April 30, 2009

തിലകന്റെ പരാക്രമം


തെങ്ങിന്റെ മുകളിലെത്തുംബോഴാണു തിലകന്റെ തലക്കു റേഞ്ച് കിട്ടുക....അപ്പോഴാണു തിലകന്റെ ക്വിസ് പ്രോഗ്രാം തല്‍സമയ സംപ്രേഷണം ആരംഭിക്കുക..

"ഭൂമിയില്‍ ദൈവം ഒരു തടസ്സവും നല്‍കാത്തതെന്തിനാ..??"
എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണും മിഴിച്ച് അതെന്തു കുന്തമാണാവോ എന്നുള്ള രീതിയില്‍ വായും പൊളിച്ചു നിന്നു...
"എന്താ..??"
"ഒച്ച..!!" തെങ്ങിന്റെ മുകളിലിരുന്നു ആരുണ്ടെന്നെ തോല്പിക്കാന്‍ എന്ന ഭാവത്തോട് കൂടി തിലകന്‍ താഴെ കരിക്കിനായി വെയ്റ്റു ചെയ്തു നില്‍ക്കുന്ന ഞങ്ങളെ നോക്കി പല്ലിളിച്ചു..

"അല്ല തിലകാ..ഒരു സംശയം.. തളിക്കുളം കാര്‍ത്തിക തിയ്യേറ്റര്‍ സൗണ്ട് പ്രൂഫ് ആക്കി എന്നു പരസ്യം കണ്ടല്ലൊ.. അതോ..?? അനിയന്‍ എന്നെ നോക്കി കണ്ണിറുക്കി..

"എന്താ എന്താ.. സവുണ്ട് എന്താക്കീന്നാ...?? "
"ഓ.. എന്റെ തിലകാ.. സൗണ്ട് പ്രൂഫ് ചെയ്തൂന്ന്.. അതായത് തിയ്യേറ്ററിന്റെ അകത്തെ സൗണ്ട് പുറത്തേക്കും വരില്ല.. പുറത്തൂന്ന് അകത്തേക്കും പോകില്ലാത്രെ.. അപ്പൊ അതു ശബ്ദത്തിനു തടസ്സമല്ലെ..??"

"അതേയ് കഥ പറയാന്‍ സമയമില്ല.. ഇതും കൂടി കഴിഞാല്‍ പിന്നെ എനിക്കു കാസിംക്കാടെ പറമ്പില്‍ കേറാനുള്ളതാ.. എത്ര കരിക്കു വേണം..??"

"കരിക്കൊക്കെ അവിടെ നിക്കട്ടെ.. ഇതിനുത്തരം പറഞിട്ടു മതി ബാക്കി..??" തിലകനെ കൊല്ലാക്കൊല ചെയ്യാന്‍ തന്നെയാണ് അനിയന്റെ ഉദ്ധേശം എന്ന് എനിക്കു മനസ്സിലായി.. തിലകനാണെങ്കില്‍ ആകെ ബേജാറിലായി.. എന്തിനും ഏതിനും പറയുന്നത് മണ്ടത്തരമാണോ അതോ തെറിയാണോ എന്നു നോക്കാതെ മറുപടിയും, വാ തോരാതെ ഇമ്മാതിരി കൊണഷ്ട് ചോദ്യങ്ങളുമായി എന്‍സൈക്ലോപീടിയ ബ്രിട്ടാനിക്ക മുഴുവനും സ്വന്തം തലയിലാണെന്നുള്ള ഭാവത്തില്‍ മുളയുടെ ഏണീയും തോളില്‍ വെച്ചു സൈക്കിളും ചവിട്ടി വരുന്ന തിലകനു മിണ്ടാട്ടമില്ല...

"എന്താ തിലകാ.. അണ്ണാക്കില്‍ വല്ലതും തടഞോ.. ഒച്ചയൊന്നും കേക്കാനില്ലല്ലോ..." അനിയന്‍ ഒന്നൂടെ സ്ക്രൂ ടൈറ്റ് ചെയ്തു... തിലകന്‍ ഒരു ചമ്മിയ ചിരിയോടെ താഴോട്ടു നോക്കി.. എന്നിട്ടു പറഞു..

