June 13, 2014

റേഷന്‍ കാര്‍ഡ്

"ന്റെ സൂറാ... ബലാലേ.. അന്നോട് ഞാൻ പറഞ്ഞതല്ലെ ഞായറാഴ്ച കൊണ്ടോവാന്നു..?"
ജബ്ബാറു ദേഷ്യം കൊണ്ട് വിറച്ചു..

വിറയലിന്റെ എഫെക്റ്റ് കൂട്ടാനായിട്ടാണോ എന്തോ, ജബ്ബാറീന്റെ കട്ടി മീശയെല്ലാം കൂടെ കാർട്ടൂണിൽ കാണുന്ന പെരുച്ചാഴിക്കു ഷോക്കടിച്ച പോലെ നിൽക്കുന്നു... കണ്ണുരുട്ടി മീശ കൈപത്തികൊണ്ട് താഴ്ത്താൻ ശ്രമിക്കുന്ന ജബ്ബാറിനെ ഇടങ്കണ്ണിട്ട് നോക്കി സൂറ പിറുപിറുത്തു...

"ഉം... ഞായറാഴ്ച്ച ഇങ്ങടെ രണ്ടാം കെട്ടിലെ അമ്മോശൻ തൊറന്നു വെച്ചേക്കല്ലെ സൂപ്പെര്‍ മാര്‍കറ്റ്.. "
"ന്താടീ.. ഇയ്യ് വായിലിട്ട് ചവച്ചെറെക്കാതെ പറയാനുള്ളതിങ്ങട്ടെന്റെ ചെവീലോട്ട് തുപ്പിക്കോ..."

വേണമെങ്കില്‍ ഒന്നങ്ങു തരും എന്നുള്ള രീതിയില്‍ ജബ്ബാര്‍ നാക്കു കടിച്ച് ഒന്നുകൂടെ കണ്ണുരുട്ടി കാണിച്ചു.. ഇത്രയും ആയപ്പോഴേക്കും കടിച്ചു പിടിച്ചു കണ്ട്രോളു ചെയ്തു വെച്ചിരുന്ന സൂറാന്റെ സങ്കടമെല്ലാം മഴക്കാലത്തു ഡാമിന്റെ ഷട്ടറു തുറന്ന കണക്കെ കണ്ണിലൂടേ കുതിച്ചു ചാടി.. ആ കുത്തൊഴുക്കില്‍ ജബ്ബാറിന്റെ ദേഷ്യവും ഒലിച്ചു പണ്ടാരമടങ്ങി പോയി.. മുകളിലോട്ടിരുന്ന മീശയൊന്നാകെ തോഴോട്ടീരുന്ന് ജബ്ബാറിന്റെ മേൽ ചുണ്ടിനെ മൂടി..

"ന്റെ സൂറാ.. ഇയ്യെന്താണ്ടീ പോത്തേ ഇങ്ങനെ..? ഇക്കു സമയല്ലാണ്ടല്ലേ.. അന്നേം കൊണ്ട് കടേ സാധനം വാങ്ങാന്‍ പോയാ പിന്നെ അന്നത്തെ ദിവസം പോയി കിട്ടൂലേ..? ഇയ്യ് കരയല്ലേ.. ഇന്ന് ഇക്കൊരു മീറ്റിങ്ങുള്ളതാ... അന്നെ ഞാൻ നാളെ കൊണ്ടോവാം.. പടച്ച റബ്ബാണേ സത്യം.."

സമാധാനിപ്പിക്കാൻ വന്ന ജബ്ബാറിന്റെ കൈ തട്ടി മാറ്റി  സൂറ അപ്പുറത്തേക്ക് മുഖം വെട്ടിച്ച് ചുണ്ട് കോട്ടി..
"അല്ലെങ്കിലും ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ...ഇക്കറ്യാം.. ..  ഇങ്ങനെ കഷ്ടപ്പെട്ത്താനല്ലേ ഇങ്ങളെന്നെ കെട്ടികൊണ്ടന്നേ..?"
"ഇയ്യിങ്ങനെചങ്കീ കൊള്ളണ വർത്താനം പറയല്ലെന്റെ സൂറാ.. "

"ന്നാ ഇങ്ങക്കെന്നെ ഒറ്റക്കു വിട്ടാലെന്താ പ്രശ്നം.. ഇക്കെന്താ എയ്താനും ബായിക്കാനൊക്കെ അറിയൂലേ.. ന്നെ ആരും പിടിച്ചോണ്ടൊന്നും പോകൂല.."

"അള്ളാ.. ആരെങ്കിലും പിടിച്ചോണ്ടു പോകാണെങ്കില്‍ അന്നെ ഞാൻ പത്തു പ്രാവശ്യം ഒറ്റക്കു വിട്ടേനേ.. അല്ല പിന്നെ..  ന്റെ ബലാലേ ഇയ്യൊറ്റക്കു പോയാ പോണോടത്ത് എന്തൊക്കെയാ ഒപ്പിക്കാന്ന് വല്ലോം പറയാൻ അറ്റ്വോ..? അല്ലാണ്ട് അന്നെ വിശ്വാസില്ലാഞ്ഞിട്ടല്ല..."

"എന്തായാലും ശെരി.. ഇക്കിന്നു തന്നെ ഷോപ്പിങ്ങിന്റങ്ങട്ടു പോണം... ഇങ്ങളു കൊണ്ടോയില്ലെങ്കി ഞാനൊറ്റക്ക് പോകും.."
"ന്റെ സൂറാ.. നാളെ കൊണ്ടോവാന്നു പറഞ്ഞില്ലേ,.,, ഇക്കിന്നൊരു മീറ്റിങ്ങുണ്ടെന്നു പറഞ്ഞില്ലേ..?"

