December 2, 2012

വള്ളിച്ചൂരല്‍



"മര്യാദക്കു കുടിച്ചോ.. ഇല്ലെങ്കില്‍ നിന്റെ ചന്തിയിലെ തൊലി ഞാനെടുക്കും... ചര്‍ദ്ധിച്ചാ അതു കോരിയെടുത്ത് കുടിപ്പിച്ച് അടിച്ചു നിന്റെ പുറം പൂരപറമ്പാക്കും.. ബാക്കിയുള്ളവരു പകലന്തിയോളം കഷ്ടപ്പെട്ടു തിന്നാനും കുടിക്കാനും തന്നാലും നിനക്കൊന്നും വേണ്ടല്ലെ..??"
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു രാത്രി.. സഥലം എന്റെ വീട്ടിലെ അടുക്കള.. കയ്യില്‍ ഒരു വലിയ സ്റ്റീല്‍ ഗ്ലാസില്‍ നിറയെ വൈകീട്ട് പഞ്ചസാരയിടാതെ തിളപ്പിച്ചു വെച്ച തണുത്ത് പാട കെട്ടിയ പാല്‍, മറു കയ്യില്‍ വള്ളിച്ചൂരലുമായി ഉറഞ്ഞ് തുള്ളുന്ന ഉമ്മ.. അടി പേടിച്ച് കണ്ണീന്നും മൂക്കീന്നും ഒലിപ്പിച്ച് ശ്വാസം മുട്ടി ലോകത്തൊരു മാര്‍ഷ്യല്‍ ആര്‍ട്ട്സിലും ഇല്ലാത്ത തരത്തിലൊരു പോസില്‍ രണ്ടു കൈ കൊണ്ടും അടി ബ്ലോക്ക് ചെയ്യാന്‍ പാകത്തിനു നിന്ന് "എനിക്കു പാലു വേണ്ടാ..." എന്നും പറഞ്ഞ് കരയുന്ന ഞാന്‍....!!
"എന്റ പടച്ചോനേ.. ഇവനെ ഒന്നു മനുഷ്യ കോലത്തില്‍ കാണാന്‍ എന്താ ചെയ്യാ..?"
എന്നെ നല്ല കോലത്തില്‍ കാണാന്‍ പടച്ചോനെ വിളിക്കുന്നതെന്തിനാ.. വല്ല കണ്ണു ഡോക്ടറേം പോയി കണ്ടൂടേന്നു ചോദിക്കാന്‍ നാക്കു തരിച്ചതാ.. കയ്യിലെ ചൂരലും പൊക്കിപ്പിടിച്ച് ഗബ്ബര്‍ സിങ്ങിനെ പോലെ കണ്ണുമുരുട്ടി നിക്കുന്ന ഉമ്മാനെ കണ്ടപ്പോ ഞാനങ്ങു ക്ഷമിച്ചു.
ഇതിനൊന്നും ഉമ്മാനെ പറഞ്ഞിട്ടു കാര്യമില്ല.. ഏതോ ഒരു ഡോക്ടറ് വനിതയില്‍ കുട്ടികളുടെ ആരോഗ്യം എന്നോ എന്തോ ഉമ്മ വായിച്ചതിനു ശേഷം തുടങ്ങിയതാ എന്റെ കഷ്ടകാലം.. കുട്ടികള്‍ക്കു തടിയും തൂക്കവും തൊലിമിനുപ്പും ഉണ്ടാകാന്‍ തിളപ്പിച്ചാറ്റിയ പാല്‍ പാട കെട്ടിയതിനു ശേഷം പഞ്ചരായിടാതെ കൊടുത്താല്‍ മതിയത്രെ..
