December 14, 2015

സർപ്രൈസ് ബുഫേ"സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?"
"എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.."
"അന്റെ ഒടുക്കത്തെ കുളി..!! ഇക്കറിയാടി പോത്തേ.. അതോണ്ടാ ഇപ്പ തന്നെ വിളിച്ച് പറഞ്ഞേ..."
"പിന്നേ.. വീട്ടിലു വേലക്കാരെ നെരത്തി നിർത്തീക്കല്ലേ ഇവ്ടത്തെ പണികളു നോക്കാൻ.. ഇങ്ങളിന്നെകൊണ്ടൊന്നും പറയിക്കെണ്ട.. "
ഇനീം അധികം പറഞ്ഞാ ചെലപ്പോ ഇന്നു തന്നെ വീട്ടിലു വല്ല വേലക്കാരേം നിർത്തി കൊടുക്കേണ്ടി വരും.. ഈ പിശാശിനെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ഒരേ സ്വഭാവമാണല്ലോ... തൽകാലം അടക്കി നിർത്തുന്നതാണു ബുദ്ധി..
"ഇയ്യൊന്നടങ്ങിന്റെ സൂറാ.."
"അല്ല മൻഷ്യാ.. എങ്ങട്ടാ പോണേന്നു പറ.. ഇന്നിട്ട് ബേണം ഇക്ക് ഡ്രെസ്സ് തീരുമാനിക്കാൻ.."
"അതു സർപ്രൈസാ.. ഇയ്യു നല്ല തുണ്യൊക്കെ ഉടുത്ത് തന്നെ നിന്നോ.. ഞാൻ അര മണിക്കൂറോണ്ടെത്തും.."
"ന്റെ റബ്ബേ.. ഇങ്ങക്കു പ്രൈസടിച്ചാ..??"
"ഹോ.. അന്റെ വീട്ടിലിജ്ജാതി വേറില്ലാഞ്ഞത് ഭാഗ്യം.."
അത്രേം പറഞ്ഞ് ജബ്ബാർ ഫോൺ കട്ട് ചെയ്തു..
വീടിന്റെ മുന്നിലെത്തുന്നതിനു മുന്നേ തന്നെ ജബ്ബാറു സൂറാക്ക് മിസ്കോളടിച്ചു.. എന്തായാലും എത്തി പിന്നേം അര മണിക്കൂറു തെറി പറഞ്ഞാലെ അവൾടെ ഒടുക്കത്തെ ഒരുക്കം കഴിയൂ.. ഒരു സിഗരറ്റ് വലിക്കാനുള്ള സമയം എന്തായാലും ഉണ്ടെന്നുറപ്പിച്ച് വീടിന്റെ മുന്നിലെത്തിയ ജബ്ബാറിനെ ഞെട്ടിച്ചു കൊണ്ട് ഗെയിറ്റ് തുറന്ന് സൂറ ഇറങ്ങിവന്നു. നല്ല വെള്ളയിൽ പലതരത്തിലുള്ള കല്ലുകൾ പതിപ്പിച്ച ഒരു ഉശിരൻ ചുരിദാറുമിട്ട്, അതേ ഡിസൈനിലുള്ള വെള്ള തട്ടവുമിട്ട് പടിയിറങ്ങി വരുന്ന സൂറാനെ കണ്ടപ്പോ തന്നെ ജബ്ബാറു വാ പൊളിച്ചു.. കണ്ണു രണ്ടും വെളിയിൽ ചാടാൻ പാകത്തിനുരുണ്ട് കേറി വന്നു..
സുബർക്കത്തിലെ ഹൂറിയിറങ്ങി വരുന്ന ചേലിൽ വരുന്ന സൂറാനെ കണ്ട് ഡോർ അൺലോക്ക് ചെയ്യാൻ പോലും മറന്ന് വായും പൊളിച്ചിരിക്കുന്ന ജബ്ബാറിനെ ഡോറിൽ തട്ടി വിളിക്കേണ്ടി വന്നു സൂറാക്ക്.. ഡോറു തുറന്നകത്ത് വന്ന സൂറാ ഉണ്ടക്കണ്ണുരുട്ടി ജബ്ബാറിനെ നോക്കി..
"ന്റെ മൻഷ്യാ.. ഇന്ങളേന്തിനാ പന്തം കണ്ട പെരുച്ചാഴീന്റെ കണക്കിരുന്ന് ആലോയ്ച്ചേ..? വെയിലു കൊണ്ട് ഇന്റെ മോത്തെ പൗണ്ടറും ചുണ്ടത്തെ ലിഫ്റ്റിക്കുമെല്ലാം പോയേനേ.. "
ഹോ.. കണ്ടാൽ സുബർക്കത്തിലെ ഹൂറിയൊക്കെ തന്നെ..
പക്ഷേ.. മിണ്ടിയാൽ സകലതും പോയി... മിണ്ടെണ്ട...!!
"ഇയ്യൊന്നു മിണ്ടാണ്ടിരിക്ക് ന്റെ സൂറാ.. അന്നെ കണ്ട സന്തോഷത്തിൽ ഞാനീ ദുനിയാവു പോലും മറന്നതാണ്ടീ.."
"ഒന്നു പോ മൻഷ്യാ.. ഇങ്ങളാാപ്പീസിലെ ആ വെള്ളച്ചി പിശാശിനെ ഓർത്തിരുന്നതാവും.. ഇക്കറിയാം.."
"ന്റെ മുത്തേ.. നല്ലോരു കാര്യത്തിനു പോവുമ്പോ നീ അതും ഇതു പറഞ്ഞ് അലമ്പുണ്ടാക്കല്ലെ... ഇക്കിയ്യു മാത്രല്ലേ ഒള്ളൂ.. ന്റെ സൂറാ.."
"ഉം.. അങ്ങനെ ആയാൽ ഇങ്ങക്ക് കൊള്ളാം.. ഇല്ലെങ്കി ഇങ്ങളേ ഞാനീ ദുനിയാവീന്നു പറഞ്ഞയക്കും.."
"ഏഹ്...? അതെന്താടീ.??"
"ഇങ്ങളേ ഞാൻ കൊല്ലുംന്ന്.. കിന്നരിച്ചോണ്ട് നിക്കാണ്ട് വണ്ടിയെടുക്ക് മൻഷ്യാ.. അല്ല മൻഷ്യാ.. ഇങ്ങക്കെന്തു പ്രൈസാ അടിച്ചേ..??"
"ന്റെ റബ്ബേ.. " ജബ്ബാറു വണ്ടി സ്റ്റാർട്ട് ചെയ്തു തലയിൽ കൈ വെച്ചു.. എന്നിട്ട് തുടർന്നു..
"പ്രൈസും പിണ്ണാാക്കുമൊന്നുമില്ല.. നമ്മക്കിന്ന് ഒരു ഹോട്ടലീ പോയി ഭക്ഷണം കഴിക്കാം..അതിനാ..!!"
"ഇതിനാണോ മൻഷ്യാ ഇന്നെ കൊണ്ടീ വേഷമെല്ലാം കെട്ടിച്ചത്..? അട്ത്താഴ്ച്ച ആ മറ്റേ വമ്പത്തീന്റെ അനിയത്തീടെ നിശ്ചയത്തിനു പോവുമ്പോ ഇടാൻ വെച്ച ചുരിദാറാ.. പ്രൈസു വാങ്ങാൻ പോവല്ലേ.. കൊറേ ആൾക്കാരൊക്കെ ണ്ടാവൂലേന്ന് വചാരിച്ചിട്ടാ ഞാനിതിട്ടത്.. "
"അതിനെന്താ.. വന്നിട്ട് മാറ്റിയിട്ടാ മതി.. അടുത്താഴ്ച ഇടാം.."
"ഇന്റെ പട്ടിയിടും ഇതെന്നെ. ഇക്കിന്നു തന്നെ പുത്യേതു
വാങ്ങിത്തരണം.."
അപ്പഴേക്കും സൂറാന്റെ കണ്ണിൽ മുത്തുമണികൾ ഉരുണ്ടു കൂടി.. മുഖം വീർപ്പിച്ചു.... തെളിഞ്ഞിരുന്നിരുന്ന ആകാശത്ത് കാർമേഘം ഉരുണ്ട് കേറിയ പോലെയായപ്പോ തന്നെ ജബ്ബാറിനു ടെൻഷൻ ആയി.. അതിന്റെ പ്രതിഫലനമെന്നോണം ജബ്ബാർ ആക്സിലെറേറ്ററിൽ ആഞ്ഞു ചവിട്ടി.. അപ്രതീക്ഷിതമായ ആ ആക്രമണം താങ്ങാൻ പറ്റാതെ കാറൊന്നു മുരണ്ടു.. പിന്നെ കുറെ പൊട്ടലും ചീറ്റലും. കരിയും പുകയും..
"ഇയ്യിനി അതിനു കരഞ്ഞ് ഇന്നത്തെ ദിവസം പണ്ടാരടക്കെണ്ട.. അന്റെ ഒടുക്കത്തെ ഒരു നിശ്ചയവും കല്യാണവും... ഏതു തെണ്ടിയാണാവോ ഈ നിശ്ചയം കണ്ടു പിടിച്ചത്..."
"അല്ലെങ്കിലും....."
"എന്തൂട്ടാ അന്റെ അല്ലെങ്കിലും ഇല്ലെങ്കിലും..."
"ഇങ്ങക്കിന്നോട് ഒട്ടും ഇഷ്ടല്ല്യാ.. അതെന്നെ..!!"
റേസ്റ്റോറന്റിലെത്തിയ ജബ്ബാറിനേം സൂറാനേം മാന്യമായി തന്നെ അവരു വരവേറ്റു.. സപ്ലയറു ചെക്കൻ വന്നു മെനു കൊടുത്തു..
"ഇതിന്റൊന്നും ആവശ്യല്യ.. ഇപ്പൊ റെഡി ഫ്രെഷ് ആയിട്ടെന്താ ഉള്ളേ.. അതു പറഞ്ഞാ മതി.."
" അതു പിന്നെ സാറേ.. അങ്ങനാണേൽ ബുഫേ ഉണ്ട്.. പെർ ഹെഡ് നാപ്പത്തേഴ് റിയാലേ ഒള്ളൂ.. അതു നോക്കിയാലോ...??"
ജബ്ബാർ സൂറാനെ നോക്കി.. "ന്നാ പിന്നെ അതായാലോ സൂറാ..??"
"ഇക്കതൊന്നും വേണ്ട.. ഇങ്ങളു കഴിച്ചോ..!!"
പണ്ടാരം.. ഇവളാ ചുരിദാറിന്റെ കേസിപ്പഴും വിട്ടിട്ടില്ലാന്നാ തോന്നുന്നത്.. വാങ്ങി കൊടുക്കാന്നു പറഞ്ഞതാണാല്ലോ.. പിന്നേം എന്താണാവോ പ്രശ്നം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്ത ജബ്ബാർ, തീരുമാനിച്ചിട്ട് വിളിക്കാന്നു പറഞ്ഞ് സപ്ലയറു ചെക്കനെ പറഞ്ഞു വിട്ടു.. അവൻ സ്ഥലം വിട്ട പാടെ സൂറാനെ നോക്കി കണ്ണുരുട്ടി കയറ്റം കയറുന്ന പെട്ടിയോട്രഷ പോലെ മുരണ്ടു..
"ഡീ ബലാലേ.. ന്താപ്പൊ അന്റെ പുത്യേ പ്രശ്നം.. ഇന്നെന്നെ ചുരിദാറു വാങ്ങിത്തരാന്നു പറഞ്ഞതല്ലെ..?"
"ന്റെ മനുഷ്യാ.. ഇങ്ങളെന്തിന്നാ ന്നെ തിന്നാൻ വരണേ.. ഇക്ക് ബുഫേ വേണ്ടാന്നല്ലേ പറഞ്ഞേ..?"
" അതെന്താ അനക്ക് വേണ്ടാത്തെ..??"
"ഇക്ക് പരിചയില്ലാത്തതൊന്നും കയ്ച്ചാ വയറ്റീ പിടിക്കൂല മൻഷ്യാ.. ഇക്ക് വല്ല പൊറോട്ടയോ ബിരിയാണിയോ മതി.."
ഇവളെയിനി എന്തൂട്ടാ ചെയ്യേണ്ടതെന്നു കരുതി മീശ വിറപ്പിച്ച് പല്ലു കടിച്ച് ജബ്ബാർ പറഞ്ഞു..
"ന്റെ കരളേ.. ബുഫേന്നു പറഞ്ഞാ തിന്നുന്ന സാധനമല്ല.. എന്നു വെച്ചാ അവ്ടെ പോയി അനക്കിഷ്ടമുള്ളതൊക്കെ എടുത്ത് കഴിക്കാന്നാ അർത്തം.. നാട്ടിലു നീ കല്യാണത്തിനൊന്നും കണ്ടിട്ടില്ലേ..? അതു പോലെ..!!"
കേട്ട പാടെ ചാടിയെണീറ്റ് സൂറ ചോദിച്ചു..
"ഏഹ്.. അപ്പൊ ഫ്രീയാ..ന്നാ ബാ കയിക്കാം..??"
ഫ്രീയെന്നു കരുതി ചാടിയെഴുന്നേറ്റ സൂറാന്റെ കൈ പിടിച്ച് തിരിച്ച കസേരയിലേക്ക് തന്നെ വലിച്ചിട്ടു ജബ്ബാർ..
"ഉം.. അന്റെ ബാപ്പാന്റെ ഹോട്ടലല്ലെ ഇത്.. അപ്പൊ ഒരാൾക്ക് 47 റിയാലെന്ന് ആ ചെക്കൻ പറഞ്ഞത് നീ കേട്ടില്ലേടീ പോത്തേ.."
"ഉം ശെരി.. ബുഫേങ്കി ബുഫേ..!!"
ബൊഫേ ഹാളിലെത്തി അവിടെ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണ സാധനന്ങളും ഡെക്കറേഷനും ലൈറ്റുമെല്ലാം കണ്ട സൂറാന്റെ കണ്ണിൽ പൂത്തിരി കത്തി..
"ന്റെ റബ്ബേ.. ഇതെന്തായീ കാണണേ.. ഇതൊക്കെ നമ്മക്ക് തിന്നാനാ..??"
"പിന്നല്ലാണ്ട്.. എല്ലാറ്റീന്നും എടുത്ത് വയറു നിറച്ചും കഴിച്ചോ. കാശു മുതലാക്കാനുള്ളതാ.."
"അള്ളാ.. ഇതൊക്കെ കൂടെ എങ്ങനാ കഴിക്ക്യാ.. മൻഷ്യാ.. ഇന്റെ പള്ള പൊട്ടും.."
"അനക്ക് പറ്റണതൊക്കെ കഴിച്ചോ ന്റെ സൂറാ."
"ഇക്കെല്ലാം തിന്നണം.. പക്ഷേ. ഇങ്ങളൊന്നാലിചിച്ച് നോക്യേ..?? എല്ലാം കൂടി ഇങ്ങളെ കൊണ്ടും പറ്റൂലാ.."
"ന്തെങ്കിലും ആകട്ടെ സൂറാ.. ഇയ്യ് സമയം കളയാണ്ട് തിന്നാൻ നോക്കെടീ... പറ്റണത് കഴിച്ചാ മതി.."
" അപ്പൊ ഇങ്ങളല്ലെ കാസു മുതലാക്കണംന്നു പറഞ്ഞേ..? ആ അതേ.. ഒരു കാര്യം ചെയ്യാം.. "
"എന്തൂട്ട്..??"
അപ്പോഴേക്കും അങ്ങോട്ടേക്ക് കയറി വന്ന സപ്ലയറെ ശൂ.. ശൂ എന്നു പറഞ്ഞ സൂറ അടുത്തേക്ക വിളിച്ചു.. എന്താ കാര്യംന്നു ചോദിക്കാൻ വന്ന ജബ്ബാറിനെ തടഞ്ഞ് സൂറ സപ്ലയറോട് പറഞ്ഞു...
"അതേ ഞങ്ങക്കിച്ചിരി തെരക്കുണ്ടേ,, അതോണ്ട് ഞങ്ങക്ക് രണ്ട് ബുഫേ പാർസൽ എടുത്തോ..!!"
ഇതു കേട്ടതോടു കൂടെ സപ്ലയറു പയ്യന്റെ കയ്യിലിരുന്ന ട്രേ താഴെ വീണു.. കയ്യിലിരുന്ന ടിഷ്യൂ പേപ്പർ ചുരുട്ടി പല്ലുകടിച്ച് ജബ്ബാർ സൂറാനെയും താഴെ വീണ ട്രേയെടുക്കാൻ മറന്ന സപ്ലയറേയും മാറി മാറി നോക്കി..
ഞാൻ പറഞ്ഞതിലെന്തെങ്കിലും കറക്റ്റുണ്ടോ എന്ന മട്ടിൽ ജബ്ബാറിനേ നോക്കി നിൽകുന്ന സൂറാ..
അപ്പൊ തന്നെ ജബ്ബാറിനെ പിന്നേം ഞെട്ടിച്ചു കളഞ്ഞു സപ്ലയരു ചെക്കൻ...
"എന്തായാലും നിങ്ങടെ ബുഫേ ഞാൻ പാർസൽ തരാം..
വേറാരോടും പറയെണ്ട.."
തന്നെ നോക്കി കണ്ണിറുക്കി ചിരിച്ച് പാർസലെടുക്കാൻ പോകുന്ന ചെക്കനെ നോക്കി നിസ്സഹായനായി അടുത്ത് കണ്ട കസേരയിലേക്ക് ചായുകയായിരുന്നു ജബ്ബാർ..!!

