April 9, 2015

സില്‍മാനടന്‍

"ഡീ സൂറാ.. അന്റെ കയ്യോണ്ടൊരു ഗ്ലാസ് വെള്ളം കിട്ടീട്ട് ഇനിക്ക് മരിക്കാൻ പറ്റോ..?"
ജബ്ബാറിന്റെ മീശ വിറച്ചു.. കയ്യും കാലും തരിച്ചു.. കഷണ്ടിത്തലയിൽ നിന്നും വിയർപ്പു തുള്ളികൾ നെറ്റിയിലേക്ക് ഒലിക്കാൻ തുടങ്ങി. ആ തിളങ്ങുന്ന നെറ്റിയും തലയും വിയർപ്പുമെല്ലാം കണ്ടപ്പോൾ ഫ്രൂട്ട്സ് കടയിൽ ഫ്രെഷ്നസ് തോന്നാനായി വെള്ളം സ്പ്രേ ചെയ്തു വെച്ചിരിക്കുന്ന ആപ്പിള്‍ പോലെയാണു സൂറാക്ക് തോന്നിയത്.
എന്നും കാണുന്ന ആ തലയും കണ്ടോണ്ടിരുന്നാൽ ടിവീൽ വല്ലപ്പോഴും വരുന്ന മമ്മൂട്ടി അങ്ങേരുടെ പാടും നോക്കി പോകും. അതു കൊണ്ട് സൂറ വെള്ളത്തിനു വേണ്ടിയുള്ള ജബ്ബാറിന്റെ ദീന രോദനം മൈന്റ് ചെയ്യാതെ കണ്ണുരുട്ടി. കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന മട്ടിൽ ഒരു മറുചോദ്യം അങ്ങോട്ടേക്കെറിഞ്ഞ് കൊടുത്തു..
"ന്റെ മൻഷ്യാ.. അവ്ടെ കെടെന്ന് കരയാണ്ട് ഇങ്ങക്കെന്നെ പോയി അങ്ങട്ട് എടുത്ത് കുടിച്ചാ പടച്ചോൻ ഇങ്ങളേ സ്വർഗത്തീ കേറ്റാണ്ടിരിക്കോ..?"
ആ ചോദ്യം വിചാരിച്ചോടത്ത് കൊള്ളാതെ എങ്ങോട്ടോ പോകും എന്ന മട്ടിലായപ്പോഴേക്കും ജബ്ബാറത് ചാടിപ്പിടിച്ചെടുത്ത് ചുരുട്ടി കൂട്ടി ഒരു മൂലക്കിട്ടു.
"സൂറാ.. അന്നോടൊരു ഗ്ലാസ് വെള്ളല്ലേ ചോയ്ച്ചൊള്ളൂ..??" ജബ്ബാര്‍ നെറ്റിയിലേക്കൊലിച്ചു വന്ന വിയര്‍പ്പ് വിരലു കൊണ്ട് വടിച്ച് കുടഞ്ഞ് ദേഷ്യം പ്രകടിപ്പിച്ചു..
"ഉം പിന്നെ... ഒന്നു പോ മൻഷ്യാ.. കാലത്തെന്നെ എങ്ക്ടാ കെട്ടിയൊരുങ്ങി ഫ്രേയും പൂശി പോണതെന്നു പടച്ചോനിക്ക് മാത്രേ അറിയൂ.... ഇങ്ങടെ ഫോണില്‍ എപ്പ വിളിച്ചാലും ബിസിയാണല്ലോ..? "
ഇനീം അതുമ്മേ കേറി കെട്ടി മറിയാൻ നിന്നാൽ പിന്നെ സൂറാ ഓഫീസിലെ പെണ്ണുങ്ങൾടെ കാര്യം പറഞ്ഞ് തലേ കേറി ഞരങ്ങാൻ തുടങ്ങും. അതു കൊണ്ട് ജബ്ബാറു തന്നെ എണീറ്റ് ഡൈനിങ്ങ് ടേബിളിൽ നിന്നും ജഗ്ഗെടുത്ത് വായിലോട്ട് കമഴ്ത്തി.
