May 29, 2009

12കി.മീ മാത്രം

നേരം പര പരാ വെളുത്തു വരുന്നതേയുള്ളു. നേരിയ മൂടല്‍ മഞ്ഞ് തുളച്ച് മുന്നോട്ടു പായുന്ന ഹെഡ് ലൈറ്റിനൊപ്പമെത്താനെന്നോണം കാര്‍ മുന്നോട്ട് കുതിച്ചു. രാത്രി ആരംഭിച്ച ഡ്രൈവിംഗ് മൂലമോ എന്തോ, കണ്‍പോളകള്‍ക്ക് പതിവിലും ഭാരമനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനിടയില്‍ കാറിനെന്തോ മിസ്സിംഗ് പോലെ തോന്നിയത് കാര്യമാക്കാതെ ആക്സിലെറെറ്റര്‍ ആഞ്ഞു ചവിട്ടി കത്തിച്ചു വിട്ടു. അധികം ഓടേണ്ടി വന്നില്ല. വണ്ടി കട കട ശബ്ദത്തോടെ നിന്നു.. കാറില്‍ നിന്നിറങ്ങി ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കുറെ പുകയും കരിഞ മണവും..
പരിചയമില്ലാത്ത സ്ഥലം.. അടുത്തെങ്ങാനും വല്ല വര്‍ക്ക് ഷോപ്പുമുണ്ടോന്നു ചോദിക്കാനായിട്ടു റോഡിലെങ്ങും ആരെയും കാണുന്നില്ല.. പരിസരത്തൊരു വീടു പോലും കാണാനില്ല.. നടുവിനു കൈ കൊടുത്തു കൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഒന്നു ചരിഞ്ഞു.. ഹാവൂ.. ആശ്വാസം.. കുറച്ചപ്പുറത്തായി ഒരു മതിലിന്റെ പിന്നില്‍ ആരൊ അങ്ങോട്ടു തിരിഞു നില്‍ക്കുന്നു.. മതിലിനു മുകളിലൂടെ തല മാത്രം കാണാം..
"ചേട്ടാ.. "
വിളിച്ചു നോക്കിയിട്ട് പുള്ളിക്കരനൊരു കുലുക്കവുമില്ല.കുറച്ചു കൂടി ഉച്ചത്തില്‍ വിളിച്ചു നോക്കി.. വിളി കേട്ട ഭാവം പോലുമില്ലാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ടു പോയി രണ്ട് പൊട്ടിക്കാനായിരുന്നു തോന്നിയത്..
"ശെടാ.. ഇങ്ങേര്‍ക്കെന്താ ചെവി കേള്‍ക്കില്ലെ...??"
സ്വന്തം കാര്യമായി പോയില്ലെ.. വേറെ രക്ഷയൊന്നുമില്ലാത്തത് കൊണ്ട് അടുത്തേക്കു ചെന്നു.. വീണ്ടും വിളിച്ചു...
"ഹെല്ലോ.. ചേട്ടാ......."
മറുപടിയില്ല...!!
"മതിലില്‍ ചാരി നിന്നുറങ്ങുന്നൊ.. ഇവനൊന്നും വീടും കുടിയുമില്ലെ.." എന്നു മനസില്‍ കരുതികൊണ്ട് അയാളുടെ തലയില്‍ ഒന്നു തോണ്ടി.. രക്ഷയില്ല.. ഒരു അനക്കവുമില്ല.. ഇനീപ്പൊ മടിച്ചു മടിച്ചു തോണ്ടിയത് കൊണ്ട് ആദ്യത്തെ തോണ്ടലിനു ശക്തി പോരാഞ്ഞിട്ടാണോ..?? എന്തു കുന്തമെങ്കിലുമാകട്ടെ എന്നു കരുതി ഒന്നു കൂടി ശക്തിയില്‍ തോണ്ടി...!!
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്... തോണ്ടലിന്റെ ശക്തിയില്‍ ഇറ്റു വീഴുന്ന രക്തത്തോടു കൂടി ആ തല മതിലില്‍ നിന്നും താഴേക്കുരുണ്ടു വീണതു കണ്ടപ്പോള്‍
"അമ്മേ...." എന്നുച്ചത്തില്‍ കരഞതും പേടിച്ചു നല ചുറ്റി റോഡില്‍ വീണതും ഓര്‍മയുണ്ട്.. താഴെ വീണു അബോധാവസ്തയിലേക്കു പോകുംബോള്‍ മങ്ങിയ കാഴ്ചയില്‍ കണ്ടു.. റോഡ് സൈഡിലെ പൊന്തക്കാട്ടില്‍ ഒരു മൈല്‍ കുറ്റിക്കരികിലായി കിടക്കുന്ന തലയില്ലാത്ത ഒരു ശരീരം.. മൈല്‍ കുറ്റിയില്‍ എഴുതിയിരിക്കുന്നതും വായിച്ചു..'കണ്ണൂര്‍ സിറ്റി 12കി.മീ'

©fayaz

May 25, 2009

അപരിചിതര്‍

കാറ്റും കോളും നിറഞ കടലു പോലെയുള്ള ജീവിതം.. അതില്‍ ദിശ തെറ്റാതെ ഒരു കരക്കണയാനുള്ള വെമ്പലില്‍ കണ്ടു മുട്ടുന്ന ഒരു പാടു പേര്‍.. അവരില്‍ ചിലര്‍ നമുക്കു പ്രിയപ്പെട്ടവരായി മാറുന്നു.. ചിലരെ കണ്ടു മറക്കുന്നു.. ചിലര്‍ കണ്ടാലും കാണാത്ത പോലെ പോകുന്നു.. വേറെ ചിലര്‍ ശത്രുക്കളായി മാറുന്നു..

ഇതിന്നിടയില്‍ നമുക്കു പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തിലെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളെയും അല്പ നേരമെങ്കിലും മറക്കാന്‍ സഹായിക്കാറുണ്ട്..!

നമുക്കു പ്രിയപ്പെട്ടവര്‍ നമ്മളോട് നുണ പറയുന്ന അവസരങ്ങള്‍, കാര്യമുണ്ടായിട്ടാണെങ്കിലും ഇല്ലാതെയാണെങ്കിലും.. അതറിഞിട്ടും അറിയാത്ത പോലെ നടിച്ചു... പലപ്പോഴും.. മനസ്സിലാക്കിയിട്ടും ഒന്നും പറയാതെ.. ഒന്നും മിണ്ടാതെ.. വീണ്ടും കാണുമ്പോള്‍ സന്തോഷത്തോടു കൂടി അടുത്തു ചെല്ലുന്നു.. വീണ്ടും നുണകള്‍.. ഒഴിവു കഴിവുകള്‍.. അപ്പോഴും ഒന്നും മിണ്ടാതെ പരാതികളില്ലാതെ മുന്നോട്ടു പോയി..

എന്റെ നിശബ്ദതയെ വെറുമൊരു പൊട്ടത്തരമായി കാണുകയും വീണ്ടും വീണ്ടും ഒഴിവു കഴിവുകള്‍ പറഞു ഒരു പാടു സ്നേഹവും സന്തോഷവും അഭിനയിച്ച് എന്തോ ചടങ്ങു തീര്‍ക്കാനെന്ന പോലെ അടുത്തു വന്നപ്പോഴും, ഞാന്‍ പരിഭവം കാണിച്ചില്ല. അവസാനം...മനസ്സിലുള്ള വിഷമവും സങ്കടവും.. അതിന്റെ ഭാവം മറി വരുന്നത് ഞാന്‍ അറിഞു.. അതു പിന്നെ നിരാശയായി.. ദേഷ്യമായി.. അങ്ങനെ അങ്ങനെ എന്തെല്ലാമോ..

മേശപ്പുറത്തിരുന്നിരുന്ന ഗ്ലാസ് ഫ്ലവര്‍ വേസ് ചുമരില്‍ പതിച്ചു പൊട്ടിത്തെകര്‍ന്നു..!!

അല്പ നേരം കഴിഞു തറയിലെ ചില്ലു കഷ്ണങ്ങള്‍ ഓരോന്നും ഞാന്‍ തന്നെ പെറുക്കിയെടുക്കുമ്പോഴും ഇതെല്ലാം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്നുള്ള ചിന്തയിലായിരുന്നു. അവസാനം സ്വയം സമാധാനിപ്പിക്കാന്‍ ഒരു കാരണവും കണ്ടെത്തി.. കണ്ടു മുട്ടുന്നതിനു മുന്‍പ് എല്ലാവരും അപരിചിതരാണല്ലോ....!!

May 21, 2009

ഫ്രെന്റ്ഷിപ്പിലും മായമോ..??

ഒരുപാടര്‍ത്ഥ തലങ്ങളുള്ള ബന്ധം.. അതിനെ നമുക്കെങ്ങനെയെല്ലാം നിര്‍വചിക്കാം..??
പരിധികളില്ലാത്ത ഒരു ബന്ധം.. നമുക്കാരേയും ആ ബന്ധത്തിന്റെ പരിധിയില്‍ കൊണ്ടു വരാം..അഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മുത്തഛന്‍, മുത്തശ്ശി, കൂടെ പഠിക്കുന്നവര്‍, അയല്‍ക്കാര്‍, കൂടെ ജോലി ചെയ്യുന്നവര്‍.. അങ്ങനെ ആരും ആകാം.. എന്തും പറയാനും.. എന്തും പങ്കു വെക്കാനും.. മനസ്സു തുറന്നു സംസാരിക്കാനും.. ഉള്ള ഒരാള്‍.. നമുക്കൊരു നല്ല കാര്യം വരുമ്പോള്‍ നമ്മളെക്കാള്‍ അധികം സന്തോഷിക്കുന്ന ഒരാള്‍.. നമുക്കൊരു പ്രശ്നം വരുമ്പോള്‍ നമ്മുടെ കൂടെ നിന്ന് നമുക്കൊപ്പം ആ പ്രശ്നം നേരിടുന്ന ഒരാള്‍... സ്വന്തം പ്രശ്നമായി ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നവര്‍..!!

'FRIEND'

മുകളില്‍ പറഞതെല്ലാം ശെരിയാണെന്നു നിങ്ങള്‍ സമ്മതിച്ചേക്കാം.. എന്നിരുന്നാലും.. എങ്ങനെയാണ് നമ്മള്‍ മറ്റൊരാളെ ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരിയായി കാണുന്നത്.?? മാസങ്ങളോളം.. വര്‍ഷങ്ങളോളം കൂടെ നടക്കുന്നു.. ഒരുമിച്ചു എല്ലാ കാര്യങ്ങളും കുരുത്തക്കേടുകളും ചെയ്യുന്നു. എന്നിട്ടോ.. എന്തെങ്കിലും നിസ്സാര കാര്യത്തിന്റെ പേരു പറഞു പരസ്പരം പഴിചാരി തല്ലു കൂടി പോകുന്ന എത്രയോ ആളുകളെ നാം കാണുന്നു.. എത്രയോ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു...ഇതിനെ 'FRIENDSHIP' എന്നു വിളീക്കാമോ..??

ഇന്നീ വാക്കു സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു എക്സ്ക്യൂസ് മാത്രമായി മാറിയില്ലെ..?? ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഇവനെന്റെ/ഇവളെന്റെ ബെസ്റ്റ് ഫ്രെന്റാ എന്നു പറഞു രക്ഷപ്പെടാനുള്ള ഒരുപാധി.. അങ്ങനെ പറഞു രക്ഷപ്പെട്ടിട്ടുള്ള എത്ര ഫ്രണ്ട്ഷിപ്പ് ഇന്നും നിലവിലുണ്ട്..?? നിന്റെ ഫ്രന്റെന്ത്യേ എന്നു ചോദിച്ചാല്‍ എത്ര ഈസിയായിട്ട് പറയുന്നു.. ആ ഞങ്ങളു ബ്രേക് അപ് ആയി എന്നു..! ഇതും ഫ്രെന്റ്ഷിപ്പ്...!! അല്ലെ..??

ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാണുന്നു..?? ഓണ്‍ ലൈന്‍ കൂട്ടുകാര്‍.. ചാറ്റ് കൂട്ടുകാര്‍.. ഫോണ്‍ കൂട്ടുകാര്‍..ഇതൊക്കെയല്ലെ ഇന്നത്തെ കൂട്ടുകെട്ട്..?? നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളീക്കുന്നു.. എങ്കില്‍ പോലും ഇങ്ങനെ പരിചയപ്പെടുന്ന എത്ര പേരോടു നമ്മള്‍ നമ്മുടെ യഥാര്‍ത്ത കാര്യങ്ങള്‍ വെളിപ്പെടുത്താറുണ്ട്..?? ഇതു വായിക്കുന്നവരില്‍ 80% പേര്‍ക്കെങ്കിലും ഇങ്ങനെ കൂട്ടുകാരെന്നു വിളിക്കാന്‍ അല്ലെങ്കില്‍ വിളിക്കുന്ന ഒരു പാടു പേരുണ്ടാകും.. ഒന്നു ചോദിക്കട്ടെ സഹോദരാ/ദരി...?? നിങ്ങളില്‍ എത്ര പേര്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ഫ്രണ്ട് എന്നു വിളിക്കുന്നവരോട് സത്യം പറഞിട്ടുണ്ട്..? അവരെ നിങ്ങള്‍ കൂട്ടുകാരെന്നു വിളിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്തിനു അവരൊടു സത്യം പറയാന്‍ ഭയക്കണം..? നിങ്ങള്‍ക്കു പേടിയാണെങ്കില്‍.. വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്തിനു അവരെ കൂട്ടുകാര്‍ എന്നുള്ള ഓമന പേരിട്ടു വിളിച്ച് ആ മഹത്തായ ഫ്രണ്ട്ഷിപ്പ് എന്ന ബന്ധത്തിന്റെ പവിത്രത കളയുന്നു..?? അതിന്റെ വിശ്വാസ്യത തകര്‍ക്കുന്നതെന്തിന്..?? അതിനെ ഫ്രണ്ട്ഷിപ്പ് എന്നു വിളീക്കാമോ..?? ഈ കാര്യങ്ങള്‍ എല്ലാം വെച്ചു നോക്കുമ്പോള്‍ ഓണ്‍ ലൈന്‍ ഫ്രണ്ട്ഷിപ്പ് എന്നുള്ള ഒരു സംഗതി ഉണ്ടോ..??

നമുക്കു എന്തും തുറന്നു പറയാവുന്നവരല്ലെ നമ്മുടെ കൂട്ടുകാര്‍..? നമുക്കു ഇങ്ങോട്ടു കിട്ടണം എന്നു ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കൂ.. മറ്റുള്ളവര്‍ നമ്മളോടു ചെയ്താല്‍ നമുക്കു വിഷമമുണ്ടാകുന്ന കാര്യങ്ങള്‍ നമ്മള്‍ മറ്റുള്ളവരോടു ചെയ്യാതിരിക്കൂ.. നമുക്കെന്തു കൊണ്ട് ആ രീതിയില്‍ കാര്യങ്ങളെ നോക്കി കണ്ടൂ കൂടാ..?? കൂട്ടുകാരെന്നു പറഞു തോളില്‍ കയ്യിട്ടു നടക്കുമ്പോഴും ഞാന്‍ ഇങ്ങനെയാണ് , നമ്മുടെ കൂട്ടുകാരാണ് നമ്മളെ മനസ്സിലാക്കി പെരുമാറേണ്ടത്, അവര്‍ക്കു വേണമെങ്കില്‍ അവരു ചെയ്യട്ടെ എന്നു കരുതി നടക്കുന്നവരെ നമുക്കു യഥാര്‍ത്ത കൂട്ടുകാരെന്നു വിളിക്കാമോ..??

അവന്‍ ചെയ്യട്ടെ.. അവള്‍ ചെയ്യട്ടെ.. അവന്‍ എന്ന മനസ്സിലാക്കട്ടെ.. അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നു കരുതി ഇരിക്കുന്ന വാശികള്‍..?? അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ മനസ്സിലാക്കട്ടെ എന്നും കരുതിയിരിക്കുന്നവരേ.. ഞാനൊന്നു ചോദിക്കട്ടെ.. നിങ്ങള്‍ ചിന്തിക്കുന്ന പോലെ തന്നെയല്ലെ നിങ്ങളുടെ കൂട്ടുകാരും ചിന്തിക്കുക.. നമ്മളെ മനസ്സിലാക്കട്ടെ... ഇങ്ങോട്ടു വരട്ടെ എന്നു ചിന്തിച്ചിരിക്കുന്നതിനു പകരം നമ്മളെന്തു കൊണ്ട് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല..?? ആ രീതിയില്‍ നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ഏതെങ്കിലും ബന്ധം എന്നെങ്കിലും തകരുമോ..??

