December 4, 2013

ചിക്കൻ വൾഗർ



ദുബായിലെത്തിയ സൂറാക്ക് ഒരാഴ്ച കൊണ്ട് തന്നെ ദുബായ് മതിയായി.. ഒരു ദിവസം രാത്രി ജബ്ബാറിന്റെ സപ്ത നാഡികളേയും വെറപ്പിച്ചു കൊണ്ട് സൂറ ഒരു പ്രഖ്യാപനമന്ങു നടത്തി.. 

"ഇക്ക് വയ്യ ഇബ്ടെ ഒറ്റക്കിരുന്നു പിരാന്തു പിടിക്കാൻ.. നാളെ മുതലു ഇന്ങടെ കൂടെ ആപ്പീസീൽക്ക് ഇക്കും വരണം.."
"ന്റെ സൂറാ.. ഇയ്യെന്തായീ പറയണെ..അന്റെ പിരാന്തു മാറ്റാനായിട്ടിയ്യെന്തിനാടീ ഇന്നെ പ്രാന്തനാക്കുന്നേ..?"
"ന്ങളൊന്നും പറയെണ്ട.. ഞമ്മടെ തീരുമാനം അന്തിമമായിരിക്കും.."
"അല്ലാ ഇയ്യെന്റെ കൂടെ വന്നിട്ടെന്തു കാട്ടാനാ അവ്ടെ..?"
"ന്റെ സ്വർണോം പണ്ടോമെല്ലാം വിറ്റിട്ട് തൊടന്ങ്യ കച്ചോടമല്ലെ..? അപ്പോ ഇക്കും അന്ങ്ട് വരാം... ഇക്കറിയണോലാ ഇന്ങളവ്ടെ എന്താ കാട്ടി കൂട്ടണേന്ന്. ഇന്ങളു പോണോടത്തൊക്കെ ഇക്കു വരണം.. "

അന്റെയീ ചൊറിയലു മുന്നേ അറിഞ്ഞിരുന്നെകിൽ ഒരു സ്വർണ്ണ ഖനി തരാന്നു പറഞ്ഞാലും ഞാനീ പരിപാടിക്കു നിക്കൂലായിരുന്നു പൊന്നേന്നു മനസ്സിൽ പറഞ്ഞ് ജബ്ബാർ ഒന്നു നിർത്ത് സൂറാന്നുള്ള ഭാവത്തിൽ ദയനീയമായി നോക്കി.. എന്നിട്ടു സൂറാന്റെ മനസ്സലിയുന്നില്ലാന്നു കണ്ടതോടെ മൂപരടുത്ത അടവെടുത്തു

"തമാശ കളിക്കല്ലേട്ടാ.. ഇയ്യ് വന്നാ ശെര്യാവൂലാ.. ന്റെ മീറ്റിന്ങിനൊക്കെ പോയാ അവ്ടെ തൊള്ളേം തൊറന്നിരിക്കാനേ അന്നെ കൊണ്ട് പറ്റൂ.. അനക്കിംഗ്ലീഷറിയൂലല്ലാ.."

സൂറാനെ ഇരുത്താനുള്ള ഒരേ ഒരു അടവാണു ഇംഗ്ലീഷ്.. ഇനി ഓളു മിണ്ടൂലാ..ഇതിലവളു തോറ്റു തുന്നം പാടും.. ബൂഹഹഹാ.. മനസ്സിൽ പൊന്ങി വന്ന അട്ടഹാസം കഷ്ടപ്പെട്ടു അണ്ണാക്കിൽ തന്നെ ബ്ലോക്ക് ചെയ്ത് ജബ്ബാർ സൂറാനെ ഇടം കണ്ണിട്ട് നോക്കി..

