August 21, 2009

ഓപെറേഷന്‍ ചെയ്തോ.. പക്ഷെ...!!

"എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." മരുന്നു നിറച്ച സിറഞ്ചും കയ്യില്‍ പിടിച്ച് നഴ്സ്  കരഞു കൊണ്ട് ഓ പിയില്‍ നിന്നും വാണം വിട്ട പോലെ ഓടുന്നത് കണ്ടപ്പോള്‍ പുറത്ത് നിന്നിരുന്ന ആളുകളെല്ലാം വാ പൊളിച്ചു...

ട്ടിങ്ങ്.. ട്ടിങ്ങ്..ട്ടിങ്ങ്.. കാര്‍ട്ടൂണില്‍ കാണുന്ന പോലെ ഒന്നിനു പുറകെ ഒന്നൊന്നായി കര്‍ട്ടന്റെ ഉള്ളിലൂടെ അടക്കാന്‍ മറന്നു പോയ വായുമായി കുറെ തലകള്‍ അകത്തേക്ക്.കഥാനയകന്‍ കത്തിയും പിടിച്ച് കത്തിയിലോട്ടും ഞങ്ങളുടെ മുഖത്തോട്ടും കണ്ണും മിഴിച്ച് നോക്കി ബെഡിനടുത്ത് നില്‍ക്കുന്നു.. ആശുപത്രി ജീവനക്കാരും നാട്ടുകാരും ഞങ്ങളും നോക്കി എന്താണു സംഭവിച്ചതെന്നറിയാതെ അടുക്കണൊ വേണ്ടയോ എന്നുള്ള സംശയത്തില്‍ നില്‍ക്കുന്നു...  (അവന്റെ ഒറിജിനല്‍ പേരു പറഞാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എനിക്കിടി ഉറപ്പാ. ജീവനില്‍ കൊതിയുള്ളത് കൊണ്ട് അതു പറയുന്നില്ല.) ഏകദേശം ഒരു ഒന്നൊന്നര മണിക്കൂര്‍ മുമ്പായിരുന്നു ഇതിന്റെയെല്ലാം തുടക്കം.

അതിനു മുന്നു ചെറിയൊരു ഇന്‍ഡ്രൊ...
ആലുവയില്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം. അയ്യൊ സോറി.. കോളേജില്‍ പോയിരുന്ന കാലം.  പഠിക്കാന്‍ പോയി എന്നു പറഞാല്‍ അടിച്ചു കയ്യും കാലും ഒടിക്കും എന്നുള്ള വാപ്പാന്റെ ഭീഷണി ഇപ്പോഴും നില നില്‍ക്കുന്നുണ്ട്...!!ഞങ്ങള്‍ എട്ടു വരത്തന്മാര്‍ ചേര്‍ന്നു കോളേജിനടുത്ത് ഒരു വീട് വാടകക്കെടുത്താണ് താമസം. അതേ കോമ്പൗണ്ടില്‍ തന്നെ മറ്റൊരു വീട്ടില്‍ ഹൗസ് ഓണര്‍ അമ്മച്ചി താമസിക്കുന്നു.. അമ്മച്ചിയുടെ മക്കള്‍ കേരളത്തിനു പുറത്ത് എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നു.. കെട്ട്യോന്‍ ഗള്‍ഫില്‍.. ഫ്രന്‍ഡ്സിന്റെയെല്ലാം ഇടത്താവളമാണ് ഞങ്ങളുടെ കൊട്ടാരം...
നമ്മുടെ കഥാനായകന്‍... ഒരു ആറടിയില്‍ മേല്‍ ഉയരം.. നല്ല കട്ടി മീശ.. ശരീരം കമ്പ്ലീറ്റ് മസ്സില്‍.. പ്രധാന ഹോബ്ബി രാവിലെയും വൈകീട്ടും ജിമ്മെടുക്കലാണ്.. സൈഡായിട്ടു പത്തു പന്ത്രണ്ട് പൊറോട്ടയും രണ്ടു ബിരിയാണിയുമെല്ലാം ചുമ്മാ കൊറിച്ചോളും.. കോളേജില്‍ അടി വല്ലതുമുണ്ടെങ്കില്‍ മൂപ്പരു നെഞ്ചും വിരിച്ചൊരു നിപ്പു നിന്നാല്‍ തന്നെ അടിക്കാന്‍ വരുന്നവരൊന്നു പരുങ്ങും. വരുന്നവരു അടി തുടങ്ങിയാല്‍ അവന്‍ ഓടി പണ്ടാരമടങ്ങും.. വരുന്ന അടി മുഴുവനും ഞങ്ങളു മേടിക്കും.അതു വേറെ കാര്യം..