April 9, 2015

പല്ലാസ്പത്രി

പല്ലു വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ മരുന്നു വാങ്ങിക്കണമെന്ന മോഹവുമായി എത്തി പെട്ടത് ഒരു പല്ലാസ്പത്രിയിലെ ഡോക്ടര്‍ സഫ്‌വാന്‍ ഡെന്റല്‍ സര്‍ജന്റെ മുന്നില്‍.. ആവശ്യമറിയിച്ചപ്പോള്‍ ഐഡി വെക്കാന്‍ പറഞ്ഞു.ഊരും തെണ്ടി ഓട്ടപ്പല്ലും വെച്ച് ചെന്ന നുമ്മ ഖത്തറില്‍ എത്തിയപാടെ റെസിഡന്‍സ് പെര്‍മിറ്റ് അടിച്ചു തന്നെ മിനിസ്റ്ററി ഓഫ് ഇന്റീരിയേര്‍സിനെ മനസ്സില്‍ ധ്യാനിച്ച് ഐഡി എടുത്ത് കൊടുത്തു.. ഐഡി വായിച്ചു മുഴുമിപ്പിച്ചില്ല.. അതിനു മുന്നേ തന്നെ അതു നഴ്സിന്റെ കയ്യില്‍ കൊടുത്ത് ഫോട്ടോ കോപ്പി എടുക്കാന്‍ പറഞ്ഞു. അവ്ടെ കേറി കെടെന്നു വാ പൊളിക്കാന്‍ പറഞ്ഞ് കസേരയുമല്ല ബെഡുമല്ലാത്ത ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു.. പല്ലു വേദനയുമായി തലമുതല്‍ കഴുത്തു വരെ വേദനിച്ച് പണ്ടാരമടങ്ങി ചെന്ന ഞാന്‍ നേരെ അതിലേക്ക് പൊത്തിപ്പിടിച്ച് കയറി മലര്‍ന്നു കെടെന്ന് വാ പൊളിച്ചു..
ഡോകടര്‍ ഒരു തുണിയെടുത്ത് സ്വന്തം വായും മൂക്കുമെല്ലാം മൂടിക്കെട്ടി, രണ്ടു കയ്യിലും ഗ്ലൗസിട്ട് അതിന്റെ ഇലാസ്റ്റിക് വലിച്ച് ടക് ടക് എന്ന ശബ്ദമുണ്ടാക്കി അടുത്ത് വന്നു.. അതു കണ്ടപ്പോള്‍ എനിക്കൊരു ടെന്‍ഷന്‍, പല്ലു വേദനയുമായി വന്ന എന്നെ കയ്യില്‍ ഗ്ലൗസെല്ലാം ഇട്ട് ഇയാളെന്തു ചെയ്യാന്‍ പോകുകയാണെന്ന് മനസ്സിലാകാതെ കണ്ണു തള്ളി.. വായിന്റുള്ളില്‍ നിന്നും ഗ്ലും എന്ന സൗണ്ട് എഫെക്റ്റോടെ കൊറേ ഉമിനീരും ഓക്സിജനുമെല്ലാം കൂടെ വയറ്റിലേക്കിറങ്ങി പോയി..
"കമിഴ്ന്നു കെടക്കണോ ഡോക്ടറേ..?"
എന്റെ ചോദ്യം കേട്ട ഡോക്ടര്‍ വായില്‍ കെട്ടിയ തുണിയഴിച്ച് വാ പൊളിച്ച് എന്നെ നോക്കി.. "ഡോ.. തനിക്ക് പല്ലു വേദനയാണെന്നല്ലേ പറഞ്ഞത്.. മൂലക്കുരു അല്ലല്ലോ..? ഇയ്യെന്താണ്ടാ തമാശാക്കാ..??"
'ഏഹ്..? അല്ല... ഇതു പോലെ ഗ്ലൗസിട്ട് ടക് ടക് എന്ന് ഇലാസ്റ്റിക് വലിച്ച് ഒച്ചയുണ്ടാക്കി വഷളന്‍ നോട്ടവുമായി വരുന്ന ഒരു ഡോക്ടറെയേ ഞാന്‍ കണ്ടിട്ടൊള്ളു.. പണ്ട്.. വീട്ടിലെ പശൂനു ഗര്‍ഭണ്ടോന്നു നോക്കാന്‍ വന്ന ഡോക്ടറെ' എന്നു പറയാന്‍ മുട്ടിയതാ.. ഒന്നും മിണ്ടാണ്ട് പിന്നേം വാ പൊളിച്ചു..
വായിന്റെ ഉള്ളില്‍ സ്റ്റീലിന്റെ കയിലു പോലെയുള്ള ഒരു സാധനവും ഒരു ചെറ്യേ കുന്തവും വെച്ച് ഇളക്കി ഉള്ള പല്ലിലൊക്കെ ചെണ്ട കൊട്ടുന്ന പോലെ കൊട്ടാന്‍ തുടങ്ങി.. ഇങ്ങേരിതെന്താ വീടു പൊളിക്കുമ്പോ കട്ട തല്ലിയിളക്കുന്ന പോലെ ഇട്ടു കൊട്ടി ഉള്ള പല്ലു മുഴുവനും തട്ടിപ്പൊട്ടിക്കാന്‍ പോവുകയാണോ പണ്ടാരം.. വേദനയടുത്തപ്പോള്‍ കയ്യും കാലുമെല്ലാം ഇളക്കി ഡോക്ടറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വായില്‍ കണ്ട സാധങ്ങളെല്ലാം കുത്തികയറ്റി വെച്ചത് കൊണ്ട് മിണ്ടാനും പറ്റുന്നില്ല.
അവസാനം പടച്ചോന്റെ കുദ്‌റത്ത് കൊണ്ട് വേദനയുള്ള അണപ്പല്ലില്‍ വന്നു കൊട്ടവസാനിപ്പിച്ചു.. എന്നിട്ട് ഏ ആര്‍ റഹ്മാന്റെ പാട്ടിനു ഡ്രംസടിച്ച് കഴിഞ്ഞ ആശ്വസിക്കുന്ന ശിവമണിയുടെ പോലെ എന്നെ നോക്കി ഒരു ചിരി..
"ഇവനാണു പ്രശ്നക്കാരന്‍ അല്ലേ..?" അതേ എന്ന അര്‍ത്ഥത്തില്‍ മുക്കിയും മൂളിയും ഞാന്‍ അപ്രൂവല്‍ കൊടുത്തു. പിന്നെ ആ പല്ലിന്റെ പൊറത്തായി അഭ്യാസം മുഴുവനും.. ഒരു ഡില്ലിങ്ങ് മെഷീന്‍ എടുത്തോണ്ട് വന്ന് പല്ലൊക്കെ കുത്തി തൊരന്ന് ഗുഹ പോലെ ആക്കി.. ആകെപ്പാടെ ഒരു തരിപ്പും പൊകച്ചിലും പുളിയും.. എല്ലാം സഹിക്കാം.. പക്ഷേ പല്ലിനും ഇക്കിളിയാകും എന്നു മനസ്സിലായത് അപ്പഴായിരുന്നു. ചിരിക്കണോ കരയണോ എന്നൊന്നും അറിയാത്ത അവസ്ഥ..
"റൂട്ട് കനാല്‍ പറ്റൂല.. എല്ലാറൂട്ടും പോയി കിടക്കുവാ.. നമുക്കിവനെ അങ്ങട്ട് എടുത്താലോ.. ഇല്ലെങ്കില്‍ വേദന മാറൂല കോയാ.."
പല്ലുമ്മെ ഇക്കിളിയായി ചിരി വന്നിട്ട് വയ്യ.. എല്ലാം കൂടെ കുത്തി പൊട്ടിച്ചിട്ട് അതും ഇതു പറഞ്ഞിട്ടെന്ത് കാര്യം..എന്തു പണ്ടാരമെങ്കിലും കാണിക്ക് എന്ന അര്‍ത്ഥത്തില്‍ പിന്നേം കയ്യാട്ടി അനുവാദം കൊടുത്തു. ഒരു സിറിഞ്ചെടുത്ത് വന്നു ചുണ്ട് പിടിച്ച് വലിച്ച് പൊട്ടിക്കാന്‍ പാകത്തിനു അകത്തി ഒരു ക്ലിപ്പിട്ട് മറ്റേ പല്ലിന്റെ താഴെ ഒരു കുത്ത്.. കൊറച്ച് കഴിഞ്ഞപ്പോല്‍ ഇക്കിളി പോയി.. പിന്നെ വായവിടെ തന്നെ ഉണ്ടോന്നായി സംശയം.. ഞാന്‍ കവിളു ചൊറിയുന്ന പോലെ പതുക്കെ ഒന്നു തൊട്ടു നോക്കി.. ഭാഗ്യം.. എല്ലാം അവിടെ തന്നെ ഉണ്ട്..
പിന്നെയായിരുന്നു കലാ പരിപാടി.. കുന്തമെടുത്ത് കുത്തുന്നു വലിക്കുന്നു.. പിന്നേം കുത്തുന്നു.. എന്നിട്ടു നഴ്സിനോടു പറയുന്നു.. ആ വണ്ണമുള്ളതെടുക്ക്.. കൊറച്ച് കഴിയുമ്പോള്‍ ഇതു പോരാ.. കുറച്ചൂടെ ബലമുള്ളതെടുത്തേ.. അതല്ല മറ്റേത്.. മൂര്‍ച്ചയുള്ളത്.. എന്നൊക്കെ പറയുമ്പോള്‍, കമ്പിപ്പാരയെടുക്ക്.. വടിവാളെടുക്ക് അമ്പും വില്ലുമെടുക്ക് എന്നൊക്കെ കേള്‍ക്കുന്ന ഫീലിങ്ങാണു വരുന്നത്. എല്ലാം കൂടെ എടുത്ത് വായിലിട്ടിളാക്കി ദമ്മ് പൊട്ടിച്ച ബിരിയാണിചെമ്പില്‍ മസാല മിക്സ് ചെയ്യുന്ന പോലെ ഒരു മാതിരി കളി...
ഡോക്ടറുടെ നെറ്റിയൊക്കെ വിയര്‍ത്തു തുടങ്ങി.. ഇടക്ക് എന്റെ വായില്‍ ടോര്‍ച്ചടിച്ചു നോക്കുന്നു.. നഴ്സിനെ നോക്കുന്നു.. പിന്നേം വായിലേക്ക് നോക്കുന്നു.. എന്നെ നോക്കുന്നു.. എന്നിട്ട് ഒരു ചവണ വെച്ച് വലിക്കുന്നു.. പിന്നേം കുത്തിയിളക്കുന്നു.. ഒരു രക്ഷയുമില്ല.. റ്റിഷ്യൂ പേപ്പറെടുത്ത് നെറ്റിയിലെ വിയര്‍പ്പെല്ലാം തുടച്ച് ചോര നിറഞ്ഞ ഗ്ലൗസ് മാറ്റി അടുത്ത ഗ്ലൗസ് ഫിറ്റ് ചെയ്തു.. പിന്നേം ടക് ടക്.. ഈ ടക് ടക് ശബ്ദം തൃശൂര്‍ പൂരത്തിന്‍ പൊട്ടിക്കുന്ന ഗര്‍ഭം കലക്കി അമിട്ടിനേക്കാള്‍ എഫെക്റ്റിലാണു എന്റെ ചെവിയില്‍ വന്നലക്കുന്നത്.
"ഒരു ട്രിപ്പൂടെ നോക്കാം.. ഇല്ലെങ്കില്‍ പിന്നെ മോണ പൊട്ടിക്കേണ്ടി വരും.." വാശിയാണെങ്കില്‍ വാശി.. ഇന്നിവനെ എടുത്തിട്ടേ എനിക്കു വിശ്രമമൊള്ളു എന്ന മട്ടില്‍ കയ്യിന്റെ വിരലൊക്കെ മടക്കി പൊട്ടിച്ച് ആയുധങ്ങള്‍ എടുത്തു..
കത്തിയെടുത്ത് പല്ലിന്റെ അടിയില്‍ ഒരു കീറു കീറി.. ഡോകടറുടേ ഇടതു കൈ എടുത്ത് എന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.. പിന്നെ വലത് കാല്‍ മുന്നോട്ട് വെച്ച്കസേരക്കാലില്‍ കുത്തി കാല്‍ മുട്ട് മടക്കി മറ്റേ കാല്‍ പിന്നോട്ട് വലിച്ച് വെച്ച് സ്റ്റെപ്പെടുത്തു. ഇതും കൂടെ ആയപ്പോള്‍ പല്ലു വേദനയുടെ കൂടെ നെഞ്ചു വേദനയും ശ്വാസം മുട്ടലും.. വായില്‍ ആക്രിക്കടയില്‍ നിരത്തി വെച്ച പോലെ കുന്തവും വടിവാളും കമ്പിപ്പാരയും കെട്ടു കമ്പിയുമൊക്കെ കുത്തി കയറ്റി വെച്ചിട്ട് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ. ഇടക്കിടക്ക് പമ്പു വെച്ച് വായില്‍ നിന്നും വാട്ടര്‍ ഇറിഗേഷനും നടത്തുന്നുണ്ട്. ഹോ.. ഒരു തെങ്ങു പറിക്കാന്‍ ഇണ്ടാവില്ല ഇത്ര കഷ്ടപ്പാട്..
ഈ കലാപരിപാടിയുടെ അനുബന്ധമെന്നോണം ചവണയെടുത്ത് പല്ലില്‍ പിടിച്ചു.. എന്നിട്ട് എന്തോ മന്ത്രിച്ച് കണ്ണുമടച്ച് ഒരൊറ്റ വലി.. ഹാവൂ.. സമാധാനം.. ഇത്തവണ സാധനം ഊരി കയ്യില്‍ പോന്നു.. "സക്സസ്.." എന്നലറി തുള്ളിച്ചാടിയ ഡോക്ടരുടെ ചിരി സ്വന്തം കയ്യിലേക്ക് നോക്കിയപ്പോള്‍ വോള്‍ട്ടേജ് പോയ പണ്ടത്തെ ടിവി പ്രോഗ്രാം പോലെ ആയി..ഊരി പോന്നത് പല്ലല്ല.. ചവണയുടെ റബ്ബര്‍ ഗ്രിപ്പ്..
"തന്റെ വായിലെന്താണ്ടോ ഷോപ്പിങ്ങ് കോമ്പ്ലെക്സ് പണിയാന്‍ വല്ല പ്ലാനും ഉണ്ടായിരുന്നോ..? പില്ലറടിച്ച് ഫൗണ്ടേഷന്‍ ഇട്ട പോലെയാണല്ലോ പല്ലു ഫിറ്റ് ചെയ്തിരിക്കുന്നത്..?" എന്നൊരു ആത്മഗ്തത്തോടേ അടുത്ത ചവണയെടുത്ത് മേല്‍ പറഞ്ഞ കളരി സ്റ്റെപ്പെല്ലാമെടുത്ത് ഒരു വലി കൂടി വലിച്ചപ്പോള്‍ ഡോക്ടര്‍ ജെയിച്ചു.. പല്ലു തോറ്റു.. സന്തോഷം കൊണ്ട് ഡോക്ടറുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊടിഞ്ഞു. കൊറെ പഞ്ഞിയെടുത്ത് എന്റെ വായില്‍ കുത്തിക്കയറ്റി വെച്ച് പുറം കൈ കൊണ്ട് സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ച് എന്റെ തോളത്ത് തട്ടി പറഞ്ഞു.. "വെല്‍ഡണ്‍ മൈ ബോയ്.. വെല്‍ഡണ്‍..."
ഇതെന്തിനാ ഇപ്പോ എനിക്ക് വെല്‍ഡണ്‍ എന്നാലൊചിച്ച് തല ചൊറിഞ്ഞ് എണീറ്റ ഉടനെ ഒരു ഏ ഫോര്‍ സൈസ് പേപ്പറില്‍ കൊറെ മരുന്നിനെഴുതി ഒരു കവറു നിറച്ച് പഞ്ഞിയും തന്ന് പോയി രണ്ട് ഐസ്ക്രീമൊക്കെ കഴിച്ച് വിശ്രമിക്ക് എന്നും പറഞ്ഞ് വിട്ടു. ഇപ്പ ദാ രണ്ട് ലോഡ് ആന്റിബയോട്ടിക്കും മൂന്നാലു ലിറ്റര്‍ ഐസ്ക്രീമും വാങ്ങി വീട്ടില്‍ വന്ന് ഐസ്ക്രീം കഴിച്ച് സില്‍മയും കണ്ട് വിശ്രമവേള ആനന്ദകരമാക്കി കൊണ്ടിരിക്കുന്നു.

