May 12, 2009

എനിക്കും കിട്ടി

പതിവില്ലാതെ ഇന്ന് രാവിലെ  ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു  മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു..  ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!!

ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.. ഉമ്മ പത്തിരി ഉണ്ടാക്കാനുള്ള പൊടി വാട്ടുന്ന തിരക്കിലാണെന്നു തോന്നുന്നു.. ശബ്ദമുണ്ടാക്കാതെ പതുക്കെ തിരിഞു. ഞാന്‍ വന്നതു എങ്ങനെ അറിഞു ആവോ.. തിരിഞു പോലും നോക്കാതെ ഉമ്മാടെ ചോദ്യം വന്നു.. 
"അള്ളാ.. ഇന്നെന്താ കിയാമത്ത് നാളാണോ(ലോകാവസാന ദിവസം).. ഉമ്മാടെ കടിഞൂല്‍ പൊട്ടനിതെന്തു പറ്റി..??" 
"ഇന്നു മുതല്‍ നേരത്തെ എണീറ്റു ഉമ്മാനെ സഹായിക്കാന്നു കരുതി.. എത്ര നാളെന്നു വെച്ചിട്ടാ ഈ അടുക്കളയില്‍ എന്റുമ്മ ഒറ്റക്കു പണിയെടുക്കുന്നത്..?? ആലോചിച്ചിട്ടു സഹിക്കാന്‍ പറ്റണില്ലെന്റുമ്മോ.." ചുമ്മാ ഒരു നമ്പരിറക്കി...
"ആണോ എങ്കില്‍ പൊന്നാര മോനിങ്ങോട്ടു വാ.. ഐശ്വര്യമായിട്ടീ പൊടി കുഴച്ചു തുടന്ങിക്കോ.."  ഉമ്മ അടുപ്പത്തു നിന്നിറക്കിയ വാട്ടിയ അരിപ്പൊടി ഒരു ചെരുവത്തിലേക്ക് ഇട്ടു. പടച്ചോനേ.. പണിയായല്ലോ..
"ശ്ശെടാ.. ഇരു തമാശ പറയാനും പറ്റില്ലേ..?? ഈയുമ്മാടെ ഒരു കാര്യം.. അപ്പോഴേക്കും അതു സീരിയെസ്സായിട്ടെടുത്തോ...??"
അതും പറഞു മുങ്ങാന്‍ നോക്കിയപ്പോഴെക്കും ഉമ്മ എന്റെ ചെവിയില്‍ പിടുത്തമിട്ടു..
"അവന്റെ ഒരു തമാശ.. പൊടി കൊഴക്കെടാ... അതു കഴിഞിട്ടു വേണം മുറ്റമടിക്കാന്‍..."
"അള്ളാ...അതും ഞാന്‍ ചെയ്യണോ..?? എന്താ ഉമ്മ പറയണെ.. പ്രായ പൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ മുറ്റമടിക്കുകയോ..??"
"എന്തായാലും എന്നെ സഹായിക്കാന്‍ വന്നതല്ലെ.. സഹായിപ്പിച്ചിട്ടെ നിന്നെ ഞാന്‍ വിടൂ.."

ഏതു തെണ്ടിയാണാാവോ പൊടി കുഴച്ചു പത്തിരി ചുടുന്ന പരിപാടി കണ്ടു പിടിച്ചത്. അവനെ തന്നെ മനസ്സിൽ ധ്യാനിച്ച് തുടന്ങാം.. ആവി പറക്കുന്ന പൊടി കണ്ടിട്ട് മിക്കവാറും എന്റെ മനോഹരമായ വിരലുകൾക്ക് നല്ല പണി കിട്ടും.
" ചൂടു പോകുന്നതിനു മുന്‍പു മര്യാദക്കു കൊഴക്കെട.. അല്ലെങ്കില്‍ പത്തിരി ചപ്പാത്തി പോലെ ആകും.. പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നത് ഞാന്‍ തന്നെ കേള്‍ക്കണം.. ഉണ്ടാക്കി തരികയും വേണാം വാപ്പാടേം മക്കള്‍ടേം വായിലിരിക്കുന്നത് കേള്‍ക്കേം വേണം.."

