May 6, 2013

കരിങ്കണ്ണന്‍ ഹൈദ്രോസ്


കണ്ടം പൂട്ടാനാളെ കിട്ടാനില്ല, വിതക്കാനാളില്ല, കൊയ്യാനാളില്ല അങ്ങനെ പലരും പലതും  പറഞ്ഞിട്ടും സുലൈമാനിക്ക തീരുമാനത്തില്‍ തന്നെ. ഞാനീ കണ്ടത്തില്‍ വിത്ത് വിതക്കും നൂറു മേനി കൊയ്യുകയും ചെയ്യും എന്ന പിടിച്ച പിടിയില്‍ നിന്നു. പത്തു മുപ്പത് കൊല്ലാം ഗള്‍ഫിലെ ചൂടില്പണിയെടുത്തുണ്ടാക്കിതിന്റെ സമ്പാദ്യം എന്നു പറയാനുള്ളത് രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചതും, സാമാന്യം തരക്കേടില്ലാത്ത ഒരു വീടൂം പിന്നെ ഈ പാടവുമാണ്. ആ പാടത്ത് വിത്തിട്ട് കൊയ്തെടുത്ത് തിന്നുന്നതിന്റെ രുചി പീട്യേന്നരി വാങ്ങി തിന്നാല്‍ കിട്ടില്ലെന്നു തന്നെയാണ് സുലൈമാനിക്കയുടെ പക്ഷം. തീരുമാനമെടുത്താല്‍ പിന്നെ റിക്ടെര്‍ സ്കെയില്‍ പത്തില്‍ കൂടുതല്‍ കാണിച്ചാലും സുലൈമാനിക്ക ഇളകില്ല. അതാണ് പ്രകൃതം.

ഇളം പച്ച നിറത്തില്‍ സൂര്യപ്രഭയേറ്റ് തിളങ്ങി  തഴച്ച് വളര്‍ന്നു പൊങ്ങിയ ഞാറു കണ്ടപ്പോള്‍ സുലൈമാനിക്ക മനസ്സും തളരിതമായി. ദിവസവും രണ്ടു നേരം തന്റെ വാക്കിങ്ങ് സ്റ്റിക്കും വീശി പാടത്തെത്തും. കണ്ടത്തിനരികിലുള്ള തെങ്ങിന്റെ മണ്ടയില്‍ ഒണക്ക തേങ്ങയോ പട്ടയോ ഇല്ലെന്നുറപ്പു വരുത്തി  മണിക്കൂറുകളോളം തെങ്ങിന്‍ ചുവട്ടില്‍ ആ പാടത്തേക്ക് കണ്ണും നട്ടിരുന്ന് സ്വപ്നം കാണും. പെണ്ണുമ്പിള്ള മൂത്ത മോളേ പള്ളേല്‍ ചുമന്ന സമയത്തു ഗള്‍ഫിലിരുന്ന് സ്വപ്നം കണ്ടതിന്റത്രയും സുഖം കിട്ടിയില്ലെങ്കിലും ഏകദേശം അതിനോടൊപ്പം നില്‍ക്കുന്ന ഒരു സുഖം. സന്തോഷം.. 