താല്‍ക്കാലികമായി കൂട്ടുകാരെന്നു പറയുന്നവരെ സന്തോഷിപ്പിക്കാന്‍(അതൊ ഒഴിവാക്കാനോ..??) നമുക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാം എന്നു പറയുമ്പോഴും.. പിന്നീടു അതിനു ഒരു പാടു ന്യായീകരണങ്ങള്‍ കണ്ടെത്തുമ്പോഴും നമ്മളെപ്പോഴെങ്കിലും നമ്മുടെ കൂട്ടുകാരുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കാറുണ്ടോ..?? ഞാനിങ്ങനെ പറഞാല്‍ അല്ലെങ്കില്‍ ചെയ്താല്‍ നമ്മുടെ കൂട്ടുകാര്‍ എന്തു കരുതും എന്നു ചിന്തിക്കാറൂണ്ടോ..?? അത് സാരമില്ല.. അവനല്ലെ..?? പറഞാല്‍ മനസ്സിലാകും.. അല്ലെങ്കില്‍ മനസിലാക്കിക്കൊള്ളും.. അല്ലെങ്കില്‍ പോയി പണി നോക്കട്ടെ..കുറച്ചു നാളു മിണ്ടാതിരുന്നു വീണ്ടും തിരിച്ചു വന്നു കൊള്ളും.. വരുമ്പോള്‍ വരട്ടെ എന്നു കരുതിയിരിക്കുന്നവരെ.. ഒരു ചോദ്യം.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് അത്രയല്ലെ വില കല്പ്പിക്കുന്നൊള്ളു..?? നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം എന്തിനു ചെയ്യാം എന്നു പറയുന്നു..?? ഇതു തന്നെ നിങ്ങള്‍ കൂട്ടുകാരെന്നു പറയുന്നവര്‍ നിങ്ങളോടു ചെയ്താല്‍ അതു നിങ്ങള്‍ക്കെത്രമാത്രം വേദനയുളാവാക്കും.. ഒന്നു ചിന്തിച്ചാല്‍ നല്ലത്..!!

നമ്മളില്‍ എത്ര പേര്‍ നമുക്കൊപ്പം കളിച്ചു വളര്‍ന്നു പിന്നീടു ജീവിത യാത്രയില്‍ വേറിട്ടു പോയ നമ്മുടെ കളികൂട്ടുകാരെ ഓര്‍ക്കുന്നുണ്ട്..?? കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായ് ഒരുമിച്ചു വളര്‍ന്നവരെ ഓര്‍ക്കാറുണ്ട്..?? ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു പാടു വ്യക്തികള്‍.. കുറെ നാള്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍.. അല്ലെങ്കില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ നമ്മള്‍ അവരെ കൂട്ടുകാര്‍ എന്നു വിളിക്കുന്നു.. അവസാനം ജോലി മാറി.. അല്ലെങ്കില്‍ താമസം മാറി കഴിയുമ്പോള്‍ കൂടിയാല്‍ കുറച്ചു നാളുകള്‍ ഇ മെയിലും ഫോണ്‍ വിളിയും ആയി കുശലാന്വേഷണങ്ങള്‍.. പിന്നെ പുതിയ ആളുകള്‍.. പുതിയ കൂട്ടുകാര്‍(അങ്ങനെ വിളക്കപ്പെടുന്ന ബന്ധങ്ങള്‍) ഇതൊക്കെയല്ലെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്നത്.. സംഭവിച്ചു കൊണ്ടിരിക്കുന്നത്..??

മാറുന്ന കാലം.. മാറുന്ന ലോകം.. മാറുന്ന നമ്മള്‍.. ഇതിനിടയില്‍ ബന്ധങ്ങളും അവയുടെ അര്‍ത്ഥവ്യാപ്തിയും കാലത്തിനും, കോലത്തിനും.. ആളുകള്‍ക്കും.. അവസരങ്ങള്‍ക്കുമൊത്തു മാറുന്നു.. അല്ലെങ്കില്‍ എളുപ്പത്തിനു വേണ്ടി പലരും മാറ്റുന്നു.. സ്വന്തം കാര്യം കാണാന്‍ മാത്രം.. അല്ലെങ്കില്‍ കുറച്ചു നാള്‍ എഞ്ചോയ് ചെയ്യാന്‍ വേണ്ടി.. സ്വന്തം സന്തോഷത്തിനായി.. പരസ്പരം മടുക്കുമ്പോള്‍ പിരിഞു പോകാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു ഇന്നു ബന്ധങ്ങള്‍.. നാമെല്ലാം പറയുന്ന മനസ്സെന്ന സാധനം വെറും പറച്ചില്‍ മാത്രമായി മാറിയിരിക്കുന്നു..

കാലം മാറുന്നതനുസരിച്ച് ലോകത്തിന്‍ പലമാറ്റങ്ങളുമുണ്ടാകുന്നു. ചിലമാറ്റങ്ങള്‍ നല്ലതാകുമ്പോള്‍ മറ്റു പലതും തെറ്റായ മാറ്റങ്ങളാകുന്നു...തിന്മയിലേക്കാകുന്നു...ഇന്ന് മനുഷ്യ ബന്ധങ്ങള്‍ക്കും മാനുഷീക മൂല്യങ്ങള്‍ക്കും വില കല്പ്പിക്കാത്ത ലോകം. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി കുട പിടിക്കാന്‍ മാത്രമുള്ളാ ബന്ധങ്ങള്‍.. യഥാര്‍ത്ഥ ബന്ധങ്ങളും, ആത്മാര്‍ത്ഥ സ്നേഹവും ഇല്ലാതാകുന്നു. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതിനൊരു കാരണമാണ് എന്നുള്ളാത വിസ്മരിക്കാന്‍ പറ്റില്ല. വയസ്സായ മാതാപിതാക്കളെ പരിചരിക്കാതെ [പരിചരിക്കാനാകാതെ] അന്യനാട്ടില്‍ കഴിയേണ്ടിവരുന്ന മക്കള്‍. തിരിച്ചുമാവാം...കുട്ടികളുടെ പല കാര്യങ്ങളും ശ്രദ്ധിക്കാനൊക്കാത്ത മാതാപിതാക്കള്‍...ഇവിടെ പലപ്പോഴും സാഹചര്യങ്ങളാണ് വില്ലനാകുന്നത്. ആഗ്രഹമില്ലാതല്ല, മറിച്ച് നിവൃത്തികേടുകൊണ്ടായിരിക്കാം പല സന്ദര്‍ഭങ്ങളിലും. അതുപോലെ തന്നെ friendship ലും.

ഇന്ന് എല്ലാത്തിലും മായം കലര്‍ന്നിരിക്കുന്നു. സൌഹൃദങ്ങളിലും. ആളുകള്‍ പരസ്പരം കാണുന്നതും മനസ്സുതുറന്ന് സംസാരിക്കുന്നതും കുറഞ്ഞു. അതുമൂലം സ്നേഹബന്ധങ്ങളിലെ വ്യാപ്തി കുറഞ്ഞു. മനുഷ്യര്‍ കൂടുതല്‍ സ്വാര്‍ത്ഥരായി. സൌഹൃദം വെറും Hi യിലൊതുങ്ങുന്നു. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ അന്യം നിന്നുപോകുന്നു...സൌഹൃദം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു...ആത്മാര്‍ത്ഥതയും...!

©fayaz

May 17, 2009

റ്റു ഹരിഹര്‍ നഗര്‍; പിന്നെ ഞാനും..!!

മുക്കാലാ മുക്കാബുലാ ലൈല. ഓ ലൈലാ..

മൊബൈലില്‍ പാട്ടു കേട്ടിട്ടാണു ഞെട്ടി പിടഞെണീറ്റത്.. ഇതാരാണാവോ വെളുപ്പിനെ പത്തു മണിക്കു തന്നെ വിളിച്ചു ശല്യപ്പെടുത്തുന്നത്.. യെവനൊന്നും ഉറക്കമില്ലെ എന്നും മനസ്സിലാലോചിച്ചു കൊണ്ട് മൊബൈലെടുത്തു...

"അലോണ്‍..."
"എന്താ മച്ചൂ സുഖാണോ..??"
" അതു ചോദിക്കാനാ വിളിച്ചേ...? ഇനീപ്പൊ സുഖല്ലെങ്കില്‍ പിന്നെന്തെങ്കിലും ചെയ്യാന്‍ വല്ല പരിപാടിയുമുണ്ടോ..??"
"അതു ശെരി നീയിപ്പോഴും നന്നായിട്ടില്ലേഡാ വൃത്തി കെട്ടവനെ..??"
ശെടാ.. ഇതു കൊള്ളാമല്ലോ... സുഖാണൊ.. നന്നായിട്ടില്ലെ..?? ഉറക്കത്തില്‍ നിന്നും വിളിച്ചെണീപ്പിച്ചത് എന്നെ നന്നാക്കാനാണോ..?? യെവനാര് എന്റെ ... #%$$^$^$

"അതൊക്കെ അവിടെ നിക്കട്ടെ ആരാ മനസ്സിലായില്ലല്ലോ..??"
"അതു ശെരി.. എന്റെ ഒച്ച കേട്ടിട്ടു മനസ്സിലായില്ലെ...??"
"ഇയ്യാളാരു മമ്മുട്ടിയോ..?? അതോ അമിതാബ് ബച്ചനോ.. ഒച്ച കേട്ടു മനസ്സിലാക്കാന്‍.. കാര്യം പറ.. ആരാ..??"
"ഡാ.. ഇതു ഞാനാടാ.. റിജു... ഞാന്‍ ഇന്നലെ ടു ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതലു നിന്നെ ഭയങ്കര മിസ്സിംഗ്... കോളേജിലെ പണ്ടത്തെ ഓര്‍മകളൊക്കെ വന്നു..പിന്നെ നിന്റെ വീട്ടില്‍ വിളിച്ചു നമ്പര്‍ മേടിച്ചു വിളിക്കുന്നതാ.."
"ആ.. നീയാണോ.. എവിടാടാ പോര്‍ക്കേ നീ.. ഒരു വിവരവുമുണ്ടായിരുന്നില്ലല്ലോ നിന്നെ പറ്റി..." പഴയ കൂട്ടുകാരന്റെ ശബ്ദം കേട്ട ആഹ്ലാദത്തില്‍ ഉറക്കമെല്ലാം പമ്പ കടന്നു.... "

"ആ ചുമ്മാ വിളിച്ചതാ... പിന്നെന്താ വിശേഷങ്ങള്‍.."

അങ്ങനെ പരസ്പരം വിശേഷങ്ങലോക്കെ പങ്കു വെച്ച് തിരിച്ചു വിളിക്കാം എന്നുള്ള ഒരു കരാറും ഉണ്ടാക്കി ആ ഫോണ്‍ വിളി അവിടെ അവസാനിച്ചു..ഹരിഹര്‍ നഗര്‍ എന്തായാലും കാണണം എന്നു പറഞു..

പത്ത് മിനിട്ട് കഴിഞില്ല ഫോണ്‍ വീണ്ടും മുക്കാല പാടാന്‍ തുടങ്ങി.. അതും പരിജയമില്ലാത്ത നമ്പര്‍..
"ഡാ.. എന്തുണ്ട്രാ വിശേഷം.. സുഖാണോ..??"
ആരാന്നു പറയുന്നതിനു മുന്നെ തന്നെ അപ്പുറത്ത് നിന്നും വിശേഷം ചോദിച്ചു തുടങ്ങി...
"സുഖം സുഖം.. നിന്റെ വിശേഷം എന്താ...??"
ആരാന്നൊന്നും ചോദിക്കാതെ ഞാനും വിശേഷം ചോദിച്ചു....
"ഹരിഹര്‍ നഗര്‍ കണ്ടാ നീ.. ??"
"ഇല്ലാ..."
"എന്നാ കാണു കേട്ടോ.. അതു കണ്ടപ്പോള്‍ മുതലു നിന്നെ ട്രൈ ചെയ്യുന്നതാ... എന്റെ നമ്പരിതാണ് കേട്ടാ.. നീ തിരിച്ചു വിളിക്ക്.. എന്റേല്‍ കാശില്ല..."

ഇതെന്തു കുരിശാണപ്പാ.. രണ്ട് ഫോണായല്ലോ ഈ ഹരിഹര്‍ നഗറിന്റെ കാര്യം പറഞു വിളിക്കുന്നത്... ഇതാരായിരിക്കും വിളിച്ചത്..??

കുളിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയപ്പോള്‍ വീണ്ടും എന്നെയൊന്നെടുക്കൂ എന്നെയൊന്നെടുക്കൂ എന്നും പറഞു ഫോണിന്റെ കരച്ചില്‍.. ഇതു ദുബായീന്നാണെല്ലോ.. ആരായിരിക്കും.. എന്നും കരുതി വീണ്ടും

"അലോ...."
"അളിയാ.. എന്താടാ... വിവരമൊന്നും ഇല്ലല്ലാ.. ജീവനോടെ ഉണ്ടോ നീ..."
"ഓ..ഒണ്ടളീയാ... എന്താപ്പോ വിശേഷിച്ച്..??"
"ഒന്നൂല്ല്യപ്പാ... ഇന്നലേ നമ്മുടെ പഴേ കോളേജ് ടീംസ് എല്ലാരും കൂടി ഒന്നു കൂടി.. ഞങ്ങളെല്ലാരും കൂടി ഹരിഹര്‍ നഗര്‍ സിനിമ കണ്ടു.. അപ്പൊ മുതല്‍ എല്ലാര്‍ക്കും നിന്റെ കാര്യം പറയാന്‍ മാത്രമേ സമയമൊള്ളു.. അപ്പൊ ചുമ്മാ നിന്നെ ഒന്നു വിളിക്കാം എന്നു കരുതി വിളിച്ചതാ.. "
"ടൈം കിട്ടുംബോ തിരിച്ചു വിളിക്കളിയാ.".

ഡും... ആ ഫോണും തീര്‍ന്നു...

അങ്ങനെ ഒരു നാലു ഫോണും കൂടി വന്നു... എല്ലാവരും എന്നെ അതി ഭയങ്കരമായിട്ടു മിസ്സുന്നു.. അതും ഹരിഹര്‍ നഗര്‍ സിനിമ കണ്ടതിനു ശേഷം... അതിനും മാത്രം എന്താ അതിനുള്ളില്‍... എന്തായാലും സമയം കിട്ടുമ്പോള്‍ അതൊന്നു പോയി കാണാന്‍ തീരുമാനിച്ചു..

ഉച്ചക്കു ഹോട്ടലില്‍ ചിക്കല്‍ ലെഗ് പീസു തന്നെ വേണം എന്നു പറഞു ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ കോഴിക്കാലുമായിട്ടള്ള ഗുസ്തിക്കിടയില്‍ വീണ്ടും മുക്കാല തുടങ്ങി... ഇതു അതു തന്നെ ആയിരിക്കും.. രാവിലെ മുതലു ഇതു തന്നെ ആണല്ലോ. പരിപാടി... നമ്പറൊന്നും നോക്കാതെ തന്നെ ചാടിക്കേറി ഫോണേടൂത്തു ഞാന്‍ തുടങ്ങി...

"എന്താ മച്ചൂ സുഖാണോടാ.. എവിടാ നിന്റെ വിവരമൊന്നുമില്ലല്ലോ... നിന്റെ കല്യാണമൊക്കെ കഴിഞാ..??"
ഇങ്ങോട്ടൊന്നും പറയാന്‍ സമയം കൊടുക്കാതെ ഞാന്‍ പറഞു തുടങ്ങി...

" ആ പിന്നെ ഹരിഹര്‍ നഗര്‍ ഇതു വരെ കണ്ടീല്ലാട്ടാ... ഈ '&*$@#' ജോലി കഴിഞു സമയം കിട്ടീട്ടു വേണ്ടേ കാണാന്‍..?? നീ അതു കണ്ടിട്ടല്ലെ എന്നെ വിളിച്ചത്.. എന്നെ വല്ലതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ..??"