ഉമ്മ പറയാന്‍ തുടങ്ങിയാല്‍ പിന്നെ സാംബശിവന്‍ കഥാ പ്രസംഗം തുടങ്ങിയ പോലെ ആണ്‍.. ചരിത്രം മുഴുവനും പറയും.. മിനിമം ഒരു മണിക്കൂറു പിന്നെ കണ്ണും ചെവിടും ഉണ്ടാകില്ല.. അതിനേക്കാള്‍ നല്ലതു തിളച്ച വെള്ളം തന്നെ... ഒന്നും നോക്കാതെ അടുപ്പത്തു നിന്നുമിറക്കിയ പൊടിയില്‍ കയ്യിട്ടു... അന്നാണു മനസ്സിലായതു ഈ പത്തിരിയേം കുറ്റം പറഞ്ഞു വെട്ടി വിഴുന്ങുന്നതിന്റെ പിന്നിൽ ഇത്രയും വേദനാജനകമായ ഒരു കുഴക്കൽ പ്രക്രിയ കൂടിയുണ്ടെന്ന്
"നീയിന്നത്തെ പത്രം കണ്ടോ" എന്നും ചോദിച്ച് വാപ്പ അടുക്കളയിലേക്കു വന്നു... ഞാനും ഉമ്മയും ഒരുമിച്ചു പറുപടി കൊടുത്തു..
"ഇല്ലാ..!!"
എന്നെ അടുക്കളയില്‍ കണ്ടപ്പോള്‍ വാപ്പ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പട്ടാളക്കാരനെ പോലെ വായും പൊളിച്ച്  അന്തിച്ചു നിന്നു..  മലമടിയനായ മൂത്ത പുത്രൻ നിന്ന് പൊടി കുഴക്കുന്നു.. അതും അതിരാവിലെ..!! 
"അല്ല എന്താ സംഭവം...??" വാപ്പാടെ ചോദ്യം....
മൂക്കിൽ പഞ്ഞി പോലും വെക്കാതെ ഇന്നത്തെ പത്രത്തിനെ ഞാന്‍ പൊട്ടക്കിണറ്റില്‍ കബറടക്കിയ കാര്യമറിയാതെ ചുമ്മാ നിന്ന് കളിയാക്കുവാ.. ഹും കളിയാക്കിക്കോ.  ഇന്നു പത്രം വായിക്കുന്നത് എനിക്കൊന്നു കാണണം.. ഒന്നും മിണ്ടാതെ ഉള്ള ദേഷ്യം മുഴുവനും പൊടിയില്‍ തീര്‍ത്തു... 

