June 13, 2011

പണി പാളി


ഓണറമ്മച്ചിക്കു ഒരു പ്രശ്നവുമുണ്ടാക്കാതെ വളരെ മാന്യമായി ഒരേ കോമ്പൗണ്ടിലെ രണ്ടു വീടൂകളിലൊന്നില്‍ സൂപ്പെറായിട്ടു മാസാ മാസം ഡേറ്റ് തെറ്റാതെ വാടക കൊടുത്തു താമസിച്ചിരുന്ന നല്ല കുടുമ്പത്തില്‍ പിറന്ന പിള്ളേരാ ഞങ്ങളെട്ടു പേരും.

എന്തിനു..? ബിഡീയെസ്സിനു പഠിക്കുന്ന അമ്മച്ചിയുടെ ഇരുപതു വയസ്സുകാരി കൊച്ചു വെക്കേഷനു വരുമ്പോള്‍ ആ കൊച്ചിന്റെ മുഖത്തു പോലും നോക്കാത്ത മര്യാദക്കാര്‍.

ഒരു ദിവസം രാവിലെ തന്നെ ഉടുത്തൊരുങ്ങി വരുന്ന ഹൗസ് ഓണര്‍.. എന്താ സംഭവമെന്നു ചോദിച്ചപ്പോള്‍ പറഞു

"ഇന്നു മോള്‍ടെ ബര്‍ത്ത്ഡേയാ.. പള്ളീലൊന്നു പോയി..!!"

ചങ്കീ കുത്തണ വര്‍ത്താനം പറയല്ലെന്റമ്മച്ചിയേ.. ആ കൊച്ചിനു വയസ്സു കൂടി വരുന്നു എന്നു കേട്ടിട്ടു ചങ്കു കത്തുന്നു.. എന്നു പറയാന്‍ പറ്റില്ലല്ലൊ.. അതു കൊണ്ട് ഇങ്ങനെ ചോദിച്ചു..

"ആഹാ അപ്പൊ ചെലവുണ്ട്ട്ടാ ചേച്ച്യേ..."

"അതിനെന്താ.. മക്കളു ക്ലാസെല്ലാം കഴിഞിട്ടു വാ.."
എഹ്..? ഈ അമ്മച്ചി ഇത്രേം നല്ല ഒരു അമ്മച്ചിയായിരുന്നോ.. കൂളായിട്ടു ചെലവു ചെയ്യാന്നു സമ്മദിച്ചല്ലൊ..

അന്നു വൈകുന്നേരം കോളെജിലെ കിളികളെയെല്ലാം ഒറ്റക്കു വീട്ടിലേക്കു പറഞ്ഞയച്ചു.. സെന്റ് സേവിയേഴ്സ് കോളീജിന്റെ ഫ്രന്‍ഡിലെ പെട്ടിക്കടയില്‍ സോഡാ സര്‍ബത്തും കുടിക്കാന്‍ പോയില്ല..
ഞങ്ങളെ ക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒരുപാടു പെണ്‍കുട്ടികളുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട്  വളരെ നേരത്തേ തന്നെ ഞങ്ങള്‍ തിരിച്ചെത്തി. വീട്ടിലേക്ക് കേറാതെ പീടിന്റെ പുറത്ത് തന്നെ നിന്ന്  വന്ന വിവരം അറിയിക്കാനായി ചിരിയും ബഹളവും തുടങ്ങി..

ആ തള്ളയുടെ ഒരു അനക്കവും ഇല്ല.. പ്രതീക്ഷകളെല്ലാം ഇന്‍ഡ്യക്കാരു വിട്ട റോക്കറ്റ് പോലെ ആകുമോ എന്നുള്ള ആശങ്കയോടെ ഞങ്ങള്‍ കാത്തിരുന്നു..

"ബെല്ലടിച്ചു നോക്കിയാലോ..?? വിശന്നിട്ടു കണ്ണു കാണാന്‍ വയ്യ...!!"

