March 26, 2009

ദാസപ്പന്‍ ദേഷ്യത്തിലാ..!!

ജോലി കഴിഞു അന്നും പതിവു പോലെ ബഷീറിന്റെ കൊച്ചിന്‍ കോഫീ കോര്‍ണറില്‍ വന്നപ്പോള്‍ അവന്റെ സ്തിരം ആക്കലു കേട്ടു..
"ആഹാ വന്നല്ലൊ വനമാലന്‍.. കോട്ടും ടയ്യുമെല്ലാം ഫിറ്റ് ചെയ്തിട്ട്.."

"ടാ ശവീ.. ഇന്നെത്ര പേര്‍ടെ വായീന്നു തെറി കേട്ടു..??"
"പോടൈ പോടൈ.." ഫ്രിഡ്ജില്‍ നിന്നും സോഡ എടുക്കുന്നതിനിടയില്‍ അവനു മറുപടി കൊടുത്തു..
"കുടിച്ചൊ.. നിന്റെ വാപ്പാടെ കടയാണല്ലൊ... ശെരിക്കും മോന്തിക്കോ.."
ശ്ശെടാ.. ഇവനിന്നു വിടാന്‍ ഭാവമില്ലല്ലൊ...
"ചുമ്മാതല്ലല്ലൊ.. കാശു തന്നിട്ടല്ലെ..??"

സോഡാ സര്‍ബത്തും ഉണ്ടാക്കി സ്ഥിരം ഏര്‍പ്പാടായ 'ഹായ്' പറയല്‍ ചടങ്ങു തുടങ്ങി...
"ദാസപ്പന്റടുത്ത് പോണ്ടാട്ടാ... അവന്‍ ചൂടു വെള്ളം എടുത്തു മോന്തക്കൊഴിക്കും.." ബഷിയുടെ മുന്നറിയിപ്പ്...

"അതെന്താടാ..?"

"അവ്ടക്ക് പോണ്ടാ..ദാസപ്പന്‍ ദേഷ്യത്തിലാ.. അവനിന്നു ആകെ കലിപ്പായി നിക്കുവാ... ഒരു കാര്യം ഒണ്ടായി.. " ബഷീറിന്റെ കള്ളച്ചിരി കണ്ടപ്പോള്‍ ദാസപ്പന്‍ എന്തോ പുലിവാലു പിടിച്ചിട്ടുണ്ടെന്നു മനസ്സിലായി..

"നീ കിച്ചണില്‍ പോയി ദാസപ്പന്റെ കോലം നോക്കീട്ടു വാ..."

ഞാന്‍ ക്യാഷ് കൗണ്ടറിന്റെ പിന്നിലൂടെ ചെന്ന് കിച്ചന്റെ ഉള്ളിലോട്ട് എത്തി നോക്കി.... ഒടുക്കത്തെ കാഴ്ചയായിരുന്നു അവിടെ കണ്ടത്..
കണ്ടു കഴിഞാല്‍ ആനക്കു പോലും നാണം വരുന്നത്ര കളറുള്ള ദാസപ്പനതാ നല്ല തിളങ്ങുന്ന ടീ ഷര്‍ട്ടും വെളുത്ത ജീന്‍സും ഇട്ടു നിന്ന് ചായയടിക്കുന്നു...

ചിരി സഹിക്കാന്‍ വയ്യാതെ വായിലിരുന്ന സോഡാ സര്‍ബത്തു തട വെച്ചിരുന്ന കയ്യിനെയും മറി കടന്നു കൊണ്ടൂ സ്പ്രേ പെയിന്റ് ചെയ്യുന്ന പോലെ പുറത്തേക്കു തൂറ്റി... അപ്പോഴെക്കും ബഷീര്‍ എന്നെ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് വന്നു..

"ടാ ബഷീ.. ദാസപ്പനെന്തു പറ്റി..?? ഇന്നെന്താ ജീന്‍സും ടീ ഷര്‍ട്ടുമ്മെല്ലാം ഇട്ടിട്ടാണല്ലൊ... വല്ല കൃഷി സ്ഥലത്തും നിക്കാന്‍ ക്വൊട്ടേഷന്‍ കിട്ട്യാ അവനു..??"

"ഒന്നും പറയെണ്ട മോനെ.. ഇതൊന്നുമല്ല അങ്കം.. ഒരു കൂളിങ്ങ് ഗ്ലാസും ഉണ്ട്.. ഇന്നു ചിരിച്ചു ചിരിച്ചു ഊപ്പാടെളകീട്ടുണ്ട്.."

