July 28, 2013

പാരന്റ്സ് ഡേ

സൂറാനേം പിള്ളാരേം ദുബായിൽ കൊണ്ട് വന്നേപിന്നെ ജബ്ബാറിനു തെരക്കോട് തെരക്ക്. സൂറായാണെങ്കിൽ അതിലും വല്ലാത്ത തെരക്ക്. രാവിലേ എണീക്കണം പിള്ളാരെ എണീപ്പിക്കണം, കുളിപ്പിക്കണം, യൂണിഫോം തയ്യാറാക്കണം ടിഫിനും ബ്രേക് ഫാസ്റ്റും കൊടുക്കണം, ഇതൊന്നും പോരാഞ്ഞിട്ട് കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് യൂണുഇഫോമിട്ട് തോളിൽ ബാഗും തൂക്കി സ്കൂൾ ബസ് വരുന്ന ഗ്യാപിൽ വെരലും ചപ്പി സോഫയിൽ കൂനിക്കൂടീയിരുന്നുറങ്ങുന്ന ഇളയവനെ ഉണർത്തണം. ഈ ഒച്ചയും ബഹളവും കരച്ചിലും എല്ലാം കൂടെ രാത്രി ജോലി കഴിഞ്ഞ് വൈകിയെത്തി എങ്ങനെയെങ്കിലും ആറു മണിക്കൂറെങ്കിലും ഉറക്കം തീർക്കാൻ ശ്രമിക്കുന്ന ജബ്ബാറീന്റെ ഉറക്കത്തിന്റെ കാര്യം കട്ടപ്പൊഹ..!

"ന്റെ സൂറാ.. അന്റെ ഹലാക്കിന്റെ ഒച്ചയൊന്നു കൊറക്കെടീ പഹച്ചീ.. ഒന്നൊറന്ങാൻ സമ്മയ്ക്കെടീ.."

"ന്നെ കൊണ്ടൊന്നു പറേപ്പിക്കണ്ട മൻഷ്യാ.. ബാക്കിയുള്ളോരിവിടെ ചക്ര ശ്വാസം വലിക്കുമ്പഴാ നിന്ങടെ ഒരുറക്കം.. ന്നാ ന്ന്യൊന്നു സഹായിക്കണംന്നു വല്ല വിചാരവും ണ്ടോ..?"

ഡോൾബി ഡിജിറ്റൽ എഫെക്റ്റിൽ ജബ്ബാറീന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.. ജബ്ബാറിന്റെ കാലിന്റെടേൽ തിരുകി വെച്ചിരുന്ന തലയിണ ഡ്രെസ്സിന്ങ് ടേബിളിന്റെ സൈഡിലൂടെ പറന്ന് സൂറാടെ നടുമ്പുറത്ത് വീണു, ഇതെന്റെ തെറ്റല്ല എന്ന മട്ടിൽ കസേരയുടെ അടിയിലേക്ക് ചാടി മറിഞ്ഞ് വീണൊളിച്ചു.

"ഹും.. ന്റെ പുറത്തേക്ക് തന്നെ എറിഞ്ഞോ.. ന്നിട്ട് ചൊമയും കൊരയും വന്ന് കിടക്കുമ്പം നിന്ങളു പഠിക്കും.."

"ആഹാ.. അപ്പൊ ഇക്കണ്ടാ ആളോൾക്കെല്ലാം ക്ഷയം വന്നത് ഞാൻ തലയാണി എടുത്തെറിഞ്ഞിട്ടാണല്ലേ..?? ന്നാലും ന്റെ സൂറാ.. ന്തായാലും ഒറക്കം കല്ലത്തായി.. ഇയ്യ് കടുപ്പത്തിലൊരു ചായയിന്ങട്ടെടുക്ക്"

"പിന്നേ.. ഇന്നു മക്കൾടെ ഉസ്കൂളീ പോണംന്നു പറഞ്ഞു.. ഇന്നെന്തോ ഒരു ഡേ ആണത്രേ.."

