March 15, 2009

ഒരു തീവണ്ടി യാത്ര - 1


കുറച്ചു വര്‍ഷങള്‍ക്കു മുന്‍പാണ് പെട്ടെന്നൊരു മദ്രാസ് യാത്രക്കു വേണ്ടി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നുംവൈകീട്ട് 6 നുള്ള മദ്രാസ് മെയിലില്‍ കയറി. റിസെര്‍‌വേഷനും തല്‍ക്കാലും ഒന്നും എടുക്കാനുള്ള സമയമില്ലാതിരുന്നത് കൊണ്ട് റെയില്‍വേസ്റ്റേഷനില്‍ നിന്നും കിട്ടിയ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്.  ടി ടി ആറിന്റെ വരവും കാത്തു ഒരു സീറ്റൊപ്പിക്കാന്‍ എന്തെങ്കിലും പഴുതുണ്ടോ എന്നു നോക്കി ഒരു മൂലക്കു നില്‍പ്പുറപ്പിച്ചു.

വൈകുന്നെരമായതു കൊണ്ട് ട്രെയിനില്‍ നിന്നു തിരിയാ‍നുള്ള സ്ഥലമില്ല. ചുറ്റിലുംകല പില സംസാരിക്കുന്നവരില്‍ ഭൂരി ഭാഗവും ജോലിക്കാരാണ്. സീറ്റും ചാരിയുള്ള എന്റെ നില്പ്പും ദയനീയമായ നോട്ടവും കണ്ടിട്ടാണെന്നു തോന്നുന്നു, ഒരു ചേട്ടന്‍ സീറ്റില്‍ ഒന്നു കുലുങി തള്ളി കഷ്ടിച്ച് ചന്തി വെച്ച് അഡ്ജസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ടാക്കി തന്നു. നന്ദിയുടെ ഒരായിരം പൂചെണ്ടുകള്‍ ഒരു ചെറു ചിരിയിലൂടെ ആ സന്മനസ്സിനു സമ്മാനിച്ചു കൊണ്ട് ഞാന്‍ കിട്ടിയ സ്ഥലത്ത് ഇരുന്നു.

കുറെ നേരം കഴിഞപ്പോള്‍ സീറ്റു തന്ന ആള്‍ സംസാരം തുടങി..
"എന്തൊരു ചൂടാ അല്ലേ...??"
 ഞാന്‍ ഒന്നു മൂളി...!! പ്രതീക്ഷിച്ച പ്രതികരണം എന്നില്‍ നിന്നില്ലാത്തത് കൊണ്ടായിരിക്കാം  'ഇയാളേതു കോത്താഴത്തു കാരനാടൊ' എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയിട്ട്  അയാള്‍ തിരിഞ്ഞ് ജനലിലൂടെ പിന്നിലേക്ക് പായുന്ന ഇരുട്ടിലേക്ക് കണ്ണ് നട്ടത്... അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ പാവം തോന്നി.. ഏത്രയും പെട്ടെന്നു ടി ടി ആര്‍ വന്നിട്ടു വേണം എങ്ങനെയെങ്കിലും ഒരു  സ്ലീപര്‍ ക്ലാസ് പണ്ടാരമടക്കാനായിട്ട്.. അതിന്റെടേലാണ് ചൂടുണ്ടോന്നും ചോദിച്ച് വരുന്നത്..

 ഇരുട്ടിലേക്ക് നോക്കി മടുത്തപ്പോള്‍ അയാള്‍ പിന്നെയും തിരിഞ്ഞു..
"മദ്രാസിലേക്കാണൊ..??"
അതിനു മറുപടി കൊടുക്കണോ വേണ്ടേ എന്നു തീരുമാനമാക്കുന്നതിനു മുന്നു തന്നെ  ഒരു രക്ഷകനെ പോലെ ടി ടി ആര്‍ പ്രത്യക്ഷപ്പെട്ടു....

"ഒരു മിനിറ്റേ.. ദാ വരുന്നു" എന്നു പറഞു, ടി ടി ആറിന്റെ അടുക്കലേക്കു തിക്കി തിരക്കി ചെന്ന് കാര്യം അവതരിപ്പിച്ചു നീണ്ട അപേക്ഷകൊണ്ടൊന്നും ടി ടി ആറിന്റെ മനസ്സലിയില്ലെന്നു മനസ്സിലായപ്പോള്‍ അല്പം ദയനീയത കൂട്ടിക്കലര്‍ത്തി കുറച്ചു പൈസ അധികം കൊടുക്കാം ഏന്നു വാക്കാലുള്ള കരാറില്‍ കാര്യം ശരിപ്പെടുത്തി തരാം എന്നു സമ്മതിച്ചു..