ഞാന്‍ ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു അങ്ങനെ തന്നെ നിന്നു...

"നീ ക്യാഷ് ഒന്ന് നോക്ക്.. ഞാന്‍ വീട്ടീ പോയി ഒന്നു കുളിച്ചേച്ചും വേഗം വരാം.. മാര്‍ക്കെറ്റിലും ഒന്നു പോണം.. കഥ ഞാന്‍ വന്നിട്ടു പറഞു തരാം.."

പറ്റില്ലെന്നു പറയാന്‍ തുടങ്ങിയപ്പോഴേക്കും എന്നെ സസ്പെന്‍സില്‍ നിര്‍ത്തി കൊണ്ട് എന്‍ഫീല്‍ഡിന്റെ ചാവിയും എടുത്ത് ബഷി സ്ഥലം കാലിയാക്കി...

" ഡാ.. ദാസപ്പന്റടുത്ത് പോകല്ലെ... വന്നപ്പൊ തന്നെ എന്നെ തെറി പരഞിട്ടാ അവന്‍ കിച്ചണിലേക്കു കേറിയത്.. അവിടുള്ളോര്‍ക്കെല്ലാം വയറു നിറച്ചും കിട്ടീട്ടുണ്ട്.. നീയും കൂടി പോയി മേടിച്ചു വെക്കെണ്ടാ.."
പോകുന്ന പോക്കില്‍ ഇതും കൂടി പറയാന്‍ ബഷി മറന്നില്ല..

കടയിലെ തിരക്കൊഴിഞപ്പോള്‍ ബസ്സു കാത്തു നിക്കുന്നവരൊന്നും ഓസിനു വായിക്കാതിരിക്കാന്‍ പേജുകളെല്ലാം കൂടി സ്റ്റാപ്പിള്‍ ചെയ്തു തൂക്കിയിട്ടിരുന്ന ഒരു സായാഹ്ന പത്രം എടുത്ത് സ്റ്റാപ്പിള്‍ കളഞു പുതിയ ഏതൊക്കെ പടം റിലീസ് ആയിട്ടുണ്ടെന്നു നോക്കാന്‍ തുടങ്ങി..

"ആ ക്യാഷിലളു വരുന്നു... ഒരു ചായേം രണ്ടൂ പഴം പൊരീം.. ആറേ അമ്പതേ.." അകത്തു നിന്നും വിളി കേട്ടപ്പോള്‍ പേടിച്ചു പോയി... കൈ കഴുകി പുറത്തു വന്ന ആള്‍ടേന്നു കാശു മേടിച്ച് വലിപ്പു തുറന്ന് അതിലിട്ടു...

"ഫോര്‍ട്ട് കൊച്ചി ഫോര്‍ട്ട് കൊച്ചി..." പുറത്ത് ബസ് സ്റ്റാന്‍ഡില്‍ ആരോടൊ ഉള്ള വാശി തീര്‍ക്കും പോലെ ഏതോ ബസ്സിന്റെ കിളി തൊണ്ട പൊട്ടിക്കുന്നു...

റൈറ്റ് റൈറ്റ് എന്നും പറഞ് ഡബിള്‍ ബെല്ലടിച്ച് ബസ്സിന്റെ ഡോറില്‍ കൈ കൊണ്ട് ആഞു രണ്ടടിയടിച്ച്, ബെല്ലടിക്കുന്നതിനു മുന്‍പേ ഓടി തുടങ്ങിയ ബസ്സിലേക്ക് ഒരു സര്‍ക്കസ്സുകാരനെ പോലെ കിളി പറന്നു കയറി... എന്തോ മഹാ സംഭവം നടത്തിയ പോലെ ഡോര്‍ സ്റ്റെപ്പില്‍ ഞെളിഞു നിന്നു കൊണ്ട് ബസ്സിലുണ്ടായിരുന്ന പെണ്ണുങ്ങളെയെല്ലാം ഒന്നു നോക്കി...

ഈ കാഴ്ചയെല്ലാം കണ്ടപ്പോള്‍ ബസ്സിലെ കിളി ട്യൂണ്‍ ചെയ്തു കൊണ്ടിരിക്കുന്ന ഏതോ ഒരു 'കിളി' ബസ്സില്‍ ഉണ്ടെന്നു മനസ്സിലായി....

"പയാസ്ക്കാ ചായ പറയട്ടെ... "
"ഡാ പോര്‍ക്കേ.. പയാസ് അല്ല ഫയാസ്.." ഈ വൃത്തി കെട്ടവന്റടുത്ത് എത്ര പറഞു കൊടുത്താലും മനസ്സിലാകില്ല....

