March 21, 2009

ആ ദിവസം

"വര്‍ഷം പത്തിരുപതായി തുടങ്ങീട്ട് .. എന്നാണാവോ എന്‍റെ ഈ ഗതികേട് മാറുന്നത്.. ഒരു പണിക്കാരിയെ നോക്കീട്ടാണെങ്കില്‍ ഒരെണ്ണത്തിനു പോലും നിക്കാന്‍ വയ്യ..!!"
അടുക്കളയില്‍ നിന്നും അമ്മയുടെ ഉച്ചത്തിലുള്ള പതിവ് പരാതികള്‍ കേട്ട് തുടങ്ങി

"എങ്ങനെ ജീവിച്ചതാ.. ഒറ്റ മോളാണ് വീട്ടില്‍ ഒരു കുറവും ഇല്ലാതെ വളര്‍ന്നതാ.. ഇപ്പൊ കണ്ടില്ലേ.. ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍.. എല്ലാത്തിനും ഭാഗ്യം വേണം.."
സിറ്റൌട്ടില്‍ ഉച്ചത്തില്‍ വാതിലടയുന്ന ശബ്ദം.. അച്ചനിറങ്ങി.. ഇനി ഉച്ചയൂണിനു നോക്കിയാല്‍ മതി. അപ്പോഴേക്കും അമ്മയുടെ ചൂടൊക്കെ ഇറങ്ങി അന്തരീക്ഷം ശാന്തമായിട്ടുണ്ടാകും..

"എടീ മീനൂ.. നിനക്കെന്താ അവിടെ പണി..? ആ അടുപ്പിലെ തീയൊന്നു വന്നു നോക്കിക്കൂടെ..
എല്ലാത്തിനും എന്‍റെ കൈ തന്നെ ചെല്ലണം എന്ന് പറഞ്ഞാല്‍ എങ്ങിനാ..??"

"according to crowther, bank is a place which collects money from those who have to spare it and.... " അപ്പോ തന്നെ ഉച്ചത്തില്‍ മീനുവിന്റെ വായന തുടങ്ങി..

"ഓ അവള്‍ടെ ഒടുക്കത്തെ പുസ്തകം വായന തുടങ്ങി.. എന്തെങ്കിലും പണി പറഞ്ഞാല്‍ അപ്പൊ തുടങ്ങിക്കൊള്ളും. പഠിച്ചു മജിസ്ട്രേറ്റ് ആകാനല്ലേ.. ബാക്കിയുള്ളവര് പണിയെടുത്ത് നടുവോടിഞ്ഞാലും വന്നിരിക്കുമ്പോള്‍ മുന്നില്‍ പാത്രത്തില്‍ വെളമ്പി വെച്ചാല്‍ മതിയല്ലോ...
ഈ പണ്ടാര പൂച്ചക്കാണെന്കില് എത്ര തിന്നാലും മതിയാകില്ല പിന്നേ വരും കട്ട് തിന്നാന്‍..
പോ പൂച്ചേ.. " 
അറ്ത്ിന്റ്കെ തൊട്ടു പിറകെ തന്നെ പൂച്ചയുടെ ദയനീയമായ കരച്ചിലും മതിലില്‍ ഏതോ സ്റ്റീല്‍ പാത്രം ചെന്ന് പതിക്കുന്ന ശബ്ദവും.. പാവം പൂച്ച..

"എടീ മീനൂ.. ഞാനങ്ങോട്ടു വരണോ അതോ നീ ഇങ്ങോട്ട് വരുന്നോ..??"
അമ്മയുടെ ഭീഷണി തുടങ്ങി..
"I've midterms next week mammaa...."

മീനുവിന്റെ വജ്രായുധം പുറത്തെടുത്തു അവള്‍.. ഇംഗ്ലീഷ് പറഞ്ഞാല്‍ പിന്നെ കുറച്ചു സമയത്തേക്ക് അമ്മ മിണ്ടില്ല. മീനു പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണോ അതോ
തിരിച്ചു ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറ്റാത്തത് കൊണ്ടാണോ. അതുമല്ലെങ്കില്‍ മകളുടെ ഇംഗ്ലീഷ് കേട്ടു അഭിമാനം കൊണ്ടിട്ടാണോ എന്നറിയില്ല. അമ്മ നിശബ്ധയാകും..

"ഡാ അച്ചൂ.. നീ ആ ഉമ്മര്‍ക്കാടെ കടയില്‍ പോയി രണ്ടു പച്ച മാങ്ങ വാങ്ങിച്ചോണ്ട് വാടാ.. മീന്‍ വേടിച്ച്ചതിന്റെ ബാക്കി പൈസ ഇല്ലേ കയ്യില്‍..??"

