March 15, 2014

എസ്സെല്‍സി

ഇക്ക് പത്താംക്ലാസ് പഠിക്കണം...!!
സൂറാന്റെ വായീന്നു യാതൊരു പ്രകോപനവും ഇല്ലാതെ ഈ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജബ്ബാറൊന്നു ഞെട്ടി..
ടിവിയില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ കോലാഹലങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ് ജബ്ബാര്‍.. ഒരു പേപ്പറെടുത്ത് അതില്‍ കള്ളികള്‍ വരച്ച് ഓരോ പാര്‍ട്ടികളുടെയും പേരുകളെഴുതി അവരവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതാതു കള്ളികളില്‍ ശ്രദ്ധാ പൂര്‍വം എഴുതിയെടുക്കുന്നതിനിടയിലായിരുന്നു സൂറാടെ ഈ പ്രഖ്യാപനം നടന്നത്..
"ഇക്ക് പത്താംക്ലാസ് പഠിക്കണം.. ഇക്കും വേണം ഒരെസ്സെല്‍സി ബുക്ക്..!!"
ഇതു കേട്ടപാടെ നൂറേ നൂറില്‍ പായുന്ന ബ്രേക്ക് പൊട്ടിയ സൈക്കിളില്‍ വളവെടുത്ത പോലെ ജബ്ബാറിന്റെ കയ്യിലിരുന്ന പേനയൊന്നു പുളഞ്ഞു. ഇടതുപക്ഷത്തിന്റെ കള്ളിയില്‍ എഴുതികൊണ്ടിരുന്ന വാഗ്ദാനത്തിന്റെ പകുതി വലതു പക്ഷത്തിന്റെ കള്ളിയില്‍ കയറി അവിടെ അള്ളിപ്പിടിച്ചിരുന്നു. അതു വലിച്ചു പറിച്ചെടുത്ത് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശയില്‍ വെള്ളപ്പേപ്പറിന്റെ നെഞ്ചത്തിട്ട് തന്നെ ഒരു കീറു കീറീ ദേഷ്യം തീര്‍ത്ത് പേന പണിമുടക്കാരമ്പിച്ചു..
ഇവള്‍ക്ക് പെട്ടെന്നു ജിന്നു കേറിയോ ന്റെ റബ്ബേന്നു ചിന്തിച്ച് പണിമുടക്കിയ പേനയുടെ തുമ്പത്ത് പിടിച്ച് കുടഞ്ഞു നോക്കുന്നതിനിടയില്‍ തിരിഞ്ഞ് സൂറാനെ നോക്കി.
ഭാഗ്യം..!!
ഓള്‍ടെ കയ്യകലത്തിലല്ല.. അപ്പൊ ധൈര്യായി എന്തും പറയാം.. ഇല്ലെങ്കില്‍ സൂറാന്റെ കയ്യീന്ന് എപ്പോ പണി കിട്ടീന്നു നോക്ക്യാ മതി. ഈയിടെയായിട്ട് പിച്ചും മാന്തുമല്ലാതെ ഓളു പൊതിയൊരു പീഡന മുറയും പ്രയോഗിച്ച് തുടങ്ങീട്ടുണ്ട്.
ഇന്നാളൊരു ദിവസം അടുക്കളയില്‍ ചെരകി വെച്ചിരിക്കുന്ന തേങ്ങ കട്ടു തിന്നുന്നത് കണ്ട സൂറ മീന്‍ മുറിച്ചോണ്ടിരിക്കുന്ന കത്തിയുമായി ഓടി വന്ന് അതി ഭയാനകമായി ചുണ്ടോക്കെ വക്രിച്ച് പരമാവധി ദേഷ്യം പ്രകടമാക്കി ഒരു മാന്തും രണ്ടു പിച്ചും.. ഓള്‍ടെ ഓട്ടവും വരവും കണ്ടപ്പോ മിക്കവാറും കയ്യിലിരുന്ന കത്തിയെന്റെ പള്ളക്കു കേറ്റും എന്നു കരുതീതാ.. ഭാഗ്യം കൊണ്ട് പിച്ചിലും മാന്തിലും അവസാനിച്ചു.. ഈ സംഭവ വികാസം നടക്കുമ്പോള്‍ ഒരുറുമ്പു കടിക്കുന്ന വേദനയില്ലെങ്കിലും ശെരി ആന കുത്തിയാലുണ്ടാകുന്ന വേദനയുടെ എക്സ്പ്രെഷന്‍ തിരിച്ചു കൊടുത്തേക്കണം, ഇല്ലെങ്കില്‍ ഓളു കരയാന്‍ തുടങ്ങും. എന്തൊക്കെയായാലും ശെരി.. ഓള്‍ടെ കണ്ണു കലങ്ങിയാല്‍ ജബ്ബാറീനു സഹിക്കൂല..