ഇശാ ബാങ്കു കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ച് വിറച്ച് പിടക്കുന്ന നെഞ്ചുമായി ഇരുന്നിരുന്ന കാലമായിരുന്ന് അത്. നമസ്കാരം കഴിഞ്ഞാല്‍ ഉമ്മ അത്താഴം വിളമ്പും. അതു കഴിഞ്ഞാണ് മേല്‍ പറഞ്ഞ സംഭവ പരമ്പര അരങ്ങേറാറുള്ളത്. വല്ലപ്പോഴുമല്ല, ദിവസോം ഇതന്നെ പരിപാടി. ഈയുമ്മാക്ക് ബോറഡിക്കൂലെ..??
രാത്രിയിലത്തെ കാര്യം ഇങ്ങനെയാണെങ്കില്‍ രാവിലെ വേറൊരു അങ്കം വെട്ടുണ്ട്. സുബ്ഹി കഴിഞ്ഞാല്‍ രണ്ടു വിളി. "ടാ എണീച്ചേ.. നേരം വെളുത്തു.."
ഹ്മ്മ്... പിന്നേ.. എന്റ പട്ടി എണീക്കും എന്ന ഭാവത്തില്‍ പുതപ്പ് ഒന്നു കൂടി വലിച്ചു തല വഴി മൂടി കാലിന്റെടേല്‍ കൈ രണ്ടും തിരുകി കയറ്റി സര്‍ക്ക്സ്സുകാരെ പോലും വെല്ലുന്ന മെയ്‌വഴക്കത്തോടെ ചുരുണ്ട് കൂടും..
കുറച്ച് കഴിയുമ്പോള്‍ രാത്രി മുതല്‍ രാവിലെ വരെ താരാട്ടു പാട്ടു പോലെയുണ്ടായിരുന്ന സീലിങ്ങ് ഫാനിന്റെ ' കര കര കര' ശബ്ധവും ഇടക്കിടക്കുള്ള പൊട്ടലും ചീറ്റലും നിലക്കും.. ഫാന്‍ ഓട്ടോമാറ്റിക് ആയതോണ്ടല്ല.., ഉമ്മ വന്നു നിര്‍ത്തുന്നതാ. രണ്ടാമത്തെ വാര്‍ണിങ്ങ്..!!
പിന്നെ അപ്പുറത്തെ കട്ടിലില്‍ കിടന്നുറങ്ങുന്ന വെല്ല്യുമ്മാടെ സംഗീതാത്മകമായ കൂര്‍ക്കം വലി മാത്രം റൂമില്‍ ബാക്കിയാകും.
ഉമ്മ ഫാന്‍ ഓഫാക്കി പോകുമോഴാണു വെല്ലിമ്മാക്കു വാശി കൂടുന്നത്.. 'ആഹാ അവളത്രക്കായോ..' എന്ന കണക്കിന് പാവം വെല്ല്യുമ്മ ഉള്ള ആരോഗ്യം വെച്ച് കഴിയുന്ന രീതിയിലൊക്കെ ഉച്ചത്തില്‍ കൂര്‍ക്കം വലിച്ച് എന്റെ ഉറക്കത്തിനു ആക്കം കൂട്ടും..
രണ്ടാമത്തെ ബെല്ലടിച്ചതിനു ശേഷം മൂന്നാമത്തെ ബെല്ലടിക്കുന്നതായിരിക്കും എന്നു പറഞ്ഞ പോലെ പരിപാടി ഒന്നു ഇല്ല.. മൂന്നാമത്തെ വാണിന്ന്റ്റ് എന്നു പറഞ്ഞാല്‍ നല്ലസ്സലു അടി..!! ഒന്നൊന്നര അടി.. പെട്ടെന്ന് പുതച്ചിരുന്ന പുതപ്പ് ശൂം.. എന്ന ശബ്റ്റത്തോടെ വായുവില്‍ പറക്കും.. പിന്നെ പട പടെന്ന് പുറത്തും ചന്തിയിലുമെല്ലാം ചൂരലു കൊണ്ടുള്ള അടി വരും.
