May 22, 2013

കാദര്‍ക്കാ ദി ഗ്രേറ്റ്

പതിവു പോലെ ഇന്നാര്‍ക്കിട്ട് പണി കൊടുക്കണമെന്ന ചിന്തയുമായി കവലയിലെത്തിയ കാദര്‍ക്ക ദേവസ്യേട്ടന്റെ തെറുപ്പ് മേശയില്‍ നിന്നും ചൂണ്ടിയ ബീഡിയും പുകച്ച് ബസ് സ്റ്റോപ്പിലെ സ്ഥിരം ബെഞ്ചിലിരിന്നു. 
'എസ്സെന്‍' ബസ്സിറങ്ങി വന്ന മാന്യ വസ്ത്രധാരിയിലേക്ക് ഫുള്‍ കോണ്‍സണ്ട്റേഷന്‍ അര്‍പ്പിച്ച് കാദര്‍ക്ക അവിടെ തന്നെ പ്രാഞ്ചി പ്രാഞ്ചി നിന്നു. വന്നിറങ്ങിയ മാന്യന്‍ നേരെ ദേവസ്യേട്ടന്റെ കടയിലേക്ക് കയറിയതോടെ കാദര്‍ക്കാടെ ഇരിപ്പുറക്കാതെ ബെഞ്ചില്‍ രണ്ടു കയ്യും കുത്തി ചന്തി രണ്ടു ഭാഗവും പൊക്കിയും താഴ്ത്തിയും കാലുകള്‍ വിറപ്പിച്ചു.

അവസാനം രണ്ടും കല്പിച്ചെഴുന്നേറ്റ കാദര്‍ക്ക കടയിലേക്ക് നല്ല വ്യൂ കിട്ടുന്ന സഥലം നോക്കി കണ്ണട തുടച്ച് മുഖത്ത് ഫിറ്റ് ചെയ്ത് പതുക്കെ കടയുടെ അടുത്തേക്ക് നീങ്ങി. എന്തായാലും ഇവിടുത്തു കാരനല്ല. കടയിലേക്ക് കയറിയ ആളാണെങ്കില്‍ ഒരു സിഗരറ്റ് പോലും വാങ്ങാതെ ദേവസ്യേട്ടനോട് സംസാരിക്കുന്നു. ദേവസ്യേട്ടന്‍ അയാള്‍ പറയുന്നതിനെല്ലാം തലയാട്ടി എന്തോ പറഞ്ഞു കൊണ്ട് വലത്തോട്ടും ഇടത്തോട്ടുമെല്ലാം കൈ ചൂണ്ടുന്നുമുണ്ട്. ലക്ഷണം വെച്ചു ചിന്തിച്ചിട്ട് എന്തോ കല്യാണാലോചന സംബന്ധമാകാനെ സാധ്യതയൊള്ളു... ഹാ.. അങ്ങനെയെങ്ങാനുമാണെങ്കില്‍.. ഞാനിന്നിതൊരു കലക്കു കലക്കും.

ഇനിയും ക്ഷമിച്ച് നിന്നാല്‍ ശെരിയാകില്ല എന്നായപ്പോള്‍ കാദര്‍ക്ക നേരെ കടയിലേക്ക് കയറിച്ചെന്നു.
"ഹാ.. ദോണ്ടെ വന്നല്ലോ..!! ഇതാണ് ഞാനിപ്പൊ തന്നെ പറഞ്ഞ കാദര്‍ക്ക. ഇങ്ങേരോട് ചോദിച്ചാല്‍ സകല വിവരവും കിട്ടും.."
മാന്യന്‍ പ്രതീക്ഷയോടെ കാദര്‍ക്കാനെ നോക്കി ഒരു നെടുവീര്‍പ്പിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കല്യാണം മുടക്കലിന്റെ നൂതന സാങ്കേതിക വിദ്യകളിലേക്ക് കാദര്‍ക്കാടെ ചിന്തകളൂളിയിട്ടു. തലച്ചോറിനുള്ളില്‍ ഒരു പാടു നാളായിട്ടു തുറക്കാതെ പൂട്ടിയിട്ടിരുന്ന പല അറകളും തുറക്കപ്പെട്ടു കഴിഞ്ഞു.
"കാദറേ.. നിന്റെ പെങ്ങളുടേ മോന്‍ റസാഖിന്റെ കാര്യത്തിനാ.. നല്ല രീതിയിലെത്തിച്ചാല്‍ ആ ചെക്കന്‍ രക്ഷപ്പെടുംട്ടാ.." എന്നിട്ട് ദേവസ്യേട്ടന്‍ കാദര്‍ക്കാനെ അര്‍ത്ഥം വെച്ചൊരു നോട്ടവും നോക്കി. "ന്റെ പൊന്നു കാദറെ, സ്വന്തം പെങ്ങളുടെ മോനാണ്. അവന്റെ കട കരളുന്ന തൊരപ്പനാകല്ലേട്ടാ നീ.." നോട്ടത്തിന്റെ അര്‍ഥം വായിക്കാന്‍ കാദറിനൊരു ബുദ്ധിമുട്ടും ഉണ്ടായില്ല...