"അതേ തളിക്കുളം കാര്‍ത്തിക നിങ്ങളു പറഞ സാധനം ആക്കീതു കഴിഞ മാസമല്ലെ..? നീയൊക്കെ ജെനിക്കുന്നേനെ മുന്നേ ദൈവം ഒച്ചയുണ്ടാക്കിയതാ, അറിയാമോ..?? ഇതു പറഞതും ഒരു കൊല കരിക്കു വെട്ടിയിട്ടതും ഒരുമിച്ചായിരുന്നു..!!


ഇതാണു തിലകന്‍..!!

എത്ര ശ്രമിച്ചിട്ടും തിലകന്റെ ഇരുപത്തിനാലു കാരറ്റ് കളറിനു ഒരു മങ്ങല്‍ പോലും ഏല്പിക്കാന്‍ പറ്റാതെ സൂര്യഭഗവാന്‍ പോലും തോറ്റു തുന്നം പാടിയതാണ്.. ഒരു ആറ് - ആറരയടി പൊക്കം കാണും..കണ്ടു കഴിഞാല്‍ ആകെ മൊത്തം ടോട്ടല്‍ ഒരു ഇരുപത്തഞ്ചു കിലോയില്‍ കൂടുതല്‍ പറയില്ല.. അസ്ഥികൂടത്തിനു തൊലി വെച്ച് കുറച്ചു മുടി ഫിറ്റ് ചെയ്ത് ഒരു ലുങ്കിയും ബനിയനും ഇടീപ്പിച്ചു നടത്തിയാല്‍ ആര്‍ക്കായാലും ഇതു തിലകന്‍ തന്നെ ആണോ അതൊ തിലകന്റെ ഇരട്ടയാണോ എന്നു തോന്നുന്നത് സ്വാഭാവികം.. കുറ്റം പറയാന്‍ പറ്റില്ല.. ലുങ്കിയുടുത്തു കാലിന്റെ മുട്ടിനു മുകളിലേക്കു മടക്കി കുത്തിയാണു നടത്തം.. ബനിയനാണെങ്കില്‍ കയ്യും ഇല്ല..

ആദ്യായിട്ടു കാണുംബോള്‍ ആരും പെട്ടെന്നു ശ്രദ്ധിക്കുന്ന ഒരു കാര്യം തിലകന്റെ കയ്യും കാലും ആണ്.. അസാമാന്യ നീളമാണു രണ്ടിനും.. തിലകന്റെ ശരീരത്തിന്റെ എഴുപത്തഞ്ചു ശതമാനവും കയ്യും കാലും ആണ്..സത്യായിട്ടും അതെ..!! ബാക്കി എല്ലും തോലിയും.. അതെ അധികം വിശധീകരിച്ചു പറയാന്‍ ടൈം ഇല്ല.. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുവാണെങ്കില്‍ നമ്മുടെ ക്രിഷ്ണന്‍ കുട്ടി നായരെ ഓര്‍മയില്ലെ?? മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന..ആ.. ആ പുള്ളിക്കാരന്‍ തന്നെ.. ആ ക്രിഷ്ണന്‍ കുട്ടി നായരെ ഒന്നു വലിച്ചു നീട്ടി കുറച്ചു ജപ്പാന്‍ ബ്ലാക് പെയിന്റും പൂശി ഒരാഴ്ച വെയിലത്തിട്ടു ഒന്നുണക്കിയെടുത്താല്‍ എന്തായിരിക്കും.. ബാക്കി നിങ്ങളായി നിങ്ങള്‍ടെ പാടായി...

