April 9, 2015

നസീബ്

ഇന്നലെ ഉച്ചക്ക് വയറു നിറച്ചും ചോറു തിന്നു കഴിഞ്ഞപ്പഴാണു വെറുതെ ഒരു ശപഥം എടുക്കാന്‍ തോന്നിയത്. എന്തൊക്കെ സംഭവിച്ചാലും ശെരി, ഇല്ലെങ്കിലും ശെരി, ഇന്നു രാത്രി നോ ഫുഡ്.. ഓഫീസെല്ലാം കഴിഞ്ഞ് പതുക്കെ റൂമിലെത്തി ടിവി ഓണ്‍‍ ചെയ്തു.. ഏകദേശം ഒരു എട്ടു മണിയായി തുടങ്ങിയപ്പോള്‍ വയറ്റില്‍ വിശപ്പിന്റെ സൈറണ്‍ വിളിക്കാന്‍ തുടങ്ങി. രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ബിസ്മിയും ചൊല്ലി അങ്ങു കുടിച്ചു ചാനലുകള്‍ മാറ്റാന്‍ തുടങ്ങി.. പത്തു മണിയായപ്പോ ഏതൊ ചാനലില്‍ ഒരു ദുഷ്ടന്‍ യാതൊരു ഉളുപ്പുമില്ലാതെ മട്ടണ്‍ ബിരിയാണി ഉണ്ടാക്കി തിന്നുന്നു.. എത്ത്നിക് പാകിസ്ഥാനി മട്ടണ്‍ ബിരിയാണത്രെ..
ഓഹ്.. ബിരിയാണീ.. ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു..!! എന്റെ ശപഥം തെറ്റിക്കാന്‍ ഞാന്‍ ഒരു പാകിസ്ഥാനി ബിരിയാണിയെയും സമ്മതിക്കില്ല.. അപ്പൊ തന്നെ ടിവി ഓഫാക്കി കണ്ണടച്ച് കമിഴ്ന്നു കിടന്നു.. പിന്നെ ചാടിയെഴുന്നേറ്റ് രണ്ടു കയ്യും ചുരുട്ടി നെഞത്തടിച്ച് ഉച്ചക്കലത്തെ ശപഥം ഒന്നു മോഡിഫൈ ചെയ്തു.. ഇപ്രാവശ്യം എന്തൊക്കെ സംഭവിച്ചാലും നോ മോര്‍ മോഡിഫിക്കേഷന്‍സ് ഇന്‍ ദിസ് സബ്ജെക്റ്റ് എന്നു ഒരു അഡീഷണല്‍ ശപഥം കൂടെ അങ്ങട്ടലക്കി.. ഹും.. നമ്മളോടല്ലേ കളി..
ഫ്ലാറ്റിന്റെ താഴെ ഒരഞ്ച് മിനിറ്റ് നടന്നാല്‍ ഹിന്ദിക്കാരുടെ റെസ്റ്റോറന്റ് ഉണ്ട്.. പക്ഷേ അവരു പാകിസ്ഥാനികളാണോ എന്നറിയില്ല.. അതു കൊണ്ട് ചുമ്മാ ഒന്നു പോയി നോക്കാം പാകിസ്ഥാനി ആണെങ്കില്‍ മാത്രം.., പാകിസ്ഥാനി ബിരിയാണി ഉണ്ടെങ്കില്‍ മാത്രം ഒന്നു ട്രൈ ചെയ്തു നോക്കാം. അതിലിപ്പോ തെറ്റൊന്നുമില്ലല്ലോ.. അപ്പോ തന്നെ പാന്റു വലിച്ചു കയറ്റി സഫറോ കി സിന്ദഗീ ജോ കഭീ ഖത്തം ആക്കി ആഞ്ഞു നടന്നു.
