May 15, 2009

ഒരു LKG വീരഗാഥ

ഭീഷണി: ഈ കഥയിലെ സ്റ്റണ്ടും ചേയ്സും സാരി പറിക്കലും മറ്റു കലാ പരിപാടികളും വിദഗ്ദന്മാരുടെ സഹായത്തോടും ഉപദേശത്തോടും കൂടി അവരുടെ അതി ശക്തമായ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ചിട്ടൂള്ളവയാണ്. ഇതെല്ലാം അനുകരിച്ചു നാട്ടുകാരുടെ കയ്യീന്നു പണി കിട്ടിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല..!!
**************
1983 ജൂണ്‍ 6നാണ് തൊമ്മിക്കുട്ടന്‍ അങ്കം വെട്ടു തുടങ്ങിയത്. ഇവനിതെന്തു ഭാവിച്ചോണ്ടാ ഈ അങ്കം വെട്ടും കുന്തോം കൊടച്ചക്രോം എടുത്തോണ്ടു വരുന്നതെന്നു ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ... കണ്‍ഫ്യൂഷനാകെണ്ട, തൊമ്മിക്കുട്ടന്‍ നഴ്സറിയില്‍ പോയി തുടങ്ങിയ വര്‍ഷമാണ് 1983. മഴ പെയ്തൊഴിഞ്ഞ ആ തണുത്ത പ്രഭാതത്തില്‍, പുതിയ മെറൂണ്‍ ട്രൗസറും ക്രീം കളര്‍ ഷര്‍ട്ടും കറുത്ത ഷൂസുമെല്ലാം ദേഹത്ത് വലിച്ച് കയറ്റി ഡാഡിയുടെ 'ലാംബി' സ്കൂട്ടറിന്റെ മുന്നില്‍ ഇലക്ഷനു ജെയിച്ച സ്ഥാനാര്‍ത്തി തുറന്ന ജീപ്പില്‍ പോണ പോലെ നാട്ടുകാരെയെല്ലാം നോക്കി ഇത്തിരിക്കോളം പോന്ന നെഞ്ചും വിരിച്ച് ഞെളിഞു നിന്നു ഒരൊന്നൊന്നര പോക്കായിരുന്നു നഴ്സറിയിലോട്ട്..

ഫസ്റ്റ് ഡേ നഴ്സറിയില്‍ പോകാന്‍ തൊമ്മിക്കുട്ടനു ഒടുക്കത്തെ ഉഷാറായിരുന്നു. കാരണം വേറൊന്നുമല്ല.. ആരേയും പേടിക്കാതെ ടിഫിന്‍ ബോക്സില്‍ നിന്നും നല്ല ശാപ്പാടടിക്കാമെന്നുള്ള സന്തോഷം.. മുന്‍പൊക്കെ തൊമ്മിക്കുട്ടന്റെ ചേട്ടന്‍ സ്കൂളില്‍ പോകുമ്പോള്‍ മമ്മി ടിഫിന്‍ ബോക്സില്‍ വെച്ചു കൊടുക്കുന്ന മുട്ട പൊരിച്ചതും ബിസ്കറ്റും പിന്നെ മഞ്ഞയില്‍ ചുവന്ന അടപ്പുള്ള വാട്ടര്‍ ബോട്ടിലില്‍ കൊണ്ടു പോകുന്ന ഹോര്‍ലിക്സുമെല്ലാം കാണുമ്പോള്‍ ആ മുട്ട പൊരിച്ചതെടുത്ത് വായിലിടാന്‍ കൊച്ചു തൊമ്മിക്കുട്ടനു ഒടുക്കത്തെ കൊതിയായിരുന്നു.. ലവന്റെ കൊതി തട്ടിയിട്ടാണീ  ചേട്ടച്ചാര്‍ക്കു ഇടക്കിടക്കു വയറു വേദനയും വയറ്റിളക്കവും വരുന്നതെന്നു മമ്മിക്കും ഡാഡിക്കും എന്തിനു പറയുന്നു.. നമ്മുടെ തൊമ്മിക്കുട്ടനു പോലും അറിയത്തില്ലായിരുന്നു.