ഈ അമ്മേനെ കൊണ്ടു തോറ്റു.. എത്ര പറഞ്ഞാലും അച്ചൂ എന്നുള്ള വിളി നിര്‍ത്തില്ല.. നല്ല സ്റ്റയിലായിട്ടുവിളിക്കാന്‍ പറ്റുന്ന അടിപൊളി ഒരു പേരുണ്ടല്ലോ.. അവര് തന്നെ ഇട്ടതല്ലേ..?? എത്ര പറഞ്ഞാലും അനീഷ്ന്നു വളിക്കില്ല. ഒന്നും മിണ്ടാതെ അയയില്‍ കിടന്നിരുന്ന ടി ഷര്‍ട്ട്‌ വലിച്ചുകയറ്റി പുറത്തിറങ്ങി...

തിരിച്ചു വന്നപ്പോള്‍ ആകെ ഒരു നിശബ്ദത.. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച കാര്‍ഗില്‍ പോലെ ആയല്ലോ വീട്. അടുക്കളയിലെ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു കൊട്ട മുഖവും വീര്‍പ്പിച്ചു കയറ്റി വെച്ചു മീനു മീന്‍ മുറിക്കുന്നു. വെറുതെയല്ല ഇവിടെ യുദ്ധം തീര്‍ന്നത്. ഇത്തരം കാഴ്ചയെല്ലാം ഇപ്പോഴും കാണാന്‍ കിട്ടുന്നതല്ല. അവസരം പാഴാക്കാതെ മൊബയില്‍ എടുത്തു മീനുവിനെ ഫോക്കസ് ചെയ്തു..

"മീനൂ.." ക്ലിക്ക്
"മമ്മീ.. " ക്യാമറയുടെ ഫ്ലാഷിനോപ്പം മീനുവിന്റെ അലര്‍ച്ചയും മുഴങ്ങി..ഹി ഹി ഹി... ഒരു കൊടാക് നിമിഷം. മീനുവിന്റെ വളിച്ച മുഖം എന്‍റെ മൊബയില് സ്ക്രീനിനെ അലങ്കരിച്ചു...
പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ അവിടുന്ന് ഓടി സ്ഥലം കാലിയാക്കി..
അവള്‍ക്കു ദേഷ്യം വന്നു കഴിഞ്ഞാല്‍ പിന്നെ സാക്ഷാല്‍ ഭദ്രകാളി പോലും അടുത്തേക്ക് ചെല്ലാന്‍ മടിക്കും. കയ്യിലിരിക്കുന്നത്‌ എന്തായാലും അതെടുത്ത് മുഖത്തടിക്കും അവള്‍..
ഇപ്പോഴാണെങ്കില്‍ കത്തിയാണ് കയ്യില്‍.. അത് വെച്ചു ഒരു വീശു വീശിയാല്‍ പിന്നെ എത്ര ഫെയര്‍ ആന്‍ഡ് ലൌലി തേച്ചാലും രക്ഷയുണ്ടാകില്ല. നേരെ മുകളിലോട്ട് വെച്ചു പിടിച്ചു.. റൂമില്‍ കയറി കതകടച്ചു..

മീനു മീനുമായിട്ടു ഗുസ്തിയിലാണ്.. അമ്മയാണെങ്കില്‍ തുണിയലക്കാനുള്ള തയ്യാറെടുപ്പിലും..
അച്ചനെ ഇപ്പോഴൊന്നും നോക്കേണ്ട.. ഞാന്‍ ജനാല അടച്ചു കുറ്റിയിട്ടു. കര്‍ട്ടന്‍ നീക്കി കുറച്ചു കൂടി പ്രൈവസി കൂട്ടി. വാതിലിന്റെ അടിയിലെ ഗാപ്പില്‍ അലക്കാനിട്ടിരുന്ന ലുങ്കി തിരുകി വെച്ചു...
മേശ വലിപ്പ് തുറന്നു അതിന്റെ ഉള്ളില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന തീപ്പെട്ടിയും സിഗരെറ്റുമെടുത്ത് നേരെ ബാത്ത് റൂമിലേക്ക്‌ കയറി വാതിലടച്ചു കുറ്റിയിട്ടു എക്സോസ്റ്റ് ഫാന്‍ ഓണ്‍ ചെയ്തു.. ക്ലോസറ്റില്‍ ഇരുന്നു വിശാലമായി പുക ആസ്വദിച്ചു ഊതി വിടാന്‍ തുടങ്ങി...
രണ്ടോ മൂന്നോ പുകയെടുത്തു കാണും
"ഡാ ആച്ചൂ വാതില്‍ തുറന്നെ.. നീയ്ന്താ വാതിലടച്ചിരുന്ന് അവിടെ പരിപാടി..??"