പ്രധാന ജോലി കള്ളുകുടി.. ഹോബി തെങ്ങു കയറ്റം.. വൈകുന്നേരമായാല്‍ സ്വന്തം ഭാര്യയെ വല്ലവന്റെം ഭാര്യയായി സങ്കല്പിച്ചു തലമുടിക്കു കുത്തിപ്പിടിച്ചു വട്ടം കറക്കുക, ചോദിക്കാന്‍ വരുന്നവടെ തന്തക്കും തള്ളക്കും പറയുക..
തന്തക്കു വിളിക്കു കേട്ടിട്ടും പിന്നേം കോംബ്രമൈസിനു പോയാല്‍ പണികിട്ടും എന്നുള്ളതു നൂറു ശതമാനം ഉറപ്പ്.. അപ്പൊ കളി മാറും. പിന്നെ സരു (സരോജിനി - തിലകന്‍ ഫിറ്റല്ലാത്ത സമയത്തു തിലകന്റെ സ്വന്തം ഭാര്യ. ഫിറ്റാണെങ്കില്‍ നാട്ടുകാരുടെ.. ) രക്ഷപ്പെടും. പിന്നെ ആരാണൊ ചോദിക്കാന്‍ ചെന്നതു അവന്റെ കഷ്ടകാലമായിരിക്കും.. " ഞാനെന്റെ സ്വന്തം ഭാര്യയെ തല്ലുന്നേന് നിനക്കെന്താണ്ടാ ഡാഷ് മോനേ പ്രശ്നം..?" "നീയാണല്ലേടാ ഞാന്‍ തെങ്ങേല്‍ കേറുംബോള്‍ എന്റെ വീട്ടീ കേറുന്നത് പുലിവാലു മോനെ.??" തുടങ്ങിയ കിളവന്‍സ് ഓണ്‍ലി ഭാഷയിലായിരിക്കും സ്വീകരിച്ചു വേദിയിലേക്കു ആനയിക്കപ്പെടുന്നത്

പ്രധാന ജോലിയെ സപ്പോര്‍ട്ട് ചെയ്യാനായി ഹോബിയില്‍ ശ്രദ്ധിച്ചു കൊണ്ട് അന്നന്നത്തെ കാര്യങ്ങള്‍ നടത്തി വരുന്ന ഒരു പാവം ശരാ ശരി ഇന്‍ഡ്യന്‍.. ചുരുക്കം പറഞാല്‍ കള്ളുകുടിക്കാന്‍ കാശില്ലാതാകുംബോള്‍ മാത്രം പണിക്കു പോകും എന്നു.. എല്ലാം കൂടി കൂട്ടി കിഴിച്ചു നോക്കുവാണെങ്കിലോ..?? അടിച്ചു പാംബല്ലെങ്കില്‍, ഇത്രയും നിഷ്കളങ്കനും സഹായ മനസ്കനും പച്ചപാവവുമായ ഒരു മനുഷ്യനെ കാണാന്‍ കിട്ടല്‍ പ്രയാസമാണ്. ആളെ ഫിറ്റല്ലാതെ കിട്ടണ്ടെ.. അതാണു പ്രശ്നം.. ലിറ്ററലി തിലകന്‍ ഈസ് എ ഫുള്‍ ടൈം ദുഷ്ടന്‍..!!

പിന്നെ തിലകന്റെ പിന്‍ ഗാമി.. ഒരേയൊരു മകന്‍.. തിലകന്റെ ഫോട്ടോ കോപ്പി.. പക്ഷെ തിലകന്റെ പാരംബര്യം ഒരു രീതിയിലും കാത്തു സൂക്ഷിക്കാന്‍ മകനെ കൊണ്ടാവില്ല എന്ന സങ്കടത്തിലാണ് ഈയിടെയായി തിലകന്റെ കള്ളുകുടി.. കാരണം രൂപം അച്ചന്റെയാണെങ്കിലും സ്വഭാവം അമ്മയുടെതായിപ്പോയി.. പോരാത്തതിനു മുടങ്ങാതെ സ്കൂളില്‍ പോവുകയും പത്താം ക്ലാസു വരെ തോല്‍ക്കാതെ പഠിക്കുക്കയും ചെയ്തു..