വന്‍ വിവാദത്തിനു തിരി കൊളുത്തി കൊണ്ടാണ് തൊമ്മിക്കുട്ടന്‍ ഹരിശ്രീ കുറിച്ചത്.  നഴ്സറിയുടെ മുന്നിലെത്തി സ്കൂട്ടറേന്നെറങ്ങിയപ്പോള്‍ തന്നെ തൊമ്മികുട്ടന്‍ ആദ്യത്തെ വെടി പൊട്ടിച്ചു. ടിഫിന്‍ ബോക്സും ഹോര്‍ലിക്സും മാത്രമെ തൊമ്മിക്കുട്ടനു വേണ്ടൂ.. ബാക്കി സ്ഥാവര ജംഗമ വസ്തുക്കളൊന്നും തന്നെ ക്ലാസിലേക്കു കൊണ്ട് പോകുന്നതല്ല എന്ന നിയമം പാസ്സാക്കി ഒറ്റക്കാലില്‍ ഒരു നിപ്പു നിന്നു..

അതു പറ്റില്ലെന്നു പറഞ്ഞു നാക്കെടുക്കുന്നതിനു മുന്നു തന്നെ ഡാഡിയുടെ അടിവയറ്റിനിട്ടു തല വെച്ചു ഒരു മുട്ടന്‍ താങ്ങു കൊടുത്തു തൊമ്മി.. ഓര്‍ക്കാപ്പുറത്തായതു കൊണ്ട് ഡാഡിയുടെ അണ്ടകടാഹം വരെ അതിന്റെ വേദന അറിഞു.
"ഹോ എന്റെ കര്‍ത്താവെ.. ഇവനിത്തിരി കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എന്റെ നെഞ്ചിന്‍ കൂടു പപ്പട പരുവമായി പോയേനല്ലൊ"
എന്നു ചിന്തിച്ചു വയറു തടവുന്നതിനിടയില്‍ തൊമ്മികുട്ടന്റെ അടുത്ത ഡിമാന്റ് ഡാഡിയുടെ ചെവിയില്‍ വന്നലച്ചു..

"ബാഗ് എടുക്കാം പക്ഷെ ടിഫിന്‍ ബോക്സിലുള്ള മുട്ട പൊരിച്ചത് ഇപ്പൊ തന്നെ തിന്നും.."
ദേഷ്യം വന്നാല്‍ പിന്നെ തൊമ്മികുട്ടന്‍ സ്വന്തം തന്തയാണോ അമ്മാവനാണൊ എന്നൊന്നും നോക്കാതെ കയ്യില്‍ കിട്ടുന്നതെടുത്തു കീച്ചിക്കളയും.. ഇനി അടുത്ത കുത്തു എവിടാണെന്നൊന്നും പറയാന്‍ പറ്റില്ല.. ഇവന്റെ കയ്യീന്ന് അസ്ഥാനത്തിട്ട് വല്ല കുത്തും  കിട്ടിയാല്‍ പിന്നെ പണ്ടത്തെ അനിക്സ്പ്രേയുടെ പരസ്യത്തില്‍ പറയുന്ന പോലെ പൊടിപോലുമുണ്ടാകില്ല കണ്ട് പിടിക്കാന്‍. അപ്പന്‍ പിന്നെ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബാഗെടുത്തു വണ്ടിയില്‍ വെച്ചു തിരിഞ്ഞപ്പോഴതാ തൊട്ടു മുന്നില്‍ നല്ല വെള്ള ഉടുപ്പും കറുത്ത തട്ടവുമെല്ലാമിട്ട് നഴ്സറിയിലെ സിസ്റ്ററമ്മ നില്‍ക്കുന്നു. ഒരു കര്‍ത്താവിന്റെ മണാവാട്ടിക്ക് ചേര്‍ന്ന പ്രശാന്ത സുന്തരമായ പുഞ്ചിരിയും നൈര്‍മല്യവും മുഖത്ത് കളിയാടുന്നുണ്ട്..

ഡാഡി തൊമ്മിക്കുട്ടനെ സിസ്റ്ററമ്മയെ ഏല്പിച്ചു.  "സിസ്റ്ററെ കുറച്ചു ലാളിച്ചു വഷളാക്കിയിട്ടുണ്ട്.. ഇച്ചിരി വികൃതി ഒണ്ടെന്നേയുള്ളു പക്ഷെ ആളു പാവമാ.. ഒന്നു ശ്രദ്ധിക്കണം കേട്ടോ" എന്നിട്ട് വെടി മരുന്നിനു തീ കൊടുത്ത വെടിക്കെട്ടു കാരനെ പോലെ സ്ഥലം കാലിയാക്കി.