കൂടെ വാതിലില്‍ തട്ടും കേട്ടു തുടങ്ങി.. ഇന്നെന്താണാവോ അമ്മ പതിവില്ലാതെ മുകളിലേക്ക് കയറി വന്നത്.. എന്തെങ്കിലും അത്യാവശ്യമില്ലാതെ അമ്മ മുകളിലേക്ക് വരാറില്ല.. വാതില്‍ തുറക്കാനും വയ്യ തുറക്കതിരിക്കാനും വയ്യ എന്നുള്ള അവസ്ഥയിലായി.. വാതിലില്‍ ഇടിയുടെ ശബ്ദം കൂടാന്‍ തുടങ്ങി.. അതിനേക്കാള്‍ ഉച്ചത്തില്‍ എന്റെ നെഞ്ഞും ഇടിക്കാന്‍ തുടങ്ങി.. എന്താ ചെയ്യാ..
എന്തും വരട്ടെ എന്ന് കരുതി കത്തി കൊണ്ടിരുന്ന സിഗരെറ്റ്‌ കുത്തി കെടുത്തി ജനാലയിലൂടെ പുറത്തേക്കു എറിഞ്ഞു. പുറത്തിറങ്ങി ബാത്ത് റൂമിന്റെ വാതില്‍ ഭദ്രമായി അടച്ചു പോയി ബെഡ്റൂമിന്റെ വാതില്‍ തുറന്നു.. അമ്മ ഒന്നും മിണ്ടാതെ തിരക്കിട്ട് അകത്തേക്ക് കടന്നു ബാത്ത് റൂമിന്റെ നേരെ നടന്നു. എനിക്കാകെ അങ്കലാപ്പ്.. എന്ത് ചെയ്യും.. അമ്മ അറിഞ്ഞോ?
ഒന്നുകില്‍ ഇന്ന് മുതല്‍ വീടിനു പുറത്തായി. അല്ലെങ്കില്‍ അടുത്താഴ്ച എന്നെ പതിനാരടിയന്തിരം. ഞാന്‍ ഉറപ്പിച്ചു..

"ബക്കറ്റിന്റെ പിടിയൊടിയാന്‍് കണ്ട ഒരു സമയം.. "
നടക്കുന്നതിനിടയില്‍ അമ്മയുടെ പിറു പിറുപ്പ്..
"നിന്റെ ബക്കറ്റ് ഞാന്‍ എടുകുന്നുണ്ട്.. ഇന്ന് തന്നെ പോയി പുതിയ ഒരു ബക്കറ്റ് മേടിക്കാന്‍ മറക്കേണ്ട കേട്ടോ.. ?"
ഞാന്‍ മൂളി.. ബാത് റൂമില്‍ നിന്നും ബക്കറ്റ് എടുത്ത് പുറത്തു വന്ന അമ്മ ഒരു നിമിഷം അവിടെ നിന്നു. വീണ്ടും അകത്തേക്ക് കയറി.. അവിടെയും ഇവിടെയും നോക്കി പുറത്ത് വന്നു..
എന്നിട്ട് ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്കു പോയി..

ഹാവൂ സമാധാനമായി.. അമ്മക്ക് മനസ്സിലായില്ല. ആശ്വാസത്തൊടു കൂടി എയര്‍ ഫ്രെഷ്നെര്‍് എടുത്തു റൂമിലാകെ ഒന്ന് അടിച്ചു. സ്റ്റീരിയൊ ഓണ്‍ ചെയ്തു നേരെ ബെഡിലൊട്ടു വീണു കണ്ണുകള്‍ അടച്ചു. പെട്ടെന്നു പാട്ടു നിന്നപ്പൊ എന്താണെന്ന്റിയാന്‍ കണ്ണ് തുറന്ന ഞാന്‍ ഞെട്ടിപ്പോയി.. തൊട്ടു മുന്നില്‍ അമ്മ എന്നെയും നോക്കി കൊണ്ട് നില്‍ക്കുന്നു..

"എന്താമ്മേ.."
ഞാന്‍ എണീറ്റ് കട്ടിലില്‍ ചാരി  ഇരുന്നു..

"എന്താടാ എനിക്കെന്റെ മോന്റെ റൂമില്‍ വരാന്‍ പാടില്ലേ??" എന്നും പറഞ്ഞു അമ്മ ബെഡില്‍ എന്റെ അടുത്തിരുന്നു എന്റെ മുഖത്തേക്ക് നോക്കി. ആകെ ഒരു നിശബ്ദത. ഞാന്‍ ഒന്നും ചോദിച്ചില്ല.. അമ്മയാണെങ്കില്‍ ഒന്നും മിണ്ടാതെ എന്നെയും നോക്കി കൊണ്ടിരിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ നിശബ്ദദക്ക് വിരാമമിട്ടു കൊണ്ട് അമ്മയുടെ ചോദ്യം വന്നു..

