April 9, 2015

അല്‍കുല്‍ത്ത് കോമ്പ്രമൈസ് - PART 3

വീട്ടിലെ ബെല്ലു നിര്‍ത്താതെ അടിക്കുന്നത് കേട്ടിട്ടാണു അടുക്കളയില്‍ നിന്നു സൂറ പാഞ്ഞു വന്നത്.. തുറന്ന വാതിലിനു മുന്നില്‍ വിയര്‍ത്തു കുളിച്ച് ദേഹത്താകെ ചളി പുരണ്ട്. എടങ്ങേറായി നിക്കുന്ന ജബ്ബാര്‍.. അനക്കിന്നെ തല്ലാന്‍ ധൈര്യണ്ടോടീ എന്ന ഭാവത്തില്‍ നെഞ്ചും വിരിച്ച് ജയനെ പോലെ നിക്കാറുള്ള മന്‍ഷ്യനാ.. അതുമല്ലെങ്കില്‍ മുഖം നിറയെ സ്നേഹമൊളിപ്പിച്ച ചിരിയോടെ പ്രേം നസീര്‍.. ഇതു രണ്ടുമല്ലാതെ ഇദാദ്യായിട്ടാ ക്ലൈമാക്സ് സ്സീനില്‍ നിന്നു കയറി വരുന്ന വില്ലന്റെ പോലെ നിക്കുന്നത്..
"ഇന്റള്ളാ.. ഇങ്ങക്കിതെന്താ പറ്റ്യേ..? ഇങ്ങളു ഓപ്രഷന്‍ ചെയ്യാന്‍ പോയതാണോ അതോ കിളിമാസു കളിക്കാന്‍ പോയതാണോ..?? സത്യം പറ.."
"ഇയ്യൊരു മൊന്ത വെള്ളമിങ്ങോട്ടെടുക്ക്.."
"ഇങ്ങളു കാര്യം പറയിന്റെ മന്‍ഷ്യാ..? ഞാനപ്പഴേ പറഞ്ഞതല്ലേ ആവശ്യല്ലാത്ത പണിക്കു പോണ്ടാന്നു.. ഇങ്ങളു കേട്ടാ...??"
സൂറ നെഞ്ചത്തടിയും നെലോളിയും തുടങ്ങിയത് കണ്ട ജബ്ബാറ് തന്നെ പോയി വെള്ളമെടുത്തു കുടുച്ചു തിരിച്ചു വന്നു.. എന്നിട്ടും സൂറാക്കൊരു കുലുക്കവുമില്ല.. എടുത്ത കോണ്ട്രാക്റ്റ് പൂര്‍ത്തിയാക്കാതെ ഒരു അടി പോലും മുന്നോട്ടില്ലാ എന്ന മട്ടില്‍ ആഞ്ഞു കരയുകയാണു സൂറ. വല്ലതും പറഞ്ഞു തുടങ്ങിയാലും കരഞ്ഞു തുടങ്ങിയാലും പിന്നെ കെട്ട്യോന്‍ മരിക്കാന്‍ പോകാണെങ്കില്‍ പോലും ഓളു തീരുമാനിച്ചത്രയും പറയാണ്ടും കരയാണ്ടും നിര്‍ത്തൂല
സഹികെട്ട ജബ്ബാര്‍ എണീച്ച് പോയി ഒരു ഗ്ലാസ് വെള്ളം എടുത്ത് സൂറാക്കും കൊടുത്തു.. വെള്ളം കുടിക്കാന്‍ കരച്ചില്‍ നിര്‍ത്തിയ ഗ്യാപ്പില്‍ ജബ്ബാര്‍ ഗോളടിച്ചു..
"ഇനി മേലില്‍ ഇയ്യെന്നെ ഉപദേശിക്കാന്‍ വരരുത്..!!"
എന്തും സഹിക്കാം.. പക്ഷേ ഒരു ഭര്‍ത്താവിനെ ഉപദേശിക്കാനുള്ള ഭാര്യയുടെ അവകാശത്തിന്റെ കടക്കല്‍ കത്തി വെച്ചാല്‍ ഏതു ഭാര്യ സഹിക്കും..?? സൂറയും പ്രതികരിച്ചു..