'ഇതല്ല ഇതിന്റെ അപ്പുറത്തെ സൈസു സാധങ്ങളെ ഞാന്‍ കണ്ടിരിക്കുന്നു.. പിന്നല്ലെ ഈ ചരടു പോലിരിക്കുന്ന ചെക്കന്‍..' എന്നും മനസ്സില്‍ പറഞ്ഞ് സിസ്റ്ററമ്മ തൊമ്മിക്കുട്ടന്റെ കൈ പിടിച്ചു ക്ലാസ്സിലേക്കു നടന്നു. നടക്കുന്നതിനിടയില്‍ മഴപെയ്തു മുറ്റത്തു തളം കെട്ടിക്കിടക്കുന്ന നല്ല മഞക്കളറുള്ള ചളി വെള്ളം കണ്ട തൊമ്മിക്കുട്ടന്‍ ഒരു നിമിഷം നടപ്പു നിര്‍ത്തി.. ഇവനെന്താ പെട്ടെന്നു ബ്രേക്കിട്ടതെന്ന് വണ്ടറടിച്ച് സിസ്റ്ററമ്മയും നിന്നു.

സിസ്റ്ററമ്മക്കു പെട്ടെന്നു നടുവിനെന്തോ വന്നിടിച്ച പോലെ തോന്നി.. ബാലന്‍സ് ചെയ്യുന്നതിനു മുന്‍പ് ചളി വെള്ളത്തില്‍ ക്രാഷ് ലാന്റ് ചെയ്തതു മാത്രം ഓര്‍മയുണ്ട്.. നടുവും കുത്തി വെള്ളത്തില്‍ വീണു രണ്ടു നിമിഷം കഴിഞ്ഞ് കണ്ണൊന്നു തെളിഞ്ഞപ്പോഴാണ് എന്താണു സംഭവിച്ചതെന്നു സിസ്റ്ററമ്മക്കു പിടി കിട്ടിയത്. വന്നൊന്നു കാലു കുത്തിയതിനു ശേഷം മതിയായിരുന്നില്ലേ തെമ്മാടികുട്ടാ എന്നുള്ള ഭാവത്തില്‍ ചളിവെള്ളത്തില്‍ കിടന്ന സിസ്റ്ററമ്മ തൊമ്മിക്കുട്ടനെ അതി ദയനീയമായിട്ടൊന്നു നോക്കിക്കൊണ്ട് തന്റെ തൊണ്ണൂറ്റഞ്ച് കിലോ ശരീരം കഷ്ടപ്പെട്ടു സ്വന്തമായി തന്നെ പൊക്കിയെടുത്തു. ഇതു കൊണ്ട് വല്ലതും തീര്‍ന്നോ..??