"പറ്റില്ല.. ഇക്കിന്നു തന്നെ പോണം.."
അതു പറഞ്ഞപ്പോ സൂറാന്റെ നോട്ടവും ഭാവവും കണ്ട ജബ്ബാറൊന്നു ഞെട്ടി.. മണിചിത്രത്താഴില്‍ സുരേഷ് ഗോപി ഗംഗേ.. എന്നു വിളിച്ച പോലെ സൂറാന്നെങ്ങാനും വിളിക്കെണ്ടി വന്നാ പിന്നെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. ഇപ്പൊ തന്നെ ഇവളെ പിടിച്ചാ കിട്ടുന്നില്ല.. എന്തായാലും അല്ലിക്കാഭരണമെടുക്കാനൊന്നുമല്ലല്ലോ പോണത്.. അതു കൊണ്ട് തല്‍കാലം തോറ്റു കൊടുക്കുന്നതാണു ബുദ്ധിയെന്നു കണ്ട് തല്‍കാലം പിന്‍‌വലിഞ്ഞു.

"ന്നാ ഇയ്യെന്തു പണ്ടാറാന്നു വെച്ചാ ചെയ്യ്.. ഇക്കൊന്നും പറയാനില്ല.."
"ഹും.. ഇക്കറ്യാം ന്താ ചെയ്യെണ്ടേന്നു.. എക്കൗണ്ടീ കായീണ്ടല്ലോ ല്ലേ..? ബെർതെ മൻഷ്യൻ നാണം കെട്വോ പടച്ചോനേ.."

"ഡീ പിശാശേ.  കച്ചോടത്തിൽ അന്റെ പേരും കൂട്ടീന്നു വെച്ച് ഇയ്യധികം തലേകേറല്ലേട്ടാ... ഇന്തെങ്കിലും പ്രശ്നം ഇണ്ടായാ പടച്ചോനാണേ.. ഇയ്യെന്നെ വിളിക്കാൻ നിക്കെണ്ട.."

ഇവളിന്നു മിക്കവാറൂം തന്റെ കണ്ട്രോളു വള്ളി പൊട്ടിക്കും എന്നുറപ്പായതോടെ ജബ്ബാര്‍ പെട്ടെന്നു തന്നെ സ്കൂട്ടാകാന്‍ തീരുമാനിച്ചു.. എന്നാലും പറയാണ്ടിരിക്കാന്‍ പറ്റ്വോ.. കെട്ട്യോളായി പോയില്ലെ..

"അന്റെ പോക്കും വരവുമൊക്കെ കൊള്ളാം മക്കളു സ്കൂളും റ്റ്യൂഷനും കഴിഞ്ഞു വരുമ്പഴത്തേക്കും ഇയ്യിങ്ങോട്ടെത്തിക്കോണം..  ആ പിന്നെ അന്റെ ആ തിരിച്ചറിയല്‍ കാർഡും വേറെന്തൊക്കെയാന്നു വെച്ചാല്‍ അതൊക്കെ എടുത്ത് ബാഗിലു വെച്ചോ.. സദാചാര പോലീസുകാരു നാടു ഭരിക്കുന്ന കാലമാ.."

"ഇങ്ങളെന്താ മനുഷ്യാ ആദ്യായിട്ടു ഉസ്കൂളീ പോണാ കുട്ട്യോളോടു പറയണാ പോലെ ഇന്നോട്..?? ഇക്കറ്യാട്ടാ എന്ത്ക്കെ എടുക്കണംന്നു.. ന്നെ പഠിപ്പിക്കാന്‍ നോക്കെണ്ട.. ഒരു ഉസ്കൂളുമാഷു വന്നേക്കുന്നു...." ഇതും പറഞ്ഞ് സൂറ ചവിട്ടിക്കുലുക്കി ബെഡ് റൂമില്‍ കടന്ന് വാതിലടച്ചു.."

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും.. ക്ലയന്റ് മീറ്റിങ്ങിനിടയില്‍ സൈലന്റില്‍ വെച്ചിരുന്ന ജബ്ബാറിന്റെ ഫോണ്‍ വെറച്ചു വെറച്ചു മേശയില്‍ കിടന്നു ഇഴയാന്‍ തുടങ്ങി.. വിളിക്കുന്നതാരാണെന്നു പോലും നോക്കാതെ ജബ്ബാര്‍ ഫോണ്‍ കട്ട് ചെയ്തു. കട്ട് ചെയ്ത വിരലെടുക്കുന്നതിനു മുന്നു തന്നെ ഫോണ്‍ പിന്നേം വെറയലു തുടങ്ങി.. ആര്‍ക്കാണാവോ ഈ സമയത്ത് എളകിയിരിക്കുന്നത് എന്നും മനസ്സിലോര്‍ത്ത് ഫോണെടുത്ത ജബ്ബാര്‍ അറിയാണ്ട് പല്ലു കടിച്ചു പോയി. സൂറായാണു വിളിക്കുന്നത്.. "ഹും.. വല്ല പാകറ്റിന്റെയും പേരു വായിക്കാനറിയാതെ എന്താന്നറിയാൻ വിളിക്കുന്നതാകും..ഹും.. എന്റെ പട്ടി അറ്റെന്റ് ചെയ്യും" വീണ്ടു ഫോൺ കട്ട് ചെയ്തു.. പിന്നേം പിന്നേം ഇതു തുടർന്നപ്പോൾ ക്ലയന്റിനു ഒരു എക്സ്ക്യൂസ്മീ കൊടുത്ത് ദിപ്പോ വരാന്നു ചെറുവെരലു പൊക്കികാണിച്ച് പുറത്ത് കടന്ന് ഫോണ്‍ അറ്റെന്റ് ചെയ്തു..

വെറുതെ ചൂടായി ഇന്നത്തെ മീറ്റിങ്ങ് കൊളമാക്കെണ്ടെന്നു തീരുമാനിച്ച് വളരെ മയത്തില്‍ തന്നെയാണ് ജബ്ബാര്‍ സംസാരിച്ചത്.
"ന്റെ സൂറാ.. അന്നോട് ഞാമ്പറഞ്ഞതല്ലെ ഇക്കൊരു മീറ്റിന്ങുണ്ടെന്നു.. അനക്ക് വല്ല സംശയോണ്ടെങ്കിൽ അന്റെ ബാപ്പാനെ വിളിച്ചൂട്രീ.. മൂപ്പരവിടെ വെർതേ ഇരിപ്പല്ലേ.. ഇയ്യെന്തിനാ ചക്കരെ ഇന്നെ എടങ്ങേറാക്കാന്‍ നിക്കുന്നേ..??"