"നിന്നെന്താടാ പൊട്ടന്‍ കടിച്ചാ...?"
അപ്പുറത്തു നിന്നും കനത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ അതു വരെ ഉള്ള ശക്തിയെല്ലാം പ്രയോഗിച്ചിട്ടും കിട്ടാതിരുന്ന ഇറച്ചി വായില്‍ പോന്നു..
"നീയെന്നാടാ സ്വന്തം അപ്പനെ കേറി മച്ചൂന്നും ഡാന്നും വിളിക്കാന്‍ മാത്രം വളര്‍ന്നത്.. പോരാത്തതിനു തെറിയും.. ഞാന്‍ നിന്റുമ്മാനെ കെട്ടിയതു കൊണ്ടാല്ലേടാ നീയവിടിരുന്നു... എന്നെ കൊണ്ടൊന്നും പറയിപ്പിക്കെണ്ട നീ.."

പണിയായല്ലോ.. ശ്ശോ... പെട്ടെന്നെന്തു പറയണം എന്നറിയാതെ ഞാന്‍ ബ ബ്ബ ബ്ബാ അടിച്ചു...

"അല്ല മച്ചൂ ഞാന്‍.. അയ്യൊ..സോറി.. ഡാഡി.. ഞാന്‍.. ഇവിടെ.. ഈ... ചിക്കന്‍.. ഫൂഡ്...!! അതേ ഞാന്‍ പിന്നെ വിളിക്കാട്ടാ.."

ഡിം... ഫോണ്‍ കട്ടായി..

അതു വരെയുണ്ടായിരുന്ന സകല ആക്രാന്തവും വെശപ്പുമെല്ലാം പോയികിട്ടി.. ഒടുക്കത്തെ ഒരു ഹരിഹര്‍ നഗര്‍.. ഇതേതായാലും എന്നേം കൊണ്ടേ പോകൂ എന്നു തോന്നുന്നു.. ഇനീപ്പൊ രണ്ടാലൊന്നറിഞിട്ടേയൊള്ളു ബാക്കി കാര്യം.. ഇതു പുതിയ മാര്‍ക്കെറ്റിംഗ് ടെക്നിക്ക് വല്ലതും ആണോ.. പടത്തിനു ആളു കേറാഞിട്ടു കാശു കൊടുത്തു ഇങ്ങനെ മിസ്സിക്കുന്നതാണോ..??

ഞാന്‍ വന്ന നമ്പരുകളൊക്കെ നോക്കി.. ആദ്യം വന്ന നമ്പരു തന്നെ കറക്കി നോക്കാം.. റിജുവല്ലെ...

"ഹെല്ലോ..!"
"ഡാ ഞാനാ... ഒരു കാര്യം ചോദിക്കാന്‍ വിളിച്ചതാ.. അതെയ് പിന്നെ ഈ ഹരിഹര്‍ നഗറിനെന്താ ഇത്ര പ്രത്യേകത...?"
"നീയതു കണ്ട് നോക്ക്.. അപ്പൊ മനസ്സിലാകും.. അതു കണ്ടപ്പോ തുടങ്ങി ഞങ്ങളു നിന്റെ കാര്യം ആണു പറയുന്നത്.."
"അത് തന്നെയാഡാ പോര്‍ക്കെ ഞാനും ചോദിക്കുന്നത്.. അതും ഞാനും തമ്മിലെന്താ ബന്ധം..??"
"അതിനു നീ മാത്രമായിട്ടെ ബന്ധമൊള്ളു.. നീ പടം കാണ്.. അപ്പൊ മനസ്സിലാകും.. പറഞാല്‍ രസം പോകും..."
"നീ കാര്യം പറേഡാ... ചക്കരക്കുട്ടനല്ലെ... ഒരുമ്മ തരാം.. നീ പറ..."
"കണ്ട കണ്ടാ.. ഇതു തന്നേ കാര്യം.. കൊച്ചൊന്നായിട്ടും നിന്റെ സ്വഭാവത്തിനൊരു മാറ്റവും ഇല്ലല്ലോടാ..."
ഇതു പറഞു അവന്‍ ഒടുക്കത്തെ ചിരി...
"ഒരു ക്ലൂ തരാം... പക്ഷെ അതിനു ചിലവുണ്ട്.. നീ ഒരു പെര്‍ഫ്യൂം എനിക്കു കൊടുത്ത് വിട്.. അപ്പൊ പറയാം.."
"ആഹ നിന്റെ സ്വഭാവവും മാറീട്ടില്ലല്ലെ എച്ചീ... അതൊക്കെ ഞാന്‍ കൊടുത്തയക്കാം.. നീ കാര്യം പറ.. ഇന്നു ഈ കാര്യം പറഞു പഴേ സകല ടീംസും എന്നെ വിളിച്ചൂടാ.."

"വിളിക്കും വിളിക്കും... അതിലെ ജഗതീഷിന്റെ റോള് കണ്ടാല്‍ മതി.. നിന്നെ കാണാന്‍ പിന്നെ ഒരിടത്തും പോണ്ടാ...."

"അതു ശെരി.. ജഗതീഷ് അതിലെന്താ ചെയ്യുന്നത്...??"
'കമ്പ്ലീറ്റ് നിന്റെ അതേ പരിപാടികള്‍ തന്നെ.. നീ എങ്ങനെയാണോ.. അതു തന്നെ ഒരു മാറ്റവും ഇല്ല..."
"അതെന്താ... ??"
"അതല്ലെ പോയി കാണാന്‍ പറഞത്..പിന്നെ ഡേവിഡ് ഓഫ് കൂള്‍ വാട്ടര്‍ മതീട്ടാ പെര്‍ഫ്യൂം.. നീ പടം കണ്ടിട്ട് വിളിക്ക്..!!"

ഡിം... ഫോണ്‍ വീണ്ടും കട്ട്...

ഇനീപ്പോ പടം കാണുന്ന വരെ വയ്റ്റ് ചെയ്യണം...!! അതിനു ഇനി അടുത്ത ഓഫ് കിട്ടുന്ന വരെ കാത്തിരിക്കണം.. എനിക്കാണെങ്കില്‍ അതു വരെ കാത്തിരിക്കാനുള്ള സമാധാനം ഇല്ല.. ഒടുക്കത്തെ ആകാംഷയാണ് എനിക്ക്... അതു കൊണ്ടു തന്നെ ആകാംഷ വാസു എന്ന ഒരു ഇരട്ടപ്പേരും എനിക്കു വീണിട്ടുണ്ട്..

നിങ്ങളാരെങ്കിലും ഹരിഹര്‍ നഗര്‍ കണ്ടോ.. ഉണ്ടെങ്കില്‍ ഒന്നു പറഞു തരാമോ.. എന്താ അതില്‍ ജഗതീഷിന്റെ റോള്‍...?? എന്റെ സ്വഭാവം വെച്ചു നോക്കുവാണെങ്കില്‍ ജഗദീഷിനു ഒരേ ഒരു റോള്‍ ആകാനേ സാധ്യത ഒള്ളൂ...

ജഗദീഷ് അതില്‍ ആക്ഷന്‍ ഹീറോ ആണോ... ഇതോടു കൂടി ആക്ഷന്‍ ഹീറോ സ്ഥാനം പോയി സുരേഷ് ഗോപി വീട്ടില്‍ ചൊറിയും കുത്തിരിയിക്കേണ്ടീ വരുമോ...??

©fayaz

May 15, 2009

ഒരു LKG വീരഗാഥ

ഭീഷണി: ഈ കഥയിലെ സ്റ്റണ്ടും ചേയ്സും സാരി പറിക്കലും മറ്റു കലാ പരിപാടികളും വിദഗ്ദന്മാരുടെ സഹായത്തോടും ഉപദേശത്തോടും കൂടി അവരുടെ അതി ശക്തമായ മേല്‍നോട്ടത്തില്‍ അവതരിപ്പിച്ചിട്ടൂള്ളവയാണ്. ഇതെല്ലാം അനുകരിച്ചു നാട്ടുകാരുടെ കയ്യീന്നു പണി കിട്ടിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല..!!
**************
1983 ജൂണ്‍ 6നാണ് തൊമ്മിക്കുട്ടന്‍ അങ്കം വെട്ടു തുടങ്ങിയത്. ഇവനിതെന്തു ഭാവിച്ചോണ്ടാ ഈ അങ്കം വെട്ടും കുന്തോം കൊടച്ചക്രോം എടുത്തോണ്ടു വരുന്നതെന്നു ഇപ്പൊ നിങ്ങളു വിചാരിക്കുന്നുണ്ടാകും ... കണ്‍ഫ്യൂഷനാകെണ്ട, തൊമ്മിക്കുട്ടന്‍ നഴ്സറിയില്‍ പോയി തുടങ്ങിയ വര്‍ഷമാണ് 1983. മഴ പെയ്തൊഴിഞ്ഞ ആ തണുത്ത പ്രഭാതത്തില്‍, പുതിയ മെറൂണ്‍ ട്രൗസറും ക്രീം കളര്‍ ഷര്‍ട്ടും കറുത്ത ഷൂസുമെല്ലാം ദേഹത്ത് വലിച്ച് കയറ്റി ഡാഡിയുടെ 'ലാംബി' സ്കൂട്ടറിന്റെ മുന്നില്‍ ഇലക്ഷനു ജെയിച്ച സ്ഥാനാര്‍ത്തി തുറന്ന ജീപ്പില്‍ പോണ പോലെ നാട്ടുകാരെയെല്ലാം നോക്കി ഇത്തിരിക്കോളം പോന്ന നെഞ്ചും വിരിച്ച് ഞെളിഞു നിന്നു ഒരൊന്നൊന്നര പോക്കായിരുന്നു നഴ്സറിയിലോട്ട്..

ഫസ്റ്റ് ഡേ നഴ്സറിയില്‍ പോകാന്‍ തൊമ്മിക്കുട്ടനു ഒടുക്കത്തെ ഉഷാറായിരുന്നു. കാരണം വേറൊന്നുമല്ല.. ആരേയും പേടിക്കാതെ ടിഫിന്‍ ബോക്സില്‍ നിന്നും നല്ല ശാപ്പാടടിക്കാമെന്നുള്ള സന്തോഷം.. മുന്‍പൊക്കെ തൊമ്മിക്കുട്ടന്റെ ചേട്ടന്‍ സ്കൂളില്‍ പോകുമ്പോള്‍ മമ്മി ടിഫിന്‍ ബോക്സില്‍ വെച്ചു കൊടുക്കുന്ന മുട്ട പൊരിച്ചതും ബിസ്കറ്റും പിന്നെ മഞ്ഞയില്‍ ചുവന്ന അടപ്പുള്ള വാട്ടര്‍ ബോട്ടിലില്‍ കൊണ്ടു പോകുന്ന ഹോര്‍ലിക്സുമെല്ലാം കാണുമ്പോള്‍ ആ മുട്ട പൊരിച്ചതെടുത്ത് വായിലിടാന്‍ കൊച്ചു തൊമ്മിക്കുട്ടനു ഒടുക്കത്തെ കൊതിയായിരുന്നു.. ലവന്റെ കൊതി തട്ടിയിട്ടാണീ  ചേട്ടച്ചാര്‍ക്കു ഇടക്കിടക്കു വയറു വേദനയും വയറ്റിളക്കവും വരുന്നതെന്നു മമ്മിക്കും ഡാഡിക്കും എന്തിനു പറയുന്നു.. നമ്മുടെ തൊമ്മിക്കുട്ടനു പോലും അറിയത്തില്ലായിരുന്നു.

വന്‍ വിവാദത്തിനു തിരി കൊളുത്തി കൊണ്ടാണ് തൊമ്മിക്കുട്ടന്‍ ഹരിശ്രീ കുറിച്ചത്.  നഴ്സറിയുടെ മുന്നിലെത്തി സ്കൂട്ടറേന്നെറങ്ങിയപ്പോള്‍ തന്നെ തൊമ്മികുട്ടന്‍ ആദ്യത്തെ വെടി പൊട്ടിച്ചു. ടിഫിന്‍ ബോക്സും ഹോര്‍ലിക്സും മാത്രമെ തൊമ്മിക്കുട്ടനു വേണ്ടൂ.. ബാക്കി സ്ഥാവര ജംഗമ വസ്തുക്കളൊന്നും തന്നെ ക്ലാസിലേക്കു കൊണ്ട് പോകുന്നതല്ല എന്ന നിയമം പാസ്സാക്കി ഒറ്റക്കാലില്‍ ഒരു നിപ്പു നിന്നു..

അതു പറ്റില്ലെന്നു പറഞ്ഞു നാക്കെടുക്കുന്നതിനു മുന്നു തന്നെ ഡാഡിയുടെ അടിവയറ്റിനിട്ടു തല വെച്ചു ഒരു മുട്ടന്‍ താങ്ങു കൊടുത്തു തൊമ്മി.. ഓര്‍ക്കാപ്പുറത്തായതു കൊണ്ട് ഡാഡിയുടെ അണ്ടകടാഹം വരെ അതിന്റെ വേദന അറിഞു.
"ഹോ എന്റെ കര്‍ത്താവെ.. ഇവനിത്തിരി കൂടി പൊക്കമുണ്ടായിരുന്നെങ്കില്‍ എന്റെ നെഞ്ചിന്‍ കൂടു പപ്പട പരുവമായി പോയേനല്ലൊ"
എന്നു ചിന്തിച്ചു വയറു തടവുന്നതിനിടയില്‍ തൊമ്മികുട്ടന്റെ അടുത്ത ഡിമാന്റ് ഡാഡിയുടെ ചെവിയില്‍ വന്നലച്ചു..

"ബാഗ് എടുക്കാം പക്ഷെ ടിഫിന്‍ ബോക്സിലുള്ള മുട്ട പൊരിച്ചത് ഇപ്പൊ തന്നെ തിന്നും.."
ദേഷ്യം വന്നാല്‍ പിന്നെ തൊമ്മികുട്ടന്‍ സ്വന്തം തന്തയാണോ അമ്മാവനാണൊ എന്നൊന്നും നോക്കാതെ കയ്യില്‍ കിട്ടുന്നതെടുത്തു കീച്ചിക്കളയും.. ഇനി അടുത്ത കുത്തു എവിടാണെന്നൊന്നും പറയാന്‍ പറ്റില്ല.. ഇവന്റെ കയ്യീന്ന് അസ്ഥാനത്തിട്ട് വല്ല കുത്തും  കിട്ടിയാല്‍ പിന്നെ പണ്ടത്തെ അനിക്സ്പ്രേയുടെ പരസ്യത്തില്‍ പറയുന്ന പോലെ പൊടിപോലുമുണ്ടാകില്ല കണ്ട് പിടിക്കാന്‍. അപ്പന്‍ പിന്നെ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബാഗെടുത്തു വണ്ടിയില്‍ വെച്ചു തിരിഞ്ഞപ്പോഴതാ തൊട്ടു മുന്നില്‍ നല്ല വെള്ള ഉടുപ്പും കറുത്ത തട്ടവുമെല്ലാമിട്ട് നഴ്സറിയിലെ സിസ്റ്ററമ്മ നില്‍ക്കുന്നു. ഒരു കര്‍ത്താവിന്റെ മണാവാട്ടിക്ക് ചേര്‍ന്ന പ്രശാന്ത സുന്തരമായ പുഞ്ചിരിയും നൈര്‍മല്യവും മുഖത്ത് കളിയാടുന്നുണ്ട്..

ഡാഡി തൊമ്മിക്കുട്ടനെ സിസ്റ്ററമ്മയെ ഏല്പിച്ചു.  "സിസ്റ്ററെ കുറച്ചു ലാളിച്ചു വഷളാക്കിയിട്ടുണ്ട്.. ഇച്ചിരി വികൃതി ഒണ്ടെന്നേയുള്ളു പക്ഷെ ആളു പാവമാ.. ഒന്നു ശ്രദ്ധിക്കണം കേട്ടോ" എന്നിട്ട് വെടി മരുന്നിനു തീ കൊടുത്ത വെടിക്കെട്ടു കാരനെ പോലെ സ്ഥലം കാലിയാക്കി.

'ഇതല്ല ഇതിന്റെ അപ്പുറത്തെ സൈസു സാധങ്ങളെ ഞാന്‍ കണ്ടിരിക്കുന്നു.. പിന്നല്ലെ ഈ ചരടു പോലിരിക്കുന്ന ചെക്കന്‍..' എന്നും മനസ്സില്‍ പറഞ്ഞ് സിസ്റ്ററമ്മ തൊമ്മിക്കുട്ടന്റെ കൈ പിടിച്ചു ക്ലാസ്സിലേക്കു നടന്നു. നടക്കുന്നതിനിടയില്‍ മഴപെയ്തു മുറ്റത്തു തളം കെട്ടിക്കിടക്കുന്ന നല്ല മഞക്കളറുള്ള ചളി വെള്ളം കണ്ട തൊമ്മിക്കുട്ടന്‍ ഒരു നിമിഷം നടപ്പു നിര്‍ത്തി.. ഇവനെന്താ പെട്ടെന്നു ബ്രേക്കിട്ടതെന്ന് വണ്ടറടിച്ച് സിസ്റ്ററമ്മയും നിന്നു.