എന്റെ ചിന്ത വീണ്ടും ദാസപ്പന്റെ പിന്നാലെ പോയി...

"ടാ അലീ ഇവിടെ വന്നേ.. ദാസപ്പനെന്താ പറ്റിയേ....?"

" ഹെയ് അതൊന്നുമില്ലിക്ക്യാ. ഒരു രസമുണ്ടായി.. ദാസപ്പനിന്നു നാലു മണി വരെ ലീവായിരുന്നു.." അങ്ങൊട്ടുമിങ്ങോട്ടും നോക്കി ദാസപ്പന്‍ അടുത്തെങ്ങും ഇല്ല എന്നുറപ്പു വരുത്തി, ക്യാഷ് കൗണ്ടറില്‍ കയ്യും കുത്തി ആമയുടെ തല പുറത്തേക്കു വരുന്ന പോലെ കൗണ്ടറിന്റെ ഉള്ളിലേക്കു വലിഞു അലി ദാസപ്പ സംഭവം വിവരിക്കാന്‍ തുടങ്ങി..

**************************************

കഴിഞ ഏഴു വര്‍ഷമായിട്ടു ദാസപ്പന്‍ കൊച്ചിന്‍ കോഫീ കോര്‍ണറിലെ ടീ മാസ്റ്റര്‍ ആയി സേവനമനുഷ്റ്റിച്ചു വരികയാണ്.. ഓണ്‍ലി ചായയടി..

കലൂര്‍ ബസ് സ്റ്റാന്റിലെ സകലമാന ഡ്രൈവര്‍മാരും, കണ്ടക്റ്റര്‍മാരും, ക്ലീനര്‍മാരും, യാത്രക്കാരും, പൂവാലന്ദാരും, തരുണീമണികളും.. എന്തിനു പറയുന്നു പിച്ചക്കാരു പോലും ഒരു രൂപാ അമ്പതു പൈസ കൊടുത്ത് ദാസപ്പന്റെ കൈപ്പുണ്യം അറിഞവരാണ്..

ദാസപ്പന്റെ പെങ്ങളെ പെണ്ണുകാണാന്‍ ചെറുക്കന്‍ കൂട്ടര്‍ വന്നു.. "ദാസാ.. അവര്‍ക്കു ചായ കൊടുക്കണം കേട്ടോ..." ഒരു ദാക്ഷിണ്യവും കാണിക്കാതെ അമ്മാവന്‍ പ്റഞു....

കല്യാണ നിശ്ചയത്തിന്റന്നു ദാസന്റെ അനിയന്‍ പറഞു.. "ദാസേട്ടാ.. അവരെത്താറായി കേട്ടൊ.. മുപ്പതു പേരുന്‍ണ്ടെന്നു ഇപ്പൊ മൊബയിലില്‍ വിളിച്ചു പറഞു..അവര്‍ക്കുള്ള ചായ റെഡി അല്ലെ...??"

വടക്കേലെ ചന്ത്രേട്ടന്‍ മരിച്ചതറിഞു ആദ്യമെത്തിയതു ദാസന്‍ ആയിരുന്നു...

"രമേശന്‍ വരുന്നുണ്ടോ കുമാരാ...??" ദാസന്‍ ചെവിയില്‍ ചോദിച്ചു..

"ഉറപ്പില്ല.. അവന്റെ സ്പോണ്‍സറു എവിടെയോ പോയിരിക്കുവാ.. അയ്യാളു വരാതെ പാസ്സ്പോര്‍ട്ട് കിട്ടില്ല.. കാക്കെണ്ടാ എന്നു പറഞിട്ടുണ്ട്.."
തിരിച്ചു ചെവിയില്‍ തന്നെ കുമാരന്റെ മറുപടി വന്നു...

തിരിഞു നടക്കുമ്പോള്‍ പതിഞ ശബ്ദത്തില്‍ കുമാരന്റെ വിളികേട്ടു തിരിഞു..

"ആളോളു വരാന്‍ തുടങീട്ടുണ്ട്... എന്തെങ്കിലും കുടിക്കാന്‍ കൊടുക്കണ്ടെ.. ദാസന്‍ ചായ പരിപാടി ഒന്നു നോക്കൂട്ടോ..സാധ്നങ്ങളെല്ലാം ആ ചായ്പില്‍ റെഡി ആക്കീട്ടുണ്ട്..."