അന്നും പതിവു പോലെ അതിരാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങളെട്ടു പേരും കുളിച്ച് കുട്ടപ്പന്മാരായി കോളേജ് ബസ് സ്റ്റോപ്പില്‍ അറ്റന്റന്‍സ് ഡ്യൂട്ടിക്ക് ഹാജരായി. ബസ്സിറങ്ങിയ ഞങ്ങളുടെ കോളെജിലേയും അപ്പുറത്തെ പ്ലസ്റ്റൂ പിള്ളേരുടെയും ടീച്ചര്‍മാരുടെയും കണക്കെടുത്ത് ആരും ആബ്സെന്റായിട്ടില്ലെന്നുറപ്പു വരുത്തി കോളേജ് കാന്റീനിലെത്തിയപ്പോഴെക്കും സീനിയേഴ്സും ജൂനിയേഴ്സുമെല്ലാമടങ്ങുന്ന ടീംസ് അബ്ദുക്കാന്റെ ഒണക്ക പ്പൊറോട്ട, സാമ്പാറെന്ന പേരില്‍ തരുന്ന പച്ചക്കറി വെള്ളത്തില്‍ കുതിര്‍ത്ത് പതിവ് കലാ പരിപാടി തുടങ്ങിയിരുന്നു.

ക്ലാസ് തുടങ്ങിയപ്പോള്‍ ബൈക്കുകളോരോന്നായി സ്റ്റാര്‍ട്ടായി.. ഏകദേശം ഇരുപത് പേരടങ്ങുന്ന ഗ്രൂപ്പ് തിരിച്ച് ഞങ്ങളുടെ വാടക വീട്ടിലെത്തി.. ഇനി ഉച്ചക്ക് പന്ത്രണ്ടര വരെ അതായത് കോളേജിലെ ലഞ്ച് ബ്രേക്ക് വരെ ക്രിക്കറ്റ് കളിയും കത്തിയടിയും ചീട്ട് കളിയുമെല്ലാമായി വിശ്രമമാണ്. ലഞ്ച് ബ്രേക്കിനു ബെല്ലടിക്കുന്നതിനു മുന്നു കറക്ടായിട്ടു തന്നെ കോളേജിലെത്തിയില്ലെങ്കില്‍ പെണ്‍പിള്ളേരവരുടെ ഫുഡ് കഴിച്ചു തീര്‍ക്കും. പിന്നെ അന്നു പട്ടിണി കിടക്കേണ്ടി വരും. എന്താന്നറിയില്ല ഭക്ഷണ കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒടുക്കത്തെ പംച്ച്വാലിറ്റിയാ.