സിസ്റ്ററമ്മക്കു പെട്ടെന്നു നടുവിനെന്തോ വന്നിടിച്ച പോലെ തോന്നി.. ബാലന്‍സ് ചെയ്യുന്നതിനു മുന്‍പ് ചളി വെള്ളത്തില്‍ ക്രാഷ് ലാന്റ് ചെയ്തതു മാത്രം ഓര്‍മയുണ്ട്.. നടുവും കുത്തി വെള്ളത്തില്‍ വീണു രണ്ടു നിമിഷം കഴിഞ്ഞ് കണ്ണൊന്നു തെളിഞ്ഞപ്പോഴാണ് എന്താണു സംഭവിച്ചതെന്നു സിസ്റ്ററമ്മക്കു പിടി കിട്ടിയത്. വന്നൊന്നു കാലു കുത്തിയതിനു ശേഷം മതിയായിരുന്നില്ലേ തെമ്മാടികുട്ടാ എന്നുള്ള ഭാവത്തില്‍ ചളിവെള്ളത്തില്‍ കിടന്ന സിസ്റ്ററമ്മ തൊമ്മിക്കുട്ടനെ അതി ദയനീയമായിട്ടൊന്നു നോക്കിക്കൊണ്ട് തന്റെ തൊണ്ണൂറ്റഞ്ച് കിലോ ശരീരം കഷ്ടപ്പെട്ടു സ്വന്തമായി തന്നെ പൊക്കിയെടുത്തു. ഇതു കൊണ്ട് വല്ലതും തീര്‍ന്നോ..??

പ്രിയ മോള്‍ടെ ഉച്ച ഭക്ഷണത്തില്‍ മണ്ണു വാരിയിട്ടപ്പോള്‍ സിസ്റ്ററമ്മ കരുതി കൊച്ചല്ലെ... പാവം തൊമ്മിക്കുട്ടനല്ലേന്നു..!! വന്നതിന്റെ രണ്ടാം ദിവസം മീനുക്കുട്ടിയെ ഒരു സൂത്രം കാണിക്കാം എന്നു പറഞു വിളിച്ചു ക്ലാസില്‍ ബാക്കിയുള്ള വാനരപ്പടയുടെ മുന്നില്‍ വെച്ചു കെട്ടി പിടിച്ചു കവിളത്തു മുത്തം കൊടുത്തപ്പോളും സിസ്റ്ററമ്മ കരുതി.. കുട്ടികളല്ലെ സ്നേഹിച്ചു വളരട്ടെ എന്നു....!! പോം പോം എന്നു ഹോണടിച്ചു ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ്സോടിച്ചു തൊമ്മിക്കുട്ടന്‍ ഓടിനടക്കുമ്പോഴായിരുന്നു കിച്ചുവിനുള്ള ടിഫിനുമായി കിച്ചുവിന്റെ മമ്മി വന്നത്..നല്ല സ്പീഡിലുള്ള ഓട്ടത്തിനിടക്ക് കാറ്റത്തു പറന്നു കളിച്ച മമ്മിയുടെ സാരിത്തുമ്പും കൂടി പിടിച്ചു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
ഓട്ടത്തിന്റെ സ്പീഡു കൊണ്ട് പമ്പരം പോലെ നാലഞ്ചു വട്ടം കറങ്ങി കിച്ചുവിന്റെ മമ്മി തലയും തല്ലി താഴെ വീണു.. വീണതിനേക്കാള്‍ സ്പീഡില്‍ ചാടിയെണീക്കുകയും "ഠാ കുരുത്തം കെട്ടവനെ" എന്നലറി വിളിച്ചു കൊണ്ട് തൊമ്മികുട്ടന്റെ പിന്നാലെ വെച്ചു പിടിപ്പിച്ചു. സിസ്റ്ററമ്മ നോക്കിയപ്പോള്‍ മുന്നില്‍ വാണം വിട്ട പോലെ പായുന്ന തൊമ്മി കുട്ടന്‍.., തൊമ്മിക്കുട്ടന്റെ പിന്നാലെ അണ്ടര്‍ സ്കര്‍ട്ടും ബ്ലൗസുമിട്ട് അവന്റെ കയ്യില്‍ കുടുങ്ങി പറന്നു കളിക്കുന്ന തന്റെ സാരിക്കു വേണ്ടി ഓടുന്ന കിച്ചുവിന്റെ മമ്മി.. ഒട്ടും ചിന്തിക്കാതെ സിസ്റ്ററമ്മയും ആ ഓട്ട മത്സരത്തില്‍ പങ്കെടുത്തു.. ഒരു വിധം തൊമ്മികുട്ടനെ പിടിച്ച് കിച്ചുവിന്റെ മമ്മിയെ സാരി ചുറ്റാന്‍ സഹായിക്കുന്നതിനിടക്ക് തികട്ടി വന്ന ദേഷ്യമെല്ലാം കടിച്ചമര്‍ത്തി നിന്നെ ഞാന്‍ ശെര്യാക്കിത്തരാടാ എന്നു മനസ്സില്‍ അലറികൊണ്ട് തൊമ്മിക്കുട്ടനെ നോക്കി കര്‍ത്താവിന്റെ മണവാട്ടിയുടേ അതേ നൈര്‍മല്യത്തോടും ശാന്തതയോടും കൂടെ തന്നെ കണ്ണുരുട്ടി നാക്ക് കടിച്ചു..

തൊമ്മിക്കുട്ടന്‍ ജോയിന്‍ ചെയ്ത്  നാലാം ദിവസം നമ്മുടെ സിസ്റ്ററമ്മ എന്തോ കാര്യത്തിനു ഓഫീസിലേക്കു പോയി തിരിച്ചു ക്ലാസിലേക്ക് വന്ന് നോക്കുമ്പോള്‍ കുട്ടികളെല്ലാവരും എന്തോ അല്‍ഭുതം കാണുന്ന പോലെ ചുമരിനടുത്തു നിക്കുന്നു.. മുന്നില്‍ നമ്മുടെ പാവം തൊമ്മിക്കുട്ടന്‍...  കണ്ട കാഴ്ച സഹിച്ചു നിക്കാനുള്ള കരുത്തു സിസ്റ്ററമ്മക്കുണ്ടായില്ല..
ക്ലാസു മുറിയുടെ ചുമരില്‍ എങ്ങനെ മൂത്രമൊഴിച്ചു പടം വരക്കാം എന്നുള്ളതിന്റെ പ്രക്ടിക്കല്‍ ക്ലാസ് കൊടുക്കുകയായിരുന്നു തൊമ്മിക്കുട്ടന്‍...

വെറും കരിക്കട്ട കൊണ്ട് ചുമരില്‍ പടം വരച്ചു വളര്‍ന്ന രാജാ രവിവര്‍മ്മ ലോകമറിയുന്ന പടം വരക്കാരനായെങ്കില്‍ മൂത്രം കൊണ്ട് ചുമരില്‍ പടം വരക്കുന്ന തൊമ്മിക്കുട്ടന്‍ ഭാവിയില്‍ എന്താകും എന്നു പോലും ആലോചിക്കാതെ ചന്തിക്കു രണ്ട് കൊടുത്ത് ചെവിക്കു പിടിച്ചു വലിച്ച് കൊണ്ടു പോയി ഓഫീസിനകത്തിട്ടു പൂട്ടി.. കാവലിനു സിസ്റ്ററമ്മയുടെ ആള്‍ ഇന്‍ വണ്‍ അസിസ്റ്റന്റ് ജാനുവമ്മയേയും ഇരുത്തി. എന്നിട്ട് തൊമ്മിക്കുട്ടന്റെ ഡാഡിയെയും കൊണ്ടല്ലാതെ ഇങ്ങോട്ടു വന്നാല്‍ ജോലിയില്ല എന്ന അന്ത്യ ശാസനം നല്‍കി കൊണ്ട് പ്യൂണ്‍ ഔസേപ്പു ചേട്ടനെ ഓടിച്ചു.

ഇനിയിവനെ ഇവിടെ വെച്ചു പൊറുപ്പിച്ചാല്‍ ഈ നഴ്സറി മാത്രമല്ല, പഞ്ചായത്ത് വരെ അവന്‍ കീഴ്മേല്‍ മറിക്കും. അതു താങ്ങാനുള്ള കരുത്ത് കര്‍ത്താവ് തനിക്കു തരുമെന്നു തോന്നുന്നില്ല എന്നൊക്കെ പിറു പിറുത്ത് കൊണ്ട് തിരിച്ചു ക്ലാസ്സില്‍ വന്ന സിസ്റ്ററമ്മ ആ കാഴ്ച കണ്ട് ഞെട്ടി. എന്തു ചെയ്യണം എന്നറിയാതെ കഞ്ചാവടിച്ച കോഴിയെ പോലെ പകച്ചു നിന്നു.

എന്താ കഥ..?
ബാക്കി കുട്ടികളെല്ലാം കൂടി നിരന്നു നിന്നു ചുമരില്‍ സമൂഹ ചിത്ര രചന നടത്തുന്നു. സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പെണ്‍ പടകളെല്ലാം ഐ പി എല്ലിലെ ചിയര്‍ ലീഡേഴ്സിനെ വെല്ലുന്ന എനര്‍ജിയോടെ മറ്റവന്മാരെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നു.. ഭാവിയിലെ കലാകാരന്മാര്‍...!!.. തൊമ്മികുട്ടനെന്ന ഭാവിയുടെ വാഗ്ദാനം. ലോകമറിയാന്‍ പോകുന്ന ആ കൊച്ചു കലാ കാരന്റെ കഴിവുകളെയും ജന്മ വാസനകളെയും പുറത്തെടുക്കാനുള്ള സമയം കൊടുക്കാതെ, എല്ലാം അവഗണിച്ച് കൊണ്ട് സിസ്റ്ററമ്മ ആ കടുത്ത തീരുമാനത്തിലെത്തി. രണ്ടു വര്‍ഷം കൊണ്ട് കമ്പ്ലീറ്റ് ചെയ്യെണ്ട എല്‍കെജി ആന്റ് യുക്കെജി കോഴ്സ് വെറും നാലേ നാലു ദിവസം കൊണ്ട് പാസ്സാക്കി. അങ്ങനെ പാവം തൊമ്മിക്കുട്ടന്‍ വെറും നാലു ദിവസം കൊണ്ടു എല്‍കെജി യുക്കെജി ഗ്രാജ്യൊവേറ്റായി...!!
**************************
ഈ കഥയും കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരൊ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചു കൊള്ളുന്നു.. അഥവാ ഏതെങ്കിലും രീതിയില്‍ ആരെങ്കിലുമായിട്ടു എന്തെങ്കിലും ഒരു ഇതുണ്ടെന്നു തോന്നിയാല്‍ കൊണ്ട് പോയി കേസ് കൊടുക്ക്.. ബാക്കി നമ്മക്ക് വരണോടത്ത് വെച്ച് കാണാം ;)

May 13, 2009

പശുക്കുട്ടിയോ പശുക്കിടാവോ..?


വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം..

മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ  എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു..  ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്...  കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)‍..
ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..??

ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ  കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം..  "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ എന്തുവാ പറയുന്നത്..?  ഈ ക്ടാവിനെന്തൂട്ടാ പറ്റിയേ... ടാ ക്ടാവേ ഇങ്ക്ട് വാടാ... വീട്ടിലെ പശുവിനെയോ.?? പശുക്കുട്ടി എന്നും.. അല്ലെ..?? പക്ഷെ ശുദ്ധ മലയാളത്തില്‍ പശുക്കിടാവ്.. മനുഷ്യക്കുട്ടി ഇങ്ങനെയാണു പറയേണ്ടത്.. ഞങ്ങളെറണാംകുളം കാരു പറയുന്നതങ്ങനെയാ...!!" എറണാംകുളം കാരു ബുജിക്കു സപ്പോര്‍ട്ട് കൊടുത്ത് കയ്യടിയും ഡാന്‍സും തുടങ്ങി..

മലയാള ഭാഷക്കു ശവത്തിന്റെ സ്ത്രീലിംഗമായ 'ശവി' എന്ന വാക്കു സംഭാവന ചെയ്ത ത്രിശ്ശൂരാന്‍മാര്‍ ഇതിനെങ്ങനെ മറുപടി കൊടുക്കും എന്നുള്ള കൂലങ്കുഷമായ ചര്‍ച്ച...

ഈ സന്ദര്‍ഭത്തിലാണ് "എന്തൂട്ട്രാ ശവ്യോളെ.. സ്കൂട്ടാവാറായില്ലെ.." എന്നും ചോദിച്ചു കൊണ്ട് അഞ്ചാമത്തെ റൗണ്ട് കഴിഞു ചേച്ചിയെ ഭദ്രമായി വീട്ടിലെത്തിച്ചിട്ടു ദേവസ്സ്യേട്ടന്റെ വരവ്..

ദേവസ്യേട്ടനാണെങ്കില്‍ ഫോറിന്‍ കിട്ടിയ സന്തോഷത്തില്‍ കയ്യാണൊ കാലാണൊ കുത്തി നടക്കേണ്ടതെന്ന സംശയത്തില്‍ ഇതു രണ്ടുമല്ലാതെ ഏതാണ്ട് ഗര്‍ഭ പാത്രത്തിലെ ശിശുവിന്റെ അവസ്തയിലാണ് വളഞു കൂടി നില്‍ക്കുന്നത്..

"ന്റെ ദേവസ്യേട്ടാ.. ഇങ്ക്ട്ടാ വന്നേ... ഈ ചുള്ളന്‍ പറേണ കേട്ടാ...??"
"ഹാ.. എന്തൂട്ട്രാ കന്നാല്യേ ഈ ശവി പറയ്ണെ..??"
ഒരുത്തന്‍ സംഭവം വിവരിച്ചു കൊടുത്തു...

ഇതു കേട്ടാല്‍ ദേവസ്യേട്ടനു സഹിക്കുമൊ..??
ബീഡിക്കു തീ കൊടുത്ത് ദേവസ്യേട്ടന്‍ ഉടന്‍ തന്നെ ഒരു വെടി പൊട്ടിച്ചു...  "അപ്പമ്മ്ടെ മറ്റേ ഗഡി പണ്ട് ബുക്കിലേഴുതീത് ഗഡീടെ പശു പെറ്റപ്പെഴായിരിക്ക്വോടാ തോമസുട്ട്യേ..??"

"അതാരാ ദേവസ്യേട്ടാ ആ ഗഡി...??"

അല്ലമ്മ്ടെ ഇരയിമ്മന്‍ തമ്പ്യേ..."ഓമന തിങ്കള്‍ കിടാവോ.. നല്ല താമര കോമള പൂവോ.. പൂവില്‍ നിറഞ മധുവോ.." ഇതും പറഞു ദേവസ്യേട്ടന്‍ ഇഴഞിഴഞു അടുത്ത മയക്കു വെടി പൊട്ടിക്കാനുള്ള മരുന്നു നിറക്കാന്‍ പോയി...

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...??

May 12, 2009

എനിക്കും കിട്ടി

പതിവില്ലാതെ ഇന്ന് രാവിലെ  ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു  മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു..  ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!!

ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.. ഉമ്മ പത്തിരി ഉണ്ടാക്കാനുള്ള പൊടി വാട്ടുന്ന തിരക്കിലാണെന്നു തോന്നുന്നു.. ശബ്ദമുണ്ടാക്കാതെ പതുക്കെ തിരിഞു. ഞാന്‍ വന്നതു എങ്ങനെ അറിഞു ആവോ.. തിരിഞു പോലും നോക്കാതെ ഉമ്മാടെ ചോദ്യം വന്നു.. 
"അള്ളാ.. ഇന്നെന്താ കിയാമത്ത് നാളാണോ(ലോകാവസാന ദിവസം).. ഉമ്മാടെ കടിഞൂല്‍ പൊട്ടനിതെന്തു പറ്റി..??" 
"ഇന്നു മുതല്‍ നേരത്തെ എണീറ്റു ഉമ്മാനെ സഹായിക്കാന്നു കരുതി.. എത്ര നാളെന്നു വെച്ചിട്ടാ ഈ അടുക്കളയില്‍ എന്റുമ്മ ഒറ്റക്കു പണിയെടുക്കുന്നത്..?? ആലോചിച്ചിട്ടു സഹിക്കാന്‍ പറ്റണില്ലെന്റുമ്മോ.." ചുമ്മാ ഒരു നമ്പരിറക്കി...
"ആണോ എങ്കില്‍ പൊന്നാര മോനിങ്ങോട്ടു വാ.. ഐശ്വര്യമായിട്ടീ പൊടി കുഴച്ചു തുടന്ങിക്കോ.."  ഉമ്മ അടുപ്പത്തു നിന്നിറക്കിയ വാട്ടിയ അരിപ്പൊടി ഒരു ചെരുവത്തിലേക്ക് ഇട്ടു. പടച്ചോനേ.. പണിയായല്ലോ..
"ശ്ശെടാ.. ഇരു തമാശ പറയാനും പറ്റില്ലേ..?? ഈയുമ്മാടെ ഒരു കാര്യം.. അപ്പോഴേക്കും അതു സീരിയെസ്സായിട്ടെടുത്തോ...??"
അതും പറഞു മുങ്ങാന്‍ നോക്കിയപ്പോഴെക്കും ഉമ്മ എന്റെ ചെവിയില്‍ പിടുത്തമിട്ടു..
"അവന്റെ ഒരു തമാശ.. പൊടി കൊഴക്കെടാ... അതു കഴിഞിട്ടു വേണം മുറ്റമടിക്കാന്‍..."
"അള്ളാ...അതും ഞാന്‍ ചെയ്യണോ..?? എന്താ ഉമ്മ പറയണെ.. പ്രായ പൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ മുറ്റമടിക്കുകയോ..??"
"എന്തായാലും എന്നെ സഹായിക്കാന്‍ വന്നതല്ലെ.. സഹായിപ്പിച്ചിട്ടെ നിന്നെ ഞാന്‍ വിടൂ.."

ഏതു തെണ്ടിയാണാാവോ പൊടി കുഴച്ചു പത്തിരി ചുടുന്ന പരിപാടി കണ്ടു പിടിച്ചത്. അവനെ തന്നെ മനസ്സിൽ ധ്യാനിച്ച് തുടന്ങാം.. ആവി പറക്കുന്ന പൊടി കണ്ടിട്ട് മിക്കവാറും എന്റെ മനോഹരമായ വിരലുകൾക്ക് നല്ല പണി കിട്ടും.
" ചൂടു പോകുന്നതിനു മുന്‍പു മര്യാദക്കു കൊഴക്കെട.. അല്ലെങ്കില്‍ പത്തിരി ചപ്പാത്തി പോലെ ആകും.. പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നത് ഞാന്‍ തന്നെ കേള്‍ക്കണം.. ഉണ്ടാക്കി തരികയും വേണാം വാപ്പാടേം മക്കള്‍ടേം വായിലിരിക്കുന്നത് കേള്‍ക്കേം വേണം.."

ഉമ്മ പറയാന്‍ തുടങ്ങിയാല്‍ പിന്നെ സാംബശിവന്‍ കഥാ പ്രസംഗം തുടങ്ങിയ പോലെ ആണ്‍.. ചരിത്രം മുഴുവനും പറയും.. മിനിമം ഒരു മണിക്കൂറു പിന്നെ കണ്ണും ചെവിടും ഉണ്ടാകില്ല.. അതിനേക്കാള്‍ നല്ലതു തിളച്ച വെള്ളം തന്നെ... ഒന്നും നോക്കാതെ അടുപ്പത്തു നിന്നുമിറക്കിയ പൊടിയില്‍ കയ്യിട്ടു... അന്നാണു മനസ്സിലായതു ഈ പത്തിരിയേം കുറ്റം പറഞ്ഞു വെട്ടി വിഴുന്ങുന്നതിന്റെ പിന്നിൽ ഇത്രയും വേദനാജനകമായ ഒരു കുഴക്കൽ പ്രക്രിയ കൂടിയുണ്ടെന്ന്
"നീയിന്നത്തെ പത്രം കണ്ടോ" എന്നും ചോദിച്ച് വാപ്പ അടുക്കളയിലേക്കു വന്നു... ഞാനും ഉമ്മയും ഒരുമിച്ചു പറുപടി കൊടുത്തു..
"ഇല്ലാ..!!"
എന്നെ അടുക്കളയില്‍ കണ്ടപ്പോള്‍ വാപ്പ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പട്ടാളക്കാരനെ പോലെ വായും പൊളിച്ച്  അന്തിച്ചു നിന്നു..  മലമടിയനായ മൂത്ത പുത്രൻ നിന്ന് പൊടി കുഴക്കുന്നു.. അതും അതിരാവിലെ..!! 
"അല്ല എന്താ സംഭവം...??" വാപ്പാടെ ചോദ്യം....
മൂക്കിൽ പഞ്ഞി പോലും വെക്കാതെ ഇന്നത്തെ പത്രത്തിനെ ഞാന്‍ പൊട്ടക്കിണറ്റില്‍ കബറടക്കിയ കാര്യമറിയാതെ ചുമ്മാ നിന്ന് കളിയാക്കുവാ.. ഹും കളിയാക്കിക്കോ.  ഇന്നു പത്രം വായിക്കുന്നത് എനിക്കൊന്നു കാണണം.. ഒന്നും മിണ്ടാതെ ഉള്ള ദേഷ്യം മുഴുവനും പൊടിയില്‍ തീര്‍ത്തു... 

അപ്പോഴെക്കും പുന്നാര പെന്ങൾ ഉറക്കത്തില്‍ നിന്നെണീറ്റു തലയും ചൊറിഞു കൊണ്ട് വന്നു വാപ്പാനെ കെട്ടി പിടിച്ചു നിന്നു.. വന്ന പാടെ അവളുടെ ഒടുക്കത്തെ ഒരു ചോദ്യവും...
"ഇക്കാടെ റിസല്‍ട്ട് അറിഞോ..??"
ചില നേരത്തെ ഇവൾടെ ചോദ്യന്ങളു കേൾക്കുമ്പോൾ എനിക്കു നിർത്താതെ പണി തരാൻ വേണ്ടി മാത്രമാണോ ഉമ്മ ഇവളേ പെറ്റതെന്നു തോന്നും
 "എന്തു റിസല്‍ട്ട്..പോയി പല്ലു തേച്ചിട്ടു വാടീ പിശാശെ..!!" 
"ആ.... പറഞ പോലെ ഇന്നു പ്രീ ഡിഗ്രീ റിസള്‍ട്ട് വരുമെന്നു ഇന്നലെ ന്യൂസില്‍ പറഞല്ലോ.. ഇന്നത്തെ പത്രവും കാണുന്നില്ല..." വാപ്പാടെ കമന്റും പിന്നാലെ വന്നു...
ഉം.. ഉവ്വെട മക്കളേ.. പത്രം ഇന്നു വന്നതു തന്നെ കാത്തിരുന്നോ.. 
"നിന്റെ കാര്യം എങനെ.. ഇന്നു നിനക്കു പനി പിടിക്കുമോ..??" വീണ്ടും വാപ്പാടെ ചോദ്യം..
"ഇത്രേം കൊഴച്ചാ മത്യാ..." ആ ചോദ്യം ശ്രദ്ധിക്കാത്ത പോലെ ഞാന്‍ ഉമ്മായോടു ചോദിച്ചു..
അതിനുള്ള മറൂപടി പെങ്ങളാണു തന്നത്.... "പോരാ പോരാ... ഇനീം കൊഴക്കണം.. നല്ല പതം വരട്ടെ... ശെരിക്കും കൊഴക്കെടാ മടിയാ.." 
"ആഹ്... നിനക്കുള്ളത് ഞാന്‍ ഇതു കഴിഞിട്ടു തരാട്ടാ.. അവിടെ തന്നെ നിക്ക്..."
"ടാ രണ്ടും കൂടി രാവിലെ തന്നെ തല്ലു പിടുത്തം തൊടങ്ങാതെ... ടീ നീ മിണ്ടാതിരുന്നെ.. എന്റെ മൂത്ത മോന്‍ ആദ്യായിട്ടു ഉമ്മാനെ സഹായിക്കാന്‍ വന്നതാ.. നീ അതു കൂടി ഇല്ലാതാക്കല്ലെ... ചെന്നു വാപ്പാക്കു ചായയെടുത്ത് കൊടുക്ക്..."
അപ്പോഴെക്കും ഞാന്‍ പത്രം നോക്കട്ടെ എന്നും പറഞു വാപ്പ അപ്പുറത്തേക്കും പോയി....

കുറച്ച് കഴിഞ്ഞപ്പോൾ പോയ പോയ പോലെ തന്നെ വാപ്പ തിരിച്ചു വന്നു
"മോളെ... നീ പടിഞാറേല്‍ പോയിട്ടു മനോരമ മേടിച്ചോണ്ട് വന്നെ.. റിസല്‍ട്ട് നോക്കീട്ടു ഇപ്പോ തന്നെ തിരിച്ചു കൊടുക്കാന്നു പറ. ഇന്നിനി സുകു വരുംന്നു തോന്നുന്നില്ല."
ഇതു കേട്ടതോടു കൂടി എന്റെ കമ്പ്ലീറ്റ് വോൾടേജും പോയി. അതു വരെ എന്റെ കൈകൾക്കുള്ളിൽ കിടന്ന് ഞെരിഞ്ഞ് പിരിഞ്ഞ് ശ്വാസം മുട്ടിയിരുന്ന പൊടി ആ താലത്തിൽ കിടന്ന് " നീയെന്താടാ എന്നെ ഇക്കിളിയാക്കുന്നോന്നും" ചോദിച്ച് എന്നെ പരിഹസിച്ചു തുടന്ങി .. പരിസര ബോധമില്ലാതെ അതും ഇതും ചോദിക്കുന്ന ഒരു പെങ്ങളെ കൊണ്ട് എന്നെ പോലുള്ള പാവം ആങ്ങളമാരുടെ ഒരു കഷ്ടപ്പാടെ...
"ഇക്കാ നമ്പരു പറ.. ഞാന്‍ നോക്കാം.." ഇവളു റോകറ്റിന്റെ മൂട്ടിലു തീ പിടിച്ച പോലെയാണല്ലോ പോയി പേപ്പറെടുത്തു കൊണ്ടു വന്നത്...
"നീ അങ്ങനിപ്പോ സുഖിക്കെണ്ടാട്ടാ... ഞാന്‍ നോക്കിക്കൊള്ളാം..  പത്തിരി ഉണ്ടാക്കി കഴിഞിട്ടു നോക്കാം. അതവിടെ വെച്ചോ....!!"
"പൊന്നു മോന്‍ പോയ് കൈ കഴുകീട്ടു വന്നോ.. ബാക്കി ഞാന്‍ കൊഴച്ചോളാം... ഓടി ചെല്ല്.." ഉമ്മാക്കും റിസല്‍റ്റ് അറിയാനുള്ള തിടുക്കം

കൈ കഴുകുമ്പോള്‍  എങ്ങനെ ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ആലോചനയിലായിരുന്നുഞാൻ .  ബാക്കിയുള്ളവരുടെ കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ കുരുട്ടി ബുദ്ധി വരുന്ന എന്റെ തലക്കാണെങ്കില്‍ സ്വൊന്തം കാര്യം വരുമ്പോള്‍ ഒരിക്കലും ക്ലച്ചു പിടിക്കാറില്ല.. ഇന്നും അതു പോലെ തന്നെ സംഭവിച്ചു...
ഞാന്‍ വന്നു പേപ്പര്‍ എടുത്തു നിവര്‍ത്തി. മുൻ പേജിൽ തന്നെ റാങ്ക് വാങ്ങിച്ച പൊട്ടന്മാരെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. അവർക്കു നേരെ അല്പം പുഛം വാരി വിതറി നേരെ അഞ്ചാമത്തെ പേജ് തുറന്നു...
"ശോ.. പേപ്പറെടുത്തു നോക്കിയാല്‍ കമ്പ്ലീറ്റ് ആത്മഹത്യകളാണല്ലോ.. കണ്ടില്ലേ.. സ്കൂള്‍ വിദ്ധ്യാര്‍ത്തി വിഷം കുടിച്ചു മരിച്ച നിലയില്‍.."
മുന്‍ കൂര്‍ ജാമ്യമായി അല്പം ഉറക്കെ തന്നെ ആണു ഞാന്‍ അതു വായിച്ചത്... എല്ലാവരും കേള്‍ക്കട്ടെ... ആരും അതു മൈൻഡ് ചെയ്യുന്നില്ലാന്നു കണ്ടപ്പോൾ അടുത്ത നമ്പരിട്ടു.
"ഇതിലു റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ...നാളെ വരുവായിരിക്കും.."
"ഇല്ല വാപ്പാ... മൂന്നാമത്തെ പേജിലുണ്ട്.. ഞാന്‍ കണ്ടതാ..."പെങ്ങളുടെ വക അടുത്ത ബോംബ്...
എനിക്കാകെ അങ്ങു പെരുത്തു കയറി...
"എങ്കില്‍ ദാ നീ തന്നെ അങ്ങട്ടു നോക്കിക്കോ.. ഞാന്‍ പോണു...എനിക്കു നംബരൊന്നും ഓര്‍മയില്ല.. അതൊക്കെ ഇനി നോക്കി എടുത്തിട്ടു വേണം.."

വാപ്പ ഒന്നും മിണ്ടാതെ അടുക്കളയില്‍ കസേരയിലിരുന്ന് ചായ ഊതി കുടിക്കുകയാണ്‍.. മൂപ്പര്‍ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി എന്നു തോന്നുന്നു.... അവസാനം വാപ്പ തന്നെ രക്ഷക്കെത്തി..
"എന്നാ നീ പോയി നംബരെടുത്തിട്ടു വാ.. " കേട്ടതു പാതി കേള്‍ക്കാത്തതു പാതി.. ഞാന്‍ അവിടൂന്നു മുങ്ങി.. പിന്നെ പൊങ്ങിയത് മാമാടെ വീട്ടിലായിരുന്നു...
"അതേ എന്നെ ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഞാന്‍ ഇവിടെ വന്നിട്ടുമില്ല മാമി എന്നെ കണ്ടിട്ടുമില്ല കേട്ടല്ലോ.!! മാമിയോട് ഇതും പറഞു ഞാന്‍ നേരേ തട്ടിന്‍ പുറത്തേക്ക് കയ്യറി...
ഏകദേശം ഒരു പതിനൊന്നു മണിയായപ്പോള്‍ അമ്മായി വന്നു വിളിച്ചു...
"ടാ നിനക്കു ഒരു പാടു ഫോണ്‍ വന്നല്ലോ.. ഇപ്പൊ തന്നെ വാപ്പ വിളിച്ചു പറഞു നീ വരുവാണെങ്കില്‍ പെട്ടെന്നു വീട്ടിലേക്കു ചെല്ലാന്‍... നിന്റെ റിസല്‍ട്ട് അറിഞു നീ പാസ്സായി എന്നും പറയാന്‍ പറഞു...."
മാമിയുടെ മുഖത്ത് ഭയങ്കര സന്തോഷം.. ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു... പടച്ചോനെ.. ഞാനീ കേട്ടത് സത്യം തന്നെ ആണോ... അതോ സ്വപ്നത്തിലാണോ..?
"എന്താ എന്താ.. പാസ്സായീന്നോ.. ഞാനോ...??"
"ഇതിനു നീയെന്തിനാ ചാടുന്നത്...? പരീക്ഷ പാസ്സാകുന്നത് അത്ര വല്യ കാര്യമാണോ..??"
"ആ..ഇപ്രാവശ്യം പരീക്ഷ പാസ്സാകുന്നത് വെല്യ കാര്യം തന്നാ... ശെരിക്കും പറ മാമീ.. ഞാന്‍ പാസ്സായി എന്നു തന്നെയാണോ പറഞത്...??"
"ആ.. പിന്നെ നിന്നോട് പെട്ടെന്നു തന്നെ വീട്ടിലോട്ടു ചെല്ലാന്‍ പറഞു... വൈകുന്നേരം റിസല്‍ട്ടിന്റെ ചെലവു എത്തിച്ചില്ലെങ്കില്‍ പിന്നെ ഈ വഴിക്ക് കണ്ടു പോകരുത് കേട്ടല്ലോ..??"

