September 30, 2014

ഓരോരോ ഗര്‍ഭപ്പൂതികളേ..

ജബ്ബാറിന്നു ഭയങ്കര സന്തോഷത്തിലാണു.. ഓഫീസിലെ എല്ലാവർക്കും ജിലേബി കൊടുക്കുന്നു.. മിഠായി കൊടുക്കുന്നു.. എന്തിനു പറയുന്നു വല്ലപ്പോഴുമൊക്കെ തോന്നുമ്പോ തോന്നുമ്പോ പൊട്ടിച്ചു കളിക്കാൻ സൂക്ഷിച്ചു വെച്ചിരുന്ന ലഡ്ഡു വരെ എടുത്ത് കൊടുത്തു.. എന്താന്നു ചോദിച്ചപ്പോള് ജബ്ബാറിന്റ മുഖത്ത് വാക പൂത്ത പോലെ വല്ലാത്ത നാണം പൂത്ത് വിടര്ന്നു.. എപ്പോ നോക്കിയാലും ഇപ്പോ കുത്തും എന്ന മട്ടില് നില്ക്കുന്ന മീശയെല്ലാം കൂടെ വിനയ കുനിയാന്വിതനായി താഴോട്ടിരുന്നു.. കയ്യിലിരുന്ന പലഹാര പാത്രം മേശപ്പുറത്ത് വെച്ച്, തല കുനിച്ച്, കയ്യിലെ നഖം കടിച്ച് തുപ്പി രണ്ട് സൈഡിലേക്കും ആടി ഷൂസു കൊണ്ട് താഴെ ടൈല്സില് പടം വരക്കാന് തുടങ്ങി.. എന്നിട്ട് മുഖം തിരിച്ച് ഓഫീസ് സ്റ്റാഫിനെ നോക്കി കണ്ണിറുക്കി കാണിച്ച് പറഞ്ഞു..
"വിശേഷായീട്ടാ..."
"ഏഹ്.. എന്തു വിശേഷം...??"
"ഓഹ്.. ഇയ്യൊന്നു പോയെ ഒന്നും അറിയാത്ത പൊലെ.. ന്റെ സൂറാക്ക് വിശേഷായീന്ന്.."

സൂറാക്ക് വിശേഷമായി എന്നു പറഞ്ഞാൽ അതു ഒരു വിശേഷ വാർത്ത തന്നെയാണു. കാരണം കല്യാണം കഴിഞ്ഞ് വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതെ പല പല ട്രീറ്റ്മെന്റുകളുമെല്ലാം കഴിഞ്ഞപ്പഴാണു ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. നേരാത്ത നേർച്ചകളുമില്ല.. അവസാനം വന്നപ്പോൾ വല്ല പത്താം നിലയുടെ മുകളിൽ നിന്നും തല കുത്തി ചാടിയാൽ കുട്ടിയുണ്ടാകും എന്നു ആരെങ്കിലും പറഞ്ഞാൽ അതു ചെയ്യാനും തയ്യാറായിട്ടായിരുന്നു ജബ്ബാറീന്റെയും സൂറാന്റെയും നടപ്പ്.