"ഇന്റിക്കാ ഇങ്ങളിങ്ങട്ട് വേഗം വരീൻ.. ഇക്ക് പേട്യായിട്ട് വയ്യ.. " പിന്നെ കേട്ടത് സൂറാന്റെ പൊട്ടിക്കരച്ചിലായിരുന്നു...
"ന്റള്ളാ.. ന്താ സൂറാ.. അനക്കെന്താ പറ്റ്യേ.. ഇയ്യിപ്പെവ്ടാ ഉള്ളേ..? ഇയ്യ് കരയാണ്ട് കാര്യം പറയെന്റെ മുത്തേ.."

ജബ്ബാറിനാകെപ്പാടെ എടങ്ങേറിലായി.. ചെറുവിരലില്‍ നിര്‍ത്തിയ ക്ലയനിന്റെ പോലും നോക്കാതെ ഫോണ്‍ കട്ട് ചെയ്യാതെ തന്നെ ഓടി കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു..  ഫോണില്‍ ചെവിയോര്‍ത്തു നോക്കി.. അപ്പുറത്ത് നിന്നും പിന്നേം കരച്ചിൽ മാത്രം..

'മോളാ ഫോണിങ്ങു താ' എന്നു മറ്റാരോ പറയുന്നതു കേട്ടു.. പിന്നെ ആ ശബ്ദം തന്നെ ഫോണിൽ സംസാരിച്ചു..
"ഹെലോ...  ആരാത്.. എന്താ പറ്റീത്..??"
"ആഹ്.. മോനീ കുട്ടീടെ ആരാ..?"
"ഞാനോള്‍ടെ കെട്ട്യോനാ..ഇങ്ങളാരാ.. ഓള്‍ക്കെന്താ പറ്റ്യേ..?"

"എന്താന്നൊന്നും അറിയൂല മോനേ.. ഈ കുട്ടിയിവ്ടെ കൊറേ നേരായി നിക്കുന്നു.. ഫോൺ ചെയ്യുന്നും കണ്ടു കരയുന്നതും കണ്ടു.. "
"അതുശെരി.. നിങ്ങളിപ്പം എവിടാന്നു പറഞ്ഞാ മതി ഓള്‍ക്കു അപകടമൊന്നും ഇല്ലല്ലോ അല്ലേ..?? "
"ഇല്ലല്ല.. കൊഴപ്പൊന്നും കാണണില്ല.. ഇവിടെ മേനകാ ബസ്റ്റോപ്പിലാ മോനേ.."
"ശെരി ചേട്ടാ.. ഞാനിപ്പം തന്നെ അങ്ങോട്ടെത്തും.. ഓളെ ഒന്നു നോക്കിക്കോണേ.."

ട്രാഫിക്കും സിഗ്നലുമൊന്നും നോക്കാതെ ജബ്ബാർ വണ്ടി ചവിട്ടി വിട്ടു.. ചെന്ന പാടെ കണ്ടു.. ബസ്റ്റോപ്പിൽ നിന്ന് ഏങ്ങി കരയുന്ന സൂറാ.. അതും നോക്കി കാര്യമറിയാതെ പൊട്ടന്‍ കൊട്ടുകാണുന്ന പോലെ ചുറ്റിനു കൂടി നിൽക്കുന്ന ആളുകൾ.. തൊട്ടടുത്ത് തന്നെ സൂറാനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു മൂന്നു പെണ്ണുങ്ങളും.. കരയുന്നതൊരു പെണ്ണായതു കൊണ്ട് എടപെടണോ വേണ്ടേ എന്ന അങ്കലാപ്പോടെ അടുത്തൊരു ട്രാഫിക് പോലീസുകാരന്‍ നിന്നു വയര്‍ലെസ്സില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്....

വണ്ടി പാര്‍ക്ക് ചെയ്തു വരുന്ന വരവിലതാ ഒരു ന്യൂ ജെനറേഷന്‍ നിന്നു മൊബൈലില്‍ സൂറ കരയുന്ന വീഡിയോ പിടിക്കുന്നു.. നേരെ ചെന്ന് അവന്റെ ചെകിള നോക്കി തന്റെ മന്തന്‍ കൈകൊണ്ടൊന്നു പൊട്ടിച്ചു.. അടികൊണ്ട  ചെക്കന്‍ രണ്ടു വട്ടം കറങ്ങുന്ന സമയത്തിനുള്ളില്‍ തന്നെ അവന്റെ മൊബൈല്‍ തട്ടിപ്പറിച്ച് താഴെയിട്ട് ചവിട്ടി ഞെരിച്ചു അതിന്റെ പരിപ്പു പുറത്തു ചാടിച്ചു.. ചെവിയെ മൂളിച്ചു കൊണ്ട് തന്റെ കണ്ണിനു മുന്നില്‍ ഡാന്‍സ് ചെയ്യുന്ന പൊന്നീച്ചകളെ എന്തു ചെയ്യണാമെന്നറിയാതെ ചെവിയും പൊത്തി കണ്‍ഫ്യൂഷനില്‍ നില്‍ക്കുന്ന ന്യൂ ജെനറേഷനെ അങ്ങനെ തന്നെ വിട്ട് ഓടി വന്ന ജബ്ബാറീനെ കണ്ട പാടെ സൂറാന്റെ ഏങ്ങലും കരച്ചിലും മൂർച്ചിച്ചു..

"എന്താന്റെ സൂറാ അനക്കു പറ്റീത്.. ഇയ്യ് കാര്യം പറ.."
ചുറ്റിലും ഉള്ള ആൾകാരെ ഒന്നും മൈന്റാക്കാതെ സൂറ ഓടി വന്നു ജബ്ബാറിനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു..അല്ലെങ്കിൽ അടുത്താരെങ്കിലും ഉണ്ടെങ്കിൽ ഒരടി ദൂരെ മാറി നടക്കുന്ന പെണ്ണാ.. ജബ്ബാറെന്തായാലും ഒന്നും മിണ്ടാതെ കുറച്ചു നേരം സൂറാനെ കരയാൻ വിട്ട് പുറത്ത് മെല്ലെ തലോടി..

