‍സ് മുഴുവനും ഉമ്മ സമ്മതിച്ചതോണ്ടു പോകാതിരിക്കാനും വയ്യ..!

രണ്ടും കല്പിച്ച് ഞാന്‍ അടുത്ത ഡിമാന്റ് വെച്ചു..  "ഞാന്‍ ട്രൗസര്‍ ഇട്ടു പോകില്ല.. മുണ്ടുടുത്ത് പോകും...!!"

ഇതെന്തായാലും ഉമ്മ സമ്മധിക്കില്ല.. കാരണം എനിക്കു സ്വന്തമായി കടുക്ക് പൊട്ടാറായ നാലു നിക്കറും കല്യാണത്തിനു പോകുമ്പോള്‍ ഇടാനുള്ള പാന്റ്സും മാത്രമേ ഒള്ളു... വീട്ടില്‍ സ്വന്തമായി മുണ്ടുള്ള ഒരേ ഒരു വ്യക്തി വാപ്പ മാത്രം.. വാപ്പാന്റെ മുണ്ടില്‍ തൊട്ടാല്‍ വെവരമറിയും.. അപ്പൊ സുഖായിട്ടു ബാലമംഗളം വായിച്ചു തീര്‍ക്കാം.. പക്ഷെ. ഉമ്മ അതിനേക്കാള്‍ ബുദ്ധിമതിയായിരുന്നു.. പെട്ടെന്നു തന്നെ പുള്ളിക്കാരി പോയി നല്ല അലക്കി തേച്ചു വെച്ചിരുന്ന ഒരു ഡബിള്‍ മുണ്ട് എടുത്തു തന്നു..

അതോടെ എന്റെ സകല കണ്ട്റോളും പോയി..  പണ്ടേതൊ സിനിമയില്‍ നരേന്ദ്ര പ്രസാദ് പറഞ പോലെ.. കോപം വരുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ നല്ലതു ഇംഗ്ലീഷ് തന്നെ

ഉമ്മാനെ നോക്കി ഞാന്‍ കണ്ണുരുട്ടി.. നാക്കു കഠിച്ച്.. പെട്ടെന്നു പിഠിച്ചാല്‍ കിട്ടാത്ത അകലത്തിലെത്തിയപ്പോള്‍ കൈ ചൂണ്ടി അലറി  "ഉമ്മാ.. യൂ വില്‍ പര്‍ച്ചേസ് ഫ്രം മൈ ഹാന്റ്.. ആഹ്...!!"
വന്ന ദേഷ്യം ഞാന്‍ ഇംഗ്ലീഷില്‍ തന്നെ തീര്‍ത്തു..
"അതെന്തു കുന്തമാടാ...??"
"ഉമ്മ എന്റെ കയ്യീന്നു മേടിക്കും എന്നു....!!!"
"നിന്നു സര്‍ക്കസ്സു കാണിക്കാതെ ഇതു കൊണ്ടു കൊടുത്തു വന്നു പഠിക്കാന്‍ നോക്കെടാ.. അല്ലെങ്കില്‍ നീയെന്റെ കയ്യീന്നു പര്‍ച്ചേസ് ചെയ്യും..വടിയെടുക്കണോ ഞാന്‍..??"

എനിക്കണെങ്കില്‍ പിന്നെ പറയാന്‍ ഒരു ഒഴിവു കഴിവും കിട്ടുന്നില്ല.. ഓടി പോയി ഒടുക്കത്തെ ചക്കപുഴുക്ക് കൊടുത്തു വന്നു ഡിങ്കന്‍ വായിച്ചു തീര്‍ക്കണം എന്നു മനസ്സിലുറപ്പിച്ചു ഇട്ടിരുന്ന നിക്കറൂരി മുണ്ട് വലിച്ചുടുത്തു ചക്കപ്പുഴുക്കും എടുത്തു സ്ഥലം കാലിയാക്കി..