അങ്ങനെയിരിക്കെയാണ് അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കെട്ട്യോനോടൊപ്പം താമസിക്കുന്ന രണ്ടാമത്തെ മോള്‍ പാത്തുവിന് ആദ്യമായി പള്ളേലായത്. അപ്രതീക്ഷിതമായി കുളി തെറ്റിയപ്പോള്‍ മുതല്‍ ആകെ എക്സൈറ്റഡായ മോളും മരുമോനും എന്തു ചെയ്യണമെന്നറിയാതെ മേലോട്ടും നോക്കി നിന്നു. മോള്‍ക്കാണെങ്കില്‍ എന്തു കാര്യത്തിനും സംശയങ്ങള്‍. എന്താ ഗര്‍ഭപ്പൂതി വരാത്തെ, ച്ചര്‍ദി വരുന്നില്ല, മനം പിരട്ടലില്ല.. ഇടക്കൊന്നുരണ്ടു പ്രാവശ്യം അണ്ണാക്കില്‍ കയ്യിട്ട് ഓക്കാനിച്ചു സമാധാനിക്കേണ്ടി വന്നത് മാത്രം മിച്ചം. 
ആറ്റു നോറ്റിരുന്ന പൂതിയും ചര്‍ദിയും തുടങ്ങിയതോടെ രണ്ടു പേരുടേം ആപ്പീസു പൂട്ടി. പൂതി മൂത്ത് എന്തെങ്കിലും തിന്നാല്‍ അപ്പൊ തുടങ്ങും മനം പിരട്ടലും ചര്‍ദ്ദിയും. അതും ഒരൊന്നൊന്നര ചര്‍ദ്ദി. വന്നു വന്നു ഭക്ഷണം കഴിക്കണമെന്നില്ല, ടിവിയില്‍ എന്തെങ്കിലും പരസ്യം കണ്ടാലും അപ്പുറത്തെ വീട്ടിലെ ഫുഡിന്റെ മണമടിച്ചാലും വയറ്റിലൊന്നുമില്ലെങ്കിലും ഗ്യാസെങ്കിലും ചര്‍ദിച്ചു വിട്ടില്ലെങ്കില്‍ പെണ്ണിനൊരു സമാധാനവുമില്ലാന്നായി. ചെക്കന്‍ ആപ്പീസിലെ പണിയൊക്കെ നിര്‍ത്തി ലീവെടുത്ത് പെണ്ണിന്റെ പുറം തടവലും മേലു കഴുകാന്‍ വെള്ളം ചൂടാക്കലും നടുവിനും ഡീപ് ഹീറ്റിട്ട് തിരുമ്മി ചൂടു പിടിക്കലുമൊക്കെയായി. 
മരുമോന്റെ ബാപ്പാക്ക് രണ്ടാമത്തെ അറ്റാക്കും വന്ന് ഷുഗറിന്റെ സ്കെയില്‍ ഇനിയും എത്ര വരെ മുകളിലേക്കുയര്‍ത്താം എന്ന യച്ഞത്തിലാണ്, എന്തു വന്നാല്ലും ആ പദ്ധതി ഞാന്‍ പൊളിച്ചറുക്കും എന്നു ദൃഡ പ്രതിച്ഞയെടുത്ത് ഉമ്മ ബാപ്പാക്ക് കാവലിരിക്കുന്ന്. ഈ പ്രത്യേക സാഹചര്യവും, പിന്നെ ഗര്‍ഭിണിയായ എന്നെ നോക്കാന്‍ എനിക്കെന്റെ ഉമ്മ തന്നെ വേണം എന്ന പാത്തുവിന്റെ വയറു തടവിയുള്ള ഇമോഷണല്‍ ബ്ലാക് മെയിലില്‍ങ്ങിന്റെയും പരിണിത ഫലമായി  സുലൈമാനിക്കാക്കും ഭാര്യക്കും നറുക്ക് വീണു. അമേരിക്കയിലേക്ക് ഫാമിലി വിസിറ്റ് എന്ന പേരില്‍ മകളെ പരിചരിക്കാനൊരു വിസ.

വിസ വന്നതോടേ സുലൈമാനിക്കാന്റെ ഉറക്കം കല്ലത്തായി. മോള്‍ വേണോ ഞാറു വേണോ.? മരുമകന്റെ ചെലവില്‍ അമേരിക്ക കാണണോ അതോ ഈ തെങ്ങിന്റടിയില്‍ ഒണക്ക തേങ്ങയും പട്ടയും പേടിച്ചിരുന്ന് പാടം കാണണോ..?? അവസാനം സുലൈമാനിക്കയും പാടവും തോറ്റു. അമേരിക്ക ജെയിച്ചു. പാത്തുവിന്റെ പ്രസവവും നാല്പതു കുളിയുമെല്ലാം വിജയകരമായി നടത്തി നാട്ടില്‍ തിരിച്ചെത്തി. 
പിറ്റേ ദിവസം അതിരാവിലെ പാടത്തെത്തിയ സുലൈമാനിക്കയുടെ ഇടനെഞ്ച് തകര്‍ന്നു പോയി. ഞാറു വളര്‍ന്നു കതിരിട്ടു. പക്ഷെ വിതച്ച ഞാറിനേക്കാള്‍ കൂടൂതല്‍ കളകള്‍. ഇങ്ങനെ നിന്നാല്‍ സ്വന്തമായി അരിയുണ്ടാക്കി തിന്നുന്ന സ്വപ്നം ഈ വര്‍ഷം നടക്കില്ല. കള പറിക്കാന്‍ പാടത്തേക്കിറങ്ങിയാല്‍ ഞാറിന്റെ തണ്ടൊടിയും, കതിരു വീഴും, പിന്നെ ഉള്ളതും കൂടി പോകും.