"ഇയ്യ് കാര്യം പറ മോളേ.. ആളോളൊക്കെ നോക്കണ കണ്ടില്ലേ.. അനക്കെന്താ പറ്റ്യേ.. ഇയ്യിന്നോട് പറ.. അന്നെ ആരെങ്കിലും ഉപദ്രവിച്ചാ.. ന്നാലവന്റെ പണ്ടം ഞാനിന്നു കലക്കും.. ഇയ്യ് വെഷമിക്കാണ്ടിരിക്ക്.."

"എന്റിക്കാ.. ഇങ്ങളിത് കണ്ടാ..ഏതോ ഹറാമ്പെറപ്പ് ചെയ്ത പണി കണ്ടാ.. ഞാനിനിനീപ്പോ എന്താ ചെയ്യാ..?? " എന്നും പറഞ്ഞ് സൂറാ തനെ ഹാന്റ്ബാഗ്  തുറന്നു കാണിച്ചു.. ബാഗ് തുറന്ന പാടെ ചുറ്റിലും കൂടി നിന്നിരുന്നവരെല്ലാം കൂടെ ബാഗിന്റുള്ളിലേക്ക് തലയിട്ടു.. ആ തലകളൊക്കെ വകഞ്ഞു മാറ്റി ആ ഗ്യാപിലൂടെ ജബ്ബാറീന്റെ തലയും ചെന്നു..  ബാഗിന്റെ സൈഡീന്നു താഴോട്ട് അടിഭാഗം പകുതി വരെ ആരോ ബ്ലെയിഡ് വെച്ചിരിക്കുന്നു..

"ന്റെ സൂറാ.. ഇതിനാണാ നീയിത്ര ബേജാറാക്കിയേ..?? അനക്കപ്പോ തന്നെ ആ പോലീസുകാരനോട് പറഞ്ഞാ മത്യാരുന്നില്ലെ..? "
"കൊറേ നേരം കാത്ത് നിന്നിട്ടും ഓട്രഷ കിട്ടാതെ വന്ന ബസ്സീ കേറി വന്നതാ.. ഇവിടെറങ്ങി കൊടയെടുക്കാൻ ബാഗീ കയ്യിട്ടതാ.. പുട്ട് കുറ്റീ കയ്യിട്ട പോലെ മോളീകൂടെ ഇട്ട കൈ അതേ കൂട്ട് തന്നെ താഴേക്ക് വന്നു.. അപ്പഴാ ഞാനറിഞ്ഞേ.. പിന്നെ ഇക്കെന്തു ചെയ്യണോന്നറിഞ്ഞില്ല.. അപ്പ്ഴാ ഇങ്ങളെ വിളിച്ചേ.."

അപോഴാണെന്നു തോന്നുന്നു പോലീസുകാരന്റെ കര്‍ത്തവ്യ ബോധമുണാര്‍ന്നത്.. മെല്ലെ അടുത്തേക്ക് വന്നു.. കാര്യം തിരക്കി..
"ബാഗീന്നെന്തൊക്കെ പോയി പെന്ങളേ...? ആ ബസ്സിന്റെ പേരോർമയുണ്ടാ..??"
സൂറ മിണ്ടുന്നില്ല..
"ന്റെ സൂറാ.. ഇയ്യിന്ങനെ പന്തം കണ്ട പെരുച്ചാഴീനെ പോലെ നിക്കാണ്ട് കാര്യം പറ.. അന്റെ ബാഗിലെന്തൊക്കെ ണ്ടാർന്നു..?"
"ന്റെ കൊടേം.. ടവ്വലും പിന്നെ ന്റെ കുഞ്ഞ്യേ പേഴ്സും..."

"കാശോ സ്വർണ്ണോ വല്ലോം ഉണ്ടായിരുന്നോ..?" പോലീസുകാരന്റെ ചോദ്യം  അതിനുള്ള മറുപടി സൂറ തന്നെ പറഞ്ഞു..
"ഉം.. സ്വര്‍ണ്ണമൊന്നും ഇല്ല.. പക്ഷേങ്കിലു കാശുണ്ടാരുന്നു.. "
"എത്ര..??"
എല്ലാം കൂടെ ഒരു മൊന്നൂറ്റയ്മ്പത് ഉർപ്യേണ്ടാകും.."

അതു കേട്ടതോടെ പോലീസുകാരന്റെ സ്വഭാവം മാറി..
"മുന്നൂറ്റയ്മ്പതു ഉര്‍പ്യാത്രെ.. ഇതിനാണോ ഇവിടെ ഇത്രേം വെല്യ സീനുണ്ടാക്കിയത്" എന്നും മുറുമുറുത്ത് മൂപ്പരു പിന്നെ കൂടി നിക്കുന്ന ആളുകളുട്ര് അടുത്തേക്കായി.. "നീയൊക്കെ എന്തു കാണാന്‍ നിക്കുവാടാ.. പോകിനെടാ എല്ലാം.." എന്നും പറഞ്ഞ് ലാത്തി വീശി.. ആളുകളൊക്കെ ഒഴിഞ്ഞപ്പോള്‍ മൂപ്പരു പിന്നേം അടുത്തേക്ക് വന്നു..

"ഇനിയെന്താക്കാനാ നിങ്ങടെ ഉദ്ദേശം.. കേസാക്കാനാണെങ്കില്‍ സ്റ്റേഷനീ പോണം.. ഇല്ലെങ്കില്‍ പിന്നെ ഞാനങ്ങു പോകുവാ.."

"ഇല്ല സാറെ.. നിക്ക്.." എന്നിട്ട് ജബ്ബാറപ്പഴേക്കും സ്ഥലകാല ബോധത്തിലെത്തിയ സൂറാനെ നോക്കി.. "ആകെ മുന്നൂറ്റയ്മ്പത് രൂപേം കൊണ്ടാണോ ന്റെ സൂറാ ഇയ്യ്  ഷോപ്പിങ്ങിനു വന്നേ..?"

"ന്റെ മന്‍ഷ്യാ.. ഇങ്ങടെ ക്രെഡിറ്റ് കാര്‍ഡും ന്റെ ക്രെഡിറ്റ് കാര്‍ടും പിന്നെ ഏടീയെം കാര്‍ഡും ന്റെ കയ്യിലുണ്ടാരുന്നില്ലേ.. പിന്നെന്തിനാ കാശെടുകുന്നത്..??"
"എന്നിട്ടതെവിടെ..?"