"ആയ്യേ.. നാണക്കേട്.. നമുക്കു വെയ്റ്റ് ചെയ്യാം.. " കഞ്ചന്റെ അഭിപ്രായത്തോട്  യോചിക്കാതെ കുഞ്ചന്റെ മറുപടി...

ആഹഹാ... ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷ പൂത്തിരി കത്തിച്ചു കൊണ്ട്.. കയ്യിലൊരു കൊച്ചു പൊതിയുമായി.. സില്‍സിലാ ഹെ സില്‍സിലാ പാട്ടിന്റെ താളത്തില്‍ മന്ദം മന്ദം അമ്മച്ചി നടന്നു വന്നു..

"ഡാ.. പൊതി കാണാനൊരു ഗുമ്മില്ലല്ലോ..? ഒരു കുഞ്ഞി പൊതിയാ.. "

"മിണ്ടാണ്ടു നിക്കെടാ പട്ടി.. നാണക്കേടാക്കല്ലെ.. ചെലപ്പൊ പൊതിയില്‍ കാശായിരിക്കും.. ടൗണില്‍ പോയി ഇഷ്ടമുള്ളത് കഴിച്ചോളാന്‍ പറയാനാ.." പൊളിയന്റെ കാലില്‍ ചവിട്ടി ഞാന്‍ മുറുമുറുത്തു..

"ശെരിയാടാ.. അമ്മച്ചി മാത്രമല്ലെ വീട്ടിലൊള്ളൂ... ഫൂഡ് ഉണ്ടാക്കാന്‍ ടൈം കിട്ടിക്കാണില്ല.." തിരിച്ചു അതേ ടോണില്‍ തന്നെ പൊളിയനും മറുപടി തന്നു..

ട്രീറ്റുള്ളതു കൊണ്ട് രാവിലെ മുതല്‍ കാലിയാക്കിയിട്ടിരികുന്ന വയറുമായി ഞങ്ങള്‍ ആകാംഷാഭരിതരായി, അമ്മച്ചിയേയും കയ്യിലിരിക്കുന്ന പൊതിയേയും  നോക്കി  വായില്‍ നിറഞ്ഞ പ്രതീക്ഷയുടെ നീരു തുപ്പണൊ ഇറക്കണൊ എന്ന കണ്‍ഫ്യൂഷനില്‍ നിന്നു.

"ഇന്നാ മക്കളേ.. ഇനി ബര്‍ത്ത്ഡേ ട്രീറ്റ് തന്നില്ലാ എന്നു വേണ്ടാ.. കൂട്ടുകാര്‍ക്കും കൂടി കൊടുക്കണേ." എന്നും പറഞു പൊതിയേല്പ്പിച്ചു അമ്മച്ചി മുങ്ങി..

ആക്രാന്തത്തോടെ പൊതി തുറന്ന ഞങ്ങള്‍ടെ വിശപ്പെല്ലാം കത്തിചാമ്പലായി.. ആദ്യരാത്രിയില്‍ പ്രതീക്ഷയോടെ  മണിയറയിലേക്കു കാലെടുത്തു വെച്ചപ്പോള്‍ പെണ്ണു മാറിപ്പോയ ചെക്കന്റെ അവസ്ഥ എന്നു പറയുന്നതാകും കൂടുതല്‍ ശെരി

പൊതിയില്‍ ഇരുപത്തഞ്ചു പൈസയുടെ ന്യൂട്രീന്‍ മിട്ടായി..
അതും എണ്ണി വെച്ചപോലെ എട്ടെണ്ണം..!!

തള്ളേടെ ഒടുക്കത്തെ ചെലവ്... പൊതി മുറ്റത്തേക്ക് വലിച്ചെറിഞ് സോ കാള്‍ഡ് ഹൗസ് ഓണരുടെ തന്നെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന് 'തൊഴിലാളി' ഹോട്ടലില്‍ പോയി വയറ് നിറച്ച് ബിരിയാണി കഴിച്ചു. കണക്കെഴുതാന്‍ പറ്റു ബുക്കെടുത്തപ്പോള്‍ മുരുകന്‍ രാമേട്ടന്റെ കയ്യില്‍ കടന്നു പിടിച്ചു.