പക്ഷെ അന്നു ചെരകിയ തേങ്ങക്ക് മണ്ടരിയുണ്ടായിരുന്നില്ലെന്നു തോന്നുന്നു.. നല്ല മധുരം.. വായിലിട്ട് ചവച്ച് അലിയിച്ച് നല്ല തണുപ്പും മധുരവും നിറഞ്ഞ തേങ്ങാപാല്‍ ഇറക്കുന്നതിന്റെടേലാ ഓള്‍ടെ ഒരു പിച്ച്.. ആ പിച്ചിന്റെ വേദന അഭിനയിക്കാന്‍ മറന്നു പോയി.. പിന്നേം ആസ്വദിച്ച് തേങ്ങാ പീര ചവച്ചിറക്കി. പിന്നെല്ലാം പെട്ടെന്നായിരുന്നു. ആ ആ സ്വാദനം സഹിക്കാന്‍ വയ്യാതെ പൂച്ച ചാടുന്ന പോലെ ചാടി സൂറ ജബ്ബാറിന്റെ മീശ പിടിച്ച് ഒരു വലി.
ഹൗ..!! ഈരേഴു പതിനെട്ട് ലോകവും ഒന്നാകെ കറങ്ങി കണ്ണീന്നു പൊന്നീച്ചയും തേനീച്ചയു എല്ലാം കൂടെ അങ്ങ് പറന്നു. ആ വേദനയില്‍ ഒരു ചാമ്പങ്ങ് ചാമ്പിയാ പിന്നെ പശ്ചാത്തപിക്കേണ്ടി വരും എന്നു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്ന ജബ്ബാര്‍ മീശമാധവനെ മനസ്സില്‍ ധ്യാനിച്ച് മീശയുടെ തുമ്പു പിടിച്ചു പിരിച്ച് ഉണ്ടക്കണ്ണുരുട്ടി പല്ലു ഞെരിച്ച് പതിഞ്ഞ ശബ്ദത്തിനു പരമാവധി ബാസ് കൊടുത്ത് സൂറാനെ നോക്കി ഒരൊറ്റ ഡയലോഗില്‍ സീന്‍ കട്ട് ചെയ്തു..
"മീശ പിടിച്ചു വലിച്ചാലേ.. ഭയങ്കര വേദനയാ ന്റെ സൂറാ.."
ഹും... ഇപ്രാവശ്യം അവളു എത്ര ചാടിയാലും മീശയല്ല ന്റെ ഷര്‍ട്ടിന്റെ തുമ്പു വരെ പിടിക്കാന്‍ പറ്റൂലാന്നുള്ളാ കാര്യം ഉറപ്പാ.. അപ്പറത്തെ സെറ്റിയില്‍ നിന്നും കളരി പരമ്പര ദൈവങ്ങളേ മനസ്സില്‍ ധ്യാനിച്ച് വലിഞ്ഞമര്‍ന്ന് ചാടി മറിഞ്ഞ് സൂറ സ്റ്റെപ്പെടുത്ത് വരുമ്പഴേക്കും എണീറ്റോടാനുള്ള ഗ്യാപുണ്ട്.. എന്നാലും ഒരു മയത്തില്‍ തുടങ്ങാം.. വെറുതെ റിസ്ക് എടുക്കെണ്ട..!!
"അനക്കെന്തിന്റെ സൂക്കേടാ ന്റെ മുത്തേ.. ഇക്കൊന്നും മന്‍സിലാവണില്ലല്ലാ.. ?"
"ഇക്കിപ്പൊ പത്താം ക്ലാസ് പഠിക്കണം പരീഷെഴ്തണം.. പാസ്സാവണം. അത്രന്നെ..!! ഈ പറഞ്ഞേല് ഇങ്ങക്കെന്താ മന്‍സിലാവാത്തേ..??"