"അതു ന്റെ ചെറ്യേ പേഴ്സിലല്ലേ മനുഷ്യാ.. അതു കള്ളന്‍ കൊണ്ടു പോയില്ലേ..?"
"ഇയ്യാകെ ഹലാക്കിലാക്കിയല്ലോ ന്റെ സൂറാ... സാറെ പോകല്ലേട്ടാ.. ഇതു കേസാക്കണം.. കാശു മാത്രമല്ല പിന്നേം പലതും പോയിട്ടുണ്ട്.."

പിന്നേം സൂറാനെ നോക്കി...
"നീയാ കാര്‍ഡിന്റെ മുകളില്‍ തന്നെ മറന്നു പോകുംന്നു പറഞ്ഞു പിന്‍ നമ്പരെഴുതി വെച്ചിരുന്നില്ലേ.. അതൊക്കെ ഇപ്പഴും അതിമ്മെ തന്നെ ഉണ്ടോ..??"
"ഇല്ല മന്‍ഷ്യാ.. അത് ഇങ്ങളന്നു ന്നെ ചീത്ത പറഞ്ഞപ്പോ തന്നെ മായ്ച്ച് കളഞ്ഞ്ക്കിണു.. "

"ഹാവൂ ഭാഗ്യം.." ജബ്ബാറൊന്നാശ്വസിച്ചു.. പക്ഷേ അപ്പോഴേക്കും സൂറാന്റെ ബാക്കി ഡയലോഗ് വന്നു..
"എന്നിട്ട് ഞാനാ നമ്പരൊക്കെ ഒരു കടലാസിലെഴുതി കാര്‍ഡിന്റെ ഒപ്പരം തന്നെ വെച്ചു.. എങ്ങാനും നമ്പരു മറന്നു പോയാ പിന്നെ ഇങ്ങളേ ഫോണ്‍ ബിളിക്കണ്ടല്ലാ.."
"ന്റെ പഹച്ചീ.. അനക്കെവ്ട്ന്നാണ്ടീ ഇത്രേം വെല്യ ബുദ്ധി വന്നത്..??"

ഒന്നും മനസ്സിലാകതെ കണ്ണും മിഴിച്ച് നില്‍കുന്ന സൂറാനെ കണ്ടപ്പോ ജബ്ബാറിനധികമൊന്നും പറയാനും തോന്നിയില്ല.. പോരാത്തതിനു നടു റോഡും തൊട്ടടുത്ത് പോലീസുകാരനും...

"ഹും.. അതു പോട്ടേ വേറെ വല്ലോമുണ്ടായിരുന്നോ...?"
"ഉം.. ഉണ്ടായിരുന്നു..!!"
"ന്റെ റബ്ബേ... ഇനിയെന്താണ്ടീ....??"
"അലമാരീ നമ്മടെ എല്ലാരടേം തിരിച്ചറിയല്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും, ഇങ്ങടെ പാന്‍ കാര്‍ഡും.. പിന്നെ നമ്മടേ എല്ലാര്‍ടേം പാസ്പോര്‍ട്ടും വെച്ചിരുന്ന ആ കുഞ്ഞേ ബാഗും ണ്ടാര്‍ന്നു.. അതും ഞാനെന്റെ പേഴ്സില്‍ വെച്ചിരുന്നു.."
"അപ്പോ അതും പോയല്ലോ പടച്ചോനേ..."

വിയര്‍ത്ത തലയില്‍ കൈ വെച്ചു എന്തു ചെയ്യണമെന്നറിയാതെ ആ ബസ്റ്റോപ്പി കുത്തിയിരുന്നു ജബ്ബാര്‍... ഇവരുടെ സംസാരം കേട്ട് കോഴി കഞ്ചാവടിച്ച പോലായി നമ്മുടെ പോലീസുകാരന്‍.. അങ്ങേരു ജബ്ബാറിന്റെ അവസ്ഥയും താനെന്തു കുറ്റം ചെയ്തിട്ടാ കെട്ട്യോനിങ്ങനെ ചെയ്യുന്നേന്നും ആലോചിച്ച് നിക്കുന്ന സൂറാനേം നോക്കി..

"പെങ്ങളേ... ഒരു കാര്യം ചോദിക്കട്ടെ..?"
ഇത്രയായപ്പോഴേക്കും പോലീസുകാരോടുള്ള പേടിയൊക്കെ മാറി നല്ല ബോള്‍ഡ് സെറ്റപ്പിലേക്കെത്തിയിരുന്നു സൂറ.. അതേ ആറ്റിറ്റ്യൂഡില്‍ തനെ എന്താന്നുള്ള ഭാവത്തില്‍ സൂറ പോലീസുകാരനെ നോക്കി..

"അല്ല പെങ്ങളേ.. എന്തായാലും എല്ലാ കാര്‍ഡും, കുടുമ്പകാരുടെ എല്ലാവരുടെയും പാസ്പോര്‍ട്ടും വരെ എടുത്ത് ബാഗില്‍ വെച്ചതല്ലെ..?? എന്നാ പിന്നെ ആ റേഷന്‍ കാര്‍ഡും കൂടെ എടുത്ത് വെക്കായിരുന്നില്ലേ..??"

ഉടന്‍ വളരെ നിഷ്കളങ്കമായി സൂറാന്റെ മറുപടി വന്നു..
"അത് ഞാനെങ്ങനെ എടുക്കാനാ..? എളേ കുട്ടീടെ പേരു ചേര്‍ക്കണോന്നും പറഞ്ഞ് ഈ മന്‍ഷ്യന്‍ റേഷന്‍ കാര്‍ഡ് കൊണ്ടു പോയി ആപ്പീസീ വെച്ചേക്കുവല്ലേ..??"

ഇപ്രാവശ്യം തലയില്‍ കൈ വെച്ചു തറയിലേക്കിരുന്നത് പാവം പോലീസുകാരനായിരുന്നു..!!