സ്വിമ്മിങ്ങ് സ്യൂട്ട്

ഡിഗ്രിക്കു പഠിക്കുമ്പോൾ‍ സ്വിമ്മിംഗ് ടീമില്‍ ഉണ്ടായിരുന്നു.. ടീമിലുണ്ടായിരുന്ന ഓരോരുത്തര്‍ക്കും സ്വിമ്മിംഗ് സൂട്ടും തന്നു. കണ്ണടച്ച് ചെറുപ്പത്തിലേ നീന്തല്‍ പഠിപ്പിച്ച ഗുരുകരണവന്മാരേ മനസ്സില്‍ ധ്യാനിച്ച് വലതു കൈ കൊണ്ട് പീട്ടി സാറിന്റെ കയ്യില്‍ നിന്നും അതേറ്റു വാങ്ങുമ്പോള്‍ അതിനു കേടുപാടുകളൊന്നും ഇല്ലാതെ കണ്ട് ബോധിച്ച് കൈപറ്റി എന്നു എഴുതി ഒപ്പിട്ടു കൊടുത്തു..
നീന്തലും പരിപാടികളുമെല്ലാം കഴിഞ്ഞ് കൊല്ലാവസാനം ടിസി ആപ്ലിക്കേഷന്‍ കൊടുക്കുമ്പോഴാണു യഥാര്‍ത്ഥ ചൊറ വരുന്നത്.. എല്ലാ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നമ്മള്ങ്ങോട്ടു ഫീസോ മരു സ്ഥാവര ജംഗമ വസ്തുക്കളോ കൊടുക്കാനില്ലെന്നു ഡിപ്പാര്‍ട്ട്മെന്റ് ഹെഡുകളില്‍ നിന്നും സൈന്‍ വാങ്ങിക്കണം. ബി ബി ഏ കാരായ ഞങ്ങള്‍ക്കുള്ള മെയിന്‍ തലവേദന ലൈബ്രറിയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റും തന്നെ...
എല്ലായിടത്തു നിന്നും സൈന്‍ വാങ്ങി അവസാനം പീടി സാറിന്റെ അടുത്തെത്തി. മൂപ്പരെന്റെ രെജിസ്റ്റെര്‍ എടുത്ത് നോക്കിയിട്ട് ഒരു കള്ളച്ചിരി..
"എടോ ഫയാസേ.. തന്റെ സ്വിമ്മിങ്ങ് സ്യൂട്ട് തിരിച്ച് കിട്ടിയില്ലല്ലൊ..."
" അതു പിന്നെ സാറേ.. അതു തിരിച്ചു തരാനുള്ളതാണോ..??"
"അല്ലതെ പിന്നെ.. അതു കോളേജ് പ്രോപ്പെര്‍ട്ടിയല്ലേടോ.. ഡിപ്പാര്‍ട്ട്മെന്റ് കാശു കൊടുത്ത് വാങ്ങിച്ചതാ.. തിരിച്ചേല്പ്പിക്കണം.."
"ഇതെന്തൂന്നാണു സാറേ.. ഒരു കൊല്ലം ഇട്ടു ഊപ്പാട് വന്ന ഷഡ്ഡി തിരിച്ചേല്പ്പിക്കണം എന്നൊക്കെ പറഞ്ഞാല്‍.. അതിനി ആര്‍ക്കിടാനാണു സാറേ..?"
"അതൊന്നും താനറിയെണ്ട.. ഒരെണ്ണത്തിനു 75 രൂപയാണു.. അല്ലാണ്ട് ഇരുപതുർപ്പ്യേടെ കുന്നത്ത് ഷഡ്ഡിയല്ല ഇതു.."
"ആഹ് അതൊക്കെ കീറിപ്പോയി സാറെ.."
"എന്നാ ഒരു കാര്യം ചെയ്യ് ഒരു 75 രൂപ അടച്ചോ.. ഒപ്പിട്ടു തരാം.."
"അപ്പൊ ഒരു കൊല്ലം ഉപയോഗിച്ചതിന്റെ ഡിപ്രീസിയേഷന്‍..?? അതു കുറക്കണ്ടേ സാറേ..??"
"എറങ്ങിപ്പോടോ.. തനിക്കൊപ്പിട്ടു തരാന്‍ എനിക്ക് സൗകര്യമില്ല... എം കോം കാരനായ എന്നെയാണു താന്‍ ഡിപ്രീസിയേഷന്‍ പറഞ്ഞ് പേടിപ്പിക്കുന്നത്.. !!"
പിറ്റേ ദിവസം സാറിന്റെ റൂമിന്റെ മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ചിരി..ബഹളം.. ഞാന്‍ പോയി നോക്കിയപ്പോള്‍ "പീട്ടി സാറിന്റെ പീഡനത്തില്‍ മനം നൊന്ത് ഞാന്‍ ആത്മഹത്യ ചെയ്യുന്നു.." എന്ന ഒരു ആത്മഹത്യാ ക്കുറിപ്പിനോടൊപ്പം കീറിപ്പറിഞ്ഞ ഒരു ഷഡ്ഡി ഡോറിന്റെ മുന്നില്‍ തൂങ്ങിക്കിടന്നാടുന്നു..
എന്റെ പൊന്നോ..!! അതിനു ശേഷം ആ ഫോമൊന്നൊപ്പിട്ടു കിട്ടാന്‍ പെട്ട പാടു.. ഷഡ്ഡിയെ തല്ലി കൊന്ന് കെട്ടിത്തൂക്കിയത് ഞാനല്ല എന്നു ആയിരത്തഞ്ഞൂറു പ്രാവശ്യം കരഞ്ഞു പറഞ്ഞിട്ടും അവരു സമ്മതിച്ചില്ല.. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ സാഹചര്യത്തെളിവുകളുടേ അടിസ്ഥാനത്തില്‍ എന്നെ കുറ്റക്കാരനാക്കി പ്രഖ്യാപിച്ചു.. പിന്നെ 150 രൂപ ഫൈനും മാപ്പു പറച്ചിലുമൊക്കെ കഴിഞ്ഞിട്ടാണു എനിക്കു ടിസി കിട്ടിയത്..
പതിനഞ്ചു കൊല്ലം മുന്നു 150 ഉർപ്പ്യാന്നൊക്കെ പറഞ്ഞാൽ അതു വലിയൊരു സൂംഖ്യ തന്നെ ആയിരുന്നൂട്ടോ.. നുമ്മളൊക്കെ ചെയ്തു കൂട്ടിയ ചെയ്ത്തുകളും കുരുത്തക്കേടുകളുമെല്ലാം കൂട്ടി നോക്കിയാൽ ഈ സാറുമ്മാരൊന്നും നമ്മളോടിങ്ങനെ ചെയ്താൽ പോരാ...!!

പണി പാളീട്ടാ...

കുറെ നാളുകളായിട്ടുള്ള ഒരു ദുരാഗ്രഹമായിരുന്നു കവിത എഴുതണമെന്ന്.. ഇന്നലെ രാത്രി മുതല്‍ ഒരു ത്രെഡ് വന്നു മനസ്സില്‍ വീണു പൊട്ടി മുളച്ച് കവിതയായി പുറത്ത് ചാടാന്‍ വെമ്പല്‍ കൊള്ളുകയാണ്. പക്ഷേ സംഭവം ഇങ്ങട്ട് ചാടുന്നില്ല.. ആകെപ്പാടെ അസ്വസ്ഥത.. ആ വേദനയില്‍ ഇരിക്കുമ്പഴാണു ഓഫീസിലെ സെയില്‍സ് ടീമിലെ പയ്യന്‍ വന്നത്..
"സാറേ... ഒരു ഹെല്പ് വേണം.."
ഹും.. മനുഷ്യന്‍ ഇവിടെ കവിത എഴുതാന്‍ മുട്ടി ഇരിക്കുമ്പഴാ അവന്റെ ഒരു ഹെല്പ്പ്..
"പോഡേയ് പോഡേയ്.. ഇന്ന് ഹെല്പ്പില്ല.. വീക്കെന്റ് ആണു.."
"എമര്‍ജെന്‍സി ആണു സാറേ.. പെട്ടെന്നു റിപ്ലൈ ചെയ്യേണ്ട മെയിലാ.."

"ഞാന്‍ ഒരു സീരിയെസ് കാര്യം ചെയ്തോണ്ടിരിക്കുവാ.. please don't disturb.."
"വല്ല ടെണ്ടര്‍ പ്രിപ്പെറേഷനും ആണോ...?"
"നോ നോ..!! ഞാന്‍ ഒരു കവിത എഴുതാന്‍ ശ്രമിക്കുവാ.."
അതു കേട്ടപ്പോള്‍ അവനത്ഭുതം..
"ഏഹ്.. അപ്പോ സാറു കവിത എഴുതുമോ..?"

ദുഷ്ടന്‍.. Stupid Fellow ഒരു കവിയോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം.. സാരമില്ല.. തല്‍ക്കാലം ക്ഷമിക്കാം..
"ശ്ശ്ശ്ശ്ശ്ശ്ശ്ശ്... മിണ്ടല്ലെടാ.. കവിത തെറ്റിപ്പോകും.."
കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ പേപ്പറില്‍ എഴുതുന്നതാണു കവിതയുടെ ഭംഗി.. മാത്രമല്ല സിനിമയിലൊക്കെ കാണുന്ന പോലെ എഴുതിയിട്ട് ശെരിയാകാതെ ചുരുട്ടിക്കൂട്ടി താഴെയിടണം.. അവസാനം വെട്ടി തിരുത്തി തിരുത്തി മനോഹരമായ ഒരു കവിത പൊട്ടി മുളക്കും എന്നുള്ളതില്‍ ഒരു സന്ദേഹവും വേണ്ട..

അവസാനം പേനയിലെ മഷിയും കൊറേ പേപ്പറും വേയ്സ്റ്റായല്ലാതെ നാലു വരി പോലും ശെരിയായില്ല.. ഇതു നമുക്ക് പറ്റിയ പണിയല്ലെന്നു തീരുമാനിച്ച് പേന താഴെ വെച്ചു കസേരയിലൊന്നു ചാരി കയ്യും കാലും നിവര്‍ത്തി ഒരു ദീര്‍ഘ നിശ്വാസമങ്ങു പെടച്ചു..
"എന്തായി സാറേ.. വല്ലതും നടന്നോ..?"
"നോ... ഞാന്‍ നിര്‍ത്തി.. ഇതൊന്നും നമ്മളെകൊണ്ട് പറ്റുന്ന പണിയല്ലെഡേയ്.."
"എന്താ സബ്ജക്റ്റ്.."
"As usual.. പ്രണയം..!! ലവ്.. നിനക്ക് കാണണോ..??"
"എനിക്ക് വായിക്കാനറിയൂല.."
ഹാവൂ ഭാഗ്യം.. എന്നാല്‍ എഴുതിയെടത്തോളം  വായിച്ച് കേള്‍പ്പിച്ച് ഇവനെ കൊല്ലാം.
"എന്നാ നീയിവിടെ വന്നിരിക്ക്.. ഞാന്‍ കവിത വായിക്കാം "
മുരടനക്കി ചെറുതായി ഒന്നു ചുമച്ച് തൊണ്ട ശെരിയാക്കി ഞാന്‍ കവിത ചൊല്ലാനുള്ള സ്റ്റെപ്പെടുത്തു
"'നിഴലായ് നീ കൂടെയുണ്ടാകുമെങ്കില്‍
ഇരുട്ടാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - എങ്ങനെയുണ്ട്..?"
എന്തോ വലിയ സംഭവം ആണെന്ന മട്ടില്‍ കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്ന് ഞാന്‍  കഴുത്തില്‍ മുറുകി കിടന്നിരുന്ന ടൈ ഒന്നു ലൂസാക്കി
"കൊള്ളാം.. പക്ഷേ ഇതിലെവിടെ പ്രണയം..?"
ആഹാ.. മലയാളം വായിക്കാനറിയാത്ത ഇവന്‍ പ്രണയം എന്നൊക്കെ പറയാനായാ..?? "ഡാ പൊട്ടാ.. പണ്ടത്തെ കവികള്‍ പാടിയിട്ടില്ലെ.. കരയുമ്പോള്‍ കൂടേ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്നു..?"
"ഞാന്‍ കേട്ടിട്ടില്ല.."
"ആഹ് എന്നാല്‍ അങ്ങനെ ഉണ്ട്.. അതായത്.. നമ്മുടെ നല്ല കാലത്തും കഷ്ടകാലത്തും നമ്മുടെ നിഴല്‍ മാത്രമേ കൂടെയുണ്ടാകൂ എന്നു.."
"ഉം..."
"അപ്പോ കാമുകി പറയുകയാണു എന്നും കൂടെയുണ്ടാകുന്ന നിഴല്‍ ആയി വരാമെന്നു.."
"എന്നിട്ട്..?"