ഇതന്തൂട്ട് ഹലാക്കാണാവോ// .. രാവിലെ മുതല്‍ കമ്പ്ലീറ്റ് ഫൗള്‍ ആണല്ലോ .. ഫിസിക്സ് പരീക്ഷ എഴുതാത്ത ഞാന്‍ എങ്ങനെ പാസ്സായീന്നു തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. യൂണിവേര്‍സിറ്റിയുടെ കാര്യമല്ലെ..പറയാന്‍ പറ്റില്ല.. എന്തായാലും തല്‍ക്കാലത്തേക്കു ഒരു പിടി വള്ളി കിട്ടിയ സമാധാനത്തില്‍ ഞാന്‍ സൈക്കിള്‍ ആഞു ചവിട്ടി... വീട്ടിലെത്തിയപ്പോള്‍ ഭയങ്കര ഒരുക്കങ്ങള്‍.. ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു... ആര്‍ക്കും ഒന്നും പറയാന്‍ സമയമില്ല.. എല്ലാ കസിന്‍സും വീട്ടിലെത്തിയിട്ടുണ്ട്... വാപ്പ കടയിലേക്കു പോയിരിക്കുകയാണെന്നു തോന്നുന്നു..
ഉച്ചക്കു എല്ലാവരും കൂടിയിരുന്നു ബിരിയാണിയെല്ലാം കഴിച്ചു പായസം കുടിച്ചു സിറ്റൗട്ടില്‍ വട്ടം കൂടി അന്താക്ഷരി തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ  ഞാന്‍ ഒരു മൂലക്കിരുന്നു വീണ്ടൂം ആലോചന തുടങ്ങി..
"ഇക്കാ വാപ്പ വിളീക്കുന്നു.." പെങ്ങളു വന്നു പറഞപ്പോള്‍ നേരെ വാപ്പാടെ റൂമിലേക്കു നടന്നു.. വാപ്പയും ഉമ്മയും ബെഡിലിരിക്കുന്നു.. പെങ്ങളാണെങ്കില്‍ എന്തോ തിരയുന്ന മാതിരി അവിടെ ചുറ്റി പറ്റി നില്‍ക്കുന്നു..

"എന്താ ഇനിയത്തെ പരിപാടി..??"
"നാളെ കോളെജില്‍ പോയി റിസല്‍റ്റ് മേടിക്കണം അതു തന്നെ.."
"അതു മേടിച്ചിട്ടു കാര്യമൊന്നുമില്ലെന്നു നിനക്കു തന്നെ അറിഞൂടെ...?? പരിക്ഷക്കു ജയവും തോല്‍ വിയും എല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.." വാപ്പാടെ സംസാരം കേട്ടപ്പോള്‍ പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല..
"നിന്റെ ചുറ്റിക്കളി കണ്ടപ്പൊ തന്നെ എനിക്കു മനസ്സിലായി എന്തോ കുഴപ്പമുന്ണ്ടെന്നു.. ഞാന്‍ നിന്റെ രാമചന്ദ്രന്‍ സാറിനെ.. പുള്ളിക്കാരന്‍ ആണു പറഞത് നീ ഒരു പരീക്ഷ എഴുതീട്ടില്ല എന്നു... ഇതു നിനക്കു ആദ്യമെ പറഞൂടായിരുന്നോ..??"
ശ്ശോ.. ഇതാണു കാർന്നോന്മാരുടെ കൂട്ടുകാര്‍ നമ്മളെ പഠിപ്പിക്കാന്‍ വന്നാലുള്ള കുഴപ്പം..
"നീ ജെയിച്ചാല്‍ ഒരു ബിരിയാണി വെക്കണം എന്നു ഞാന്‍ നിന്റുമ്മാനോടു പറഞിരുന്നു... ഇനീപ്പൊ നീ പരീക്ഷ ജെയിച്ചിട്ടു എന്നാണാവൊ ബിരിയാണി കഴിക്കാന്‍ പറ്റുക എന്നറിയില്ലല്ലൊ.. ഇതോടു കൂടി പരിപാടി നിര്‍ത്തുന്നോ അതോ തോറ്റ പേപ്പര്‍ എഴുതിയെടുക്കുന്നോ...??"
ഒന്നും മിണ്ടാതെ താഴോട്ടും നോക്കി നിന്നു...
കുറച്ചു കഴിഞപ്പോള്‍ മുഖത്തു നോക്കാതെ മറുപടി കൊടുത്തു...
"കൊടുങ്ങല്ലൂര്‍ ഒരു നല്ല ട്യൂഷന്‍ സെന്ററുണ്ട് അവിടെ പോയാലോന്നു ആലോചിക്കുവാ.."
"അങ്ങനെയാണെങ്കില്‍ നീയിനി മുതല്‍ ബസ്സില്‍ പോണ്ടാ... ഒരു ബൈക്ക് മേടിക്കാം.. ബൈക്കില്‍ പോയാല്‍ മതി.. അല്ലെങ്കില്‍ കാറു മതിയോ..??"
ഇതും കൂടി കേട്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടി.. ഉമ്മാടെ കണ്ണു തള്ളി.. പെങ്ങള്‍ടെ കയ്യിലിരുന്ന പായസം താഴെ വീണു...
ഇതെന്താ...?? പരീക്ഷക്കു തോറ്റതിനു ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു.. അതും പോരാതെ ലോകത്തൊരു മക്കള്‍ക്കും കിട്ടാത്ത ഒരു ഓഫറും... ഇതു സ്വപ്നം തന്നെ.. അല്ലെങ്കില്‍ എല്ലാര്‍ക്കും വട്ടായിട്ടുണ്ട്...ഞാന്‍ വിശ്വാസം വരാത്ത രീതിയില്‍ വാപ്പാടെയും ഉമ്മാടെയും മുഖത്തേക്ക് മാറി മാറി നോക്കി...

വാപ്പ തുടര്‍ന്നു...
"നീയീ തിന്നു ചീര്‍ത്ത തടിയും വെച്ചു ബസ്സില്‍ കേറാതിരുന്നാല്‍ ആ സ്ഥലത്തു മിനിമം രണ്ട് പേര്‍ക്കു സുഖായിട്ടു യാത്ര ചെയ്യാം.. അതു വല്ല പാവപ്പെട്ട വീട്ടിലെ പിള്ളേരാണെങ്കില്‍ അവരെങ്കിലും പോയി പഠിച്ചു നന്നാകട്ടെ..!!"

May 7, 2009

'സില്‍ വൂ പ്ലേ...'


സ്വിറ്റ്സെര്‍ലാന്റ്...!!
തമിഴ്, ഹിന്ദി സിനിമാരാധകരുടെ സ്വപ്ന തീരം...
ഫ്ലൈറ്റിലിരിക്കുംമ്പോള്‍ ദില്‍വാലെ ദുല്‍ഹനിയായിലേയും ഷാജഹാനിലേയും പാട്ടു സീനുകളായിരുന്നു മനസ്സില്‍......,..
ഫ്ലൈറ്റിറങ്ങി ജെനീവാ എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ തന്നെ ആദ്യത്തെ ബോംബ് പൊട്ടി.. പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ കൗണ്ടറിലിരുന്ന മഞതലമുടിക്കാരി സുന്ദരി മദാമ്മയുടെ ഒടുക്കത്തെ ചോദ്യം..
"കോമൂ പൂഷെ വൂ എയ്ടെ മിസ്യൂ...??"
'പടച്ചോനെ പണി കിട്ടിയോ..??
എന്തൂട്ടു കുന്തമാണാവോ ഈ പന്ന വെള്ളച്ചി ചോദിക്കുന്നത്..??'
ഇതൊന്നും നമുക്കു ബാധകമല്ല എന്നുള്ള മട്ടില്‍ ഞാന്‍ ടികറ്റ് കൗണ്ടറില്‍ താളത്തില്‍ തട്ടി ഷാറൂഖ് ഖാന്‍ സ്റ്റൈലില്‍ മുടിയിലൂടെ വിരലോടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി...
"മിസ്യൂ...??"
വീണ്ടും വിളി.. ഇവളെന്താ എന്നെ കണ്ടപ്പോള്‍ മിസ്സ് യൂ എന്നു പറയുന്നത്..
ഞാനാണെങ്കില്‍ ഈ സാധനത്തിനെ മുന്നു കണ്ടിട്ടു പോലുമില്ല... ലൗ അറ്റ് ഫസ്റ്റ് സൈറ്റാണോ..?? അങ്ങനെയാണെങ്കില്‍ ആദ്യമായിട്ട് ഐ ലൗ യൂ എന്നല്ലേ പറയേണ്ടത്..?? ആദ്യം തന്നെ മിസ്സ് യൂ വിലാണല്ലോ ലവളു കേറി പിടിച്ചിരിക്കുന്നത്.. ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ എന്റെ തലക്കുള്ളില്‍ മിന്നി.. എന്റെ സ്റ്റൈലാക്കലു കണ്ടപ്പൊ പൊട്ടനാണെന്നു കരുതിക്കാണും.. പിന്നൊന്നും ചോദിക്കാതെ പാസ്സ് പോര്‍ട്ടില്‍ സീലടിച്ചു ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു തന്നു.. അവിടെ ചുവന്ന ലൈറ്റില്‍ തിളങ്ങുന്ന ഒരു ബോര്‍ഡും കണ്ടൂ.. വായിച്ചിട്ടൊരു ചുക്കും മനസ്സിലാവുന്നില്ല.. ഇതു നമുക്കു പറ്റിയ സ്ഥലമല്ലാ... അപ്പൊ തന്നെ മനസ്സിലുറപ്പിച്ചു. 
കോളേജിലെത്തി ക്ലാസ്സെല്ലാം തുടങ്ങി.. താമസവും ഭക്ഷണവും എല്ലാം അതിന്നുള്ളില്‍ തന്നെ.. ഒരു വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറങ്ങി..
ഇംഗ്ലീഷ് സിനിമയിലെല്ലാം ആളുകളു കോട്ടിട്ടു നടക്കുന്നത് കണ്ടപ്പോള്‍ ഈ പഹയന്‍മാരെല്ലാം ജെനിച്ചതു തന്നെ ഇങ്ങനാണോ എന്നു തോന്നീട്ടുണ്ട്..
പുറത്തിറങ്ങിയപ്പോഴല്ലെ കാര്യം പിടികിട്ടിയത്.. തണുത്തു വിറച്ചു വടിയാകാതിരിക്കാനാണ് ഇവന്മാരും ഇവളുമാരും കോട്ടിടുന്നതെന്ന്...

വഴിയില്‍ ആരോടും ഒന്നും ചോദിക്കാന്‍ നിന്നില്ല.. ചോദിച്ചിട്ടൊരു ഗുണവും ഇല്ല.. അവന്മാര്‍ക്കു മലയാളവും എനിക്കു ഫ്രെഞ്ചും അറിയില്ല..
ഞായറാഴ്ച ഉച്ചക്കു ഡെല്‍ഹി ചാനലില്‍ ഒന്നരക്കുള്ള പൊട്ടന്മാരുടെ വാര്‍ത്ത തുടങ്ങുമ്പോള്‍ മുള്ളാന്‍ പോയതു വന്‍ നഷ്ട്ടമായി എന്നു മനസിസ്ലായതിപ്പഴാ..
'ലെ മാര്‍ഷെ' എന്ന ഒരു ബോര്‍ഡ് കാണാന്‍ നല്ല രസം.. നേരെ അതിന്റുള്ളിലേക്കു കയറി. അവിടെ കണ്ണാടി കൂട്ടില്‍ വെച്ചിരിക്കുന്ന ചോക്ക്ലേറ്റും.. ബാക്കി സാധനങ്ങളും നോക്കി വെള്ളമിറക്കി ചുറ്റി നടന്നു.. കുറച്ചു വെള്ളമെങ്കിലും മേടിച്ചു കുടിച്ചില്ലെങ്കില്‍ മോശമല്ലെ.. ഒന്നര ലിറ്ററിന്റെ 'ഏവിയോണ്‍' ബോട്ടിലെടുത്തു.. ചുമ്മാ അതു തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ തല ചുറ്റി.. മൂന്നര ഫ്രാങ്കേ... നാട്ടിലെ നൂറ്റിയിരുപത്തഞ്ചു രൂപ...!! കുപ്പി അവിടെതന്നെ ആരും കാണാതെ തിരിച്ചു വെച്ചു.. ഇനി റൂമിലെത്താതെ വെള്ളം കുടിക്കുന്ന പരിപാടിയില്ല.. 

"മോനേ ഓടല്ലെ.. തട്ടി വീഴും.."
ദൈവമെ.. ഇതു സ്വപ്നമാണോ.. ഞാന്‍ കേട്ടതു തന്നെയാണോ അതോ എനിക്കു തോന്നിയതാണോ..?? കാതും മനസ്സും.. എന്തിനു പറയുന്നു.. ശരീരമാസകലം ഒരു കുളിരു വന്നു.. ഒരു കൊച്ചു ചെറുക്കന്‍ ഓടുന്നു.. അതിന്റെ പിന്നാലെ ചുരിദാറിന്റെ മേലെക്കൂടി കോട്ടിട്ട ഒരു ചേച്ചിയും.. ഞാനും ഓടി പിന്നാലെ.. ഒരാഴ്ചക്കു ശേഷം മലയാളം കേട്ട ആക്രാന്തമായിരുന്നു ആ ഓട്ടത്തിനു പിറകില്‍..
ഓടിച്ചെന്നു ചേച്ചിയോടു ചോദ്ച്ചു,,
"മലയാളിയാണോ..??"
"ക്വാ..??"
ഇതെന്താ താറാവോ.. ഒരു നിമിഷം ഞാനൊന്നു അന്തിച്ചു നിന്നു,,,
"അല്ല.. ചേച്ചി മലയാളം.. കേരള കേരള.."
"ക്ക്വി എത്തേ വൂ..??"
ഒരു ചുക്കും മനസ്സിലായില്ല.. എന്തു തെറിയാണാവൊ പറയുന്നത്..
ഈ ചേച്ചി കൊച്ചിന്റെ വാ പൊത്തി പിടിച്ചിരിക്കുന്നതെന്തിനാണെന്നു എനിക്കു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമില്ല.. എന്തായാലും കൊച്ചിന്റെ വായീന്നുള്ള തെറി കൂടി ഉണ്ടാവില്ല...
ആശ്വാസം..!!
"സെ ക്വാ സെ പാസ്സെ..?" ദാ വരുന്നു നല്ല കറുത്തു തടിച്ച് ക്ലീന്‍ ഷേവ് ചെയ്ത ഒരു ചേട്ടന്‍...., ചേച്ചിയുടെ പാപ്പാന്‍ ആണെന്നു തോന്നുന്നു.. അത്രേം വെല്യ വയറു കണ്ടപ്പോള്‍ തന്നെ എനിക്കു ശ്വാസം മുട്ടി. ഇവരു മലയാളി തന്നെ.. പക്ഷെ മലയാളം പറയുന്നുമില്ല..എനിക്കാണെങ്കില്‍ ഒരു നാട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ നിക്കണോ ഇരിക്കണോ ചാടണോന്നൊന്നും അറിയാതെ..
ഇവരാണെങ്കില്‍ എലി പാഷാണം കണ്ട പോലെ.. എന്താണാവോ ഇതിന്റെ ഗുട്ടന്‍സ്..?? അങ്ങേരു.. എന്നെ ഒന്നും നോക്കും.. പിന്നെ കോട്ടിട്ട അമ്മച്ചിയെ നോക്കും.. പിന്നേം എന്നെ നോക്കുന്നു.. അമ്മച്ചിയെ നോക്കുന്നു... ചേച്ചിയ്ക്കു പെട്ടെന്നു കോങ്കണ്ണു വന്ന പോലെ.. ചേട്ടനെ നോക്കി ആംഗ്യം കാണിക്കുന്നു.. എന്തോ കുഴപ്പമുണ്ട്.. അല്ലാതെ ഇവരിങ്ങന്നെ  കുരിശു കണ്ട ചെകുത്താനെ പോലെ നിക്കെണ്ട കാര്യമില്ലല്ലൊ..  എന്തു വരട്ടെ.. ധൈര്യമായിട്ടു മുട്ടാം എന്ന തീരുമാനത്തോടെ അടുത്ത ഡയലോഗിനു വാ തുറന്നതും ചേട്ടനും ചേചിയും കൂടെ ആ കൊച്ചെറുക്കനേം വലിച്ചിഴച്ചു ഒരൊറ്റ പോക്ക്..!! ലെന്തോ പോയ ലെന്തിന്റെയോ കണക്ക് ഞാന്‍ അവരുടെ പോക്കും നോക്കി അങ്ങനെ തന്നെ നിന്നു..
കുറച്ചു നേരം കൂടി അവിടെ വായില്‍ നോക്കി നടന്നു.. ഇതു മാത്രം കണ്ടാല്‍ പോരല്ലോ.. ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു.. ഷാറൂഖും കാജോളും കെട്ടിപിടിച്ചു കിടന്നുരുളുന്ന ഗര്‍ഡന്‍ കാണണം... വിജയും സിമ്രാനും ഒളിച്ചു കളിക്കുന്ന മരങ്ങള്‍ കാണണം.. വേഗം പുറത്തിറങ്ങി.. റൈറ്റ് പോണോ ലെഫ്റ്റ് പോണോന്നുള്ള ആശയക്കുഴപ്പം.. അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പൊ കുറച്ചപ്പുറത്തായി ചേട്ടനും ചേച്ചിയും.. ആഹാ.. എന്നെ പൊട്ടനാക്കീട്ടു രണ്ടു പേരും കൂടെ ജ്യൂസ് കുടിക്കുന്നു.. ഞാന്‍ നേരെ അവരുടെ അടുത്തേക്ക് വെച്ചു പിടിച്ചു.. ഫോണെടുത്തു ചെവിയില്‍ വെച്ചു ചുമ്മാ സംസാരം തുടങ്ങി..
"യാ.. യാ.. ശെരി ശെരി.. ഇവിടെ നല്ല രസമാ.. അടിപൊളി ക്ലൈമെറ്റ്.. അതേടാ ശെരിക്കും സിനിമയില്‍ കാണുന്ന പോലെ തന്നെ.."
സംസാരത്തിനിടക്ക് അവരുടെ അടുത്തെത്തി.
"ആളുകളൊക്കെ നല്ലവരാ.. പിന്നെ നാട്ടില്‍ വള്ളി ട്രൗസറും ലുങ്കിയുമുടുത്തു കട്ടന്‍ ചായയും കുടിച്ചു നടന്നവരൊക്കെ ഇവിടെ കോട്ടും സ്യൂട്ടുമിട്ടു  കഞ്ഞ ഗ്ലാസ്സില്‍ ഹ്യൂസും കുടിച്ച് നടക്കുവാ... വായെടുത്താല്‍ ഫ്രെഞ്ചു മാത്രമെ പറയൂ.. ഒരു കൊട കൊടുത്താല്‍ പാതിരാക്കും ചൂടിക്കോളും.." 
അവസാന ഡയലോഗ് പറഞ്ഞത് അവരുടെ നേരെ നോക്കി തന്നെയായിരുന്നു.. അപ്പൊ അവരുടെ ചമ്മിയ മുഖം കണ്ടപ്പോഴുള്ള ഒരു സന്തോഷം.. ആഹഹാ...