ഇതോടെ കാദറിന്റെ സകല വള്ളിയും പൊട്ടി.. തലയിലെ തുറന്ന അറകളെല്ലാം പട പടേന്നായി അടഞ്ഞു. കാരണം, കഴിഞ്ഞാഴ്ച്ച പെണ്ണന്വേഷണം തുടങ്ങുന്നതിന്റെ തലേന്നു തന്നെ പെങ്ങളും റസാഖും വീട്ടില്‍ വന്നു അവനെ പെണ്ണു കെട്ടിക്കുന്നതിന്റെ സകല ഉത്തരാദിത്ത്വവും മാമാടെ വെടക്ക് തലേല്‍ വെച്ചിട്ടാണ് അന്വേഷണമാരംഭിച്ചത്. കാദറിന്റെ കുടുംബ സ്നേഹവും മാമ എന്ന നിലയിലുള്ള ഉത്തരവാദിത്ത്വവും സട കുടഞ്ഞെഴുന്നേറ്റു. തലച്ചോറില്‍ നിന്നും പാഞ്ഞു വന്ന ഓരോ കൊണഷ്ട് ചിന്തകളെയും സട കുടഞ്ഞ സിംഹം കടിച്ചു കുടഞ്ഞു പെടലി കണ്ടിച്ചൊരു മൂലയിലേക്കെറിഞ്ഞു.

"എന്തായി മോനെ.. റസാഖിന്റെ മാമയാ ഞാന്‍.. ഓന്റെ ബാപ്പ നാടു വിട്ടതിനു ശേഷം ഞാനായിരുന്നു അവന്റെ പഠിപ്പിച്ചതും വളര്‍ത്തിയതും താലകാലികമാങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുത്തതും.."
"ഓഹ്.. അല്ല കാദര്‍ക്കാ.. എനിക്കീ റസാഖിന്റെ വീടൊന്നു കാണണം., പിന്നെ പോണ വഴിക്ക് എനിക്കയാളെ പറ്റി വിശദമായിട്ടൊന്നറിയുകയും വേണം.."
"അയ്നെന്താ മോനേ.. ബാ.. നമ്മക്കിപ്പൊ തന്നെ പോകാം. ഓന്‍ പണി കഴിഞ്ഞ് വരുമ്പഴേക്കും ഇരുട്ടും.."
"അതു സാരമില്ല.. ആളെ കാണേണ്ട ആവശ്യമൊന്നുമില്ല.. പിന്നെ ആളെങ്ങനെ? സ്വഭാവം മറ്റുകാര്യങ്ങളും.. അല്ലാ.. കുടുമ്പക്കാരോട് ഈ വക കാര്യങ്ങളോന്നും ചോദിച്ചിട്ട് കാര്യമൊന്നുമില്ലെന്നെനിക്കറിയാം.. ന്നാലും..!!"
"ഹെന്റെ റബ്ബില്‍ ആലിമീനായ തമ്പുരാനെ..കാദര്‍ക്കാനെ മോനു വിശ്വസിക്കാം.. ഇക്കാ ആരെ പറ്റിയാണെങ്കിലും സത്യമേ പറയൂ.. ഈടാരോടു ചോദിച്ചാലും മോനതു മന്‍സിലാവും..."
"അല്ലിക്കാ.. ഞാനതല്ല...!!"
"വേണ്ട വേണ്ട മോനൊന്നും പറയെണ്ട.. ഇക്ക ഇതെത്ര കണ്ടിരിക്കുന്നു.. ഈ നാട്ടിലെ എത്ര കല്യാണങ്ങള്‍ ഈ കാദര്‍ക്ക മുന്നില്‍ നിന്നു നടത്തി കൊടുത്തിരിക്കുന്നു.." ഈ കല്ലു വെച്ച നുണാ സഹിക്കാന്‍ പറ്റാതെ കാദര്‍ക്കാടെ മൂലക്കുരു പോലും ഒന്നനങ്ങി.. അതു കാരണമായിരിക്കാം കാദര്‍ക്ക മുന്നോട്ടൊന്നു വേച്ചു പോയതും. മറ്റേ പാര്‍ട്ടി ചാടിക്കേറി പിടിച്ചതു കൊണ്ട് അതു വീണു പൊട്ടാതെ രക്ഷപ്പെട്ടു.

