August 6, 2011

എന്ന് സ്വൊന്തം നീലി - റീ ലോഡഡ്

പ്രിയപ്പെട്ട ഡ്രാക്കുളചേട്ടന്..
ഇന്ത്യയൂടെ തെക്കു പടിഞ്ഞാറേ മൂലയില്‍ കിടക്കുന്ന കേരളം എന്ന കൊച്ചു സ്ഥലത്തു നിന്നുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ഥലം മനസ്സിലായോ ആവോ..? അതറിയണമെങ്കില്‍ ആദ്യം ഇന്‍ഡ്യ എന്താണെന്നറിയണം.. ഇന്‍ഡ്യയുടെ ആത്മാവു തൊട്ടറിയണം.. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ നിന്നും നീ പഠിച്ച ഇന്‍ഡ്യയല്ല അനുഭവങ്ങളുടെ ഇന്‍ഡ്യ.. കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്‍ഡ്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടി കൊടുപ്പു കാരുടെയും ഇന്‍ഡ്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. ത്രീജിയുടെയും ടൂ ജിയുടെയും ഇന്‍ഡ്യ.. പാര്‍ലമെന്റു പോലും തിഹാര്‍ ജെയിലിലേക്ക് പറിച്ചു നടേണ്ട രീതിയിലേക്ക് അധപതിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഡ്യ.. കട്ട്....!!!

ശ്ശോ.. സോറി ഡ്രാക്കുള ചേട്ടായീ.. ആവേശം മൂത്ത് എന്റെ കണ്ട്രോളു വള്ളി പൊട്ടി പോയതാ... ഇടക്കിടക്ക് മള്‍ട്ടിപ്പ്ള്‍ പേര്‍സണാലിറ്റി കേറി വരുന്ന ഒരു ചെറിയ പ്രശ്നം.. ആവേശം മൂത്ത് അറിയാതെ ആത്മാവില്‍  തേവള്ളി പറമ്പില്‍ ജോസഫ് അലെക്സ് കേറിപ്പോയി.. മിനിഞ്ഞാന്ന് ഏഷ്യാനെറ്റില്‍ കണ്ടതാ.
ഞാന്‍ കാര്യത്തിലേക്ക് കടക്കട്ടെ..!!

കള്ളിയങ്കാട്ട് നീലി എന്നാണെന്റെ പേര്. പറഞാല്‍ ഒരു വിധം ആളുകളൊക്കെ എന്നെ അറിയും. വെറുതെ മനസ്സിലിട്ട് പൊട്ടിച്ച് ഒരു ലഡ്ഡു വേയ്സ്റ്റാക്കെണ്ട. ചേട്ടന്‍ വിചാരിക്കുന്ന ടൈപ്പ് പബ്ലിക് പ്രോപ്പെര്‍ട്ടിയല്ല. ഇവിടുത്തെ അറിയപ്പെടുന്ന ഒരു യക്ഷിയാണ് ഞാന്‍. ചേട്ടന്‍ എന്നെ നീല്‍ എന്നു വിളിച്ചോളു.  നീലി എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനായപ്പോള്‍ കറന്റ് മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാനായി  പേരൊന്നു പരിഷ്ക്കരിച്ചതാ.

ഡ്രാക്കുള ചേട്ടായീ, ഇവിടെ എന്റെ കാര്യം മഹാ എടങ്ങേറാണ്. സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വെക്കാന്‍ ഒരാളു പോലുമില്ലാത്ത അവസ്ഥ. ഇതല്ലാം ആരോടു പറയും എന്നാലോചിച്ചു വെഷമിച്ചു നടക്കുന്നതിനിടയിലാണ് ഡ്രാക്കുള ചേട്ടനെ കുറിച്ചു  ഞാന്‍ ഗൂഗിളില്‍ വായിച്ചത്. നമ്മുടെ ഫീല്‍ഡില്‍ മുടി ചൂടാ മന്നനായി വിലസുന്ന ഡ്രാക്കുള ചേട്ടനല്ലാതെ വേറാര്‍ക്കും എന്നെ സഹായിക്കാന്‍ പറ്റില്ല എന്നെനിക്കറിയാം. എന്നെ കൈ വെടിയരുത് പ്ലീസ്....

നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ഒരു പാവം യക്ഷിയാണ് ഞാന്‍. വെല്‍; ഇവിടെ നാടു ഭരിക്കുന്ന ചോര കുടിയന്മാരേയും, സ്ത്രീ പീഡനക്കാരേയും, അഴിമതി, ക്വൊട്ടേഷന്‍, നോട്ടിരട്ടിപ്പ് മുതലായവരെ എല്ലാം തട്ടിച്ചു നോക്കുവാണെങ്കില്‍ ഞാനൊന്നും ഒന്നുമല്ല. ഈയിടെയായിട്ടിവിടെ കാര്യങ്ങളെല്ലാം വളരെ മോശമായി വരികയാണ്. ആളുകള്‍ക്കൊന്നും മാനവും മര്യാദയില്ലാതായിരിക്കുന്നു. എല്ലാവരും തല തിരിവായിട്ട് ഒരു രക്ഷേയുമില്ല. ഇതൊക്കെയാണ് ഞാന്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ നാടിന്റെ ഒരു ഭൂമി ശാസ്ത്രം..!!

ചേട്ടായിക്കെന്റെ ശെരിക്കുള്ള അവസ്ഥ മനസ്സിലാകാനായി ഒരു ചെറിയ സംഭവം പറയാം. ഒരു ദിവസം പാതിരാവായപ്പോള്‍ ദാഹിച്ചു വലഞ്ഞ ഞാന്‍ കുറച്ചു രക്തം കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു കേട്ടോ? ഒറ്റക്കു നടന്നു വന്ന ഒരുത്തനെ കണ്ടപ്പൊ പോയി കുറച്ചു പാക്ക് തരുമോ എന്നു ചോദിച്ചു. പാക്ക് വാങ്ങിച്ച് വായിലിട്ട് അവനെ ട്യൂണ്‍ ചെയ്ത് വല്ല ബില്‍ഡിങ്ങിന്റേം മണ്ടക്കു കയറ്റി കുറച്ചു ഫ്രഷ് ചോര കുടിക്കാം എന്ന പ്ലാനില്‍ നിക്കുമ്പോ, ആ വൃത്തികെട്ടവന്‍  തിരിച്ചെന്നോടൊരു  ചോദ്യം. ഒറ്റക്കാണോ എന്നു..!!
അതു കഴിഞ്ഞിട്ടു അടുത്തത്. ഒറ്റക്കു നടക്കാന്‍ പേടിയുണ്ടെങ്കില്‍ അവന്റെ വീട്ടിലോട്ടു പോകാം, കാശൊന്നും അവനു പ്രശ്നമില്ലത്രെ.
പിടിച്ചതിനെക്കാള്‍ വലുത് മാളത്തിനകത്ത് എന്നു പറഞ്ഞ പോലെയായി എന്റെ അവസ്ഥ.

അന്നെട്ടിന്റെ പണി കിട്ടിയേനെ. അവന്റടുത്ത് നിന്നും ഒരു വിധം ഊരി പോന്നു.  വീട്ടിലെത്തി ഫ്രിഡ്ജീന്നു ഒരു പക്കറ്റ് ബ്ലഡ് എടുത്ത് കുടിച്ചു ഇടക്കാലാശ്വാസം നേടി, കുറച്ച് കഴിഞപ്പോള്‍ ആകെ തല ചുറ്റലും ശര്‍ദിലുമായിരുന്നു. എന്താണ് സംഭവമെന്നറിയാതെ വെഷമിച്ച് അവശ നിലയില്‍ ഇരിക്കുംമ്പോഴാണ് മറ്റവന്‍ തന്ന പാക്കിന്റെ പാക്കറ്റ് താഴെ കിടക്കുന്നത് കണ്ടത്. എന്തായിരുന്നെന്നറിയ്വോ? 'പാന്‍ പരാഗ്'. എന്ന ഒരു സാധനമായിരുന്നു  ആ ദുഷ്ടന്‍ എനിക്കു തന്നത്. നമുക്കീ പാന്‍പരാഗും കുന്തോം കഴിച്ചു വല്ല ശീലമുണ്ടോ ??