"ഹും.. അതിങ്ങളു വേറെ പെണ്ണു കെട്ടീട്ട് ഓളോടു പറഞ്ഞാ മതി.."
"എന്നാ പിന്നെ അങ്ങനാകാം.. ഇയ്യ് കരഞ്ഞോ..."
നേരത്തെ കരഞ്ഞ കരച്ചിലിന്റെ ക്ഷീണം പൂര്‍ണ്ണമായിട്ടും മാറീട്ടുണ്ടായിരുന്നില്ല.. പക്ഷേ ഇങ്ങനെയൊക്കെ കേട്ടാല്‍ പിന്നെ കരയാണ്ട് ഒരു ഭാര്യയായിരിക്കുന്നതിലെന്താണര്‍ത്ഥം.. ക്ഷീണമൊന്നും വകവെക്കാതെ സെല്‍ഫെടുക്കാത്ത ഡീസല്‍ എഞ്ചിന്‍ സ്റ്റാര്‍ ചെയ്യുന്ന പോലെ 'ഇക്കറിയാം മന്‍ഷ്യാ.... ഇങ്ങളു വേറെ കെട്ടൂന്ന് ഇക്കറിയാം.. ഇക്കിനിയാരുണ്ടേ...' എന്നു പറഞ്ഞ് വീണ്ടും നെഞ്ചത്തിടിയും നിലവിളിയും ആരോംഭിക്കുന്നതിനു മുന്നേ തന്നെ ജബ്ബാര്‍ സൂറാന്റെ വായ് പൊത്തി എഞ്ചിന്‍ ഓഫ് ചെയ്തു..
"ഹോ ഒന്നു നിര്‍ത്തെടീ പോത്തേ.. ഞാനിവ്ടെ ജീവന്‍ പണയപ്പെടുത്തി അതി സാഹസികമായി വന്നിരിക്കുമ്പോ അനക്കെന്താ തമാശ കളിയാണോ..?"
"അല്ലെങ്കിലും ഇങ്ങക്കീ പണയം വെക്കുന്ന പരിപാടി ഒരു ഹരമല്ലേ.. ഇപ്പ ഉള്ള ജീവനും കൂടേ കൊണ്ടോയി വെച്ചാ..??"
പണയം എന്നു കേട്ടതോടെ കരച്ചില്‍ ഒന്നൊതുക്കി സൂറ അലെര്‍ട്ടായി.. ഹോ ഇവള്‍ടെ ഒരു കാര്യം.. ചെല സമയത്ത് വായീന്നെന്തെങ്കിലും വീഴാന്‍ കാത്തു നില്‍ക്കും.. കാര്യം ആളു നിഷ്കളങ്കയാണെങ്കിലും ഇങ്ങനത്തെ കാര്യങ്ങള്‍ക്കു ഒരു നിഷ്കളങ്കത്തവും വിവരക്കുറവും ഇല്ല.. ഇനിയീ പണയത്തുമ്മേ കേറി പിടിച്ച് കുറിക്കമ്പനീലും സൊസൈറ്റീലുമെല്ലാം പണയം വെച്ചിട്ടുള്ള ഓള്‍ടെ സ്വര്‍ണ്ണത്തിന്റെ കണക്കു ബുക്കിപ്പ തുറക്കും.. അതിനു മുന്നു രക്ഷപ്പെടാനൊരു വഴി കാണിക്കിന്റെ റബ്ബേ...
"ഹും.. അന്റൊരു ബുദ്ധിയും തേങ്ങേന്റെ മൂടും.. ഇയ്യ് പറഞ്ഞ ബുദ്ധി പ്രയോഗിച്ചിട്ട് ഇന്റെ ജീവന്‍ പോയേനേ.. ആ പാത്തൂന്റേം..."
മന്ദ ബുദ്ധികള്‍ പോലും തന്റെ ബുദ്ധിയെ കുറ്റം പറഞ്ഞാല്‍ പ്രതികരിക്കും.. അപ്പോ പിന്നെ സാമാന്യ ബുദ്ധി പോരാതെ അത്യാവശ്യം കുരുട്ടു ബുദ്ധികൂടെ കയ്യിലുള്ള സൂറാ വിടുമോ..?