പ്രിയ മോള്‍ടെ ഉച്ച ഭക്ഷണത്തില്‍ മണ്ണു വാരിയിട്ടപ്പോള്‍ സിസ്റ്ററമ്മ കരുതി കൊച്ചല്ലെ... പാവം തൊമ്മിക്കുട്ടനല്ലേന്നു..!! വന്നതിന്റെ രണ്ടാം ദിവസം മീനുക്കുട്ടിയെ ഒരു സൂത്രം കാണിക്കാം എന്നു പറഞു വിളിച്ചു ക്ലാസില്‍ ബാക്കിയുള്ള വാനരപ്പടയുടെ മുന്നില്‍ വെച്ചു കെട്ടി പിടിച്ചു കവിളത്തു മുത്തം കൊടുത്തപ്പോളും സിസ്റ്ററമ്മ കരുതി.. കുട്ടികളല്ലെ സ്നേഹിച്ചു വളരട്ടെ എന്നു....!! പോം പോം എന്നു ഹോണടിച്ചു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സോടിച്ചു തൊമ്മിക്കുട്ടന്‍ ഓടിനടക്കുമ്പോഴായിരുന്നു കിച്ചുവിനുള്ള ടിഫിനുമായി കിച്ചുവിന്റെ മമ്മി വന്നത്..നല്ല സ്പീഡിലുള്ള ഓട്ടത്തിനിടക്ക് കാറ്റത്തു പറന്നു കളിച്ച മമ്മിയുടെ സാരിത്തുമ്പും കൂടി പിടിച്ചു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
ഓട്ടത്തിന്റെ സ്പീഡു കൊണ്ട് പമ്പരം പോലെ നാലഞ്ചു വട്ടം കറങ്ങി കിച്ചുവിന്റെ മമ്മി തലയും തല്ലി താഴെ വീണു.. വീണതിനേക്കാള്‍ സ്പീഡില്‍ ചാടിയെണീക്കുകയും "ഠാ കുരുത്തം കെട്ടവനെ" എന്നലറി വിളിച്ചു കൊണ്ട് തൊമ്മികുട്ടന്റെ പിന്നാലെ വെച്ചു പിടിപ്പിച്ചു. സിസ്റ്ററമ്മ നോക്കിയപ്പോള്‍ മുന്നില്‍ വാണം വിട്ട പോലെ പായുന്ന തൊമ്മി കുട്ടന്‍.., തൊമ്മിക്കുട്ടന്റെ പിന്നാലെ അണ്ടര്‍ സ്കര്‍ട്ടും ബ്ലൗസുമിട്ട് അവന്റെ കയ്യില്‍ കുടുങ്ങി പറന്നു കളിക്കുന്ന തന്റെ സാരിക്കു വേണ്ടി ഓടുന്ന കിച്ചുവിന്റെ മമ്മി.. ഒട്ടും ചിന്തിക്കാതെ സിസ്റ്ററമ്മയും ആ ഓട്ട മത്സരത്തില്‍ പങ്കെടുത്തു.. ഒരു വിധം തൊമ്മികുട്ടനെ പിടിച്ച് കിച്ചുവിന്റെ മമ്മിയെ സാരി ചുറ്റാന്‍ സഹായിക്കുന്നതിനിടക്ക് തികട്ടി വന്ന ദേഷ്യമെല്ലാം കടിച്ചമര്‍ത്തി നിന്നെ ഞാന്‍ ശെര്യാക്കിത്തരാടാ എന്നു മനസ്സില്‍ അലറികൊണ്ട് തൊമ്മിക്കുട്ടനെ നോക്കി കര്‍ത്താവിന്റെ മണവാട്ടിയുടേ അതേ നൈര്‍മല്യത്തോടും ശാന്തതയോടും കൂടെ തന്നെ കണ്ണുരുട്ടി നാക്ക് കടിച്ചു..

തൊമ്മിക്കുട്ടന്‍ ജോയിന്‍ ചെയ്ത്  നാലാം ദിവസം നമ്മുടെ സിസ്റ്ററമ്മ എന്തോ കാര്യത്തിനു ഓഫീസിലേക്കു പോയി തിരിച്ചു ക്ലാസിലേക്ക് വന്ന് നോക്കുമ്പോള്‍ കുട്ടികളെല്ലാവരും എന്തോ അല്‍ഭുതം കാണുന്ന പോലെ ചുമരിനടുത്തു നിക്കുന്നു.. മുന്നില്‍ നമ്മുടെ പാവം തൊമ്മിക്കുട്ടന്‍...  കണ്ട കാഴ്ച സഹിച്ചു നിക്കാനുള്ള കരുത്തു സിസ്റ്ററമ്മക്കുണ്ടായില്ല..
ക്ലാസു മുറിയുടെ ചുമരില്‍ എങ്ങനെ മൂത്രമൊഴിച്ചു പടം വരക്കാം എന്നുള്ളതിന്റെ പ്രക്ടിക്കല്‍ ക്ലാസ് കൊടുക്കുകയായിരുന്നു തൊമ്മിക്കുട്ടന്‍...