പണ്ട് വേറൊരുത്തനോടു ചോദിച്ചപ്പോള്‍ കിട്ടിയതു ഹാന്‍സ് എന്നു പറയുന്ന സാധനമായിരുന്നു. ഇതെന്തു ചെയ്യാനാന്നു ചോദിച്ചപ്പോള്‍ ഉണ്ടയാക്കി ചുണ്ടിന്റെ അടിയില്‍ വെച്ചാ മതി ഒടുക്കത്തെ മൂഡാകുമെന്നാ പറഞ്ഞത്.. എനിക്കു ദേഷ്യം വന്നു അവന്റെ തന്തക്കും തള്ളക്കും അമ്മാവനേ എല്ലാരേയും ഞാന്‍ ചീത്ത വിളിച്ചു. അതും പോരാഞ്ഞിട്ട് എന്റെ ദേഷ്യം തീരാന്‍ അവന്റെ ചെകിള നോക്കി ഒന്നു പൊട്ടിക്കേണ്ടി വന്നു. വേണ്ടാ വേണ്ടാ എന്നും കരുതി ഡീസന്റ് ആയി നടക്കാന്‍ ശ്രമിക്കുമ്പൊ ഒരുത്തനും സമ്മതിക്കുന്നില്ല. :(

ഗോഡ്സ് ഓണ്‍ കണ്ട്രി. അഥവാ ദൈവത്തിന്റെ സ്വന്തം നാടെന്നു സകലമാന ആളുകളും മന്ത്രിമാരും എന്തിനു, ഡ്രാക്കുള ചേട്ടായിയുടെ നാട്ടുകാരു സായിപ്പന്മാരു വരെ കൊട്ടിഘോഷിച്ച്  നടക്കുന്ന ഈ കേരളത്തിന്റെ അവസ്ഥ എന്താന്നറിയ്വോ?? ഒരു തുള്ളി ശുദ്ധ രക്തം കിട്ടാനില്ല..!! ക്യാന്‍ യൂ ഇമാജിന്‍ ദാറ്റ്..??

വൈകുന്നേരമായാല്‍ എല്ലാവനും കുളിച്ചു റെഡിയായി ഇറങ്ങും.. എന്തിനാ?? കണ്ണില്‍ കണ്ട ബാറിലും ഷാപ്പിലുമെല്ലാം കയറി നിരങ്ങാന്‍. പോരാത്തതിനു മുട്ടിനു മുട്ടിനു ബീവറേജസ് കോര്‍പറേഷന്റെ ഡയറക്ട് സപ്ലൈ സ്റ്റോര്‍. ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തില്‍ റേഷന്‍ കടകളെക്കാള്‍ കൂടുതല്‍ ഗവ്ണ്മെന്റ് നേരിട്ടു നടത്തുന്ന കള്ള് വില്‍പന ശാലകളാണത്രെ.

ഇത് കൊണ്ട് വല്ലതുമായോ? എല്ലാറ്റിനും പുറമേ ഒരു വിധപ്പെട്ടവന്മാരൊക്കെ ജാനുവിന്റേം, മറിയേടേം, കല്ലു വാതില്‍ക്ക്ല്‍ ഇത്താത്താടേം അടുത്ത് പോയി കണ്ണില്‍ കണ്ട  കൊട്ടുവടിയും, മണവാട്ടിയും, ആന മയക്കിയുമെല്ലാം അടിച്ചു കോണ്‍ തെറ്റിയാണു നടപ്പ്. ഏതെങ്കിലും ഒരുത്തനെ പിടിച്ചു രക്തം കുടിച്ചാലോ? പിന്നെ പിറ്റേ ദിവസം രാവിലെ ഒടുക്കത്തെ ഡീ ഹൈഡ്രേഷനും തലവേദനയും..  ഹാങ്ങ് ഓവെര്‍...!! എന്നെ പോലെയുള്ള പാവപ്പെട്ട യക്ഷികള്‍ ഈ നാട്ടിലെങ്ങനെ ജീവിക്കും? ജീവിതം വെറുത്തു പോയി ചേട്ടാ.