സ്കൂളീ പോകാൻ നിന്നാൽ ഒരു ദിവസം അന്ങട്ട് പോയിക്കിട്ടും.. അതു മാത്രമല്ല അവ്ടുന്നു വരുന്ന വഴിയാൺ ഹലാക്കിന്റെ സൂപ്പർമാർകെറ്റും ഉള്ളത്. ആ ബോർഡ് കണ്ടാൽ അവളപ്പോ തന്നെ സ്റ്റിയറീന്ങിൽ ചാടി വീണു തിരിച്ചു കളായും. ഇവിടെന്നാണാവോ സ്കൂളിന്റെ വഴിയിലോ പരിസരപ്രദേശന്ങളിലോ സൂപ്പർമാർകെറ്റ് പാടില്ലാന്നുള്ള നെയമം വരാൻ പോണത്.

"പണ്ടാരം.. ഇക്കിന്ന് കൊറേ സ്ഥലത്ത് പൂവ്വാനുള്ളതാ.. ഞാൻ ഡ്രൈവറെ വിടാം.. ഇയ്യ് ഓന്റെ കൂടെ പോയിട്ട് വാ കരളേ."

"ന്നെ കെട്ടിയത് നിന്ങളല്ലെ.. ഡ്രൈവറാണോ..?? ന്നാ പിന്നെ ഞാൻ ആ ഡ്രൈവർടെ..." ബാക്കി പറയുന്നേനും മുന്നെ തന്നെ ജബ്ബാർ ചാടീ സൂറാന്റെ വാ പൊത്തി.

"മതി പിശാശേ.. ഞാൻ വരാം.. എത്ര മണിക്കാ..?"

"പത്ത് മണിക്ക്...!!"

ഒരു വൈധം കഷ്ടപ്പെട്ട് ഏകദേശം പത്തേകാലാകുമ്പോഴേക്കും സ്കൂളിന്റെ മുന്നിലെത്തി. പടച്ചോൻ സഹായിച്ച് ഒരൊറ്റ പാർക്കിന്ങ് പോലും ഒഴിവില്ല.

"നീയൊരു കാര്യം ചെയ്യ്.. പോയി ക്ലാസിന്റവ്ടെ ചെന്നു നിക്ക്.. ഞാൻ എവിടെയെങ്കിലും പാർക്ക് ചെയ്ത് വരാം.. വെർതെ നീയും കൂടെ വെയിലു കൊണ്ട് അന്റെ മൊഞ്ച് കളയെണ്ട..!"

അവസാന പറഞ്ഞ ഡയലോഗിൽ സൂറ മൂക്കും കുത്തി കമിഴ്ന്നടിച്ചു വീണു.. കേട്ടതും മൂപ്പരു ഡോറു തുറന്ന് ചാടിയിറന്ങി സ്കൂളിന്റെ ഗെയിറ്റിന്റെ ഉള്ളിലേക്ക് മറഞ്ഞു. രണ്ടു റൗണ്ടടിച്ചിട്ടും രക്ഷയില്ല.. മൂന്നാമത്തെ റൗണ്ടടിക്കണോ വേണ്ടേ എന്നു ആലോചിക്കുമ്പോഴേക്കും സൂറാടെ ഫോൺ വന്നു..

"ന്റെ മൻഷ്യാ.. ഇന്ങളവ്ടെ സഥലം വാങ്ങി വണ്ടി പാർക്ക് ചെയ്യൊന്നും വേണ്ട.. പെട്ടെന്നിന്ങട്ട് വന്നില്ലെങ്കിൽ ഇന്നെന്റെ മയ്യത്ത് വീട്ടീ കൊണ്ട് പോകാം.. ഇക്കു വയ്യ നാണം കെട്ട് ജീവിക്കാൻ "

അപ്പോഴേക്കും വീണ്ടും ഫോൺ കട്ടായി.. രണ്ടു മൂന്നു പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും ഫോണെടുക്കുന്നില്ല..പാർക്കിന്ങും കിട്ടിയില്ല.. എന്തു പണ്ടാരമെങ്കിലുമാകട്ടേ .. ഓൾടേ മയ്യത്തും കൊണ്ട് വീട്ടീ പോയാലവൾടെ തന്തപ്പിടി ന്നേം കൊല്ലും. സൂറ ജീവിച്ചിരിക്കേണ്ടത് സ്വന്തം ആരോഗ്യത്തിന്റെ അത്യാവശ്യമായത് കൊണ്ട് റോഡിൽ തന്നെ വണ്ടി പാർക്ക് ചെയ്ത് ജബ്ബാർ സ്കൂളിലേക്കോടി.