അടി തുടങ്ങിയാല്‍ പിന്നെ ഉറക്കത്തില്‍ അഴിഞ്ഞു പോയ കള്ളിമുണ്ട്‌ എടുക്കാനുള്ള ടൈം പോലും കിട്ടൂല.. ഷഡ്ഡിയിട്ടുണ്ടെങ്കില്‍ ഭാഗ്യം.. ഇല്ലെങ്കിലും നോട്ടമൊന്നുമില്ല. എണീറ്റൊരോട്ടന്മായിരിക്കും..
വീടിനു ചുറ്റും രണ്ട് റൗണ്ട്..
അതാണ് എന്റേയും ഉമ്മാടെയും വാം അപ്പ്.. അതു കഴിഞ്ഞു അടുക്കളപ്പടിയില്‍ ഇരുന്ന് സമാധനത്തോടെ കിതപ്പകറ്റാനുള്ള സമയം പോലും കിട്ടൂല. അതിനു മുന്നേ തന്നെ കയ്യില്‍ ചൂലും പിടിച്ച് ഉമ്മാടെ ഒരു വരവുണ്ട്..
"പോയി മുറ്റമടിക്കെടാ.." അടുത്ത കല്പന..!! അതും വളര്‍ന്നു താടീം മീശേം വന്ന എന്നോട്..!! എന്റെ പെങ്ങളെന്നു പറയുന്ന പത്തു പതിനഞ്ചു വയസ്സായ ഒരുത്തി അകത്ത് മൂടി പുതച്ച് കിടന്നുറങ്ങുമ്പോഴാണീ പറയുന്നതെന്നോര്‍ക്കണം .?? ഹൃദയം തകരാന്‍ വേറേ വല്ലതും വേണോ..?? ഇങ്ങനെ കല്പ്പിക്കാന്‍ ഉമ്മാക്ക് ലജ്ജയില്ലെ..?? ഏതു നേരത്താണാവോ എനിക്കു കടിഞ്ഞൂല്‍ പുത്രനായിട്ടു ജനിക്കാന്‍ തോന്നിയത്.. !
എന്റെ ഓട്ടം കണ്ട് പല്ലിളിച്ച് കാണിച്ച്, നിനക്കങ്ങനെ തന്നെ വേണമെടാന്ന് മുഖത്ത് ലേബലൊട്ടിച്ച പോലെ ഒരു വളിച്ച ചിരിയും ചിരിച്ച് ഒരു ദുഷ്ടന്‍ പടിഞ്ഞാപ്പുറത്തിരുന്ന് ആടിനെ കറക്കുന്നുണ്ടാകും.. വേറാരുമല്ല.. എന്റെ അനിയന്‍..,.. കുനിഞ്ഞു നിന്ന് കഷ്ടപ്പെട്ട് മുറ്റമടിക്കുന്ന എന്നെ കാണുമ്പോള്‍ അവന്റെ ഒരു ഊഞ്ഞാല നോട്ടം. എങ്ങാനും ഞാനവനെ ഒന്നു നോക്കിയാല്‍ അവന്‍ അകിടിന്മേലുള്ള പിടിയും വലിയും കൂട്ടും..