ഹോ.. ഈ പോത്തിന്റെ ഒരു കാര്യം.. ഓരോ നേരത്തു ഓരോ തോന്നലുകളാ.. ഇനി രക്ഷയില്ല.. ഓളു 'അത്രെന്നെ' ന്നു പറഞ്ഞാ അത്രെന്നെ.. അതിലു പിന്നെ ഒരു മാറ്റവും ഉണ്ടാകില്ല. പണ്ട് സൂറ ഒരു 'അത്രെന്നെ' പറഞ്ഞതിന്റെ ഗതികേടാണീ അനുഭവിക്കുന്നത്.
പെണ്ണു കാണാന്‍ പോയന്ന് ഓള്‍ടെ മൊഞ്ച് കണ്ട് കണ്ണ് തള്ളി ഇവളു തന്നെ ന്റെ ഹൂറി എന്നു തീരുമാനിച്ചുറപ്പിച്ച് മനസ്സിലുറപ്പിച്ചതാ ഈ പഹച്ചീനെ.. കാണാന്‍ വന്നേക്കുന്ന ചെക്കനു കട്ടി മീശയും കഷണ്ടിയും ഉണ്ടക്കണ്ണും മാത്രമല്ല സാഹിത്യം കൂടിയുണ്ടെന്ന് പെണ്ണറിഞ്ഞാല്‍ പോലീസൊന്നും പിടിക്കൂലല്ലോ എന്നു കരുതി ആ സംഭവ്ം ഒട്ടും ചോരാതെ തന്നെ ഒരു അലക്കങ്ങട്ടലക്കി.
"സൂറാ.. അനക്കെന്നെ ഇഷ്ടായാ..?? ന്റെ വീട്ടില് സുബ്രു തെങ്ങുമ്മെ കേറി വെട്ടിയിടുന്ന തേങ്ങാ പെറുക്കിയെടുക്കാനും ഓലയും കൊതുമ്പും കോഞ്ഞാട്ടയും വലിച്ചു കൂട്ടാനും അന്നെ ന്റെ വീട്ടിലേക്ക് കൊണ്ടോട്ടെ ഞാന്‍..?? ന്റെ മക്കളെ പെറാനും അവരെ അപ്പിയിടീക്കാനും മുള്ളിക്കാനും കുളിപ്പിക്കാനും ഇക്ക് വെശക്കുമ്പോ നല്ല പോത്തു ബിരിയാണി ണ്ടാക്കി തരാനും ഇയ്യ് തയ്യാറാണോ..? "
സാഹിത്യം കൊറച്ച് കൂടിപ്പോയോ ആവോ.. സൂറ ഞെട്ടി പിന്നോട്ട് ചാടീ.. പടച്ചോനേ.. പറഞ്ഞതു വെല്ലോം തെറ്റിപ്പോയോ ആവോ.. മുഖഭാവം കണ്ടിട്ട് ബലാല്‍ ഒടക്കി നിക്കുവാണന്നു തോന്നുന്നു. ചോദ്യ രൂപേണ ഒന്നൂടെ നോക്കി 'ഇങ്ങടെ കൂറെ തേങ്ങാ പെറുക്കാന്‍ മാത്രമല്ല.. സഹാറ മരുഭൂമിയില്‍ പോയിരുന്ന് അക്കുത്തിക്കുത്താനവരമ്പില്‍ കളിക്കാനാണേലും ഈ സൂറ വരും' എന്നു പറ എന്റെ പെണ്ണേ എന്ന ഭാവത്തില്‍ സൂറാനെ നോക്കി അതി ദയനീയമായി കണ്ണുരുട്ടി.. പക്ഷേ.. പറഞ്ഞു തീര്‍ത്തതും ജബ്ബാര്‍ അത്രയും സമയും കൊണ്ട് കെട്ടിയ മനക്കോട്ടയുടേ ഉരുക്കുവാതില്‍ തകര്‍ത്തു സൂറാടെ ഡയലോഗ് വന്നതും പെട്ടെന്നായിരുന്നു..
"ഇപ്പറ്ഞ്ഞ പണിക്കൊന്നും ഇന്നെ കിട്ടൂല.. ഇന്റുപ്പ ഇതിനൊന്നും അല്ല ന്നെ വളര്‍ത്തി കൊണ്ട് വന്നത്.. വീട്ടിലു വല്ല വേലക്കാരേം നിര്‍ത്തിക്കോ.. ഹും..!!"