സൂറായാണെങ്കിൽ ഈയിടെയായിട്ട് വല്ലാത്ത വിഷമത്തിലായിരുന്നു. ഒരു കല്യാണത്തിനോ മരിച്ച വീട്ടിലോ ഒന്നും പോകാൻ കഴിയാത്ത അവസ്ഥ. കുട്ടികളില്ലാത്ത വേദന മറക്കാൻ ശ്രമിച്ചാലും നാട്ടുകാരും ബന്ധൂക്കാരും അതു സമ്മതിക്കില്ല. ഇവരുടെയെല്ലാം ആകാംഷ കാണുമ്പോൾ തോന്നും സൂറാ പെറ്റിട്ടു വേണം അവരുടെ സ്വത്തു വകകളൊക്കെ ആ കുട്ടിക്ക് എഴുതി കൊടുക്കാൻ എന്നു. എന്തായാലും ഇപ്പോ സൂറായും ജബ്ബാറും ഹാപ്പിയാണു.. വെറും ഹാപ്പിയല്ല.. ഒടുക്കത്തെ ഹാപ്പി..
സൂറാക്ക് വിശേഷമായതോടേ ജബ്ബാർ വീടിന്റെ പരിസരത്തുള്ള എല്ലാ വീടുകളിലും പറമ്പുകളിലും ഉള്ള പുളിമരം, മാവ്, പ്ലാവ്, പതിനെട്ടാം പട്ട തെങ്ങ്, ലൂവിക്ക എന്നു വേണ്ട സകലമാന മരങ്ങളുടെയും ലിസ്റ്റ് എടുത്ത് വെച്ചു. ഈ മരങ്ങൾ നിൽക്കുന്ന പറമ്പിന്റെയെല്ലാം ഉടമസ്ഥന്മാരെ കണ്ട് ഏതു നിമിഷം വേണമെങ്കിലും ഈ മരങ്ങളിലെല്ലാം കയറാനും ആവശ്യത്തിനുള്ളത് പറിക്കാനുമുള്ള ഒരു ഉടമ്പടിയുണ്ടാക്കി അതിലൊപ്പു വെച്ച് കാത്തിരിപ്പ് തുടങ്ങി. ഒരു 3 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിലെല്ലാം പോയി അവിടുത്തെ മെനു കാർഡും സംഘടിപ്പിച്ച് അതിൽ അവരെപ്പൊ തുറക്കും എപ്പോ അടക്കും എന്നെല്ലാം എഴുതി വെച്ചു. കാരണം, വിശേഷമായത് കൊണ്ട് തന്നെ നാട്ടു നടപ്പനുസരിച്ച് ഒരു സാധാരണ പെണ്ണീനുണ്ടാകാവുന്ന ഗർഭപ്പൂതി സൂറാക്കും ഉണ്ടാകും. അങ്ങനെ ഉണ്ടായാൽ അപ്പോ തന്നെ അതു സാധിപ്പിച്ചു കൊടുക്കണം. കൂട്ടുകാരും ബന്ധൂക്കാരുമെല്ലാം അവരുടെ ഭാര്യമാരുടെ പൂതിയും അതെല്ലാം സംഘടിപ്പിച്ചു കൊടുക്കാൻ അവർ പെട്ട പാടുകളുമെല്ലാം വിവരിച്ച് അങ്കം ജയിച്ച ചേകവരെ പോലെ നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ അവരെയെല്ലാം ആക്കി ചിരിക്കുമ്പോഴും തനിക്കിതിനൊന്നുമുള്ള ഭാഗ്യം പടച്ചവൻ തരുന്നില്ലല്ലോ എന്ന വേദന ജബ്ബാറിന്റെ മനസ്സിലുണ്ടായിരുന്നു