ഒരു ദിവസം ഭയങ്കര തെറിവിളിയും കരച്ചിലും കേട്ടിട്ടാണ് സന്ധ്യക്കു വീട്ടില്‍ കത്തിയടിച്ചു കൊണ്ടിരുന്ന ഞാനും അനിയനും റോഡിലിറങ്ങിയത്.. ഒരു ജാതക്കുള്ള ആള്‍ക്കൂട്ടം.. നടു റോഡില്‍ തിലകന്‍ വള്ളി നിക്കറുമിട്ടു വെട്ടുകത്തിയും പൊക്കിക്കൊണ്ട് ഉറഞു തുള്ളൂന്നു.. തെറി പറയുന്നു.. ഉടു തുണിയാണെങ്കില്‍ എന്നെ ആര്‍ക്കും വേണ്ടല്ലോ ദൈവമെ എന്നുള്ള വിഷമത്തില്‍ റോഡ് സൈഡിലെ ഒരു ശീമക്കൊന്ന മരത്തില്‍ കൊടി തൂക്കിയ മട്ടില്‍ ആടുന്നു.. ആരെങ്കിലും അടുത്താല്‍ അടുക്കുന്നവനെ തട്ടും എന്നുള്ള ഭീഷണി..സരു തിലകന്റെ തെറിയുടെ താളത്തിനൊത്തു മാക്സിമം ഫീല്‍ കൊടുത്തു കൊണ്ട് കരയുന്നു.. ഞാനിതൊക്കെ എത്ര കണ്ടതാ എന്നുള്ള ഭാവത്തില്‍ ഒരു സൈഡ് മാറി തിലകന്റെ പിന്‍ ഗാമിയും.. നാട്ടുകാരാണെങ്കില്‍ ഇന്നാരാ തിലകന്റെ ഭാര്യയുടെ രഹസ്യക്കാരനായി തിലകന്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് എന്നുള്ള ആകാംഷയിലും..

"എടീ കൂതറേ.. സത്യം പറ.. ഇവനാര്‍ടെ മോനാടീ..?? ഇന്നിതിനൊരു പരിഹാരം കാണാതെ ഞാന്‍ പോകില്ല.. സത്യം പറഞോ..!!"

"എന്റെ മനുഷ്യേനേ.. ജനിച്ചിട്ടിന്നു വരെ നിങ്ങള്‍ടെ മുഖത്തു വരെ നേരെ നോക്കാത്ത എന്നോടു തന്നെ ഇമ്മാതിരി കന്നം തിരിഞ വര്‍ത്താനം പറയാന്‍ തോന്നിയല്ലോ...നാട്ടുകാരു കേട്ടാല്‍ എന്താ വിജാരിക്ക്യാന്നുള്ള ബോധം പോലുമില്ലല്ലോ..??"

"ആഹാ നീയത്രക്കായോ.. നിനക്കപ്പോ നാട്ടുകാരാണല്ലെ വലുത്.. ഇതു തന്നെയാടീ എനിക്കു നിന്നെ സംശയം.. സംശയമല്ലെടീ ഒറപ്പാ.. ആരാടീ ആ നിക്കുന്നവനു ഉത്തരവാദി...??"
മോന്റെ നേരെ നോക്കി ഒരു ചോദ്യവും ഓടിച്ചെന്നു സരുവിന്റെ ചെകിള നോക്കി ഒന്നു പൊട്ടിക്കുകയും ചെയ്തു...
അടി കൊണ്ട് താഴെ വീണ സരുവിന്റെ കരച്ചില്‍ ഒരു നിമിഷം നിന്നു... സരു തിലകന്റെ കാലുകളിലേക്കു സൂക്ഷിച്ചു നോക്കി.. പിന്നെ കയ്യിലേക്കും.. പിന്നെ തിലകന്റെ മുഖത്തേക്കും.. ആര്‍ക്കും ഒന്നും മനസ്സിലാകാത്ത അവസ്ഥ.. ഭാര്യയുടെ ശബ്ദം കേള്‍ക്കാതായപ്പോള്‍ തിലകനും അണ്ടി പോയ അണ്ണാന്റെ പോലെ... ഉഷാറു പോയ പോലെ...!