ഇതും പറഞ്ഞ് രണ്ടു കയ്യും പിന്നില്‍ കെട്ടി സൂറ ചുമരിലേക്ക് ചാരി തന്റെ മാന്‍ മിഴികള്‍ സീലിങ്ങില്‍ കത്തി കറങ്ങി കൊണ്ടിരുന്ന ഫാനിലേക്ക് ഫോക്കസ് ചെയ്തു
പടച്ചോനേ.. സാഹിത്യം പണി തന്നു.. ദുഖം തളം കെട്ടി നില്‍ക്കുന്ന ഹൃദയവും, എങ്ങാനു ചിമ്മിപ്പോയാല്‍ തളം കെട്ടിയ ദു:ഖമെല്ലാം ഒഴുകിപ്പോകുമോ എന്ന ഭയത്താല്‍ ചിമ്മാന്‍ മടിച്ച കണ്‍പോളകളുടെ ഭാരവും പേറി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..
ആ നടത്തതിലാണു പെട്ടെന്ന് ജബ്ബാറിനെ ഞെട്ടിച്ചു കൊണ്ട് ശ്.. ശ്ശ്.. എന്നൊരു വിളി തൊട്ടു പിന്നീന്ന്.. പണ്ടാരം വല്ല പാമ്പുമാണോന്നു പേടിച്ച് രണ്ടു ചാട്ടം ചാടി അപ്പുറത്തെ സൈഡില്‍ വെച്ചിരുന്ന ടീപ്പോയിയുടെ മുകളിലായിരുന്നു ലാന്റ് ചെയ്തത്. തിരിഞ്ഞു നോക്കി. തൊട്ടി മുന്നില്‍ നിന്ന് ടീപോയിനെ മുകളില്‍ നിക്കുന്ന എന്നെ നോക്കി കഴുത്ത് പൊക്കി നോക്കി കഷ്ടപ്പെട്ട് കാല്‍ വിരലു കൊണ്ട് മൊസൈക്ക് ഫ്ലോറില്‍ കളം വരക്കുന്ന സൂറ..
"അതേ.. ഇങ്ങളെ മീശയും ആ മേശേടേ മോളിലേക്കുള്ള ചാട്ടോം.. ഇക്ക് പെരുത്തിഷ്ടായി.. ഇങ്ങള്‍ വീട്ടിലു വേലക്കാരെ നിര്‍ത്തോ.??"
"ഏഹ്.. വേലക്കാരോ..??"
"അതെന്നെ.. വേലക്കാരെ നിര്‍ത്തണം.. ഇക്ക് വയ്യ അവ്ടെ വന്നു ഇങ്ങളീ പറഞ്ഞ പ്ണിയൊന്നും ചെയ്യാന്‍.. ഇക്കിതൊക്കെ നോക്കി നിക്കാനാ ഇഷ്ടം.. അത്രന്നെ..!!"
അന്നു മുതല്‍ അനുഭവിക്കാന്‍ തൊടങ്ങീതാ ഓള്‍ടെ ഈ അത്രന്നെയുടെ പവ്വറ്.
എന്താ ചെയ്യാ.. എന്തായാലും, ഇപ്പൊ ഇവള്‍ക്കെവിടുന്നാണാവോ ഈ പത്താംക്ലാസ് പൂതി പൊട്ടി മുളച്ചത്.. ഇതിനെ സകലശക്തിയും ഉപയോഗിച്ച് എതിര്‍ക്കേണ്ടത് തന്നെ.. തന്റെ എസ് എസ് എല്‍സി ബുക്കിന്റെ ബലം ഒന്നു കൊണ്ടു മാത്രമാണു ജബ്ബാറീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും പിടിച്ച് നിന്നത്.. അവളും കൂടെ ഒരു എസ്സെല്‍സി ബുക്ക് മൊതലാളിയായാല്‍ പിന്നെ തന്റെ കാര്യം കട്ടപ്പൊക. ജീവന്‍ പണയം വെച്ചിട്ടായാലും ശെരി ഇതിനെതിരെ ശക്തമായി പോരാടണം
"ഇയ്യിപ്പൊ പഠിച്ചിട്ടെന്തു പിണ്ണാക്കുണ്ടാക്കാനാണ്ടീ ബലാലേ..??"
"അതെന്താ ഞാന്‍ പഠിച്ചാല്..??"