എല്ലാ ദിവസവും സൂറാനെ കാണുമ്പോൾ ജബ്ബാർ കൊതിയോടെ നോക്കും.. എന്തെങ്കിലും പറയാൻ സൂറ വാ തുറക്കുമ്പ്ഴേക്കും ജബ്ബാർ ഓടി വല്ല മരത്തിലും കയറാൻ തയ്യാറായി സ്റ്റാർട്ടിങ്ങ് പോയിന്റിൽ വെടിയൊച്ചക്കു വേണ്ടി കാത്തു നിൽക്കുന്ന ഓട്ടക്കാരെ പോലെ സ്റ്റെപ്പെടുക്കും. പക്ഷേ ജബ്ബാറിന്റെ നിരാശനാക്കി സൂറ പറയുന്നത് അന്നത്തെ കറിക്കെന്തുണ്ടാക്കണം കറന്റു ബില്ലടച്ചില്ല, പാൽ കാരനു കാശു കൊടുത്തില്ല തുടന്ങി ജബ്ബാർ വർഷങ്ങളായി കേട്ടു കേട്ടു വെറുത്ത കാര്യങ്ങളായിരിക്കും.
അഞ്ചാം മാസമായിട്ടു സൂറാക്കു ഗർഭപൂതി വരുന്നില്ല.. ഒരു ഭാഗത്ത് നിന്നും തന്റെ പ്രതീക്ഷകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് പാളീസായ നിരാശ ജബ്ബാറിനെ കാർന്നു തിന്നുമ്പോൾ സൂറാക്കെന്താ പൂതിയൊന്നും വരാത്തത്, ഇനിയിപ്പോ വയറ്റിൽ കിടക്കുന്ന കുട്ടിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ആധി വേറൊരു വശത്തു നിന്നും ആക്രമിക്കാൻ തുടങ്ങി. അങ്ങനെ ജബ്ബാറിന്റെ പതിവു ജീവിത ശൈലിയിൽ വനിത, മലയാള മനോരമ, മംഗളം, മനോരാജ്യം എന്തിനു ബാലരമയിലും പൂമ്പാറ്റയിലും വരെ ഡോക്ടറോടു ചോദിക്കുക എന്ന പംക്തിയുണ്ടോ എന്നു പരിശോധിക്കലും കൂടെ സ്ഥാനം പിടിച്ചു. ദിവസവും ഇന്നത്തെ പ്രോഗ്രാം ചെക്ക് ചെയ്തു ചാനലുകളായ ചാനലുകളിലെല്ലാം വരുന്ന ആരോഗ്യ പരിപാടികൾ മുടങ്ങാതെ കാണാൻ തുടങ്ങി. പക്ഷേ ഒരിക്കൽ പോലും സൂറാനോട് അനക്ക് പൂതിയൊന്നും ഇല്ലേടീ എന്നു ചോദിക്കാനുള്ള മനസ്സു ജബ്ബാറിനുണ്ടായില്ല. കാരണം അങ്ങനെ ചോദിച്ച് പറയുന്ന പൂതിക്കൊരു ത്രില്ലുണ്ടാകില്ല എന്നായിരുന്നു ജബ്ബാറിന്റെ പക്ഷം.

ഇടക്കൊരിക്കൽ സൂറാക്കെന്തോ ബുദ്ധിമുട്ടു തോന്നിയപ്പോൾ ഡോക്ടറേ കാണിക്കാൻ പോയപ്പോൾ അതി രഹസ്യമായി ഡോകടറോട് ഈ കാര്യം സൂചിപ്പിച്ചപ്പൊൾ ഡോക്ടർ ജബ്ബാറിന്റെ കളിയാക്കി..
"ഒന്നു പോ ജബ്ബാറെ.. അതൊക്കെ ഇത്ര കാര്യമാക്കാനൊന്നും ഇല്ല.. ഇപ്പഴത്തെ കാലം മാറിയില്ലെ.. ഈ ഗർഭപൂതിയെല്ലാം പണ്ടത്തെ പെണ്ണുങ്ങൾക്കാ.. ആ പിന്നെ കുട്ടിയുടെ പൊസിഷനിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. അതു കൊണ്ട് ഒന്നു ശ്രദ്ധിച്ചേക്കണേ.. സൂറാനോട് പറഞ്ഞ് ഓളേ ടെൻഷനാക്കെണ്ട.."
അന്നു രാത്രി എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട് പേടിച്ച് വിജ്രംഭിച്ച് വിയർത്ത് കുളിച്ച് കിടക്കുമ്പഴാണു ജബ്ബാറിന്റെ തലയിൽ സൂറ മാന്തുന്നത്. കയ് തട്ടിക്കളഞ്ഞ് തിരിഞ്ഞു കിടന്നപ്പോൾ ചെവിയിൽ പിടിച്ചു വലിക്കാനും വയറ്റത്ത് ഇക്കിളിയിടാനും തുടങ്ങി.. അവസാനം സൂറ ജബ്ബാറീന്റെ മുഖം പിടിച്ച് തിരിച്ച് മൂക്കു പൊത്തിപ്പിടിച്ചതോടേ ശ്വാസം മുട്ടി ജബ്ബാർ ചാടിയെഴുന്നേറ്റു. സൈഡിലെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ കണ്ടു കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ തലയിണ ചാരി കാലു നീട്ടി വെച്ച് ചാരിയിരുന്ന് ഒരു കൈ കൊണ്ട് വയറു തടവി മറ്റേ കൈ കൊണ്ടാണു ഈ വക വേലത്തരങ്ങളെല്ലാം ഒപ്പിച്ചത്. ആ ഇരിപ്പും നോട്ടവുമെല്ലാം കണ്ടപ്പോൾ ജബ്ബാറിനു ആധി കയറി..
"ന്തു പറ്റി മുത്തേ.. അനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടാ.. ഡോക്ടറെ വിളിക്കണോ..?"
"ഏയ്.. ഇക്കൊന്നും ഇല്ലിക്കാ.. ഉറക്കം വരുന്നില്ല.. ഇക്ക കെടന്നൊറങ്ങുന്നത് കണ്ടിട്ട് ഇക്ക് സഹിക്കാനും പറ്റണില്ല.."
" ന്റെ സൂറാ.. അനക്ക് ഗർഭായത് അന്റെ ഭാഗ്യ.. ഇല്ലെങ്കിൽ ഇന്റെ കയ്യിപ്പോ അന്റെ തലമണ്ടേലിരുന്നേനെ.." പലുകടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്ത് ജബ്ബാർ തുടർന്നു..
" സൂറാ.. ഡീ പോത്തേ.. പടച്ചോനെ ഓർത്ത് ഇയ്യൊന്നു കെടന്നൊറങ്ങ്.. ഈ സമയത്ത് ഇങ്ങനെ ഉറക്കം കളയാൻ പാടില്ല.."
"അതല്ലിക്കാ.. ഇക്കൊറക്കം വരാത്തേനു വേറൊരു കാരണംണ്ട്.. ഇന്നലെ ആ സീരിയൽ കണ്ടപ്പം മുതൽ ഇക്ക് വല്ലാത്തൊരാഗ്രഹം.."