കൊള്ളാം.. ചെക്കനു ആവേശം മൂത്തു വരുന്നുണ്ട്.. ഒരു കവിയുടെ എല്ലാ ശക്തിയും ആവാഹിച്ച് ഞാന്‍ വിശദീകരിക്കാന്‍ തയ്യാറെടുത്തു..
"അപ്പോള്‍ കാമുകന്‍ പറയുന്നു.. എങ്കില്‍ നീ നിഴലാകെണ്ട.. ഇരുട്ടായാല്‍ മതി.."
"ഇതു പ്രണയമല്ലല്ലോ.. കാമം അല്ലേ.. നല്ലസ്സലു സെക്സ്..?"
ചെക്കന്‍ വിചാരിച്ചോടത്ത് നിക്കും എന്നു തോന്നുന്നില്ല.. മിക്കവാറും ഇവനെന്നേം കൊണ്ടേ പോകൂ..
"ഏഹ്..??"
"ഇരുട്ട് രാത്രിയല്ലേ.. നിഴല്‍ പകലും.. അപ്പോ പെണ്ണിനെ രാത്രി മാത്രം മതി എന്നാണോ കാമുകന്‍ ഉദ്ധേശിച്ചത്..? രാത്രി മാത്രം എന്നു പറഞ്ഞാല്‍..."
ഇതും പറഞ്ഞ് മുഖത്തൊരു പുച്ചഭാവത്തോടേ ഇരിക്കുന്നു അവന്‍.. പടച്ചോനേ... ഇങ്ങനെയെല്ലാംചിന്തിക്കാന്‍ മാത്രം ബുദ്ധി ഇവനുണ്ടായിരുന്നോ..? ഇവനെ ജോലീന്ന് പിരിച്ചു വിടുന്നതായിരിക്കും ബുദ്ധി..
"നീ ശെരിയാവൂല.... പോയേ പോയേ.. ഞാനില്ല ഈ കളിക്ക്.."
എന്റെ മുഖഭാവം കണ്ടിട്ടാണോ എന്തോ.. ഒന്നും മിണ്ടാതെ അവന്‍ എഴുന്നേറ്റ് പോയി..
എന്നാലും അങ്ങനെ വിടാന്‍ പറ്റില്ലല്ലോ.. മാത്രമല്ല വെല്യ കവിയാണെന്നും പറഞ്ഞിരുന്ന എന്നെ മലയാളം പോലും വായിക്കാനറിയാത്ത ഒരു ചീളു പയ്യന്‍ ആക്കി പോകുക എന്നൊക്കെ പറഞ്ഞാല്‍..?? എന്തായാലും ഒന്നു മാറ്റി പിടിച്ച് നോക്കാം.. കുറച്ച് കഴിഞ്ഞപ്പോള്‍ അവനെ പിന്നേയും വിളിച്ചു..
"ഡാ ഇങ്ക്ട് വന്നേ.. ഞാന്‍ മാറ്റിയെഴുതി.. ദാ കേട്ടു നോക്ക്.."
ഇപ്രാവശ്യം വെല്യ താല്പര്യമില്ലാത്ത രീതിയിലാണാവന്‍ വന്നത്.. ഞാന്‍ അതു മൈന്‍ഡ് ചെയ്യാതെ പിന്നേയും കവിത വായിക്കാന്‍ തുടങ്ങി.. ഞാനും സീരിയെസ്സായി.."

'എനിക്കെന്നും നിന്‍ നിഴലായ് കൂടെയുണ്ടാകണം..'
'അങ്ങനെയെങ്കില്‍
ഒരു ഭാഗത്ത് മാത്രം ഒതുങ്ങുന്ന നിഴലാകുന്നതിനേക്കാള്‍ നീയിരുട്ടാകുന്നതാണെനിക്കിഷ്ടം..
എന്നെ പൊതിയുന്ന ഇരുട്ട്..' - ഇതെങ്ങനെയുണ്ട്..??"
അടുത്ത ചോദ്യം ചോദിച്ചു.. അവനെന്നെ പിന്നേം ഞെട്ടിച്ചു 
"സാറെന്തിനാണീ ഈ ഇരുട്ടില്‍ കേറി പിടിച്ചേക്കുന്നത്.. ഇരുട്ട് എന്നു പറഞ്ഞാല്‍ darknessഅല്ലേ..? Darkness is the symbol of Sorrow and agony.. So sad...!! "
ഓഹ്.. ഇവന്‍ ഇപ്പൊ English ല്‍ പിടിച്ചായ കളി..
"ആണല്ലേ.. എന്നാ നീ പൊയ്ക്കോ.. ഞാന്‍ കവിത എഴുതല്‍ നിര്‍ത്തി.. ന്നെ കൊണ്ട് നടക്കൂല.." പിന്നെയും പേന താഴെ വെച്ചു കീഴടങ്ങി..
"ഹേയ്.. അല്ലല്ല സാറിനെ കൊണ്ട് പറ്റും.. നിര്‍ത്തെണ്ട.. Try something pleasant.."
ഹോ ഇവനിന്നെന്നെ മോട്ടിവേറ്റ് ചെയ്തു കൊല്ലും എന്നാണു തോന്നുന്നത്.. പണ്ടാരം.. പക്ഷേ ഞാന്‍ പ്രതികാരദാഹിയായി മാറി.. ഇത്രേം ഹൃദയ ഭേദകമായി പരിശുദ്ധ പ്രണയത്തെ വിവരിക്കാന്‍ ശ്രമിച്ച എന്റെ കവിതയെ വെറും കാമമാക്കി മാറ്റിയ ഇവനെ വെറുതെ വിടാന്‍ പാടില്ല..
"ആണല്ലേ.. ദിപ്പ ശെര്യാക്കിത്തരാട്ടാ..."
"Okay.. All the very best sir..!!."
അവന്‍ Thumbs Up കാണിച്ചു പിന്നേ സീറ്റിലേക്ക് പോകാന്‍ എണീച്ചു..
"ആഹാ.. നിക്ക് നിക്ക്.. അങ്ങനങ്ങു പോകാതെ.. ഞാന്‍ പണ്ടെഴുതിയ ഒരു സന്തോഷ കവിതയുണ്ട്.. കേക്കണോ..??"
"ആണോ.. Lets hear it then.. "
"പിന്നല്ലാണ്ട്..? ദാ കേള്‍ക്ക് മോനേ.."
"Okay"
"അത്തള പുത്തള തവളാച്ചീ..
ചുക്കുമരിക്കണ ചൂളാപ്പാ..
മറിയം വന്നു വിളക്കൂതി..
ഫൂ.. ഫൂ.. ഫൂ..." - എങ്ങനെയുണ്ട് മോനേ..??"
ഇതു കേട്ട് ചമ്മിയ മുഖത്തോടേ ഇരിക്കുന്ന അവനേ നോക്കി ചിരിക്കാനുള്ള ക്രൂരമോഹവുമായിഞാൻ അവന്റെ മുഖത്തേക്ക് നോക്കി.. പക്ഷെ അവന്റെ മുഖത്ത് ഒടുക്കത്തെ സീരിയെസ്നെസ്..

"പോരാ..!!"
"ഏഹ്..?" ഇവനെന്നെ കളിയാക്കുന്നതാണോ..??
"This is again Sad.. So Negative."
അവനിപ്പഴും സീരിയസ്സായിട്ട് തന്നെ..
"Why..??"
"വിളക്കൂതിയാല്‍ പിന്നേം Darkness അല്ലെ.. in that point of view, this is negative.."
"ന്റെ റബ്ബേ...!!" എനിക്ക് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
" Why don't you change it to മറിയം വിളക്ക് കത്തിച്ചു എന്നു ..? it would be positive.. വെളിച്ചം വരുന്നതല്ലെ..?"
ഇവന്‍ പൊട്ടനാണോ അതോ എന്നെ പൊട്ടനാക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് എത്ര ശ്രമിച്ചിട്ടും പിടി കിട്ടുന്നില്ല.. പിന്നൊന്നും നോക്കാണ്ട് ഒരു കാച്ചങ്ങ് കാച്ചി...
"അതേയ് ഒരു കാര്യം ചെയ്യ് നീ വീട്ടീ പൊയ്ക്കോ.. ഇന്നു നിനക്ക് പേയ്ഡ് ലീവ്... എഞ്ചോയ് യുവര്‍ വീക്കെന്റ്.."

ലോ ഓഫ് ഇനെര്‍ഷ്യ

"ഇക്കാ.. ഇങ്ങളല്ലേ പറഞ്ഞത് ഈ ഫിസിക്സും കെമിസ്ട്രിയുമൊന്നും പഠിച്ചിട്ടൊരു കാര്യവുമില്ലാ.. ഇതിനൊക്കെ നിത്യ ജീവിതത്തിലൊരു ഉപകാരവും ഇല്ലാന്നൊക്കെ??"
ഏഹ്.. ഇവള്‍ക്കെന്താ ഇപ്പ പെട്ടെന്നിങ്ങനെയൊക്കെ തോന്നാന്‍..?? എന്താണെന്നറിയാന്‍ ആകാംഷയുണ്ടായിരുന്നിട്ടും ജാടയൊട്ടും വിടാതെ തന്നെ മറുപടി കൊടുത്തു..
"അതേടീ.. നിത്യ ജീവിത്തില്‍ മാനേജ്മെന്റിനേക്കാള്‍ ഉപകാരപ്രധമായ മറ്റൊന്നും ഇല്ല.... എന്തോരം ആള്‍ക്കാരെയാണു ഞാന്‍ ഡെയ്‌ലി മാനേജ് ചെയ്യുന്നതന്നറിയാമോ..?" ഒരു എഞ്ചിനീയര്‍ വന്നിരിക്കുന്നു... നമ്മള്‍ടെ അടുത്താ കളി..
"എന്നാ കേട്ടോ.. ഇന്നു ഫിസിക്സ് തിയറി പ്രയോഗിച്ച് ഞാന്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.."
ഏഹ്.. ഇവളെന്നോടുള്ള വാശിക്ക് ഇമ്മാതിരി പണിയൊക്കെ ചെയ്തു തുടങ്ങിയോ..? അധികം മൈന്‍ഡാക്കെണ്ടാ.. സംസാരത്തില്‍ മാക്സിമം നിസ്സംഗത വരുതി..
"ഉവ്വ നീ ഒലത്തി.."
"അധികം ആളു കളിക്കാണ്ട് ഇതു കേള്‍ക്ക് മനുഷ്യാ.."
"ഉം പറ.."
"ഉപ്പ ഇന്നെന്നെ റെയില്‍‌വേ സ്റ്റേഷനിലേക്ക് ആക്കാന്‍ വന്നപ്പോ ഭയങ്കര ബ്ലോക്ക്.."
"ഉം.. അപ്പൊ ബ്രേക്ക് പാടിന്റെ ഫ്രിക്ഷനും നിന്റുപ്പാടെ കാലിന്റെ ഫോര്‍സും കൂടെ അങ്ങട്ട് ഉരുട്ടിക്കൂട്ടി പ്രയോഗിച്ച് കാറു നിന്നൂന്നാകും.."
"ഒലക്കേടെ മൂട്...!! അതല്ല മനുഷ്യാ.. ഇങ്ങക്ക് കേക്കാന്‍ സൗകര്യമുണ്ടോ..?"
അവള്‍ടെ സംസാരത്തിലെ മയമെല്ലാം പോയിതുടങ്ങീന്നായപ്പോള്‍ സമാധാന കാംഷിയായ വെറുമൊരു സാധാരണ ഭര്‍ത്താവായി മാറാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.. വെറുതെ അവള്‍ടെ വായിലിരിക്കുന്നത് വാങ്ങിച്ച് വെക്കണ്ട..
"ഉം ശെരി.. പറഞ്ഞോ..."
"അപ്പോ ഞങ്ങള്‍ വേറെ റോട്ടീക്കൂടെ വന്ന് ഇപ്പുറത്ത് നിര്‍ത്തി.. അവിടുന്നു ഒരു ഇടവഴീക്കൂടെ കേറിയാല്‍ പെട്ടെന്നു സ്റ്റേഷനില്‍ എത്തും എന്നു ഉപ്പ പറഞ്ഞു..."
"ഉം.. മൂപ്പര്‍ക്കീ ഇടവഴിയെല്ലാം എങ്ങനെ അറിയാടീ...?"
"ആഹ് അതു നിങ്ങ ചോയിച്ചൂന്ന് ഞാനുപ്പാനോട് പറയാട്ടാ.."
"അള്ളോ വേണ്ടാ.. നീ കാര്യത്തിലേക്ക് വാ.. എന്നിട്ട്..?"
"ചെറിയ ഇരുട്ടായി തുടങ്ങി.. വഴിയില്‍ ആരും ഇല്ല.. വോള്‍ട്ടേജില്ലാത്ത സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം മാത്രം... ചുറ്റും ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം.."
അവളുടെ വിശദീകരണവും സംസാരത്തിലെ ഭാവവുമെല്ലാം ആയപ്പോള്‍ എനിക്കു പേടിയായി തുടങ്ങി..
" ഹോ.. എന്നിട്ട്..?? നീ പേടിച്ചോ..??"
"ഹേയ് അപ്പൊ പേടിച്ചില്ല.. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍..."
"കുറച്ച് കഴിഞ്ഞപ്പോള്‍...??"
"കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും ഒരു ചെക്കന്‍.."
"ചെക്കന്‍ നിന്നെ എന്തെങ്കിലും ചെയ്തോ.. അവനെ കണ്ടാലെങ്ങനിരിക്കും..?"
"ഇല്ലല്ല.. അവന്‍ എന്നോട് ചോദിച്ചു.."
വളരെ സീരിയസ്സായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ് അവളൊന്നു നിര്‍ത്തി..
"നീ വേഗം കാര്യം പറയെടീ.."
"എന്നോട് ചോദിച്ചു..എഞ്ചിനീയറിങ്ങ് കോളേജിലേക്കാണോ എന്നു.."
ഹോ.. നെഞ്ചില്‍ കെട്ടി നിന്ന ശ്വാസമെല്ലാം കൂടെ ഒന്നാകെ ഓട്ട വന്ന ബലൂണീന്നു കാറ്റു പോകുന്ന പോലെ ഒറ്റ പോക്കങ്ങു പോയി...
"ആഹ്.. അതാണോ.. വെല്യ കാര്യം..? നിന്നെ കണ്ടപ്പോ അവന്റെ കൂടെ പഠിക്കുന്ന വല്ല കുട്ടികളുടെയും ഉമ്മയാണെന്നു കരുതി ചോദിച്ചതാകും.. പക്ഷേ ഇതിലെവിടേടീ നിന്റെ ഫിസിക്സ്..??"
"അടങ്ങു.. ഞാന്‍ അവനു മറുപടിയൊന്നും കൊടുക്കാതെ വേഗം നടന്നു.. അപ്പോ അവനും വേഗം നടന്നു..
"അതവനു തെരക്കായിട്ടായിരിക്കും.. നീ വെറുതെ പാവം ചെക്കന്മാരെ തെറ്റിദ്ധരിക്കരുത്.."
"അല്ലല്ല.. അപ്പോ ഞാന്‍ സ്പീഡ് കൂട്ടി.. "
"അതു നന്നായി.."
"അപ്പോ അവനും സ്പീഡ് കൂട്ടി.."
"ഏഹ്...?"
"പിന്നേം ഞാന്‍ സ്പീഡ് കൂട്ടി നടന്നു.."
"ആഹാ.."
"അവനും സ്പീഡ് കൂട്ടി നടന്നു.."
ആകാംഷയുടെ നിമിഷങ്ങള്‍.. അവള്‍ പറയുന്നത് കേട്ട് മൂളി മൂളി എനിക്ക് പിന്നേം ശ്വാസം മുട്ടി തുടങ്ങി.. മനസ്സില്‍ പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം വരാന്‍ തുടങ്ങി..
"പണ്ടാരം.. നിര്‍ത്ത് നിര്‍ത്ത്.. നടന്നത് മതി... ഇങ്ങനെ നടന്നു നടന്നു ഒരു മാതിരി അമല്‍ നീരദിന്റെ പടം പോലെ ആക്കല്ലെ.. നീ ഫിസിക്സ് കൊണ്ടു വാ.."
"ആഹ്.. ദാ വരുന്നിക്കാ സംഭവത്തിന്റെ ട്വിസ്റ്റ്.."
"ട്വിസ്റ്റെങ്കില്‍ ട്വിസ്റ്റ്.. പോരട്ടെ.."
"പെട്ടെന്നാണു എനിക്കു ന്യൂട്ടന്റെ ലോ ഓഫ് ഇനെര്‍ഷ്യ ഓര്‍മ്മ വന്നത്.."
"ച്ചേയ്..!!"
"ഏഹ്.. എന്താണിക്കാ..??"
"വഷളത്തി.. നീ ന്യൂട്ടന്റെ എന്തോന്നു ഓര്‍ത്തെന്നാ..??"
"ന്യൂട്ടന്റെ ഇനെര്‍ഷ്യ.." അവളുടെ സംസാരത്തില്‍ ഒടുക്കത്തെ നിഷ്കളങ്കത..
"ഹോ.. ഈ സമയത്ത് നിനക്കിതൊക്കെ ഓര്‍മ്മ വന്നോ...?"
"ത്ഫൂ.. വൃത്തികേട് പറയാതെ മനുഷ്യാ.... ഇതതല്ല.."
"ഏഹ്.. ഇതതല്ലേ..? പിന്നെ നീയെന്താ ചെയ്തത്.."
"ഞാനാരാ മോള്‍.. അപ്പൊ തന്നെ ഞാനത് പ്രയോഗിച്ചു..."
ഹും.. ഇനിയിതുമ്മെ പിടിച്ചു തൂങ്ങി എനിക്കു ഇതു പോലും അറിയില്ലാന്നവളെകൊണ്ട് പറയിക്കെണ്ട.. ഇല്ലെങ്കില്‍ പിന്നെ മാനേജ്മെന്റ് പറഞ്ഞു അടിച്ചൊതുക്കാന്‍ പറ്റില്ല.. ഇനെര്‍ഷ്യയല്ല... ഇനെര്‍ഷ്യയുടെ മൂത്താപ്പയാണെങ്കിലും എനിക്കു പുല്ലാണെന്നു വരുത്തുന്ന രീതിയില്‍ ചോദിച്ചു..
"നിന്റെ ബാഗെടുത്ത് അവനെ അടിച്ചോ.?"
"ന്റെ മനുഷ്യാ അതു ഫോര്‍സില്‍ വരുന്ന കാര്യങ്ങളല്ലേ..? ഇങ്ങക്ക് ന്യൂട്ടന്‍സ് ലോ ഓഫ് മോഷനിലെ, ലോ ഓഫ് ഇനെര്‍ഷ്യ അറിയില്ലാ..??" അവള്‍ക്കത്ഭുതം..
"പിന്നേ.. മോഷനല്ലേ..? അതു ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിച്ചതാ.."
"ഏഹ് അഞ്ചിലോ..??"
"ആഹ് അഞ്ചായാലും പത്തായാലും.. അതവിടെ നിക്കട്ടെ.. പിന്നെ ഒരു ലോ ആകുമ്പോള്‍ അതു പല രീതിയിലും പ്രയോഗിക്കാമല്ലോ.. അതു കൊണ്ടാ ഞാന്‍ ബാഗെടുത്തടിച്ചോന്നു ചോദിച്ചത്...."
"ആഹ്... അതു പോട്ടെ.. ഞാന്‍ കുറച്ചൂടെ സ്പീഡ് കൂട്ടീട്ടാ.. അപ്പോ.."
പണ്ടാരടങ്ങാനായിട്ട് അവളു ദാ വീണ്ടും നടക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഇങനെ നടന്നാല്‍ ബാക്കിയുള്ളോരിവിടെ ശ്വാസം മുട്ടി ചാകും.. അതു കൊണ്ട് നേരെ ചാടി സംസാരം ഇന്റെര്‍ഫിയര്‍ ചെയ്തു..
"അവനും സ്പീഡ് കൂട്ടി.. അത്രല്ലേ ഒള്ളു..?"
"ശെടാ ചൂടാകല്ലിഷ്ടാ.. ഞാന്‍ അങ്ങനെ സ്പീഡ് കൂട്ടി നടത്തം മാറി ഓട്ടം ആകുന്ന ആ പോയിന്റില്‍ ആയപ്പോള്‍ പെട്ടെന്നു നടത്തം നിര്‍ത്തി.."
ഹോ ഭാഗ്യം.. നടത്തതിനൊരവസാനം വന്നല്ലോ.. എനിക്ക് ശ്വാസം വിടാനുള്ള ഗ്യാപ്പ് കിട്ടി..
"ഓഹ്.. വെല്യ കാര്യം.. എന്നിട്ട്..?"
"അതേ.. വെല്യ കാര്യം തന്നെ.. ഇങ്ങനെ കളിയാക്കാന്‍ ആണെങ്കില്‍ ഞാനില്ലാട്ടാ.."
"ശ്ശെടാ.. കളിയാക്കിയതല്ല.. ഞാനൊന്നാശ്വസിച്ചതാ.. നീ നിന്നിട്ട്..??
"ഞാന്‍ നിന്നപ്പോള്‍ ലവന്റെ ഇനെര്‍ഷ്യ കാരണം അവനു നിക്കാന്‍ പറ്റിയില്ല.. അവന്‍ അതേ സ്പീഡില്‍ നേരെ മുന്നോട്ട് തന്നെ പോയി.. ഹി ഹി ഹി.."
"ശ്ശോ.. ഇതിലെന്തൂട്ടിത്ര കിണിക്കാന്‍.. എന്നിട്ട്..?"
"ന്റെ മനുഷ്യാ.. അതാണു ഫിസിക്സ്.. അസ് പെര്‍ ദി ലോ ഓഫ് ഇനെര്‍ഷ്യ.. എൻ ഒബ്ജെക്റ്റ്‌ ഇൻ മോഷൻ സ്റ്റേയ്സ്‌ ഇൻ മോഷൻ വിത്‌ ദി സെയിം സ്പീഡ്‌ ആന്റ്‌ ഇൻ ദി സെയിം ഡയറക്ഷൻ അൺലെസ്സ്‌"
"ന്റെ റബ്ബേ.. മതി നിര്‍ത്ത്... നീ നിന്നു അവന്‍ മുന്നിലോട്ട് പോയി.. ഇതില്‍ നീയെങ്ങനെ രക്ഷപ്പെട്ടു..?"
"ന്റെ മന്‍ഷ്യാ.. ഇങ്ങളെന്തൂട്ട് മാനേജ്മെന്റാ..? അവനു പിന്നെ മനപ്പൂ‌ര്വം സ്പീട് കുറക്കാനോ ഞാന്‍ അവനെ ഓവെര്‍ടേക്ക് ചെയ്ത് പോകുന്നത് വരെ വെയിറ്റ് ചെയ്യാനോ അവന്റെ അഭിമാനം അനുവദിക്കുമോ..?"
"ഹമ്പടി കേമീ...."
"എനിക്കിനി സാവധാനത്തില്‍ പോയാ പോരെ.. അവന്‍ ചമ്മി..
"ഹോ സമ്മതിച്ചു..."
"ഇങ്ങളു പറ.. എങ്ങനുണ്ടായിരുന്നു ഫിസിക്സ് കൂട്ടിക്കലര്‍ത്തിയുള്ള എന്റെ സൈക്കോളാജിക്കല്‍ മൂവ്..??"
"ഹോ.. വെള്‍ഡണ്‍ മൈ ബോയ്.. വെരി വെല്‍ഡണ്‍.. ഫിസിക്സ് നീണാള്‍ വാഴട്ടെ.."
ഇതാണു പറഞ്ഞത്.. നമ്മളേക്കാള്‍ ബുദ്ധിയും വിവരവുമുള്ള പെണ്ണിനെ കെട്ടാന്‍ പാടില്ലാന്നു.. സത്യത്തില്‍ ഇപ്പഴും എനിക്കിതു വരെ ഈ ലോ ഓഫ് ഇനെര്‍ഷ്യ എന്താണെന്നു ഒരു എത്തു പിടിയും കിട്ടീട്ടില്ല. ന്യൂട്ടന്‍ എന്നു കേള്‍ക്കുമ്പോഴും ഇടക്കിടക്കു ലൂസ് മോഷന്‍ വരുമ്പഴുമാണീ ലോ ഓഫ് മോഷന്‍ ഓര്‍മ്മ വരുന്നത്.. അതിന്റെ ഉള്ളില്‍ ഇയ്യാളെന്തിനാ ഈ ലോ ഓഫ് ഇനെര്‍ഷ്യയും കൂടെ കുത്തിക്കയറ്റി വെച്ചത്..?
എന്നാലും, എന്തായിരിക്കും ന്യൂട്ടന്റെ ലോ ഓഫ് ഇനെര്‍ഷ്യ..???