അപ്പോഴെക്കും പുന്നാര പെന്ങൾ ഉറക്കത്തില്‍ നിന്നെണീറ്റു തലയും ചൊറിഞു കൊണ്ട് വന്നു വാപ്പാനെ കെട്ടി പിടിച്ചു നിന്നു.. വന്ന പാടെ അവളുടെ ഒടുക്കത്തെ ഒരു ചോദ്യവും...
"ഇക്കാടെ റിസല്‍ട്ട് അറിഞോ..??"
ചില നേരത്തെ ഇവൾടെ ചോദ്യന്ങളു കേൾക്കുമ്പോൾ എനിക്കു നിർത്താതെ പണി തരാൻ വേണ്ടി മാത്രമാണോ ഉമ്മ ഇവളേ പെറ്റതെന്നു തോന്നും
 "എന്തു റിസല്‍ട്ട്..പോയി പല്ലു തേച്ചിട്ടു വാടീ പിശാശെ..!!" 
"ആ.... പറഞ പോലെ ഇന്നു പ്രീ ഡിഗ്രീ റിസള്‍ട്ട് വരുമെന്നു ഇന്നലെ ന്യൂസില്‍ പറഞല്ലോ.. ഇന്നത്തെ പത്രവും കാണുന്നില്ല..." വാപ്പാടെ കമന്റും പിന്നാലെ വന്നു...
ഉം.. ഉവ്വെട മക്കളേ.. പത്രം ഇന്നു വന്നതു തന്നെ കാത്തിരുന്നോ.. 
"നിന്റെ കാര്യം എങനെ.. ഇന്നു നിനക്കു പനി പിടിക്കുമോ..??" വീണ്ടും വാപ്പാടെ ചോദ്യം..
"ഇത്രേം കൊഴച്ചാ മത്യാ..." ആ ചോദ്യം ശ്രദ്ധിക്കാത്ത പോലെ ഞാന്‍ ഉമ്മായോടു ചോദിച്ചു..
അതിനുള്ള മറൂപടി പെങ്ങളാണു തന്നത്.... "പോരാ പോരാ... ഇനീം കൊഴക്കണം.. നല്ല പതം വരട്ടെ... ശെരിക്കും കൊഴക്കെടാ മടിയാ.." 
"ആഹ്... നിനക്കുള്ളത് ഞാന്‍ ഇതു കഴിഞിട്ടു തരാട്ടാ.. അവിടെ തന്നെ നിക്ക്..."
"ടാ രണ്ടും കൂടി രാവിലെ തന്നെ തല്ലു പിടുത്തം തൊടങ്ങാതെ... ടീ നീ മിണ്ടാതിരുന്നെ.. എന്റെ മൂത്ത മോന്‍ ആദ്യായിട്ടു ഉമ്മാനെ സഹായിക്കാന്‍ വന്നതാ.. നീ അതു കൂടി ഇല്ലാതാക്കല്ലെ... ചെന്നു വാപ്പാക്കു ചായയെടുത്ത് കൊടുക്ക്..."
അപ്പോഴെക്കും ഞാന്‍ പത്രം നോക്കട്ടെ എന്നും പറഞു വാപ്പ അപ്പുറത്തേക്കും പോയി....

കുറച്ച് കഴിഞ്ഞപ്പോൾ പോയ പോയ പോലെ തന്നെ വാപ്പ തിരിച്ചു വന്നു
"മോളെ... നീ പടിഞാറേല്‍ പോയിട്ടു മനോരമ മേടിച്ചോണ്ട് വന്നെ.. റിസല്‍ട്ട് നോക്കീട്ടു ഇപ്പോ തന്നെ തിരിച്ചു കൊടുക്കാന്നു പറ. ഇന്നിനി സുകു വരുംന്നു തോന്നുന്നില്ല."
ഇതു കേട്ടതോടു കൂടി എന്റെ കമ്പ്ലീറ്റ് വോൾടേജും പോയി. അതു വരെ എന്റെ കൈകൾക്കുള്ളിൽ കിടന്ന് ഞെരിഞ്ഞ് പിരിഞ്ഞ് ശ്വാസം മുട്ടിയിരുന്ന പൊടി ആ താലത്തിൽ കിടന്ന് " നീയെന്താടാ എന്നെ ഇക്കിളിയാക്കുന്നോന്നും" ചോദിച്ച് എന്നെ പരിഹസിച്ചു തുടന്ങി .. പരിസര ബോധമില്ലാതെ അതും ഇതും ചോദിക്കുന്ന ഒരു പെങ്ങളെ കൊണ്ട് എന്നെ പോലുള്ള പാവം ആങ്ങളമാരുടെ ഒരു കഷ്ടപ്പാടെ...
"ഇക്കാ നമ്പരു പറ.. ഞാന്‍ നോക്കാം.." ഇവളു റോകറ്റിന്റെ മൂട്ടിലു തീ പിടിച്ച പോലെയാണല്ലോ പോയി പേപ്പറെടുത്തു കൊണ്ടു വന്നത്...
"നീ അങ്ങനിപ്പോ സുഖിക്കെണ്ടാട്ടാ... ഞാന്‍ നോക്കിക്കൊള്ളാം..  പത്തിരി ഉണ്ടാക്കി കഴിഞിട്ടു നോക്കാം. അതവിടെ വെച്ചോ....!!"
"പൊന്നു മോന്‍ പോയ് കൈ കഴുകീട്ടു വന്നോ.. ബാക്കി ഞാന്‍ കൊഴച്ചോളാം... ഓടി ചെല്ല്.." ഉമ്മാക്കും റിസല്‍റ്റ് അറിയാനുള്ള തിടുക്കം