അതിനിടയില്‍ അമ്മച്ചിയുടെ വീട്ടില്‍ അനക്കമുണ്ടോ എന്നു സ്പൈ വര്‍ക്കിനു പോയ മുരുകന്‍ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തി ഹാപ്പി ന്യൂസുമായി കൂടി ഉരുണ്ടുരുണ്ടു വന്നു..
"ഡാ രക്ഷപ്പെട്ടു.. വീടടച്ചിട്ടിരിക്കുവാ.. ഇന്നമ്മച്ചിക്കൊരു എട്ടിന്റെ പണി കൊടുക്കണം.. പുറത്ത് ക്രിക്കറ്റ് കളിക്കാം.." ഞങ്ങളെ അത്രക്കും വിശ്വാസമായതു കൊണ്ട് മാത്രം അമ്മച്ചി വല്ലപ്പോഴുമേ വീടു പൂട്ടി പുറത്ത് പോകൂ..!
വീടിനകത്ത് അടിച്ചു പൊട്ടിക്കാന്‍ ജനലുകളോ ഷോകേയ്സോ മറ്റു സാധനങ്ങളോ ഒന്നും തന്നെ ബാക്കിയില്ല.. വീടിനു പിന്നിലാണെങ്കില്‍ ഞങ്ങളെ നശിപ്പിക്കൂ എന്നു കുറെ നാളൂകളാഅയി കരഞു നില്‍ക്കുന്ന ഒരുപാട് കുലച്ച വാഴകളും.. പൂവിട്ടു നില്‍ക്കുന്ന മാവുകളും.. പിന്നെ അമ്മച്ചി പുതുതായി നട്ടു പിടിപ്പിച്ച കവുങ്ങിന്‍ തൈകള്‍. ശ്ശോ... ഇതെല്ലാം കണ്ടു കയ്യും കാലും തരിച്ച് നിക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി.. എല്ലാവര്‍ക്കും കോമ്പ്ലാന്‍ കഴിച്ച ഉഷാര്‍.. തെങ്ങിന്റെ മടലു വെട്ടിയുണ്ടാക്കിയ ബാറ്റും റബ്ബര്‍ പന്തുമെടുത്ത് എല്ലാവരും വീടിന്റെ പിന്നിലേക്കിറങ്ങി.

ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമൊക്കെയായി കളി ഉഷാറായി വരികയാണ്.. പറമ്പാണെങ്കില്‍ ആന കരിമ്പും കാട്ടില്‍ കയറിയ പോലെ ആയി.. ഏതെങ്കിലും വാഴക്കുലയിലേക്കു പന്തടിച്ചാല്‍ ഡയറക്ട് സിക്സറാണ്.. ഞങ്ങളുടെ സ്ഥാവര ജങ്കമ വസ്തുക്കള്‍ കഴുകിയുണക്കാനായി വീടിന്റെ ജനലില്‍ നിന്നും സെപ്റ്റിക് ടാങ്കിന്റെ എക്സ് ഹോസ്റ്റിനു വേണ്ടി ഫിറ്റ് ചെയ്തിട്ടുള്ള ആസ്ബെറ്റോസ് പൈപ്പിലേക്കു ഒരു കമ്പി വലിച്ചു കെട്ടിയിരുന്നു.. നായകന്‍ എവിടുന്നോ പൊക്കിയെടുത്ത ലുങ്കിയുമുടുത്ത് കയ്യില്ലാത്ത ബനിയനുമിട്ടു വന്നു കയ്യും കാലുമൊക്കെ പൊക്കി മസിലുരുട്ടി നടക്കുന്നു...
"ഡാ കണ്ടോടാ.. ഇതാണ്ടാ മസ്സില്‍.. അല്ലാതെ ഈ ഗ്രഹണി പിടിച്ച പുള്ളങ്ങളെ പോലെ ഇരിക്കാന്‍ നാണമില്ലേടാ ചെറുക്കാ.." എന്നൊക്കെ പറഞു ഞങ്ങളെയെല്ലാം ചൊറിഞു കൊണ്ടിരിക്കുകയാണ്.. പറഞു പറഞു ഈ അയ കെട്ടിയിരുന്ന കമ്പിയില്‍ പിടിച്ച്  ജയന്‍ ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടന്ന പോലെ കിടന്ന് അതു പൊട്ടിക്കാനുള്ള പുറപ്പാടിലായി..!!