യൂ റ്റൂ യൂട്ട്രസ്...

ബാത്ത്റൂമില്‍ നിന്നും പൊത്തോന്നുള്ള ശബ്ദവും 'ന്റള്ളോ'ന്നുള്ള നിലവിളിയും കേട്ടിട്ടാണു അടുക്കളയില്‍ നിന്നും സൂറ ബേജാറോടെ ഓടി വന്ന് ബാത്ത്റൂമിന്റെ കതകില്‍ തട്ടിയത്. വാതില്‍ തുറന്ന് ഉണ്ടക്കണ്ണു ചുവപ്പിച്ച് സൂറാനെ തള്ളിമാറ്റി പുറത്തേക്ക് വന്ന ജബ്ബാര്‍ അലറി.. "അന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടീ ബലാലേ ബാത്ത്റൂമീ വെള്ളമുണ്ടെങ്കില്‍ അതൊന്നു തൊടച്ചിടണം എന്നു..??"
"അയ്നിപ്പം എന്തൂട്ടാണ്ടായേ മന്‍ഷ്യാ..? ഇങ്ങളു ജിന്നു കേറ്യ പോലെ നിന്നു തുള്ളാണ്ട് കാര്യം പറ.." സൂറ ഒന്നും മന്‍സിലാകാതെ കയ്യിലിരുന്ന പത്തിരിക്കോലു കൊണ്ട് തല ചൊറിഞ്ഞു..
"ബാത്ത്റൂമിലെ വെള്ളത്തീ ചവ്ട്ടി ഞാന്‍ ഊരേം തല്ലി വീണു പോത്തേ.. അന്നെ കൊണ്ടുള്ള ഓരോരോ എടങ്ങേറുകള്.." ജബ്ബാര്‍ തന്റെ നടുവിന് കൈ താങ്ങി തോളു രണ്ടു സൈഡിലേക്കും തിരിക്കാന്‍ ശ്രമിച്ചു..
"പടച്ചോനേ.. ഇങ്ങളതിനുള്ളീത്തെ സാമാനങ്ങളു വല്ലോം പൊട്ടിച്ചാ..??" ബാത്ത്റൂമിന്റുള്ളിലേക്ക് തലയിട്ടു നോക്കാന്‍ ശ്രമിച്ച സൂറാനെ പിടിച്ചു പുറത്തേക്ക് നിര്‍ത്തി.. "മന്‍ഷ്യനിവിടെ വീണു നടുവേതാ പുറമേതാന്നറിയാണ്ട് നിക്കുമ്പഴാ അവള്‍ടെ ഒരു ബാത്ത്റൂം ഇന്‍സ്പെക്ഷന്‍.."
താനെന്ത് തെറ്റാ ഇപ്പ ചെയ്തത് എന്ന മട്ടില്‍ സൂറ പിന്നെയും തല ചൊറിഞ്ഞു."ഇങ്ങടെ ദേഷ്യം കണ്ടാ തോന്നും ഞാനാ വന്നു ഇങ്ങളെ ഉന്തി തള്ളിയിട്ടതെന്ന്.." സൂറാടെ കണ്ണു നിറഞ്ഞ് വന്നു..
"അനക്കാ ബാത്ത്റൂമൊന്നു തൊടച്ചിട്ടൂടെ ന്റെ സൂറാ.. അന്നോടിതെത്ര പ്രാവശ്യം പറയണം..?"
"ന്റെ മന്‍ഷ്യാ.. ഞാനിവിടെ എന്തൊക്കെ നോക്കണം.. മക്കളെ കുളിപ്പിച്ച് ഉടുപ്പിടീപ്പിച്ച് ഭക്ഷണം കൊടുത്ത് അവരെ ഉസ്കൂളീ വിടണം.. ഇങ്ങടെ കാര്യങ്ങള്‍ നോക്കണം.. ഇയ്നൊക്കെ ഞാനൊറ്റ ഒരുത്തി അല്ലേ ഒള്ളൂ..??" സൂറ മൂക്ക് പിഴിഞ്ഞു
"ഇതല്ലാണ്ട് പിന്നെ അനക്കെന്താണ്ടീ ഇവ്ടെ വേറെ പണി..??" ജബ്ബാറീന്റെ ദേഷ്യം അടങ്ങുന്നില്ല..
"ഉം.. ഇങ്ങളിങ്ങനത്തെ ഒരു മൂശേട്ട ആകല്ലെ മന്‍ഷ്യാ.. പണിക്കൊരു വയസ്സായ പെണ്ണിനെ ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞാല്‍ ഇങ്ങക്കതും പറ്റൂല..."
"ഉം.. വയസ്സായ തള്ളേനെ കൊണ്ടന്നട്ട് വേണം പിന്നെ ഞാന്‍ അതിനു കൊട്ടം ചുക്കാദി തൈലം അന്വേഷിച്ച് നടക്കാനും അനക്ക് അതിന്റെ നടൂം കൂടെ തിരുമ്മിക്കൊടുക്കാനും.."
"അല്ലാണ്ട് പിന്നെ.. ചെറുപ്പക്കാരി പെണ്ണുങ്ങളേം കൊണ്ട് വന്നാ ഈ പൊരേന്റെ ഏഴയലൊക്കത്ത് ഞാന്‍ കേറ്റുംന്നു ഇങ്ങള്‍ പ്രതീക്ഷിക്കെണ്ടാ.."
"ന്റെ സൂറാ.. അന്റെ വര്‍ത്താനം കേട്ടാ തോന്നും ഞാനിവിടെ.... "
"ഉം എന്തേ നിര്‍ത്തീത്.. കാലത്തെണീച്ച് പാലു വാങ്ങിച്ചോണ്ട് വരാന്‍ ഞാനിവിടെ നൂറു വിളി വിളിച്ചാ ഒറക്കത്തീന്നെണീക്കാത്ത മന്‍ഷ്യനല്ലേ നിങ്ങള്‍."
"ഇയ്യ് വിളിക്കുന്നത് കേക്കാഞ്ഞിട്ടല്ലേ.. ന്റെ സൂറാ.. ?"
"എന്നിട്ടെങ്ങനാ മന്‍ഷ്യാ അപ്പര്‍ത്തെ വീട്ടിലെ പെണ്ണ് ചൂലെടുത്ത് മുറ്റമടിക്കുന്ന ശബ്ദം കേക്കുമ്പ സുച്ചിട്ട പോലെ ഇങ്ങളെണീറ്റ് പാലു വാങ്ങാന്‍ പോണത്..??"
ഇനിയും എന്തെങ്കിലും മിണ്ടാന്‍ നിന്നാന്‍ ശെരിയാവൂലാന്നു മനസ്സിലായപ്പോള്‍ നിസ്സഹായതയോടെ തിരിഞ്ഞപ്പോഴാണു വീണ്ടും ജബ്ബാറിന്റെ നടു മിന്നിയത്.. അതോടെ തൊട്ടപ്പുറത്ത് കിടന്ന കസേരയില്‍ തനെ തൊണ്ണൂറ്റഞ്ച് കിലോ ഭാരം ഉറപ്പിച്ച് സൂറാനെ നോക്കി.. ജബ്ബാറിന്റെ ആ നോട്ടത്തില്‍ നിന്നു തന്നെ നല്ല വേദനയുണ്ടെന്നു മനസ്സിലായ സൂറ വേഗം ത്ന്റെ ദേഷ്യവും അടുക്കളയില്‍ പരത്തി ചുടാന്‍ വെച്ചിരിക്കുന്ന പത്തിരികളെപോലും മറന്ന് ജബ്ബാറിന്റടുത്തിരുന്ന് പുറം തടവിക്കൊടുക്കാന്‍ തുടങ്ങി..
"പോത്തു പോലെ ബളര്‍ന്നല്ല മന്‍ഷ്യാ.. ഇങ്ങക്കൊന്നു നോക്കീം കണ്ടും നടന്നൂടെ..? "
പോത്തു പോലെ വളര്‍ന്നത് അന്റെ മൂത്തപ്പയാണ്ടീ ഇബ്ലീസേ എന്നു മനസ്സില്‍ പറഞ്ഞ് ജബ്ബാര്‍ തലതിരിച്ചു..
"ഇങ്ങക്ക് നല്ല വേദനണ്ടാ മന്‍ഷ്യാ..? അല്ലാണ്ട് ഇങ്ങളിങ്ങനെ ഇരിക്കൂലാന്നിനിക്കുറപ്പാ.."
"പിന്നെ വേദനല്യാണ്ട്.. ഇയ്യെന്താ വിചാരിച്ചേ..?"
"ന്നാ വേഗം എണീക്ക് മന്‍ഷ്യാ.. നമ്മക്കാ ബാലഷ്ണന്‍ ഡോക്ടറെ കാണാന്‍ പൂവാം.."
"ഹേയ് അതിന്റൊന്നും ആവശ്യല്ല.."
"ഇല്ലല്ല.. വേഗം പോകാം.. ഒന്നു സ്കാന്‍ ചെയ്യിക്കാം.. ഇങ്ങടെ യൂട്രസ്സിനു വല്ലോം പറ്റീട്ടുണ്ടെങ്കിലോ.."
ഇതു കേട്ട് ഓട്ടോമാറ്റിക്കായി തുറന്ന് പോയ വായടക്കാന്‍ പോലും മറന്ന് ജബ്ബാര്‍ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.. ഇതു കണ്ട സൂറ വായടക്ക് മന്‍ഷ്യാ എന്നും പറഞ്ഞ് കയ്യിലിരുന്ന പത്തിരിക്കോലു കൊണ്ട് താടിക്കൊരു കുത്തു കുത്തി ജബ്ബാറിന്റെ വായടച്ചുകൊടുത്തു.... കുത്തു കൊണ്ട് വേദനയെടുത്തെങ്കിലും സൂറ പറഞ്ഞ യൂട്രസ്സിന്റെ കെട്ടു വിടാത്തത് കൊണ്ട് ജബ്ബാറത് കാര്യമായെടുത്തില്ല..
"ന്റെ റബ്ബേ.. യൂട്രസ്സാ...?? അനക്കിതെവ്ടുന്നു കിട്ടി..സൂറാ..?"
"ഇന്നാളു ഞാന്‍ മുറ്റത്ത് വീണ് നടുവുളുക്കിയപ്പോള്‍ ഈ ബാലഷ്ണന്‍ ഡോട്ടറു തന്നെയാ പറഞ്ഞത് യൂട്രസ്സിനു വല്ലോ പറ്റിയോന്നു സ്കാന്‍ ചെയ്ത് നോക്കാന്‍.."
"അതും ഇതും തമ്മിലെന്താണ്ടീ ബലാലെ ബന്ധം..??"
"മുറ്റത്ത് വെറും മണ്ണിലു വീണ ഇന്റെ ഇന്റെ യൂട്രസ് സ്കാന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെങ്കി കുളിമുറീലെ ടൈലില്‍ നടൂം തല്ലി വീണ ഇങ്ങടെ യൂട്രസ്സിന്റെ ഗതി എന്തായിട്ടുണ്ടാകും ന്റെ മന്‍ഷ്യാ.."
ഡിം...!!!
ബേജാറോടു കൂടിയുള്ള സൂറാന്റെ വര്‍ത്താനം കേട്ട് അപ്പത്തന്നെ ജബ്ബാറിന്റെ ബോധം ആ ജില്ല കടന്നു...