പാടത്ത് പോയ കെട്ട്യോന്‍ വിഷമത്തോടെ വന്നു ചാരു കസേരയിലേക്ക് വീഴുന്നത് കണ്ട ഭാര്യ വിവരമറിഞ്ഞ് താടിക്കു കയ്യും കൊടുത്ത് മുഖത്താകെ സങ്കടം വാരി പൂശി കട്ടിലപ്പടിയില്‍ ചാരി നിന്ന് കെട്ട്യോനു കമ്പനി കൊടുത്തു കണ്ണും കണ്ണും നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ഭാര്യക്കു പെട്ടെന്നൊരുന്മാദം, ആഹ്ലാദം...
"അല്ല മന്‍ഷ്യേനെ.. നമ്മക്കാ ഹൈദ്രോസിക്കാനെ കൊണ്ടു പോയി ആ പാടമൊന്നു കാണിച്ചാലോ..?"
"ഏഹ്.. നിനക്കെന്താടീ പോത്തേ പ്രാന്തായൊ.. ഹൈദ്രോസിപ്പോ വയസ്സായി പണിക്കൊന്നും പോകാറില്ലെന്ന് നിനക്കറിയില്ലെ..?? പോരാത്തതിന് മക്കളൊക്കെ ഗള്‍ഫിലും. അഥവാ പണിക്ക് വന്നാലും പാടത്തെറങ്ങിയാല്‍ എല്ലാം കൂടെ ചവിട്ടി മെതിച്ച് ഉള്ളതും കൂടെ പോകും.."
"അതല്ല മനുഷ്യാ... ഇതാ പറയണത് ആവശ്യം നേരത്ത് നല്ല ബുദ്ധി പറഞ്ഞ് തരാന്‍ വീട്ടില്‍ പെണ്ണുങ്ങളു തന്നെ വേണമെന്ന്"
ഒന്നും മനസ്സിലാകാതെ സുലൈമാനിക്ക ഭാര്യയുടെ മുഖത്തേക്ക് നോക്കി.
"ന്റെ മനുഷ്യാ.. അങ്ങേരുടെ കരിനാക്കു വെച്ചെന്തെങ്കിലും പറഞ്ഞ് കിട്ടിയാല്‍ നമ്മളു രക്ഷപെട്ടില്ലെ..?? ഇന്നേ വരെ ഹൈദ്രോസിക്കാടെ കരിങ്കണ്ണ് തട്ടിയതൊന്നും തന്നെ നേരെ നിന്നിട്ടില്ല. ഇപ്പഴാണേങ്കില്‍ പാടത്ത് നേരെ ചൊവ്വേ സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഞാറു പോലും കാണാന്‍ പറ്റൂലാന്നല്ലെ നിങ്ങളു പറഞ്ഞത്..??"
"അതേ.. അതിന്..??"
"ഈ കരിങ്കണ്ണന്മാര്‍ക്ക് എന്തായാലും കൂടുതലുള്ളതല്ലെ കണ്ണില്‍ പെടൂ.. ഹൈദ്രോസിക്ക പാടത്തെത്തി കളകള്‍ കണ്ടാലുറപ്പാ.. എന്തെങ്കിലും പറയും. പിന്നെ ആ കളകളൊക്കെ ചീഞ്ഞ് പൊയ്ക്കോളും.പിന്നെ ഈ വിവരം പറയാതെ ഹൈദ്രോസ്ക്കാനെ പാടത്തെത്തിക്കുന്നത് നിങ്ങളുടെ മിടുക്ക്..."
"ഹോ.. നിന്നെ സമ്മതിച്ചു ന്റെ പഹച്ചീ.. ഇത്രേമധികം കുരുട്ടു ബുദ്ധി വിളയിക്കാന്‍ നീയെന്തു വളമാണ്ടീ ബലാലെ തലേലിടുന്നത്.. ??"
സുലൈമാനിക്കാനെ നോക്കി ഒരു കള്ളച്ചിരിയും ചിരിച്ച് തലയിലെ തട്ടം നേരെയാക്കി കെട്ട്യോളു നേരെ അകത്തേക്ക് നടന്നു.
പിറ്റേ ദിവസം പതിവിലും നേരത്തേ തന്നെ സുലൈമാനിക്ക എഴുന്നേറ്റ് അടുത്തുള്ള രാമേട്ടന്റെ ചായക്കടയില്‍ പോയി ഒരു കാലിച്ചായയും പറഞ്ഞ് ഹൈദ്രോസിക്കാടെ പതിവു ചായക്കുള്ള വരവും കാത്തിരുന്നു. ഹൈദ്രോസിക്ക വന്നപ്പോ ബെഞ്ചിന്റെ ഓരത്ത് നിന്നും നീങ്ങി ഇരിക്കാന്‍ സഥലം കൊടുത്തു ഒരു ചായയും പറഞ്ഞു. രാവിലെ തന്നെ ഒരു ഫ്രീ ചായ കിട്ടിയപ്പോള്‍ ഹൈദ്രോസിക്ക ഹാപ്പി. ചൂണ്ടയില്‍ കൊത്തു കിട്ടിയ മുക്കുവന്റെ സന്തോഷം സുലൈമാനിക്കാടെ മുഖത്ത് അലയടിച്ചു. 