വീടിന്റെ മുന്നിലുള്ള ജംഗ്ഷനില്‍ അന്നു ഒരു കടയാണുള്ളത്.. ഉമര്‍ മൂത്താപ്പാടെ പലചരക്ക് കട.. വൈകുന്നേരം പണികഴിഞു വരുന്നവരൊക്കെ അന്നന്നാത്തെക്കുള്ള സാധനങ്ങള്‍ അവിടുന്നു വാങ്ങിച്ചു പോകലാണ് പതിവ്.. പീട്യ കഴിഞ്ഞ് ഏകദേശം അര കിലോമീറ്റര്‍ പോകണം ഉമ്മാടെ വീട്ടിലേക്ക്.. അവിടെ ആണ് വെല്ല്യുമ്മ അഥവാ ഉമ്മാന്റെ ഉമ്മ ഉള്ളത്..അവിടെ എത്തുന്ന വരെ പിന്നെ വിജനമായ റോഡാണ്..  ആള്‍ സഞ്ചാരവും കുറവ്.. വല്ലപ്പോഴും ഡൈനാമോ ഇല്ലാത്ത വല്ല സൈക്കിളു ചവിട്ടി ഉറക്കെ പാടിയോ ഒറ്റക്കു സംസാരിച്ചോ ആരെങ്കിലും വന്നാലായി.... അകെ റോഡ് സൈഡില്‍ നാലഞ്ച് വീടുകള്‍.. ഒരു മദ്രസ.. പള്ളി.. പള്ളി പറമ്പ്. ഈ പള്ളി പറമ്പിലാണ് മരിച്ചു കഴിഞാല്‍ കബറടക്കാനുള്ളത്. പള്ളി പറമ്പു കഴിഞു രണ്ടാമത്തെ വളവു തിരിഞാല്‍ വലതു വശത്തു ഉമ്മാടെ വീടായി..

അങ്ങനെ അവിടെ എത്തി സാധനം ഭദ്രമായി ഏല്പിച്ചു..എന്നെ കണ്ടപാടെ വെല്ല്യുമ്മാക്ക് അല്‍ഭുതം...

"ആഹാ ചെക്കന്‍ വലുതായല്ലോ... ഇതെന്താടാ നിന്റെ മാര്‍ക്കം(സുന്നത്ത് കല്യാണം എന്നും പറയും) രണ്ടാമതും കഴിഞോ.. വെള്ളമുണ്ടെല്ലാം ഉടുത്തിട്ടുണ്ടല്ലോ..??"
"അവന്‍ വെല്യ ചെക്കനായില്ലെ.. അപ്പൊ മുണ്ടൊക്കെ ഉടുക്കാം.. ഉമ്മ അവനെ കളിയാക്കാതെ...!!"
എന്റെ ഭാഗം പിടിച്ചു കൊണ്ട് അമ്മായി രക്ഷക്കെത്തി..

അടുക്കളയില്‍ നിന്നപ്പോള്‍ അകത്തു ടി വി യുടെ ശബ്ദം കേട്ടു നേരെ അങ്ങോട്ട് നീങ്ങി.. അവിടെ മാമ ഏതോ മലയാളം പ്രേത പടം വീ സീ ആറില്‍ കാസറ്റിട്ടു കണ്ടൂ കൊണ്ടിരിക്കുകയാണ്.. ഞാനും പോയി അവിടെ ഇരുന്നു..

ടിവിയില്‍ പ്രേതവും വെള്ള സാരിയും പൂച്ചക്കണ്ണും.. കറുത്ത പൂച്ചയും... അങ്ങനെ എല്ലാ സാധനങ്ങളും ക്ലോസപ്പായും അല്ലാതെയും മിന്നി മറഞു..കൂടെ പേടിപ്പിക്കുന്ന മ്യൂസിക്കും.. സിനിമ കണ്ടാല്‍ ഞാന്‍ വിടുമോ.. പ്രേതപ്പടമായാലും ഭൂതപ്പടമായാലും.. കണ്ണടച്ചും കുനിഞിരുന്നും, ചെവി പൊത്തിയും ഒരു വിധം ആ സിനിമ കണ്ടു തീര്‍ത്തു എന്നു പറഞാല്‍ മതിയല്ലോ..!!

സിനിമ കഴിഞു അമ്മായി തന്ന പാത്രവും വാങ്ങി പുറത്തിറങ്ങി.. അപ്പോഴാണ് ശരിക്കും വിവരമറിഞത്.. സിനിമ കണ്ടതിന്റെ ആക്രാന്തത്തില്‍ സമയം പോയതറിഞില്ല.. ഏകദേശം ഏഴര മണി ആയി.. മഴയില്ലെങ്കിലും നല്ല ഇരുട്ട്.. വീട്ടില്‍ ചെന്നാല്‍ ഉമ്മാന്റെ കയ്യീന്നു അടി ഷുവറാണ്.. ഇതൊക്കെ ആലോചിച്ചു എടങ്ങേറായി നിക്കുമ്പോ മാമ വന്നു..