"ടാ അതു വലിച്ചു പൊട്ടിച്ചാല്‍ പിന്നെ ഷഡ്ഡിയും കോണാനുമെല്ലാം കഴുകി നിന്റെ ബൈക്കില്‍ ഉണക്കാനിടും കേട്ടൊ.." അവനെ ചൂടാക്കാന്‍ ചീനാപ്പുവും തുടങ്ങി..
"ആഹാ.. അതു ശെരി.. നിന്റെയൊരു ഷഡ്ഡിയും പുണ്ണാക്കും....."
എന്നു പറഞു അവന്‍ പൂര്‍വ്വാധികം ശക്തിയോടെ വലി തുടങ്ങി.. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു.. എന്തോ പൊട്ടുന്ന ശബ്ദവും നായകന്റെ കരച്ചിലും കേട്ടപ്പോള്‍ എല്ലാവരും കളി നിര്‍ത്തി ഓടി വന്നു. ലവന്‍ ചക്ക വെട്ടിയിട്ട പോലെ താഴെ കിടക്കുന്നു.. അടുത്തായി പൊട്ടി മൂന്നു കഷ്ണമായി സ്പെറ്റിക്ക് ടാങ്കിന്റെ പൈപ്പ് കിടക്കുന്നു. ലവനു യാതൊരു അനക്കവും ഇല്ല. ഒരു വിധം മുഖത്തും തലയിലുമെല്ലാം വെള്ളമൊഴിച്ച് പൊക്കിയെടുത്ത് വീടിന്റെ പടിയില്‍ ഇരുത്തി.

നെറ്റിയിലൂടെയും ചെവിയുടെ പിന്നിലൂടെയും രക്തം ചാലിട്ടു വന്ന് ബനിയനെല്ലാം കമ്മ്മ്യൂണിസ്റ്റ് പതാക പോലെ ആയി.. ഞങ്ങള്‍ അവന്റെ മുടിയൊക്കെ വകഞ്ഞുമാറ്റി വിശദമായ ഒരു അന്ന്വേഷണം തന്നെ നടത്തി.. സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ പൊട്ടിയിട്ടുണ്ട്..  പൈപ്പ് വീണ ശക്തിയില്‍ തല തരിച്ചു പോയതു കൊണ്ട് നായകനു വെല്യ വേദനയൊന്നുമില്ലെന്നു ഇരിപ്പ് കണ്ടപ്പോള്‍ മനസ്സിലായി..

ചീനാപ്പുവിനു ഉല്‍സവം കാണാന്‍ വന്ന നഴ്സറി കുട്ടികള്‍ടെ ഉല്‍സാഹം...
"ഡാ പൊക്കിക്കോ.. ഹോസ്പിറ്റലില്‍ കൊണ്ടു പോകാം.. സ്റ്റിച്ചിടേണ്ടി വരും.. ഒറപ്പാ.."
"വേണ്ടെര്‍ക്കാ... ഹോസ്പിറ്റലിലേക്കും കോപ്പിലേക്കുമൊന്നും പോണ്ടാ.."നായകന്‍ അടുക്കുന്നില്ല.
ചീനാപ്പുവിനു പരിഭവം ബാക്കിയായി.

" ശ്ശോ.. ഹൊസ്പിറ്റലില്‍ അഡ്മിറ്റ് ആക്കുവായിരുന്നെങ്കില്‍ ആ പേരും പറഞു വീട്ടീന്നു മുങ്ങി രണ്ട് സെക്കന്‍ഷോ കാണാമായിരുന്നു.. ആ പ്രതീക്ഷയും പോയി.."
അധികം നിര്‍ബന്ധിച്ചാല്‍ തടി കേടാകും എന്നറിയാവുന്നത് കൊണ്ട് നിര്‍ബന്ധിക്കാനും പറ്റുന്നില്ല.. തലയുടെ തരിപ്പു മാറി വേദന അറിയാന്‍ തുടങ്ങിയപ്പോള്‍ നായകന്റെ സ്വഭാവം മാറി..
"ഹോസ്പിറ്റലില്‍ ഒന്നു പോയി നോക്കാം അല്ലെ...??"