നടന്നു നടന്നു കിയോസ്കിന്റെ അടുത്തെത്തിയപ്പോള്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ വെച്ചെടുത്ത പ്രതിഞ്ജ കാറ്റില്‍ പറത്തി.. പണം പോട്ടെ.. പവ്വറു വരട്ടെ എന്നുള്ള ആപ്ത വാക്യം മനസ്സില്‍ പറഞു കൊണ്ട് രണ്ടും കല്പിച്ചു ഒരു കുപ്പി വെള്ളം വാങ്ങിച്ചു.. കാശു പോയ വെഷമം മറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നേം മലയാളം കേട്ടു..
"നാട്ടിലെവിടുന്നാ....??"
പിന്നില്‍ ചേട്ടനെ കണ്ടപാടെ എന്റെ ഭാവം സീരിയലിലെ അമ്മായിയമ്മയെ കണ്ട മരുമകളെ പോലെ ആയി.. പെട്ടെന്നൊന്നു ഞെട്ടിയ പോലെ.. കണ്ണു രണ്ടും പരമാവധി വെളിയിലേക്കു തള്ളിച്ചു.. വാ മാക്സിമം പൊളിച്ചു പിടിച്ചു..
"അയ്യോ ചേട്ടന്‍ മലയാളിയായിരുന്നോ..?? ഞാന്‍ കരുതി വല്ല ഹിന്ദിക്കാരും ആയിരിക്കുമെന്ന്... ഞാന്‍ ത്രിശൂരാണു ചേട്ടാ.. ചേട്ടനോ..??"
ഭാര്യ കാണുന്നില്ല എന്നുറപ്പു വരുത്തി ചേട്ടന്‍ പറഞു..
"ഞങ്ങളു എടപ്പള്ളിയാ... ഏറണാംകുളം..!! ഒന്നും വിജാരിക്കല്ലെ കേട്ടൊ.. മിണ്ടിയാല്‍ പിന്നെ പണിയാ.. അതു കൊണ്ടാ.."
"അതെന്തു പണി.."
"പിന്നെ സംസാരിക്കാം.. മോന്റെ ഫോണ്‍ നംബരു തന്നെ.. ഞാന്‍ സൗകര്യം പോലെ വിളിക്കാം.." "ഇതെന്താ വല്ല കള്ളക്കടത്തു ഫാമിലിയാണോ പടച്ചോനെ.."
എന്റെ ചിന്ത ആ വഴിക്കു നീങ്ങി..
ആ എന്തു കുന്തമെങ്കിലുമാകട്ടെ.. ഞാന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു... മൊബയിലില്‍ സേവ് പോലും ചെയ്യാതെ 'അത്തൂതല്ലെ' എന്നും പറഞു പുള്ളിക്കാരന്‍ സ്ഥലം കാലിയാക്കി.. ഇതെന്തു മറിമായം.. നംബര്‍ മേടിച്ചു ഊതല്ലെ എന്നും പറഞു ഒരാളു പൊവുക എന്നൊക്കെ പറഞാല്‍....,. എന്തെങ്കിലുമാകട്ടേന്നും കരുതി ഞാന്‍ വീണ്ടും തെണ്ടല്‍ പുനരാരംഭിച്ചു.

ശനിയായ്ഴ്ച ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടിട്ടാണ് ഞാന്‍ ഉച്ചയുറക്കത്തില്‍ നിന്നും എണീറ്റത്.. പരിജയമില്ലാത്ത ഒരു ശബ്ദം...
"ഉറക്കമായിരുന്നോ...??"
ഉറക്കത്തീന്നു വിളിച്ചെണീപ്പിച്ചു ചോദിക്കാന്‍ പറ്റിയ ചോദ്യം.. അതു പറയാതെ ഒരു മറുചോദ്യം ചോദിച്ചു..
"ആരാ..?"
"എന്നെ മനസ്സിലായില്ലേ...?? എടപ്പള്ളിക്കാരന്‍ ജോണിക്കുട്ടീന്നു പറയും.. നാട്ടിലു വള്ളീ ട്രൗസറും ലുങ്കിയുമുടുത്തു നടന്നിരുന്ന.. മഞ ഗ്ലാസ്സിലു ജ്യൂസു കുടിക്കുന്ന ജോണിക്കുട്ടി.. മറന്നോ..??"
കൂടുതലു പറയുന്നതിനു മുന്‍പു തന്നെ ഒരു പളിച്ച ചിരിയും ചിരിച്ച് ഞാന്‍ വിഷയം മാറ്റി.. 
"അയ്യോ ചേട്ടനായിരുന്നോ..?? മനസ്സിലായില്ലാട്ടൊ.."
"നിന്റെ പേരു പറഞില്ലല്ലോ..."
"ഫയാസ്.."
"ഓകെ ഫയസ്.. നാളെ ഇവിടെ ഒരു ഓണാഘോഷം ഉണ്ട്.. ജനീവാ മലയാളി അസ്സോസിയേഷന്റെ വക.. നാലു മണിക്കാണ് പരിപാടി.. ഡിന്നെറെല്ലാം അവിടുന്നാകാം.. നല്ല നാടന്‍ സദ്യയാണ് വരുന്നൊണ്ടോ..??"
ക്ലിം.. 
സദ്യ എന്നു കേട്ടപ്പോള്‍ എന്റെ ഉറക്കമെല്ലാം സ്വിച്ച് ഓഫ് ചെയ്ത പോലെ പോയി... "നല്ല ചോദ്യം എപ്പൊ വന്നൂന്നു ചോദിച്ചാല്‍ മതി പക്ഷെ സ്ഥലമറിയില്ലല്ലൊ.."
"ആഹ്.. അതൊക്കെ ശെര്യാക്കാം.. ജനീവയില്‍ ട്രെയിനിറങ്ങി സ്റ്റേഷന്റെ മുന്നിലെ അണ്ടര്‍ പാസ്സേജ് വഴി ഇറങ്ങിയാല്‍ നേരെ കയറുന്നത് പോസ്റ്റോഫീസിന്റെ മുന്നിലാ.. വൈകീട്ടൊരു മൂന്നരയാകുമ്പോള്‍ ഞാന്‍ നിന്നെ അവ്ടുന്നു പിക് ചെയ്തോളാം.."
"ഓ.. മനസ്സിലായി.. അവിടെ വരാം.."
"ഓകെ.. എങ്കില്‍ നാളെ ഷാര്‍പ് ത്രീ തേര്‍ട്ടി.. ആ പിന്നെ രെജിസ്ട്രേഷന്‍ ഫീ അമ്പത് ഫ്രാങ്കെടുക്കാന്‍ മറക്കെണ്ടാട്ടാ..."
അംബത് ഫ്രാങ്ക്.. അപ്പോ തന്നെ മനസ്സിലെ കാല്‍ക്കുലേറ്റര്‍ ഫുള്‍ ത്രോട്ടില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.. പടച്ചോനെ.. നാട്ടിലെ ഏകതേശം രണ്ടായിരം രൂപ.. ഒരു ഫോണ്‍ അറ്റെന്റ് ചെയ്തതു കൊണ്ടൂണ്ടായ നഷ്ടം... കുറെ നേരം ആലോചിച്ചു.. അവസാനം ആപ്തവാക്യം വീണ്ടു സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞു.. മ
നസ്സമാധാനത്തിനു വേണ്ടി....
പണം പോട്ടെ.. പവ്വറു വരട്ടെ....!!
ഒന്നുമില്ലെങ്കിലും കുറെ മലയാളികളെ പരിചയപ്പെടാം.. അതിലേക്കാളുപരി ലാവിഷായിട്ടു മലയാളം കേള്‍ക്കാം കുശാലായിട്ടു ശാപ്പാടും അടിക്കാം..

പറഞ പോലെ കറക്ടു മൂന്നരയായപ്പോള്‍ മുന്നിലൊരു പച്ച ഫോര്‍ വീല്‍ ഡ്രൈവു വന്നു നിന്നു.. ഉള്ളില്‍ നിന്നും ജോണിച്ചായന്റെ കൈ നീണ്ടൂ വന്നു..
"വേഗം വാ.. ഇവിടെ സ്റ്റോപ് ചെയ്യാന്‍ പറ്റില്ല..ഫൈന്‍ കിട്ടും..."
ദൈവമേ.. ഇനി ആ ഫൈനും എന്നോടു കൊടുക്കാന്‍ പറയുമോ എന്നുള്ള ബെജാറില്‍ ഞാന്‍ ഓടി ഫ്രന്റ് സൈഡിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു..
ഷോക്കടിച്ച പോലെ കൈ റിട്ടേണ്‍ പോന്നു... മുന്നിലെ സീറ്റില്‍ കോട്ടു കാരി അമ്മച്ചി ഇരുന്നു പല്ലിളിക്കുന്നു.. പിന്നൊന്നും നോക്കാതെ ബാക്ക് ഡോറ് തുറന്ന് വണ്ടിക്കുള്ളില്‍ ആസനസ്ഥനായി...!!
പിന്നിലെ സീറ്റില്‍ വേറൊരു കൊച്ചു സീറ്റ് ഫിറ്റ് ചെയ്ത് വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ പറ്റാത്ത രീതിയില്‍ കൊച്ചിനെ പൂട്ടിയിട്ടിരിക്കുന്നു.. കൊച്ചിന്റെ വായില്‍ റബ്ബറിന്റെ ഒരു സാധനവും ഫിറ്റ് ചെയ്തിട്ടുണ്ട്.. ഓണാഘോഷം നടക്കുന്ന സ്ഥലത്തെത്തുന്ന വരെ ആരും ഒന്നും പറഞില്ല.. അവിടെ ചെന്നപ്പോള്‍ ഒരു മാതിരി ഇഞ്ചി കടിച്ച കൊരങ്ങിന്റെ അവസ്ഥയായി.. പരിചയപ്പെടാന്‍ വരുന്ന ആളുകളെല്ലാം തന്നെ ഫ്രെഞ്ചില്‍ ചിരിക്കുന്നു.. ഫ്രെഞ്ചില്‍ നടക്കുന്നു.. എനിക്കാണെങ്കില്‍ ഈ കോപ്പൊട്ടു പിടിക്കുന്നുമില്ല .. കഷ്ടപ്പെട്ടു ആരെയെങ്കിലും മിണ്ടാന്‍ കിട്ടിയാലോ.. പരിചയപ്പെട്ടു പുതിയ ആളാണെന്നു ഒഅറയുമ്പോള്‍ മലയാളം പിന്നേം ഫ്രെഞ്ചാകുന്നു.. ഇതെന്തു ലോകമാണപ്പാ.. ടാക്സി വിളിച്ചു പോയി അടി മേടിച്ച ഒരു ഫീലിങ്ങില്‍ ഞാന്‍ അന്തിച്ചു പോയി ഒരു മൂലക്കു ഇരുന്നു..
കല്യാണവീട്ടില്‍ ചെന്ന പോലെ പിള്ളാരെല്ലാം അവിടെയും ഇവിടെയും ഓടി നടക്കുന്നു.. മലയാളി തരുണീ മണികള്‍ ആണുങ്ങള്‍ടെ ഇടയിലൂടെ ഫ്രെഞ്ചില്‍  മിന്നുന്നു.. ചെക്കന്മാരാണെങ്കില്‍ ഓടി നടക്കുന്ന പെണ്‍പിള്ളാഅരുടെ മുഴുപ്പും മിനുപ്പും നോക്കി ഫ്രെഞ്ചില്‍ നെടുവീര്‍പ്പിടുന്നു.. കമന്റടിക്കുന്നു...!! സ്റ്റേജില്‍ കുറെ കുട്ടികള്‍ ഫ്രെഞ്ചില്‍ ഓണപ്പാട്ടു പാടുന്നു..അസ്സോസിയേഷന്‍ ഭാരവാഹികളെല്ലാം വന്നു എംഗ്ലീഷില്‍ പ്രസംഗിക്കുന്നു..  ആകെ ഒരുമാതിരി അവസ്ഥ..