"ഹും.. അല്ലെങ്കിലും ഇന്ങക്കിന്നോട് ഒട്ടും ഇഷ്ടല്യ.. ആപ്പീസിലെ ആ വെള്ള പിശാശിനോടല്ലെ ഇന്ങടെ കൊഞ്ചലു മുഴ്വോനും.. മീറ്റിന്ങ് മീറ്റിന്ങ് ന്നും പറഞ്ഞ് ഇന്ങളോളേം ബണ്ടീ കേറ്റി നടപ്പല്ലെ..? ഓൾടെ ഫോൺ വരുമ്പോ ഇന്ങടെ എളക്കം ഞാൻ കാണണില്ലാന്നൊന്നും വിചാരിക്കെണ്ട.."

പിന്നെ ജബ്ബാറു പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..
സൂറാ ചുമരിലേക്ക് ചാരി.. താഴോട്ടു നോക്കി നിന്നു നഖം കടിച്ചു..
ഇപ്രാവശ്യം കവിളിലൂടെ ഒലിച്ചിറന്ങാൻ മടിച്ച കണ്ണീർ തുള്ളികൾ കൺപീലികളിൽ തത്തിക്കളിച്ച് താഴോട്ടുരുണ്ട് വീണ് പൊട്ടിച്ചിതറി..
ജബ്ബാറിന്റെ മനസ്സലിയാൻ ഇതിലപ്പുറം വല്ലതും വേണോ.? പക്ഷെ മനസ്സലിയുന്നത് സൂറ അറിഞ്ഞാൽ പിന്നെ അവളതു സ്ഥിരം പരിപാടിയാക്കും എന്നുറപ്പുള്ളത് കൊണ്ട് തന്നെ അലിഞ്ഞ മനസ്സവിടെ തന്നെ നിർത്തി തന്റെ കണ്ണുകളൊന്നു കൂടി ചുവപ്പിച്ച ജബ്ബാർ സൂറാനെ നോക്കി കണ്ണുരുട്ടി..
"അന്നെ കൊണ്ട് വല്ലാത്ത എടന്ങേറായല്ലോന്റെ സൂറാ.. ഇയ്യെന്തു പണ്ടാരമെങ്കിലും കാണിക്ക്.."

പിറ്റേന്ന് രാവിലെ ചായയും കൊണ്ട് വന്ന സൂറാനെ കണ്ട ജബ്ബാറിന്റെ കണ്ണു ബൾബായിപോയി.. കല്യാണം കഴിഞ്ഞ ആദ്യ ആഴ്ചയിൽ മാത്രം കണ്ട സൂറാ ഇതാ തന്റെ മുന്നിൽ.. കുളിച്ച് ഈറനോടെ..
ആദ്യ ഒരാഴ്ച കഴിഞ്ഞതിനു ശേഷം മുഖം പോലും കഴികാതെയായിരുന്നു രാവിലെ ചായ കിട്ടിയിരുന്നത്.. ഇന്നിവൾക്കെന്താണാാവൊ പറ്റിയത്..??
ഒന്നും മനസ്സിലാകാതെ കഷണ്ടി കയറി തുടന്ങിയ സ്വന്തം തലയിൽ ചൊറിയാൻ തുടന്ങിയ ജബ്ബാറിന്റെ ചെവിയിൽ സൂറാന്റെ ശബ്ദം വന്നലച്ചു..

" ഇരുന്ന് മണ്ട ചൊറിയാതെ ണീച്ച് പോയി കുളിക്ക് മൻഷ്യാ.. ഇന്നാപ്പീസീ പോകാനുള്ളതല്ലേ..?"
ഇന്റെ റബ്ബേ.. ഓളപ്പോ ഇന്നലെ പറഞ്ഞത് മുഴുവനും സീരിയസ്സായിട്ടായിരുന്നാ.. ? കെട്ടി രണ്ടാമത്തെ ദിവസം മുതലു തന്നെ ഓൾക്കിച്ചിരി നൊസ്സുണ്ടോന്നു തോന്നി തുടന്ങിയതായിരുന്നു.. ഇപ്പൊ അതൊറപ്പായി.. ഓളൊന്നു തീരുമാനിച്ചാ പിന്നെ തീരുമാനിച്ചത് തന്നെ...
കുളി കഴിഞ്ഞ് പതിവു പോലെ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴായിരുന്നു അടുത്ത ഞെട്ടൽ..