സൈക്കോസിസില്‍ നിന്നും ന്യൂറോസിസിലേക്ക്

എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ..? അവന്‍ പറയുന്നതെല്ലാം കേട്ട് മൂളി തലയാട്ടി എന്റെ പണീം നോക്കി ഇരുന്നാ പോരെ.. നേരം കെട്ട നേരത്ത് അറിയാതെ സൈക്കോളജി പഠിച്ചിട്ടുണ്ടൊ എന്നൊന്നു ചോദിച്ചു പോയി. പിന്നെ യെന്റമ്മോ..
എന്തിനു പറയുന്നു മനുഷ്യ മനസ്സിന്റെ ഉള്ളില്‍ കേറി അതിന്റുള്ളീന്നു തേങ്ങയും മാങ്ങയും മാറാലയും പോരാതെ ഒരുളുപ്പുമില്ലാതെ മുന്നൂറു ദശലക്ഷം കോടി ന്യൂറോണുകളാണു വലിച്ചെടുത്ത് അവനെന്റെ എന്റെ മേശപ്പുറത്തേക്കിട്ടത്. ഹ്യൂമൺ സൈക്കോളജി പഠിച്ചില്ലെങ്കിൽ നമുക് കല്ല്യാണം പോലും കഴിക്കാന്‍ പറ്റില്ലാത്രെ.. ലോകത്ത് തൊണ്ണൂറ്റൊമ്പത് ശതമാനം വിവാഹ മോചനവും നടക്കാന്‍ കാരണം ആളുകള്‍ക്ക് സൈക്കോളാജിയില്‍ വേണ്ടത്ര പരിജ്ഞ്ഞാനമില്ലായ്മയാണെന്നും ഇല്ലെങ്കില്‍ ജീവിതം തന്നെ കട്ടപ്പൊകയാകും എന്നൊക്കെ പറഞ്ഞതു കേട്ട് മൂക്കത്ത് വിരലും വെച്ച് ഞാനിരുന്നു.. ഈ തെണ്ടീടെ പ്രാന്തു കാരണം ഇവനു പെണ്ണു പോലും കിട്ടീട്ടില്ല. എന്നിട്ടാ അവനിങ്ങനെ...
കൂട്ടത്തില്‍ അതി ശക്തമായ മറ്റൊരു പ്രഖ്യാഖനം കേട്ട് ശെരിക്കും ഞാന്‍ ഞെട്ടി.. ഭൂഗോളത്തിന്റെ സ്പന്ദനം മാത്ത മാറ്റിക്സിലല്ലത്രെ.. സൈക്കോളജിയിലാണു കമ്പ്ലീറ്റ് സ്പന്ദിക്കുന്നതെന്നും കൂടെ പറഞ്ഞപ്പോ സഹിക്കാന്‍ പറ്റിയില്ല. ഞാനപ്പത്തന്നെ രണ്ടൂ മൂന്നു മാർക്കെറ്റിങ്ങ്‌‌ തിയറീസും എക്കണോമിക്സുമെല്ലാം എടുത്തങ്ങ്‌ വീശി..
ഇതൊന്നും അവനൊരു പ്രശനമല്ലെന്ന മട്ടിലുള്ള ആറ്റിറ്റ്യൂഡ് കണ്ടപ്പോ അവന്റെ സോക്കോളാജിക്കെതിരായി ഒരു 'പാര'സൈക്കോളാജിക്കല്‍ മൂവ്മെന്റ് കെട്ടഴിച്ചു വിടാന്‍ തീരുമാനിച്ചൊരു ചോദ്യമങ്ങോട്ടെക്കെറിഞ്ഞു കൊടുത്തു..
"എന്നാ ഞാൻ നിന്നോടോരു ചോദ്യം ചോദിക്കാം.. സൈക്കോളജി തന്നെയാ.."
എറിഞ്ഞു കൊടുത്ത ആ ചോദ്യം അവന്‍ ചാടിപ്പിടിച്ച് കക്ഷത്ത് വെച്ച് എന്നെ നോക്കി പുച്ചിച്ചു.. ഇവനെന്തൂട്ട്‌ ഒലത്താനാ എന്നായിരിക്കും ആലോചന..
"ഓഹ്‌.. ശെരി.. എന്തു വേണമെങ്കിലും ചോദിച്ചോ..."
"ഒരു മനുഷ്യൻ ന്യൂറോസിസിൽ നിന്നും സൈക്കോസിസിലേക്കെത്തുന്നതെപ്പഴാ?"
അവന്റെ വാ പൊളിഞ്ഞു കണ്ണൂ തുറിച്ച്‌ താഴോട്ട്‌ വീഴണോ വേണ്ടേ എന്ന മട്ടിൽ നിന്നു "ഏഹ്‌...?"
"ആഹ്‌ അതെന്നെ.. എപ്പഴാ...?"
"ഇതു ഔട്ടോഫ്‌ സിലബസ്സാ....!"
"അയ്യേ.. മോശം.. ലോകത്ത്‌ ഏതൊരു മലയാളിക്കും ഈസിയായിട്ടു ഉത്തരം പറയാൻ പറ്റുന്ന ചോദ്യം...? സോക്കോളജിയുടെ അന്തരാങ്ങളില്‍ കയറിച്ചെന്ന് ആറ്റിക്കുറുക്കിയെടുത്ത നിനക്കതറിയില്ലെന്നോ.. മോശം മോശം..!!"
"ഹും.. മൂന്നുകൊല്ലം സൈക്കോളജി പഠിച്ച എനിക്കു അറിയാത്തതല്ലെ സാധാരണക്കാരായ ബ്ലഡീ മല്ലൂസിനറിയുന്നത്.. ഉത്തരം പറ.."
ഹും തോട്ടു തുന്നംപാടാനായിട്ടും ലവന്റെ അഹങ്കാരത്തിനൊട്ടും കുറവില്ല.. ദുഷ്ടന്‍.. ഞാനെന്റെ കണ്ണു രണ്ടും ഉരുട്ടി അവന്റെ കണ്ണുകളിലേക്കുറ്റു നോക്കി.. എന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു..
"അല്ലിക്ക് ആഭരണം എടുക്കാൻ പോകെണ്ടാന്നു പറയുമ്പോൾ...!"
അതു പറഞ്ഞ് കഴിഞ്ഞപ്പഴാ എനിക്ക്‌ മനസ്സിലായത്‌‌, സൈക്കോളജി എന്നും പറഞ്ഞ്‌ ഇവന്മാരു കോളെജീന്നു പഠിക്കുന്നത്‌ മുഴുവനും പച്ചത്തെറികളാണെന്നു..

ഒന്നു വെര്‍തെ വിടോ..?

ഹം തേരെ ബിന്‍ അബ്‌ രഹ്‌ നഹി സക്‌താ.... തേരെ ബിനാ ക്യാ വജൂദ് മേര..
"മതി മന്‍ഷ്യാ, നിര്‍ത്ത്.. നന്നായി പാടുന്നുണ്ട്..ഇങ്ങക്ക് സില്‍മേ പാടിക്കൂടെ..?"
"ഏഹ്..?"
"അല്ല പിന്നെ കാലത്ത് തന്നെ മന്‍ഷ്യനെ എടങ്ങേറാക്കാനായിട്ട് വന്നേക്കുവാ.."
"മിണ്ടൂല പോ..."
"അയ്യോ.. ഇങ്ങളു നന്നായി പാടുന്നുണ്ട്.. സിനിമേ പാടെണ്ട.. ഇപ്പ സമാധാനായോ..?"
"പക്ഷേ എന്നാലും എന്റെ പാട്ടത്ത്രക്കങ്ങ് പോരാടി.."
"ആരു പറഞ്ഞു?"
"ഞാന്‍ തന്നെ.. പാട്ടു പഠിച്ചാലോന്നാലോചിക്കുവാ"
"അതിനെന്താ പഠിച്ചോ.."
"അതോ ഗിറ്റാര്‍ പഠിക്കണോ..?"
"പഠിച്ചോ.."
"അല്ലെങ്കില്‍ വയലിന്‍ പഠിക്കാലേ.."
"പഠിക്കാലോ.."
"ശെരി.. തബല.."
"അതും പഠിച്ചോ.."
"എല്ലാം കൂടിയോ..? എന്നെ കൊണ്ട് പറ്റ്വോ..?"
"ഇങ്ങക്ക് പറ്റാണ്ട് പിന്നാര്‍ക്കാ പറ്റാ..?"
"ഹേയ് എല്ലാം കൂടെ പറ്റൂലാടി.."
"മന്‍ഷ്യാ ഓരോന്നോരോന്നായിട്ട് പഠിച്ചാ മതി.. എല്ലാം കൂടെ എടുക്കാന്‍ ആകെ രണ്ടു കയ്യല്ലേ ഒള്ളൂ..?"
"ഹോ വല്ല രാവണന്‍ ആയാ മത്യാരുന്നു..."
"ഏഹ്.. ഇതെവ്ടുന്നാ ഈ രാവണന്‍ വന്നത്..?"
"മൂപ്പരാകുമ്പോ ഒരു ഗാനമേളാ ഒറ്റക്കു മാനേജ് ചെയ്യാലോ.."
"അതെങ്ങനെ..?"
"പത്തു തലേം പത്തു കയ്യുമല്ലേ...?"
"ഹേയ് അല്ല.. പത്തു തല കേട്ടിട്ടുണ്ട്... പക്ഷേ കൈ രണ്ടെണ്ണമല്ലേ ഒള്ളൂ..?"
"അല്ലല്ല.. പത്തു തലേം പത്തു കയ്യും ഉണ്ട്.."
"പ്ക്ഷേ ലോജിക് ശെര്യാവുന്നില്ല മന്‍ഷ്യാ.."
"വൈ സോ..?"
"ഒരു തലക്കു രണ്ടു കൈ അല്ലേ കണക്ക്.."
"അതേ.."
"അപ്പൊ പത്തു തലക്ക്, പത്തേ ഗുണം രണ്ട് ഈക്വെല്‍ റ്റു റ്റ്വെന്റി.. ഇരുപത് കൈ വേണ്ടേ..?"
"പണ്ടാരം.. അങ്ങേര്‍ക്കു കൈ ഇല്ല.. പത്തു തല മാത്രമേ ഒള്ളൂ..."
"അപ്പോ ഇക്കാടെ രാവണനാകണം എന്ന വിഷ് വേയ്സ്റ്റല്ലേ..?"
"ഒലക്കപ്പിണ്ണാക്ക്... അതെങ്ങനെ വേയ്സ്റ്റാകും..?"
"മന്‍ഷ്യാ പത്ത് തല മാത്രം വെച്ച് ഇയാളെങ്ങനെ ഒരു ഗാനമേള ഒറ്റക്ക് മാനേജ് ചെയ്യും..? വേണേലൊരു കോറസ് മാനേജ് ചെയ്യാം.. പക്ഷേ ഇന്‍സ്ട്രുമെന്റ്സ്..?"
"ആഹ്.. അതു സാരമില്ല.. ഇന്‍സ്ട്രുമെന്റ്സ് എല്ലാം തലകൊണ്ട് ചെയ്തോളാം.. തബലയും മൃദംഗവും ഡ്രംസുമെല്ലാം ഓരോ തല വെച്ച് അടിക്കും.."
"അല്ലാ.. ഇങ്ങളോടയാളു വല്ല തെറ്റും ചെയ്തിട്ടുണ്ടോ..?"
"ആരു..??"
"രാവണൻ..."
"ഉം... ഞാനയാളെ കണ്ടിട്ടു പോലുമില്ല..."
"ഞാനോ..?"
"ഇല്ല.. "
"എന്നാ പിന്നെ എന്നേം ആ പാവം രാവണനേം വെറുതെ വിട്ട് ഓഫീസിലെ പണി വല്ലോം ഉണ്ടെങ്കി ചെയ്യ് മനുഷ്യാ.."
പ്ലിംങ്ങ്...!!

ഗുരുത്വാകര്‍ഷണം എന്നാല്‍...