"ചൊരത്താടെ.." എന്നും പറഞ്ഞ് കൈ ചുരുട്ടി ആടിന്റെ അകിടില്‍ മുകളിലേക്ക് രണ്ട്മൂന്നിടിയൊക്കെ ഇടിച്ച്, സ്റ്റീലിന്റെ കൈപാത്രത്തില്‍ ശ്‌ര്‍‌ര്‍‌ര്‍‌ര്‍...,.. ശ്‌‌ര്‍‌ര്‍‌ര്‍‌ര്‍.. ശബ്ദത്തോടെ കൂടി ചൂടു പാല്‍ നിറക്കും. വഷളന്‍....,..!! എന്റേം അവന്റേം ഈ ഡ്യൂട്ടികള്‍ ഒന്നു സ്വാപ് ചെയ്യാന്‍ ഞാന്‍ ഞാന്‍ പല കളികളും കളിച്ചു നോക്കിയതാ. പക്ഷെ ഒന്നും നടക്കാതെ ഉമ്മാടെ തല്ലു കൊണ്ടും മുറ്റമടിച്ചു ജീവിതം തള്ളിനീക്കി. അവസാനം ഒരു പനിയുടെ രൂപത്തില്‍ രക്ഷകനെത്തി..
അനിയനു നല്ല പനി.. അന്നുമ്മ പുതിയ ഉത്തരവിറക്കി. നാളെ നീ മുറ്റമടിക്കെണ്ട.. ആടിനെ കറന്നാല്‍ മതി.. ഇതു കേട്ട് ആനന്ദ പുളകിതനായി.. ഹോ നാളെ രാവിലെ മുറ്റമടിച്ച് കഷ്ടപ്പെടെണ്ട.. ചുമ്മാ കുന്തുകാലേല്‍ ഇരുന്നു ആടിന്റെ അകിടില്‍ പിടിച്ച് വലിച്ച് പാലു കറന്നു പാത്രത്തിലേക്കൊഴ്ച്ചാല്‍ മതിയല്ലോ.. നാളേ ഞാനൊരു കലക്കു കലക്കും.. ബൂഹഹ്ഹഹാ...
പക്ഷേ കഷ്ടകാലം ആടിന്റെ രൂപത്തിലും വരും എന്നു പിറ്റേന്ന് തന്നെ മനസ്സിലായി.. കൈപാത്രത്തില്‍ വെള്ളവുമെടുത്ത്, ആടിനെ തെങ്ങിനോട് ഒന്നു കൂടെ ചേര്‍ത്ത് കെട്ടി ഞാന്‍ മുട്ടു മടക്കി ഇരുന്നു.. കൈവെള്ളയില്‍ വെള്ളമൊഴിച്ച് ശക്തിയില്‍ അകിടിലേക്കെറീഞ്ഞു.. അതിരാവിലെ നല്ല തണുത്ത വെള്ളം അകിടിലേക്ക് വീണപ്പോ, രോമാഞ്ചം വന്നിട്ടാണെന്നു തോന്നുന്നു.. ആടിനു ആകെപ്പാടെ ഒരു വെറയലും കൊടച്ചിലും. എങ്കില്‍ പിന്നെ കൊറാച്ചൂടെ അങ്ങട്ട് സന്തൊഷമായിക്കോട്ടെ എന്നു കരുതി പിന്നേം ഞാന്‍ രണ്ട് മൂന്നു പ്രാവശ്യം വെള്ളമൊഴിച്ചു ആടിനെ രോമാഞ്ച കഞ്ചുകമണിയിച്ചു....
ആടു വിറച്ചതും ചാടിയതും സുഖിച്ചിട്ടല്ലെന്നു അടുത്ത നിമിഷം തന്നെ എനിക്ക് മനസ്സിലായി.. വെള്ളമൊഴിക്കല്‍ കഴിഞ്ഞ് കറക്കാനായി അകിടില്‍ കേറി പിടിച്ചതും, ആട് ചാടി ചരിഞ്ഞ്, ഇതു വരെ കേട്ടിട്ടില്ലാത്ത വികൃതമായ ശബ്ദത്തില്‍ കരഞ്ഞു കൊണ്ട് പിന്‍‌കാലുകള്‍ രണ്ടൂം പൊക്കി നൂറെ നൂറ് സ്പീഡില്‍ ഒരൊറ്റ ചവിട്ട്.. എന്റുമ്മാ.. പുറവും കുത്തി പിന്നോട്ട് വീണ വീഴ്ചയില്‍ ഈരേഴു പതിനാലു സ്വര്‍ഗ്ഗവും കണ്ടു..