"ഹും.. ന്നാ പിന്നെന്തൂട്ട്നാ മന്‍ഷ്യാ ഇന്നെ കെട്ടി കൊട്ന്നത്..? ഇതൊക്കെ നോക്കീട്ട് കെട്ട്യാ പോരായിരുന്നോ...?"
"ഹും.. ഇയ്യിത് കേക്കിന്റെ പൊന്നേ... അടങ്ങ്.."
ജബ്ബാര്‍ അവിടെ ചെന്നതു മുതല്‍ സൈക്കിളും തള്ളി ഓടിയത് വരെ വിവരിച്ചു.. എല്ലാം കേട്ടു കഴിഞ്ഞ സൂറ പറഞ്ഞു..
"ഇതിന്റെ ബുദ്ധിയുടെയോ ഇങ്ങടെ ബുദ്ധിയില്ലായ്മയുടേയോ കൊഴപ്പല്ല മന്‍ഷ്യാ.."
ആഹാ കിട്ടിയ ചാന്‍സില്‍ ഇവളു താങ്ങുകയാണല്ലോ... അതിനു മറുപടി പറയാന്‍ വന്ന ജബ്ബാറിന്റെ ചൂണ്ടു വിരലില്‍ നിര്‍ത്തി തടഞ്ഞ സൂറ പ്രഖ്യാപിച്ചു..
"വില്ലന്‍ ഇങ്ങടെ ട്റൗസറു തന്നെ.."
"അതിനിക്കും തോന്നി.." ജബ്ബാര്‍ തല ചൊറിഞ്ഞു കണ്ണുരുട്ടി..
"ന്നിട്ടെന്തിനാ മന്‍ഷ്യാ ഇങ്ങളിന്റെ ബുദ്ധിയേ കുറ്റം പറഞ്ഞത്..?"
"പോത്തേ.. അവിടുന്നു തിരിച്ചോടുന്ന വഴിക്കാടീ ശെരിക്കും ആലോയ്ച്ചത്.."
"ന്റെ റബ്ബേ.. അപ്പഴെങ്കിലും ഇന്നൊന്നു ഓര്‍ക്കാന്‍ തോന്നിയല്ലോ..." സൂറാക്കു സന്തോഷം.. ജബ്ബാറിനു ദേഷ്യം വന്നെങ്കിലും പറയാന്‍ വന്നതു നിര്‍ത്തീല..
"ഇന്നെയല്ല പോത്തേ.. ഇയ്യ് പറഞ്ഞ കാര്യം..."
"ഓഹ്..."
"ഇയ്യ് പറഞ്ഞത് വെച്ച് നോക്കിയാല്‍ ഇന്റെ രാശിയൂടെ ശുക്രനും വള്ളി ട്റൗസറിന്റെ കുചനും തമ്മില്‍ ഒട്ടും യോചിക്കാന്‍ സാധ്യതയില്ലാ .."
സൂറ അഭിമാനത്തോടെ തലയൊന്നു പൊക്കി തട്ടത്തിനെ രണ്ടറ്റവും പിടിച്ചൊന്നു വലിച്ച് നേരെയാക്കി പുഞ്ചിരിച്ചു..
"കണ്ട കണ്ട..ഇന്നിട്ടെന്തായി..?"
"അങ്ങനെ ഞാന്‍ നേരെ പൊഴക്കരേലെ ആ ഒഴിഞ്ഞ പറമ്പിലേക്ക് സൈക്കിള്‍ തിരിച്ചു.."
"അതന്തിനാ മന്‍ഷ്യാ...??"
"ന്നിട്ട് ഇനി ഇയ്യും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല ഹിമാറേന്നും പ്റഞ്ഞ് ന്റെ നിക്കറൂരി പൊഴേല്‍ക്കെറിഞ്ഞു.."
"നല്ല കാര്യം... ഇപ്പഴാ ഇക്ക് സമാധാനായത്.. ഇനിയിങ്ങളു നിക്കറിടൂലല്ലാ.."
"പക്ഷേ സൂറാ.. നിക്കറൂരിയപ്പഴാ പ്രശ്നായത്..."
"ഏഹ..?"