എന്നിട്ടൊരു ദീര്‍ഘ നിശ്വാസവും ഫിറ്റ് ചെയ്ത് സോഫയിലേക്ക് വരുമ്പോ കണ്ടു.. സ്ക്രീനിൽ പാട്ടും പാടി, ഇതൊന്നും തനിക്കു പറ്റിയ പണിയല്ല എന്ന മട്ടിൽ അറ്റന്‍ഷനില്‍ നിന്ന് അരയിട്ടു കുലുക്കി ഡാന്‍സ് കളിക്കുന്ന മമ്മൂട്ടി..
ഒരു ചാൻസ് കിട്ടിയാൽ ഇപ്പൊ തന്നെ സ്ക്രീനിന്റെ ഉള്ളിലേക്ക് കേറി പോയി നായികേനെ തട്ടി താഴെയിട്ട് താൻ ഡാൻസ് ചെയ്യും എന്ന മട്ടിൽ മുന്നോട്ടാഞ്ഞ് കണ്ണു തുറിപ്പിച്ച് വായും പൊളിച്ചിരിക്കുന്ന സൂറാനെം കൂടെ കണ്ടതോടെ ജബ്ബാറിനു പിന്നേം തരിച്ചു കേറി..
"ഡീ.. നീയാ സ്ക്രീനീൽക്കും നോക്കി വെള്ളമിറക്കിയിരിക്കുന്ന ഓനുണ്ടല്ലോ..? ഓനേക്കാൾ ഗ്ലാമെർ എനിക്കെന്നാ.. ഓൻ വിഗ്ഗ് വെക്കുന്നു ഞാൻ വെക്കുന്നില്ലാന്നുള്ള വ്യത്യാസേ ഒള്ളു.."
"അതിനാണു മന്‍ഷ്യാ നാട്ടാരു അസൂയാന്നു പറയണത്.."
"ഒന്നു പോടീ പോത്തേ.. ഇയ്യിന്റെ മീശേമ്മേല്‍ക്കൊന്നു നോക്ക്യേ.. ഞാനെങ്ങാനും അഭിയനയിക്കുവായിരുന്നെങ്കില്‍ ഇപ്പോ ഇയ്യല്ല അന്റുമ്മ വരെ ഇന്നേം നോക്കി ഇയ്യിപ്പൊ ഇരിക്കണ ഈ ഇരിപ്പിരുന്നേനേ.."
ഇതു കേട്ട് മുഖമൊന്നു കോട്ടി, ഹും ഇങ്ങളു സില്മേലഭിനയിച്ച് ഇമ്മിണി ഒലത്തും എന്ന മട്ടിൽ തല വെട്ടിച്ച് സൂറ വീണ്ടും സ്ക്രീനിലേക്ക് നോക്കി.. അപോഴേക്കും ടിവിയിൽ ഡാൻസ് കഴിഞ്ഞ് ക്ഷീണിച്ച മമ്മൂട്ടി ക്ലോസപ്പ് ഷോട്ടിൽ ചിരിക്കുന്നു.. അതു കണ്ട് നാണിച്ച് തല താഴ്ത്തുന്ന സൂറ..
അതു തന്റെ നേരെയുള്ള കൊഞ്ഞനം കുത്തലായിട്ടാണു ജബ്ബാറിനു തോന്നിയത്.. പിന്നൊന്നും നോക്കാതെ ഓതിരം മറിഞ്ഞ് നൂറേ നൂറിൽ തിരികടകം എടുത്ത് ചാടിയമർന്ന് സൂറാന്റെ കയ്യിലിരുന്ന റിമോട്ട് തട്ടിപ്പറിച്ച ജബ്ബാർ ചാനൽ മാറ്റി ഡിസ്കവറി ചാനൽ വെച്ചപ്പോ അതീന്നു കൊറെ കൊരങ്ങന്മാർ സൂറാനെ നോക്കി കൊഞ്ഞനം കുത്താൻ തുടന്ങി.. ജബ്ബാര്‍ ഹാപ്പി..
"ഇങ്ങളാ സില്മ മാറ്റല്ലെ മൻഷ്യാ.. ഇക്ക് കാണണം.." സൂറ ചിണുങ്ങി..