നൊസ്റ്റാൾജിയ

"ദേ മന്‍ഷ്യാ.. ഇങ്ങട്ട് നോക്ക്യേ.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയാന്നു പറേണ സംഭവം..?"

ഹോ, കാലത്ത് തന്നെ ഒടുക്കത്തെ സംശയവും കൊണ്ടെറെന്ങീട്ടുണ്ട്.. എന്റെ നെഞ്ചത്തു കേറാൻ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വരവ്.. പണ്ടാറം പിടിച്ച ഈ വാക്ക് ആദ്യായിട്ടു കാണുന്നത് തന്നെ ഫേസ് ബുക്കിലു വന്നേ പിന്നാ.. ഏതാണ്ടു ലക്ഷണം വെച്ചുള്ള അർഥം പറഞ്ഞു കൊടുക്കാന്നു വെച്ചാലീ പിശാശിനു ശെരിക്കും അറിഞ്ഞിട്ടാണു ചോദിക്കുന്നതെങ്കിൽ പിന്നെ, തന്നത്താന്‍ കുത്തി ചത്താ മതി..

ഓളൊന്നു പേടിച്ചോട്ടേന്നു കരുതി  കണ്ണു രണ്ടും തുറിപ്പിച്ച് മീശ വെറപ്പിച്ച് ഒരു കലിപ്പു ലുക്ക് അങ്ങു കൊടുത്തു.. "അനക്കിപ്പൊ ഏവ്ടുന്നു പൊട്ടി മൊളച്ചതാ ഈ സംശയം ന്റെ സൂറാ..??"

"ഇങ്ങടെ മേത്തെന്താ.. ജിന്നു കേറ്യാ..? കണ്ണൊക്കെ പൊറ്ത്ത്ക്ക് വീഴാന്‍ പോണുണ്ടല്ല.."
ആഹാ.. വന്നു വന്നിപ്പൊ ഇവള്‍ടെ പേടിയും പോയി തുടങ്ങിയോ..? വെര്‍തെ ഒരു കണ്ണുരുട്ടല്‍ വേയ്സ്റ്റായി.. ന്തായാലും നാളെ രാവിലെ താഴത്തെ പഠാണിയുടെ കൊച്ചുങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ച് പ്രാക്റ്റീസ് ചെയ്തിട്ടു ഒന്നൂടെ ശ്രമിച്ചു നോക്കണം.. ഇവളു പേടിക്കോന്നറിയണോലോ..

"എല്ലാ അനക്ക്പ്പോ ന്താ വേണ്ട്യേ..??"
"വെല്യ പഠിപ്പും പത്രാസും എല്ലാമുള്ള ആളായിട്ട് ന്റെ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങടെ കയ്യീമ്മലില്ലെ മന്‍ഷ്യാ.?"

"ഇയ്യതിനെന്തു ഹലാക്കിന്റെ അവലും കഞ്ഞിയാ ചോയ്ച്ചേ..?? ഇനിക്ക് ശെരിക്കും കേക്കാന്‍ കയിഞ്ഞില്ല.. ഇയ്യൊന്നൂടെ ചോയ്ച്ചേ.."
"ന്റിക്കാ.. കഞ്ഞിയും കൂട്ടാനും ഒന്നുമല്ല.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയ.. അത് പറഞ്ഞ് തരാന്‍ ഇങ്ങളേ കൊണ്ട് പറ്റ്വോ..? ഇല്ലെങ്കി പറഞ്ഞോ.. ഞാന്‍ ഇന്റാങ്ങളോടു ചോയ്ച്ചോളാം.. "

ആഹാ... ഇവളു ഇന്നു തയ്യാറായി തന്നെ.. എന്തു വന്നാലും വിട്ടു കൊടുക്കാൻ പാടില്ല.. കെട്ട്യോനോടു ചോയ്ച്ചിട്ട് കിട്ടിയില്ലെങ്കിൽ ആങ്ങളയോട് ചോദിക്കും എന്ന് പറയുന്ന ഈ മൂരാച്ചി സ്വഭാവം ഏതു പന്നിയാണാവോ ഇവൾക്ക് പഠിപ്പിച്ചു കൊടുത്തത്..

"ഓ.. ന്നാ പിന്നെ ഇയ്യ് പോയി അന്റാങ്ങളോട് പറ ഇന്നോട് അയ്മ്പയ്നായിരം ഉർപ്യ ചോയ്ചിട്ട് കിട്ടീലാ അതു തരാൻ.. ഓനെന്തു ചെയ്യുംന്നു നോക്കാലോ..? "
"അയ്യടാ.. ഇന്ങടെ പൂതി കൊള്ളാലോ.. അല്ലെങ്കിലും ഇങ്ങളീയിടായിട്ടിങ്ങനെ തന്നാ..ഇന്നെ ഒരു മൈൻഡും ചെയ്യണില്ല.. ന്തു ചോയ്ച്ചാലും ഇന്നെ കളിയാക്കല്ലേ..?"

സൂറാന്റെ പതിനാലാം രാവു പോലെയുള്ള ആ മുഖത്ത് കാർമേഘം പടർന്നത് സഹിക്കാൻ കഴിയണില്ല.. രണ്ടു കല്പിച്ച് നൊസ്റ്റാൾജിയ എന്താണെന്ന് പറഞ്ഞു കൊടുക്കാൻ ജബ്ബാര്‍ തീരുമാനിച്ചു..

"ഇയ്യെന്റെ കൽബല്ലേടീ പോത്തേ.. അന്നെല്ലാണ്ട് പിന്നെ വേറാരെയാണ്ടീ ഞാൻ കളിയാക്കാ..?? അന്നോടുള്ള മൊഹബ്ബത്തല്ലേ ഇതൊക്കേ..?"
കൊഞ്ചിക്കാൻ ശ്രമിച്ച കൈ തട്ടി മാറ്റി സൂറ പിന്നോട്ട് ചാഞ്ഞു.. തട്ടത്തിന്റെ അറ്റം കൊണ്ട് കണ്ണു തുടച്ച് മൂക്കും പിഴിഞ്ഞ് നഖം കടി തുടങ്ങി..