വായിൽ ഒരു പിന്നും കടിച്ചു പിടിച്ച് ചുരിദാറിന്റെ ഷാൾ തോളിൽ കറക്റ്റ് ചെയ്തു പിൻ കുത്തികൊണ്ട് വന്ന സൂറാടെ കല്പന..
"ഇരിക്കാണ്ടു പോയി തുണിയുടുക്ക് മൻഷ്യാ.. പോണ്ടേ..?"
"അല്ല സൂറാ ഇയ്യിതെന്തു ഭാവിച്ചോണ്ടാ.. ഇക്ക് വെശ്ന്നിട്ട് വയ്യ.. കഴിക്കാനൊന്നും ഇല്ലേടീ..."
"അയ്യടാ.. രാവിലെ തന്നെ അട്ക്കളേ കേറി ഒണ്ടാക്കി മേത്തു മുഴ്വോനും മണമായിട്ട് ആപ്പീസീ പോകാൻ ന്നെ കിട്ടൂലാ.. പൊർത്ത്ന്ന് വാന്ങി കഴിച്ചാ മതി. ഇക്കും ഇന്ന് വല്ല ഹോട്ടലീന്നും കഴിച്ചാ മതി.."

ഇപ്രാവശ്യം കണ്ണീന്നുരുണ്ട് വീഴാനുള്ള ചാൻസ് ജബ്ബാറിനായിരുന്നു.. നഖം കടിച്ചാൽ അതു നഖത്തിലു നിക്കാതെ സ്വന്തം വെരലു മുഴുവനും കടിച്ചു പറിക്കും എന്നുറപ്പുള്ളത് കൊണ്ട് ജബ്ബാർ ആ സാഹസത്തിനു മുതിർന്നില്ല..

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി ഡ്രെസ്സ് മാറി വന്നപ്പോഴേക്കും ചുരിദാറും ഹൈ ഹീലു ചെരിപ്പും തലയിൽ ചുറ്റിക്കെട്ടിയ ഷാളും ചുണ്ടിൽ നേരിയ പിങ്ക് നിറം ചാലിച്ച ലാബെല്ലാ ലിപ് ബാമിന്റെ തിളക്കവുമായി സുസ്മേര വദനയായി മുന്നിൽ നിൽകുന്ന സൂറാനെ കണ്ട ജബ്ബാറീന്റെ ദേഷ്യവും പിണക്കവുമെല്ലാം നൂലു പൊട്ടിയ പട്ടം പോലേ എന്ങോട്ടോ പറന്നു പോയി..
ഇന്റെ പൊന്നേന്നും പറഞ്ഞു കെട്ടിപ്പിടിക്കാനാഞ്ഞ ജബ്ബാറിന്റെ തള്ളി മാറ്റി കയ്യിലൊരു പിച്ചും കൊടുത്ത് പിന്നോട്ടാഞ്ഞ് സൂറാടെ ഡയലോഗ് വന്നു..

" നിന്നു ശിങ്കാരിക്കാൻ നിക്കാണ്ടു പോയി വണ്ടി ഓണാാക്കു മനുഷ്യാ.. വണ്ടീ നല്ല തണുപ്പായിട്ട് ഞാൻ വണ്ടീ കേറിക്കോളാം..ഇല്ലേൽ വെയർക്കും.."
വെർതെയല്ല പിശാശെ ന്റെ ബാപ്പ അന്നെ പതിനെട്ട് തെകഞ്ഞപ്പോ തന്നെ ഇന്റെ തലേ കെട്ടി വെച്ചത്.. ഇതു പോലത്തെയാണെങ്കിൽ പതിനാറല്ല ചെലപ്പൊ അതിനും മുന്നേ തന്നെ കെട്ടിച്ചു വിടാനേ വീട്ടികാരു നോക്കൂ.. അല്ല പിന്നെ..!!