കുറച്ചു ശുദ്ധ രക്തം കിട്ടണമെങ്കില്‍ വല്ല ബ്ലഡ് ബാങ്കിലും പോണം. ഫ്രെഷ് അല്ലാന്നുള്ള ഒരു കുഴപ്പം മാത്രമെ ഒള്ളു. പക്ഷേ ധൈര്യമായിട്ടു കുടിക്കാം കേട്ടോ. അസുഖങ്ങളൊന്നും പേടിക്കെണ്ടല്ലോ. അവിടെ നിന്നും കുറച്ച് രക്തം ഒപ്പിച്ചെടുക്കാനാണ് പാട്. നൂറായിരം ഫോര്‍മാലിറ്റികള്‍. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ തരില്ല. അതു മാത്രം പോരാ, കാശും കൊടുക്കണം..
അവിടെ നല്ല വെളുത്ത് തുടുത്ത സായിപ്പന്മാരുടെ ചോരേം കുടിച്ച് അര്‍മാദിച്ചു നടക്കുന്ന നിങ്ങക്ക് ഇതു വല്ലോം പറഞ്ഞാല്‍ മനസ്സിലാകുവോ..??

ഇന്നത്തെ കാലത്ത് യക്ഷിയല്ലാ, മറുതയായാലും.. അതു പോട്ടെ, എന്തിനു പറയുന്നു? ദൈവം തമ്പുരാനാണെങ്കില്‍ പോലും കയ്യില്‍  കാശില്ലെങ്കില്‍ ഒരു കാര്യവും നടക്കില്ല. ആരെയെങ്കിലും പേടിപിച്ച് അവന്മാരുടെ പേര്‍സ് അടിച്ചു മാറ്റിയാലോ.? ഒറ്റയെണ്ണത്തിന്റേം പോക്കറ്റില്‍ കാശില്ല.. കെഡിറ്റ് കാര്‍ഡ്.. ഡെബിറ്റ് കാര്‍ഡ്.. പ്രിവിലേജ് കാര്‍ഡ്.. ക്ലബ് മെമ്പര്‍ഷിപ്പ് കാര്‍ഡ്.. ഡിസ്കൗണ്ട് കാര്‍ഡ്.. അവന്റമ്മേഡെ.. അല്ല പിന്നെ...!!  ചേട്ടായി ഇതു വല്ലോം കേക്കുന്നുണ്ടോ..?? അറിയുന്നുണ്ടാ..??

സോ.. ഐ സ്റ്റാര്‍ട്ടെഡ് വര്‍ക്കിങ്ങ്..!!  ഒരു പ്രൈവെറ്റ് ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായിട്ട് വര്‍ക്ക് ചെയ്യുകയാണിപ്പോള്‍. ഒരു പണിയുമില്ല.. വരുന്നവരേയും പോകുന്നവരേം ഇളിച്ചു കാണിക്കുക..ഇടക്കിടക്കു ലിപ്സ്റ്റിക് ഇടുക.. ഫോണ്‍ വരുമ്പോ അറ്റന്റ് ചെയ്തു കൊഞ്ചി കുഴയുക.. ഈ വക എന്റെര്‍ടെയിന്റ്മെന്റ്സ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവന്‍ മൊബൈല്‍ എടുത്ത് ഫേസ് ബുക്കും ട്വിറ്റെറും എടുത്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു കളിക്കുക.. അത്രേയൊള്ളു..

