May 29, 2014

കാള കെടക്കും കയറോടും

"എന്റിക്കാ.. ചായക്കു നേരം വൈക്യാ ഇന്നെ പറയണ്ടാട്ടാ.. പറഞ്ഞില്ലാന്നു വേണ്ട.." പടച്ചോനേ.. ഒരു ചായ തരാന്‍ പറഞ്ഞതിനു ഇവളെന്തിനാ ഇങ്ങനെ പുക്കാറക്കണത്..? പുതച്ചിരുന്ന പുതപ്പു വലിച്ചെറിഞ്ഞ് കട്ടിലിന്റെ മൂലയിലെവിടെയോ ചുരുണ്ടു കൂടി കെടന്നിരുന്ന ലുങ്കി തപ്പിയെടുത്ത് അരയില്‍ കെട്ടി നേരെ അടുക്കളയിലേക്കു പാഞ്ഞു..
"ന്താ സൂറാ.. ന്താപ്പോ അന്റെ പുത്യേ പ്രശ്നം?"
"എത്ര നാളായി പറയുന്നു ആ ഫ്ലാസ്ക് ഒന്നു ശെര്യാക്കിക്കാന്‍.. പിന്നെ അയ്നെ പറ്റി ഒരു ചിന്തേമില്ല.."
അതിരാവിലെ തന്നെ മന്‍ഷ്യനെ ഇങ്ങനെ ബേജാറക്കല്ലേട്ടാ ന്റെ പടച്ചോനേ... കണ്ണടച്ചൊരു നിമിഷം പ്രാര്‍ത്ഥിച്ച് മാക്സിമം മയം വരുത്തി
"ഹിതു കൊള്ളാം.. ജ്ജെന്താണ്ടീ അങ്ങനെ പറേണേ.. അനക്കറിയൂലെ ഇന്റെ ബിസി?"
"ഉവ്വ ഒലക്കേടെ മൂട്.. ന്നെ കൊണ്ടോന്നു പറയിപ്പിക്കേണ്ടാട്ടാ മന്‍ഷ്യാ.. ഇക്കറ്യാ ഇങ്ങക്കൊരു ബിസീമില്ല കുന്തോമില്ലാന്ന്.."
ശ്ശെടാ.. ഇതൊരു നടക്കു പോകൂന്നു തോന്നണില്ലല്ല.. ഇവളിന്നും ഒടക്കു മൂഡിലു തന്നെ.. ന്നാലും കണ്ട്റോളു കളഞ്ഞില്ല
"ന്താപ്പോന്റെ പ്രശ്നം ന്റെ കരളേ.. ഇജ്ജ് പറ.. മ്മക്ക് വഴീണ്ടാക്കാം.."
അപ്പഴേക്കും കാര്‍മേഘം തങ്ങി നിന്നിരുന്ന സൂറാന്റെ കണ്ണീന്ന് രണ്ടൂ തുള്ളി അടര്‍ന്നു വീണു പൊട്ടി..
"ഇക്ക ആപ്പീസും കഴിഞ്ഞു വന്നു തെരക്കിലു ഒരു ചായ ചോയ്ച്ചാ ഞാനെവ്ടുന്ന് എട്ത്ത് തരും..? ഇങ്ങക്കാണേങ്കില്‍ വന്നപാടേ ചായേം കിട്ടണം.. ന്നാ കാത്തിരിക്കാനൊട്ടു പറ്റൂമില്ല.. വരണ സമയം വിളിച്ച് പറയാന്‍ പറഞ്ഞാ അതും ചെയ്യൂലാ... ഞാനെന്താ ചെയ്യാ...?"
"ആഹ് മതി.. ബലാലേ.. ഞാന്‍ വരുമ്പോ അനക്ക് സീരിയലു നിര്‍ത്താന്‍ പറ്റൂലാന്നു പറഞ്ഞാ പോരേടീ.. ന്താപ്പോ അന്റെ ഫ്ലാസ്കിനു പ്രശ്നം..?"
"അതീന്നു ചൂട് വെള്ളം കിട്ടണില്ല.. അതന്നെ..!!"