പിന്നെ ഞങ്ങളു കണ്ടതു ആരും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു.. താഴെ വീണു കിടന്നിരുന്ന സരുവിന്റെ ഉയിര്‍ത്തെഴുന്നേല്പ്... ചാടിയെണീറ്റ സരു മൂക്കൊന്നു പിഴിഞ് കണ്ണൊക്കെ തിരുമ്മി അഴിഞു കിടന്ന മുടിയൊക്കെ വാരിക്കെട്ടുന്നു... ശരീരത്തൂന്നു അഴിഞു പോയി തിലകന്റെ ലുങ്കിക്കു കംബനിയായി ശീമക്കൊന്നയില്‍ പോയി തൂങ്ങണൊ എന്നുള്ള സംശയത്തില്‍ കിടന്നിരുന്ന സാരി സരു ഒന്നു പൊക്കി അരയില്‍ കുത്തി.. ടോം അന്റ് ജെറി കാര്‍ട്ടൂണില്‍ ശക്തി മരുന്നു കുടിച്ച ജെറി ടോമിന്റെ മുന്നിലേക്കു സ്ലൊമോഷനില്‍ നെഞ്ചും വിരിച്ചു നടക്കുന്ന പോലെ അതേ പോസില്‍ തിലകന്റെ നേരെ നടക്കുന്ന സരുവിനെ കണ്ട് ഇനിയെന്ത് എന്നുള്ള ചിന്തയില്‍ നില്‍ക്കുന്ന നാട്ടുകാര്‍... ഇവളിതെന്തു ഭാവിച്ചാണു പതിവില്ലാതെ എന്റെ കയ്യും കാലും നോക്കി എന്റെ നേരെ വരുന്നതെന്ന സംശയത്തില്‍ തിലകന്‍... സരു ഒരോ അടി മുന്നോട്ടു വെക്കുംബോഴും തിലകന്‍ ഓരോ അടി പിന്നോട്ട്..

പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു..

ടപ്പേന്നുള്ള അടിയുടെ ശബ്ദം... എന്റമ്മേ.. എന്നെ കൊല്ലുന്നേന്നുള്ള കരച്ചില്‍.. അടികൊണ്ട് താഴെ വീണു കരയുന്ന തിലകന്റെ കയ്യീന്നു താഴെ വീണ വെട്ടുകത്തിയെടുത്ത് മറ്റേ കൈ കൊണ്ട് തിലകനെ റോഡീലൂടെ വലിച്ചിഴച്ച് സരു മകന്റെ കാല്‍ക്കല്‍ കൊണ്ട് ചെന്നിട്ടു... എന്നിട്ടു അഞ്ചടി പൊക്കത്തില്‍ നെഞ്ചും വിരിച്ചു നിന്നു തിലകന്റെ നേരെ വെട്ടുകത്തി നീട്ടി ഒരു ചോദ്യം..

" ഈ നിക്കുന്ന ചെറുക്കന്റെ കയ്യും കാലും നോക്കീട്ടു പറ മനുഷ്യാ ഇവനാരുടെ മോനാണെന്ന്.. ഇതിനൊരു തീരുമാനമുണ്ടാക്കീട്ട് ഇന്നു വീട്ടീ പോയാ മതി...!!"

പാവം തിലകന്‍...!! അതോ പാവം സരുവോ..?? അല്ലെങ്കില്‍ സംഭവത്തിന്റെ അവിജാരിത ക്ലൈമാക്സ് കണ്ട് ഞെട്ടിത്തരിച്ചു നിക്കുന്ന നാട്ടുകാരോ...?? അതുമല്ലെങ്കില്‍ ഇതു വായിച്ചു വായും പൊളിച്ചിരിക്കുന്ന നിങ്ങളോ...?? ആരാ പാവം..??

