April 13, 2013

നിതാഖാത്തും ഷുക്കൂറും ഒരു ജനലും


സൗദിയില്‍ നല്ല രീതിയില്‍ ഒരു കാര്‍പെന്ററി വര്‍ക്ക്ഷോപ്പ് നടത്തി കയ്യാലപ്പുറത്തെ തേങ്ങ പോലെ, ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന ക്രൂഷ്യല്‍ പോയിന്റില്‍ നില്ക്കുമ്പോഴാണ് ഇടിത്തീ കണക്കെ ഈ സാധനം വന്നു പതിച്ചത്. 'നിതാഖാത്ത്'. ടീവിയിലും പത്രങ്ങളിലും നിതാക്കാത്ത് വരുന്നു വരുന്നു എന്നു കേട്ടപ്പോഴെല്ലാം ഹിതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു എന്നും പറഞ്ഞ് നെഞ്ചും വിരിച്ച് നടന്നിരുന്ന ഷുക്കൂറിന്ന് രാവിലത്തെ പത്രം കണ്ടപ്പോ മുതല്‍ ജഗ്ഗുവിനെ കണ്ട സീമയെ പോലെ ഒരു മൂലക്ക് ഭയന്ന് വിറച്ച് ഇരിക്കുകയാണ്. നിതാഖാത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്രെ. പത്തില്‍ താഴെ ജോലിക്കാരുള്ള കമ്പനികള്‍ടെ നെഞ്ചത്തേക്കാണ് ഈ കുണ്ടാമണ്ടി ചാടിമറിയാന്‍ നില്‍ക്കുന്നത് എന്നുകൂടി വായിച്ചപ്പോ പൂര്‍ത്തിയായി.
കമ്പനിയിലെ മൂത്താശാരിയുമായി കൂലങ്കുഷമായ ഒരു ചര്‍ച്ച നടത്തിയപ്പോളൊരു മാര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നു. മാസാ മാസം കഫീലിന്റെ അണ്ണാക്കിലേക്ക് സ്പോന്‍സര്‍ഷിപ് ഫീ തള്ളിക്കൊടുക്കുന്നത് പോലെ പേരിനൊരു അറബിയെ ജോലിക്കെടുത്ത്  ഒരു ശമ്പളം ലവന്റെ വീട്ടില്‍ കൊണ്ട് ചെന്ന് കൊടുക്കുക. എല്ലാം കൂടെ കൂട്ടിക്കിഴിച്ചു നോക്കുമ്പോ ശമ്പളവും വാടകയും അക്കോമഡേഷനും ബാങ്ക് ലോണും കഫാലാത്തും വാട്ടര്‍ ഇലക്ട്രിസിറ്റി ബില്ലും എല്ലാം കൂടെ അടച്ചു വരുമ്പോഴേക്കും പിന്നെ വയറ്റിലേക്ക് വല്ലതും ചെല്ലണമെങ്കില്‍ ഷുക്കൂറ് വേറെ പണിക്ക് പോകെണ്ടി വരും എന്ന സ്ഥിതിയിലാകും. അതൊരു തരത്തിലും വര്‍ക്കൗട്ടാകില്ല.. അറ്റകൈക്കൊരു തീരുമാനമെടുത്തു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വെറുതെ തന്നെയിട്ട് എടങ്ങേറാക്കുന്ന മൂത്താശാരിക്ക് തന്നെ കമ്പനി വിറ്റു. അവനനുഭവിച്ച് പണ്ടാരമടങ്ങട്ടെ. ബാങ്കിലെ പേഴ്സണല്‍ ലോണും ക്ലോസ് ചെയ്തു വന്നപ്പോഴേക്കും ടികറ്റ് കാശും കഴിച്ച് കയ്യില്‍ നക്കാപിച്ച ബാക്കിയായി.