തെരഞ്ഞു പിടിച്ച് മീറ്റിന്ങ് നടക്കുന്ന ഹാളിലെത്തിയപ്പോഴുണ്ട് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളുടേ ഏറ്റവും പിന്നിലെ ജനലിന്റെ സൈഡില്. ഗുരുവായൂർ കേശവനെ വെല്ലുന്ന തലയെടുപ്പോടേ കാലിൽ കാലെല്ലാം കയറ്റി വെച്ചിരിക്കുന്ന സൂറാ..! ശ്ശെടാ.. ഇവളു തന്നെയാണോ ഇപ്പൊ തന്നെ ഫോൺ വിളിച്ച് കരഞ്ഞത്..? അതോ തനിക്ക് തോന്നിയതോ..? ഹാളിലേക്ക് കയറാതേ നേരെ ജനലിന്റെ പുറത്ത് വന്നു അക്ത്തേക്ക് കയ്യിട്ട് സൂറാനെ തോണ്ടി..

പതുക്കെ എന്നാൽ പരമാവധി ദേഷ്യമെല്ലാം പ്രകടമാക്കി കൊണ്ട് ചോദിച്ചു.. "ന്താണ്ടി പന്നീ.. ഇയ്യല്ലെ ഇപ്പ തന്നെ മരിക്കാൻ പോയേ..? ഇരിപ്പു കണ്ടാലനക്കു ലോട്ടറിയടിച്ച പോലെയുണ്ടല്ലോ.. ന്തിനാ വിളിച്ചേ..? "

"ന്റെ മൻഷ്യാ.. അതൊക്കെ ശെര്യായി.. ഇതു ഇക്ക് ഡീൽ ചെയ്യാനുള്ള തേ ഒള്ളു.. ഇന്ങളു പൊയ്ക്കോ.."

"അനക്ക് പ്രാന്തു മൂത്താ..?"

"ല്യ മനുഷ്യാ.. ഇവ്ടെ വന്നപ്പോ ടീച്ചറും കുട്ട്യോളും വരണോരും പോണോരും എല്ലാം ഹലാക്കിന്റെ ഇംഗ്ലീഷ്.. എനിക്കീ ഏ ബീ സി ഡി പിള്ളേർടെ ബുക്കിൽ കണ്ട പരിചയമല്ലാണ്ട് വേറെന്ത് ബന്ധം.. അതു ആ പെണ്ണുന്ങൾടെ മുന്നീ വെച്ചെന്ങാനും ടീച്ചറിന്നോട് ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാ പിന്നെ സത്യായിട്ടും ഈ ഒന്നാം നെലേന്നെടുത്ത് ചാടാൻ തീരുമാനിച്ചിട്ടാ നിന്ങളെ വിളിച്ചത്. "

"ഡീ മന്ദബുദ്ധീ.. അയ്നു ഇവ്ടുനു ചാട്യാ മോന്തേം കുത്തി വീൺ കുണ്ടിമ്മൽത്തെ തൊലി പോകുന്നല്ലാണ്ട് വേറെ ഒരു ചുക്കും സംഭവിക്കില്ല.. ന്നിട്ടെന്താണ്ടായേ..??"

"ന്നെ കണ്ടപ്പോ തന്നെ ടീച്ചറു പറഞ്ഞു കയറി ബരീൻ. കുത്തിരിക്കീൻ ന്നെല്ലാം.. ടീച്ചറു മലയാളത്തിലാ വർത്താനം പറയണേ.. ന്ങളു പൊയ്ക്കോളീൻ.. ഞാനിതു കഴിഞ്ഞ് വരാം.."

വായിൽ വന്ന തെറിയെല്ലാം കൂടെ ചവച്ചു തുപ്പി വാണം വിട്ട പോലെ ജബ്ബാർ വീണ്ടും പുറത്തേക്കോടി.. ഗെയിറ്റ് കടന്നപ്പോൾ വാച്ച്മാൻ കൈ കാണിച്ച് നിർത്തി..