©fayaz

April 23, 2009

വലി

"ഭയങ്കര പ്രശ്നമാ കേട്ടൊ... ഇതെന്നേം കൊണ്ടേ പോകൂ..."

"പിന്നെന്തിനെണ്ടാ കഷ്ട്ടപ്പെട്ടു വലിക്കുന്നേ...??"

"ഒന്നും പറയണ്ടിഷ്ടാ.. കുറെ പ്രാവശ്യം നിര്‍ത്തീതാ.. മാക്സിമം മൂന്നു ദിവസം.. അതീ കൂടുതല്‍ പിടിച്ചു നിക്കാന്‍ പറ്റീട്ടില്ല.. പിന്നേം തുടങ്ങും...ഓഫീസ് ടെന്‍ഷന്‍, ഫാമിലി ടെന്‍ഷന്‍.. കമ്പ്ലീറ്റ് പ്രശ്നങ്ങളല്ലേ...??"

"യാ യാ... അതു കൊണ്ടല്ലെ ഞാന്‍ നിര്‍ത്തീത്.."

"ആഹാ നീ നിര്‍ത്തിയോ...?? എപ്പൊ..??"

മാല്‍ബോറൊ പാക്കറ്റ് എടുത്ത് പോക്കറ്റില്‍ ലൈറ്റര്‍ തപ്പുന്നതിനിടയില്‍ മറുപടി കോടുത്തു..
"വലി നിര്‍ത്തീല.. ഇടക്കിടക്കു വലി നിര്‍ത്തുന്ന പരിപാടി അങ്ങു നിര്‍ത്തി..."

©fayaz

April 20, 2009

വര്‍ഷം പതിനാറ്

"എനിക്കൊന്നും വേണ്ടാ.. സ്നേഹം മാത്രം മതി.. അതിനെനിക്കിന്നു വരെ ഒരു കൊറവൂണ്ടായിട്ടില്യാ.."

"ദൈവമെ.. എന്തോ ഒരു കുരിശുമായിട്ടാനല്ലോ ഇന്ന് രാവിലെ തന്നെ.." ദോശ വിളമ്പുന്നതിനിടയില്‍ ഭാര്യയുടെ സംസാരം കേട്ടപ്പൊള്‍ മനസ്സു പറഞ്ഞു. അതിന്റെ പ്രതിഫലനമായി പാത്രത്തിലെ ചട്നിയില്‍ കിടന്നു പുളഞ്ഞിരുന്ന ദോശ വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

"സീനു.. അച്ചന്റെ കൂടെ പോയാ മതീട്ടോ.. ആരേം വിശ്വസിക്കാന്‍ പറ്റാണ്‍ടായീക്കണ്.. എന്തൊക്ക്യാ ഓരോ ദെവസോം കേക്കണേ..?? ഇവളെ കെട്ടിച്ചു വിട്ടാലേ മനസ്സമാധാനത്തോടെ ഒന്നൊറങ്ങാന്‍ പറ്റൂ‍..!! വയസ്സു പതിന്നാലായി.. എത്ര പെട്ടെന്നാ ദെവസം പോണെ..?? ഇവളെ പ്രസവിച്ച വേദന ഇപ്പോഴും മാറാത്ത പോലേ.. രണ്ടു ദോശ കൂടി എടുക്കട്ടെ ചേട്ടാ...??"

ഇതെനിക്കുള്ള പണി തന്നെ. വീണ്ടും മനസ്സിന്റെ മുന്നറിയിപ്പ്.. ഇവക്കു സംസാരിച്ചിട്ടു ശ്വാസം മുട്ടുന്നില്ലേ..?? കൈ കഴുകി തിരിഞപ്പോള്‍ പേടിച്ചു പോയി.. ടവ്വലുമായി ഭാര്യ നില്‍ക്കുന്നു.. കൈ തുടക്കുമ്പോള്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല. ഓഫീസില്‍ പോകുന്നതിനു തൊട്ടു മുന്നുള്ള പത്ര വായനയിലിങ്ങനെ ലയിച്ചിരുന്നപ്പോള്‍ പതിവില്ലാതെ ഭാര്യയും അടുത്ത്..