നാട്ടിലെത്തിയ ഷുക്കൂര്‍ അത്യാവശ്യം വീട്ടിലെ മെയിന്റനന്‍സെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. കാരണം ഗള്‍ഫ് റിട്ടേണായ ഒരാളു വന്ന് നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഒരു തെണ്ടിയും തിരിഞ്ഞു നോക്കില്ല. കയ്യിലാണെങ്കില്‍ പൈസയും കുറവ്. ഒരു കൊഴിക്കൂടെങ്കിലും പണിതില്ലെങ്കില്‍ പിന്നെ നാട്ടുകാരു പോട്ടെ സ്വന്തക്കാരു പോലും തിരിഞ്ഞു നോക്കില്ല. അങ്ങനെ കോഴിക്കൂട് പണിയാനുള്ള ബഡ്ജറ്റ് പാസ്സാക്കി ആശാരിയെ തെരഞ്ഞ് നടപ്പായി. ഒരൊറ്റയൊരുത്തനെയും കിട്ടാനില്ല. അവസാനം തപ്പി പിടിച്ചൊരുത്തനെ കിട്ടിയപ്പോഴോ..??  ഭയങ്കര തെരക്കാ എന്നെങ്കിലും ഫ്രീയാകുമ്പോള്‍ ഫോണ്‍ ചെയ്യാമെന്ന്. കൂലിയാണെങ്കില്‍ ഒരു തച്ചിന് എണ്ണൂറും ആയിരത്തി മുന്നൂറുമൊക്കെയാണ് ചോദിക്കുന്നത്. കൂലി കേട്ടപ്പോള്‍ ജബ്ബാറിന്റെ തല കറങ്ങി.. സൗദിയില്‍ മുതലാളിയായിരുന്ന സമയം ആ തെണ്ടി മൂത്താശാരിയുടെ കൂടെ നിന്ന് എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ ഇവിടെ ഇതെങ്കിലും ചെയ്യാമായിരുന്നു. ആ ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ല.
വീട്ടില്‍ സ്വന്തക്കാരുടെ ബഹളം.. പുര താമസം, മകള്‍ടെ കല്യാണം, അമ്മായീടെ മോള്‍ടെ മോന്റെ സുന്നത്ത് കല്യാണം ഇതും പോരാഞ്ഞിട്ട് ഭാര്യയുടെ നാത്തൂന്റെ മൂത്ത ജേഷ്ടത്തിയുടെ മോളുടെ വയസ്സറിയിച്ചൂത്രെ. ഇത്രയൊക്കെ വിവരിക്കാന്‍ ഭാര്യക്കെന്താ ഉത്സാഹം.. ഇതിനൊക്കെ പോവുകേം വേണം എന്തെങ്കിലുമൊക്കെ കാര്യമായിട്ട് കൊടുക്കുകേം വേണം. ഓരോരുത്തര്‍ക്കും ആയിരുര്‍പ്യേങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെ നാണക്കേടാകുമെന്ന്.
"എന്റെ പടച്ചോനേ.. ഇവരൊക്കെ മക്കളെ ഒണ്ടാക്കിയതും പൊര വെച്ചതുമെല്ലാം എന്നെ കണ്ടിട്ടാണോടീ..??"
"ഓ.. ഈ മനുഷ്യന്റെ ഒരു തമാശ.. ഒന്നു മിണ്ടാതിരി മനുഷ്യാ..!!"
ഭാര്യ നേരെ അടുക്കളയിലേക്ക് പോയി.. ഇതെങ്ങനാ ഈ പെണ്ണുങ്ങളെല്ലാം കല്യാണം കഴിഞ്ഞാ പിന്നെ ഇത്രേം തലതിരിഞ്ഞു പോകുന്നത് പടച്ചോനേ.. ആലൊചിച്ചിട്ടൊരെത്തും പിടിയും കിട്ടുന്നില്ല.
നാട്ടിലെത്തി രണ്ടാഴ്ചയായിട്ടും ഇനിയെന്ത് എന്ന ചോദ്യത്തിനു മത്രം ഷുക്കൂറിനുത്തരം കിട്ടുന്നില്ല. ബിരിയാണി വെക്കാനും മീന്‍ വാങ്ങിക്കാനും പോത്തിറച്ചി വാങ്ങിക്കാനും ഫ്രൂട്ട്സ് വാങ്ങിക്കാനും എന്തിനു പറയുന്നു ഇത്യാതി എല്ലാ കാര്യങ്ങളും ഉഷാറയി നടക്കുന്നുണ്ട്.
"അല്ല മനുഷ്യാ.. നിങ്ങള്‍ടെ കോഴിക്കൂട് പണിയെന്തായി.. ആശാരി വര്വോ..??"
"ഉവ്വ.. ആശാരിയും കൂശാരിയും.. ഇനി ഞാന്‍ തന്നെ പണിയേണ്ടി വരും.."
"അതിന്റേം കൂടെ ഒരു കുറവേയുള്ളു.. ഗള്‍ഫിലെ ആശാരി മുതലാളി വന്ന് ആശാരിപ്പണി ചെയ്യേ..? നാണം കെടാന്‍ വേറെ വല്ലതും വേണൊ മനുഷ്യാ..??"