"വാടാ.. ഞാന്‍ കൊണ്ടാക്കി തരാം...നിനക്ക് ഒറ്റക്കു  പോകാന്‍ പേടിയാകും..!"
ആഹാ അത്രക്കായോ.. ഡബിള്‍ മുണ്ടുടുത്തു നില്‍ക്കുന്ന ആണൊരുത്തന്റെ അടുത്ത് പറയാന്‍ പറ്റിയ വാക്കുകളാണൊ ഇതു..അതും വെല്യ ചെക്കനായി എന്നു കുറച്ചു മുന്‍പെ സെര്‍ട്ടിഫിക്കറ്റ് തന്ന അമ്മായിയുടെ മുന്നില്‍ വെച്ച്.. എന്നിലെ അഭിമാനവും പുരുഷത്വവും സടകുടഞെഴുന്നേറ്റു.. ഞാനാരാ മോന്‍.. വിട്ടു കൊടുക്കാന്‍ പറ്റുമോ..

"ഹേയ്... എനിക്കു പേടിയൊന്നുമകില്ല.. ഞാന്‍ ഒറ്റക്കു പൊയ്ക്കോളാം.." ഞാന്‍ അതിശക്തമായി പ്രഖ്യാപിച്ചു..

അതു വേണ്ട ഞാനും വരാം എന്നു നിര്‍ബന്ധിക്കുന്ന മാമയെ പ്രതീക്ഷിച്ചു നിന്നു.. എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു കൊണ്ട് മാമ അകത്തേക്കും, കുറച്ചെങ്കിലും ശ്വാസം ബാക്കിയുണ്ടെങ്കില്‍ നാളെ കാണാം എന്നു മനസ്സില്‍ പറഞു കൊണ്ട് ഞാന്‍ ഗെയ്റ്റിനു പുറത്തേക്കും നടന്നു...

ഒന്നാമത്തെ വളവു തിരിഞു കുറച്ചു നടന്നു കഴിഞപ്പോള്‍ ആദ്യത്തെ പണി കിട്ടി.. കരന്റങ്ങു പോയി..റോഡില്‍ ഒടുക്കത്തെ ഇരുട്ട്.. ഒരു വക കാണാന്‍ മേല.. തിരിച്ചു പോയി നാണം കെടണോ.. അതോ മുന്നോട്ട് നടന്നു അഭിമാനം രക്ഷിക്കണോ എന്നാലോചിച്ച് രണ്ട് മിനിറ്റ് റോഡില്‍ നിന്നു.. അവസാനം മീശയില്ലെങ്കിലെന്താ ഞാനും ഒരാണു തന്നെ... ആരു വന്നാലും എനിക്കു പുല്ലാ എന്നു മനസ്സിലുറപ്പിച്ച് അഭിമാനവും കൊണ്ട് മുന്നോട്ട് നടന്നു..

ചെറിയ പേടിയൊക്കെ വന്നെങ്കിലും നല്ല ഒരു പാട്ടും പാടി കയ്യിലിരുന്ന പാത്രവും വീശി ഞാന്‍ നടന്നു... രണ്ടാമത്തെ വളവു കഴിഞു.. ഇനി പള്ളി പറമ്പും പള്ളിയും മദ്രസയും പിന്നെ ആളൊഴിഞ കുറെ സ്ഥലവും.. അതൊക്കെ കഴിഞു ദൂരെയായി ഉമര്‍ മൂത്താപ്പാടെ കടയിലെ പെട്രോമാക്സിന്റെ വെളിച്ചം കാണാം.. അതാണു എന്റെ അടുത്ത ലക്ഷ്യം.. അവിടം വരെ എത്തി കിട്ടിയാല്‍ രക്ഷപ്പെട്ടു... മനസ്സില്‍ നേരത്തെ കണ്ട സിനിമയിലെ പ്രേതവും പൂച്ചയും കണ്ണൂം എല്ലാം സമയവും സന്ദര്‍ഭവും നോക്കാതെ മിന്നി മറയാന്‍ തുടങ്ങി.. കൂട്ടിനാണെങ്കില്‍ ചെകിടടപ്പിക്കുന്ന ചീവീടിന്റെ ശബ്ദം.. ആഹ.. ആകെപ്പാടെ നല്ല റോമാന്റിക് സിറ്റുവേഷന്‍.. എന്റെ ടൈം ബെസ്റ്റ് ടൈം..!!