"നിന്റെ എന്നാ കഴിയാ..?? അടുത്ത മാസം എക്സാം അല്ലെ. എന്താ ??"
പിന്നെ ചോദ്യം ഒന്നും ഇല്ല..
"നിന്റെ മീശക്കെല്ലാം കട്ടി കൂടി തുടങ്ങിയല്ലോടാ.. " എന്ന് പറഞ്ഞു എന്റെ മുഖത്ത് തലോടി അമ്മ..
ഞാന്‍ പതുക്കെ അമ്മയുടെ കൈ എന്റെ മുഖത്ത് നിന്നും എടുത്തു മാറ്റി. എന്തൊക്കെയോ ചോദിക്കാന്‍ വെമ്പി നില്‍ക്കുന്ന അമ്മയുടെ കണ്ണുകളിലേക്കു അതികം നേരം നോക്കിയിരിക്കാന്‍ എനിക്കായില്ല.. എന്റെ കണ്ണുകള്‍ മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിനെ ആശ്രയിച്ചു..
എനിക്കാക പ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി..

"എന്ത് പറ്റി അമ്മെ.. സുഖമില്ലേ,,,??"
"സുഖക്കുറ്വു ഒന്നുമില്ല ഇല്ല.. സുഖവും സൗകര്യങ്ങളും കൂടിയിട്ടാണിപ്പോ എല്ലാവര്‍ക്കും പ്രശ്നം..!!" അമ്മ എനിക്കിട്ടൊന്നു താങ്ങിയതാണോ..?

വീണ്ടും നിശബ്ദത.. എനിക്ക് പേടിയാണോ സന്കടമാണോ എന്നറിയാന്‍ വയ്യാത്ത ഒരു അവസ്ത
അമ്മയുടെ സ്ഥിതിയും നേരെ മറിച്ചല്ല എന്നെനിക്കു തോന്നി...

"നീ താഴോട്ടു വാ.. ഇവിടെ ഇങ്ങനെ കിടക്കേണ്ട.. ഞാന്‍ ഊണു വിളമ്പി വെക്കാം ..!"

അമ്മ പുറത്തേക്കു നടന്നു. വാതിലിന്റെ അടുത്ത് എത്തിയപ്പോള്‍ തിരിഞ്ഞു നിന്നും വീണ്ടും എന്നെ നോക്കി. "ഒന്ന് ചോദിക്കമ്മെ.. രണ്ടു വഴക്ക് പറ.." ഞാന്‍ മനസ്സില് പറഞ്ഞു അമ്മയുടെ വഴക്ക് കേള്‍ക്കാന്‍  തയ്യാറെടുത്തു. അമ്മ ഒന്നും മിണ്ടാതെ ഒരു ദീര്‍ഖ നിശ്വാസത്തൊടു കൂടി തിരിഞ്ഞു നടന്നു വാതിലടച്ച്ച്ചു.. കരയണോ വേണ്ടയോ...

തീരുമാനം ആകുന്നതിനു മുന്‍പ് തന്നെ വാതില്‍ വീണ്ടും തുറന്നു അമ്മയുടെ തല അകത്തേക്ക് വന്നു..
"ഡാ സിഗരറ്റ് വലിച്ചാലെ കാന്‍സര്‍ വരും.. പിന്നെ അച്ഛനറിഞ്ഞാല്‍ ഇതൊന്നും ഇഷ്ടപ്പെടില്ല കേട്ടോ..!!"


ഒന്നും പറയാനാകാതെ അമ്മയുടെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരുന്നു.. കാഴ്ച മങ്ങി മങ്ങി വരുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.. ഒന്നും കാണാനാകാതായപ്പൊള്‍് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു... കവിളിലൂടെ നേര്‍ത്ത ചൂട് ചാലിട്ടു അരിച്ചരിച്ചിറങ്ങി. അത് തുള്ളി തുള്ളിയായി എന്റെ കൈകളില്‍ വന്നു പതിക്കുമ്പോഴും അകന്നു പോകുന്ന അമ്മയുടെ കാലൊച്ചകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു....
©fayaz

6 comments:

Nannayitundu quite different from ur usual style of writing ..but good in both ways ..Best wishes ..

valare manoharam...starting nalla rasam. ending very touchable... so great work....keep it uo

swantham story ano payaskka?? neways u have the talent.. Keep it up :)

adyam as usual athra eshtam ayyilla but avasanam its interesting ayyi kollam eshtapettu

phayas ithu kettittu swantham story aanennaa thonunnathu ..valare nannayittundu kttoo..pinne marakanda ..cancer varum kttoo..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com