"കള്ള പന്നി ആടെ.. നിനക്കവന്‍ പിടിച്ചാല്‍ കുഴപ്പമില്ല.. ഞാനൊന്നു നിന്റെ അവ്ടെ തൊട്ടപ്പോഴേക്കും നിനക്കു എന്നെ ചവിട്ടണം അല്ലേടീ" എന്നു പറഞ്ഞ് പല്ല് ഞെരിച്ച് ദേഷ്യത്തോടെ വീണിടത്തു തന്നെ കിടന്നു കൊണ്ട് തിരിച്ചു ചവിട്ടാന്‍ കാലു പൊക്കിയത് മാത്രമേ ഓര്‍മയുള്ളു.. അപ്പോഴേക്കും അടി പൊടി പൂരം ആരംഭിച്ചു.. എന്റെ കഷ്ടകാലത്തിനു ഈ പിടിവലിയില്‍ ആടിനെ കെട്ടിയ കയറഴിഞ്ഞു..
ആടിന്റെ ദേഷ്യം തീരാഞ്ഞിട്ടായിരിക്കും.. "അതെന്റെ അകിടല്ല ആടേ.." എന്നു കരഞ്ഞു പറഞ്ഞതു പോലും മൈന്‍ഡ് ചെയ്യാതെ അവ്ടെ തന്നെ പിന്നേം പിന്നേം ചവിട്ടി..!! ആ വേദന മാറുന്നതിനു മുന്നേ തന്നെ ഉമ്മ ചൂലെടുത്ത് പിന്നേം കയ്യില്‍ തന്നു. ചങ്കരന്‍ പിന്നേം തെങ്ങുമ്മെ തന്നെ എന്നു പറഞ്ഞ പോലെ ആടു ചവിട്ടിപഞ്ചറാക്കിയ വേദനയും കടിച്ച് പിടിച്ച് നുമ്മ മുറ്റമടി തുടങ്ങി..
എന്നിട്ടു തീരൂല കലുപ്പുകള്.. ഈ ആടു തന്നെയാണു എനിക്കു രാവിലെ തന്നെ കിട്ടുന്ന രാവിലത്തെ രണ്ടാം സ്റ്റെപ്പ് അടിയുടെ ആണി.. ആട്ടില്‍ പാലൊഴിച്ച ചായയുടെ രൂപത്തില്‍..,.. അതിന്റെ മണമടിച്ചാല്‍ പിന്നെ എന്റുമ്മാ... കഷ്ടപ്പെട്ട് ഒറ്റ വലിക്കു കുടിച്ച് വടക്കേ പുറത്തെ തെങ്ങിന്‍ ചുവട്ട്ലേക്കോടും.. പിന്നെ ശര്‍ദ്ധിയുടെ പൂരമായിരിക്കും..
വീട്ടില്‍ ദിവസവും പാലു വാങ്ങിക്കാന്‍ വരുന്ന വല്യമ്മായി ഒരു ദിവസം എന്നോട് ചോദിക്കുവാ.. "നിനക്കെന്താടാ ഗര്‍ഭമുണ്ടോ..?? എല്ലാ ദെവസോ ശര്‍ദ്ധിയും ഓക്കാനവും ആണല്ലൊ..." എന്ന്. അമ്മായി ആയതു ഭാഗ്യം.. വേറെ വല്ലവരുമായിരുന്നെങ്കില്‍ ഞാനവരെ കുനിച്ചു നിര്‍ത്തി അവരുടെ തലേല്‍ ചര്‍ദ്ധിച്ചേനെ..