വെറും കരിക്കട്ട കൊണ്ട് ചുമരില്‍ പടം വരച്ചു വളര്‍ന്ന രാജാ രവിവര്‍മ്മ ലോകമറിയുന്ന പടം വരക്കാരനായെങ്കില്‍ മൂത്രം കൊണ്ട് ചുമരില്‍ പടം വരക്കുന്ന തൊമ്മിക്കുട്ടന്‍ ഭാവിയില്‍ എന്താകും എന്നു പോലും ആലോചിക്കാതെ ചന്തിക്കു രണ്ട് കൊടുത്ത് ചെവിക്കു പിടിച്ചു വലിച്ച് കൊണ്ടു പോയി ഓഫീസിനകത്തിട്ടു പൂട്ടി.. കാവലിനു സിസ്റ്ററമ്മയുടെ ആള്‍ ഇന്‍ വണ്‍ അസിസ്റ്റന്റ് ജാനുവമ്മയേയും ഇരുത്തി. എന്നിട്ട് തൊമ്മിക്കുട്ടന്റെ ഡാഡിയെയും കൊണ്ടല്ലാതെ ഇങ്ങോട്ടു വന്നാല്‍ ജോലിയില്ല എന്ന അന്ത്യ ശാസനം നല്‍കി കൊണ്ട് പ്യൂണ്‍ ഔസേപ്പു ചേട്ടനെ ഓടിച്ചു.

ഇനിയിവനെ ഇവിടെ വെച്ചു പൊറുപ്പിച്ചാല്‍ ഈ നഴ്സറി മാത്രമല്ല, പഞ്ചായത്ത് വരെ അവന്‍ കീഴ്മേല്‍ മറിക്കും. അതു താങ്ങാനുള്ള കരുത്ത് കര്‍ത്താവ് തനിക്കു തരുമെന്നു തോന്നുന്നില്ല എന്നൊക്കെ പിറു പിറുത്ത് കൊണ്ട് തിരിച്ചു ക്ലാസ്സില്‍ വന്ന സിസ്റ്ററമ്മ ആ കാഴ്ച കണ്ട് ഞെട്ടി. എന്തു ചെയ്യണം എന്നറിയാതെ കഞ്ചാവടിച്ച കോഴിയെ പോലെ പകച്ചു നിന്നു.

എന്താ കഥ..?
ബാക്കി കുട്ടികളെല്ലാം കൂടി നിരന്നു നിന്നു ചുമരില്‍ സമൂഹ ചിത്ര രചന നടത്തുന്നു. സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പെണ്‍ പടകളെല്ലാം ഐ പി എല്ലിലെ ചിയര്‍ ലീഡേഴ്സിനെ വെല്ലുന്ന എനര്‍ജിയോടെ മറ്റവന്മാരെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു.. ഭാവിയിലെ കലാകാരന്മാര്‍...!!.. തൊമ്മികുട്ടനെന്ന ഭാവിയുടെ വാഗ്ദാനം. ലോകമറിയാന്‍ പോകുന്ന ആ കൊച്ചു കലാ കാരന്റെ കഴിവുകളെയും ജന്മ വാസനകളെയും പുറത്തെടുക്കാനുള്ള സമയം കൊടുക്കാതെ, എല്ലാം അവഗണിച്ച് കൊണ്ട് സിസ്റ്ററമ്മ ആ കടുത്ത തീരുമാനത്തിലെത്തി. രണ്ടു വര്‍ഷം കൊണ്ട് കമ്പ്ലീറ്റ് ചെയ്യെണ്ട എല്‍കെജി ആന്റ് യുക്കെജി കോഴ്സ് വെറും നാലേ നാലു ദിവസം കൊണ്ട് പാസ്സാക്കി. അങ്ങനെ പാവം തൊമ്മിക്കുട്ടന്‍ വെറും നാലു ദിവസം കൊണ്ടു എല്‍കെജി യുക്കെജി ഗ്രാജ്യൊവേറ്റായി...!!
**************************
ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരൊ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു.. അഥവാ ഏതെങ്കിലും രീതിയില്‍ ആരെങ്കിലുമായിട്ടു എന്തെങ്കിലും ഒരു ഇതുണ്ടെന്നു തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക്.. ബാക്കി നമ്മക്ക് വരണോടത്ത് വെച്ച് കാണാം ;)

18 comments:

പിന്നെ എല്ലാം വളാരെ പെട്ടെന്നായിരുന്നു.. നാലു വട്ടം കറങ്ങി കിച്ചുവിന്റെ മമ്മി താഴെ വീണു.. വീണതിനേക്കാള്‍ സ്പീഡില്‍ ചാടിയെണീക്കുകയും പിന്നെ ടാ കുരുത്തം കെട്ടവനെ എന്നും വിളിച്ചു തൊമ്മിക്കുട്ടന്റെ പിന്നാലെ ഓട്ടവും തുടങ്ങി..