ചായ കുടിയും പത്രം വായനയും കഴിഞ്ഞ ഹൈദ്രോസിക്കായുടെ ഒപ്പം സുലമാനിക്കയും എഴുന്നേറ്റു. പതുക്കെ കൂടെ നടന്ന് അമേരിക്കന്‍ വിശേഷങ്ങള്‍ എടുത്തിട്ടങ്ങലക്കി. അതോടെ ഹൈദ്രോസിക്ക കോടീശ്വരനില്‍ ചോദ്യം ചോദിക്കുന്ന സുരേഷ് ഗോപിയുടെ വീറും വാശിയോടും കൂടെ ചോദ്യങ്ങള്‍ ഓപഷനോടു കൂടിയും ഇല്ലാതെയും വീശി തുടങ്ങി. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെ ഡാന്‍സ് ചെയ്ത് കൊണ്ടു പോകുന്നത് പോലെ ചോദ്യങ്ങള്‍ക്കുത്തരങ്ങളും കൊടുത്ത് കഥകളും പറഞ്ഞ് സുലൈമാനിക്ക മിഷന്‍ സക്സസ് ആക്കി. പാടവരമ്പിലെത്തി പാടമെല്ലാം കണ്ടിട്ടും ഹൈദ്രോസിക്കാന്റെ കരിനാക്കില്‍ നിന്നൊന്നും വരുന്നില്ല. അവസാനം സുലൈമാനിക്ക തന്നെ വിഷയം എടുത്തിട്ടു.
"അമേരിക്കയില്‍ പോയത് കൊണ്ട് പാടമൊന്നും ശെരിക്കും നോക്കാന്‍ പറ്റിയില്ലെന്റെ ഹൈദ്രോസേ.. മുഴ്വോനും കള നിറഞ്ഞു..."
"ഉം ശെരിയാ.. കള നിറഞ്ഞിട്ടുണ്ട്..."
ആഹ് കൊത്തി.. കൊത്തി.. ചൂണ്ടയില്‍ കൊത്തീട്ടുണ്ട്.. ഒന്നാഞ്ഞു വലിച്ചാ മീനെ പിടിച്ചു കരക്കിടാം എന്നായി.. സുലൈമാനിക്ക മുഖത്ത് മാക്സിമം ദയനീയത വരുത്തി...  " എന്റെ ഹൈദ്രോസേ.. ഈ നിലക്ക് കളനിന്നാല്‍ ഇക്കൊല്ലത്തെ വെളവിന്റെ കാര്യം..." എന്നും പറഞ്ഞ് ഹൈദ്രോസിക്കാന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.. 
ഇതും കേട്ട് ഹൈദ്രോസിക്ക പാടത്തേക്കും കളകളിലേക്കും നോക്കി.. പാടത്തേക്കിറങ്ങി ഞാറും കതിരുമെല്ലാം പരിശോധിച്ചു.. സുലൈമാനിക്കയാണേങ്കില്‍ പഞ്ച് ഡയലോഗിപ്പം വരും എന്നും പ്രതീക്ഷിച്ച് കാതു കൂര്‍പ്പിച്ച് നിന്നു.. പാടത്തു നിന്നും കയറി വന്ന ഹൈദ്രോസിക്ക സുലൈമാനിക്കായുടെ മുഖത്തേക്ക് നോക്കി ആശ്വസിപ്പിച്ചു.
" ന്റെ സുലൈമാനേ.. നീ പേടിക്കെണ്ടെടാ.. കാര്യം ഇത്രയധികം കളകളെല്ലാം നിറഞ്ഞിട്ടും ഇടക്ക് നില്‍ക്കുന്ന കതിരുകളുണ്ടല്ലോ.. ഹോ.. എന്താ അതിന്റെയെല്ലാം ഒരു മുഴുപ്പും മിനുപ്പും.. എന്തായാലും നീ പ്രതീക്ഷിച്ചതിലും പത്തു പറ നെല്ലു കൂടുതലു കിട്ടിയില്ലെങ്കിലേയൊള്ളു..!!"

അന്നായിരുന്നു സുലൈമാനിക്കാന്റെ ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്...!!

3 comments:

അമ്പട കരിങ്കണ്ണാ...
നിന്റെയൊരു നോട്ടം

അല്ല പിന്നെ... ;)@Ajith , @Nidheesh Krishnan

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com