കൈ കഴുകുമ്പോള്‍  എങ്ങനെ ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ആലോചനയിലായിരുന്നുഞാൻ .  ബാക്കിയുള്ളവരുടെ കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ കുരുട്ടി ബുദ്ധി വരുന്ന എന്റെ തലക്കാണെങ്കില്‍ സ്വൊന്തം കാര്യം വരുമ്പോള്‍ ഒരിക്കലും ക്ലച്ചു പിടിക്കാറില്ല.. ഇന്നും അതു പോലെ തന്നെ സംഭവിച്ചു...
ഞാന്‍ വന്നു പേപ്പര്‍ എടുത്തു നിവര്‍ത്തി. മുൻ പേജിൽ തന്നെ റാങ്ക് വാങ്ങിച്ച പൊട്ടന്മാരെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. അവർക്കു നേരെ അല്പം പുഛം വാരി വിതറി നേരെ അഞ്ചാമത്തെ പേജ് തുറന്നു...
"ശോ.. പേപ്പറെടുത്തു നോക്കിയാല്‍ കമ്പ്ലീറ്റ് ആത്മഹത്യകളാണല്ലോ.. കണ്ടില്ലേ.. സ്കൂള്‍ വിദ്ധ്യാര്‍ത്തി വിഷം കുടിച്ചു മരിച്ച നിലയില്‍.."
മുന്‍ കൂര്‍ ജാമ്യമായി അല്പം ഉറക്കെ തന്നെ ആണു ഞാന്‍ അതു വായിച്ചത്... എല്ലാവരും കേള്‍ക്കട്ടെ... ആരും അതു മൈൻഡ് ചെയ്യുന്നില്ലാന്നു കണ്ടപ്പോൾ അടുത്ത നമ്പരിട്ടു.
"ഇതിലു റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ...നാളെ വരുവായിരിക്കും.."
"ഇല്ല വാപ്പാ... മൂന്നാമത്തെ പേജിലുണ്ട്.. ഞാന്‍ കണ്ടതാ..."പെങ്ങളുടെ വക അടുത്ത ബോംബ്...
എനിക്കാകെ അങ്ങു പെരുത്തു കയറി...
"എങ്കില്‍ ദാ നീ തന്നെ അങ്ങട്ടു നോക്കിക്കോ.. ഞാന്‍ പോണു...എനിക്കു നംബരൊന്നും ഓര്‍മയില്ല.. അതൊക്കെ ഇനി നോക്കി എടുത്തിട്ടു വേണം.."

വാപ്പ ഒന്നും മിണ്ടാതെ അടുക്കളയില്‍ കസേരയിലിരുന്ന് ചായ ഊതി കുടിക്കുകയാണ്‍.. മൂപ്പര്‍ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി എന്നു തോന്നുന്നു.... അവസാനം വാപ്പ തന്നെ രക്ഷക്കെത്തി..
"എന്നാ നീ പോയി നംബരെടുത്തിട്ടു വാ.. " കേട്ടതു പാതി കേള്‍ക്കാത്തതു പാതി.. ഞാന്‍ അവിടൂന്നു മുങ്ങി.. പിന്നെ പൊങ്ങിയത് മാമാടെ വീട്ടിലായിരുന്നു...
"അതേ എന്നെ ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഞാന്‍ ഇവിടെ വന്നിട്ടുമില്ല മാമി എന്നെ കണ്ടിട്ടുമില്ല കേട്ടല്ലോ.!! മാമിയോട് ഇതും പറഞു ഞാന്‍ നേരേ തട്ടിന്‍ പുറത്തേക്ക് കയ്യറി...
ഏകദേശം ഒരു പതിനൊന്നു മണിയായപ്പോള്‍ അമ്മായി വന്നു വിളിച്ചു...
"ടാ നിനക്കു ഒരു പാടു ഫോണ്‍ വന്നല്ലോ.. ഇപ്പൊ തന്നെ വാപ്പ വിളിച്ചു പറഞു നീ വരുവാണെങ്കില്‍ പെട്ടെന്നു വീട്ടിലേക്കു ചെല്ലാന്‍... നിന്റെ റിസല്‍ട്ട് അറിഞു നീ പാസ്സായി എന്നും പറയാന്‍ പറഞു...."
മാമിയുടെ മുഖത്ത് ഭയങ്കര സന്തോഷം.. ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു... പടച്ചോനെ.. ഞാനീ കേട്ടത് സത്യം തന്നെ ആണോ... അതോ സ്വപ്നത്തിലാണോ..?
"എന്താ എന്താ.. പാസ്സായീന്നോ.. ഞാനോ...??"
"ഇതിനു നീയെന്തിനാ ചാടുന്നത്...? പരീക്ഷ പാസ്സാകുന്നത് അത്ര വല്യ കാര്യമാണോ..??"
"ആ..ഇപ്രാവശ്യം പരീക്ഷ പാസ്സാകുന്നത് വെല്യ കാര്യം തന്നാ... ശെരിക്കും പറ മാമീ.. ഞാന്‍ പാസ്സായി എന്നു തന്നെയാണോ പറഞത്...??"
"ആ.. പിന്നെ നിന്നോട് പെട്ടെന്നു തന്നെ വീട്ടിലോട്ടു ചെല്ലാന്‍ പറഞു... വൈകുന്നേരം റിസല്‍ട്ടിന്റെ ചെലവു എത്തിച്ചില്ലെങ്കില്‍ പിന്നെ ഈ വഴിക്ക് കണ്ടു പോകരുത് കേട്ടല്ലോ..??"