"ഇപ്പോഴത്തെ കാലത്തു പെണ്‍കുട്ട്യോളെ കെട്ടിച്ചു വിടുമ്പോ എത്രയാ സ്വര്‍ണം... സ്വര്‍ണത്തിനാണെങ്കില്‍ ഓരോ ദെവസ്വോം പൊരക്കു തീപിടിച്ച പോലെ വെല കത്തിക്കേറുകയാ..

"നാളെ തന്നെ മോളെ കെട്ടിച്ചു വിടണൊ..??" ചോദിക്കാതിരിക്കാന്‍ കഴിഞില്ല...

"ദേ.. സീരിയസ്സായിട്ടു ഒരു കാര്യം പറയുംബൊ വളിച്ച കോമഡീം കൊണ്ടു വരെണ്ടാട്ടൊ... ഇപ്പോഴെ സ്വരുക്കൂട്ടി വെച്ചാല്‍ അന്നു ഓടി കഷ്ട്ടപ്പെടേണ്ടാ..‍"

ഇന്നെന്താണാവോ ഇവക്കു ഭാവിയെ കുറിച്ചു ഇത്രക്കും ഉല്‍ക്കണ്ട.. അതും പതിവില്ലാതെ.. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള വല്ല ലേഖനവും കയ്യില്‍ കിട്ടിയോ ആവൊ..??

"നീ മനോരമയും മംഗളവും അല്ലാതെ വേറെ വല്ലോം വായിക്കാന്‍ തുടങ്ങ്യോ..??"
"ഓ ഒരു ബുദ്ദി ജീവി വന്നിരിക്കുന്നു... ദേ കളിയാക്കണ്ടാട്ട... എന്റെ കയ്യീന്നു മേടിക്കുമേ.. പറഞേക്കാം.."

"ഒവ്വടീ നീ ഒലത്തും..." അതു പുറത്തു വരുന്നതിനു മുന്നേ തന്നെ നാക്കു കടിച്ചു.. മൗനം ഇടക്കു ഭര്‍ത്താവിനും ഭൂഷണമാണെന്നാണു അനുഭവത്തില്‍ നിന്നും ഞാന്‍ പടിച്ചത്..

"ദേ മനുഷ്യാ.. നിങ്ങളറിഞോ...?? നമ്മുടെ സൂസിയില്ലേ..??"
"അവളെന്താ വല്ലോര്‍ടേം കൂടെ ഓളിച്ചോടി പോയാ..??"
"ശ്ശോ... ഒന്നൂല്ല്യാ..."

"അയ്യോ.. ഞാന്‍ ചുമ്മാ പറഞതല്ലേ.. നീ കാര്യം പറ.." കയ്യിലിരുന്ന പത്രം ടീപോയിലേക്കിട്ടിട്ടു പതുക്കെ ശാരിയുടെ അടുത്തേക്കു ചേര്‍ന്നിരുന്നു... വീര്‍പ്പിച്ചു പിടിച്ച മുഖവും കണ്ട് കൊണ്ട് ഓഫീസിലേക്കു പോയാല്‍ പിന്നെ ഒരു പണിയും ചെയ്യാന്‍ പറ്റില്ല...

നോ റെസ്പോണ്‍സ്..
"ഓ.. എങ്കില്‍ ശെരി നമുക്കു ബാക്കി വൈകീട്ടു സംസാരിക്കാം അല്ലെ...??" ഞാന്‍ അടുത്ത നമ്പരിട്ടു "വേഗം പറ.. ടൈം ഇസ് മണി ഡാര്‍ലിങ്..." മകളടുത്തില്ലെന്നുറപ്പു വരുത്തി ഭാര്യയുടെ താടിക്ക് ഒന്നു കൊഞ്ചിച്ചു...