"ശെരി.. ഇപ്പ തന്നെ ഞാനതാ ബംഗാളീടെ കടേ കൊട്ത്ത് നന്നാക്കിക്കാട്ടാ..ന്റെ കരളിനി ഇക്കാക് ചായ തരാന്‍ പറ്റാണ്ട് വെചമിക്കെണ്ടാട്ടാ.."
താടി പിടിച്ചു കൊഞ്ചിക്കാന്‍ ചെന്ന ജബ്ബാറിന്റെ കൈ തട്ടി മാറ്റി ഒരു പിച്ചും കൊടുത്തു സൂറ.. "അയ്യട.. വെശ്മിക്കാന്‍ കണ്ട ഒരു സാമാനം.. ഇക്കും പെട്ടെന്നു ചായ കുടിക്യാന്‍ തോന്ന്യാ കുടീക്കാനാ.. അല്ലാണ്ടുങ്ങളോട് സ്നേഹണ്ടായിട്ടാണെന്നാരാ പറഞ്ഞേ..?"
അന്നു വൈകീട്ടു ജോലി കഴിഞ്ഞു വന്ന പാടെ തന്നെ ബംഗാളിക്കു ഇരുപത്തഞ്ച് റിയാലും കൊടുത്ത് നന്നാക്കിയ ഫ്ലാസ്കു വാങ്ങി തെളിവിനായി അവന്‍ നിറച്ച് വെച്ച ചൂടു വെള്ളത്തോടു കൂടെ തന്നെ വീട്ടിലെത്തി സൂറാന്റെ പൊന്നോമന കയ്യിലേക്ക് വ്ച്ചു കൊടുത്തു..
"ഇതീലിപ്പൊ ചൂടു വെള്ളണ്ടോന്നു നോക്കിയേ നീ.. പിന്നെ അതു മുഴുവനും എട്ക്കണ്ടാ.. രണ്ടു മൂന്നു മണിക്കൂറ് കഴിഞ്ഞിട്ടും ചൂടുണ്ടോന്നു നോക്കാം.. ഇരുപത്തഞ്ച് റിയാലാ അവന്‍ വാങ്ങിച്ചേ.. പത്തു റിയാലും കൂടെ കൊട്ത്താ പുത്യേ ഫ്ലാസ്കൊരെണ്ണം വാങായിരുന്നു.. ഹും.."
പിറ്റേന്നു രാവിലെയെണീറ്റ് റൂമീന്നു പുറത്തേക്ക് വന്ന പാടെ തന്നെ ജബ്ബാറെന്തോ ഒരു പ്രശ്നം മണത്തു..
ഒരു നിമിഷം, സൂറാക്ക് സേതുരാമയ്യരുടെ ബാധ കേറിയോന്നൊന്നു സംശയിച്ചു.. സി ബി ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി നടക്കുന്ന പോലെ കയ്യും പിന്നില്‍ കെട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സൂറ..
"ജ്ജെന്താടീ നേരം വെള്‍ത്തപ്പ തന്നെ മരപ്പട്ടീനെ കൂട്ടിലിട്ട പോലെ മുറീക്കെടന്ന് പായണത്..?"
"ഇന്നും ഫ്ലാസ്കീന്നു ചൂടു വെള്ളം കിട്ടണില്ല മന്‍ഷ്യാ.."
ഏതു നായിന്റെ മോനാണാവോ ബാക്കിയുള്ളോന്റെ ആപ്പീസു പൂട്ടിക്കാനായിട്ടു ഈ ഫ്ലാസ്ക് കണ്ടു പിടിച്ചത്.. ആഹ് എന്തെങ്കിലുമാകട്ടേന്നു വെച്ച് ഒന്നും മിണ്ടാതെ സെറ്റിയിലിരുന്നു ടിവി റിമോട്ട് ഞെക്കി..
"ഇരുപത്ത്ഞ്ചുര്‍പ്യ കളഞ്ഞപ്പ സമാധാനമയല്ലോ അല്ലേ...? ഇങ്ങടെ ഒരു ബംഗാളീം തക്കാളീം.. ഇക്ക് പെരുത്ത് കേറണുണ്ട്ട്ടാ മന്‍ഷ്യാ.."