ഇതന്തൂട്ട് ഹലാക്കാണാവോ// .. രാവിലെ മുതല്‍ കമ്പ്ലീറ്റ് ഫൗള്‍ ആണല്ലോ .. ഫിസിക്സ് പരീക്ഷ എഴുതാത്ത ഞാന്‍ എങ്ങനെ പാസ്സായീന്നു തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. യൂണിവേര്‍സിറ്റിയുടെ കാര്യമല്ലെ..പറയാന്‍ പറ്റില്ല.. എന്തായാലും തല്‍ക്കാലത്തേക്കു ഒരു പിടി വള്ളി കിട്ടിയ സമാധാനത്തില്‍ ഞാന്‍ സൈക്കിള്‍ ആഞു ചവിട്ടി... വീട്ടിലെത്തിയപ്പോള്‍ ഭയങ്കര ഒരുക്കങ്ങള്‍.. ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു... ആര്‍ക്കും ഒന്നും പറയാന്‍ സമയമില്ല.. എല്ലാ കസിന്‍സും വീട്ടിലെത്തിയിട്ടുണ്ട്... വാപ്പ കടയിലേക്കു പോയിരിക്കുകയാണെന്നു തോന്നുന്നു..
ഉച്ചക്കു എല്ലാവരും കൂടിയിരുന്നു ബിരിയാണിയെല്ലാം കഴിച്ചു പായസം കുടിച്ചു സിറ്റൗട്ടില്‍ വട്ടം കൂടി അന്താക്ഷരി തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ  ഞാന്‍ ഒരു മൂലക്കിരുന്നു വീണ്ടൂം ആലോചന തുടങ്ങി..
"ഇക്കാ വാപ്പ വിളീക്കുന്നു.." പെങ്ങളു വന്നു പറഞപ്പോള്‍ നേരെ വാപ്പാടെ റൂമിലേക്കു നടന്നു.. വാപ്പയും ഉമ്മയും ബെഡിലിരിക്കുന്നു.. പെങ്ങളാണെങ്കില്‍ എന്തോ തിരയുന്ന മാതിരി അവിടെ ചുറ്റി പറ്റി നില്‍ക്കുന്നു..