ഇടക്കേതോ വിവരം കെട്ട കുറുക്കന്‍ പള്ളിക്കാട്ടില്‍ നിന്നും ഓരിയിടാന്‍ തുടങ്ങി.. അതും എക്സ്ടാ ഫീലോടേ നല്ല കിണ്ണം കാച്ചി ഒരു കൂവല്‍..,.. കുറുക്കന്‍ ഒറ്റക്കു കൂവുമ്പോള്‍ വേണ്ടത്ര എഫെക്റ്റ് പോരാന്നു കരുതീട്ടാകും, ആ പഞ്ചായത്തിലുള്ള സകലമാന പട്ടികളും കൂടി അതേ താളത്തില്‍ സംഗതി ഒന്നും പോകാതെ സിറ്റുവേഷന്റെ ഫീല്‍ ഒട്ടും ചോര്‍ന്നു പോകാതെ തന്നെ കോറസു പാടാനും തുടങ്ങി..പേടിച്ചു മൂത്രമൊഴികാന്‍ വേറെ വല്ലതും വേണോ..??

ഞാനണെങ്കില്‍ പേടി കാലിന്റടിയില്‍  നിന്നും അരിച്ചു തലയിലേക്കു കേറി മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ പറഞ പോലെ.. ന്യൂറോസിസില്‍ നിന്നും സൈക്കോസിസിലേക്കെത്തി നില്‍ക്കുന്ന നില്‍ക്കുന്ന വല്ലാത്തൊരവസ്ഥയിലായി..
ഒന്നിനു പോണോ.. രണ്ടിനു പോണോ എന്നു വേര്‍തിരിച്ചറിയാത്ത ഒരു പ്രത്യേക തരം ഫീലിംഗ്.. പിന്നെ ഒന്നും നോക്കിയില്ല.. അവിടുന്നൊരൊറ്റ പിടിപ്പിക്കലായിരുന്നു.. ആ ഒരു ഓട്ടം ഞാന്‍ ഒളിംബിക്സില്‍ ഓടിയിരുന്നെങ്കില്‍ ഒരൊറ്റ ഓട്ടത്തിനു മിനിമം പത്തു സ്വര്‍ണ മെഡല്‍ അവരു ഫ്രീയായിട്ടു തന്നേനെ..

ഓട്ടം അവസാനിച്ചത് ഉമര്‍ മൂത്താപ്പാടെ കടയിലായിരുന്നു.. ഓടി ചെന്നു അവിടെ സഡന്‍ ബ്രേക്കിട്ട പാടെ കിതപ്പു പോലും മാറാന്‍ നിക്കാതെ മൂത്താപ്പാനെ വിളിച്ചു... "മൂത്താപ്പാ.. ഒരു ഗ്ലാസ് വെള്ളം തന്നെ..."

എന്റെ ഓട്ടവും വരവും വെള്ളം കുടിക്കലും എല്ലാം കണ്ടു കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സകലമാന ചേച്ചിമാരും, ചേട്ടന്മാരും.. ഇത്താത്തമാരും ഇക്കാക്കമാരും കൂടി എന്നെ നോക്കി.. ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു എന്നെ നോക്കി നില്‍ക്കുന്ന അവരെ വെള്ളം കുടിക്കുന്നതിനിടയില്‍
"എന്താ നിങ്ങളാരും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലെ" എന്ന അര്‍ത്ഥത്തില്‍ ഒന്നു നോക്കി.. " രണ്ടു പ്രാവശ്യം പുരികം പൊക്കി കാണിക്കുകയും ചെയ്തു....

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു... കൂട്ടത്തില്‍ ആരോ തുടങ്ങി വെച്ച ചിരി ഒരു കൂട്ടച്ചിരിയായി പടര്‍ന്നു.. അതു പിന്നെ പൊട്ടിച്ചിരിയായി മാറി.. ഇവര്‍ക്കൊക്കെ എന്താ വട്ടായോ... ഒരാളു വെള്ളം കുടിക്കുന്നതിനു ഇത്ര മാത്രം ചിരിക്കാനെന്താ എന്നും ആലോചിച്ചു ഞാന്‍ അടുത്ത ഗ്ലാസ് വെള്ളം പകുതിയായപ്പോള്‍ നിര്‍ത്തി എന്നിട്ടും ചിരിക്കൊരു കുറവും ഇല്ല..

എന്തൊ പന്തികേടുണ്ട് എന്നു എനിക്കു മനസ്സിലായി.. ഞാന്‍ എന്നെ തന്നെ ഒന്നു വീക്ഷിച്ചു.. താഴോട്ടു നോക്കിയ ഞാന്‍ എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു.. പിന്നെ ഒന്നും നോക്കിയില്ല വെള്ളം കുടിക്കുംബോള്‍ താഴെ വെച്ച പാത്രം പോലും എടുക്കാതെ അവിടുന്നും ഓടി.. നേരെ വീട്ടില്‍ കേറി ഹാളില്‍ ടി വി കണ്ടിരുന്ന ഉമ്മയേയും പെങ്ങളെയും അനിയനെയും ശ്രദ്ധിക്കാതെ അതേ സ്പീഡില്‍ എന്റെ റൂമില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു..