ഈ പരിപാടി ദിവസങ്ങളല്ല.. വര്‍ഷങ്ങളോളം തുടര്‍ന്നു.. പാടത്ത് പോയി പശുവിനെ തീറ്റിയും, ആടിനു പുല്ലു പറിച്ചും, മുറ്റമടിച്ചും, പാലു കുടിച്ചും, ചര്‍ദ്ധിച്ചും, തല്ലു കൊണ്ടും അങ്ങനെയിരിക്കെ ഒരു ദിവസം ആ സന്തോഷ വര്‍ത്ത എന്നെ തേടിയെത്തി. വീട്ടിലെ ആടിനെ വിറ്റു..!! എനിക്കാണെങ്കില്‍ പരീക്ഷയുടെ തലേന്ന് ക്വെസ്റ്റ്യന്‍ പേപ്പെര്‍ കയ്യില്‍ കിട്ടിയതിനേക്കാള്‍ സന്തോഷം.. സമാധാനം.. ആഹഹാ..
പക്ഷെ ആ സന്തോഷത്തിനു ഇരുപത്തിനാലു മണിക്കൂറിന്റെ ആയുസ്സു പോലും ഉണ്ടായില്ല.. അന്നു രാത്രി പടക്കേലെ പശു പെറ്റു...!! പിറ്റേ ദിവസം മുതൽ ഉമ്മ അവിടുന്നു പാലേർപ്പാടാക്കി.. ആടായാലും പശുവായാലും പാല് പാലു തന്നെയല്ലെ.. എന്തിനു പറയുന്നു.. അങ്ങനെ അങ്ങനെ പിന്നെ പാലെന്നു കേള്‍ക്കുമ്പോള്‍ തന്നെ എനിക്കു മനംപിരട്ടലായി തുറങ്ങി.. പാലും പാലുല്പന്നങ്ങളും, അവയെ പറ്റി കേള്‍ക്കുന്നത് പോലും എന്റെ പ്രഷറു കൂട്ടിതുടങ്ങി.. അവസാനം ഇതൊന്നവസാനിച്ചു കിട്ടിയത് ആലുവയില്‍ ഡിഗ്രിക്കു ജോയിന്‍ ചെയ്തപ്പൊഴായിരുന്നു.. എല്ല ദിവസവും രാത്രി ഉമ്മാക്കു ഹോസ്റ്റലിലേക്ക് പാലും കൊണ്ട് വരാന്‍ പറ്റില്ലല്ലോ..!
ഇപ്പൊഴും ഞാന്‍ പാലു കുറിക്കാറില്ല.. പാലൊഴിച്ച ചായ വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രം.. അന്നത്തെ ആ വള്ളി ചൂരല്‍ ഇന്നും എന്നെ കാത്ത് വീട്ടിലെ അടുക്കളയിലെ സ്ലാബിന്റെ മുകളില്‍ കിടക്കുന്നു.. ഇന്നും ലീവിനു നാട്ടിലെത്തിയാല്‍ ആ ചൂരലു കൊണ്ട് ഒരു പ്രാവശ്യമെങ്കിലും തല്ലു വാങ്ങിച്ചില്ലെങ്കില്‍ എനിക്കും തല്ലിയില്ലെങ്കില്‍ ഉമ്മാക്കും ഒരു സമാധാനവും ഉണ്ടാകില്ല.. അന്നു തല്ലാനോടിക്കുമ്പോള്‍ വീടിനു ചുറ്റുമുള്ള ഓട്ടം മാത്രം ഇപ്പഴില്ല.. ഓടാനുള്ള മൂഡ് എനിക്കില്ല.. പണ്ടത്തെ പോലെ ഓടിക്കാനുള്ള ആരോഗ്യം ഉമ്മാക്കും..
©Phayas Abdulrahiman