"എന്താ ഇനിയത്തെ പരിപാടി..??"
"നാളെ കോളെജില്‍ പോയി റിസല്‍റ്റ് മേടിക്കണം അതു തന്നെ.."
"അതു മേടിച്ചിട്ടു കാര്യമൊന്നുമില്ലെന്നു നിനക്കു തന്നെ അറിഞൂടെ...?? പരിക്ഷക്കു ജയവും തോല്‍ വിയും എല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.." വാപ്പാടെ സംസാരം കേട്ടപ്പോള്‍ പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല..
"നിന്റെ ചുറ്റിക്കളി കണ്ടപ്പൊ തന്നെ എനിക്കു മനസ്സിലായി എന്തോ കുഴപ്പമുന്ണ്ടെന്നു.. ഞാന്‍ നിന്റെ രാമചന്ദ്രന്‍ സാറിനെ.. പുള്ളിക്കാരന്‍ ആണു പറഞത് നീ ഒരു പരീക്ഷ എഴുതീട്ടില്ല എന്നു... ഇതു നിനക്കു ആദ്യമെ പറഞൂടായിരുന്നോ..??"
ശ്ശോ.. ഇതാണു കാർന്നോന്മാരുടെ കൂട്ടുകാര്‍ നമ്മളെ പഠിപ്പിക്കാന്‍ വന്നാലുള്ള കുഴപ്പം..
"നീ ജെയിച്ചാല്‍ ഒരു ബിരിയാണി വെക്കണം എന്നു ഞാന്‍ നിന്റുമ്മാനോടു പറഞിരുന്നു... ഇനീപ്പൊ നീ പരീക്ഷ ജെയിച്ചിട്ടു എന്നാണാവൊ ബിരിയാണി കഴിക്കാന്‍ പറ്റുക എന്നറിയില്ലല്ലൊ.. ഇതോടു കൂടി പരിപാടി നിര്‍ത്തുന്നോ അതോ തോറ്റ പേപ്പര്‍ എഴുതിയെടുക്കുന്നോ...??"
ഒന്നും മിണ്ടാതെ താഴോട്ടും നോക്കി നിന്നു...
കുറച്ചു കഴിഞപ്പോള്‍ മുഖത്തു നോക്കാതെ മറുപടി കൊടുത്തു...
"കൊടുങ്ങല്ലൂര്‍ ഒരു നല്ല ട്യൂഷന്‍ സെന്ററുണ്ട് അവിടെ പോയാലോന്നു ആലോചിക്കുവാ.."
"അങ്ങനെയാണെങ്കില്‍ നീയിനി മുതല്‍ ബസ്സില്‍ പോണ്ടാ... ഒരു ബൈക്ക് മേടിക്കാം.. ബൈക്കില്‍ പോയാല്‍ മതി.. അല്ലെങ്കില്‍ കാറു മതിയോ..??"
ഇതും കൂടി കേട്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടി.. ഉമ്മാടെ കണ്ണു തള്ളി.. പെങ്ങള്‍ടെ കയ്യിലിരുന്ന പായസം താഴെ വീണു...
ഇതെന്താ...?? പരീക്ഷക്കു തോറ്റതിനു ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു.. അതും പോരാതെ ലോകത്തൊരു മക്കള്‍ക്കും കിട്ടാത്ത ഒരു ഓഫറും... ഇതു സ്വപ്നം തന്നെ.. അല്ലെങ്കില്‍ എല്ലാര്‍ക്കും വട്ടായിട്ടുണ്ട്...ഞാന്‍ വിശ്വാസം വരാത്ത രീതിയില്‍ വാപ്പാടെയും ഉമ്മാടെയും മുഖത്തേക്ക് മാറി മാറി നോക്കി...

വാപ്പ തുടര്‍ന്നു...
"നീയീ തിന്നു ചീര്‍ത്ത തടിയും വെച്ചു ബസ്സില്‍ കേറാതിരുന്നാല്‍ ആ സ്ഥലത്തു മിനിമം രണ്ട് പേര്‍ക്കു സുഖായിട്ടു യാത്ര ചെയ്യാം.. അതു വല്ല പാവപ്പെട്ട വീട്ടിലെ പിള്ളേരാണെങ്കില്‍ അവരെങ്കിലും പോയി പഠിച്ചു നന്നാകട്ടെ..!!"

6 comments:

അനോണീമസ് മച്ചാ.. നന്ദി.. ആ പേരു വെച്ചിട്ടു പൊയ്ക്കൂടെ...??

Meenakshi : താങ്ക്യൂ താങ്ക്യൂ.. :)

ithu polathe vaappaye kittan bhagyam venam :)

Hi Fayaz

Great Boss!
Lovely posts in nice language!
Regards
Santhosh Nair

sathyamaayittum?? kollallo videon! kashtappettu padichavarkku cycle polum kitteettilla

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com