ചെന്നു കേറിയ പാടെ നാഷ്ണാലിറ്റി ചോദിച്ചാല്‍ അവരു പിടിച്ച് അടിച്ചാലോ എന്നു കരുതി ആദ്യം കുറച്ച് നേരം അവിടെ ചുറ്റി പറ്റി നിന്നു.. അവരുടെ ഭാഷ കേട്ടാല്‍ മനസ്സിലാകുമല്ലോ ഏതു നാടാണെന്നു.. അവരു പരസ്പരം പറയുന്നത് കേട്ടപ്പോള്‍ ഹിന്ദിയാണെന്നുറപ്പിച്ചു.. പക്ഷേ അവരുടെ നാട്ടിലേ ഏതോ കോഴിക്കോടന്‍ സ്ലാങിലാണു പറയുന്നത്.. അവിടെ കോഴിക്കോടുണ്ടോ എന്നൊന്നു ചോദിച്ചാലോ..? വേണ്ട.. ആദ്യം ബിരിയാണി ഉണ്ടോന്നു ചോദിക്കാം.. ഇനി നടക്കുന്ന സംഭാഷണം മുഴുവനും ഹിന്ദിയിലാണു കേട്ടോ.. ഞാന്‍ ഒടുക്കത്തെ ഹിന്ദിയാ.. പറയുന്നത് അവര്‍ക്കു മനസ്സിലായാല്‍ ഭാഗ്യം..
"ചേട്ടാ.. ബിരിയാണി ഉണ്ടോ..?" ചോദ്യം കേട്ടപാടെ കടക്കാരന്‍, ഇവനെവിടുത്തു കാരനാണ്ടാ ഉവ്വേ എന്ന മട്ടില്‍ ഒരു നോട്ടം.. ഞാന്‍ മൈന്റാക്കിയില്ല..
"ക്യാ..??"
ഈ തെണ്ടിക്ക് എന്റെ ചോദ്യം മനസ്സിലായില്ലാന്നു തോന്നുന്നു..
"അരേ ഭായി.. മട്ടന്‍ ബിരിയാണി ഉണ്ടോന്നു.. പാകിസ്ഥാനി മട്ടന്‍ ബിരിയാണി.."
മൂപ്പരു കസേരയില്‍ നിന്നെണീറ്റ് മേശയില്‍ രണ്ടു കയ്യും കുത്തി കണ്ണുരുട്ടി മുന്നോട്ടാഞ്ഞ് പറഞ്ഞു..
"ഹം ബംഗ്ലാദേസീ ഹേ.. ബംഗാളി ബിരിയാണി തരാം.."
ഹും.. എന്റെ പട്ടി തിന്നും ലവന്റെ ബിരിയാണി.. വെശന്നാലും വേണ്ടൂല.. ശപഥത്തിനൊരു കുഴപ്പവും പറ്റൂലല്ലോ എന്നു സമാധാനിച്ച് പുറത്തേക്ക് നടന്നു. പുറത്തേക്ക് ഓരൊ സ്റ്റെപ്പ് വെക്കുമ്പോഴും വയറ്റിലെ സൈറണ്ടേ നിലവിളി കൂറ്റുന്നു.. അതു കൊണ്ട് തിരിച്ചു പോകുന്നേനും മുന്നു ചുമ്മാ ഒരു ക്യൂരിയോസിറ്റി തീര്‍ക്കാന്‍ അങ്ങേരോടു ചോദിക്കാന്‍ തീരുമാനിച്ചു....
"അതേ ചേട്ടാ ഈ ബംഗാളി ബിരിയാണിയും പാകിസ്ഥാനി ബിരിയാണിയും തമ്മില്‍ വല്ല അവിഹിത ബന്ധവും ഉണ്ടോ..? ഐ മീന്‍ എനി ഡിഫെറെന്‍സ്..??"
"ബന്ധമുണ്ട്.. ലേകിന്‍ അതു മാത്രമല്ല, ഉസ്മേ കോയീ ഡിഫെറെന്‍സ് നഹീ ഹേ.."
പടച്ചോനേ.. ചോദിച്ചത് പണിയായോ.. ഇവനെന്തൊക്കെയ ഈ പറയുന്നത്..
"ഏഹ്..??"
"അരേ ബായി.. രണ്ടിന്റേം പേരു ബിരിയാണി തന്നെയാണു.. ഇടുന്നതു മട്ടന്‍ തന്നെ.. പക്ഷേ സിര്‍ഫ് നാം അലഗ് രഖാ ഹേ.."
ആഹാ.. എന്നാലൊന്നു കണ്ടിട്ട് തന്നെ കാര്യം.. പക്ഷേ ശപഥം അതല്ലല്ലോ.. പാകിസ്ഥാനി ബിരിയാണീ.. അതും പാകിസ്ഥാനി ഹോട്ടെലീന്നു തന്നെയേ കഴിക്കൂ എന്നല്ലേ..? എന്നാലും ഇയാളിതിത്രയുമുറപ്പിച്ചു പറയുന്ന സ്ഥിതിക്കൊന്നു മുട്ടി നോക്കണോ..?