30 comments:

" ആ വേഗം വാ.. വരുമ്പോ എനിക്കു ഞാന്‍ പറഞ്ഞ ഗ്യാലക്സി ചോക്ക്ലേറ്റ് തന്നെ കൊണ്ട് വരണം.. കഴിഞ്ഞ പ്രാവശ്യത്തെ പോലെ വെല്യാമാടെ പീട്യേന്നു പൊട്ട മിട്ടായി വാങ്ങി തന്ന് എന്നെ പറ്റിക്കാന്‍ നോക്കരുത്.....!!"


ആരെ പറ്റിചാലും നിഷ്കളങ്കമായ കുഞ്ഞു മക്കളെ പറ്റിക്കരുതേ ..മത്തന്‍ നട്ടാല്‍ പാവക്ക മുളക്കില്ല ...എന്നാലും നന്നായിരിക്കുന്നു ആശംസകള്‍ നേരുന്നു ..

സരസമായി എഴുതി അവസാനം കണ്ണ് നനയിച്ചു ....

ശ്ശൊ, എന്താ രസം വായിക്കാന്‍
നല്ല മാമ്പഴം പോലത്തെ എഴുത്ത്

ഇഷ്ടപ്പെട്ടേ....!!

ജനിക്കുകയാണെങ്കില്‍ വെല്ല നോര്‍വേയിലും ജനിക്കണം.

ഇത്രേം ഒക്കെ കിട്ടീട്ടും നീ നന്നായില്ലല്ലോഡാ? :)

എഴുത്ത് നന്നായീട്ടാ.

ശെരിയാ ഷാഹിദാത്താ.. പിള്ളേരെ പറ്റിച്ചാല്‍ പിന്നെ അവരു അതു തന്നെ ചോദിച്ച് കണ്ണും ചെവിടും തരൂല.. അതിനേക്കാള്‍ നല്ല വല്ലതും ചോദിച്ചാല്‍ അധികം വൈകാതെ വാങ്ങിച്ച് കൊടുക്കുന്നതാ അല്ലെ..?? പിന്നേ.. ഈ മത്തന്‍ കുത്തിയാല്‍ പാവക്ക മുളക്കില്ല എന്നു പറയുന്നത് ശെരിക്കും സത്യമാണോ..?? :P

അയാം ദി സോറി ഫോര്‍ ദാറ്റ് ഷിജിത് അരവിന്ദേ.. :D

പച്ച മങ്ങയോ, പുളിയന്‍ മാങ്ങയോ, പഴുത്ത മാങ്ങയോ, ഉപ്പിലിട്ടതോ അതോ അച്ചാറിട്ടതോ അജിത്തേട്ടാ..?? ;)

നോര്‍‌വേയിലെ ആടുകള്‍ക്ക് കാലില്ലെ റോഷാ..??

നന്നായി നന്നായി.. സത്യായിട്ടും നന്നായി രാമാ.. വേണേല്‍ കുറച്ചൂടെ നന്നാവാം.. ന്ത്യേ..??

Thank you Thank you... :) ജാന്‍സര്‍ ജഹാംഗീര്‍

This comment has been removed by the author.

നൊമ്പരം കലക്കിയ ഈ പായസം നന്നായി . . :)

നൊമ്പരം കലക്കിയ ഈ പായസം നന്നായി ..

സുഹൃത്തേ , ഇതാണ് ഞാന്‍ ആദ്യമയി തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ച ഒരു ബ്ലോഗ്‌. ആദ്യം കണ്ടപ്പോള്‍ ഇത്ര വലിയ ഒരു കഥ വായിക്കാന്‍ താല്പര്യമില്ല എന്ന മട്ടില്‍ കളഞ്ഞു... ലാസ്റ്റ്‌ പരഗ്രാഫ് മാത്രം വായിച്ചു... അത് വായിച്ചതോടെ കണ്ണ് നേരെ തുടക്കത്തിലേക്ക് പോയി. പിന്നെ ഓരോരോ വരികളും അടുത്ത വരിയിലെക്കുള്ള പടാവുകളായി... ഇത്രയും ലളിതമായി പക്ഷെ മനസ്സിനെ തട്ടിക്കുന്ന ഒരു ബ്ലോഗ്‌ എല്ലാര്‍ക്കുമായി സമര്‍പ്പിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍... ഇത് വായിച്ചപ്പോള്‍ ബാല്യകാലത്തിലേക്കുള്ള മനസ്സിന്‍റെ ഒരു പോക്കുണ്ടാരുന്നു മാഷെ... പറഞ്ഞറിയിക്കാന്‍ മേല..അതിനാണ് താങ്കള്‍ക്ക് തന്ന അഭിനന്ദനത്തിന്‍റെ ഏറിയ പങ്കും...