 "നീയൊക്കെ എന്തിനാടാ ഇങ്ങനെ നടക്കുന്നത്‌..? നിന്റെയൊക്കെ പ്രായത്തിൽ കഷ്ടപ്പെട്ടു പഠിച്ചിട്ടാ ന്യൂട്ടൻ ഇതൊക്കെ കണ്ടു പിടിച്ചത്‌.."
"ഈ ഗുരുത്വാകര്‍ഷണം കാണാൻ പറ്റുമൊ ടീച്ചറെ..?" എന്ന തികച്ചും നിഷ്കളങ്കമായ ഒരു ചോദ്യമേ ഞാന്‍ ചോദിച്ചൊള്ളൂ.. അതു കാണാന്‍ പറ്റുന്നതല്ലാന്നു പറഞ്ഞപ്പൊ മറ്റൊരു ന്യായം ചോദിച്ചു.. "ഈ കാണാൻ പറ്റാത്ത സാധനം കണ്ടു പിടിച്ചു എന്നു പറയാൻ പറ്റുമോ..??"
ഇത്റേ അവ്ടെ സംഭവിച്ചൊള്ളു.. അതിനാ മേൽപറഞ്ഞ ആ ഡയലോഗിനൊപ്പം ടീച്ചറെന്റെ ചെവി പിടിച്ചു തിരിച്ചത്‌. ഈ ന്യൂട്ടനെ കൊണ്ടുള്ള ശല്യം ഒരു ഒഴിയാ ബാധയായി കൂടിയിട്ട്‌ കുറേ കാലമായി.. ന്യായമായ എന്തെങ്കിലും സംശയം ചോദിച്ചാൽ മതി... വിളിക്കാത്ത കല്യാണത്തിനു വന്നിരുന്നു തിന്നുന്ന പോലെ ഈ ന്യൂട്ടൻ എവിടുന്നെങ്കിലും ചാടിക്കേറി വരും..
അന്നു വീട്ടിലെത്തിയിട്ട് എനിക്കൊരു സമാധാനവും കിട്ടുന്നില്ല.. ചെയ്യാത്ത തെറ്റിനാ കശുവണ്ടി മുരുങ്ങുന്ന പോലെ ആ ടീച്ചറെന്റെ ചെവി പിടിച്ച് തിരിച്ചത്. ആ തിരിയില്‍ ഞാന്‍ പമ്പരം കറങ്ങുന്ന പോലെ കറങ്ങുന്നത് കണ്ട് വാ പൊത്തി ചിരിച്ച സിന്ദുവും പ്രിയയും നിഷയും.. അതങ്ങനെ വിടാന്‍ പറ്റില്ല.. ഒരുപാടാലോചിച്ചു.. ഈ ഗുരുത്വാകര്‍ഷണം എന്നു പറയുന്ന സാധനം ഇല്ലാത്തതല്ല, അതു കാണാൻ പറ്റുന്നത് തന്നെ. ഇല്ലെങ്കിൽ അങ്ങേർക്കതു കണ്ടെത്താനാകില്ല..!! ചെറുപ്പം മുതലേ എനിക്കൊടുക്കത്തെ ബുദ്ധിയായതു കൊണ്ടാകും, ആരെന്തു പറഞ്ഞാലും ചാടിക്കേറി വിശ്വസിക്കാറില്ലായിരുന്നു. ഈ സാധനം ഒന്നൂടെ കണ്ടു പിടിച്ചിട്ടേയൊള്ളു കാര്യം എന്നുറപ്പിച്ചു..
അന്നു രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു.. ലക്ഷ്യം മറ്റൊന്നുമല്ല.. ഈ ഗുരുത്വാകര്‍ഷണമൊന്നു കാണണം.. ആരുമറിയാതെ പതുങ്ങി പതുങ്ങി നടന്നു ഫ്രിഡ്ജിനടുത്തെത്തി..ആരും കാണുന്നില്ലെന്നുറപ്പ്‌ വരുത്തി... ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും ഉള്ളതിൽ മുഴുത്ത ഒരാപ്പിൾ നോക്കിയെടുത്തു..
ഉമ്മ കണ്ടാൽ മകന്റെ ശാസ്ത്രീയ പരീക്ഷണങ്ങളെ അപ്രീഷ്യേറ്റ് ചെയ്യാനോ ഐസക് ന്യൂട്ടനെ ചാലെഞ്ച് ചെയ്യുകയാണെന്നോ ഒന്നും നോക്കൂല.. 250 ഉർപ്യ വിലയുള്ള ആപ്പിളെടുത്ത്‌ നീയൊരു പിണ്ണാക്കും കണ്ടു പിടിക്കെണ്ടാന്നും പറഞ്ഞ്‌ കയ്യീ കിട്ടുന്നതെടുത്ത് കീച്ചിക്കളയും.
അങ്ങനെ ആപ്പിളുമെടുത്ത് മന്ദം മന്ദം തിരിച്ച്‌ റൂമിലെത്തി റൂമിന്റെ നടുവിൽ വന്നു നിന്നു. എന്നിട്ട് ആപ്പിൾ നേരെ മുകളിലേക്കെറിഞ്ഞ്‌ താഴെ വീഴുന്ന ആപ്പിൾ നോക്കി നെറുകം തല അങ്ങു വെച്ചു കൊടുത്തു. നീയുന്നം നോക്കി കഷ്ടപ്പെടാനൊന്നും നിക്കെണ്ട.. ഏതീക്കൂടെ പോയ്യാലും നിന്റെ തല കണ്ടാല്‍ അതു കണ്ടില്ലെന്നു നടിക്കാന്‍ എന്നെ കൊണ്ടാകില്ല.. അയാം ദി സോറി അളിയാ എന്നും പറഞ്ഞ് സാധനം നേരെ എന്റെ തലേ തന്നെ വന്നു വീണു..
പിന്നെ കൊറേ നേരം കഴിഞ്ഞാണു കണ്ണു തുറന്നത്‌.. ബോധം പോയതൊന്നും അല്ലാട്ടാ.. അത്രേം നേരം ഗുരുത്വാകര്‍ഷണാവും കണ്ട് ഈ ലോകം തന്നെ മറന്നു കിടക്കുകയായിരിന്നു ഞാൻ.. അടക്കാനാകാത്ത സന്തോഷത്തോടെ ഞാൻ തുള്ളിച്ചാടി.. നാളെ സ്കൂളിൽ എത്തുമ്പോൾ കാണാൻ പോകുന്ന സയിൻസ്‌ ടീച്ചറുടെ ചമ്മിയ മുഖമായിരുന്നു എന്റെ മനസ്സിൽ.. ക്ലാസ്‌ മേയ്റ്റ്സിന്റെ മുന്നിൽ വെച്ച്‌ എന്നെ കളിയാക്കിയ ടീച്ചറുടെ അവസ്ഥ.. ഹോ... കോൾമയിർ കൊള്ളാൻ ഇതിൽ കൂടുതൽ വല്ലതും വേണോ..?
ന്യൂട്ടനാണു പോലും ന്യൂട്ടൻ.. ഗുരുത്വാകര്‍ഷണം ഉണ്ടെന്ന് പറഞ്ഞതല്ലാതെ അതെങ്ങനെ ഇരിക്കും എന്നു വിവരിക്കാൻ ആ പൊട്ടനു കഴിഞ്ഞില്ലല്ലോ..? അതും പോരാഞ്ഞിട്ട്‌ ബാക്കിയുള്ളോരെ എടങ്ങേറാക്കാനായിട്ട്‌ സൂത്രവാക്യങ്ങൾ എന്നും പറഞ്ഞ്‌ കൊറെ കണക്കുകളും കൊണ്ടു വന്നേക്കുന്നു.. വേദനയുള്ള തലയും തടവി ന്യൂട്ടനെ പുച്ചിച്ച്‌ ഞാൻ എന്റെ സയിൻസ്‌ നോട്ട്‌ ബുക്കെടുത്തു എഴുതി.
ഗുരുത്വാകര്‍ഷണം എന്നാല്‍ ഏറോപ്ലെയിൻ കണക്കെ വൃത്തികെട്ട ഒരു മൂളലോടു കൂടി പച്ച, മഞ്ഞ, നീല, ചുമപ്പ്‌ തുടങ്ങി നമുക്കറിയുന്നതും അറിയാത്തതുമായ പല നിറങ്ങളിലും പറന്നു നടക്കുന്ന നക്ഷത്രങ്ങളും, കണ്ടാൽ ഈച്ചയെന്നു തോന്നിപ്പിക്കുന്ന സ്വർണ്ണ നിറത്തിൽ പറക്കുന്ന കുറേ ചെറു പ്രാണികളുമാകുന്നു..!!

