May 22, 2013

തട്ടിയും മുട്ടിയും


ഒരു ദിവസം ലുലുവില്‍ പോയപ്പോള്‍ പര്‍ദ്ദയിട്ട ഒരുത്തി ഒരു ചെക്കന്റെ കോളറിനു പിടിച്ച് എടുത്തിട്ട് അലക്കുന്നു. സെക്യൂരിറ്റി വന്നിട്ടും പെണ്ണൊരു തരത്തിലും വിട്ടു കൊടുക്കുന്നില്ല. കനേഡിയന്‍ പൗരയായ പെണ്ണുമ്പിള്ള കലി തീരാഞ്ഞിട്ട് ലവന്റെ ചെകിളക്കൊരു അടിയും കൊടുത്ത് സെക്യൂരിറ്റിക്കു കൈ മാറി.. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ അവര്‍ പിന്നേം തിരിഞ്ഞ് ലവന്റെ അണ്ടകടാഹം നോക്കി ഒരു ചവിട്ടും കൂടെ കൊടുത്ത് കേട്ടാല്‍ തെറിയെന്നു തോന്നിക്കുന്ന എന്തൊക്കെയോ ഇംഗ്ളീഷില്‍ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നകന്നു. സത്യായിട്ടും എന്താ പറഞ്ഞേന്നു മന്‍സിലായില്ല.  ലവന്റെ രണ്ടു ഞരമ്പു വലിഞ്ഞു ഡിങ്കോള്‍ഫിയായി പോയതിന്റെ പരിണിത ഫലമായിരുന്നു മേല്‍ പറഞ്ഞ സംഭവം.

ബസ്സിലെ ഞരമ്പുകളെ കുറിച്ച് ഇഷ്ടം പോലെ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, പലരും പോസ്റ്റിയിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ ബസ്സിനേക്കാള്‍ കൂടുതലായിട്ട് വിവിധ തരത്തില്‍ പെട്ട ഞരമ്പുകളുടെ വിളയാട്ട കേന്ദ്രമാണ് തിരക്കുള്ള ഷോപ്പിങ്ങ് മാളുകള്‍. എവിടെ നോക്കിയാലും ആകെ മൊത്തം ടോട്ടല്‍ ഞരമ്പന്മാരുടെ ഒരു സെന്‍സസ് എടുത്താല്‍ അതില്‍ എണ്‍പത് ശതമാനവും നമ്മളു മലയാളികളായിരിക്കും.

ഇന്നിപ്പൊ ഇതെഴുതാന്‍ കാരണം, ഖത്തറില്‍ തന്നെയുള്ള എന്റെ ഒരു സുഹൃത്ത് ഇന്നലെ രാത്രി വിളിച്ചു കഴിഞ്ഞാഴ്ച്ച അവനുണ്ടായ ഒരു അനുഭവം പറഞ്ഞു.
"ഡാ, ഞാനൊരു സംഭവം പറയാം.. നീ അതൊന്നു നിന്റെ എഫ് ബിയില്‍ പോസ്റ്റണം. ഞാനെങ്ങാനും അതെഴുതിയാല്‍ ആളുകളു വിചാരിക്കും അതു വല്ല തെറിയുമാണെന്നു.. നീയാണെങ്കില്‍ പ്രശ്നമില്ലല്ലോ..!"
" ഏഹ് അതെന്താടാ #$%&$* മോനേ..? എനിക്കെന്താ നാണവും മാനവും ഇല്ലേ..?? "
"കോപ്പ്.. അതല്ല ഞാന്‍ പറഞ്ഞത്.. സംഭവം ഇച്ചിരി 'ഏ' ആണെങ്കിലും അതു വായിക്കുന്നവര്‍ക്കു ബുദ്ധിമുട്ട് തോന്നാത്ത രീതിയില്‍ എഴുതാന്‍ നിന്നെ കൊണ്ട് പറ്റും.. അതാ.. മാത്രമല്ല ആരെങ്കിലും വായിച്ചാല്‍ അവരെങ്കിലും മേലില്‍ ശ്രദ്ധിക്കുമല്ലോ.."
ശ്ശോ.. മറ്റുള്ളവരിങ്ങനെ സുഖിപ്പിക്കുമ്പോ ഇച്ചിരി രോമാഞ്ചം ആര്‍ക്കായാലും വരും.. പക്ഷെ എനിക്കിച്ചിരി അല്ല.. ദേഹമാസകലം രോമാഞ്ചകഞ്ചുകമായിപ്പോയി..
അപ്പൊ തന്നെ ഫോണെടുത്ത് ഞാന്‍ എനിക്കു പരിചയമുള്ള ഫാമിലികളെയെല്ലാം വിളിച്ചു ഇതു പോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്നൊരു ചെറിയ അന്വേഷണം നടത്തി..
"ഉവ്വ.. ഉണ്ടോന്നോ.. എന്നാ ഇല്ലാതിരുന്നത് എന്നു ചോദിച്ചാ മതി" എന്ന രീതിയിലായിരുന്നു എല്ലാവരുടെയും മറുപടി.