സ്നേഹത്തോടെ നല്ല നല്ല ബ്ലോഗുഗള്‍ കിട്ടുമെന്ന പ്രതീക്ഷയോടെ

പാച്ചിക്ക ...

കലക്കിട്ടൊ.. പാല് കുടിക്കാന്‍ എനിക്കും ഇഷ്ടമല്ല.. അന്നും ഇന്നും :)

ബ്ലോഗ്‌ വായിച്ചപോള്‍ ഞാന്‍ Visualise ചെയ്യുവാരുന്നു .. നെഹലയുടെയും പചിക്കെടെം തൃശൂര്‍ ഭാഷയും മറ്റും ..

പിന്നെ അശ്വിന്‍ വല്യ ഡയലോഗ് (മുന്നിലത്തെ comment ) അടിക്കരുത്..

എനിക്കീ ബ്ലോഗില്‍ വല്യ താല്പര്യം ഒന്നും ഇല്ലേയെന്നു പറഞ്ഞ ടീം അല്ലെ ഇയാള്‍?

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനു നന്ദി സുനൈദ്.. :)

ആഹാ.. അപ്പൊ അങ്ങനാണു കാര്യങ്ങള്‍ അല്ലെ..?? സാരല്യ.. ഇതില്‍ ഇനീം ഇഷ്ടമ്പോലെ ഇതു പോലത്തെ കൊറെ ഐറ്റെംസ് ഉണ്ട്.. സമയം പോലെ എല്ലാം വായിച്ച് അഭിപ്രായം പറയുമല്ലൊ അല്ലെ അശ്വിന്‍ അപ്പൂസെ ..??

താങ്ക്സ് ആശാ.. അപ്പൊ നമ്മളു രണ്ടാളും സെയിം പിച്ച്... :)

മത്ത കുത്തിയാല്‍ കുമ്പളം മുളക്കുമോ എന്ന് ഇപ്പോഴും ആളുകള്‍ റിസേര്‍ച് ചെയ്യുന്നു !


>>അതു നിനക്കുള്ളതാ.. എന്നും നിനക്കുള്ളത് തന്നെയായിരിക്കും<<

ഈ വരികള്‍ അല്‍പ്പം വിഷമം ഉണ്ടാകി...കാരണം ഇതുപോലെ അല്ലെ എല്ലാ അമ്മമാരും ? എന്റെ അമ്മയും !

നന്നായിരിക്കുന്നു ആശംസകള്‍ നേരുന്നു ..

Ur lucky to have a mom like her ...without her u would have never been the payasam writing this blog taking every people back to the nostalgic motherhood..that make there eyes wet...u knw what me too gifted by my mom we used to run around not even house but also along the new railway track near my house...and finally I turned into number one athlete of my school ..lol...

എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് നന്ദി.

This comment has been removed by the author.

mathan kuthiyal kumbalam mulakkilla eni eppo arelum ath kandupidicho ennum ariyilla vayichirikkan nalla sugham thonni kazhinjath arinjatheyilla

അതു നിനക്കുള്ളതാ.. എന്നും നിനക്കുള്ളത് തന്നെയായിരിക്കും..

ഈ കഥ ഇന്നാണ് വായിക്കുന്നത് ..ഒരുപാട് ഇഷ്ട്ടായിട്ടോ ... ഈ ചെറുപ്പത്തില്‍ എല്ലാ ആണ്‍കുട്ടികള്‍ക്കും ആട്ടിന്‍പാല്‍ കുടിച്ചാല്‍ ഒക്കാനിചാന്‍ വരും ..അതെന്താ ..ഞാന്‍ മൂക്ക് പോത്തിയിട്ടാ കുടിച്ചിരുന്നത് ...വേറെ നിവൃത്തി ഇല്ലല്ലോ ...

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com