വേറൊരു ഗുണമെന്താണെന്നു വെച്ചാല്‍, രക്തം കിട്ടാന്‍ വെല്യ ബുധ്ധിമുട്ടില്ല.. ബ്ലഡ് ബാങ്കിന്റെ മാനേജര്‍ മണകുണാഞ്ചനെ മയക്കി എന്റെ സാരി തുമ്പില്‍ കെട്ടിയിട്ടിരിക്കുവാ.. ഇടക്കിടക്കു കൊഞ്ചുക.. വല്ലപ്പോഴും ചക്കരേ തേനെ പഞ്ചാര കട്ടീ എന്നുള്ള രണ്ടു മൂന്നു എസ്സെമ്മെസ് അയക്കുക.. അത്രേം ചെയ്താല്‍ മതി.. എന്തിനാണെന്നു പോലും ചോദിക്കാതെ ആ പൊട്ടന്‍ എത്ര പാക്കറ്റ് ബ്ലഡ് വേണമെങ്കിലും തരും..  അതും പല പല ഗ്രൂപ്പുകള്‍.. ഷുഗര്‍ ഉള്ളത്.. വിത്തൗട്ട്.. ഫാറ്റ് ഉള്ളത്.. ട്രൈ ഗ്ലിസറൈഡ് ഉള്ളത്.. ഹോ.. എനിക്കു വയ്യ.. :) ബട്ട് സ്റ്റില്‍ അയാം നോട്ട് ഫീലിങ്ങ് ദാറ്റ് മച്ച് കംഫര്‍ട്ടബ്‌ള്‍ ഹിയര്‍...,.

ആ, വണ്‍ മോര്‍ തിങ്ങ് ചേട്ടായീ..  ഹോസ്പിറ്റല്‍ ആയതു കൊണ്ട് ഞങ്ങള്‍ യക്ഷികളുടേ ട്രെഡീഷെണല്‍ യൂണിഫോമായ വെള്ള സാരിയുടുക്കാന്‍ മാത്രം യാതൊരു പ്രശ്നവുമില്ല.. സത്യം പറഞ്ഞാല്‍ ഒരു  യക്ഷി ആണല്ലൊ എന്നുള്ള ഒരു ആത്മ വിശ്വാസവും രോമാഞ്ച കഞ്ചുകവുമെല്ലാം വരുന്നത് ആ യൂണിഫോം ഇടുമ്പോഴാ.. നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ നല്ല സുഖമാ.. ഡേ ആണെങ്കില്‍ ഉറക്കം വന്നു പണ്ടാരമടങ്ങി പോകും.. രാത്രി മുഴുവനും അര്‍മാദിച്ച് പകലു വല്ല പാല മരത്തിലോ കരിമ്പനയുടെ മുകളിലോ കിടന്നുറങ്ങിയ കാലം മറന്നു എന്റെ ഡ്രാക്കുള ചേട്ടായീ.. ഫ്ലാറ്റു ജീവിതം ഒട്ടും ഇന്റ്രസ്റ്റിങ്ങ് അല്ല.. എന്തോ ഒരു തടവറയില്‍ കിടക്കുന്ന ഫീലിങ്ങ് ആണ്.. ചുരുക്കം പറഞ്ഞാല്‍ പണിയെടുക്കാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായി..   പകലു പുറത്തിറങ്ങാന്‍ പറ്റില്ല എന്നും പറഞു വീട്ടിലിരുന്നാല്‍ ഒരു പട്ടിയും ചെലവിനു തരില്ല..

ഒരു വിധം കഷ്ടപ്പെട്ട് എല്ലാറ്റിനോടും അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുന്നു.. കിട്ടുന്ന കാശു ഒന്നിനും തികയാത്ത അവസ്ഥ..  പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഡിഗ്രി വേണമെന്നാണ് അഡ്മിന്‍സിട്റേറ്റര്‍ പറഞത്. അതിനു വേണ്ടി പോസ്റ്റലായിട്ടു കംബ്യൂട്ടറും ഇംഗ്ലീഷും പഠിച്ചു. ഇപ്പോള്‍ ഞാന്‍ ഇഗ്നോയുടെ ഡിസ്റ്റന്റ് ഡിഗ്രീ കോര്‍സിനു ചേര്‍ന്നിട്ടുണ്ട്..