ഹാവൂ.. ഇനി സമാധാനമായി ഇരിക്കാം എന്നു കരുതി വീണ്ടും സീറ്റിലേക്കു തിരിച്ചു...  തിക്കി തിരക്കി പഴയ സ്തലതതു ചെന്നപ്പോള്‍ എനിക്കു വേണ്ടിയെന്നോണം പിന്നെയും ചെറിയ ഒരു ഗ്യാപ്പ് പ്രത്യക്ഷപ്പെട്ടു.. അവിടേ തന്നെ ഇരിപ്പുറപ്പിച്ചു.. ഇപ്രാവശ്യം സഹയാത്രികന്‍ അധികം ലോഹ്യം കൂടാന്‍ വന്നില്ല.. എതോ മാസിക എടുത്തു വെച്ചു ആശാന്‍ വ്വായന തുടങിയിരുന്നു.. ചുറ്റിലും നില്‍ക്കുന്നവരില്‍ പലരുടെയും മുഖത്ത് നിസ്സംഗതയും തിരക്കും വേവലാതിയും കാണാം.. കാറ്റും ക്ഷീണവും കണ്‍പോളാകള്‍ക്ക് കനം കൂട്ടി തുടങ്ങിയപ്പോള്‍ കാലുകള്‍ പരമാവതി മുന്നിലേക്ക് നീട്ടി വെച്ച് സീറ്റിലേക്ക് ചാഞ്ഞു..

 ആരുണ്ടെന്നെ തോല്‍പ്പിക്കാന്‍ എന്ന ഭാവത്തില്‍ കുടു കുടെ ശബ്ദത്തില്‍ തീവണ്ടി ഇടക്കിടക്കു വന്യത മുറ്റിയ വലിയ ശബ്ദത്തില്‍  കൂക്കി വിളിച്ചുകൊണ്ട് കുതിച്ചു പാഞു.
ഒന്നു മയങി വന്നപ്പോഴേക്കും ടി ടി ആര്‍ വന്നു കുലുക്കി വിളിച്ചു..

"ആ ‍.... എസ് 23 ല്‍ ഒരെണ്ണം ഒരു വിധം തരപ്പെടുത്തിയിട്ടുന്‍ട്.. വേറേയും ചിലരൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്.. എന്നാലും വാ" സാര്‍ നടന്നു.. തിടുക്കത്തില്‍ സീറ്റിനടിയില്‍ തള്ളി വെച്ചിരുന്ന ബാഗ് എടുത്തു അയാളുടേ പിന്നാലെ വെച്ചു പിടിപ്പിച്ചു...  പെട്ടെന്നെങ്ങാനും ആളുടെ മനസ്സി മാറിയാല്‍ പിന്നെ ഇന്നത്തെ കാര്യം പോയത് തന്നെ.

"ഇതാണു സീറ്റ്.. അടുത്ത സ്റ്റേഷനില്‍ നിന്നും വെറേ ചെക്കര്‍ കേറും.. ഏന്തെങ്കിലും ചോദിച്ചാല്‍ ടിക്കറ്റ് കാണിച്ചാല്‍ മതി..."  എന്നിട്ട് ആര്‍ക്കും വായിക്കാന്‍ പറ്റാത്ത രീതിയില്‍ എന്തോ കുത്തിക്കുറിച്ചു ടിക്കറ്റ് തിരിച്ചു തന്നു... ചുറ്റുപാടും ഒന്നു നോക്കി.. ആളുകളൊക്കെ ഉറങാനുള്ള തയ്യാറെടുപ്പു തുടങി കഴിഞു..അപ്പുറത്തു നിന്നും ഉച്ചതിലുള്ള ചിരിയും സംസാരവും കേള്‍ക്കാം..  ശീട്ടു കളിയാണെന്നു തോന്നുന്നു...

എന്തിനായിരിക്കും അത്യാവശ്യമായി ഹെഡോഫീസിലേക്കു വിളിപ്പിച്ചിരിക്കുന്നത്..?? കഴിഞ മാസം കളക്ഷന്‍ ഏല്ലാം ക്ലിയര്‍ ചെയ്ത് അതിന്റെ ഫാക്സും കിട്ടിയതാണ്...  ആ‍ എന്തു കുന്തമെങ്കിലുമാകട്ടെ.. അവിടെ ചെന്നിട്ടു നോക്കാം... ടിക്കറ്റ് പോക്കറ്റിലിട്ടുറങ്ങി വെറുതെ കാണുന്നവര്‍ക്ക് അതു അടിച്ച് മാറ്റാനുള്ള പ്രേരണ കൊടുക്കെണ്ട എന്നു കരുതി, സീറ്റിനടിയില്‍ വെച്ചിരുന്ന ബാഗ് പുറത്തേക്ക് വലിച്ച് സൈഡ് പോകറ്റിന്റെ സിബ്ബ് വലിച്ച് തുറന്നു പോകറ്റില്‍ നിന്നും ടികറ്റെടുത്തു..