ഡിം... കിട്ടി... കിട്ടീ.. യൂറേക്കാ...
ഉടുത്ത ലുങ്കിയാലെ തന്നെ ബെഡില്‍ നിന്നും ചാടീയെഴുന്നേറ്റ് ഷുക്കൂര്‍ തുള്ളിക്കളിച്ചു. പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചു റെഡിയായി വീട്ടീന്നെറങ്ങി. ജംഗ്ഷനിലെത്തിയപ്പോള്‍ വിചാരിച്ചത് പോലെ തന്നെ..  നിലാവത്തഴിച്ചു വിട്ട കോഴികളെ പ്പോലെ അങ്ങിങ്ങു കൂട്ടം കൂടിയിരിക്കുന്ന ബംഗാളികളും ബീഹാറികളും. നേരെ പോയി കുറച്ചെണ്ണത്തിനെ പിടിച്ചിരുത്തി ഇന്റര്‍‌വ്യൂ നടത്തി. കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് ആശാരിപ്പണിയറിയാം.. മതി ഇത്രേം മതി.. ഇതു കൊണ്ട് പ്ലാന്‍ വര്‍ക്കൗട്ട് ആകും. ചോദിച്ച കൂലി അഡ്വാന്‍സായി കൊടുത്ത് വീട്ടില്‍ കൊണ്ട് വന്ന് കോഴിക്കൂട് പണിയലും തുടങ്ങി. രണ്‍റ്റു ദിവസം കൊണ്ട് സംഭവം റെഡിയായി. അവരുമായിട്ടുള്ള വിശദമായ ചര്‍ച്ചയില്‍ മറ്റു കാര്യങ്ങളിലും ഒരു തീരുമാനമായി.
കോഴിക്കൂട് പണിഞ്ഞതിന്റെ നാലാം നാള്‍ തൊട്ടടുത്ത ജംഗ്ഷനിലെ ഒറ്റഷട്ടറില്‍ ഒരു ബോര്‍ഡ് തൂങ്ങി. 'ഗള്‍ഫ് കാര്‍പെന്ററി വര്‍ക്ക് ഷോപ്, പ്രോ : ഷുക്കൂര്‍' പള്ളീലെ മുസ്ല്യാരു വന്ന് ഉഷാറായിട്ടൊരു ദുആയിരക്കലും ശേഷം ഭേഷായിട്ട് നെയ്ച്ചോറും പോത്തിറച്ചിയും. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഷുക്കൂറും ബംഗാളികളും മാത്രം ബാക്കിയായി. ഒരു പണിയും നടന്നില്ല. വൈകുന്നേരമായപ്പൊള്‍ പണിക്കാരു വന്നു ശമ്പളം ചോദിച്ചപ്പോഴാണ് ഷുക്കൂര്‍ പോകറ്റില്‍ ബാക്കിയൊന്നുമില്ലെന്നുള്ള ആ നഗ്ന സത്യം മനസ്സിലാക്കിയത്. ഒരു പ്രൊപ്രൈറ്റര്‍ അല്ലേ.. ധൈര്യം കൈ വെടിയാന്‍ പാടില്ലല്ലൊ.. പണിക്കാരെന്തു കരുതും? ഗമയൊട്ടും വിടാതെ തന്നെ ഷുക്കൂര്‍ പറഞ്ഞു..
"ആജ് ജാവോ.. കല്‍ ആവോ.. ശമ്പളം മാസാവസാനം തരാ ഹൈ.. ഏക് കമ്പനീ മേം പണിയെടുക്കുമ്പോള്‍ ശമ്പളം മഹീനേ മേ ഹൈ.."
പണിക്കാരു മുഖത്തോടു മുഖം നോക്കി ഹിങിയില്‍ എന്തൊക്കെയോ പിറുപിറുത്തു തലയും ചൊറിഞ്ഞ് പോയി. ഷട്ടറിടുമ്പോഴാണ് ഹൈദ്രോസിക്ക വന്നത്.
"ഷുക്കൂറെ, വീട്ടിലെ ബെഡ്റൂമിന്റെ ജനലാകെ ചെതലരിച്ചു തൂങ്ങികെടപ്പാ.. നാളെ അതൊന്ന് ശെര്യാക്കണമല്ലോ...  രാവിലെ നടക്കുമോ..?"
