July 28, 2013

ദി ചൈനീസ് റിവെഞ്ച് - രണ്ടാം ഭാഗം

എന്റെ നേരെ കൊലപാതക ശ്രമമുണ്ടായതിന്റെ പിറ്റെ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍ ജോണിക്കെന്നെ നോക്കാനൊരു വൈക്ളബ്യം. ഞാന്‍ മുഖവും കനപ്പിച്ച് നേരെ അവന്റടുത്തിട്ടിട്ടുള്ളാ എന്റെ സ്ഥിരം സീറ്റില്‍ പോയിരുന്നു. ന്നാലും ലവന്റെ ചമ്മിയ മോന്ത കണ്ടപ്പോ എനിക്കൊരു വെഷമം. പാവങ്ങളല്ലെ, വല്ലപ്പോഴും സൂപ്പും, ന്യൂഡില്‍സും തന്നവരല്ലെ, ഇനി മിണ്ടാണ്ടിരുന്നിട്ട് കുട്ടുന്നതും കൂടി കളയെണ്ടാ എന്നു ഞാന്‍ തീരുമാനിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് വെയ്റ്റിടലൊക്കെ നിര്‍ത്തി വെച്ച് ജോണിയും ജോയും ഇരിക്കുന്ന ടേബിളില്‍ പോയിരുന്നു. എന്നെ കണ്ടപ്പോള്‍ രണ്ടു പേരും ആദ്യം ഒന്നു മുഖത്തോട് മുഖം നോക്കി. പിന്നെ ഒരു വളിച്ച ചിരിയും. 

"പയാസ്.. സോറി. ഇന്നലെ പയാസ് പോയതിനു ശേഷം ഞങ്ങള്‍ കുറേ നേരം അതിനെ കുറിച്ച് സംസാരിച്ചു. അതൊന്നും ഇനി മനസ്സില്‍ വെക്കരുത്."

പയാസെന്നുള്ള വിളി കേട്ടപ്പോള്‍ മുന്നിലിരിക്കുന്ന പ്ളേറ്റെടുത്ത് രണ്ടിന്റേം തലമണ്ടക്കടിച്ച് പൊട്ടിക്കാനാണെനിക്കു തോന്നിയത്. പിന്നെ ചുറ്റുപാടുമിരിക്കുന്ന ഏകദേശം അമ്പതില്‍ കൂടുതല്‍ ചൈനക്കാരെല്ലാം കൂടി എന്നെയെടുത്തിട്ട് കുങ്ങ്ഫൂ കളിച്ചാലുള്ള എന്റെ അവസ്ഥ ആലോചിച്ചപ്പോള്‍ സം‌യമനം പാലിക്കുന്നതാണ് ബുദ്ധി എന്നു ഞാന്‍ എന്നെ തന്നെ ഉപദേശിച്ചു സമാധാനിപ്പിച്ചു. അപ്പൊ പതുക്കെ പ്ളേറ്റ് മാറ്റി.

"ഉം.. ഇറ്റ്സ് ആള്‍ റൈറ്റ്.. സാരമില്ല.."
" അതല്ല ഞങ്ങളോട് ദേഷ്യമൊന്നും തോന്നരുത്.."
പടച്ചോനേ.. ഇന്നലെ വരെ എന്നെ കൊല്ലാന്‍ നടന്ന പെണ്ണാണോ ഈ പറയുന്നത്..? അവളുടെ കുഞ്ഞികണ്ണുകളില്‍ അല്പം ആത്മാര്‍ത്ഥതയുടെ മിന്നലാട്ടം കണ്ടപ്പോ എന്റെ മനസ്സും അലിഞ്ഞു.

"ഹേയ് സാരമില്ല ജോ.. എനിക്കു ദേഷ്യമൊന്നുമില്ല.. ആന്റ് ഐ ലൈക്ക് യൂ...!!"

ഇതു കേട്ടതോടേ ജോണി കൈ ചുരുട്ടി ടേബിളില്‍ ആഞ്ഞിടിച്ചു ചാടിയെഴുന്നേറ്റ. രണ്ടിന്റെയും മുഖം ഇടിവെട്ടു കൊണ്ട പോലിരിക്കുന്നു. എന്നെ കലിച്ചു നോക്കിയിട്ട് അപ്പൊ തന്നെ രണ്ടും കൂടെ കഴിച്ചു കൊണ്ടീരുന്നിരുന്ന പ്ളേറ്റ് എടുത്ത് വേറേ ടേബിളില്‍ പോയിരുന്നു. ചുറ്റുപാടുമിരുന്ന് കഴിച്ചു കൊണ്ടിരുന്നവരെല്ലാം ഞെട്ടി ഞങ്ങളെ നോക്കുന്നു.
ശ്ശെടാ.. ഇതെന്തു പുലിവാലാണാവോ. ഇവനെന്താ വല്ല കൃമി കടിയുമുണ്ടോ ആവോ. ആഹ്.. എന്തെങ്കിലുമാകട്ടേന്നു മനസ്സില്‍ പറഞ്ഞ് ഞാനെന്റെ പണിയിലേക്ക് ശ്രദ്ധ ചെലുത്തി.