"പിന്നെ, ഇന്നെ തല്ലാന്‍ ന്നാട്ടാരു മുഴുവനും ഓടി വന്നപ്പഴാ ഞാനറിഞ്ഞത്... കടവത്ത് പെണ്ണുങ്ങള്‍ കുളിക്കുന്നുണ്ടായിരുന്നൂന്ന്.."
"ന്റെ റബ്ബേ.. ഇയ്യിതൊന്നും കാണുന്നില്ലെ പടച്ചോനേ.." യാതൊരു സ്റ്റാര്‍ട്ടിങ്ങ് ട്രബളുമില്ലാതെ തന്നെ എഞ്ചില്‍ സ്റ്റാര്‍ട്ടായി സൂറ കരയാന്‍ തുടങ്ങി.. ഇപ്രാവശ്യം അത്യാവശ്യം ശ്കതിയായ കരച്ചില്‍ തന്നെ.. പക്ഷേ കരച്ചില്‍ കേട്ട് ജബ്ബാറിനു പ്രാന്തു പിടിച്ചില്ല.. തന്നോടുള്ള സ്നേഹമല്ലേ ഓളീ തൊണ്ട കീറി പ്രകടിപ്പിക്കുന്നത്..? ഓള്‍ടെ മനസ്സു തൊര്‍ന്ന് എത്ര വേണോങ്കിലും ഓളു കരയട്ടെ.. ന്റെ സൂറാക്കിന്നോടിത്രേം ഇഷ്ടണ്ടായിരുന്നാ..? സന്തോഷം കൊണ്ട് ജബ്ബാറിന്റെ കണ്ണുകള്‍ നിറഞ്ഞു.. ഹൃദയം ആനന്ദ നൗകയിലേറി എങ്ങോട്ടെന്നില്ലാതെ അലയാന്‍ തുടങ്ങി..
"ഇയ്യ് കരയെണ്ടാ സൂറാ.. ഇക്കൊന്നും പറ്റീലല്ലോ..??" സൂറാനെ തന്റെ നെഞ്ചോട് ചേര്‍ക്കാന്‍ ശ്രമിച്ച ജബ്ബാറിനെ തള്ളിമാറ്റി സൂറ.. എന്നിട്ട് തന്റെ കൈകൊണ്ട് ജബ്ബാറിന്റെ നെഞ്ചത്ത് നാലിടി.. ഇടിയോടോപ്പം ഇടിയുടെ താളത്തില്‍ കരച്ചിലിന്റെ സംഗതികളും മാറി വന്നു.. കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരു പുറം കൈ കൊണ്ട് തുടച്ച് തുടച്ച് മൂക്കു പിഴിഞ്ഞ് തന്റെ തട്ടത്തിന്റെ തുമ്പില്‍ തുടക്കാന്‍ പോയ കൈ ഒന്നു സ്റ്റക്കായി.. പിന്നെ ഡയറക്ഷന്‍ മാറി നേരെ ജബ്ബാറിന്റെ ഷര്‍ട്ടില്‍ തേച്ചു..
"ഇങ്ങക്ക് തല്ല് കിട്ടേ കിട്ടാണ്ടിരിക്കേ ചെയ്യട്ടെ.. അതല്ല ഇന്റെ പ്രശ്നം..."
"ഏഹ്...??" വഴിതെറ്റി അലഞ്ഞ ആനന്ദ നൗക ഒരൊറ്റ നിമിഷം കൊണ്ട് സുനാമിയില്‍ പെട്ട പോലെ ആയി..
"ഇയ്യ് പിന്നെന്തൂട്ടിനാടീ ഇത്രേം കരഞ്ഞ് എടങ്ങേറായത്..?"
"ഇങ്ങളവ്ടെ പെണ്ണുങ്ങളു കുളിക്കുന്നത് കണ്ടിട്ട് തന്നല്ലേ മന്‍ഷ്യാ ട്രൗസരൂരിയത്...??" നെഞ്ചത്തടിച്ച് പൊട്ടിക്കരയുന്ന സൂറാനെ എന്തു ചെയ്യണമെന്നറിയാതെ തലയില്‍ കൈ വെച്ച് ജബ്ബാറിരുന്നു..
"ന്നാലും ന്റെ സൂറാ....!!"
(നിർത്തി... ഇനി തുടരുന്നില്ല)

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com