താടിയും ചൊറിഞ്ഞ് കണ്‍ഫ്യൂഷെനില്‍ നിക്കുമ്പോ വയറു തെറി വിളിക്കാന്‍ തുടങ്ങി.. ആലോചിച്ച് നിക്കാണ്ട് എന്തെങ്കിലും വാങ്ങിച്ചിങ്ങോട്ടിടെടാ പട്ടീ... ഇല്ലേല്‍ ഞാന്‍ നിന്റെ കൊടലു അരച്ച് ദഹിപ്പിക്കും..
"എന്നാലും ചേട്ടാ.. ഈ ബംഗാളീ ബിരിയാണീന്നൊക്കെ പറയുമ്പോ..." ഞാന്‍ വീണ്ടും തല ചൊറിഞ്ഞു..
'വേണോങ്കി ഇരുന്നു തിന്നേച്ചും പോടേയ്' എന്ന മട്ടില്‍ ഒരു നോട്ടവും ആക്കുന്ന ടോണില്‍ അങ്ങേരൊരു ചോദ്യവും.. " വേണോ.. വേണ്ടേ...? ഇല്ലേലെനിക്കു വേറേ പണീയുണ്ട്.. പോയി അവിടെ ഇരുന്നിട്ട് ആലോചിക്ക്.." എന്നും പറഞ്ഞ് ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി...
ഏഹ്.. കസ്റ്റമര്‍ ഈസ് ദി കിങ്ങ് എന്ന ആപ്ത വാക്യം അറിയാതെ ഹോട്ടെലും തുറന്നു വെച്ചിരിക്കുന്ന പന്ന മൊതലാളീ.. എന്നോട് ഇരിക്കാന്‍ പറയുന്നോ..? ദേഷ്യം വന്ന ഞാന്‍ അതേ പോലെ തന്നെ തിരിച്ചു മറുപടി കൊടുത്തു..
"ഹും.. ഇരിക്കാന്‍ എനിക്കും സമയമില്ല.. എനിക്കു പാര്‍സല്‍ മതി..!!" ഞാന്‍ ഇവിടെ ഇരുന്നു ഇവന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ വന്നതല്ലെന്നു ഇവനറിയട്ടെ...
മൂപ്പരപ്പോ തന്നെ പോത്തു കരയുന്ന രീതിയില്‍ അകത്തെക്ക് നോക്കി വിളിച്ചു പറഞ്ഞു.. "അരേ ടിക്കാറാം.. ഈ ചങ്ങായിക്ക് ഒരു മട്ടന്‍ ബിരിയാണി പാര്‍സല്‍ ദേദോ..."
എന്നിട്ട് എങ്ങനുണ്ട് എന്ന രീതിയില്‍ എന്നെ നോക്കി രണ്ടു പ്രാവശ്യം പുരികമൊന്നു വെട്ടിച്ചു.. ഞാന്‍ എന്റെ ഷോള്‍ഡര്‍ രണും രണ്ടു പ്രാവശ്യം മുകളിലേക്കും താഴോട്ടും ആക്കി കണ്ണുമടച്ച് ഒന്നുമില്ലാന്നു കാണിച്ചു.. എന്തായാലും ശപഥം കമ്പ്ലീറ്റ് പൊളിഞ്ഞ് പാളീസായി ഇനിയീ കളിക്ക് ഞാനില്ലാന്നും പറഞ്ഞ് പിണങ്ങി ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി. ഞാനൊറ്റക്കായി.. അങ്ങേരു പുരികം പൊക്കി ചോദിച്ച സ്ഥിതിക്ക് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു....
"അതേ അവനോട് പറ, നല്ല വലിയ പീസു നോക്കി ഇട്ടോളാന്‍.. ഇറച്ചി കുറച്ച് കൂടീന്നു വെച്ച് എനിക്കൊരു കുഴപ്പവും ഇല്ല.."