ഇത് കേട്ടതോടേ ജബ്ബാറിന്റെ ഉറക്കമെല്ലാം പമ്പ കടന്നു.. അടിച്ചു മോനേ.. അടിച്ചു.. അവസാനം ആറ്റു നോറ്റിരുന്ന് സൂറാക്ക് ഗർഭപ്പൂതി വന്നു.. ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ ജബ്ബാർ തന്റെ പൈജാമയുടെ വള്ളിയെല്ലാം ഒന്നൂടെ അഴിച്ചു മുറുക്കി കെട്ടി സ്റ്റാന്റിൽ തൂക്കിയിട്ടിരുന്ന ടീ ഷർട്ട് എടുത്തിട്ടു.. എന്നിട്ട് അലമാരിയ്ൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കയറിന്റെ കഷണമെടുത്ത് വട്ടം ചുറ്റി മരത്തേൽ കയറുമ്പോൾ കാലിലിടാനുള്ള തളപ്പുണ്ടാക്കാൻ തുടങ്ങി.. അതു വട്ടത്തിലാക്കി ഒരു തലേക്കെട്ടു പോലെ തലയില്ലിട്ടു തന്റെ ഉണ്ടക്കണ്ണുരുട്ടി മീശ വിറപ്പിച്ച് സൂറാന്റെ അടുത്ത് ചെന്നു.. മുന്നോട്ടൊന്നു കുനിഞ്ഞ് തന്റെ രണ്ടു കൈപത്തിയും സൂറാന്റെ രണ്ടു കവിളിലും സ്നേഹത്തോടേ പിടിച്ച് കണ്ണുകളിലേക്കുറ്റു നോക്കി പരുക്കൻ ശബ്ദം പരമാവധി റൊമാന്റിക് ടോണിലാക്കി പതിഞ്ഞ ശബ്ദത്തിൽ ജബ്ബാർ ചോദിച്ചു..
"ന്റെ മുത്തിനെന്താണ്ടീ വേണ്ടത്.. അനക്ക് ലൂവിക്ക വേണോ..? ചാമ്പക്കാ വേണോ..? പുളി വേണോ..? മാങ്ങ വേണോ..? കരിക്കു വേണോ.. ഇയ്യ് പറയെന്റെ മുത്തേ ഏഴു കടലും നീന്തിക്കടന്ന് അതിന്റപ്പുറത്തെ മലേന്റെ മോളിലെ ഏറ്റവും വലിയ മരത്തുമ്മേ കേറി അനക്കു ഞാൻ ഒതളങ്ങ വരെ പറിച്ചന്റെ കയ്യിലോട്ടിട്ടു തരും അന്റെ ജബ്ബാറിക്ക.."