"ആ അങ്ങനെ വഴിക്കു വാ...!! അതേ സൂസിക്ക് അഞ്ചു പവന്റെ മാലയാ ജോര്‍ജ് മേടിച്ചു കൊടുത്തത്.. അവര്‍ടെ വെഡ്ഡിങ് ആന്നിവേര്‍സറിക്ക്.. അറിഞാ.. അതും 916' എപ്പോ വിറ്റാലും ഒരു പൈസ പോലും കുറയാതെ മേടിച്ച വെല തന്നെ കിട്ടും..??"

ദൈവമേ.. കൊടുങ്കാറ്റു പ്രതീക്ഷിച്ചിരുന്ന എനിക്കു രാവിലെ തന്നെ നീ സുനാമിയാണല്ലൊ തന്നത്... അല്ലെങ്കിലും ഈ ദൈവങ്ങള്‍ക്കീയിടെയായിട്ട് പാവപ്പെട്ട ഭര്‍ത്താക്കന്മാരോടു ഒരു സ്നേഹവുമില്ലെ.. അതെങ്ങനാ... ദൈവങ്ങളില്‍ മുക്കാല്‍ പങ്കും ആണ്‍ രൂപമല്ലെ..?? ചുമ്മാതല്ല....!!
"അവരു കാശുകാരല്ലെടീ... എന്തു വേണോങ്കിലും ആകാല്ലോ...?? വരുംബൊ നാളത്തേക്കു പച്ചക്കറി വല്ലോം മേടിക്കണൊ..?? ഞാനിറങ്ങുവാ... മോളെ.. വാ.. അച്ചന്‍ ഡ്രോപ് ചെയ്യാം...!!"

*************
വൈകുന്നേരം ഒഫീസീന്നെറങ്ങി ബ്ലെയ്ഡ് വര്‍ക്കിയുടെ മുറിയിലിരുന്ന് ബ്ലാങ്ക് ചെക്കൊപ്പിട്ടു കൊടുത്ത് ഏസിയുടെ തണുപ്പിലും നെറ്റിയില്‍ പൊടിഞ വിയര്‍പ്പു തുള്ളികള്‍ തൂവാലയില്‍ ഒപ്പിയെടുക്കുമ്പോള്‍ മനസ്സു നിറയേ രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുംബോള്‍ ശാരി പറഞ വാക്കുകളായിരുന്നു....
"വരുംമ്പോള്‍ മുല്ലപ്പൂ മേടിക്കാന്‍ മറക്കെണ്ട കേട്ടൊ... നാളത്തെ പ്രത്യേകത അറിയാമല്ലോ... രാവിലെ തന്നെ അമ്പലത്തില്‍ പോണം.. ഞാനീ വീട്ടില്‍ വലതു കാലു വെച്ചു കേറീട്ട് വര്‍ഷം 16 തികയുവാ...!!"

വര്‍ക്കി നല്‍കിയ പൈസ ഭദ്രമായി ബാഗില്‍ വെച്ചു പുറത്തിറങ്ങി കാറു സ്റ്റാര്‍റ്റ്ട്ട് ചെയ്തു.. ഡ്രൈവു ചെയ്യുംബോള്‍ ആശയക്കുഴപ്പത്തിലായിരുന്നു... ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനത്തിലേക്ക് പോണോ.. അതോ.. ലോകത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വര്‍ണക്കടയിലേക്കു പോണൊ...??

April 4, 2009

A B'day Wish

Hope you had a good day,
celebrating the years spent on earth,
And your good memories and friends outnumber the bad ones ,
If not this evaluation will help you realize where you went wrong,
Now is the time to make resolutions to keep ,
not for the world but for you.

If your choices from the previous year did not work,
now you know, its not worth pursuing ,
Count your blessings and be happy for all you accomplished,
Never dwell on anything that went wrong for it is not for you to change.

Days on this earth are very few,
why not make the best out of it and walk with your head held up high.

Know that when you point at someone for your failures ,
the other Three fingers are pointing right back at you.
New year, new you, new beginnings....!!!!!!!!!

©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com