"ഈ ബിരിയാണിയുടെ കാശ് കഴിചിട്ടു ഈ മാസത്തെ ഹോട്ടന്‍ വാടക കൊടുത്താല്‍ മതീന്നു ചേച്ചി പറഞിട്ടുണ്ട്.. ഇന്നു ചേച്ചീടെ മോള്‍ടെ ബര്‍ത്ത്ഡേയാ..!"

ചേട്ടന്‍ വാടക കൊടുത്തപ്പോള്‍ എന്തായി എന്നിതു വരെ ഒരറിവും കിട്ടിയിട്ടുമില്ല.. അടിയായോ എന്തൊ.. ആ അതവരു തമ്മില്‍ തീര്‍ത്തോളും.

അന്നു മുതലു അമ്മച്ചിക്ക് പണി കൊടുക്കാന്‍ കിട്ടുന്ന ഒരു ചാന്‍സും ഞങ്ങള്‍ മിസ്സാക്കാറില്ല.. അതി രാവിലെ എണീറ്റ് ന്യൂസ് പേപ്പര്‍ കീറി കളയുക, പാല്‍കാരന്‍ പാലു കൊണ്ടു വെക്കുംമ്പോള്‍ പാലു പകുതി എടുത്ത് ബാക്കി പൈപ്പില്‍ നിന്നും വെള്ളം നിറച്ചു തിരിച്ചു വെക്കുക.. തുടങ്ങിയ കലാ പരിപാടികളോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്

മാര്‍ച്ച് തേര്‍ട്ടീ ഫസ്റ്റ് രാത്രി മുരുകന്‍ ഭായിയാണ് ഐഡിയാ കൊണ്ട് വന്നത്..  നാളെ ഏപ്രില്‍ ഒന്ന്.. അമ്മച്ചിക്കും പിള്ളേര്‍ക്കുമിട്ട് ഒരു മുട്ടന്‍ പണി കൊടുക്കണം.. ആ പ്രമേയം ഞങ്ങളെല്ലാവരും ഐക്യഖണ്ഡേന കയ്യടിച്ചു പാസ്സാക്കി.. പദ്ധതി ആസൂത്രണം ചെയ്തു.. ടോര്‍ച്ചുമെടുത്ത് വീടിന്റെ പുറ്കിലെ വിശാലമായ പറമ്പിലേക്കിറങ്ങി..

രാത്രി ഏകദേശം രണ്ടു മണി കഴിഞ്ഞപ്പോള്‍ ഡോറിന്റെ ഹൈറ്റിനനുസരിച്ചു വെട്ടി റെഡിയാക്കു വെച്ചിരുന്ന ഉണങ്ങിയ തെങ്ങോലയും കുല വെട്ടി ഉണങ്ങി തുടങ്ങിയ ഒരു വാഴയും പൊക്കിയെടുത്ത് കൊണ്ട് വന്ന് അവരുടെ വീടിന്റെ ഫ്രന്റ് ഡോറില്‍ ചാരി വെച്ചു..

ഒരാളൊഴികെ എല്ലാവരും വീട്ടിലേക്ക് കയറി.... വീട്ടിലെ ലൈറ്റെല്ലാം ഓഫ്.. ശമശാന മൂകത.. മറ്റവന്‍ അവരുടെ കാളിംഗ് ബെല്ലടിച്ചു.. ഒരു അനക്കവുമില്ല.. വീണ്ടും അടിച്ചു.. അപ്പൊഴും നോ രക്ഷ... പിന്നൊന്നും നോക്കാതെ എന്തു കുന്തമെങ്കിലും വരട്ടെ എന്നും കരുതി പള്ളിയില്‍ കൂട്ട മണി അടിക്കുന്ന പോലെ ബെല്ലടിച്ചു തള്ളി.. മുകളിലെ  റൂമിലെ ലൈറ്റ് തെളിയുന്ന വരെ ലവന്‍ തുരു തുരാ ബെല്ലടിച്ചു. ലൈറ്റ് ഓണായതും അവന്‍ തിരിച്ചോടി വന്ന് ഞങ്ങളുടെ ഡോറടച്ചു.

