April 9, 2015

യൂ റ്റൂ യൂട്ട്രസ്...

ബാത്ത്റൂമില്‍ നിന്നും പൊത്തോന്നുള്ള ശബ്ദവും 'ന്റള്ളോ'ന്നുള്ള നിലവിളിയും കേട്ടിട്ടാണു അടുക്കളയില്‍ നിന്നും സൂറ ബേജാറോടെ ഓടി വന്ന് ബാത്ത്റൂമിന്റെ കതകില്‍ തട്ടിയത്. വാതില്‍ തുറന്ന് ഉണ്ടക്കണ്ണു ചുവപ്പിച്ച് സൂറാനെ തള്ളിമാറ്റി പുറത്തേക്ക് വന്ന ജബ്ബാര്‍ അലറി.. "അന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടീ ബലാലേ ബാത്ത്റൂമീ വെള്ളമുണ്ടെങ്കില്‍ അതൊന്നു തൊടച്ചിടണം എന്നു..??"
"അയ്നിപ്പം എന്തൂട്ടാണ്ടായേ മന്‍ഷ്യാ..? ഇങ്ങളു ജിന്നു കേറ്യ പോലെ നിന്നു തുള്ളാണ്ട് കാര്യം പറ.." സൂറ ഒന്നും മന്‍സിലാകാതെ കയ്യിലിരുന്ന പത്തിരിക്കോലു കൊണ്ട് തല ചൊറിഞ്ഞു..
"ബാത്ത്റൂമിലെ വെള്ളത്തീ ചവ്ട്ടി ഞാന്‍ ഊരേം തല്ലി വീണു പോത്തേ.. അന്നെ കൊണ്ടുള്ള ഓരോരോ എടങ്ങേറുകള്.." ജബ്ബാര്‍ തന്റെ നടുവിന് കൈ താങ്ങി തോളു രണ്ടു സൈഡിലേക്കും തിരിക്കാന്‍ ശ്രമിച്ചു..
"പടച്ചോനേ.. ഇങ്ങളതിനുള്ളീത്തെ സാമാനങ്ങളു വല്ലോം പൊട്ടിച്ചാ..??" ബാത്ത്റൂമിന്റുള്ളിലേക്ക് തലയിട്ടു നോക്കാന്‍ ശ്രമിച്ച സൂറാനെ പിടിച്ചു പുറത്തേക്ക് നിര്‍ത്തി.. "മന്‍ഷ്യനിവിടെ വീണു നടുവേതാ പുറമേതാന്നറിയാണ്ട് നിക്കുമ്പഴാ അവള്‍ടെ ഒരു ബാത്ത്റൂം ഇന്‍സ്പെക്ഷന്‍.."
താനെന്ത് തെറ്റാ ഇപ്പ ചെയ്തത് എന്ന മട്ടില്‍ സൂറ പിന്നെയും തല ചൊറിഞ്ഞു."ഇങ്ങടെ ദേഷ്യം കണ്ടാ തോന്നും ഞാനാ വന്നു ഇങ്ങളെ ഉന്തി തള്ളിയിട്ടതെന്ന്.." സൂറാടെ കണ്ണു നിറഞ്ഞ് വന്നു..
"അനക്കാ ബാത്ത്റൂമൊന്നു തൊടച്ചിട്ടൂടെ ന്റെ സൂറാ.. അന്നോടിതെത്ര പ്രാവശ്യം പറയണം..?"
"ന്റെ മന്‍ഷ്യാ.. ഞാനിവിടെ എന്തൊക്കെ നോക്കണം.. മക്കളെ കുളിപ്പിച്ച് ഉടുപ്പിടീപ്പിച്ച് ഭക്ഷണം കൊടുത്ത് അവരെ ഉസ്കൂളീ വിടണം.. ഇങ്ങടെ കാര്യങ്ങള്‍ നോക്കണം.. ഇയ്നൊക്കെ ഞാനൊറ്റ ഒരുത്തി അല്ലേ ഒള്ളൂ..??" സൂറ മൂക്ക് പിഴിഞ്ഞു
"ഇതല്ലാണ്ട് പിന്നെ അനക്കെന്താണ്ടീ ഇവ്ടെ വേറെ പണി..??" ജബ്ബാറീന്റെ ദേഷ്യം അടങ്ങുന്നില്ല..