അപ്പോള്‍ ഹാളില്‍ നിന്നും അവരുടെ ശ്വാസം വിടാതെയിള്ള ചിരിയും കേള്‍ക്കാമായിരുന്നു... കണ്ണാടിയുടെ മുന്നില്‍ ഇനിയെന്ത് എന്നുള്ള ചിന്തയോടു കൂടി ആകെ ചമ്മി നാറി ഉടുതുണിയില്ലാതെ നില്‍ക്കുന്ന എന്നെ തന്നെ നോക്കി  ഞാന്‍ നിന്നു.. അടിയിലൊരു നിക്കറെങ്കിലുമിട്ടിട്ട് മുണ്ടുടുത്താല്‍ മതിയായിരുന്നു..!!

©fayaz

June 19, 2009

ഒടുക്കത്തെ ഞായറാഴ്ചയും ഒന്നൊന്നര പണിയും..!

"മക്കളെ... വാടാ....ഒരു പണിയുണ്ട്...!!"
പടച്ചോനെ.. ഞായറാഴ്ച രാവിലെ മഹാഭാരതം സീരിയല്‍ പോലും കാണാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാപ്പാക്ക് പണി തരാന്‍ കണ്ട സമയം. പക്ഷെ, ഇന്നു മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയല്ലല്ലൊ. അതു കൊണ്ട് തെങ്ങു കയറ്റം ആയിരിക്കില്ല.. അതുറപ്പാ..

മിക്കവാറും മാസത്തിലെ ആദ്യ ഞായറാഴ്ച ഞാന്‍ മുങ്ങും.. ഏതെങ്കിലും അങ്കിളിന്റെ വീട്ടില്‍ ആ വീക്കെന്റില്‍ നിര്‍ബന്ധിച്ച് എന്നെ വിരുന്നു വിളിപ്പിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഫ്രന്‍ഡിന്റെ ഇല്ലാത്ത പെങ്ങളുടെ ഇല്ലാത്ത കല്യാണത്തിനു ശനിയായ്ഴ്ച വൈകീട്ടു സ്ഥലം വിടും.. ഈ തെങ്ങു കയറ്റവും മുങ്ങലും തമ്മില്‍ എന്താ ബന്ധംന്നല്ലേ. ആര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സാധാരണ സംശയം...
വീട്ടില്‍ തെങ്ങു കയറ്റമുണ്ടെങ്കില്‍ പറമ്പിലെ കമ്പ്ലീറ്റ് തേങ്ങാ, പട്ട, കോഞാട്ട, കൊതുമ്പ് ബാക്കി തെങ്ങു കയറ്റത്തിന്റെ ആക്സസ്സറീസ് എല്ലാം വലിച്ചു കൂട്ടുന്ന പണി എനിക്കും അനിയനും ഉള്ളതാണ്.. ഇതെല്ലാം കഴിഞാല്‍ കൂലി എന്താ... അപ്പുറത്തെ വാവക്കാന്റെ ചായക്കടയില്‍ പോയി വയറു നിറച്ചു പൊറോട്ടയും സാമ്പാറും കഴിക്കാം. പിന്നെ രണ്ടു കരിക്കും കുടിക്കാം... അതും പോരാഞിട്ടു തെങ്ങു കയറ്റക്കാരന്‍ തിലകന്റെ പരാക്രമങ്ങളും സഹിക്കണം.. എന്റെ പട്ടിക്കു വേണം വാവക്കാന്റെ ഒണക്ക പൊറോട്ടയും വളിച്ച സാമ്പാറും.. ഒവ്വേ....!!

ദിവസവും വീട്ടില്‍ തിന്നും കുടിച്ചു ടിവി കണ്ടും പിത്ത തടിയായിട്ടു നടക്കാതെ മാസത്തില്‍ ഒരിക്കലെങ്കിലും ശരീരമനക്കെടാ എന്നും പറഞാണു ഞങ്ങളു ചുള്ളന്മാരെ കൊണ്ട് ഈ പണി ചെയ്യിപ്പിക്കുന്നത്.. ശൊ,, ഇതെല്ലാം കോളേജിലെ കിളികളു വല്ലതും അറിഞാ പിന്നെ തലയുയര്‍ത്തി നടക്കാന്‍ പറ്റുമോ...? ഇനിയെന്താണാവൊ ഇന്നത്തെ പണി.. വാപ്പ അപ്പുറത്തെ വീട്ടികാരുടെ തെങ്ങു കയറ്റം വല്ലതും ക്വൊട്ടേഷന്‍ എടുത്തോ എന്നുള്ള വേവലാതിയില്‍ ഞാനും അനിയനും വാപ്പാടെ മുന്നില്‍ ഹാജര്‍ വെച്ചു അറ്റന്‍ഷന്‍ ആയി നിന്നു..