ലവന്റെ ചോദ്യം കേട്ടപ്പോള്‍ കെട്ടു പോയ ഉല്‍സാഹം ആളിക്കത്തി.. എല്ലാവരും കൂടി പൊക്കിയെടുത്ത് ബൈക്കിലിരുത്തി പാഞു.. എല്ലാവരും കൂടി പാഞു വരുന്നതു കണ്ടപ്പോള്‍ തന്നെ ഹോസ്പിറ്റലിലുണ്ടായിരുന്നവര്‍ ചുറ്റും കൂടി.. ചീനാപ്പു ഓടി പോയി വരാന്തയില്‍ കിടന്നിരുന്ന സ്ട്രെചര്‍ തള്ളി കൊണ്ടു വന്നു..
"ടാ നടന്നു പോണ്ടാ.. ഇതില്‍ കിടത്തി തള്ളിക്കൊണ്ടൂ പോകാം.." ലവനൊന്നും പറയാന്‍ അവസരം കൊടുക്കാതെ പിടിച്ചു കിടത്തി സ്ട്റെച്ചര്‍ എല്ലാവരും കൂടി പരമാവധി സ്പീഡില്‍ തള്ളി ഓ പി ലക്ഷ്യം വെച്ചു ഓടി..
"ആഹ.. ഈ വണ്ടി തള്ളാന്‍ നല്ല രസം.. കൊറെ നാളായി ഇതു തള്ളണമെന്ന ആഗ്രഹവുമായി നടക്കുന്നു.. ഇപ്പൊ അതു മാറിക്കിട്ടി.." ഓടുന്നതിനിടയില്‍ ചീനാപ്പുവിന്റെ കമന്റ് കേട്ടപ്പോള്‍ നായകന്‍ തെറിവിളി തുടങ്ങി.

സ്ട്രെച്ചറും തള്ളി ഞങ്ങള്‍ പത്തു പന്ത്രണ്ടു പേരു ഓപിയിലേക്ക് ഇടിച്ചു കേറിയപ്പോള്‍ എന്തൊ ഭയങ്കര പ്രശ്നം ആണെന്നു കരുതി അവിടെ സിസ്റ്റര്‍മാരുമായി കത്തിയടിച്ചു നിന്നിരുന്ന ബൈ സ്റ്റാന്റര്‍ മാരും, മനോരമയും മംഗളവുമെല്ലാം വായിച്ചു കൊണ്ടിരുന്ന സിസ്റ്റര്‍മാരുമ്മെല്ലാം ഓടിയെത്തി..
"എന്താണ്ടായേ.....?"
"ഒന്നു പറയെണ്ട സിസ്റ്ററെ.. പെട്ടെന്നു തന്നെ ഡോക്ടറെ വിളിക്ക്.. സംഗതി സീരിയെസ്സാണ്.. മിനിമം മൂന്നു ദിവസം അഡ്മിറ്റ് ചെയ്യണം..." ചീനാപ്പു പിന്നെയും ഗോളടിച്ചു..
നായകന്‍ ചമ്മി നാറി സ്ട്രെച്ചറില്‍ നിന്നും ഇറങ്ങി ഓടാനുള്ള ശ്രമത്തില്‍ ആക്രമാസക്തനായി...

"നിങ്ങളൊക്കെ ഒന്നു പൊറത്തിറങ്ങ്യേ.. ഞങ്ങളു നോക്കട്ടെ.. ഡേക്ടറിപ്പൊ വരും.. ആക്സിഡെന്റ് കേസ് വല്ലതും ആണെങ്കില്‍ പോലീഎ റിപ്പോര്‍ട്ട് വേണം.. അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.." സുന്ദരിയായ നഴ്സ് വന്നിതു പറഞു നായകന്റെ തല പരിശോധിക്കാന്‍ തുടങ്ങി.. നഴ്സിനെ കണ്ടതോടെ ലവനും ശാന്തനായി..
"എന്താ സിസ്റ്ററേ പേര്...??"
"സൂസന്ന...!!" പേരു പറഞ്ഞെങ്കിലും ബാക്കി കൂടി പൂരിപ്പിക്കാന്‍ സിസ്റ്റര്‍ മറന്നില്ല..
"ചാകാന്‍ കിടന്നാലും ഇതൊന്നും മറക്കരുത് കേട്ടോ..??"
അതു കേട്ട ചമ്മലൊന്നും പുറത്ത് കാണിക്കാതെ നായകന്‍ ചീനാപ്പുന്വിനെ നോക്കി വേണമെങ്കില്‍ കണ്ടോടാന്നുള്ളാ ഭാവത്തില്‍ പൃത്വീരാജിന്റെ കണക്ക് ചുണ്ടൊരു സൈഡുവലിച്ച് ഒരു പുച്ച ചിരിയും കണ്ണിറുക്കലും.