ചില തെണ്ടികള്‍ അടുത്തെത്തുമ്പോള്‍ അവരുടെ ബ്ലഡിന്റെ ആ അരോമ ഇങ്ങു വരും എന്റെ ചേട്ടായീ.. വായിലു വെള്ളം നിറയും.. കണ്ണിന്റെ കളറെല്ലാം മാറും.. തേറ്റ പല്ലൊക്കെ അങ്ങു കൂര്‍ത്തു മൂര്‍ത്തു വരും.. ഞാനറിയാതെ തന്നെ.. കടിച്ച് പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് എന്റെ വികാരമെല്ലാം ഞാന്‍ കടിച്ചമര്‍ത്തും..  ഞാന്‍ ഒരു യക്ഷിയാണെന്നു മാനേജ്മെന്റിനും കൂടെ ജോലി ചെയ്യുന്നവര്‍ക്കും മനസ്സിലാകാതിരിക്കാന്‍ എത്ര ബുദ്ധിമുട്ടിയാണെന്നറിയാമോ ഞാന്‍ ജീവിക്കുന്നത്..?   ഇതെല്ലാം കാണുമ്പോള്‍ ആളുകള്‍ടെ വിചാരം എനിക്കു ഒടുക്കത്തെ ജാടയാണെന്നാ ‍. എല്ലാം സഹിച്ചല്ലെ പറ്റൂ..??

ഇതിനെല്ലാം പൂറമെ പണ്ടേ ദുര്‍ബല കൂട്ടത്തില്‍ ഗര്‍ഭിണിയും എന്നു പറഞ്ഞ പോലേ വേറൊരു സാധനവും വന്നിട്ടുണ്ട്. റിസെഷന്‍...!! അതാണത്രെ  ഇപ്പോള്‍ ലോകത്തെല്ലായിടത്തും ട്രെന്‍ഡിങ്ങ് ടോപ്പിക്... ഈ പറയുന്ന സാധനം വല്ലതും അങ്ങു ട്രാന്‍സില്‍‌വാനിയേലോ, അമേരിക്കേലോ എഫെക്റ്റ് ചെയ്തിട്ടുണ്ടോ ഡ്രാക്കുള ചേട്ടായീ..?? ആളുകളോട് കുറച്ചു ചുണ്ണാബ് പോലും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായി. ചോദിച്ചാല്‍ അപ്പൊ പറയും മര്‍കറ്റ് ഡള്ളാണ്.. റിസെഷന്‍ ആണ് ചുണ്ണാബൊന്നും ഇല്ലാത്രെ.. ശമ്പളം ചോദിക്കുമ്പോഴെങ്ങാനും ആ മാനേജര്‍ തെണ്ടി റിസെഷന്‍ എന്നു പറഞ്ഞാല്‍.. അവന്‍ എന്റെ തനി നിറം കാണും.. സത്യമായിട്ടും ഞാന്‍  അവനൈ കൊന്ന്.. അവന്‍ രക്തത്തൈ കുടിത്ത് ഓംകാരം നടത്തിവിടുവേന്‍,... ദുര്‍ഗാഷ്ടമി വരെയൊന്നും ഞാന്‍ കാത്തിരിക്കില്ല..

വേറൊരു കാര്യം കേക്കണോ..??  എന്റെ ചിരിക്കൊന്നും ഇപ്പോള്‍ പണ്ടത്തെ പോലെ എക്കോ കിട്ടുന്നില്ല.. എഫെക്ട് എല്ലാം പോയി... ഒരു ഗുമ്മ് കിട്ടുന്നില്ലെന്നെ.. പണ്ടാണെങ്കില്‍ ആളുകള്‍ക്കെല്ലാം എന്നെ എന്തു പേടിയായിരുന്നെന്നറിയാമോ..?? ഇപ്പൊ ആര്‍ക്കും എന്നെ ഒരു വിലയും ഇല്ല...!!