ജബ്ബാറീന്റെ വിരലിന്നടിയില്‍ അമര്‍ന്നിരുന്ന റിമോട്ടിന്റെ ബട്ടന്‍ ശ്വാസം മുട്ടി പിടക്കാന്‍ തുടങ്ങി.. അതിന്റെ പ്രതിഫലനമെന്നോടം ടിവിയില്‍ ചാനലുകള്‍ നിര്‍ത്താതെ മാറി മറിഞ്ഞു.. അവസാനം അതു 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍' എന്ന പാട്ടിലു വന്നു നിന്നതു കൊണ്ടാണോ എന്നറിയില്ല.. ജബ്ബാറ് ശാന്തനായി.. കണ്ണടച്ച് ശ്വാസം വെലിച്ചു വിട്ടു..
"ന്റെ പൊന്നു സൂറാ.. ജ്ജൊന്ന് ക്ഷമിക്ക്.. അതു ഞാന്‍ തന്നെ ശെര്യാക്കാന്‍ പറ്റൊന്നു നോക്കാം.. നേരം വെളുത്തിട്ടല്ലേ ഒള്ളു.. ഇക്കൊന്ന് കണ്ണ് തെളിയാനുള്ള സമയം താ ന്റെ മുത്തേ.."
"അല്ലെങ്കിലും അതങ്ങനെ തന്നേയേ വരൂ.. പണ്ടാരോ പറഞ്ഞ പോലെ.. 'കാള കെടക്കും കയറോടൂം..' അല്ല പിന്നെ.."
ഡിം...!! ജബ്ബാറൊന്നു ഞെട്ടി.. ഉറക്കം തൂങ്ങിയ കണ്ണുകള്‍ രണ്ടും വെളിയിലേക്കു ചാടാന്‍ വെമ്പി.. ഇവളെന്തൂട്ട് കുന്തത്തിനാ ഈ നേരോം കാലോമില്ലാത്ത നേരത്ത് കടം കഥ പറയാന്‍ നിക്കണേ..
"ന്റുമ്മാ..തെന്തൂട്ടാണ്ടീ...??"
"ന്താ ഇങ്ങളു ഞെട്ട്യാ..? ഇങ്ങക്കു മാത്രല്ലാ.. ഇക്കും പറ്റും പഴമൊഴിയൊക്കെ പറയാന്‍.."
"ഏഹ്.. പഴമൊഴിയോ...? അല്ല സൂറാ, ഈ പഴമൊഴീ ഫ്ലാസ്കും തമിലെന്താ ബന്ധം?"
"ആ.... ബന്ധോം കുന്തോമൊന്നു ഇങ്ങളു നോക്കെണ്ടാ.. ഇക്കും കൊതീണ്ടാവൂലെ ഇങ്ങനൊക്കെ പറയാന്‍.. ന്തെങ്കിലും പറയണ്ടേന്നു വെച്ചു പറഞ്ഞതാ.. ഇങ്ങക്കിഷ്ടള്ള ബന്ധം ഇണ്ടാക്കിക്കോ..."
ഇതു പഴമൊഴിയല്ലെന്നും കടം കഥയാണെന്നും എന്റടുത്ത് പറഞ്ഞ പോലെ ഇമ്മാതിരി പൊട്ടത്തരങ്ങള്‍ വേറാര്‍ടടുത്തും പറയല്ലെ സൂറാന്നു പറയാന്‍ പോയതാ.. പക്ഷെ, ജീവിതത്തിലാദ്യമയി പഴമൊഴി പറഞ്ഞ് ഇക്കാനെ ഞെട്ടിച്ച സന്തോഷത്തില്‍ പൂത്തിരി കത്തിച്ച മുഖവുമായി നിക്കുന്ന സൂറാനെ കണ്ടപ്പോള്‍ പാവത്തിന്റെ മനസ്സു തകര്‍ക്കെണ്ട എന്നു തീരുമാനിച്ചു.