ചീനാപ്പുവിനു കുരു പൊട്ടി.. "അയ്യേ ഇതു ആക്സിഡന്റല്ല സിസ്റ്ററേ.. കക്കൂസ ടാങ്കിന്റെ പൈപ്പൊടിഞു തലയില്‍ വീണതാ. അധികം അടുത്തോട്ടു പോണ്ടാട്ടാ.. നാറും.... .."
"തന്നോടല്ലെടോ പുറത്തിറങ്ങി നിക്കാന്‍ പറഞത്.. ഇതു ഞങ്ങളു നോക്കിക്കൊള്ളാം..."
ചീനാപ്പു ചമ്മി.. എന്നാലും വിട്ടു കൊടുത്തില്ല..
"പറ്റില്ല സിസ്റ്ററെ.. പ്രായ പൂര്‍ത്തിയായ ചെക്കനാ.. ഇങ്ങനെ ഒറ്റക്കു കിടത്തി എങ്ങനാ..?? ദിവസ്സോം എന്തൊക്കെയാ കേക്കണേ..? കൂട്ടുകാരായ ഞങ്ങള്‍ക്കു ചില ഉത്തരവാദിത്തങ്ങളൊക്കെയില്ലെ..??"

"ഓഹ്.. തന്റെ കൂട്ടുകാരനെ ഞങ്ങളു പിറ്റിച്ചു തിന്നാനൊന്നും പോണില്ല... താന്‍ പോടോ.."
"നിങ്ങളു തിന്നൂല... പക്ഷീ ഇവനാളു ശെരിയല്ല.. അതല്ലെ ഞങ്ങളവനെ ഒറ്റക്കാക്കി പോകാത്തത്..? അവസാനം കണാ കുണാ പറഞു വന്നേക്കരുത്...."
"എന്നാലും എല്ലാര്‍ക്കും കൂടി ഇങ്ങനെ നിക്കാന്‍ പറ്റൂല.. മറ്റുള്ള പേഷ്യന്‍സിനു ഡിസ്റ്റര്‍ബന്‍സാകും..."

നായകന്‍ സിസ്റ്റര്‍മാരുടെ ടച്ചിംഗ്സെല്ലാം ആസ്വദിച്ചു നീണ്ടു നിവര്‍ന്നു കിടക്കുന്നു... ഞങ്ങളെല്ലാവരും അപ്പോഴും പുറത്ത് പോകാതെ അസൂയയോടു കൂടെ അവനെയും നോക്കി സങ്കടപ്പെട്ടു നില്‍ക്കുന്നു..

ഒരു സിസ്റ്റര്‍ സിറിഞ്ചുമായി വന്നു.. "എടോ.. താനൊന്നും തിരിഞു കിടന്നേ.."
"എന്തിനാ..?" നായകന്റെ ചോദ്യം..
"ഇഞ്ചെക്ഷനെടുക്കണം... പിന്നെ സ്റ്റിച്ചുമിടണം.."
"ഹേയ് അതൊന്നും ശെര്യാവില്ല... "
"ശെര്യാവില്ലാന്നു താനാണോ തീരുമാനിക്കുന്നത്...? തിരിയെടൊ.."
"ഇഞ്ചക്ഷെനെടുക്കാനും സ്റ്റിച്ചിടാനുള്ളതൊന്നും ഇല്ല.. വെര്‍തെ കാശു മേടിക്കാനുള്ള ട്രിക്കാ... നിങ്ങക്കൊക്കെ ഹാപ്പിയായില്ലെ..??" ലവന്റെ അടുത്ത ചോദ്യം ഞങ്ങളോടായിരുന്നു...!