ശ്ശൊ..തോമ്മികുട്ടന്റെ ഒരു കാര്യം...

സ്കൂട്ടറേന്നെറങ്ങിയപ്പോള്‍ തന്നെ ഡാഡിയോട് ഒരു ഡിമാന്റ് വെച്ചു.. ടിഫിന്‍ ബോക്സ് മാത്രം തൊമ്മിക്കുട്ടനു മതി ബുക്കു വെച്ചിരിക്കുന്ന ബാഗ് ഡാഡിയെടുത്തൊ എന്നു..:-)

അങ്ങനെ പാവം തൊമ്മിക്കുട്ടന്‍ വെറും നാലു ദിവസം കൊണ്ടു പുലിക്കുട്ടനായി...nee anno ithu... super !!

എന്തായാലും മഹത്തായ ഒരു കലാവിരുതു കൂട്ടുകാരെ പഠിപ്പിച്ചു കൊടുത്തല്ലോ തൊമ്മിക്കുട്ടൻ.ഭാവിയിലെ ചിത്രകാരനാവട്ടെ.അല്ല എനിക്കൊരു സംശയം.ഈ തൊമ്മിക്കുട്ടനും ഫായസവും തമ്മിൽ എന്താ ബന്ധം ? തൊമ്മിക്കുട്ടൻ തന്നെയാണൊ ഫായസം ?

തൊമ്മിക്കുട്ടന്‍ അന്നു് അങ്ങനെ ആയിരുന്നെങ്കില്‍, ഇന്നു് എങ്ങനെ ആയിരിക്കും?

ആഹ രാവിലെ ഒന്ന് ചിരിക്കാനിള്ള വകുപ്പ് ഇണ്ടാക്കി തന്നതിന് താങ്ക്സ്...
ഈ തൊമ്മിക്കുട്ടനും ഫായസം അണ്ണനും തമ്മിലില്ല ബന്ധം എന്താ? ഇത് അണ്ണന്‍ തന്നാണോ അതോ അണ്ണന്റെ മോനോ കൊച്ചുമോനോ ആണോ???

ഹോ..തൊമ്മിക്കുട്ടന്‍ ഇക്കണക്കിനു ബാക്കി ക്ലാസ്സിലോട്ടു പോവുമ്പോള്‍ എന്തൊക്കെ കാണേണ്ടി വരും..?

‘ഈ തൊമ്മിക്കുട്ടന്റെ ഒരു തമാശ...!!‘

കണ്ണനുണ്ണി : അതെയതെ.. ഈ തൊമ്മിക്കുട്ടന്റെ ഒരു കാര്യം.. അല്ലെ..??

Meenakshi : നന്ദിയുണ്ട് കേട്ടൊ.. ഇനീം വരണം ഇതു വഴിയൊക്കെ..!

Haritha : നന്ദി.. ഇതു ഞാന്‍ ആണോന്നൊക്കെ ചോദിച്ചാല്‍.. വേണേല്‍ ഒരു ഗ്ലൂ തരാം... :)

കാന്താരിക്കുട്ടി : ഫായസവും പായസവും തമ്മില്‍ എന്താ ബന്ധം എന്നൊക്കെ ചോദിചാല്‍ ഒരു രസമില്ലെ..?? അല്ലാ ആരാ ഈ തൊമ്മിക്കുട്ടി..?? അതു മനസ്സിലായില്ലല്ലാ.. ;)

എഴുത്തുകാരി : നന്ദി ഫോര്‍ കമിംഗ്.. :) അന്നു അങ്ങനെ ആയിരുന്നു... ഇപ്പോ മഹാ ഡീസെന്റാ..അന്നു നിന്നു പടം വരച്ചതു ഇന്നു ഇരുന്നു വരക്കുന്നു.. അന്നു ക്ലാസ് റൂമിന്റെ ചുമരില്‍ ചെയ്തത് ഇന്നു നാട്ടുകാരുടെ മതിലില്‍ ചെയ്യുന്നു.. റോഡ് സൈഡാ... :)

സുമ : ഇതൊക്കെ ഇങ്ങനെ ഓപണ്‍ ആയി ചോദിക്കാമൊ..?? ഫായസവും തൊമ്മിക്കുട്ടനും തമ്മിലുള്ളാ ബന്ധം പറയുകയാണെങ്കില്‍ വകയില്‍ ഒരു അമ്മാവന്റെ മോള്‍ടെ മരുമകന്റെ അമ്മായിയപ്പന്റെ അയല്‍ക്കാരന്റെ അനിയന്റെ ഭാര്യയുടെ വകയില്‍ ഒരു അമ്മാവന്റെ കൊച്ചു മോനായിട്ടു വരും. എല്ലാം സംശയവും തീര്‍ന്നില്ലെ..??