ഈ ചോദ്യത്തില്‍ സൂറാന്റെ അന്നു വരെയില്ലാത്ത ഒരു ഭാവമാണു ജബ്ബാറ് കണ്ടത്.. ഭാവമെല്ലാം മാറി, രണ്ടു പെറ്റിട്ടും മങ്ങാത്ത ആ വശ്യസുന്ദരമായമുഖമെല്ലാം ചുവന്ന്, കണ്ണൊക്കെ തള്ളി.. ഒറ്റ നോട്ടത്തില്‍ സൂറയിലേക്ക് നാഗവല്ലി പ്രവേശിച്ചത് പോലെ.. ഇനിയും എന്തെങ്കിലും പറഞ്ഞു ഒടക്കാന്‍ നിന്നാല്‍ ചെലെപ്പൊ അവളു ഡൈനിങ്ങ് ടേബിളു പൊക്കി വീശിക്കളയും.. പിന്നെ അതു വേറെ വാങ്ങാന്‍ നടക്കണം.. വെറുതെ റിസ്ക് എടുക്കെണ്ട..
"അല്ലിന്റെ സൂറാ.. ഇയ്യിതു പോലെ പണ്ട് ഡ്രൈവിങ്ങ് പഠിക്കണം എന്നും പറഞ്ഞ് അവസാനം എന്തായി..?? ഫീസു മുഴുവനും കൊടുത്തത് പോട്ടേ.. അവസാനം ഒരു പുത്യേ വണ്ടി ഡ്രൈവിങ്ങ് സ്കൂളുകാര്‍ക്ക് ഞാന്‍ വാങ്ങി കൊടുക്കേണ്ടി വന്നില്ലെ..??"
"അതു പിന്നെ.. ആ ആശാന്‍ ഇന്നെ ചതിച്ചതല്ലെ ഇക്കാ..? അങ്ങേരു പാലത്തിന്റെ മോളീ കേറി കാറു നിര്‍ത്തി ഇന്നോട് ഫസ്റ്റ് ഇട് സെകന്റ് ഇട്ന്നെല്ലാം പറഞ്ഞു പേടിപ്പിച്ചോണ്ടെല്ലേ കാറു തോട്ടീ ചാട്യേ..?? തോട്ടീ വെള്ളമില്ലാതിരുന്നോണ്ട് ഇന്നെ ഇങ്ങക്ക് ജീവനോടെ കിട്ടിയത് ഭാഗ്യംന്നു കരുതാതെ ഇങ്ങളിപ്പഴും കാറിന്റെ കാശും കണക്കു കൂട്ടി കൊണ്ടിരിക്യാണോ..?? അല്ലെങ്കിലും ഈ ആണുങ്ങളൊക്കെ ഇങ്ങനാ..!!"
ആണുങ്ങളൊക്കെ ഇങ്ങനാണെന്നു പറയാന്‍ ഇയ്യെത്രാഅണുങ്ങളേ അറിയുംടീ എന്നു ചോദിക്കാന്‍ നാവു തരിച്ചതാ.. എന്നാലും ഇപ്പഴത്തെ പ്രശ്നം സൂറ ആരെയൊക്കെ അറിയും എന്നുള്ളതല്ലല്ലോ.. അവള്‍ടെ എസ്സെല്‍സി സീസ് ചെയ്യേണ്ടതാണല്ലോ.. ആ വഴിക്കു നോക്കാം..
"ഇയ്യും അന്റൊരു തോടും.. ആ ആശാന്റെ കാലു ശെര്യായി അങ്ങേരൊന്നെണീറ്റ് നിന്നിട്ട് വന്നിട്ടു വേണം ഇക്കയാളേ ഒന്നു പോയിക്കാണാന്‍.."
"ഇന്റെ റബ്ബേ.. ഇങ്ങളു പോയി അയാളേ ഇനി ഒന്നും കാണിക്കെണ്ട.. പാവം കാലു രണ്ടും ഒടിഞ്ഞ് നട്ടെല്ലു തകര്‍ന്ന് കെടക്കണ കെടപ്പ് കണ്ടിട്ട് ഇക്കു പോലും സഹിക്കാന്‍ പറ്റീല.... ഇങ്ങളു അടങ്ങി ഒതുങ്ങി അവിടിരിക്ക് മനുഷ്യാ...!!