അപ്പുറത്ത് പെങ്ങള്‍ പകുതി ചോക്ലേറ്റ് കയ്യിലും കുറച്ചു വായിലും ബാക്കിയുള്ളത് മുഖത്തിന്റെ വിവിധ ഭാഗങ്ങളിലും സംഭരിച്ചു വെച്ച് സുഖ സമൃദ്ധമായി ടി വിയില്‍ കാര്‍ട്ടൂണ്‍ കണ്ടു പൊട്ടിച്ചിരിക്കുന്നു.. പക്ഷെ ആ കാര്‍ട്ടൂണ്‍ ആണെങ്കില്‍ എന്തോ ജാപ്പനീസ് സാധനം.. അതില്‍ ചിരിക്കാനൊന്നും ഇല്ലതാനും..പിന്നെ ചിരികുന്നതിനിടക്കു ഞങ്ങളെ നോക്കി തലയാട്ടുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്.. ഞങ്ങള്‍ക്കു പണികിട്ടിയ സന്തോഷത്തിലാണ് ഇമ്മാതിരി ആക്ഷന്‍ കാര്‍ട്ടൂണ്‍ കണ്ട് ലവളു ചിരിക്കുന്നത് എന്ന്.. അവള്‍ടെ ഒടുക്കത്തെ ചിരി..!!! നിന്നെ ഞങ്ങളെടുത്തോളാടീ പിത്തക്കാടീ എന്ന അര്‍ത്ഥത്തില്‍ ഒരു വാര്‍ണിങ്ങ് ലുക്കും കൊടുത്തു ഞാന്‍... ആഹാ അവളത്രക്കായോ...??

"ഒരു പണിക്കും ആളെ കിട്ടാനില്ല.. വീട്ടില്‍ തടിമിടുക്കുള്ള രണ്ടാണുങ്ങള്‍ ഉണ്ടെങ്കില്‍ എന്തിനാ വേറെ പണിക്കാര്‍.. അല്ലെ..??" വാപ്പാടെ ചോദ്യം...
ഇതു വെറും പണിയായിരിക്കില്ല.. ഒരൊന്നൊന്നര പണി തന്നെ.. സംഭവത്തിന്റെ പോക്ക് ഏകദേശം മനസ്സിലായി തുടങ്ങി.. ഒന്നും മിണ്ടാതെ ജഡ്ജിയുടെ മുന്നില്‍ വിധി കാത്തു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരെ പോലെ നിന്ന മുഖത്തു മാക്സിമം ദയനീയത വരുത്തി വാപ്പാനെ നോക്കി..
"നീയെന്താടാ രാവിലെ കക്കൂസില്‍ പോയില്ലെ...??" ശ്ശേ... നശിപ്പിച്ചു. 
വാപ്പാടെ ചോദ്യം കേട്ടപ്പോള്‍ അഭിനയം ഇച്ചിരി ഓവറായി എന്നു മനസ്സിലായി...
"ആ.. രണ്ടാളും കൂടി എന്തെങ്കിലും കഴിച്ചിട്ട് പെട്ടെന്നു പടിഞാമ്പുറത്തീക്ക് വാ.. ഒരു പണിയുണ്ട്.. വരുമ്പോ ഓരൊ ബകറ്റും എടുത്തൊ.."
"ഓ...ശെരി..!!"

ഞങ്ങളു രണ്ടാളും ബകറ്റും എടുത്തു പടിഞാറെ പറമ്പില്‍ എത്തിയപ്പോള്‍ അപ്പുറത്ത് അമ്മായീടെ വീട്ടിലെ തൊഴുത്തിന്റെ പിന്നില്‍ ഒരാള്‍ക്കൂട്ടം..
വാപ്പ, ഉമ്മ, മാമ, അമ്മായി, ഇക്കാക്കമാര്‍, അമ്മായിയുടെ ചെറുമക്കള്‍.. എല്ലാരും ഉണ്ട്.. 
പശു പെറ്റോ അതോ ചത്തൊ.. സാധാരണ ഇങ്ങനെ രണ്ടിലൊന്നു സംഭവിക്കുംബോഴാണ് തൊഴുത്തിനടുത്ത് ഇമ്മാതിരി ആള്‍ക്കൂട്ടം കാണുക.. നേരെ അങ്ങോട്ടേക്കോടി...
അവിടെത്തിയപ്പോഴൊ.. പേറുമില്ല ചാവുമില്ല.. ആകെ കൂടി നിറഞു കവിഞു പുറത്തേക്കൊഴുകി തുടങിയ നാറുന്ന ചാണകക്കുഴി.. അതും നോക്കി നില്‍കുന്ന ആളുകള്‍... ചാണകക്കുഴി നോക്കി ഇത്രമാത്രം ആസ്വധിക്കാന്‍ എന്താണാവോ ഉള്ളത് എന്നറിയാന്‍ ഞങളു രണ്ടാളും തിക്കി തിരക്കി മുന്നിലേക്കെത്തി...