ഷുക്കൂറിന്റെ മനസ്സില്‍ ആഹ്ലാദം തിരതല്ലി.. എന്റെ ചിതലു ദൈവങ്ങളേ.. നിങ്ങളാണെന്റെ എല്ലാം. നാട്ടിലെ എല്ലാ വീട്ടിലും പോയി വാതിലും ജനലും മേശയും കസേരയുമെല്ലാം തിന്നു തീര്‍ക്കെന്റെ മക്കളേ.. "ഹാ അതെന്താ ഹൈദ്രോസിക്കാ.. നാളെ തന്നെ പണിക്കാരു വന്നോളും.. സംഭവം റെഡി മണി മുണ്ടക്കയമാക്കി ത്തരാം..."
"ഉം.. ശെരി.. പണ്ടത്തെ പോലെ വല്ല ഉഡായിപ്പ് പണിയും കൊണ്ട് വന്നാല്‍.. എന്നെ നിനക്കറിയാലോ..??"
"എന്തൂട്ട് വര്‍ത്താനാണിതെന്റെയിക്കാ.. ഇത് പണ്ടത്തെ ഷുക്കൂറല്ല.. ഞാന്‍ നന്നായി ഹൈദ്രോസിക്കാ.."
നീട്ടിയൊന്നു മൂളി ഹൈദ്രോസിക്ക യാത്രയായി. ഹൈദ്രോസ്ക്കാടെ ആക്ടീവ അങ്ങു ദൂരെ ചക്രവാളത്തില്‍ ഒരു ചിതലിനോളം വലുപ്പത്തില്‍ ചെറുതായി മറയുന്നതു വരെ ഷുക്കൂര്‍ റ്റാ റ്റാ കാണിച്ചു കൊണ്ടിരുന്നു.
പിറ്റേന്നു രാവിലെ തന്നെ ഷുക്കൂറ് വര്‍ക്ക്ഷോപ്പ് തുറന്നു. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന മക്കാ മദീനാ ഫോട്ടത്തിനു താഴെ ഒരു കൂടി ചന്ദനത്തിരി കത്തിച്ച് വെച്ചു.  ആദ്യത്തെ പണിയാ.. ഐശ്വര്യത്തോടെ തുടങ്ങണം.. ഇതില്‍ പിടിച്ചാല്‍ പിന്നെ ഉഷാറായിക്കോളും.. പിന്നെ വച്ചടി വച്ചടി.. ശ്ശോ.. ആലോചിച്ചിട്ട് തന്നെ ഷുക്കൂറിനാകെ രോമാഞ്ചമായി.
എട്ടുമണിയും കഴിഞ്ഞു.. ഒന്‍പതും കഴിഞ്ഞു പത്തായിട്ടും പണിക്കാരെ കാണുന്നില്ല. കള്ള ബംഗാളികള്‍ ഇന്നലെ ശമ്പളം കൊടുക്കാഞ്ഞിട്ട് നൈസായിട്ട് പണി തന്നതാണെന്ന് മനസ്സിലാക്കാനുള്ളത്രയും ബുദ്ധിയില്ലാഞ്ഞിട്ടോ അതോ വെറുതെ അങ്ങനെ കരുതി ടെന്‍ഷനടിക്കണ്ടെന്ന് കരുതീട്ടോ എന്തോ... ഷുക്കൂറ് പിന്നേം അക്ഷമനായി പണിക്കാരേം നോക്കി നിപ്പായി.
അങ്ങനെ നിക്കുമ്പോ കണ്ടു.. ദൂരെ നിന്നും സ്പീഡില്‍ഹോണ്ട ആക്ടീവയും പായിച്ചു വരുന്ന ഹൈദ്രോസ്ക്കാ. പണ്ടാരം.. ആദ്യമായി കിട്ടിയ പണിയാ.. ഇതു കളയാന്‍ പറ്റില്ല. രണ്ടും കല്പിച്ച് ഷുക്കൂര്‍ ടൂള്‍ കിറ്റുമെടുത്ത് കടയുടെ ഷട്ടറിട്ടു.. തിരിഞ്ഞ് നോക്കിയപ്പോള്‍ തൊട്ടു മുന്നില്‍ ആക്ടീവയില്‍ നിന്നിറങ്ങാതെ തന്നെ ഹൈദ്രോസ്ക്ക.
"ഇന്നലെ നിന്നെ പണിയേല്പിച്ചപ്പോ തന്നെ എനിക്കുറപ്പായിരുന്നു നീയിന്നും പണ്ടത്തെ സ്വഭാവം എടുക്കുമെന്ന്.. നിനക്കൊന്നു നന്നായിക്കൂടേടാ ഹമുക്കേ.."