ഡീ ബലാലെ.. ഇനിയെങ്കിലും അങ്ങേരു ബാക്കി പെണ്ണുങ്ങള്‍ക്കു ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോ തോട്ടിന്റെ മോളിലെ തൂറ്റാനീസു പാലത്തിന്റെ മോളീ കൊണ്ടു നിര്‍ത്താതെ വല്ല ഡാമിന്റെ മോളീ കൊണ്ടോയി നിര്‍ത്തി ഫസ്റ്റ് ഇടൂ സെക്കന്റ് ഇടൂന്നു പറയിപ്പിക്കാന്‍ വേണ്ടിയാടീന്നു പറയാന്‍ വന്നതു ജബ്ബാറങ്ങു വിഴുങ്ങി.. വെര്‍തെ ഇനി അതും പറഞ്ഞ് സ്വന്തം മീശക്കു പണി കൊടുക്കെണ്ട....
"എന്തായാലും ശെരി.. ഇയ്യെന്തു വേണോങ്കിലും കാട്ടിക്കോ.. ബുക്ക് വാങ്ങാനും ഫീസു കൊടുക്കാനും അഞ്ചിന്റെ പൈസ ഇന്റെ കയ്യീനു കിട്ടൂല.. വെര്‍തെ ഫീസടച്ച് ഇയ്യു പഠിക്കേമില്ല.. ഇയ്യു അവടെ പോയി തേരാ പാരാ നടന്നു തോറ്റു തുന്നം പാടി വരുന്നത് കാണാന്‍ കാശു ചെലവാക്കാനായിട്ട് ഇക്കിവിടെ നോട്ടടിക്കലല്ലേ പണി....! "
"അതൊക്കെ ഇങ്ങക്ക് തോന്നണതാ... ഇതു ഞാന്‍ എന്തായാലും പാസ്സാവും.!" സൂറാടെ മുഖത്ത് ഒടുക്കത്തെ കോണ്‍ഫിഡെന്‍സ്.. അതു വെച്ചു പൊറുപ്പിക്കാന്‍ പറ്റാത്തതാണ്..
"ഹും മര്യാദക്ക് മലയാളം വായിക്കാന്‍ പോലും അന്നെ കൊണ്ട് പറ്റുന്നില്ല.. ഈ സീരിയലിന്റെ പേരും സില്‍മാ പേരും അല്ലാണ്ട് വേറെന്തെങ്കിലും അക്ഷരതെറ്റു കൂടാതെ അനക്കു വായിക്കാന്‍ പ്റ്റ്വോ ന്റെ പിശാശെ..??"
ഹും.. ഇനിയിവളെന്തു കാണിക്കുന്നു അറിയണോലാ.. ഇതിലു സൂറ കുടുങ്ങും.. ഈ ഡയലോഗില്‍ എസ്സെല്‍സി തോറ്റു.. ജബ്ബാര്‍ ജെയിച്ചു..!! ബൂഹഹഹഹഹാ...
"അയിനിപ്പോ ഇക്കെന്തിനാ മന്‍ഷ്യാ ഇങ്ങടെ കാശ്..?? ഇന്റെകയ്യിലുണ്ട് പത്ത് പ്രാവശ്യം എസ്സെല്‍സി എഴുതാന്‍ ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്.. ഇങ്ങളും ഇന്റുപ്പയും ഒന്നുമല്ലല്ലോ ഫീസു കൊടുക്കുന്നത്.. ഞാനല്ലെ.. അപ്പൊ എന്തായാലും ഞാന്‍ കോപ്പിയടിച്ചാണെങ്കിലും പരീക്ഷ ഞാന്‍ പാസ്സാവും ..!!"
"ആയിനു ജെനിച്ചിട്ടിന്നു വരെ മീന്‍ മുറിക്യേം പെര അടിച്ചു വാരേം ചോറു വെക്കേം മാത്രം ചെയ്തിട്ടുള്ള ഇയ്യെപ്പഴാടീ കഷ്ടപ്പെട്ടു കാശുണ്ടാക്ക്യേ..??"
ജബ്ബാറിനു അത്ഭുതം..
"അതൊക്കേണ്ട്.. ഞാന്‍ പറയൂല.. ഇന്റേലയിനുള്ള കാശൊക്കെ ഇണ്ട്.."
ഇതു കേട്ടതോടെ ജബ്ബാറിന്റെ മനസ്സില്‍ ആയിരത്തഞ്ഞൂറു പൂത്തിരികള്‍ ഒരുമിച്ചു കത്തി.. തൃശൂരു പൂരത്തിന്റെ വെടീക്കെട്ട് മുഴുവനോടെ ഒറ്റയടിക്കു പൊട്ടി.. ഇവള്‍ടേലു കാശുണ്ടായിട്ടാണോ ന്റെ റബ്ബേ ഞാനിത്രനാളും കണ്ണീ കണ്ട പലിശക്കാരുടെ തെറി കേട്ടു കൊണ്ടിരുന്നത്..?? എന്തായാലും ശെരി.. ഒരു നമ്പെരെറക്കി നോക്കാം..