എന്റെ പേരു കേട്ടാല്‍ പേടിച്ചു മൂത്രമൊഴിച്ചിരുന്നവരെല്ലാം ഇപ്പോള്‍ എന്നെ പറ്റി കേള്‍ക്കുമ്പോള്‍ ചിരിച്ചു പണ്ടാരമടങ്ങുകയാണ്.. ആകെ നാണം കെട്ടു ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായി.  ഇതിനെല്ലാം കാരണം ഒടുക്കത്തെ കുറെ മെഗാ സീരിയലു കാരാണ്. അവരെന്റെ പേരില്‍ മെഗാ സീരിയല്‍ ഇറക്കി നാട്ടുകാരെ ചിരിപ്പിച്ചു പൈസ കൊയ്യുകയാണ്. അതെല്ലാം സഹിക്കാം.. അവന്മാരു ചെയ്ത അക്രമം കേക്കണോ..??  എന്റെ ആജന്മ ശത്രുവായിരുന്ന ആ കാലമാടന്‍ കടമറ്റത്തു കത്തനാരെ വെല്യ ഹീറോ ആക്കി.. ആ ഒണക്ക മാന്തളു പോലിരിക്കുന്ന കൂതറക്കു ഇപ്പോ എന്തോരം ഫാന്‍സ് ആണെന്നു അറിയാമോ..?? മിമിക്രി കാരു വരെ അങ്ങേരെ അനുകരിച്ചു തുടങ്ങി..

നാണക്കേട് മൂത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പല പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.. എനിക്കാണെങ്കില്‍ ഒന്നു മരിക്കാനുള്ള ഭാഗ്യവും ഇല്ല.. മരണമില്ലാത്ത സ്പീഷീസ് ആയി ജനിച്ചു പോയില്ലേ..?? ഇപ്പോള്‍ ജീന്‍സ് വരെ ഇടെണ്ട ഗതികേടിലെത്തിയെന്നു പറഞാല്‍ മതിയല്ലൊ.. സാരിയുടുത്തെങ്ങാനും തിരക്ക് സമയത്ത് ബസ്സില്‍ കയറിയാന്‍ പിന്നെ എന്റെയെന്നല്ല, പെണ്ണായി പിറന്ന ആരായാലും ഹോസ്പിറ്റല്‍ സ്റ്റോപ്പ് എത്തുമ്പോഴെക്കും  അവരുടേ കാര്യം ഹുദാ ഗവാ ആയിപ്പോകും. എല്ലാം സഹിക്കാം, എപ്സ്പെയറി ഡെയ്റ്റ് കഴിഞ്ഞ കെളവന്മാരു പോലും അടങ്ങി ഇരിക്കില്ല. ആ.. ഇപ്പോ ഏതു പത്രമെടുത്ത് നോക്കിയാലും ഇതു തന്നെയാ അവസ്ഥ.. ഒരു പുതിയ പീഡന കേസ് പോലും ഇല്ലാത്ത ദിവസമില്ലെന്നായിരിക്കുന്നു.. പ്രതികളെല്ലാവരും മീശ മുളക്കാത്ത പയ്യന്മാരും, അമ്പത് കഴിഞ കെളവന്മാരും.. കാലം പോയ പോക്കെ..

ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു പോലും അന്യമായി കൊണ്ടിരിക്കുന്നു.. മടുത്തിട്ടാണോ അതൊ സഹി കെട്ടിട്ടാണോ എന്നറിയില്ല.. ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ടു തോന്നുന്നത്..