മരിച്ചോട്ത്തു പോയാലും ദാസനു രക്ഷയില്ല...

പെങ്ങള്‍ടെ കല്യാണം കഴിഞ്ഞു ദാസപ്പന്‍ ലീവ് കഴിഞു വന്നപ്പോള്‍ പതിവുപോലെ ബഷി വിശേഷം ചോദിക്കാന്‍ തുടങ്ങി..

"പെങ്ങള്‍ടെ കല്യാണം അടിപൊളി ആയൊ ദാസാ.."

"എന്തു കല്യാണം.. നമ്മളു ചായയടിക്കാരന്‍ അല്ലെ..?? സ്വൊന്തം പെങ്ങള്‍ടെ കല്യാണം ആയിപ്പോയി.. അല്ലെങ്കില്‍ ചായയില്‍ വല്ല വിമ്മും കലക്കി കൊടുത്ത് എല്ലാത്തിന്റേം വയറിളക്കിയേനെ ഞാന്‍.."
പല്ലു കടിച്ചു ഞെരിച്ചു കൊണ്ടുള്ള് ദാസന്റെ മറുപടി കിട്ടിയപ്പോള്‍ ബഷി പിന്നെ ഒന്നു ചോദിച്ചില്ല...

അര മണിക്കൂര്‍ കഴിഞപ്പോള്‍ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ദാസന്‍ ക്യഷ് കൗണ്ടറില്‍ വന്നു..

"ബെഷിക്യാ.. നാളെ ഞാന്‍ ലീവാ.. എനിക്കു ഏതെങ്കിലും ഹോട്ട്ലില്‍ പോയി മനസ്സമാധാനത്തോടെ ഒരു ചായ കുടിക്കണം.. ഞാനും കുടിക്കട്ടെ വേറെ ആരെങ്കിലും ഉണ്ടാക്കിയ ചായ.. ചത്തു പൊകത്തൊന്നും ഇല്ലല്ലോ... പിന്നെ ഒരു നൂണ്‍ ഷോയും കാണണം.."

ജെനുവിന്‍ ആയിട്ടുള്ള ന്യായമായ ആവശ്യം.. വേറൊരാള്‍ ഉണ്ടാക്കിയ ഒരു ചായ കുടിക്കാനുള്ള ദാസപ്പന്റെ മോഹം.. മറുത്തൊന്നും പറയാതെ മുതലാളി ദാസപ്പന്റെ ലീവ്; ആപ്ലിക്കേഷന്‍ പോലും ഇല്ലാതെ അപ്പ്രൂവ് ചെയ്തു കൊടുത്തു..

പിറ്റേന്നു വൈകുന്നേരം ബസ്സിറങ്ങുന്ന ദാസപ്പനെ ആദ്യം കാണുന്നത് അലിയാണ്...

"ബഷിക്ക്യാ.. അങ്ങോട്ടൊന്നു നൊക്യേ.. ഓരാളു ബസ്സിറങ്ങുന്നത് കണ്ടോ...??"

ജീന്‍സും ടീ ഷര്‍ക്കും കൂളിങ്ങ് ഗ്ലാസും വെച്ചു രജനി സ്റ്റ്യിലില്‍ നടന്നു വരുന്ന ദാസപ്പനെ കണ്ടവരെല്ലാം വായും പൊളിച്ച് അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു...

"എന്തായി ദാസാ ചായ കുടിച്ചോ...??" ആരോ ചോദിച്ചു...

"ഹും.. ചായ.. അവന്റെ........ *@##&^* "
നല്ല മുട്ടന്‍ തെറിയും തെറിയും പറഞു കൊണ്ടൂ വലിഞു മുറുകിയ മുഖവുമായി നേരെ കിച്ചണിലേക്കാണ് ദാസന്‍ പോയത്... അതിന്റെ പിന്നാലെ തന്നെ എന്തൊക്കെയോ എടുത്തു താഴേ ഇടുന്ന ശബ്ദവും കേട്ടു.. മേമ്പൊടിയായിട്ടു നല്ല പുളിച്ച തെറിയും..

കുറെ സമയം കഴിഞപ്പോള്‍ ദാസപ്പന്റെ കലിയടങ്ങിയൊ എന്നറിയാന്‍ ബഷി കിച്ചണിലേക്കു ചെന്നു..

"ഒരു ചായ കിട്ട്വോ ദാസാ..??"

