April 9, 2015

നിരപരാധി

അങ്ങാടിയില്‍ പൊരിഞ്ഞ അടി.. നാട്ടില്‍ പുതിയതായി ഉദയം കൊണ്ട ഗുണ്ടകളായത് കൊണ്ട് ആര്‍ക്കും അടുക്കാന്‍ ധൈര്യമില്ല.. അടിപിടി പൊടിപൂരമായിക്കൊണ്ടിരിക്കുന്ന സമയത്താണു നാട്ടിലെ റിട്ടയേര്‍ഡ് ഗുണ്ട വന്നത്.. എല്ലാ നാട്ടിലെയും റിട്ടയേര്‍ഡ് ഗുണ്ടകളെ പോലെ തന്നെ പേര്‍ ഹൈദ്രോസ്, ജോലി ഇറച്ചിവെട്ട്, പ്ലസ് വയറു നിറച്ച് വിവരമില്ലായ്മയും.
പാവപ്പെട്ട രണ്ടുഗുണ്ടകള്‍ റോഡില്‍ കിടന്ന് അടി കൂടുന്നതും പോട്ടെ അതു നാട്ടാരു കണ്ട് രസിക്കുന്നു.. ചില മൂരാച്ചികള്‍ അതു മൊബൈലില്‍ വീഡിയോ എടുക്കുന്നു.. വെറ്തെ ഗുണ്ടേള്‍ടെ പേരു കളയാനായിട്ട്.. ഹൈദ്രോസ് നോക്കി നിന്നില്ല.. രണ്ടാളെയും പിടിച്ചു മാറ്റി കോമ്പ്രമൈസ് ചര്‍ച്ചകള്‍ ആരംഭിച്ചു..
ആ സമയത്ത് തന്നെ പോലീസ് ജീപ്പ് പാഞ്ഞ് വന്നു, ജീപ്പ്‌ നിർത്തുന്നതിനു മുന്നേ‍ ചാടിയിറങ്ങിയ എസ്സൈ ഹൈദ്രോസ് ഗുണ്ടയുടെ ചെപ്പക്കുറ്റിക്ക് ഒരു വീക്ക്.. കൂട്ടിനു നാലു പച്ചത്തെറിയും.. ഇത് കണ്ട നാട്ടുകാരിലൊരാള്‍ക്ക് സഹിച്ചില്ല.. പാവപ്പെട്ട ഗുണ്ടയേ ഒരു കാര്യവുമില്ലാതെ പോലീസുകാര്‍ തലുകയോ.. അവനിലെ പൗരബോധമുണര്‍ന്നു.. ഗുണ്ടയേ ചൂണ്ടി അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"സാറെ.. അങ്ങേരു നിരപരാധിയാണു..."
പോലീസിന്റെ അടി കൊണ്ടതിന്റെ ബാക്കി പത്രമായി കിട്ടിയ നക്ഷത്രങ്ങളെല്ലാം എണ്ണി തീര്‍ന്നിട്ടും അടിയുടെ വേദന മാറാതെ മുഖം തടവി കൊണ്ടിരുന്ന ഹൈദ്രോസ്.. തന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന നാട്ടുകാരനെ കണ്ടതോടെ അവന്റെ കോളറു പിടിച്ച് വലിച്ച് തലങ്ങു വിലങ്ങു എടുത്തിട്ട് പൂശി.. പോലീസുകാരും നാട്ടുകാരും ഇയാളെന്തിനാണീ പാവത്തിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെന്ന് ആലോചിച്ച് താടിയും ചൊറിഞ്ഞ് നില്‍ക്കുകയാണ്..
താഴെ വീണു കിടക്കുന്നവന്റെ നെഞ്ചില്‍ തന്റെ വലത്തേ കാലു ലാന്റു ചെയ്ത് ഹൈദ്രോസും അലറി..
"ഒരു പ്രശ്നത്തിനുമില്ലാതെ, പിടിച്ച് മാറ്റാന്‍ വന്ന ഞാനെങ്ങനെയാടാ നായിന്റെ മോനേ ഈ കേസില്‍ നിരപരാധിയാകുന്നത്..?"

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com