"എന്ങട്ടാ..??"

"ന്റെ വണ്ടി അപ്പർത്ത് റോഡിലിട്ടിരിക്കുവാ.. പോലീസു വന്നാ ഫൈനടിക്കും.. പെട്ടെന്നു പോയി മാറ്റട്ടെ.."

"ന്നാലൊരു ടാക്സീ കൂടെ പിടിച്ചോ.. ഫൈൻ സ്റ്റേഷനിൽ പോയിട്ട് അടച്ചോ.. ഇന്ങടെ കാറു പോലീസുകാരു വേറെ വണ്ടി കൊണ്ട് വന്നു പൊക്കി കൊണ്ട് പോയി..."

തലേൽ കയ്യും വെച്ച് റോഡിലേക്കും നോക്കി നിന്ന ജബ്ബാറിന്റെ ഫോൺ പിന്നേം അടിക്കാൻ തുടന്ങി..

"ന്താണ്ടീ പോത്തേ,,, അനക്കിപ്പ എന്തിന്റെ പ്രശനമാ..?"

"ന്റെ മനുഷ്യാ.. വെക്കം വാ.. ഇവിടാകെ പ്രശനായി..ഇന്ങളു വെക്കാം വന്നില്ലെങ്കിൽ സത്യായിട്ടും ഞാൻ മൂന്നാം നെലേ കേറി അവ്ടുന്നു ചാടും.. ഇക്കു വയ്യ നാണം കെടാൻ.."

"അന്റൊടുക്കത്തെ ഫോൺ വിളി കാരണം ന്റെ വണ്ടി പോലീസു കൊണ്ട് പോയി.. ഇപ്പെന്താ അന്റെ പ്രശ്നം,,?"

"ന്റെ മൻഷ്യാ.. എല്ലാം കല്ലത്തായി.. ആ പെരട്ട ടീച്ചർ ഒരു പേപ്പറു പൂരിപ്പിക്കാൻ തന്നേക്കുന്നു.. അതിലപ്പടി ഇംഗ്ലീഷാ.. ഇക്ക് കണ്ടിട്ടൊന്നും തിരിയണില്ല.. അപ്പർത്തും ഇപ്പർത്തും ഇരിക്കണോരെല്ലാം എഴ്തി തീരാറായി.. ഇങ്ങളിപ്പം വന്നില്ലെങ്കിൽ ഞാൻ സത്യായിട്ടും ചാടും..!!"

കട്ടാകുന്നതിനു മുന്നു തന്നെ ഫോൺ വാച്ച്മാന്റെ മൂക്കിനെ തൊട്ടു തൊട്ടില്ലെന്ന പോലെ പാഞ്ഞു സ്കൂളിന്റെ മതിലിൽ ഇടിച്ച് തകർന്ന് തരിപ്പണമായി താഴേക്ക് വീണു.. വായും പൊളിച്ച് മൂക്കും തടവി അന്തിച്ചു നിന്ന വാച്ച്മാനേയും കടന്ന് ജബ്ബാർ വീണ്ടും സ്കൂളിന്റകത്തേക്കോടി....!! ഓടുന്ന ഓട്ടത്തിൽ ജബ്ബാറിന്റെ പിറുപിറുക്കൽ വാച്ച്മാനും കേട്ടു.

"ചാടുംന്നു പറഞ്ഞ് പറ്റിച്ചാൽ ഓൾടെ അവസാനം ന്റെ കയ്യോണ്ട് തന്നെ...!!"

5 comments:

"മതി പിശാശേ.. ഞാൻ വരാം.. എത്ര മണിക്കാ..?"

സൂപ്പര്‍ ആയിട്ടുണ്ടേ പോസ്റ്റ്!!

.................. May be u need a better "audience"!! or u deserve it !!! ur flow s too good that I always had a smile with me .. thank u :)

ന്നാ പിന്നെ പോയി എവിടുന്നെങ്കിലും കുറച്ചു പേരെ പൊടിച്ചോണ്ടൂ വാ...

അജിത്ത് ഭായ്... നന്ദീണ്ട്ട്ടാ...

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com