ജബ്ബാറിന്റെ ഈ ഭാവ വ്യത്യാസവും ഉത്സാഹവും കാട്ടിക്കൂട്ടലും വെപ്രാളവും ഡയലോഗുമെല്ലാം കണ്ട് പേടിച്ച സൂറാ തന്റെ കവിളത്ത് നിന്നും ജബ്ബാറിന്റെ രണ്ട് കൈകളും പറിച്ചെടുത്ത് വലിച്ചെറിഞ്ഞ് മീശയിൽ പിടിച്ചൊരു വലി വലിച്ചു..
"ന്റെ മൻഷ്യാ.. ഇങ്ങക്കെന്തിന്റെ കേടാ.. ഒറക്കം മൂത്ത് പ്രാന്തായാ.. ഇങ്ങളെന്തൂട്ടാ ഈ കാട്ടണതും പറയണതും..? പോയി മുഖം കഴുകീട്ടു വാ ന്റെ മൻഷ്യാ.. നട്ടപ്പാതിരാക്കാ ഇങ്ങടെ ഒരു കുട്ടിക്കളി..."
ഇതോടെ ജബ്ബാറിന്റെ പാതി ഗ്യാസ് പോയി.. എന്നാലും പ്രതീക്ഷ അസ്തമിച്ചില്ല.. പാതിരാക്ക് ഉറക്കം പോലും വരാതെ എന്തെങ്കിലും ആഗ്രഹിച്ചിരിക്കുന്നുണ്ടെങ്കിൽ 100 ശതമാനവും അതു ഗർഭപ്പൂതി തന്നെയാ.. നോ ഡൗട്ട് ഇൻ ദാറ്റ്..
"അല്ല സൂറാ അനക്കെന്തോ ആഗ്രഹം ഇണ്ടെന്ന് പറഞ്ഞു.. എന്താ അന്റെ പൂതി..?"
" ആഹ് അങ്ങനെ മര്യാദക്ക് ചോദിക്ക്.. ഞാൻ പറയട്ടെ..??"
ജബ്ബാറിന്റെ കണ്ണുകൾ വിടർന്നു.. മുഖം തുടുത്തു...
"ഇയ്യെന്താണെങ്കിലും പറ ന്റെ സൂറാ.. ഞാൻ ശെര്യാക്കി തരാം.."
"അതേ,, ഇനിക്കേ... "
"ഉം അനക്ക്..."
"ഇനിക്കേ..."
"ഉം ഇയ്യ് പറയെടീ പോത്തേ. അനക്ക് എന്തൂട്ട് ഒലക്കയാ വേണ്ടത്.." ജബ്ബാറിന്റെ ക്ഷമ നശിക്കാൻ തുടങ്ങി..
"ന്റെ മനുഷ്യാ.. ഇനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണം... ഇന്നെന്നെ പഠിക്കണം.. ആ സീരിയലിൽ ആ പെണ്ണെന്തു രസായിട്ടാ സ്കൂട്ടി ഓടിക്കുന്നത്.. അതു കണ്ടപ്പ തൊട്ട് ഇക്ക് പൂതി കേറീതാ..
ജനിച്ചിട്ടിന്ന് വരെ ഒരു മൂന്നു ചക്രം സൈക്കിൾ പോലും ഓടിച്ചിട്ടില്ലാത്ത സൂറാടെ ഗർഭപ്പൂതി കേട്ട് സ്വന്തം തല എവിടെ കൊണ്ട് പോയി തല്ലി പൊട്ടിക്കണം എന്നാലോചിച്ച് ഒന്നും മിണ്ടാതെ ലൈറ്റും ഓഫാക്കി കിടന്ന് തല വഴി പുതപ്പിട്ട് മൂടി. അപ്പോഴും എന്താണു സംഭവിച്ചതെന്നു മനസ്സിലാവാതെ, ഇങ്ങേർക്കിതെന്തിന്റെ കേടാണെന്നോർത്ത് മേപ്പട്ടും നോക്കി സ്കൂട്ടിയോടിക്കുന്നത് സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു സൂറ...

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com