ഖത്തറില്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഫാമിലി ഫുഡ്‌ സെന്റർ ആണു ലൊക്കേഷന്‍. താരതമ്യേന നല്ല പച്ചക്കറികളും മീനും ഇറച്ചിയുമെല്ലാം  അവിടെ ലഭിക്കും എന്നാണ് പൊതുവെയുള്ള ഒരു സംസാരം. അതു കൊണ്ട് തന്നെ ഒരുവിധം ഇന്ത്യൻ, പാക്കി, ബംഗാളി സമൂഹങ്ങളെല്ലാം അവിടെയാണു വീക്കെന്‍ഡ് ഷോപ്പിങ്ങിനു പോകാറുള്ളത്. പതിവു പോലെയുള്ള ഷോപ്പിങ്ങില്‍ പച്ചക്കറി സെക്ഷനില്‍ പെണ്ണുങ്ങളുടേ അങ്കം വെട്ട് , ഇടക്കും തലക്കും മൂന്നു നാലു ബാച്ചിലേര്‍സും ഉണ്ട്. പെണ്ണ് പച്ചക്കറി സ്കെഷനിലേക്കും ലവൻ മറ്റു സാധങ്ങള്‍ ഉള്ളിടത്തേക്കും തിരിഞ്ഞു. ലവന്റെ പരിപാടികളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ടും പെണ്ണുമ്പിള്ളയുടെ പച്ചക്കറി പര്‍ച്ചേസ് തീര്‍ന്നിട്ടില്ല. അങ്ങനെ ഒരു മൂലയിലേക്കൊതുങ്ങി നിന്ന് അവിടുത്തെ കളക്ഷനെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കന്‍, വസ്ത്രത്തില്‍ മാത്രമല്ല കണ്ടാലും ആളൊരു മാന്യന്‍ തന്നെ.
ശ്ശെടാ. ഇങ്ങേരിപ്പഴും പച്ചക്കറി വാങ്ങി തീര്‍ന്നില്ലേ.. ഞങ്ങളു വന്നപ്പഴും ആളിവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്നാലോചിച്ച് മൂപ്പരെ ശ്രദ്ധിച്ചപ്പോഴാണ് കാര്യം വളരെ ഇന്റ്രസ്റ്റിംഗ്‌ ആയി തോന്നിയത്.
എവിടെയൊക്കെ പച്ചക്കറിയെടുക്കാന്‍ പെണ്ണുങ്ങള്‍ കുനിയുന്നുണ്ടോ അതിന്റെ തൊട്ടു മുന്നിലെ പച്ചക്കറികള്‍ മാത്രമേ മൂപ്പരെടുക്കുന്നൊള്ളു.. അതു മാത്രമല്ല ഒരു ഐറ്റം തന്നെ നാലും അഞ്ചും പ്രാവശ്യം എടുക്കുന്നു. പക്ഷെ നോട്ടം അങ്ങേരെടുക്കുന്ന പച്ചക്കറിയിലോട്ടല്ലെന്നു മാത്രം. അതു കഴിഞ്ഞാല്‍ മൂപ്പരു പെണ്ണുങ്ങളുടേ ഇടയിലൂടെ ഒരു നടപ്പാണ്. ആ നടപ്പില്‍ മൂപ്പരുടെ കയ്യും ഷോള്‍ഡറുമെല്ലാം എവിടെയൊക്കെ മുട്ടുമോ, അവിടെയെല്ലാം എർത്ത്‌ കൊടുത്തിട്ടാണ്‌ മൂപ്പരുടെ നടപ്പ്. പാവം പെണ്ണുങ്ങളോ, ഇങ്ങേരു വന്നു മുട്ടുന്നത് മനപൂർവ്‌വമാണെന്ന് അറിയുന്നില്ല.
ഇതിനുമപ്പുറം തങ്ങള്‍ കുനിയുമ്പോഴും നില്‍ക്കുമ്പോഴും അറിയാതെ വസ്ത്രം സ്ഥാനം തെറ്റുമ്പോഴുമെല്ലാം വെളിവാക്കപ്പെടുന്ന തങ്ങളുടെ മുഴുപ്പും മിനുപ്പുമെല്ലാം നോക്കിയും തക്കം കിട്ടിയാല്‍ എര്‍ത്ത് കൊടുത്തും സംതൃപ്തിയടയുന്നവരുണ്ടെന്നുള്ള യാതാര്‍ഥ്യം മനസ്സിലാക്കാതെ തിരക്കിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്നതാണെന്നു കരുതി പാവങ്ങള്‍ അതൊട്ടും കാര്യമാക്കാതെ മറ്റുള്ളവരെടുക്കുന്നതിനു മുന്ന് ചീയാത്തതും കേടാകാത്തതുമായ പച്ചക്കറികള്‍ തങ്ങളുടേ കവറുകളിലേക്കിടുന്നതില്‍ ശ്രദ്ധിക്കും.