"സത്യം പറ.. അനക്ക് മമ്മൂട്ടീനെ കാണാനാ സില്മ കാണാനാ.. എന്തിനാന്നു പറഞ്ഞോ വേഗം.."
"ന്റെ മൻഷ്യാ.. ഇക്ക് മമ്മൂട്ടീം കുമ്മട്ടീം ഒന്നും കാണണ്ട.. ആ സില്മ കണ്ടാ മതി.."
"പിന്നെന്തൂട്ടിനാണ്ടീ ഇയ്യ് മമ്മൂട്ടീന്റെ പടം മാത്രം ഇങ്ങനെ വായും പൊളിച്ചിരുന്ന് കാണുന്നത്.. അനക്ക് യാസീനോതുമ്പോ പോലും ഇത്രേം ശ്രദ്ധയില്ലല്ലോ.."
"അതു പിന്നെ.. ഇന്റെ മൻഷ്യാ.. മമ്മൂട്ടീക്കന്താ ഒരു കൊറവ്.. എന്തൊരു മൊഞ്ചാ മൂപ്പരെ കാണാൻ.."
സൂറന്റെ മുഖത്തത് എല്‍ ഇ ഡി ബള്‍ബിട്ട പോലെ ‍ഒരു പ്രകാശം പരന്നോ എന്ന് ജബ്ബാറിനു സംശയമായി.. നെഞ്ചു കത്താന്‍ തുടങ്ങി.. തന്റെ പെണ്ണു മറ്റൊരു ആണിനെ പൊക്കി പറയുമ്പോള്‍ ലോകത്തേത് ആണിനാണു സഹിക്കാന്‍ പറ്റാ..
"@#%$@##$^" ജബ്ബാര്‍ കൈ രണ്ടും ചുരുട്ടി.. പല്ലു കടിച്ചു..
"എന്നു വെച്ച് ഞാൻ അങ്ങേരെ കെട്ടാനൊന്നും പോണില്ലല്ലാ.. ഇങ്ങക്കെന്തിന്റെ കേടാ ന്റെ മൻഷ്യാ.. ഇങ്ങളല്ലേ ന്റെ എല്ലാം..? "
രക്തം കണ്ണിലേക്കിരച്ച് കയറി കണ്ണു രണ്ടും ബള്‍ബായ ജബ്ബാര്‍.. പിന്നെ ചാനൽ മാറ്റാനൊന്നും നിക്കാതെ നേരെ ടിവി ഓഫാക്കി റിമോട്ടെടുത്ത് പോകെറ്റിലിട്ടു കയ്യും കെട്ടി മുഖവും വീർപ്പിച്ചിരുന്നു.. ഇനി നീ ടീവി ഓണാാക്കുന്നതും ചാനലു മാറ്റി ഓന്റെ മോന്തയും നോക്കി വെള്ളമിറക്കുന്നത് എനിക്കൊന്നു കാണണം എന്ന മട്ടിൽ സൂറാനെ നോക്കി നാക്കു കടിച്ചു.
"ഇയ്യിനി ഈ ജന്മത്ത് മമ്മൂട്ടീന്റെ പടം കണ്ടാ പിന്നെ ഈ ടീവീം ഞാന്‍ തല്ലിപ്പൊട്ടിച്ചു കളയും.. ഇന്നെന്നെ ഞാന്‍ കോടതീ കേസ് കൊടുക്കാന്‍ പൂവാ മൂപ്പരെ കൊണ്ട് ഇനി അഭിനയിപ്പിക്കരുതെന്നും പറഞ്ഞിട്ട്.."
സൂറായും വിട്ടില്ല.. ടിവി കണ്ടില്ലെങ്കിലും ഇനിക്ക് പുല്ലാ മൻഷ്യാ എന്ന ഭാവത്തിൽ മൂന്നു പ്രാവശ്യം സൂറയും കൊഞ്ഞനം കുത്തികാണിച്ചു.. എണീറ്റ് പോയീ ടേബിളിൽ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ച് തീർത്ത് തിരിച്ച് വന്നു അപ്പുറത്തെ സോഫയിൽ ഇരുന്ന് നഖം കടിക്കാൻ തുടങ്ങി.