"അപ്പോ റസാഖിന്റെ സ്വഭാവം.. സത്യം പറഞ്ഞാലെന്റെ മോന്‍ ഷുക്കൂറിനേക്കാള്‍ എനിക്കിഷ്ടം റസാഖിനേയാ.. ഇന്റെ മോന്‍ ഷുക്കൂറ് കാരണമാണെന്റെ ടെന്‍ഷന്‍ മുഴ്വോനും. ഇത്രേം ഹറാമ്പെറപ്പുള്ള ഒരുത്തന്‍ എന്റെ മോനായല്ലോന്നുള്ള വെഷമമേ എനിക്കൊള്ളു മോനേ..!" ഇതു കേട്ടപ്പോള്‍ പെടലിയൊടിഞ്ഞ കൊണഷ്റ്റുകളെല്ലാം കൂടെ കാദര്‍ക്കാടെ തലയില്‍ കോറസ് പാടി കരഞ്ഞു. ഒരൊറ്റ ഗര്‍ജനത്തോടെ സിംഹമാ കോറസു നിര്‍ത്തിച്ചു.
"അല്ല മോനേ.. മോന്റെ പെങ്ങക്കാണോ ആലോചന..?"
ആലോചനയോ.. എന്താലോചന..??"
"ഹമ്പടാ ഇതു കൊള്ളാം.. കല്യാണാലോചനയുടെ അന്വേഷണത്തിനു വന്നതല്ലെ..??"
"അല്ലിക്കാ.. റസാഖ് എസ് ഐ ടെസ്റ്റ് എഴുതിയിരുന്നല്ലോ.. അതിനോടനുബന്ധിച്ചുള്ള വെരിഫിക്കേഷനു ഡിപ്പാര്‍ട്ട് മെന്റീന്നു വന്നതാ.."
കാദര്‍ക്കാടെ ശരീരത്തിലോടിയിരുന്ന രക്തമെല്ലാം ഒരു നിമിഷത്തേക്ക് സ്റ്റക്കായി. ഒന്നൂടെ പിന്നോട്ടാഞ്ഞ് എല്ലാം കൂടെ കാദര്‍ക്കാടെ തലയിലേക്കടിച്ചു കയറി. കണ്ണുകളിലാകമാനം ഇരുട്ട് പടര്‍ന്നു.
റസാഖിനു പറഞ്ഞുറപ്പിച്ചിരുന്ന ഇളയ മോളേ ഒരു ഗള്‍ഫുകരനു കെട്ടിച്ചു കൊടുത്തയന്നു റസാഖിന്റെ കണ്ണുകളിലെരിഞ്ഞ കനലുകളാളിപ്പടര്‍ന്നു തന്നെ പൊതിയാന്‍ വരുന്നത് കാദര്‍ക്ക കണ്ടു. സ്വന്തം പെങ്ങളുടെ വേലി മാന്തി സ്വന്തമാക്കിയ ആറു സെന്റിന്റെ വേലിപ്പത്തലുകളെല്ലാം കൂടെ ചാടി മറിഞ്ഞ് നെഞ്ചിന്‍ കൂടു തുളക്കാന്‍ വരുന്നത് കണ്ട കാദര്‍ക്കാടെ ഹൃദയം കൂടു പൊട്ടിച്ച് പുറത്തേക്ക് ചാടാന്‍ വെമ്പല്‍ കൊണ്ടു. ഇതിലെല്ലാമുപരി തലച്ചോറിന്റെ എട്ടാം നിലവറയുടെയും പൂട്ടു പൊട്ടിച്ച് ചാടിയ കൊണഷ്ടൂകളെല്ലാം കൂടെ മാമ യെന്ന സിംഹത്തെ കീഴ്പ്പെടുത്തി. കാദര്‍ക്കാക്കു പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.

"എന്റെ പൊന്നു സാറെ. ഓനേ പോലീസിലേക്കോ പട്ടാളത്തിലേക്കോ എങ്ങോട്ടു വേണമെങ്കിലും കൊണ്ടു പൊയ്ക്കോ. പിന്നെ തിരിച്ചു വിടരുത്. എന്റെ മോന്‍ ഷുക്കൂറിനെയും ബാക്കി ചെക്കന്മാരെയും കൊണ്ടു നടന്നു ചീത്തയാക്കുന്നതും അവനാ. ഈ നാടും നാട്ടാരും പ്രത്യേകിച്ച് നാട്ടിലെ പ്രായം തികഞ്ഞ പെണ്ണുങ്ങളും രക്ഷപ്പെടും, ഒരു നാടിന്റെ പ്രാര്‍ത്ഥന മുഴുവനും സാറിന്റെ കൂടെയുണ്ടാകും.."

1 comments:

കാദര്‍ക്കാ ഇപ്പഴുമുണ്ടോ...??

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com