"ന്റെ സൂറാ.. ഇയ്യൊന്നടങ്ങ്.. ഞാന്‍ വെര്‍തെ പറഞ്ഞതല്ലെ.. എന്നാലും ഇയ്യെപ്പ്ഴാടീ കാശുണ്ടാക്കാന്‍ കഷ്ടപ്പെട്ടു തൊടങ്ങീത്..??? ഇക്കത് മാത്രം ഇതു വരെ മന്‍സിലായിട്ടില്ല.."
"പോ അവ്ടുന്ന് മന്‍ഷ്യാ.. ഇങ്ങളെന്നെ സോപ്പിടാനൊന്നും നിക്കെണ്ട.. ഞാന്‍ പറയൂല.. ഇതൊക്കെ ഇന്റെ സീക്രട്ടാ.."
"ഓള്‍ടെ ഒരു സീക്രട്ടും തേങ്ങാ പിണ്ണാക്കും. ഓ പിന്നേ ഇതു സീബീ ഐ ഡയറിക്കുറിപ്പല്ലെ സീക്രട്ടാക്കി വെക്കാന്‍.. ഇയ്യു പറ ന്റെ സൂറാ.. ഇന്റെ മുത്തല്ലേടീ ഇയ്യ്..?"
"അല്ല..!!"
"ഇയ്യെന്താണ്ടീ അങ്ങനെ പറഞ്ഞേ..?"
"ഇങ്ങക്കെന്നോട് ഒട്ടും ഇഷ്ടല്ലാ.. ഇക്കറ്യാം അത്.."
"അതനക്ക് തോന്നുന്നതാ.. ഇയ്യ് പറ.. അന്റേലെവ്ടുന്നാ ഇത്രേം കാശ്.. അന്റുപ്പ ഞാനറിയാണ്ട് അനക്കു കാശു തരാറുണ്ടാ..?? അറു പിശുക്കനായ അന്റുപ്പാന്റെ കയ്യീന്നു പത്ത് പൈസ കിട്ടുന്നതിലും എളുപ്പത്തീ എവറെസ്റ്റ് കൊടുമുടി തലകീഴായി ഒറ്റ കൈ കൊണ്ട് മറിച്ചിടാന്‍ പറ്റും.. അലാണ്ട് ഇയ്യു കഷ്ടപ്പെട്ടു കാശുണ്ടാക്കീന്നു പറഞ്ഞാ ഞാനെങ്ങനെ വിശ്വസിക്കും..?"
"ഇന്റെ മന്‍ഷ്യാ.. ഇങ്ങളു ഒറങ്ങുമ്പഴും കുളിക്കാന്‍ പോകുമ്പഴും ഇങ്ങടെ പേര്‍സീന്നു കാശടിച്ചു മാറ്റാനും ഇങ്ങളു കാശു കണ്ടോന്നു ചോയ്ക്കുമ്പം ഒന്നും അറിയാത്ത പോലെ മേപ്പോട്ടു നോക്കി നിക്കാനും എളുപ്പമാണെന്നാണോ ഇങ്ങളു വിചാരിച്ചേ...?? അതിനു നല്ലം പോലെ കഷ്ടപ്പെടെന്ന വേണം...!!"
ന്നാലും ന്റെ സൂറാ... ജബ്ബാറ് തലേല്‍ കൈ വെച്ചു..
"ഞാനിത്രേം കാലത്തിനെടക്ക് പിരിച്ച് വിട്ട ആ വേലക്കാരികള്‍ടെ മുഴുവനും പ്രാക്ക് ഞാന്‍ എവ്ടെ കൊണ്ടോയി തീര്‍ക്കും ന്റെ സൂറാ...??"
പക്ഷെ അവസാനം ജബ്ബാറു തോറ്റു.. സൂറാക്കും കിട്ടി ഒരെസ്സെല്‍സി ബുക്ക്...!!

1 comments:

സൂറാനെ തോല്പിക്കാനാവില്ല മക്കളേ. നമ്മളിത് പണ്ടേ പറഞ്ഞതാ!!!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com