കുറെ നേരം ആ ഇരുപ്പിരുന്നിട്ടും സൂറാന്റെ മൗനയുദ്ധം ഈ അടുത്തെങ്ങും അവസാനിക്കുന്ന മട്ടില്ലെന്നു ജബ്ബാറീനു മനസ്സിലായി.. പാവം സൂറ.. ദേഷ്യമൊന്നടങ്ങിയപ്പോള്‍, ഓള്‍ടേ ആഗ്രഹമല്ലെ കണ്ടോട്ടേ എന്നു കരുതി വീണ്ടൂം ടി വി ഓണ്‍ ചെയ്തു പഴയ ചാനല്‍ തന്നെ വെച്ചു..
"ഇന്റെ പൊന്നേ.. ഇയ്യീ ഇരുപ്പിരിക്കണത് കണ്ടിട്ട് ഇക്ക് സഹിക്കണില്ലെന്റെ മുത്തേ.. ഇയ്യു കണ്ടോട്ടാ.." ജബ്ബാറിന്റെ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയില്ല ടിവിയില്‍ പടവും കഴിഞ്ഞ് ആരൊണ്ടൊക്കെ വന്നു കുക്കെറി ഷോ നടത്താന്‍ തുടങ്ങിയിരുന്നു...
"ഹും ഇക്കറിയാ മന്‍ഷ്യാ.. ഇങ്ങളിങ്ങനെ മയ്യത്തുമ്മെ കത്തിയെടുത്ത് കുത്തുന്ന മാതിരി പണി കാണിക്കുമെന്നു.."
"ഇപ്പ ടിവി വെച്ച് തന്നത് കുറ്റായാ.??"
"പടം തീര്‍ന്നു എന്നായപ്പോ ഇന്നെ കളിയാക്കാനല്ലെ ഇങ്ങളു ടി വി പിന്നേം വെച്ചത്..? "
"ഇയ്യെന്താണ്ടീ ബലാലേ കൈത മുള്ളാണോ.. മേപ്പട്ടുക്കും താഴത്തുക്കും ഉഴിയാന്‍ പറ്റൂലല്ലോ.."
സ്വതവേ രണ്ടു പിരി ലൂസാണെന്നു ആള്‍കാരൊക്കെ പറയാറുണ്ടെങ്കിലും ഇപ്രാവശ്യം മിനിമം നാലു പിരിയെങ്കിലും ക്ലച്ച് പിടിക്കാത്ത അവസ്ഥയിലായി ജബ്ബാര്‍.. ഇതു കുക്കറി ഷോ അല്ല.. തന്റെ പതിനാറടിയന്തിരത്തിനു വെളമ്പാനുള്ള ഭക്ഷണമാടീ നീയൊക്കെ ഉണ്ടാക്കുന്നത് എന്നു പല്ലു കടിച്ച് മുറുമുറുത്ത് ഇവളേ ഇനി എന്തുന്നും പറഞ്ഞ് സമാധാനിപ്പിക്കും എന്നായി ആലോചന..
"ന്റെ സൂറാ സത്യായിട്ടും ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടല്ല.. ഇയ്യ് വെഷമിച്ചിരിക്കണ കണ്ടപ്പോ സില്‍മ കണ്ടോട്ടേന്ന് വിചാരിച്ച് ടി വി വെച്ചതാ.. ഇയ്യെന്താണ്ടീ ഇങനെ..?"
"ഹും.. ഇങ്ങക്കിന്നോട് ഒട്ടും ഇഷ്ടല്യാ... ഇക്കറിയാം..." സൂറാന്റെ മുഖത്ത് തുലാ വര്‍ഷത്തിനുള്ള കോളു കണ്ടു തുടങ്ങിയപ്പോള്‍ ജബ്ബാര്‍ അടവു മാറ്റി..