"ഉം.. ഇങ്ങളിങ്ങനത്തെ ഒരു മൂശേട്ട ആകല്ലെ മന്‍ഷ്യാ.. പണിക്കൊരു വയസ്സായ പെണ്ണിനെ ഏര്‍പ്പാടാക്കി തരാന്‍ പറഞ്ഞാല്‍ ഇങ്ങക്കതും പറ്റൂല..."
"ഉം.. വയസ്സായ തള്ളേനെ കൊണ്ടന്നട്ട് വേണം പിന്നെ ഞാന്‍ അതിനു കൊട്ടം ചുക്കാദി തൈലം അന്വേഷിച്ച് നടക്കാനും അനക്ക് അതിന്റെ നടൂം കൂടെ തിരുമ്മിക്കൊടുക്കാനും.."
"അല്ലാണ്ട് പിന്നെ.. ചെറുപ്പക്കാരി പെണ്ണുങ്ങളേം കൊണ്ട് വന്നാ ഈ പൊരേന്റെ ഏഴയലൊക്കത്ത് ഞാന്‍ കേറ്റുംന്നു ഇങ്ങള്‍ പ്രതീക്ഷിക്കെണ്ടാ.."
"ന്റെ സൂറാ.. അന്റെ വര്‍ത്താനം കേട്ടാ തോന്നും ഞാനിവിടെ.... "
"ഉം എന്തേ നിര്‍ത്തീത്.. കാലത്തെണീച്ച് പാലു വാങ്ങിച്ചോണ്ട് വരാന്‍ ഞാനിവിടെ നൂറു വിളി വിളിച്ചാ ഒറക്കത്തീന്നെണീക്കാത്ത മന്‍ഷ്യനല്ലേ നിങ്ങള്‍."
"ഇയ്യ് വിളിക്കുന്നത് കേക്കാഞ്ഞിട്ടല്ലേ.. ന്റെ സൂറാ.. ?"
"എന്നിട്ടെങ്ങനാ മന്‍ഷ്യാ അപ്പര്‍ത്തെ വീട്ടിലെ പെണ്ണ് ചൂലെടുത്ത് മുറ്റമടിക്കുന്ന ശബ്ദം കേക്കുമ്പ സുച്ചിട്ട പോലെ ഇങ്ങളെണീറ്റ് പാലു വാങ്ങാന്‍ പോണത്..??"
ഇനിയും എന്തെങ്കിലും മിണ്ടാന്‍ നിന്നാന്‍ ശെരിയാവൂലാന്നു മനസ്സിലായപ്പോള്‍ നിസ്സഹായതയോടെ തിരിഞ്ഞപ്പോഴാണു വീണ്ടും ജബ്ബാറിന്റെ നടു മിന്നിയത്.. അതോടെ തൊട്ടപ്പുറത്ത് കിടന്ന കസേരയില്‍ തനെ തൊണ്ണൂറ്റഞ്ച് കിലോ ഭാരം ഉറപ്പിച്ച് സൂറാനെ നോക്കി.. ജബ്ബാറിന്റെ ആ നോട്ടത്തില്‍ നിന്നു തന്നെ നല്ല വേദനയുണ്ടെന്നു മനസ്സിലായ സൂറ വേഗം ത്ന്റെ ദേഷ്യവും അടുക്കളയില്‍ പരത്തി ചുടാന്‍ വെച്ചിരിക്കുന്ന പത്തിരികളെപോലും മറന്ന് ജബ്ബാറിന്റടുത്തിരുന്ന് പുറം തടവിക്കൊടുക്കാന്‍ തുടങ്ങി..