കയ്യിലെടുത്ത ടിക്കറ്റില്‍ സാര്‍ എന്താണാവൊ കുത്തിക്കുറിചു വെച്ചിരിക്കുന്നത് എന്ന കൌതുകത്തില്‍ എടുത്തു വായിക്കാന്‍ ശ്രമിച്ചു... കുറച്ചു കൈക്കൂലി മേടിക്കണമെങ്കില്‍ എതൊക്കെ ഭാഷ പടിക്കണം എന്നാലൊചിച്ചപ്പോള്‍ രസം തോന്നി... ടിക്കറ്റിന്റെ പിന്നില്‍ എന്താണാവോ ഇനി..

പിന്നില്‍ അച്ചടിച്ചിരിക്കുന്ന വാക്കുകള്‍ വായിച്ചപ്പോള്‍ ചിക്കു മോള്‍ടെ നിഷ്ക്കളങ്കമായ ചോദ്യങളും കുസ്രിതി കണ്ണുകളും ആ‍ണു പെട്ടെന്നു ഓര്‍മ വന്നത്.. അതോടൊപ്പം തന്നെ അതു വായിച്ചപ്പോള്‍ മനസ്സിലാകെ ഒരു വേവലാതി കയറി... ആകെ ഒരു അസ്വസ്തത...  മനസ്സില്‍ അനാവശ്യമായ ചിന്തകള്‍ കാടു കയറാന്‍ തുടങി...

ടിക്കറ്റ് കീശയില്‍ നിന്നെടുക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു.. അല്ലെങ്കിലും ചില സമയത്ത് എനിക്കിങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.. നിസ്സാര കാര്യമാണേങ്കിലും ചിന്തിച്ച് കാട് കയറി വെറുതെ ടെന്‍ഷനടിക്കുമെന്നു പറഞ്ഞ് അറിയുന്നവരെല്ലാം കളിയാക്കാറുണ്ട്.
ഏന്തൊക്കെയോ സംഭവിക്കാന്‍ പോകുന്ന പോലെ ഒരു തോന്നല്‍....

കണ്ണുകള്‍ ഇറുക്കി അടച്ചു ഞാന്‍ ഉറങാന്‍ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല.. കൂടെ കൂടെ ചിക്കു മോള്‍ടെ ശബ്ദം എന്റെ കാതുകളില്‍ അലയടിക്കുന്നു.. തീവണ്ടിയുടെ ഓരോ കുലുക്കവും ഉള്ളിലടക്കിവെക്കാന്‍ ശ്രമിക്കുന്ന ഭയത്തെ കുലുക്കി പുറത്തേക്കിടുന്നു....  ഇതിനു മുന്‍പൊരിക്കലും എനിക്കിങനെ അനുഭവപ്പെട്ടിട്ടും ഇല്ല... ദൈവമേ.. !!

ഉറക്കവും പോയി മനസ്സമാധാനവും പോയി.. കണ്ണടക്കുംബോള്‍ പണ്ടു വായിച്ചതും സിനിമകളില്‍ കണ്ട് മറന്നതുമായ തീവണ്ടി അപകടങള്‍ ഓരോന്നോരോന്നായി ഓര്‍മ്മകളിലേക്ക് തികട്ടി വരാന്‍ തുടങ്ങി

പിന്നെ പെട്ടെന്ന് തന്നെ പണ്ട് സ്കൂളില്‍ പടിച്ച വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയിലെ ഒരു കാര്യവുമില്ലാതെ മനസ്സിലേക്കോടിയെത്തി.. അതും പരീക്ഷക്കു എത്ര ശ്രമിച്ചിട്ടു ഈ സാധനത്തിന്റെ ഒരു വരി പോലും ഓര്‍മ്മ വരാതെ ബുദ്ധിമുട്ടിയ എന്റെ മനസ്സിലേക്കാണ് ഇതിപ്പോള്‍ ക്ഷണിക്കാതെ കയറി വന്നിരിക്കുന്നത്..

"വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങളെ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലൊ നിങള്‍"