തെറി കേള്‍ക്കുമൊ എന്നു ഭയന്നു മടിച്ചു മടിച്ചാണു ബഷി ചോദിച്ചത്.. (ഇന്നത്തെ കാലത്തു ഇത്രേം നല്ല ഒരു ചായക്കാരനെ ഇത്രേം ചെറിയ ശമ്പളത്തിനു ലോകത്തു എവിടുന്നും തപ്പി പിടിക്കാന്‍ പറ്റില്ല... അതു കൊണ്ടു ദാസപ്പന്റടുത്ത് കുറച്ചു മയത്തിലേ ബഷി നിക്കാറൊള്ളൂ )

"ഏതു സിനിമയാ ദാസാ കണ്ടതു..??"ചായ ഊതി കുടിക്കുന്നതിനിടയില്‍ ബഷി ചോദിച്ചു..

"ഒരു കോപ്പും കണ്ടില്ല്ല..."

"അതു ശെരി.. പിന്നെന്തിനാ നീ ലീവെടുത്തത്" ഇപ്രാവശ്യം കുറച്ച് ഗൗരവത്തിലായിരുന്നു ബഷിയുദെ ചോദ്യം....

ഒരു ദയനീയമായ നോട്ടത്തോടെ ദാസന്‍ പറഞു...

"എന്തായാലും കുളിച്ചു പുതിയ ഉടുപ്പൊക്കെ ഇട്ടതല്ലെ.. ചായ കുടിക്കാന്‍ ഇറങ്ങുവേം ചെയ്തു.. അപ്പൊ ഒന്നു ലാവിഷ് ആക്കാം എന്നു കരുതി ഞാന്‍ ആ മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണു പോയത്..."

അതു കേട്ടപ്പോള്‍ ബഷി ഞെട്ടി... കിച്ചണിലുള്ളവരെല്ലാം പണി നിര്‍ത്തി..
അള്ളാ.. ദാസനു വട്ടായൊ... എന്ന ചിന്തയോടെ ബഷി ചോദിച്ചു...

"എന്നിട്ട്..?"

"എന്നിട്ടെന്താ.. ഇരുപത്തഞ്ച് രൂപ പോയിക്കിട്ടി.. അത്ര തന്നെ..."

"ആ.. ഇതാണാ പ്രശ്നം.. ഡാ പോത്തേ.. താജെന്താ നിന്റെ അളിയന്റെ ഹോട്ടലാണോ?? ഫ്രീ ആയിട്ടു ചായ തരാന്‍.. എന്നാലും ഈ കോലവും വെച്ചു നിന്നെ അതിന്റുള്ളിലോട്ടു കേറ്റിയവരെ സമ്മതിക്കണം...!!

"കാശു പോയാലെന്താ ദാസാ.. ചായ കുടിക്കാനുള്ളാ നിന്റെ വെഷമം തീര്‍ന്നില്ലെ..??"

"ശെര്യാ.. എല്ലാ വെഷമവും തീര്‍ന്നു കിട്ടി... അവിടെ ചെന്നു ഞാന്‍ ചായ ഓര്‍ഡര്‍ ചെയ്തു.."

ഒന്നു നിര്‍ത്തിയിട്ടു ദാസന്‍ തുടര്‍ന്നു...

"അവരു കുറേ ചൂടുവെള്ളവും, പാലും, ചായപ്പൊടിയും, പഞ്ചസാരയും, സ്പൂണും ഗ്ലാസ്സും എല്ലാം കൊണ്ടു വന്നു തന്നു...
ഇരുപത്തഞ്ചു രൂപാ കൊടുത്തു ഞാന്‍ തന്നെ ചായ ഉണ്ടാക്കി കുടിക്കേണ്ടി വന്നു....
എവിടെ പോയാലും എന്റെ വിധി ചായയുണ്ടാക്കലു തന്നെ....!!"

ആരും അടുത്തേക്കു പോകല്ലേ.... ദാസപ്പന്‍ ദേഷ്യത്തിലാ..!!

©fayaz

8 comments:

excellent good work keep going :-)

ikka.........nammale okke ingane chirippichu kollaruthe, kashtamane.

payaskkaa.. adipolii hehehe

haha! my mom always comments on that too! kaashum kodukkanam, chaiyayum undaakanam, paavam dasappan!=D

LOL!!! llovvely is the word tht came to my mind first!!! athu thanne kidakkatte ividem

ഹഹഹ .....ദാസപ്പന്റെ ഒരു വിധി.......

വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദീണ്ട്ട്ടാ.. ന്നാലും നിങ്ങളുടെ ക്ഷമയെ നമിച്ചിരിക്കുന്നു... :P

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com