അമേരിക്കയിലൊക്കെ ഇപ്പോള്‍ എങ്ങനാ.. അവിടെ ഹോളിവുഡ് എന്നു പറയുന്ന ഒരു സ്ഥലമുണ്ടെന്നും ഒരുപാടു സിനിമകളെല്ലാം എടുക്കുന്നുണ്ടെന്നും ഗൂഗിള്‍ അമ്മച്ചി വഴി ഞാന്‍ അറിഞ്ഞു.. ഒറിജിനാലിറ്റിക്കു വേണ്ടി എന്തു കൊള്ളരുതായികയും അവന്മാരു കാണിക്കുമെന്നും കേട്ടു..  ഹൊറര്‍ സിനിമകള്‍ക്കെല്ലാം നല്ല ഡിമാന്റ് ആണെന്നു കേട്ടല്ലോ.. സോ.. ഒരു ഒറിജിനല്‍ യക്ഷി ആയതു കൊണ്ട് എനിക്ക് അവിടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തോന്നുന്നു.. അതു കൊണ്ട് എനിക്കു അങ്ങോട്ടേക്കൊരു  വിസ തന്ന് ഡ്രാക്കുളച്ചേട്ടന്‍ സഹായിക്കണം... ഞാന്‍ അവിടെ വല്ല ഹൊറര്‍ സിനിമയിലും അഭിനയിച്ചു ജീവിച്ചോളാം.. എത്രയും പെട്ടെന്നു തന്നെ പോസറ്റീവായിട്ടുള്ള ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കട്ടെ.

എന്ന് സ്വന്തം നീല്‍.

©fayaz

12 comments:

രക്ത ഫായസമേ...കലക്കി....
നീല്‍ മാഡത്തിന് എക്കോ ഇല്ലെങ്കിലെന്താ...വായിച്ചപ്പോ എന്റെ ചിരിക്ക് ഭയങ്കര എക്കോ..!

ഉണ്ടയാക്കി ചുണ്ടീന്റെ അടീല്‍ വച്ചാല്‍ എക്കോ മാറുമായിരിക്കും...

ഏതായാലും കസറി...

ബട്ട്..അല്‍‌പം ലോങ്ങായിപ്പോയി..! കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ അഭിപ്രായം പറഞ്ഞേനേ...! :)

This comment has been removed by a blog administrator.

എന്തായാലും നീലിക്കി അമരക്കക്ക് പോകാന്‍ പ്ലാനുണ്ട് , എന്‍റെ അറിവില്‍ ഡ്രാക്കുചേട്ടന്‍ ഇപ്പോഴും മൊട്ടന്‍ ബാച്ചിയാ , എന്നാപിന്നെ അതങ്ങ് ആലോചിക്കരുതോ ? പശൂന്‍റെ ചൊറീം മാറും കാക്കേന്‍റെ ബെശപ്പും മാറും , രണ്ടിനും ഒരു ജീബിതോം ആകും ...എങ്ങനെ ??? ;)

@ ആലുവവാല: അപ്പൊ എന്റെ സൃഷ്ടിയില്‍ കത്തി വെക്കണം എന്നാണോ താങ്കള്‍ പറയുന്നത്..??

@Tin2 | തിന്റു : അവരെന്തെങ്കിലും കാണിക്കട്ടെ.. ഉള്ള പണി തന്നെ കൊണ്ടു നടക്കാന്‍ പറ്റുന്നില്ല.. അതിന്റെടേലാ ഇനി ബ്രോക്കറു പണി... എനിക്കൊന്നും വയ്യ ആലോചിക്കാന്‍..

നല്ല സ്റ്റൈലൻ എഴുത്ത്. ഇഷ്ടപ്പെട്ടു.

നന്നായിട്ടുണ്ട്‌ ഫയാസ്‌ എഴുത്ത്‌...
നര്‍മ്മത്തിന്റെയൊപ്പം കേരളത്തിന്റെ കാലികമായ വര്‍ത്തമാനകാല അവസ്ഥകളിലൂടെയുള്ള, അല്ല ദുരവസ്ഥകളിലൂടെയുള്ള ഒരു യാത്രകൂടിയാണ്‌.

Great writing...through neeli u really reflected the reality of our gods own country...not only neeli but we all are running away from our motherland coz of its pathetic situation...I don't know now who's writing is ever gonna change or make a difference in the way our people and youngsters think and act...may be can fayaz ..one day ur qriting qill have that effect...inshallah..

One day ur writting will have that essence to change...inshallah...keep writing nice work...

കലക്കി മാഷെ കലക്കി....

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com