"ഹും മലബാരി ആണല്ലേ..?" ചുറ്റുപാടും ഒന്നു നോക്കി.. തൊട്ടടുത്ത് വല്ല മലയാളിയും ആ സമയത്തുണ്ടായിരുന്നെങ്കില്‍മലയാളികളേ പറയിപ്പിക്കുന്നോടാ എന്നും ചോദിച്ച് എന്റെ ചെപ്പക്കുറ്റി അടിച്ചു മൂളിച്ചേനേ... എന്നാലും അഭിമാനം വിട്ടു കളിക്കാന്‍ നമ്മളു തയ്യാറായില്ല.. കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര ഞെരമ്പുകളില്‍ എന്നാണു പഴമൊഴി.. പോരാത്തതിനു ഇപ്പോ വയറും തിളച്ചു തുടങ്ങീട്ടുണ്ട്...
"അതെ.. എന്നാലും എന്റെ പീസിന്റെ കാര്യം.." ഞാന്‍ തല ചൊറിഞ്ഞു. മുഖത്തു നിറയെ എന്തോ ഒരു ഭാവം കോരി നിറച്ച് അങ്ങേരൊരു ഫിലോസഫി അങ്ങു കാച്ചി..
"വോ നഹീ ഹോഗാ ഭായി. അയാം ദി സോറി..."
എന്റെ സകലമാന പ്ര്തീക്ഷകളും അസ്തമിച്ചു...
"ക്യൂം നഹീ ഹോഗാ...?" നിരാശ..
"ക്യൂം കി.., ഖുദാ നേ ആപ്കേ നസീബ് മേ ജോ ലിഖാ ഹേ.. ആപ്കോ സിര്‍ഫ് വോഹീ മിലേഖാ..."
ആഹാ.. ഈ ഹോട്ടലുകാര്‍ക്കെല്ലാം ഫൊലോസഫി പറയലാണോ പണി..? പണ്ടു ഉസ്താതു ഹോട്ടലിലും തിലകന്‍ പറയുന്ന കേട്ടു.. കിസ്മതെന്നോ കട്ടന്‍ കാപ്പിയെന്നോ മറ്റോ.. ഞാനും ഫിലോസഫിയില്‍ ഒട്ടും മോശമല്ല.. മാത്രമല്ല എന്റെ തീരുമാനങ്ങളാണു എന്റെ വിധി എന്ന് രണ്ടൂസം മുന്നു എഫ് ബിയില്‍ ഞാന്‍ ഷെയര്‍ ചെയ്തതുമാണു.. വിട്ടു കൊടുക്കാന്‍ പാടില്ല.."
"അങ്ങനെ ആണെങ്കില്‍ നിന്റെ നസീബില്‍ എന്റെ കച്ചോടം എഴുതീട്ടില്ല മന്‍ഷ്യാ.. ചിലപ്പോള്‍ അപ്പര്‍ത്തെ ഹോട്ടെലുകാരന്റെ നസീബിലായിരിക്കും..!! മനുഷ്യനായാല്‍ കുറച്ചെങ്കിലും കിസ്മത് വേണമെടോ.. കിസ്മത്.. അല്ല പിന്നെ.."
എനിക്കറിയാവുന്ന ഹിന്ദിയില്‍ വെച്ചു കാച്ചി, ബിര്യാണീം വേണ്ട ഒരു കോപ്പും വേണ്ടാ എന്ന് തീരുമാനിച്ച്, എന്നെ ചീത്ത വിളിച്ച് ഓട്ടോ പിടിച്ച് വീട്ടിലോട്ട് പോയ ശപഥത്തേയും തിരിച്ച് വിളിച്ച് ഞാന്‍ തിരിച്ച് നടന്നു..
പക്ഷേ കടക്കാരന്റെ അടുത്ത ഫിലോസഫി എന്നെ ഞെട്ടിച്ചു കളഞ്ഞു..
"അരേ ടിക്കാറാം.. സാബ് കോ ഒരു ഇസ്പെഷ്യല്‍ ബിരിയാണീ വെല്യേ പീസിട്ടു കൊടുക്കെടാ.. !!"
എന്തായാലും ഡയറ്റിങ്ങിന്റെ കാര്യത്തിനൊരു തീരുമാനമായി. കവറില്‍ കെട്ടിയ ബിരിയാണി ഒരു കയ്യില്‍ തൂക്കി പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു.. ' വായീ കെടക്കണ നാക്കിനു അത്യവശ്യം ഉളുപ്പില്ലായ്മ കൂട്ടിനുണ്ടെങ്കില്‍ നമ്മുടെ നസീബ് നമുക്ക് തന്നെ തീരുമാനിക്കാവുന്നതേ ഒള്ളൂ...'

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com