April 9, 2015

അല്‍കുല്‍ത്ത് കോമ്പ്രമൈസ് - PART 2

വീട്ടുകാരെല്ലാവരും കൂടെ സംസാരിച്ച് കൊളമായി ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടും എന്ന മട്ടില്‍ നിക്കുമ്പഴാണ് യുനൈറ്റെഡ് നാഷന്‍ പ്രതിനിധി പോലെ ജബ്ബാറിന്റെ അരങ്ങേറ്റം നടന്നത്. വന്ന പാടെ അരയില്‍ നിന്നും നഖംവെട്ടിയെടുത്ത് ഹാളില്‍ കിടന്നിരുന്ന ടീപ്പോയിലേക്കിട്ടു തലയുയര്‍ത്തി മീശ പിരിച്ച് നെഞ്ചു വിരിച്ച് എല്ലാവരേയുമൊന്നു നോക്കി..
നഖം വെട്ടി കണ്ടിട്ടു ആള്‍ക്കാര്‍ക്കൊരു കുലുക്കവുമില്ലെന്നു കണ്ട് ഒന്നു ചമ്മിയ ജബ്ബാര്‍ അവരെ ഞെട്ടിക്കാനുള്ള അടുത്ത കരുനീക്കം നടത്തി
ഇങ്ങളീ തല്ലും ബഹളവും ഒന്നു നിര്‍ത്തുന്നുണ്ടോ..?
"ന്താ ജബ്ബാറെ അന്റെ പ്രശ്നം..?"
"ഇറാക്കിലെ കാര്യം ഇത്ര വഷളായതെന്താ..?"
"ഏഹ്..?" ഇവനിതെന്തൂട്ടാ പറയുന്നത് എന്ന് കരുതി എല്ലാവരും പരസ്പരം നോക്കി... ആരും ഒന്നും മിണ്ടുന്നില്ല.. ആവേശം മൂത്ത ജബ്ബാര്‍ തൊട്ടപ്പുറത്ത് പെങ്ങളുടെ കാര്യം ആലോചിച്ച് വിഷമിച്ച് നിന്നിരുന്ന ഇളയവന്റെ രണ്ടു തോളിലും പിടിച്ച് രണ്ടു കുലുക്കു കുലിക്കി വെടി പൊട്ടുന്ന ശബ്ദത്തില്‍ അടുത്ത ചോദ്യം പൊട്ടിച്ചു..
"ഡാ ശുക്കൂറെ.. സിറിയയില്‍ എന്താ പറ്റിയേ..?"
പെട്ടെന്നുള്ള കുലുക്കലും ശബ്ദവും ടെന്‍ഷനും എല്ലാം കൂടെ ആയപ്പോള്‍ ഷുക്കൂറു ഞെട്ടി ഇപ്പ കരയും എന്ന മട്ടിലായി..
"ന്റെ പൊന്നു ജബ്ബാറിക്കാ.. സിറിയയില്‍... സിറിയിയയില്‍.." ഷുക്കൂര്‍ പൊട്ടിക്കരയാന്‍ തുടങ്ങി.. ജബ്ബാറിനു പരമ സന്തോഷം.. ആ കരച്ചില്‍ ശ്രദ്ധിക്കാതെ നേരെ അവിടെ ഇരുന്നിരുന്ന കാര്‍ന്നോരെ തോണ്ടി..
"മമ്മാലിക്കാ.. ഇങ്ങളു പറ... ശ്രീലങ്കയിലെന്താ പറ്റ്യേ..? അതിങ്ങക്കറീയോ..?"
ചെവിക്കു പതം വന്നു തുടങ്ങിയ മമ്മാലിക്കാടെ ഇയര്‍ഡ്രം ജബ്ബാറിന്റെ അട്ടഹാസം നോര്‍മലായിട്ടാണു ഡീകോഡ് ചെയ്തെടുത്തത്.. മൂപ്പരു നിസ്സംഗതയോടെ ജബ്ബാറിനെ നോക്കി..
"ജബ്ബാറെ ഇയ്യൊന്നടങ്ങ്.. ഇവ്ടെ അഷര്‍പ്പും പാത്തുമ്മയും നമ്മിലെന്താ നടന്നേന്നു ചോയിക്ക്.. അന്റൊരു ഒലക്കമ്മേലെ ശ്രീലങ്ക.."