"ന്നാ പിന്നെ ഇയ്യൊരു കാര്യം ചെയ്യ്.. വേഗം തന്നെ ആ അടുപ്പ് കത്തിച്ച് ഇച്ചിരി വെള്ളം ചൂടാക്ക്.. ഞാന്‍ തന്നെ ആ ഫ്ലാസ്ക് ശെര്യാക്കി തരാം.. നീ ചെലപ്പം വെള്ളമൊഴിച്ചിട്ട് അടപ്പ് മര്യാദക്കടക്കുന്നുണ്ടാവൂല.."
"ന്റെ റബ്ബേ.. ഇങ്ങളെന്തൊരു മൊയന്താ മന്‍ഷ്യാ.. വെള്ളം സറ്റൗവില്‍ കത്തിച്ചു ചൂടാക്കാനാണെങ്കില്‍ പിന്നെ ഫ്ലാസ്കെന്തിനാ..??" സൂറാക്ക് അത്ഭുതം...
"ചൂടു വെള്ളമൊഴിക്കാതെങ്ങനാണ്ടീ ബലാലെ ഫ്ലാസ്കിനു പ്രശ്നമുണ്ടോന്നറിയുന്നത്..?"
"ന്റെ മന്‍ഷ്യാ.. ഫ്ലാസകില്‍ വെള്ളമൊഴിച്ചു വെച്ചാലല്ലേ ചൂടാകൂ.. ചൂടുവെള്ളമൊഴിച്ചിട്ടു പിന്നേം അതെങ്ങനാ ചൂടാക്കാ...??"
ഇനിയും പിടിച്ചു നിക്കാനുള്ള ത്രാണി ജബ്ബാറിനുണ്ടായില്ല.. നേരെ പോയി ഫ്രിഡ്ജീന്നു കുപ്പിയെടുത്ത് നല്ല തണുത്ത വെള്ളം അണ്ണാക്കിലേക്കൊഴിച്ച് നാക്കിന്റെ തുമ്പുവരെ വന്ന തെറി മുഴുവനും ഇറക്കി.. അടുത്തുള്ള കസേരയില്‍ നെഞ്ചു വിരിച്ചിരുന്നു.. ആ ഹിമാറു ബംഗാളി പറ്റിച്ച സങ്കടം വേറെ.. ഇവളെ ഇനിയെന്താ ചെയ്യണ്ടേന്നുള്ള അങ്കലാപ്പു വേറെ വശത്ത്..!!
ജബ്ബാറിന്റെ പരവേശവും വെള്ളം കുടിയും എല്ലാം കണ്ടപ്പോള്‍ താന്‍ ചെയ്തതിലെന്തെങ്കിലും കറക്റ്റുണ്ടോ എന്നും ആലോചിച്ചു പേടിച്ച് ഉണ്ടക്കണ്ണും നിറച്ച് സൂറാ ചുമരില്‍ ചാരി നഖം കടി തുടങ്ങി.. മുഖത്തു കളിയാടുന്ന സൂറാന്റെ ഓമനത്തം തുളുമ്പുന്ന നിഷ്കളങ്കത...
"അല്ല സൂറാ.. അന്റെ വീട്ടില്‍ അടുക്കളേം ഫ്ലാസ്കും ഒന്നും ഇണ്ടായിരുന്നില്ലേ..?? ഈ ഫ്ലാസ്ക് വെള്ളം ചൂടാക്കാനാന്നു അനക്കാരാ പറഞ്ഞു തന്നേ.."
"ആ.. ഇക്കൊന്നും അറിയൂല.. അതീല്‍ക്കു വെള്ളമൊഴിക്കുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.. ന്റുമ്മ ഫ്ലാസ്കീന്നു ചൂടുവെള്ളമെടുക്കണത് മാത്രേ ഞാന്‍ ഇതു വരെ കണ്ടിട്ടൊള്ളൂ.."
"ന്നാലും ന്റെ സൂറാ..!! ജ്ജ് പറഞ്ഞത് ശെര്യാ.. 'കാള കെടക്കും കയറോടും'...!!"

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com