അതില്‍ സത്യമുണ്ടാകുമോ.. നിഷ്കളങ്കരായ കുട്ടികള്‍ അവരുടെ വാക്കുകളിലൂടെ നമുക്ക് വരാന്‍ പോകുന്ന അപകടങ്ങളേ അറിയിച്ച് തരാറുണ്ടോ..? എന്തായാലും ചിക്കുമോള്‍ അത്ര ചെറിയ കുട്ടുയല്ലാത്തത് കൊണ്ട് നിഷ്കളങ്കതയൊക്കെ കുറഞ്ഞിട്ടുണ്ടാകും എന്നു സ്വയം സമാധാനിപ്പിച്ച് പുറത്തേക്ക് കണ്ണോടിച്ചു, ഇരുട്ടിനു ഒന്നു കൂടെ കട്ടി കൂടിയിരിക്കുന്നു .. ഇരുട്ടും ഞാനും പണ്ടു മുതലെ ശത്രുക്കളാണ്..  ഇപ്പൊ കണ്ടാല്‍ എന്റെ പേടി കൂട്ടാനായിട്ടു കറുത്ത കമ്പിളിയും പുതച്ച് വന്നതാണെന്നു തോന്നും.. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ വണ്ടിയുടെ വേഗത കുറഞ്ഞു വരാന്‍ തുടങ്ങി... തുടര്‍ച്ചയായി കേട്ടിരുന്ന കട കട ശബ്ദങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടി കൂടി വരുന്നു.. വന്യതക്കൊരു കുറവനുഭവപ്പെടുന്നുണ്ട്. അപ്പുറത്തും ഇപ്പുറത്തും ആളുകളുടെ അനക്കവും ബഹളവും ഉറങുന്നവരെ വിളിച്ചെണീപ്പികുന്ന ബഹളവും കേള്‍ക്കാം.. ഏതൊ സ്റ്റേഷനില്‍ എത്താറായി... ഏതു സ്റ്റേഷനാണോ ആവോ..

ഇറങാനുള്ള തയ്യാറെടുപ്പോട് കൂടി വാതിലില്‍ ചാരി പുറത്തേക്ക് തലയിട്ടു നിക്കുന്ന ചേട്ടനെ തോണ്ടി വിളിച്ച് ചോദിച്ചപ്പോള്‍.. സേലം കഴിഞു ജൊളാര്‍പേട്ട സ്റ്റേഷന്‍ ആണു അടുത്തതു എന്നു പറഞു...  എനിക്കാണെങ്കില്‍ എന്തു ചെയ്യണം എന്നു ഒരു രൂപവും കിട്ടുന്നില്ല... വണ്ടി നിന്നു..  ആളുകള്‍ ഓരൊരുത്തരായി ഇറങിത്തുടങി... കുറച്ച് നേരം ഇരുന്നാലോചിച്ചു..  പെട്ടെന്നുണ്ടായ ഒരു ആവേശത്തില്‍ ഞാനും ബാഗ് ഏടുത്തു നീങി തുടങിയ ട്രെയിനില്‍  നിന്നും ചാടിയിറങി.

നല്ല തണുത്ത കാറ്റടിക്കുന്നുണ്ട്.. ഇനിയെന്തെന്നു ഇവിടെ ഇരുന്നാലോചിക്കാം എന്നുറപ്പിച്ച് ബാഗ് മടിയില്‍ വെച്ച് രണ്ടു കൈ കൊണ്ടും ബാഗ് ചുറ്റിപ്പിടിച്ച് അടുത്തു കണ്ട സിമന്റു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു.. ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലെ തിരക്കൊഴിഞ്ഞു.. ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവരുടേ അപരിചിതത്വം നിറഞ്ഞ നോട്ടം എന്നെ അസ്വസ്ഥനാക്കുന്നുണ്ട്..  അങ്ങിങ്ങായി ചുരുണ്ടി കൂടി കിടക്കുന്നവരുടെ കൂര്‍ക്കം വലിയും ഇടക്കുള്ള ചുമകളും കാര്‍പ്പിക്കലുമെല്ലാം നിശബ്ദതക്കു ഭംഗം വരുത്തുന്നുണ്ട്.. ഇട്ടിരുന്ന ബനിയനും ഷര്‍ട്ടിനും തടയാന്‍ സമ്മതിക്കാതെ പതിയെ പതിയെ തണുപ്പെന്റെ ശരീരത്തിലേക്കരിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. പിന്നെ രണ്ടു കയ്യും കൂട്ടി തിരുമ്മി ചൂടാക്കി മടിയില്‍ വെച്ചിരുന്ന ബാഗ് ഒന്നുകൂടെ ചുറ്റി ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ച് കൂനിക്കൂടി ഇനിയെന്ത് എന്നുള്ള ചിന്തയുമായി ഞാനിരുന്നു.

-രണ്ടാം ഭാഗം ഉടന്‍ വരുന്നു-



©fayaz

6 comments:

Friend, Just read the English poem "Stopping by woods on a snowy evening" by famous Western poet Robert Frost..you will find some similarities with your journey and this blog. Best wishes!

yeah i will do that phoenix.. thanks for your comment..!! keep visiting.. :)

Very Interesting ,Beautifully written ..waiting for the second part .

thank you very much meenakshi.. will post the second part soon.. its on the way :)

ikka, nice and interesting. when u r posting the next part. pls make it soon.

okay jayesh,, will do it soon and let you know.. :) by the way thanks for ur comment

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com