Rare Rose : ഇക്കണക്കിനു ബാക്കി ക്ലാസ്സിലേക്കു പോയപ്പോള്‍ ഒന്നും കാണെണ്ടി വന്നില്ല.. ആളു ഡെസെന്റ് ആയെന്നണു പറഞത്.. അതെങ്ങനെ ആണെന്നു മാത്രം ചോദിക്കരുത്.. ഞാന്‍ ബുദ്ധിമുട്ടിലാകും.. :)

വീ കെ : ശെര്യാ കേട്ടോ.. ഈ തൊമ്മിക്കുട്ടന്റെ ഒരു കാര്യം പറയുവാണെങ്കില്‍ ഒരു രക്ഷയുമില്ല.. :)

എല്ലാവര്‍ക്കും എല്ലാ കമന്റ്സിനും നന്ദി.. :)

kolllaam - am not surprised -ithu thaangal thanne :D degree-kkum - swapna teacherkkum - zachariya sir-kkum pani kuravonnum allallo koduthittullathu? :D

തോമ്മിക്കുട്ടന്‍ ഇപ്പോള്‍ പടങ്ങള്‍ വരക്കാരുണ്ടോ ?ചിരിചിരിച്ചു ,എന്റമ്മേ ...

സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പെണ്‍ പടകളെല്ലാം ഐ പി എല്ലിലെ ചിയര്‍ ലീഡേഴ്സിനെ വെല്ലുന്ന എനര്‍ജിയോടെ മറ്റവന്മാരെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു..


പിഹ് പിഹ് പിഹ്,,, സാങ്കേതിക കാരണത്താൽ എയറിൻഡ്യ ക്യാൻസെൽ ചെയ്തു എന്നൊക്കെ കേട്ടിട്ടു...

ഉവ്വ.. ഇതു ഞാനൊന്നും അല്ല.. കോളേജിലായിരുന്നപ്പോ ഞാന്‍ വളരെ നല്ല കഉട്ടിയായിരുന്നില്ലെ ഇന്ദിരേ..?? (വെറുതെ അതും ഇതുമൊന്നും ഇവിടെ പറയല്ലെട്ടാ.. :P )@indira

ആ.. ഇന്നലേ കൂടി ഒരെണ്ണം വരക്കുന്നത് ഞാന്‍ കണ്ടതാ.. @സിയാഫ്

ശ്ശേടാ.. പെണ്‍കുട്ടികള്‍ക്കെന്താ സാങ്കേതികം പാടില്ലെ..?? അതോ അതു എയറ് ഇന്‍ഡ്യക്കു മാത്രെ പാടൊള്ളൂന്നുണ്ടൊ എന്റെ @sivaprasad ;) :P :p :p

Angane chumar chitram varachu thomman kuti innu valuthayitallenkilum ariyapedunna oru photographer and blog writer and a master chef angane sakalakala vallabhanayi marie....super ending .....

കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കേ കുഞ്ഞുങ്ങളുടെ ചലനങ്ങളറിയൂ..
കുസൃതിയെ ഹാസ്യമായി അവതരിപ്പിച്ചെങ്കിലും ആ കുഞ്ഞുമനസ്സിന്റെ വർത്തമാനങ്ങൾ ഇതൊക്കെതന്നെ..
ഇഷ്ടായി...
ന്നാലും ഈ കുസൃതികളെ പഠിപ്പിക്കുന്നവരെ എപ്പഴും ഹാസ്യ കഥാപാത്രങ്ങളാക്കിക്കൂടാ ട്ടൊ..
തൊമ്മിക്കുട്ടനെ പോലെ അവരും നിഷ്കളങ്കരായിരിക്കും :(

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com