പിറ്റേ ദിവസം പതിവു പോലെ തന്നെ കാണുന്നവര്‍ക്കെല്ലാം നല്ലസ്സലു ചിരിയും ഗുഡ് മോണിങ്ങുമെല്ലാം വാരിക്കോരി കൊടുത്തിട്ടും കണ്ടാല്‍ ചിരിച്ചിരുന്ന ചൈനക്കാരുപോലും മുഖത്തേക്ക് നോക്കുന്നില്ല. എന്നെ കാണുമ്പോള്‍ എല്ലാവന്റേയും മുഖം എലി പാഷാണം കണ്ട പോലെ.
ക്ളാസില്‍ കേറിയിരുന്നു.. സെക്കന്റ് ഹവറായപ്പോള്‍ ക്ലാസിലെ ഇന്റര്‍കോമിലൊരു കാള്‍. ഫയാസ് അബ്ദുള്‍റഹ്മാന്‍ ഉടന്‍ തന്നെ ആപ്പീസിലേക്കെത്തെണമെന്നായിരുന്നു നിര്‍ദ്ദേശം. ശെരി.. ഇനിയതിന്റെ ഒരു കുറവും കൂടെ വേണ്ട. നേരെ ആപ്പീസിലേക്ക് കയറി ചെന്നപ്പോള്‍ ഓഫീസ് അഡിമിനിസ്ട്രേറ്ററുണ്ട്, പ്രിന്‍സിപ്പാളുണ്ട്, പിന്നെ ഫുഡ് പ്രൊഡക്ഷന്‍ പഠിപ്പിക്കുന്ന ചൈനക്കാരന്‍ ഷെഫുണ്ട്, നമ്മുടേ ജോണിയും പെണ്ണും.

എന്തൊക്കെയോ എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നെനിക്കു മനസ്സിലായി.
"ഫയാസ് ഇവരോട് അപമര്യാദയായി പെരുമാറിയെന്നും മോശമായി സംസാരിച്ചുവെന്നും ഒരു കമ്പ്ലെയിന്റ് ഉണ്ടല്ലോ. എന്താണ് സംഭവം..?"
പ്രിന്‍സിപ്പാളിന്റെ ചോദ്യം കേട്ട പാടെ ഞാന്‍ വാ പൊളിച്ചു.. ഇതെന്തു പണ്ടാരം.. ഇവരാണു എന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടിപ്പൊ എല്ലാം നേരേ തിരിഞ്ഞു എന്റെ പെടലിക്കിട്ടു വെക്കാന്‍ നോക്കുവാണോ..

"അള്ളാണേ സാറെ.. ഞാനൊന്നും ചെയ്തിട്ടില്ല.. ഇവനു റ്റ്യൂഷനെടുത്തൂന്നുള്ളത് നേരാ.. പക്ഷെ അതൊരു തെറ്റാണെന്ന് ഒരു രാജ്യത്തും ആരും പ്രഖ്യാപിച്ചിട്ടുമില്ല.. ഉണ്ടോ..??"
"അതല്ല.. "
"പിന്നെന്താ..?? ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ അടുത്ത് പോയിരുന്നതാണോ..??"
അതിനു മറുപടി കിട്ടിയില്ല.. പകരം ചൈനീസ് സാറിന്റെ വക ഒരെണ്ണാം..
"നീയിവന്റെ പെണ്ണിനോട് ഐ ലൈക്ക് യൂ.. എന്നു പറഞ്ഞോ..??"
"ഉവ്വ.. പറഞ്ഞു.. അതിലെന്താ പ്രശ്നം.. ഐ ലവ് യൂ എന്നൊന്നുമല്ലല്ലൊ പറഞ്ഞത്..?"
"ഓഹോ.. നീയതു പറഞ്ഞൂന്നു കൂളായിട്ട് സമ്മതിച്ചല്ലോ.. എനിട്ട് ന്യായീകരിക്കാനും നില്‍ക്കുന്നോ..? ഞാനിപ്പൊ നിന്റെ ഫാദറിനെ വിളിക്കും.. എന്നിട്ട് വിവരങ്ങള്‍ പറയും.."
ഇതു കൊള്ളാം.. ഇവരുടേ വര്‍ത്താനം കേട്ടിട്ട് ഞാനേതാണ്ടാ പെണ്ണിനെ ഗര്‍ഭമാക്കിയ പോലെയാണെനിക്കു തോന്നിയത്.. ഇനിയീ ചൈനാക്കാരോട് ഐ ലൈക്ക് യൂ പറഞ്ഞാല്‍ ഗര്‍ഭമെങ്ങാനും..?? ച്ചേയ്.. അതിനൊന്നും ചാന്‍സില്ല..