"മുത്തേ സൂറാ.. ഇയ്യ് വെഷമിക്കെണ്ട.. അനക്ക് വേണ്ടി ഞാന്‍ സില്‍മേലഭിനയിക്കാന്‍ തീരുമാനിച്ചു... ഞാന്‍ പണ്ടുപേക്ഷിച്ച ഇന്റെ പൂതിയാണ്ടീ അനക്കു വേണ്ടി പിന്നേം എടുത്ത് മനസ്സീ വെച്ചത്.. ഇയ്യിനി മമ്മൂട്ടിക്കു വേണ്ടി കാത്തിരിക്കെണ്ട. അന്റെ ജബ്ബാര്‍ക്ക അഭിനയിക്കും.. "
"ഹും ദിവസോം കാണുന്ന ഇങ്ങടെ മോന്ത തന്നെ ടീവീലും കാണാന്‍ ഇന്റെ പട്ടി വരും.. ഇനി ഇപ്പൊ അതിന്റേ കൂടെ കൊറവല്ലേ ഒള്ളൂ.. ഇങ്ങളിപ്പൊ ഇന്റടുത്ത് കാണിക്കണ അഭിനയം മാത്രം മതി.. "
"ഏഹ്.. ഇയ്യെന്തൂട്ട് ഹലാക്കിന്റെ വര്‍ത്താനാണ്ടീ പറയണേ..??"
"അതെന്നാ ഞാനും പറഞ്ഞേ.. ഇങ്ങളേഎ ഹലാക്കിന്റെ സില്‍മാന്നും പറഞ്ഞ് കണ്ട അവളുമാരുടെയും തോളീ കയ്യിട്ട് പാട്ടും പാടി കെട്ടി മറിയാനല്ലേ മന്‍ഷ്യാ.. ഇക്കറിയാം.."
ഇതു പറഞ്ഞ് സൂറ.. പഠാണിക്കടല വായിലിട്ട പൊലെ പല്ലു കടിക്കാന്‍ തുടങ്ങി.. സൂറ നിക്കുന്നതിന്റെ വെറും രണ്ടടി മാത്രം അകലത്തില്‍ കിടക്കുന്ന മേശപ്പുറത്ത് സീരിയല്‍ കാണുമ്പോള്‍ പച്ചക്കറിയരിയാന്‍ വെച്ചിരിക്കുന്ന കത്തിയങ്ങാനും ഈ പഹച്ചി എടുക്കുമോ എന്നു പേടിച്ച് അതില്‍ തന്നെ കണ്ണു നട്ട് സൂറാനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
"അന്നോടാരാണ്ടീ ഇതൊക്കെ പറഞ്ഞ് തന്നത്.. അതൊക്കെ ക്യാമറാ ടെക്നിക്കാണിന്റെ സൂറാ.. അല്ലാണ്ടു ശെരിക്കും കെട്ടിപ്പിടിക്ക്യൊന്നുമില്ല.."
"കാമറേലായാലും ശെരിക്കായാലും.. ഇങ്ങളു വേറേ പെണ്ണിനെ തൊട്ടാ ഇക്ക് സഹിക്കൂല മന്‍ഷ്യാ.. ഒന്നു നോക്ക്യാ പോലും ഇക്ക് സങ്കടം വരും.." ഇതും പറഞ്ഞ് പല്ലുകടി നിര്‍ത്തി സൂറ ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി..
പണ്ടാരം ഇന്നാരെയാണാവോ കണി കണ്ടത്.. ഇതെങനെയൊന്നു കോമ്പ്ലിമെന്റ്സ് ആക്കും ന്റെ റബ്ബേന്നും വിചാരിച്ച് പെട്ടെന്ന് വായീ വന്ന ഡയലോഗെടുത്തങ്ങ് വീശി ജബ്ബാര്‍..
"ഡീ അയ്നു ഞാന്‍ നായകനാവൂല.. വില്ലനായിക്കോളാം.. അപ്പൊ പിന്നെ പാട്ടും പാടി പെണ്ണുങ്ങടെ തോളീ കയ്യിടാന്‍ പറ്റൂലല്ലാ.."
എങനുണ്ട് ന്റെ ഐഡിയ എന്ന മട്ടില്‍ ജബ്ബാര്‍ സൂറാനെ നോക്കി ഒരു പൊട്ടിച്ചിരിയോടേ സൂറാന്റെ തോളില്‍ തട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.. ഇതും കൂടെ കേട്ടതോടെ സൂറ തന്നെ തൊടാന്‍ വന്ന കൈ തട്ടിത്തെറിപ്പിച്ച് കരച്ചിലിനൊപ്പം നെഞ്ചത്തിട്ട് അടിക്കാനും കൂടെ തുടങ്ങി..