"ആഹ.. വന്നല്ലോ രണ്ടാളും.. മക്കളു ചാണകത്തിന്റെ ഭംഗി ആസ്വധിച്ചു നിക്കാതെ വന്ന പണി ചെയ്യാന്‍ നോക്കിക്കോ.."
അതിനു പണിയെവിടെ എന്നുള്ള അര്‍ത്ഥത്തില്‍ വാപ്പാനെ നോക്കി...
"നോക്കി നില്‍ക്കാതെ രണ്ടു പേരും കൂടി ആ ചാണകമെല്ലാം കോരി മൂന്നു ബകറ്റ് ചാണകം വീതം നമ്മുടെ പറമ്പിലെ എല്ലാ തെങ്ങിന്റെ തടത്തിലും ഇട്ടോ.."
"ഇത്രെം വല്യ ചതി ഞങ്ങളോടു വേണോ.. ദേഷ്യമുണ്ടെങ്കില്‍ തല്ലി തീര്‍ത്തൂടെ വാപ്പാ.. ഞങ്ങളെ തല്ലാനുള്ള എല്ലാ അധിക്കാരവും അവകാശവും ഞങ്ങളു വാപ്പാക്ക് തന്നിട്ടില്ലെ....??"
വന്ന ചോദ്യം മന്‍സ്സില്‍ അടക്കി പിടിച്ചു ഇത്തവണ ശെരിക്കും ദയനീയമായി വാപ്പാടെ മുഖത്തേക്കു നോക്കി..ചാണകക്കുഴി ആണെങ്കില്‍ അമ്മായിയിടെ മൂന്നു പശുക്കള്‍ക്കും വയറു നിറച്ചും തൂറി നിറക്കാന്‍ ഒന്നര ആള്‍ ആഴത്തിലാണ് പണിതിട്ടുള്ളത്.. ഇതു മുഴുവന്‍ കോരി കഴിയുമ്പോഴേക്കും ഊപ്പാട് വന്നതു തന്നെ..
"നാണക്കേടൊന്നും വിചാരിക്കെണ്ട സ്വന്തം പറമ്പല്ലെ.. തുടങ്ങിക്കൊ.. പണ്ടെന്റെ വാപ്പയും എന്നൊകൊണ്ട് കൊറേ കോരിപ്പിച്ചിട്ടുള്ളതാടാ.. അന്നേ ഞാന്‍ നെയ്യത്ത് ചെയ്തതാ എനിക്കും മക്കളുണ്ടാകും എന്ന് .!!"
എന്നാ പിന്നെ ഇതു വാപ്പാക്കു തന്നെ ഇതായിക്കൂടെ...? ഞങ്ങളെ ബുദ്ധി മുട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടോ അല്ലെ..? അതു ചെയ്യില്ല.. അങ്ങാടിയില്‍ തോറ്റതിനു അമ്മേടെ നെഞ്ചത്ത് എന്നു പറഞ പോലെ വാപ്പാടെ വാപ്പാനോടുള്ള പ്രതികാരും സ്വന്തം മക്കളോടേ....
എങ്കില്‍ അതൊന്നു കണ്ടിട്ടു തന്നെ കാര്യം.. രണ്ടും കല്പിച്ചു മുണ്ടും മടക്കി കുത്തി ബക്കറ്റെടുത്ത് ചാണകം കോരല്‍ മഹാമഹം ഐശ്വര്യമായിട്ട് ആരംഭിച്ചു...