വണ്ടിയെടുത്ത് കുറച്ച് നേരം കഴിഞ്ഞപ്പോ ജബ്ബാറു തന്നെ നിശബ്ദത തകർത്തു..
"അനക്കെന്താണ്ടീ കഴിക്കണ്ടേ..?? ഇപ്പം പോയി ഓർഡെർ ചെയ്ത് വെയിറ്റ് ചെയ്യാനൊന്നും സമയം കാണൂല.. അതോണ്ട് പെട്ടെന്നു കിട്ടുന്ന വല്ലോടത്തും പോകാം.. അനക്ക് കെ എഫ് സി വേണോ മാക് ഡോണാൾഡ്സ് വേണോ..?"
"അവ്ടെന്താ ണ്ടാവാ..?"
" ബലാലേ.. കെ എഫ് സീന്നു പറഞ്ഞാ അന്നു നമ്മളു കഴിച്ചില്ലെ. കോഴി പൊരിച്ചതും ബ്രെഡ്ഡും..? അതെന്നെ.. മാക് ഡോണാൾഡ്സീന്നു നല്ല ചിക്കെൻ ബർഗർ കിട്ടും.. "
"അന്നു കയ്ച്ചത് വേണ്ട.. ഇക്ക് ഇന്ങാളു പറഞ്ഞ രണ്ടാമത്തെ സാധനം മതി.. ന്താ ത്..??
"ചിക്കൻ ബർഗർ.."
"ആ.. ഇക്കത് തന്നെ മതി.."
"ന്റെ സൂറാ ചക്കരെ.. ഇയ്യാപ്പീസിലു വന്നിട്ട് അവ്ടെ ആരോടും അധികം മിണ്ടാനൊന്നും നിക്കണ്ടാട്ടാ.. വെർതെ വല്ല പൊട്ടത്തരോം പറഞ്ഞിട്ട് ഇയ്യ് അന്റെ വെല കളയാൻ നിക്കെണ്ട.."
"ഹും... അന്ങനിപ്പ ഇന്ങളേന്നെ ചെർതാക്കെണ്ടാ.. ഇന്ങളു നോക്കിക്കോ.. ഇന്ങളെന്നെ കൊണ്ട് അഭിമാനിക്കും.. ഇല്ലെങ്കിൽ ഞാൻ അഭിമാനിപ്പിക്കും.. ഹും.."

സൂറാന്റെ അവസാനത്തെ ആ 'ഹും'

രണ്ടു കല്പിച്ചുള്ള ഒരു ഹും ആയിരുന്നൂന്നു പിന്നീടാണു ജബ്ബാറിനു മനസ്സിലായത്..
മാക് ഡൊണാാൽഡ്സിലെത്തി ഓർഡെർ ചെയ്യുന്നിടത്ത് ഒരു തമിഴന് ചെക്കൻ.. നേരെ കൗണ്ടറിൽ അവന്റടുത്തേക്ക് ചെന്നു..

"വണക്കം സാർ.. എന്നാ ഓർഡർ പൺറീങ്കെ..?"
ചെക്കൻ ചോദിച്ച് നാക്കെടുത്ത് വായിലിടുന്നതിനു മുന്നു ജബ്ബാറിന്റെ തട്ടി മാറ്റി മുന്നിലേക്ക് വന്ന് സൂറാ ഓർഡർ കൊടുത്തു..

"രണ്ട് ചിക്കൻ വൾഗർ"

ജബ്ബാർ ആദ്യം ഓർഡർ കേട്ടു വായും പൊളിച്ചു നിൽക്കുന്ന അണ്ണാച്ചി ചെക്കനെ നോക്കി...
പിന്നെ നിറഞ്ഞ കണ്ണുകളോടേ സൂറാനേം...
ന്നാലും ന്റെ സൂറാ...!!

4 comments:

അടച്ചു പൂട്ടിയിടുമ്പോൾ ഓർക്കണമായിരുന്നു....!
സൂറാ... ജ്ജ് കലക്കീട്ടാ...

സൂറാനോടാ കളി...
സംഗതി നല്ല വള്‍ഗറായീട്ടാ!!!

കഥ സൂപ്പര്‍ കലക്കീട്ടോ.......

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com