"വേണ്ടാ.. ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ..!!"
ശ്ശോ കളഞ്ഞു.. ഓൾക്കെന്റെ വീക്ക്നെസ് പിടി കിട്ടീക്കണു.. അതീമ്മെ തന്നെ കേറി പിടിച്ചല്ലോ..

"അങ്ങനെ പറയെല്ലെന്റെ സൂറാ. അനകിപ്പൊ നൊസ്റ്റാൾജിയ എന്താന്നറിഞ്ഞാ പോരേ..? ഇക്കത്ര പരിജയമൊന്നും ഇല്ല.. ന്നാലും പറയാം.. അതൊരു പ്രത്യേക സാധനമാണു.. നമ്മക്കു മറക്കാൻ പറ്റാത്ത കാര്യങ്ങളും സംഭവങ്ങളും പിന്നെ കൊറേ നാളു കഴിഞ്ഞു എന്തെങ്കിലും കാണുമ്പോ ഓർമ്മ വന്നു സങ്കടം വരൂലേ..അതിനാണു ഈ നൊസ്റ്റാൾജിയ എന്നു പറയുന്നത്..!! ഇപ്പം മൻസിലായാ..?"

മേഘം പെയ്തൊഴിഞ്ഞു.. സൂറാടെ മുഖത്ത് നിലാവുദിച്ചു.. കൂടെ ജബ്ബാറിന്റെ നെഞ്ചിലും..!! എന്തോ വലിയ ഒരു കാര്യം ചെയ്തു തീർത്ത സമാധാനത്തോടേ ജബ്ബാർ കൈ രണ്ടും പിണച്ച് തലക്കു പിന്നില്‍ വെച്ച് സോഫയിലേക്ക് ചാരി ചെറു ചിരിയോടെ ഒരു മൂളിപ്പാട്ടു എടുത്ത് വെറുതെ  ചുണ്ടുമ്മെ ഫിറ്റ് ചെയ്തു.

"ആഹാ.. അപ്പൊ ഇക്ക് മട്ടൻ ബിരിയാണി കാണുമ്പ സങ്കടം വരണതിനാണു ഈ നൊസ്റ്റാൾജിയാന്നു പറയണതല്ലേ..??"
ഡിം... പെയ്തൊഴിഞ്ഞ് പ്രകാശം പരന്ന മാനത്ത് ഇടിവെട്ടുമോ.? പക്ഷേ ഈ ഇടി  ജബ്ബാറിന്റെ നെഞ്ചിൽ തന്നെ വെട്ടി.. ചുണ്ടിൽ ഫിറ്റ് ചെയ്ത മൂളിപ്പാട്ടു തെറിച്ച് ഫാനിൽ തട്ടി കറങ്ങി ചുമരിലിടിച്ച് താഴെ വീണു ഞെരങ്ങി അവസാനിച്ചു..

"ഇന്റെ സൂറാ.. ഇയ്യെന്നെ തെറ്റിദ്ധരിച്ചിരിക്യാ..  മട്ടൻ ബിരിയാണു കാണുമ്പോ ആക്രാന്തമല്ലാതെ നൊസ്റ്റാൾജിയയുടെ ഒരു തുമ്പു പോലും ഞാൻ അന്റെ മോത്തു ഇതു  കണ്ടിട്ടില്ല.. പിന്നെ കണ്ടേക്കണത് ചുണ്ടിൽ പറ്റി പിടിച്ചിരുന്ന നെയ്യും ചോറിന്റെ വറ്റും ആണു.. "

"ഒന്നു പോയെ... മട്ടൻ ബിര്യാണി കാണുമ്പോ ഇക്കു സങ്കടം വരും.. ന്റെ മനസ്സിന്റെ സങ്കടം ന്റെ പള്ളക്കറിഞ്ഞൂടല്ലാ.. അതോണ്ട് തിന്നണതാ.. ഇക്കതു കണ്ടാലപ്പൊ ന്റെ കിച്ചൂന്റെ ഓർമ്മ വരും.."

"ഏഹ്. ഏതവനാടീ കിച്ചു.. അന്റെ ബാപ്പാന്റെ രണ്ടാം കുടീലെ മോനാണോ..? ഓനെന്താ മട്ടൻ ബിര്യാണി തിന്ന് വയറെളകി ചത്താ.."

"ഹും.. ഇങ്ങളേ പോലൊരു കാട്ടു പോത്തിനു ഇന്നെ കെട്ടിച്ചു തന്നതും പോരാ.. ന്നിട്ട് ന്റെ ബാപ്പാനെ പറഞ്ഞോട്ടാ.. ദുഷ്ടനിക്കാ.."
ഹാവൂ ഭാഗ്യം.. ചീത്ത വിളിക്കുമ്പഴും അവൾക്കു ബഹുമാനമൊക്കെയുണ്ട്.. സമാധാനം..

"ഇയ്യടങ്ങിന്റെ ബലാലെ. ആരാ അന്റെ മട്ടൻ ബിര്യാണിയിൽ നൊസ്റ്റാൾജിയ കലക്കിയ ഈ കിച്ചു..? പറ.. ഇക്കതറിഞ്ഞാലെ ഇന്നു സമാധാനം കിട്ടൂ.."

"ആ അതോ? ഇക്ക് കിച്ചൂനെ ഭയങ്കര ഇഷ്ടായിരുന്നു.. ഇന്റുമ്മ അറിയാതെ ഞാൻ പാൽകഞ്ഞി വരെ ഇണ്ടാക്കി കൊട് ത്തേക്കുന്നു.. നേരം മൂന്തിയായാ പിന്നെ പൊറത്തോട്ടെറങ്ങാത്ത ഞാൻ രാത്രി പത്തു മണിക്ക് എല്ലാരും ഒരങ്ങ്യേപ്പോ പൊറത്തേക്കെറങ്ങി പോയിട്ടാ ഓനെ കണ്ടത്.. ഇങ്ങക്കറ്യോ..?"