പിന്നെ എല്ലാം ഞങ്ങളു പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു നടന്നത്..
ഡോറു തുറന്നതും ചാരി വെച്ചിരുന്ന വാഴയും ഓലയും കൂടി ശ്ര്ര്ര്ര്ര്ര്... എന്ന സൗണ്ട് എഫെക്റ്റോടു കൂടി ഡോറു തുറന്ന ആളുടെ ദേഹത്തോട്ടു കെട്ടി മറിഞ്ഞു വീണു..

അമ്മേ...... എന്ന ഒരു ആണിന്റെ അലര്‍ച്ചയും കേട്ടു..

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഒന്നില്‍  കൂടുതല്‍ പെണ്ണുങ്ങള്‍ടെ കൂട്ട കരച്ചിലും തുടങ്ങി.. ഞങ്ങളാണെങ്കില്‍ ഒന്നും മിണ്ടാതെ പേടിച്ചു എടങ്ങേറായി ലൈറ്റ് ഒന്നും ഓണ്‍ ചെയ്യാതെ ശ്വാസം പോലും വിടാതെ ഒരു റൂമില്‍ ഇരുന്നു..

"ടാ.. ആ ചെക്കന്‍ പേടിച്ചു വടിയായിട്ടുണ്ടാകും.." ഞങ്ങളുടെ കൂട്ടത്തില്‍ ആരൊ ഇതു പറ്ഞപ്പോള്‍ "കരിനാക്കു വളക്കാതെ മിണ്ടാണ്ടിരിക്കെടാ പന്നീ" എന്നും പിറു പിറുത്ത് ഞങ്ങളെല്ലാവരും ശ്വാസം പോലും വിടാതെ കൂനിക്കൂടി ഇരുന്നു..

അപ്പുറത്താണെങ്കില്‍ കരച്ചിലും നിക്കുന്നില്ല.. അയല്‍ക്കാരൊക്കെ ഓടി വന്നു ആകെ ബഹളം.. ബാക്കിയുള്ള എല്ലാ വീട്ടിലും ലൈറ്റ് തെളിഞ്ഞു എല്ലാവരും പുറത്തിറങ്ങി.. ഞങ്ങളു പാവങ്ങ്ലായ എട്ടു ചെറുപ്പക്കാരു താമസിക്കുന്ന വീട്ടില്‍ മാത്രം ലൈറ്റുമില്ല ഒരു അനക്കവുമില്ല..

പുറത്ത് കരച്ചിലും   ബഹളവും..ആരൊ കാര്‍  സ്റ്റാര്‍ട്ട് ചെയ്യുന്നു..

"പെട്ടെന്നു കാരോത്തു കുഴി ഹോസ്പിറ്റലിലേക്കു കൊണ്ടു പോകാം"
"ഏതു നായിന്റെ മക്കളാ ഇതു ചെയ്തത് ..?" എന്നൊക്കെ പുറത്തു നിന്നും ആരൊക്കെയൊ വിളിച്ചു പറയുന്നത് ഞങ്ങള്‍ കേട്ടു..