"പോത്തു പോലെ ബളര്‍ന്നല്ല മന്‍ഷ്യാ.. ഇങ്ങക്കൊന്നു നോക്കീം കണ്ടും നടന്നൂടെ..? "
പോത്തു പോലെ വളര്‍ന്നത് അന്റെ മൂത്തപ്പയാണ്ടീ ഇബ്ലീസേ എന്നു മനസ്സില്‍ പറഞ്ഞ് ജബ്ബാര്‍ തലതിരിച്ചു..
"ഇങ്ങക്ക് നല്ല വേദനണ്ടാ മന്‍ഷ്യാ..? അല്ലാണ്ട് ഇങ്ങളിങ്ങനെ ഇരിക്കൂലാന്നിനിക്കുറപ്പാ.."
"പിന്നെ വേദനല്യാണ്ട്.. ഇയ്യെന്താ വിചാരിച്ചേ..?"
"ന്നാ വേഗം എണീക്ക് മന്‍ഷ്യാ.. നമ്മക്കാ ബാലഷ്ണന്‍ ഡോക്ടറെ കാണാന്‍ പൂവാം.."
"ഹേയ് അതിന്റൊന്നും ആവശ്യല്ല.."
"ഇല്ലല്ല.. വേഗം പോകാം.. ഒന്നു സ്കാന്‍ ചെയ്യിക്കാം.. ഇങ്ങടെ യൂട്രസ്സിനു വല്ലോം പറ്റീട്ടുണ്ടെങ്കിലോ.."
ഇതു കേട്ട് ഓട്ടോമാറ്റിക്കായി തുറന്ന് പോയ വായടക്കാന്‍ പോലും മറന്ന് ജബ്ബാര്‍ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.. ഇതു കണ്ട സൂറ വായടക്ക് മന്‍ഷ്യാ എന്നും പറഞ്ഞ് കയ്യിലിരുന്ന പത്തിരിക്കോലു കൊണ്ട് താടിക്കൊരു കുത്തു കുത്തി ജബ്ബാറിന്റെ വായടച്ചുകൊടുത്തു.... കുത്തു കൊണ്ട് വേദനയെടുത്തെങ്കിലും സൂറ പറഞ്ഞ യൂട്രസ്സിന്റെ കെട്ടു വിടാത്തത് കൊണ്ട് ജബ്ബാറത് കാര്യമായെടുത്തില്ല..
"ന്റെ റബ്ബേ.. യൂട്രസ്സാ...?? അനക്കിതെവ്ടുന്നു കിട്ടി..സൂറാ..?"
"ഇന്നാളു ഞാന്‍ മുറ്റത്ത് വീണ് നടുവുളുക്കിയപ്പോള്‍ ഈ ബാലഷ്ണന്‍ ഡോട്ടറു തന്നെയാ പറഞ്ഞത് യൂട്രസ്സിനു വല്ലോ പറ്റിയോന്നു സ്കാന്‍ ചെയ്ത് നോക്കാന്‍.."
"അതും ഇതും തമ്മിലെന്താണ്ടീ ബലാലെ ബന്ധം..??"
"മുറ്റത്ത് വെറും മണ്ണിലു വീണ ഇന്റെ ഇന്റെ യൂട്രസ് സ്കാന്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെങ്കി കുളിമുറീലെ ടൈലില്‍ നടൂം തല്ലി വീണ ഇങ്ങടെ യൂട്രസ്സിന്റെ ഗതി എന്തായിട്ടുണ്ടാകും ന്റെ മന്‍ഷ്യാ.."
ഡിം...!!!
ബേജാറോടു കൂടിയുള്ള സൂറാന്റെ വര്‍ത്താനം കേട്ട് അപ്പത്തന്നെ ജബ്ബാറിന്റെ ബോധം ആ ജില്ല കടന്നു...

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com