രണ്ടു ചുള്ളന്മാര്‍ ചാണകം കോരുന്ന കാഴ്ച കാണാന്‍ അയല്‍ക്കാരെല്ലാം വന്നു മതിലിനു മുകളിലൂടെ എത്തി നോക്കാന്‍ തുടങ്ങി... ഇതെല്ലാം കണ്ടപ്പോള്‍ ഞങ്ങളുടെ ആമ്പിയറും മയിലേജും കുറഞു. ഇതെല്ലാം സഹിക്കാം.. പക്ഷെ.. ഇതിനെക്കാല്‍ ദയനീയവും ഏകദേശം രണ്ട് വര്‍ഷത്തോളം നാട്ടുകാര്‍ക്ക് ഞങ്ങളെ പറഞു ചിരിക്കാനുമുള്ള വകയുണ്ടാക്കി കൊടുത്തത് അമ്മായിയുടെ കൊച്ചു മോന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആഷിക്കായിരുന്നു.. ഞങ്ങളു മുങ്ങും എന്നു ഉറപ്പുള്ളത് കൊണ്ട് വാപ്പ ആഷിക്കിനു ക്വൊട്ടേഷന്‍ കൊടുത്തു..

"ആച്ചീ.. ഇക്കാമാരു ഇതു മുഴുവനും കോരി തീര്‍ക്കുന്നത് വരെ ഇവിടെ തന്നെ നിന്നോണം കേട്ടൊ.. മാമ തിരിച്ചു വരുംബോള്‍ മിട്ടായി വാങ്ങിച്ചു വരാം.."
മിഠായി എന്നു കേട്ടപ്പോള്‍ ആച്ചിക്കു സന്തോഷമായി.. വാപ്പാടെ ബാക്കി ഡയലോഗ് ഞങ്ങളോടായിരുന്നു..
"ഞാനൊന്നു പുറത്തു പോയിട്ടു വരാം.. അപ്പോഴേക്കും ഇതു തീര്‍ത്തേക്കണം കേട്ടൊ.. പിന്നെ ഇതിലു നാണിക്കാനൊന്നും ഇല്ല.. ഈ കോരുന്നതെല്ലാം നിങ്ങള്‍ക്കു തന്നെ തിന്നാനുള്ളതാ... അതു മറക്കെണ്ട..!!"

കുറെ നേരം കാഴ്ച കണ്ടു കൊണ്ടിരുന്ന ആളുകളു പിരിഞു.. ഉല്‍സവം കഴിഞ അമ്പല പറമ്പു പോലെ ആയി.. ഞങ്ങളു രണ്ടും ചാണകം കോരുന്നു ആഷിക്ക് മണ്ണിലിരുന്നു മച്ചിങ്ങയും ഓലയും പ്ലാവിന്റെ ഇലയുമെല്ലാം വെച്ചു വീടുണ്ടാക്കി കളിക്കുന്നു... അപ്പോഴാണ് ഞങ്ങളു ചാണകം കോരുന്നത് കണ്ട് കൊണ്ട് വടക്കേലെ ഇത്താത്ത വന്നതു.. പുള്ളികാരിയാണെങ്കില്‍ നാട്ടിലെ ന്യൂസ് ചാനലുകളേക്കാളും വേഗത്തില്‍ എങ്ങനെ ന്യൂസെത്തിക്കാം എന്ന വിഷയത്തില്‍ റിസെര്‍ച്ച് ചെയ്ത് പി എച്ച്ഡി എടുക്കാന്‍ കഠിന പരിശ്രമം നടത്തുന്ന ബഹു കേമി..!
കണ്ട പാടെ പുള്ളിക്കാരി തലയില്‍ കൈ വെച്ചു  "എന്റെ ബദ്രീങ്ങളെ... എന്താണീ കാണുന്നത്... മക്കളെകൊണ്ടാരാണീ പണി ചെയ്യിപ്പിക്കുന്നത്..??" എന്നും ചോദിച്ചു തലയില്‍ വെച്ച കയ്യെടുത്ത് താടിക്കു ഫിറ്റ് ചെയ്ത്  മയ്യത്തു കണ്ട പോലെ ഒരു നിപ്പ്.. പിറകെ വന്നു ആച്ചിയുടെ ആറ്റം ബോംമ്പ്

"ഇത്താ അറിഞില്ലെ..?? ഞങ്ങടെ വീട്ടിലെ പശു തൂറണതും മുള്ളണതും മുഴുവന്‍ ബൈജുക്കാക്കും അനസിക്കാക്കും തിന്നാനുള്ളതാ..!!!" 
പിന്നത്തെ കാര്യം പറയെണ്ടല്ലോ.. ഞങ്ങളു ചത്തു...!!
©fayaz

June 3, 2009

For Ever

Hey,
I am worried...
You are watching me going on
You all I have left
And that scares me

We are together in our dreams
You are there and I am here
I know the circumstances
I just want to be together
It’s not one day anymore
But it’s today

Why don’t you come back to me?
I won’t ask you what happened...
I know what you thinking
Because you are just like me...
Whenever you Need to...
I will be here for you
for ever and ever...

©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com