കാറു നല്ല സ്പീഡില്‍ ഓടിച്ചു പോകുന്ന ശബ്ദം കേട്ടു.. എന്താണു സംഭവിച്ചതെന്നറിയാതെ ഞങ്ങളെട്ടു പേരും ഒന്നും മിണ്ടാതെ റൂമില്‍ തന്നെ ഇരുന്നു.. ഇത്രേം ഒച്ചയും ബഹളവും ഉണ്ടായിട്ടും, നാട്ടുകാരു മുഴുവനും ഓടിവന്നിട്ടും ഒരേ കോമ്പൗണ്ടില്‍ ഉള്ള വീട്ടിലെ ആള്‍ക്കാരു മാത്രം എണീറ്റില്ല എന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സംശയം വരുമല്ലോ.. കുറാച്ച് കഴിഞ്ഞപ്പോല്‍ പുറത്ത് ജനാലക്കരുകില്‍ നിന്നും കുശുകുശൂക്കലും അകത്തേക്കാരൊക്കെയോ ടോര്‍ച്ചടിച്ചു നോക്കലുമൊക്കെ തുടങ്ങി.

പെട്ടെന്നു "വാതിലു തൊറക്കെടാ" എന്നുള്ള അലര്‍ച്ചയോടു കൂടി ഞങ്ങളുടെ ഡോറില്‍ മുട്ടും ചവിട്ടും തുടങ്ങി..
"അവന്മാരിവിടെ തന്നെ ഒണ്ടെടാ.. ദാ ചെരിപ്പും ഷൂവുമെല്ലാം ഇവിടെ തന്നെയുണ്ട്.."
 "വാതിലു ചവിട്ടി പൊളിക്കെടാ.." തുടങ്ങിയ കേട്ടാല്‍ ജീവന്‍ പോകുന്ന തരത്തിലുള്ള അലര്‍ച്ചയും ബഹളവും.. ഞങ്ങളു വാതില്‍ തുറക്കുന്നതിനു മുന്നേ തന്നെ വന്നവന്മാരിടിച്ച് വാതില്‍ തുറന്നു.. പിന്നെ ഇടിയുടെ പെരുന്നളായിരുന്നു..!! എന്തിനു പറയുന്നു.. നാട്ടുകാരെ ആരെയും മൈന്‍ഡാക്കാതെ അടിച്ച് പൊളിച്ച് നടന്ന വരത്തന്മാരോടുള്ള കലിപ്പ് മുഴുവനും അവന്മാരന്നു തീര്‍ത്തു..

സംഭവിച്ചതെന്താണെന്നു വെച്ചാല്‍, അവിടുത്തെ അച്ചായന്‍ ആയിരുന്നു വാതില്‍ തുറന്നത്.. അങ്ങേരു തലേ ദിവസം ഗള്‍ഫീന്നു കെട്ടിയെടുത്തതും,  അപ്പന്‍ വന്നതു പ്രമാണിച്ച് വീട്ടില്‍ മക്കളു വന്നതും ഒന്നും ഞങ്ങള്‍ അറിഞ്ഞില്ലായിരുന്നു. വാതില്‍ തുറന്ന അച്ചായന്‍ പേടിച്ചു ബൊധം കെട്ടു വീണു മൂന്നു ദിവസം ഹോസ്പിറ്റലില്‍ ആയിരുന്നു എന്നും പിന്നീട് ഞങ്ങളറിഞ്ഞു.. അന്നു രാത്രിയായിരുന്നു ആ വീട്ടിലെ ഞങ്ങളുടെ അവസാന രാത്രി..

പിന്നെ ആ വീട്ടിലോട്ടു കാലെടുത്ത് കുത്തിയില്ല.. പേടിച്ചിട്ടല്ല.. അഭിമാനം സമ്മതിക്കാഞ്ഞിട്ടാ.. എന്നാലും ഞങ്ങള്‍ ഞങ്ങളുടെ മര്യാദ കാണിച്ചു.. കൊടുത്ത മൂന്നു മാസത്തെ അഡ്വാന്‍സ് പോലും തിരിചു ചോദിക്കാതെ ആ വീട്ടീന്നെറങ്ങി.. സത്യമായിട്ടും അവരു ഞങ്ങളെ ചവിട്ടി പുറത്താക്കിയതല്ല.. വേണമെങ്കില്‍ വിശ്വസിക്കാം.. ഇല്ലെങ്കിലും വിശ്വസിക്കണം.. പ്ലീസ്..!!

©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com