അടുത്ത ചെയറില്‍ വന്നിരുന്ന മറ്റൊരു കോട്ടു മുക്രി എന്നെ നോക്കി ചിരിച്ചു..
ഞാനും വിട്ടു കൊടുത്തില്ല.. തിരിച്ചും കൊടുത്തു ഡബിള്‍ സ്ട്രോങ്ങില്‍ അതു പോലെരെണ്ണം.. അതു കണ്ട പാടെ പുള്ളിക്കാരന്‍ എന്റെ കൈ തട്ടിപറിച്ചു മേടിച്ചു ഷേക് ഹാന്റ് തന്നു. എന്നിട്ട് പണ്ടത്തെ സിനിമയില്‍ ജോസ് പ്രകാശ് പറയുന്ന പോലെ ഒരു ഡയലോഗ്..
"ഞാന്‍ കണ്ണന്‍..""'' ആഹ ഹാ.. ഈ ഫ്രെഞ്ച് കേള്‍ക്കാന്‍ കേള്‍ക്കാന് എന്തു രസം‍..കേട്ടപ്പോള്‍ തനി മലയാളം പോലെ തന്നെ തോന്നുന്നു.....
ഇതു കൊള്ളാമല്ലോ.. ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല..
"നിന്റെ പേരെന്താ..??" 
വീണ്ടും മലയാളം പോലെയുള്ള ഫ്രെഞ്ച്.. സാധാരണ പരിചയമില്ലാത്ത ആരെങ്കിലും വന്നു 'നീ' 'ടാ..' എന്നൊക്കെ വിളിച്ചാല്‍ രക്തം തിളച്ചു കയറുന്ന എനിക്കു നോ ഫീലിംഗ്സ്... തന്ന ഷേക്ക് ഹന്റ് വിടാന്‍ പോലും മറന്നു..
ഒരു പാടു നാളു പിന്നാലെ നടന്നു നടന്നു അവസാനം കാമുകിയുടെ വായില്‍ നിന്നും 'ഐ ലവ് യൂ' കേട്ട കാമുകന്റെ ഹൃദയത്തുടിപ്പോടെ ഞാന്‍ പറഞു..
"ഫയാസ്..!!"
"ഇവിടെത്ര നാളായി..?"
"ഒരാഴ്ച...!!"
"കണ്ണനോ...??"
"ഞാന്‍ രണ്ടു മാസമായി ഇവിടെ വന്നിട്ട്.. ജോലി അന്വേഷിച്ചോണ്ടിരിക്കുവാ.. നീ പഠിക്കാന്‍ വന്നതായിരിക്കും അല്ലേ,,??"
"അതെ"
"അതാണ് എന്നേം നിന്നേം കാണുംബോള്‍ ആരും അടുക്കാത്തത്.. മനസ്സിലായോ..? അടുത്തു പോയാല്‍ പിന്നെ ജോലിയൊ സഹായമോ ചോദിച്ചു ചെല്ലും എന്നുള്ള പേടിയാണ് എല്ലാവര്‍ക്കും..!! ഒരു തെണ്ടിയും പുതിയ ആളികളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല.. മലയാളം പോലും പറയില്ല.."
ആ.. അപ്പൊ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.. അങ്ങനെ വരട്ടെ...!! ഇപ്പോഴല്ലെ സംഗതികളുടെ  ഗുട്ടന്‍സ് പിടികിട്ടിയത്..
"ഇവിടെ എങ്ങനെ എത്തിപ്പെട്ടു...??" കണ്ണന്റെ ചോദ്യം...
"ജോണിച്ചായന്റെ കൂടെ വന്നതാ.."
"ആഹാ ആളെ അറിയുമോ.. നല്ല മനുഷ്യനാണു കേട്ടൊ.. ഇവ്ട്ത്തെ ഒരു പുലിയാ... യു എന്നിലാണു ജോലി.. ബട്ട്... അങ്ങേര്‍ടെ ഭാര്യ ഒടുക്കത്തെ മുറ്റാ... ആരേയും അടുപ്പിക്കില്ല... ഞാന്‍ സൗദീന്നു ഒരു അറബീടെ ഡ്രൈവറായിട്ടു വന്നതാ.. ഇപ്പോ ചാടി നടക്കുവാ.. ഇവിടുത്തെ ഭാഷയില്‍ പറഞാല്‍ ഇല്ലീഗല്‍..""''
അതു ശെരി.. ഇവന്റെ കൂടെ ഇരുന്നാല്‍ എന്നേം പോലീസു കൊണ്ടു പോകുമോ എന്നായി എന്റെ അടുത്ത സംശയം.. പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല.. അപ്പോഴെക്കും ഫ്രെഞ്ചില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.. ആളുകളൊക്കെ തിടുക്കത്തില്‍ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു.. എനിക്കൊന്നും മനസ്സിലായില്ല...
"വേഗം വാ അല്ലെങ്കില്‍ സീറ്റു കിട്ടില്ല.. ഫൂഡ് റെഡി ആയിട്ടുണ്ട്.."
ഇതു കേട്ടപ്പോള്‍ ഒട്ടും മടിക്കാതെ ഞാനും ചാടിയെണീറ്റു...
എങ്ങനെയെങ്കിലും കൊടുത്ത കാശു മൊതലാക്കാന്‍ കാത്തിരുന്ന അവസരമാ.. അച്ചാറും സാമ്പാറും പപ്പടവും പായസവും എല്ലാം കൂടെ കൂട്ടി ഒരു പിടി പിടിക്കാനുള്ളതാ..
ശ്രീലങ്കയില്‍ നിന്നും ഇംബോര്‍ട്ട് ചെയ്ത വാഴയിലയില്‍ നല്ലൊന്നാന്തരം സദ്യ....
വിവിധ തരം കറികള്‍...കാളന്‍.. കൂളന്‍.. പച്ചടി.. കിച്ചടി.. തോരന്‍.. അച്ചാര്‍... പരിപ്പ്.. പപ്പടം പലതരം സാംബാറുകള്‍... എന്നു വേണ്ടാ ഇല്ലാത്തതൊന്നുമില്ല...
അപ്പോഴും ഒരു പ്രശ്നം മാത്രം.. ആവശ്യമുള്ള സാധനം മാത്രം ചോദിച്ചു മേടിക്കാന്‍ പറ്റുന്നില്ല.. ചേച്ചിമാരെല്ലാം ഫ്രെഞ്ചിലാണു ചോദിക്കുന്നതും വിളംബുന്നതും... ഈ കറികളുടെയെല്ലാം ഫ്രെഞ്ചു പേരു ഏതു ഡിക്ഷ്ണറീന്നു കിട്ടും.. ഈ സമയത്തു അതും നോക്കി പോകാന്‍ എവിടെ ടൈം..??  കണ്ണനടുത്തുള്ളതു കൊണ്ട് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു കഴിച്ചു...
പുള്ളിക്കാരന്‍ മുറി ഫ്രെഞ്ചെല്ലാം പറഞു കാര്യം നടത്തി.. കൂട്ടത്തില്‍ ഞാനും..

കയ്യു വളച്ചും മുഖം വക്രിച്ചും കഥകളിക്കാരെ വെല്ലുന്ന രീതിയില്‍ ഭാവാഭിനയ പ്രകടനം നറ്റത്തിയും ഒരു വിധേന മൂന്നാമത്തെ തവണയും ചോറു മേടിച്ചു... സാംബാറില്ല.. ഇനി സാമ്പാറെങ്ങനെ ഫ്രെഞ്ചില്‍ ചോദിച്ച് വാങ്ങിക്കും..?കണ്ണനോടു ചോദിക്കാന്‍ ഒരു നാണം.. മൂന്നാമതും ചോറു മേടിച്ചപ്പോള്‍ തന്നെ ഒരു മാതിരി ആക്കിയ ചിരിയും നോട്ടവും ആയിരുന്നു കണ്ണനും വിളംമ്പിയ ചേച്ചിക്കും..
അധികം ആലോചിച്ച് കയ്യുണന്നുഗ്ന്നതിനു മുന്നേ തന്നെ ഞാന്‍ ആശിച്ചതും ചേച്ചി കൊണ്ടു വന്നതും സാമ്പാര്‍ എന്ന പോലെ ഒരു ദേവത ഒരു സ്റ്റീല്‍ ബക്കറ്റ് നിറയെ ആവി പറക്കുന്ന സാമ്പാരുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.. കണ്ണന്‍ ആ ചേച്ചിയെ കൈ കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു.. ചേച്ചി അടുത്ത് വന്നപ്പോള്‍ കണ്ണന്‍ പറഞു..
"സില്‍ വൂ പ്ലേ...!!" എന്നിട്ടു വീണ്ടും ഒഴിച്ചോ എന്ന രീതിയില്‍ കൈ കൊണ്ട്  ആംഗ്യം കാണിച്ചു.. ചേച്ചി കണ്ണനു സാംബാറൊഴിച്ചു കൊടുത്തു...
"മേഴ്സീ ബൂക്കു..." കണ്ണന്‍ വീണ്ടും പറഞു...
ചേച്ചി ചിരിച്ചു..
ഹാവൂ രക്ഷപ്പെട്ടു....ഇനീപ്പൊ ധൈര്യമായി ചോദിക്കാമല്ലോ.. സാംബാറിന്റെ ഫ്രെഞ്ച് വേര്‍ട് കിട്ടി... പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല.. ആദ്യമായിട്ടു ഫ്രെഞ്ച് പറയാനുള്ള അവസരം.. അതിലുപരി സാംബാറു കിട്ടാനുള്ള ആക്രാന്തം.. നാണിച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ ഒരു കാച്ചു കാച്ചി.. ഞാന്‍ പോലുമറിയാതെ ചോദ്യം കുറച്ചു ഉച്ചത്തിലായി പോയി...

"ചേച്ചീ.. ഒരുച്ചിരി 'സില്‍ വൂ പ്ലേ' എനിക്കും തര്വോ..."
സാംബാര്‍ ബക്കറ്റ് കയ്യില്‍ വെച്ചു അനക്കമില്ലാതെ എന്റെ മുഖത്തേക്കും നോക്കി നില്‍ക്കുന്ന ചേച്ചി... ഞാന്‍ പിന്നേം ചോദിച്ചു..
"ചേച്ചി കുറച്ചു 'സില്‍ വൂ പ്ലേ' ഇങ്ങോട്ടൊഴിക്കൂ..... "
എന്റെ ആക്ഷനും ചൊദ്യവും കേട്ട് അപ്പുറത്തും ഇപ്പുറത്തും തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരൊക്കെ ഒരു നിമിഷം സ്റ്റക്ക് ആയി...
എന്റെ മുഖത്തേക്ക് നോക്കി... സാംബാറു ചോദിക്കുന്നത് ഇത്ര വെല്യ തെറ്റാണോ എന്ന ഭാവത്തില്‍ ഞാനും അവരുടെയെല്ലാം മുഖത്തേക്കു നോക്കി... ചേച്ചിയാണെങ്കില്‍ സാംബാറ് പോലും ഒഴിക്കാതെ ബകറ്റ് എന്റടുത്തു ടേബിളില്‍ വെച്ചു വാ പൊത്തി ചിരിച്ചു കൊണ്ട് ഒറ്റയോട്ടം....
പിന്നെ അവിടെ കൂട്ടച്ചിരിയായിരുന്നു.. ഭക്ഷണം കഴിക്കാന്‍ പോലും മറന്നു ആളുകളു ചിരിയായി.. അടുത്തിരുന്ന കണ്ണനാണെങ്കില്‍ ചിരിച്ചു ചിരിച്ചു കണ്ണീന്നും മൂക്കീന്നുമൊക്കെ വെള്ളമൊലിപ്പിച്ചു ചുമക്കാനും തുടങ്ങി...
അപ്പോഴും; കുറച്ചു 'സില്‍ വൂ പ്ലേ' ചോദിച്ചതിനു ഇത്ര മാത്രം ചിരിക്കാനെന്താണുല്ള്ളതെന്ന ചിന്ത കുഴപ്പത്തിലായിരുന്നു നിഷ്കളങ്കനായ പാവം ഞാന്‍...!. ഞാന്‍ പതുക്കെ കണ്ണനെ തോണ്ടി..
"കണ്ണാ.. എന്താ പ്രശ്നം..?? ഫ്രെഞ്ചില്‍ സാംബാറു ചോദിച്ചതിനെന്താ ഇത്രേം ചിരിക്കാന്‍..??"
"സാംബാറിനു ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ എന്നാ പറയ്യാന്നു നിന്റടുത്താരാ പ്റഞത്...??"
"അതു ശെരി.. അപ്പോ നീ ചോദിച്ചപ്പൊ മാത്രം ആര്‍ക്കും കുഴപ്പമില്ല.. ഞാന്‍ ചോദിച്ചപ്പോള്‍ എന്താ ഇത്രേം ചിരിക്കാനുള്ളാത്...??"
അപ്പോഴും അടക്കി പിടിച്ച ചിരിയോടെ കണ്ണന്‍ പറഞു...
"ഡാ പൊട്ടാ... ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ ( s'il vous plaît ) എന്നു പറഞാല്‍ പ്ലീസ് എന്നാണ് അര്‍ഥം...!!"
വായിലുണ്ടായിരുന്ന ചോറ് ഇറക്കണൊ... ചവക്കണോ.. തുപ്പണോ എന്നറിയാതെ വിയര്‍ത്തു കുളിച്ചു ചമ്മി നാറി ഞാന്‍ അവിടെ ഇരുന്നു...!!!

May 3, 2009

പ്രണയം അഥവാ പ്രേമം

പ്രണയിക്കുന്നവരെ.. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെ.. പ്രണയിച്ചു നന്നായവരേ.. പ്രണയിച്ചു കുത്തുപാളയെടുത്തവരേ.. ഒരിക്കലും പ്രണയിക്കില്ല എന്നു വാശിപിടിച്ചു നടക്കുന്നവരേ... ആണായാലും പെണ്ണായാലും.. ആണും പെണ്ണും അല്ലാത്തവരായാലും..എന്തു മാങ്ങാ തൊലിയായാലും ശെരി ഇതു ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി വെടിക്കെട്ട് ചെയ്യുന്നു...

തുടക്കം
-------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം
നീയെന്നില്‍ മൊട്ടിട്ട നിമിഷം..
ഞാന്‍ എന്നിലെ എന്നെയറിയാന്‍ തുടങ്ങി...
ഞാന്‍ ഞാനായി...
നന്ദി പ്രണയമേ.. നന്ദി...!!

ഇടക്ക്
---------
പ്രണയമേ പ്രണയമേ പ്രണയമേ....
നീയെന്നില്‍ പൂത്തുലഞ്ഞ നാളുകള്‍
ഹാ.. എത സുന്ദരമീ നിമിഷങ്ങള്‍..
എത്ര മനോഹരമീ ലോകം..
ഒരിക്കലും വറ്റാത്ത ഒരുറവയായി നീ..
എന്‍ ജീവിത യാത്രയില്‍ വിളക്കായി നീ..
നന്ദി പ്രണയമേ.. നന്ദി..!!

ഒടുക്കം
-----------
പ്രണയമേ പ്രണയമേ പ്രണയമേ...
നീയെന്നില്‍ നിറഞപ്പോള്‍ ഞാന്‍ 
നിന്നെ മാത്രം സ്വീകരിച്ചു..
മറ്റെല്ലാം വിട്ടെറിഞു..!!
ഇന്നു നീയെന്നില്‍ നിന്നും പറന്നകലുമ്പോള്‍
എന്തുചൊല്ലണം ഞാന്‍..??

എന്നെ ഞാനല്ലാതാക്കിയ പ്രണയമേ...
എല്ലാം നശിപ്പിക്കുവാനായി നീയെന്തിനു വന്നുവെന്നോ..??
ജീവിതാമൃതത്തില്‍ കാളകൂടമായി മാറിയതെന്തിനെന്നോ..??

വീണ്ടും
-----------
 നിരശ മൂത്ത് ഒരു ഭ്രാന്തനെ പോലെ അലയാന്‍ തുടങ്ങിയ നാളുകള്‍. ഒരു ദിവസം എന്തോ കാര്യത്തിനു പുറത്തിറങ്ങി ഫ്ലാറ്റിന്റെ ഡോര്‍ ലോക്ക് ചെയ്തു തിരിഞ്ഞ നിമിഷം തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ ഡോറു തുറന്നൊരു പെണ്‍കുട്ടി.. 

അയല്‍‌പക്കക്കരനാണെന്നു തോന്നിയത് കൊണ്ടാകും.. കുട്ടിയൊന്നു ചിരിച്ചു.. 
ഹോ.. പൊട്ടി.. അപ്പൊ തന്നെ പൊട്ടി.. തൃശൂര്‍ പൂരത്തിന്റെ പടക്കം മുഴുവനും ആ ഒരൊറ്റ നിമിഷത്തിനുള്ളില്‍ പട പട പടേന്നു പൊട്ടിച്ച് തീര്‍ത്തു.. ആയിരക്കണക്കിനു പൂത്തിരികള്‍ ആ ഒരൊറ്റ ചിരിയില്‍ കത്തി തീര്‍ന്നു.. പ്രണയം വറ്റി വരണ്ട് തരിശായി കിടന്നിരുന്ന അവന്റെ ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യാന്‍ തുടങ്ങി..

"എക്സ്ക്യൂസ് മീ... എന്താ കുട്ടീടെ പേര്..??"

കണ്ടോ... ഇതാണു ഞാന്‍ പറഞ്ഞത്.. പ്രണയം അഥവാ പ്രേമം..അതു അനശ്വരമാണ്... ഒരിക്കലും അവസാനിക്കാത്ത ഒരു മഹാ പ്രതിഭാസം...!!  അപ്പൊ വെയ്റ്റ് ചെയ്യെണ്ടാട്ടോ... നിങ്ങടെ പണി നടക്കട്ടെ.. ഞാനിതൊന്നു ഡീല്‍ ചെയ്തു വരാന്‍ ടൈം എടുക്കും...

ദോണ്ടെ പിന്നേം തുടക്കം
----------------------------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം..

                                                                                                                                                        ©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com