പാൽകഞ്ഞിക്കു പകരം ആ ഹറാമ്പെറന്നവൻ ഇവൾക്കു മട്ടൻ ബിരിയാണി വാങ്ങി കൊടുത്തിട്ടുണ്ടാകും.. അല്ലാണ്ട് ഇവൾക്കവനെ ഓർമ്മ വരാൻ സാധ്യതയില്ല.. വേറെന്തൊക്കെ ഇവരു കൈ മാറിക്കാണുവോ ആവോ.. സംയമനം പാലിക്കേണ്ട സമയമാണിത്.. ന്റെ റബ്ബേ. ഇക്ക് കണ്ട്രോളു തരണംട്ടാ ഇയ്യ്.. സൂറ സങ്കടത്തോടെ താടിക്കു കയ്യും കൊടുത്തിരുന്നു തുടർന്നു..

"ബീരാന്‌കാന്റെ വീട്ടീന്നു വാങ്ങിച്ചോണ്ട് വന്നതാ ഓനേ.. കണ്ട പാടെ ഇക്ക് ഓനോട് വല്ലാത്ത ഇഷ്ടം മൂത്തു.. പക്ഷേങ്കിലു രണ്ടൂസം കഴിഞ്ഞ് പെരുന്നാളിന്റെ തലേന്നാണു ബാപ്പ പറഞ്ഞത്.. ഓനേ നാളെ അറക്കാൻ കൊണ്ടു വന്നതാണെന്നു.."

അതു കേട്ടതോടെ ജബ്ബാറിന്റെ നെഞ്ചിലെ ഭാരമെല്ലാം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ എന്ങോട്ടെന്നില്ലാ തെ പറന്നു പോയി.. "അയ്നിയ്യെന്തിനാണ്ടീ പാതിരാക്കു പൊറത്തോട്ടു പോയത്..??"

"ആഹ്.. അതോ.. ബാപ്പ അറിയാണ്ട് ഓനേ കെട്ടഴിച്ചു വിടാൻ പോയതാ.. ഞാൻ അന്നു രാത്രി ഓന്റെ കെട്ടഴിച്ചു കൊറേ പറഞ്ഞയക്കാൻ നോക്കി..ഓൻ പോയില്ല.. ഇയ്യ് പോ കിച്ചൂ.. ഇയ്യെവ്ടെങ്കിലും പോയി രക്ഷപ്പെട്ടോ. ഇല്ലെങ്കിലെന്റുപ്പ അന്നെ കൊല്ലുംന്നൊക്കെ പറഞ്ഞു തള്ളി വിട്ടു.. പക്ഷെ ഓൻ പോയില്ല..!!"

"അന്നോടൂള്ള മൊഹബ്ബത്ത് കൊണ്ട് പോകാഞ്ഞതായിരിക്കും ടീ..."
"അതല്ല മൻഷ്യാ.. ഇക്കറിയണ വർത്താനത്തിലല്ലെ  പറഞ്ഞു കൊടുക്കാൻ പറ്റൂ.. ആടിന്റെ ഭാഷ ഇക്കെങ്ങനെ അറിയും.. ഞാൻ പറഞ്ഞതൊന്നും ഓനു മനസ്സിലായില്ല..പിറ്റേ ദിവസം പള്ളീന്നെറങ്ങി വന്നിട്ടു ഓനേ അറുത്തു ബിര്യാണീണ്ടാക്കി.."

ഓൾടെ സങ്കടം കണ്ടിട്ട് വന്ന ചിരി അടക്കാൻ കഷ്ടപ്പെട്ട ജബ്ബാർ ഓളെ ചേർത്തു പിടിച്ച് തലയിൽ തലോടി ആശ്വ്വസിപ്പിച്ചു.. ഏങ്ങലോടെ സൂറ തുടർന്നു..
"ഞാൻ കരഞ്ഞു കരഞ്ഞു കെടന്നൊറങ്ങി പോയീനു.. പിന്നെ ഉമ്മ വന്നു വിളിച്ചപ്പഴാ ണീച്ചു പോയത്.."
"ഇന്റെ ചക്കരെ.. ഇയ്യിതു പറ.. ന്നിട്ടാ ബിര്യാണി എങ്ങനുണ്ടായിരുന്നു.. രുചിയുണ്ടായീനാ?"

ഇതു കേട്ടതോടെ സൂറാ ജബ്ബാറിന്റെ മേത്തൂന്നടർന്നു ചാടി.. ദേഷ്യത്തോടെ ജബ്ബാറിനെ നോക്കി...
"ഹും.. ഇങ്ങളു തന്നെ ഇതു ചോദിക്കണം.. ന്റുമ്മ ഇണ്ടാക്കണ ബിര്യാണി അണ്ണാകു നെറച്ചും മിണുങ്ങീട്ട് ചോയ്ക്കണ ചോദ്യം കേട്ടില്ലേ.. രുച്യൂണ്ടോന്നു..?? ഇങ്ങളു ഞങ്ങടെ കുടുമ്പത്തുള്ള ആരോട് വേണേലും ചോയ്ച് നോക്കിക്കോ.. ഇന്റുമ്മാന്റത്രേം രുചീം മണോമുള്ള ബിര്യാണി ആ നാട്ടിൽ വേറാരും ഇണ്ടാക്കൂല.. മരിച്ചു കെടക്കണ മയ്യത്തു വരെ ഓടി വന്നു തിന്നിട്ടേ കബറിലേക്കു പോകൂ....!!"

"അപ്പൊ ഇയ്യാ ബിര്യാണീ തിന്നൂലേ...??"
"ഉം... തിന്നു.."
"കള്ളീ,,"
"ഓ.. ഒന്നു പോ മനുഷ്യാ.. ഇനിക്കറിയാം ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്ല്യാന്നു..!!"

സൂറ തന്റെ സ്വതസിദ്ധമായ ആ കള്ള നോട്ടത്തോടെ നഖം കടിച്ച് ജബ്ബാറിന്റെ നെഞ്ചിലേക്ക് വീണ്ടും ചാരി. ആ നൊസ്റ്റാൾജിക് ബിരിയാണിയുടെ രുചി അവളുടേ വായിലൂറിയതും അത് തൊണ്ടയിലൂടെ ഇറന്ങി പോയതും സൂറാന്റെ പുറത്ത് സ്നേഹത്തോടെ തലോടിയിരുന്ന ജബ്ബാറിന്റെ കൈകളറിയുന്നുണ്ടായിരുന്നു..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com