"ന്റെ റബ്ബേ.. ഞാനെന്താണീ കേക്ക്ണത്.. ഇതൊന്നു പറയാന്‍ ഇവിടാരേം കാണുന്നില്ലല്ലോ പടച്ചോനേ.."
"എന്തൂട്ടാണ്ടീ പിശാശേ.. ഇപ്പോ അന്റെ പ്രശ്നം..??"
"ഇന്നാളും കൂടെ ഞാന്‍ വനിതേലു വായിച്ചതാ.. പെറ്റു കഴിഞ്ഞാല്‍ പിന്നെ കെട്ട്യോന്മാര്‍ക്കു ഭാര്യയോടുള്ള ഇഷ്ടം പോയി കണ്ട പെണ്ണുങ്ങടെ പിന്നാലെ ചുറ്റാന്‍ തുടങ്ങും സൂക്ഷിക്കണമെന്നു.. "
പണ്ടാരമടങ്ങാനായിട്ട്.. ഓരോരുത്തന്മാരു ഓരോന്നെഴുതി വിട്ടോളും ബാക്കിയുള്ളോന്റെ കുടുമ്പം കൊളം തോണ്ടാനായിട്ട്.. ന്റെ സൂറാ.. അതിനു വില്ലനായാലെന്താണ്ടീ പോത്തേ പ്രശ്നം.. അനക്കെന്തിന്റെ പിരാന്താണിന്റെ സൂറാ... ഇയ്യൊന്നടങ്ങ്"
കരച്ചിലിന്റെ ശക്തിയും നെഞ്ചത്തടിയുടെ ഊക്കും കണ്ട് നാട്ടുകാരു കേട്ട് പുലിവാലാകുമെന്നു തോന്നിയപ്പോള്‍ ജബ്ബാറോടിപ്പോയി ജനവും വാതിലുമെല്ലാം അടച്ച് സൂറാന്റടുത്തേക്ക് ഓടി വന്നു..
"ഇക്കറിയാം മന്‍ഷ്യാ ഇങ്ങടെ മനസ്സിലിരിപ്പെന്താണെന്നു..." നെഞ്ചത്തുള്ള ഇടിക്കു പുറമേ കിട്ടിയ ചാന്‍സിനു സൂറാ ജബ്ബാറിന്റെ ചെവിയും പിടിച്ചൊരു വലി കൊടുത്തു..
പ്രതീക്ഷിക്കാണ്ട് കിട്ടിയ ആ പ്രയോഗത്തില്‍ ജബ്ബാറിന്റെ പാതി ജീവന്‍ പോയി.. "യെന്റുമ്മാ... ന്റെ മനസ്സിലിരിക്കുന്നത്‌ രണ്ട്‌.. ഇയ്യെന്നെ കൊണ്ട്‌ പറയിപ്പിക്കെണ്ടാട്ടാ സൂറാ.."
"ഹും.. വില്ലനായിട്ട് വേണം ഇങ്ങക്ക് കണ്ട പെണ്ണുങ്ങളെയെല്ലാം തട്ടിക്കൊണ്ട് പോയി ബലാല്‍സംഘം ചെയ്യാന്‍ ല്ലേ....?"
ഇതും കൂടെ കേട്ടതോടേ ജബ്ബാര്‍ ഇനിയെന്തു പറയണമെന്നറിയാതെ വായും പൊളിച്ച് നിന്നു.. ഹും.. ഒരു ഗ്ലാസ് വെള്ളം ചോദിച്ചതിനാണു പ്രേം നസീറാകാന്‍ വന്ന ഇന്നെ ഇവളു കെപി ഉമ്മെറാക്കി മാറ്റിയത്.. ദാഹിച്ച് മരിച്ചാലും ശെരി.. ഇനി വെള്ളം കുടിക്കുന്ന പരിപാടിയേ ഇല്ലാന്നൊരു കഠിന പ്രതിജ്ഞയും അങ്ങ് പാസ്സാക്കി അന്നത്തെ നിയമസഭ പിരിച്ചു വിട്ടു

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com