സില്‍മാനടന്‍

"ഡീ സൂറാ.. അന്റെ കയ്യോണ്ടൊരു ഗ്ലാസ് വെള്ളം കിട്ടീട്ട് ഇനിക്ക് മരിക്കാൻ പറ്റോ..?"
ജബ്ബാറിന്റെ മീശ വിറച്ചു.. കയ്യും കാലും തരിച്ചു.. കഷണ്ടിത്തലയിൽ നിന്നും വിയർപ്പു തുള്ളികൾ നെറ്റിയിലേക്ക് ഒലിക്കാൻ തുടങ്ങി. ആ തിളങ്ങുന്ന നെറ്റിയും തലയും വിയർപ്പുമെല്ലാം കണ്ടപ്പോൾ ഫ്രൂട്ട്സ് കടയിൽ ഫ്രെഷ്നസ് തോന്നാനായി വെള്ളം സ്പ്രേ ചെയ്തു വെച്ചിരിക്കുന്ന ആപ്പിള്‍ പോലെയാണു സൂറാക്ക് തോന്നിയത്.
എന്നും കാണുന്ന ആ തലയും കണ്ടോണ്ടിരുന്നാൽ ടിവീൽ വല്ലപ്പോഴും വരുന്ന മമ്മൂട്ടി അങ്ങേരുടെ പാടും നോക്കി പോകും. അതു കൊണ്ട് സൂറ വെള്ളത്തിനു വേണ്ടിയുള്ള ജബ്ബാറിന്റെ ദീന രോദനം മൈന്റ് ചെയ്യാതെ കണ്ണുരുട്ടി. കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന മട്ടിൽ ഒരു മറുചോദ്യം അങ്ങോട്ടേക്കെറിഞ്ഞ് കൊടുത്തു..
"ന്റെ മൻഷ്യാ.. അവ്ടെ കെടെന്ന് കരയാണ്ട് ഇങ്ങക്കെന്നെ പോയി അങ്ങട്ട് എടുത്ത് കുടിച്ചാ പടച്ചോൻ ഇങ്ങളേ സ്വർഗത്തീ കേറ്റാണ്ടിരിക്കോ..?"
ആ ചോദ്യം വിചാരിച്ചോടത്ത് കൊള്ളാതെ എങ്ങോട്ടോ പോകും എന്ന മട്ടിലായപ്പോഴേക്കും ജബ്ബാറത് ചാടിപ്പിടിച്ചെടുത്ത് ചുരുട്ടി കൂട്ടി ഒരു മൂലക്കിട്ടു.
"സൂറാ.. അന്നോടൊരു ഗ്ലാസ് വെള്ളല്ലേ ചോയ്ച്ചൊള്ളൂ..??" ജബ്ബാര്‍ നെറ്റിയിലേക്കൊലിച്ചു വന്ന വിയര്‍പ്പ് വിരലു കൊണ്ട് വടിച്ച് കുടഞ്ഞ് ദേഷ്യം പ്രകടിപ്പിച്ചു..
"ഉം പിന്നെ... ഒന്നു പോ മൻഷ്യാ.. കാലത്തെന്നെ എങ്ക്ടാ കെട്ടിയൊരുങ്ങി ഫ്രേയും പൂശി പോണതെന്നു പടച്ചോനിക്ക് മാത്രേ അറിയൂ.... ഇങ്ങടെ ഫോണില്‍ എപ്പ വിളിച്ചാലും ബിസിയാണല്ലോ..? "
ഇനീം അതുമ്മേ കേറി കെട്ടി മറിയാൻ നിന്നാൽ പിന്നെ സൂറാ ഓഫീസിലെ പെണ്ണുങ്ങൾടെ കാര്യം പറഞ്ഞ് തലേ കേറി ഞരങ്ങാൻ തുടങ്ങും. അതു കൊണ്ട് ജബ്ബാറു തന്നെ എണീറ്റ് ഡൈനിങ്ങ് ടേബിളിൽ നിന്നും ജഗ്ഗെടുത്ത് വായിലോട്ട് കമഴ്ത്തി.
എന്നിട്ടൊരു ദീര്‍ഘ നിശ്വാസവും ഫിറ്റ് ചെയ്ത് സോഫയിലേക്ക് വരുമ്പോ കണ്ടു.. സ്ക്രീനിൽ പാട്ടും പാടി, ഇതൊന്നും തനിക്കു പറ്റിയ പണിയല്ല എന്ന മട്ടിൽ അറ്റന്‍ഷനില്‍ നിന്ന് അരയിട്ടു കുലുക്കി ഡാന്‍സ് കളിക്കുന്ന മമ്മൂട്ടി..
ഒരു ചാൻസ് കിട്ടിയാൽ ഇപ്പൊ തന്നെ സ്ക്രീനിന്റെ ഉള്ളിലേക്ക് കേറി പോയി നായികേനെ തട്ടി താഴെയിട്ട് താൻ ഡാൻസ് ചെയ്യും എന്ന മട്ടിൽ മുന്നോട്ടാഞ്ഞ് കണ്ണു തുറിപ്പിച്ച് വായും പൊളിച്ചിരിക്കുന്ന സൂറാനെം കൂടെ കണ്ടതോടെ ജബ്ബാറിനു പിന്നേം തരിച്ചു കേറി..
"ഡീ.. നീയാ സ്ക്രീനീൽക്കും നോക്കി വെള്ളമിറക്കിയിരിക്കുന്ന ഓനുണ്ടല്ലോ..? ഓനേക്കാൾ ഗ്ലാമെർ എനിക്കെന്നാ.. ഓൻ വിഗ്ഗ് വെക്കുന്നു ഞാൻ വെക്കുന്നില്ലാന്നുള്ള വ്യത്യാസേ ഒള്ളു.."
"അതിനാണു മന്‍ഷ്യാ നാട്ടാരു അസൂയാന്നു പറയണത്.."
"ഒന്നു പോടീ പോത്തേ.. ഇയ്യിന്റെ മീശേമ്മേല്‍ക്കൊന്നു നോക്ക്യേ.. ഞാനെങ്ങാനും അഭിയനയിക്കുവായിരുന്നെങ്കില്‍ ഇപ്പോ ഇയ്യല്ല അന്റുമ്മ വരെ ഇന്നേം നോക്കി ഇയ്യിപ്പൊ ഇരിക്കണ ഈ ഇരിപ്പിരുന്നേനേ.."
ഇതു കേട്ട് മുഖമൊന്നു കോട്ടി, ഹും ഇങ്ങളു സില്മേലഭിനയിച്ച് ഇമ്മിണി ഒലത്തും എന്ന മട്ടിൽ തല വെട്ടിച്ച് സൂറ വീണ്ടും സ്ക്രീനിലേക്ക് നോക്കി.. അപോഴേക്കും ടിവിയിൽ ഡാൻസ് കഴിഞ്ഞ് ക്ഷീണിച്ച മമ്മൂട്ടി ക്ലോസപ്പ് ഷോട്ടിൽ ചിരിക്കുന്നു.. അതു കണ്ട് നാണിച്ച് തല താഴ്ത്തുന്ന സൂറ..
അതു തന്റെ നേരെയുള്ള കൊഞ്ഞനം കുത്തലായിട്ടാണു ജബ്ബാറിനു തോന്നിയത്.. പിന്നൊന്നും നോക്കാതെ ഓതിരം മറിഞ്ഞ് നൂറേ നൂറിൽ തിരികടകം എടുത്ത് ചാടിയമർന്ന് സൂറാന്റെ കയ്യിലിരുന്ന റിമോട്ട് തട്ടിപ്പറിച്ച ജബ്ബാർ ചാനൽ മാറ്റി ഡിസ്കവറി ചാനൽ വെച്ചപ്പോ അതീന്നു കൊറെ കൊരങ്ങന്മാർ സൂറാനെ നോക്കി കൊഞ്ഞനം കുത്താൻ തുടന്ങി.. ജബ്ബാര്‍ ഹാപ്പി..
"ഇങ്ങളാ സില്മ മാറ്റല്ലെ മൻഷ്യാ.. ഇക്ക് കാണണം.." സൂറ ചിണുങ്ങി..
"സത്യം പറ.. അനക്ക് മമ്മൂട്ടീനെ കാണാനാ സില്മ കാണാനാ.. എന്തിനാന്നു പറഞ്ഞോ വേഗം.."
"ന്റെ മൻഷ്യാ.. ഇക്ക് മമ്മൂട്ടീം കുമ്മട്ടീം ഒന്നും കാണണ്ട.. ആ സില്മ കണ്ടാ മതി.."
"പിന്നെന്തൂട്ടിനാണ്ടീ ഇയ്യ് മമ്മൂട്ടീന്റെ പടം മാത്രം ഇങ്ങനെ വായും പൊളിച്ചിരുന്ന് കാണുന്നത്.. അനക്ക് യാസീനോതുമ്പോ പോലും ഇത്രേം ശ്രദ്ധയില്ലല്ലോ.."
"അതു പിന്നെ.. ഇന്റെ മൻഷ്യാ.. മമ്മൂട്ടീക്കന്താ ഒരു കൊറവ്.. എന്തൊരു മൊഞ്ചാ മൂപ്പരെ കാണാൻ.."
സൂറന്റെ മുഖത്തത് എല്‍ ഇ ഡി ബള്‍ബിട്ട പോലെ ‍ഒരു പ്രകാശം പരന്നോ എന്ന് ജബ്ബാറിനു സംശയമായി.. നെഞ്ചു കത്താന്‍ തുടങ്ങി.. തന്റെ പെണ്ണു മറ്റൊരു ആണിനെ പൊക്കി പറയുമ്പോള്‍ ലോകത്തേത് ആണിനാണു സഹിക്കാന്‍ പറ്റാ..
"@#%$@##$^" ജബ്ബാര്‍ കൈ രണ്ടും ചുരുട്ടി.. പല്ലു കടിച്ചു..
"എന്നു വെച്ച് ഞാൻ അങ്ങേരെ കെട്ടാനൊന്നും പോണില്ലല്ലാ.. ഇങ്ങക്കെന്തിന്റെ കേടാ ന്റെ മൻഷ്യാ.. ഇങ്ങളല്ലേ ന്റെ എല്ലാം..? "
രക്തം കണ്ണിലേക്കിരച്ച് കയറി കണ്ണു രണ്ടും ബള്‍ബായ ജബ്ബാര്‍.. പിന്നെ ചാനൽ മാറ്റാനൊന്നും നിക്കാതെ നേരെ ടിവി ഓഫാക്കി റിമോട്ടെടുത്ത് പോകെറ്റിലിട്ടു കയ്യും കെട്ടി മുഖവും വീർപ്പിച്ചിരുന്നു.. ഇനി നീ ടീവി ഓണാാക്കുന്നതും ചാനലു മാറ്റി ഓന്റെ മോന്തയും നോക്കി വെള്ളമിറക്കുന്നത് എനിക്കൊന്നു കാണണം എന്ന മട്ടിൽ സൂറാനെ നോക്കി നാക്കു കടിച്ചു.
"ഇയ്യിനി ഈ ജന്മത്ത് മമ്മൂട്ടീന്റെ പടം കണ്ടാ പിന്നെ ഈ ടീവീം ഞാന്‍ തല്ലിപ്പൊട്ടിച്ചു കളയും.. ഇന്നെന്നെ ഞാന്‍ കോടതീ കേസ് കൊടുക്കാന്‍ പൂവാ മൂപ്പരെ കൊണ്ട് ഇനി അഭിനയിപ്പിക്കരുതെന്നും പറഞ്ഞിട്ട്.."
സൂറായും വിട്ടില്ല.. ടിവി കണ്ടില്ലെങ്കിലും ഇനിക്ക് പുല്ലാ മൻഷ്യാ എന്ന ഭാവത്തിൽ മൂന്നു പ്രാവശ്യം സൂറയും കൊഞ്ഞനം കുത്തികാണിച്ചു.. എണീറ്റ് പോയീ ടേബിളിൽ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ച് തീർത്ത് തിരിച്ച് വന്നു അപ്പുറത്തെ സോഫയിൽ ഇരുന്ന് നഖം കടിക്കാൻ തുടങ്ങി.
കുറെ നേരം ആ ഇരുപ്പിരുന്നിട്ടും സൂറാന്റെ മൗനയുദ്ധം ഈ അടുത്തെങ്ങും അവസാനിക്കുന്ന മട്ടില്ലെന്നു ജബ്ബാറീനു മനസ്സിലായി.. പാവം സൂറ.. ദേഷ്യമൊന്നടങ്ങിയപ്പോള്‍, ഓള്‍ടേ ആഗ്രഹമല്ലെ കണ്ടോട്ടേ എന്നു കരുതി വീണ്ടൂം ടി വി ഓണ്‍ ചെയ്തു പഴയ ചാനല്‍ തന്നെ വെച്ചു..
"ഇന്റെ പൊന്നേ.. ഇയ്യീ ഇരുപ്പിരിക്കണത് കണ്ടിട്ട് ഇക്ക് സഹിക്കണില്ലെന്റെ മുത്തേ.. ഇയ്യു കണ്ടോട്ടാ.." ജബ്ബാറിന്റെ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയില്ല ടിവിയില്‍ പടവും കഴിഞ്ഞ് ആരൊണ്ടൊക്കെ വന്നു കുക്കെറി ഷോ നടത്താന്‍ തുടങ്ങിയിരുന്നു...
"ഹും ഇക്കറിയാ മന്‍ഷ്യാ.. ഇങ്ങളിങ്ങനെ മയ്യത്തുമ്മെ കത്തിയെടുത്ത് കുത്തുന്ന മാതിരി പണി കാണിക്കുമെന്നു.."
"ഇപ്പ ടിവി വെച്ച് തന്നത് കുറ്റായാ.??"
"പടം തീര്‍ന്നു എന്നായപ്പോ ഇന്നെ കളിയാക്കാനല്ലെ ഇങ്ങളു ടി വി പിന്നേം വെച്ചത്..? "
"ഇയ്യെന്താണ്ടീ ബലാലേ കൈത മുള്ളാണോ.. മേപ്പട്ടുക്കും താഴത്തുക്കും ഉഴിയാന്‍ പറ്റൂലല്ലോ.."
സ്വതവേ രണ്ടു പിരി ലൂസാണെന്നു ആള്‍കാരൊക്കെ പറയാറുണ്ടെങ്കിലും ഇപ്രാവശ്യം മിനിമം നാലു പിരിയെങ്കിലും ക്ലച്ച് പിടിക്കാത്ത അവസ്ഥയിലായി ജബ്ബാര്‍.. ഇതു കുക്കറി ഷോ അല്ല.. തന്റെ പതിനാറടിയന്തിരത്തിനു വെളമ്പാനുള്ള ഭക്ഷണമാടീ നീയൊക്കെ ഉണ്ടാക്കുന്നത് എന്നു പല്ലു കടിച്ച് മുറുമുറുത്ത് ഇവളേ ഇനി എന്തുന്നും പറഞ്ഞ് സമാധാനിപ്പിക്കും എന്നായി ആലോചന..
"ന്റെ സൂറാ സത്യായിട്ടും ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടല്ല.. ഇയ്യ് വെഷമിച്ചിരിക്കണ കണ്ടപ്പോ സില്‍മ കണ്ടോട്ടേന്ന് വിചാരിച്ച് ടി വി വെച്ചതാ.. ഇയ്യെന്താണ്ടീ ഇങനെ..?"
"ഹും.. ഇങ്ങക്കിന്നോട് ഒട്ടും ഇഷ്ടല്യാ... ഇക്കറിയാം..." സൂറാന്റെ മുഖത്ത് തുലാ വര്‍ഷത്തിനുള്ള കോളു കണ്ടു തുടങ്ങിയപ്പോള്‍ ജബ്ബാര്‍ അടവു മാറ്റി..
"മുത്തേ സൂറാ.. ഇയ്യ് വെഷമിക്കെണ്ട.. അനക്ക് വേണ്ടി ഞാന്‍ സില്‍മേലഭിനയിക്കാന്‍ തീരുമാനിച്ചു... ഞാന്‍ പണ്ടുപേക്ഷിച്ച ഇന്റെ പൂതിയാണ്ടീ അനക്കു വേണ്ടി പിന്നേം എടുത്ത് മനസ്സീ വെച്ചത്.. ഇയ്യിനി മമ്മൂട്ടിക്കു വേണ്ടി കാത്തിരിക്കെണ്ട. അന്റെ ജബ്ബാര്‍ക്ക അഭിനയിക്കും.. "
"ഹും ദിവസോം കാണുന്ന ഇങ്ങടെ മോന്ത തന്നെ ടീവീലും കാണാന്‍ ഇന്റെ പട്ടി വരും.. ഇനി ഇപ്പൊ അതിന്റേ കൂടെ കൊറവല്ലേ ഒള്ളൂ.. ഇങ്ങളിപ്പൊ ഇന്റടുത്ത് കാണിക്കണ അഭിനയം മാത്രം മതി.. "
"ഏഹ്.. ഇയ്യെന്തൂട്ട് ഹലാക്കിന്റെ വര്‍ത്താനാണ്ടീ പറയണേ..??"
"അതെന്നാ ഞാനും പറഞ്ഞേ.. ഇങ്ങളേഎ ഹലാക്കിന്റെ സില്‍മാന്നും പറഞ്ഞ് കണ്ട അവളുമാരുടെയും തോളീ കയ്യിട്ട് പാട്ടും പാടി കെട്ടി മറിയാനല്ലേ മന്‍ഷ്യാ.. ഇക്കറിയാം.."
ഇതു പറഞ്ഞ് സൂറ.. പഠാണിക്കടല വായിലിട്ട പൊലെ പല്ലു കടിക്കാന്‍ തുടങ്ങി.. സൂറ നിക്കുന്നതിന്റെ വെറും രണ്ടടി മാത്രം അകലത്തില്‍ കിടക്കുന്ന മേശപ്പുറത്ത് സീരിയല്‍ കാണുമ്പോള്‍ പച്ചക്കറിയരിയാന്‍ വെച്ചിരിക്കുന്ന കത്തിയങ്ങാനും ഈ പഹച്ചി എടുക്കുമോ എന്നു പേടിച്ച് അതില്‍ തന്നെ കണ്ണു നട്ട് സൂറാനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
"അന്നോടാരാണ്ടീ ഇതൊക്കെ പറഞ്ഞ് തന്നത്.. അതൊക്കെ ക്യാമറാ ടെക്നിക്കാണിന്റെ സൂറാ.. അല്ലാണ്ടു ശെരിക്കും കെട്ടിപ്പിടിക്ക്യൊന്നുമില്ല.."
"കാമറേലായാലും ശെരിക്കായാലും.. ഇങ്ങളു വേറേ പെണ്ണിനെ തൊട്ടാ ഇക്ക് സഹിക്കൂല മന്‍ഷ്യാ.. ഒന്നു നോക്ക്യാ പോലും ഇക്ക് സങ്കടം വരും.." ഇതും പറഞ്ഞ് പല്ലുകടി നിര്‍ത്തി സൂറ ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി..
പണ്ടാരം ഇന്നാരെയാണാവോ കണി കണ്ടത്.. ഇതെങനെയൊന്നു കോമ്പ്ലിമെന്റ്സ് ആക്കും ന്റെ റബ്ബേന്നും വിചാരിച്ച് പെട്ടെന്ന് വായീ വന്ന ഡയലോഗെടുത്തങ്ങ് വീശി ജബ്ബാര്‍..
"ഡീ അയ്നു ഞാന്‍ നായകനാവൂല.. വില്ലനായിക്കോളാം.. അപ്പൊ പിന്നെ പാട്ടും പാടി പെണ്ണുങ്ങടെ തോളീ കയ്യിടാന്‍ പറ്റൂലല്ലാ.."
എങനുണ്ട് ന്റെ ഐഡിയ എന്ന മട്ടില്‍ ജബ്ബാര്‍ സൂറാനെ നോക്കി ഒരു പൊട്ടിച്ചിരിയോടേ സൂറാന്റെ തോളില്‍ തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. ഇതും കൂടെ കേട്ടതോടെ സൂറ തന്നെ തൊടാന്‍ വന്ന കൈ തട്ടിത്തെറിപ്പിച്ച് കരച്ചിലിനൊപ്പം നെഞ്ചത്തിട്ട് അടിക്കാനും കൂടെ തുടങ്ങി..
"ന്റെ റബ്ബേ.. ഞാനെന്താണീ കേക്ക്ണത്.. ഇതൊന്നു പറയാന്‍ ഇവിടാരേം കാണുന്നില്ലല്ലോ പടച്ചോനേ.."
"എന്തൂട്ടാണ്ടീ പിശാശേ.. ഇപ്പോ അന്റെ പ്രശ്നം..??"
"ഇന്നാളും കൂടെ ഞാന്‍ വനിതേലു വായിച്ചതാ.. പെറ്റു കഴിഞ്ഞാല്‍ പിന്നെ കെട്ട്യോന്മാര്‍ക്കു ഭാര്യയോടുള്ള ഇഷ്ടം പോയി കണ്ട പെണ്ണുങ്ങടെ പിന്നാലെ ചുറ്റാന്‍ തുടങ്ങും സൂക്ഷിക്കണമെന്നു.. "
പണ്ടാരമടങ്ങാനായിട്ട്.. ഓരോരുത്തന്മാരു ഓരോന്നെഴുതി വിട്ടോളും ബാക്കിയുള്ളോന്റെ കുടുമ്പം കൊളം തോണ്ടാനായിട്ട്.. ന്റെ സൂറാ.. അതിനു വില്ലനായാലെന്താണ്ടീ പോത്തേ പ്രശ്നം.. അനക്കെന്തിന്റെ പിരാന്താണിന്റെ സൂറാ... ഇയ്യൊന്നടങ്ങ്"
കരച്ചിലിന്റെ ശക്തിയും നെഞ്ചത്തടിയുടെ ഊക്കും കണ്ട് നാട്ടുകാരു കേട്ട് പുലിവാലാകുമെന്നു തോന്നിയപ്പോള്‍ ജബ്ബാറോടിപ്പോയി ജനവും വാതിലുമെല്ലാം അടച്ച് സൂറാന്റടുത്തേക്ക് ഓടി വന്നു..
"ഇക്കറിയാം മന്‍ഷ്യാ ഇങ്ങടെ മനസ്സിലിരിപ്പെന്താണെന്നു..." നെഞ്ചത്തുള്ള ഇടിക്കു പുറമേ കിട്ടിയ ചാന്‍സിനു സൂറാ ജബ്ബാറിന്റെ ചെവിയും പിടിച്ചൊരു വലി കൊടുത്തു..
പ്രതീക്ഷിക്കാണ്ട് കിട്ടിയ ആ പ്രയോഗത്തില്‍ ജബ്ബാറിന്റെ പാതി ജീവന്‍ പോയി.. "യെന്റുമ്മാ... ന്റെ മനസ്സിലിരിക്കുന്നത്‌ രണ്ട്‌.. ഇയ്യെന്നെ കൊണ്ട്‌ പറയിപ്പിക്കെണ്ടാട്ടാ സൂറാ.."
"ഹും.. വില്ലനായിട്ട് വേണം ഇങ്ങക്ക് കണ്ട പെണ്ണുങ്ങളെയെല്ലാം തട്ടിക്കൊണ്ട് പോയി ബലാല്‍സംഘം ചെയ്യാന്‍ ല്ലേ....?"
ഇതും കൂടെ കേട്ടതോടേ ജബ്ബാര്‍ ഇനിയെന്തു പറയണമെന്നറിയാതെ വായും പൊളിച്ച് നിന്നു.. ഹും.. ഒരു ഗ്ലാസ് വെള്ളം ചോദിച്ചതിനാണു പ്രേം നസീറാകാന്‍ വന്ന ഇന്നെ ഇവളു കെപി ഉമ്മെറാക്കി മാറ്റിയത്.. ദാഹിച്ച് മരിച്ചാലും ശെരി.. ഇനി വെള്ളം കുടിക്കുന്ന പരിപാടിയേ ഇല്ലാന്നൊരു കഠിന പ്രതിജ്ഞയും അങ്ങ് പാസ്സാക്കി അന്നത്തെ നിയമസഭ പിരിച്ചു വിട്ടു

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com