"ന്റെ മമ്മാലിക്കാ.. ഇവിടെയെല്ലാം ബാഹ്യ ശക്തികളുടെ എടപെടലുകളാണു.. പ്രശ്നങ്ങളും യുദ്ധവും ഉണ്ടാക്കിയത്.."
"അതിനു..?"
മമ്മാലിക്കാക്കു വീണ്ടും നിസ്സംഗത.. ഇപ്രാവശ്യവും മമ്മാലിക്കാക്കു ഒരു കുലുക്കവും കാണാതായപ്പോള്‍ വീണ്ടു ശുക്കൂറിനു നേരെ തിരിഞ്ഞു.. ചെക്കനാണെങ്കില്‍ കരച്ചിലൊക്കെ നിര്‍ത്തി ഒന്നു നോര്‍മലായി വരികയായിരുന്നു.. വീണ്ടും തന്റെ നേരെ തിരിഞ്ഞ ജബ്ബാറിനെ കണ്ടപ്പോള്‍ റിപ്പര്‍ ലോറി കണ്ട ഓട്ടോക്കാരെ പോലെ അവന്‍ വേഗം വാതിലിന്റെ പിന്നിലേക്ക് സൈഡായി..
"ശുക്കൂറെ.. അത് പോലെ ഇവിടെയും ബാഹ്യ ശക്തികള്‍ ഇടപെട്ടു കൂടാ.. അപചയം സംഭവിക്കാന്‍ സാധ്യതയുണ്ട്.. ഓരു രണ്ടാളും കൂടെ ഒറ്റക്ക് ഒരു സന്ധി സംഭാഷണം നടത്തി അന്തര്‍ധാര സജീവമാക്കട്ടെ... അനക്ക് മനസ്സിലായാ..?"
വാതിലിന്റെ മറവിലേക്ക് ഒന്നൂടെ ചാഞ്ഞ് നിറ കണ്ണുകളോടെ ഷുക്കൂര്‍ പറഞ്ഞു.."ഇങ്ങളെന്തു പ്രാന്താണു ജബ്ബാര്‍ക്കാ ഈ പറയുന്നത്.. മലയാളത്തീ പറയീന്‍.."
ഹും ഒരു മധ്യസ്ഥന്റെ സാങ്കേതികത്വം നിറഞ്ഞ വാക്കുകള്‍ക്ക് അല്പം പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിവരദോഷികള്‍ എന്നു മനസ്സില്‍ പറഞ്ഞ് ജബ്ബാര്‍ തുടര്‍ന്നു..
"അവരെ രണ്ടാളേം ഒരു റൂമിലാക്കി വാതിലടക്ക്.. എന്നിട്ട് അവരു സംസാരിക്കട്ടെ ആദ്യം.."
"അതു വേണ്ട.. ഇവ്ടെ വെച്ചെന്നെ രണ്ടാലും ത്ലല്ലാന്‍ പോയതാ.. "
മദ്ധ്യസ്ഥന്റെ വാക്കുകള്‍ക്ക് പുല്ലുവില പോലും കല്പിക്കാതെയുള്ള ആള്‍ക്കാരുടെ ആറ്റിറ്റ്യൂഡ് കണ്ട ജബ്ബാറിനു സഹിച്ചില്ല.. മീശ വിറപ്പിച്ച് കണ്ണുരുണ്ട് ചുവന്നു വന്നു.. നെറ്റിചുളിച്ചു..
"ജബ്ബാറാ പറയണത് ഇങ്ങക്കിന്നെ വിശ്വാസമില്ലേ..?"
"ഉം.. എന്തെങ്കിലും പറ്റോ.. ജബ്ബാര്‍ക്കാ.." മൂത്ത ആങ്ങളക്കു ടെന്‍ഷന്‍..
"ഒന്നും പറ്റൂല.. എന്തെങ്കിലും സംഭവിച്ചാല്‍ ബാക്കി ഞാനേറ്റു.."