ഏകദേശം അരമണികൂറോളം ഈ തമാശ കണ്ടാസ്വദിച്ച്‌ നിന്ന നായകന്‍ പെട്ടെന്നായിരുന്നു അപകടം മണത്തത്. മാന്യന്‍ ലവന്റെ ഭാര്യക്കും എര്‍ത്ത് കൊടുക്കാന്‍ ശ്രമിക്കുന്നു. ഈ തെരക്കിന്റെടേല്‍ പെണ്ണിന്റടുത്തെത്തുമ്പോഴേക്കും മാന്യന്‍ എര്‍ത്ത് മാത്രമല്ല ചിലപ്പോള്‍ നൂറ്റിപത്ത് കെവി ഷോക്കും കൊടുത്ത് അടുത്ത സ്ഥാനത്തേക്ക് മാറിയിട്ടുണ്ടാകും. അപ്പൊ തന്നെ ഫോണെടുത്ത് പെണ്ണിനെ വിളിച്ചു. ആരുടെയോ കുരുത്തത്തിന് ആറാമത്തെ പ്രാവശ്യവും ട്രൈ ചെയ്തപ്പോള്‍ പിശാശു ഫോണെടുത്തു. അധികം വിശദീകരിക്കാൻ നില്‍ക്കാതെ ഇപ്പൊ തന്നെ ഇങ്ങോട്ട് വാ എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. എന്താ കാര്യമെന്നറിയാനുള്ള ആകാംഷയില്‍ എടുത്ത തക്കാളി തിരിച്ച് പെട്ടിയില്‍ തന്നെയിട്ട് ഭാര്യ വന്നപ്പോ ഭാര്യയോട് മാന്യനെ ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇനിയിപ്പൊ ഇതു കണ്ടീട്ട് തനിക്ക് വെറുതെ തോന്നിയതാണെങ്കിലൊ..?