"പിന്നെതിനാടോ ഇങ്ങോട്ടു വന്നത്..?" സിസ്റ്റര്‍മാര്‍ക്കും ദേഷ്യം വന്നു തുടങ്ങി...
"എന്തായാലും ശെരി ഇഞ്ചക്ഷനും സ്റ്റിച്ചും വേണ്ടാ.. വല്ല മരുന്നും ഉണ്ടെങ്കില്‍ തന്നാല്‍ മതി..."
"എടോ അല്ലെങ്കില്‍ പോയിസെനാകും.. എന്തായാലും ഒരു കുത്തു വേണ്ടി വരും.."
 ഞങ്ങളവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. "എടാ.. ഒരിഞ്ചെക്ഷന്‍ എടുത്തൂന്നു വെച്ചു അധികം കാശൊന്നും ആകില്ല..."
നായകന്‍ പിന്നെയും കച്ചറയായി.. അമ്പിനും വില്ലിനും അടുക്കുന്നില്ല... അവ്സാനം ഞങ്ങളെല്ലാവരും കൂടി പിടിച്ചു ബലമായി ഇഞ്ചെക്ഷന്‍ എടുക്കാം എന്നുള്ള തീരുമാനത്തിലായി.. ലവന്റെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ബലമായി കയ്യും കാലുമെല്ലാം പിടിച്ചു... കുതറി ചാടിയെണീക്കാന്‍ ശ്രമിച്ചിട്ടും പറ്റാതെ ലവന്‍ ചീത്ത വിളിയും തുടങ്ങി..

ഞങ്ങള്‍ക്കാണെങ്കില്‍ അവന്റെ ചീത്ത വിളി കേട്ടപ്പോള്‍ ഹരം കൂടി.. സിസ്റ്റര്‍ ഇപ്പൊ ശെരിയാക്കി തരാം എന്നുള്ളാ ഭാവത്തില്‍ സിറിഞ്ചും പൊക്കി പിടിച്ച് അടുത്തേക്ക് വന്നു.. പെട്ടെന്നു സകല ശക്തിയുമെടുത്ത് ലവന്‍ ഞങ്ങളെയെല്ലാം തട്ടി തെറുപിച്ച് ചാടിയെഴുന്നേറ്റു മുറിവു ഡ്രെസ്സ് ചെയ്യാന്‍ കൊണ്ടു വന്നിരുന്ന ട്രേയിലിരുന്ന കത്തിയെടുത്ത് സിസ്റ്റര്‍ക്കു നേരെ നീട്ടി..
ഇത്രയും സംഭവിക്കുമ്പോഴേക്കും ലവന്റെ പരാക്രമവും ചാടിയെഴുന്നെല്‍ക്കലും കണ്ട് സിസ്റ്റര്‍ പേടിച്ചു രണ്ട് മൂന്നടി പിന്നോട്ടു ചാടി. "എന്റമ്മച്ചിയേ.. എന്നെ കൊല്ലാന്‍ വരുന്നെ.." എന്നലറി കരഞു കൊണ്ട് സിറിഞ്ചും പൊക്കി പിടിച്ചു ഓടിയതും ഒരുമിച്ചായിരുന്നു. അതു കൊണ്ട് നായകന്റെ ലാസ്റ്റ് ഡയലോഗ് കേള്‍ക്കാന്‍ സിസ്റ്റര്‍ക്കായില്ല...!!

"എന്റെ പൊന്നു സിസ്റ്ററെ.. ഈ കത്തി വെച്ചു എന്നെ ഓപറേഷനോ പോസ്റ്റ്മോര്‍ട്ടമോ എന്തു വെണേലും ചെയ്തൊ.. സൂചി മാത്രം വെക്കരുത് പ്ലീസ്.. അതെനിക്കു പേടിയാണെന്നൊന്നു പറഞ്ഞു മനസ്സിലാക്കെടാ ചീനാപ്പൂ....!!"
©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com