ഹും.. ന്റെ പെങ്ങക്കെന്തെങ്കിലും പറ്റ്യാ അന്റെ അവസാനം ഞങ്ങളു കഴിക്കും.. കള്ള ജബ്ബാര്‍ക്കാ എന്നു മനസ്സില്‍ പറഞ്ഞ് എല്ലാ ആങ്ങളമാരും ഒന്നിച്ച് തലയാട്ടി..
ശെരി എന്നും പറഞ്ഞ് ജബ്ബാര്‍ അഷര്‍പ്പിനേയും പാത്തുമ്മാനേയും വിളിച്ച് ഒരു റൂമിലാക്കി.. നിങ്ങളു രണ്ടാളും കൂടെ സമാധാനത്തില്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്ത് നിങ്ങടെ ജീവിതമാണെന്നു മറക്കെണ്ട എന്ന ഒരു ബെല്യക്കാട്ട് ഉപദേശവും കൊടുത്ത് വാതില്‍ പുറത്ത് നിന്നും അടച്ചു.. എന്നിട്ട് എങ്ങനുണ്ടെന്ന മട്ടില്‍ എല്ലാവരേയും നോക്കി ഒന്നുകൂടെ കണ്ണുരുട്ടി..
രണ്ടു പേരും കൂടെ റൂമില്‍ കയറി എന്തൊക്കെയോ സംസാരിച്ച് തുടങ്ങി.. ജബ്ബാര്‍ വാതിലില്‍ ചെവിയോര്‍ത്ത് നിന്ന് കേള്‍ക്കാന്‍ ശ്രമിച്ചെങ്കിലും എന്താണു സംഭവമെന്നു മനസ്സിലാകുന്നില്ല.. ആകാംഷാ ഭരിതമായ നിമിഷങ്ങള്‍.. ഇടക്ക് ഉച്ച കൂടുന്നുണ്ട്.. പെട്ടെന്നു റൂമില്‍ നിന്നും "ടപ്പേ.." എന്നൊരു ശബ്ദവും ഒപ്പം പാത്തൂന്റെ കരച്ചിലും കേട്ട് എല്ലാവരും കൂടെ വാതില്‍ തുറന്ന് അകത്തേക്കോടി.. അകത്ത് കയ്യും തിരുമ്മി നില്‍ക്കുന്ന അഷര്‍പ്പ്.. മുറിയുടെ ഒരു മൂലയില്‍ നിന്ന് മുഖം പൊത്തിക്കരയുന്ന പാത്തുമ്മ.. എന്താണു നടന്നതെന്നു എല്ലാവര്‍ക്കും ഒരുവിധം മനസ്സിലായപ്പോഴാണു അഷര്‍പ്പ് ഓടിവന്നു ജബ്ബാറിന്റെ കെട്ടി പിടിച്ചു..
"ന്റെ ജബ്ബാര്‍ക്കാ ഇങ്ങളു മുത്താണ്.. കൊറേ നാളായി ഇവളെ ഇന്റെ കയ്യകലത്തില്‍ ഇത്രയും സൗകര്യത്തിനു ഒന്നു കിട്ടീട്ട്.. നന്ദിയുണ്ട് ജബ്ബാര്‍ക്കാ..."
ഇതു കേട്ടപാടെ അഷര്‍പ്പിനെ തള്ളിമാറ്റി പിന്നിലേക്ക് വലിഞ്ഞു ജബ്ബാര്‍.. പാത്തൂന്റെ ആങ്ങളമാര്‍ അഷര്‍പ്പിന്റെ കോളറില്‍ പിടിച്ച് വലിച്ച് നെഞ്ചാം കൂട് കലക്കുന്ന സമയത്ത് ആരോ വിളിച്ചു പറഞ്ഞു.. മധ്യസ്ഥം പറയാന്‍ വന്ന അ ഹമുക്കിന്റെ ഇങ്ങട്ട് പിടിക്കെന്ന്.. ഇതു കേട്ടപാടെ, മധ്യസ്ഥനെ അംഗീകരിക്കാനും ബഹുമാനിക്കാനും അറിയാത്ത വിവരദോഷികളുള്ള ഈ കളിക്ക് ഞാനില്ല എന്നു പ്രഖ്യാപിച്ച് ജബ്ബാര്‍ പുറത്തേക്കോടി..
(ഇനീം തുടരും... നോക്കിക്കോ..)

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com