അഞ്ച് മിനിട്ട് തികഞ്ഞില്ല അതിനു മുന്നേ തന്നെ ഭാര്യയുടെ തൊണ്ടയിലെ വെള്ളം വറ്റി, ട്റോളിയില്‍ നിന്നും കയ്യെടുത്ത് ലവന്റെ കയ്യില്‍ മുറുകെ പിടിച്ചു..
"എന്റെ ചേട്ടാ.. അയാളെന്താ ഈ കാണിക്കുന്നത്..? അപ്പൊ ഈ പെണ്ണുങ്ങളൊന്നും ഇതറിയുന്നില്ലെ..?? കണ്ടിട്ടെനിക്കു കയ്യും കാലും വിറക്കുന്നു..!"
"ആഹ്,,, അത് തന്നെയാണ് എനിക്കു ചോദിക്കാനുള്ളത്.. അങ്ങേരു അഞ്ചു പത്ത് മിനിട്ട് നിന്റടുത്ത നിന്നിട്ടും നിനക്കൊന്നും തോന്നിയില്ലേ..??"
"ഏഹ്.. അയാളെന്റടുത്തും വന്നോ..??"
"അതിനെങ്ങനാ.. നിന്നെ സൂപ്പർമാർക്കറ്റിന്റുള്ളിലേക്ക്‌ കയറ്റി പിട്ടാല്‍ പിന്നെ നിനക്കു ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലല്ലോ...? ഇപ്പൊ മനസ്സിലായോ തെരക്കുള്ള ടൈമില്‍ ഷോപ്പിങ്ങിനു പോണ്ടാന്നു ഞാന്‍ പറയുന്നതിന്റെ കാര്യം..??"
"ന്റീശ്വരാ.. മതിയായി.. ഞാനിനി അതിന്റുള്ളിലേക്കില്ല.. ഒരു കാര്യം ചെയ്യ്.. ഞാനിവിടെ നിക്കാം ചേട്ടന്‍ പോയി പച്ചക്കറി എടുത്തിട്ട് വാ.. പിന്നേ.. നല്ലത് നോക്കിയെടുത്തില്ലെങ്കില്‍ എന്റെ സ്വഭാവം മാറും കേട്ടാ..."
"ശെരി ശെരി..."
കിട്ടിയ ചാന്‍സില്‍ പച്ചക്കറികൂട്ടത്തിനിടക്ക് നില്‍ക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ഊളിയിടാന്‍ നോക്കിയ നായകന്റെ കയ്യില്‍ ചാടി പിടിച്ച്ച് ഭാര്യം പറഞ്ഞു...
"അയ്യട പറഞ്ഞപ്പോഴേക്കും പോണ പോക്കു കണ്ട..?? ഇനീ ചേട്ടനും ഇങ്ങനൊക്കെ ചെയ്യില്ലാന്നാരു കണ്ടു...?? അങ്ങനിപ്പൊ സുഖിക്കെണ്ടാട്ടാ.. നമുക്ക് വീട്ടീ പോകാം.. എന്നിട്ട് തിരക്കില്ലാത്ത ദിവസം വല്ലപ്പോഴും വരാം.. ഇല്ലെങ്കില്‍ കാശല്പം കൂടിയാലും വേണ്ടില്ല.. അടുത്തുള്ള ഗ്രോസറീന്നു വാങ്ങിക്കാം.. "
കെട്ട്യോന്റെ കയ്യും പിടിച്ച് വലിച്ച് തിരക്കിട്ട് പുറത്തേക്ക് നടക്കുന്നതിനിടയില്‍ ഭാര്യം പറയുന്നത് ലവന്‍ കേട്ടൂത്രേ..
"ഇനിയിപ്പൊ തിരക്കുള്ള ദിവസങ്ങളാണെങ്കിലും ചേട്ടന്‍ ഒറ്റക്കു പോലും ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്കും പോണ്ട.. വീട്ടിലിരുന്നാ മതി.. ഈ ആണുങ്ങളൊന്നും ശെരിയല്ല !"

1 comments:

അയാള്‍ “പച്ചക്കറികള്‍” നോക്കുകയല്ലായിരുന്നോ...??

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com