"ഫാദറെ വിളിക്കുന്നതൊക്കെ അവിടെ നിക്കട്ടെ.. ഞാന്‍ ചെയ്ത തെറ്റെന്താണെന്നു പറ..?"
"നീ ഐ ലൈക്ക് യൂ എന്നു പറഞ്ഞത് തന്നെയാണ് പ്രശനം.. അതും കല്യാണം ഉറപിച്ച ഒരു പെണ്ണിനോട് പറഞ്ഞത് ഒന്നാമത്തെ തെറ്റ്. അതു അറിഞ്ഞിട്ടും നീ പറഞ്ഞത് ഒരിക്കലും ആക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല.."
ഈ തെണ്ടിക്ക് കിച്ചണില്‍ ഒരു പണിയും ഇല്ലേ..?? വെറുതെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പരിപാടി ഇവിടെയും വന്ന് പ്രയോഗിക്കേണ്ട കാര്യമെന്താണാവോ..

"പിന്നെ നീ അവളെ കെട്ടാന്‍ പോണ ചെക്കന്റെ മുന്നില്‍ വെച്ചു തന്നെ പറയാന്‍ നിനക്കെന്തു ധൈര്യം വേണം..?"
"ന്റെ പൊന്നു സാറേ.. ഇപ്പഴും അതിലെന്താണു കുഴപ്പം എന്നു എനിക്കൊരു പിടുത്തവും കിട്ടുന്നില്ല.. ഐ ലൈക്ക് യൂ എന്നേ ഞാന്‍ പറഞ്ഞിട്ടൊള്ളൂ.. അല്ലാതെ ഐ ലവ് യൂ എന്നു ഞാന്‍ പറഞ്ഞിട്ടില്ല.. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല..."
"അതു തന്നെയാ കാര്യം.. ഐ ലവ് യൂ എന്നു പറഞ്ഞാല്‍ അതൊരു പ്രശ്നവും ഇല്ല.. പക്ഷെ ഐ ലൈക്ക് യൂ എന്നു ഒരു പെണ്ണിനോട് പറയുന്നത് ചൈനക്കാര്‍ക്ക് വേറെ രീതിയിലാണ് തോന്നുക..."

"ആഹാ.. അങ്ങനെ മലയാളത്തില്‍ പറ സാറേ..!! ഞങ്ങള്‍ടെ നാട്ടില്‍ കാര്യങ്ങളു നേരെ മറിച്ചാണ് കല്യാണം ഉറപ്പിച്ചതായാലും അല്ലെങ്കിലും ഏതെങ്കിലും അന്യ സ്ത്രീകളോട് അറിയാതെ പോലും ഒരു ഐ ലവ് യൂ പറഞ്ഞാല്‍ പിന്നെ വായിലെ പല്ലു കാണില്ല.. തണ്ടും തടിയുമുള്ള ആങ്ങളമാരോ സ്വന്തക്കാരോ ഉള്ളവരാണേങ്കില്‍ പറയേം വേണ്ട..!! പക്ഷെ ഐ ലൈക്ക് യൂ ആണ് ഞങ്ങളുടെ നാട്ടില്‍ ഒരു പെണ്ണിനോട് ഡീസന്റായിട്ടു പറയാന്‍ പറ്റിയ കാര്യം.."

അവസാനം എന്റെ കൂടേ വന്ന ബാക്കി മൂന്നു ഇന്ത്യക്കാരേയും വിളിച്ച് വിശദമായ അന്വേഷണങ്ങളുമെല്ലാം നടത്തി ഞാന്‍ തെറ്റുകാരനല്ലെന്ന് വിധി വന്നു..
ഗുണ പാഠം : ഏതു ചൈനാക്കാരെ കണ്ടാലും ധൈര്യമായിട്ട് ഐ ലവ് യൂ പറയാം.. പക്ഷെ ഐ ലൈക്ക് യൂ എന്നെങ്ങാനും പറഞ്ഞാല്‍.. വെവെരമറിയും..!

3 comments:

“പയാസെ” കൊള്ളാം!!

ധൈര്യായിട്ട് - I like it !!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com