"അല്ല ഹൈദ്രോസിക്കാ.. പണിക്കാരു ചെക്കന്മാരു കാലത്തെ തന്നെ വേറൊരു പണിക്കു പോയതാ. ഒരു മണിക്കൂറത്തെ പണിയൊള്ളൂന്നും പറഞ്ഞ് പോയിട്ടിതു വരെ വന്നില്ല.."
"ന്നാ പിന്നെ നിനക്കതൊന്നു വിളിച്ച് പറഞ്ഞൂടെ..?? ഞാന്‍ വേറെ വല്ല പണിക്കാരെം വിളിക്കൂലേ ഹിമാറെ..? "
"ഇക്ക പേടിക്കേണ്ട, വണ്ടിയെടുക്ക്..ഇതെനിക്ക് ചെയ്യാവുന്നതെയൊള്ളു.. ഇക്ക ആദ്യായിട്ട് ഏല്പിച്ച പണിയല്ലെ.. ഞാന്‍ തന്നെ ചെയ്തു തരാം.. "  ഷുക്കൂര്‍ നേരെ വണ്ടിയിലേക്ക് ചാടിക്കയറി.
"അതാണെനിക്കു പേടി.. നീ വന്നിട്ടെന്തു കാട്ടാനാണ്ടാ..??"
"എന്റിക്കാ.. ഞാനവിടെ കാര്‍പെന്ററി നടത്തുവായിരുന്നില്ലേ..?? ഇതിലെന്നെ വെട്ടാന്‍ ആര്‍ക്കും പറ്റൂല്ലാ.. ഇക്ക വണ്ടിയെടുക്ക്.. ഞാന്‍ ശെര്യാക്കി തരാം.. "
എന്നിട്ടും വുശ്വാസം വരാതെ മനസ്സില്ലാ മനസ്സോടേ ഹൈദ്രോസ്ക്ക വണ്ടിയെടുത്തു.

ജനലിന്നടുത്തെത്തിയ ഷുക്കൂറ് ജനലൊക്കെ ഇളക്കി പിടിച്ച് നോക്കി.. എവിടുന്ന് എങ്ങനെ തുടങ്ങണമെന്നൊരു എത്തും പിടിയും കിട്ടുന്നില്ല. പടച്ചോനെ പണി പാളിയോ.? സൗദിയില്‍ കാര്‍പെന്ററി വര്‍ക്ക് ഷോപ്പ് നടത്തീന്നല്ലാണ്ട് ഒരു പണിയും ചെയ്യാനറിയില്ല. അവിടെ പിന്നെ പണിക്കാരു  ഇതു പോലെ പറ്റിച്ചു പോകുന്ന ഏര്‍പ്പാടില്ലാത്തത് കൊണ്ട് ഒരു വിധം പിടിച്ചു നിന്നു.. ഇവിടെ ഇതു പോലൊരു പണി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ.. ലക്ഷണം കണ്ടിട്ട് ജനലു മൊത്തം മാറ്റേണ്ടി വരും.. ഫ്രെയിമില്‍ നിന്നും വിജാഗിരി ഇളകിത്തെറിച്ചു നില്‍ക്കുന്നു.. ഉള്ളു മുഴുവനും ചെതലു തിന്നു പൊള്ളയായിരിക്കുന്നു. ഇതെത്തൂട്ട് പണ്ടാറാ ചെയ്യാ..??
കുറെ നേരം ഉളിയും കൊട്ടുവടിയും സ്ക്രൂഡ്രൈവറുമെല്ലാം പിടിച്ച് പണിത്ത് ഒരു വിധം ജനലു രണ്ടൂം ഊരിയെടുത്തു. ഭാഗ്യത്തിന്‍ ജനല്പാളിയില്‍ പിടിപ്പിച്ചിരിക്കുന്ന വിജാഗിരിക്കൊരു കുഴപ്പവുമില്ല. ഫ്രെയിമിനാണ് പ്രശ്നം. അവസാനം ഒരു വിധം വിജാഗിരി ഉറപ്പിക്കേണ്ട ഭാഗത്ത് ഉളിയെല്ലാം വെച്ച് ചുരണ്ടിയെടുത്ത് അവിടെ സ്യൂട്ടാകുന്ന രീതിയില്‍ രണ്ട് മരക്കുറ്റി ചെത്തിയെടുത്ത് ആ ഗ്യാപ്പില്‍ വെച്ച് ആണിയടിച്ചുറപ്പിച്ച് ജനലും ഫിറ്റ് ചെയ്തു..!!
സക്സസ്.. മിഷന്‍ അക്കമ്പ്ലിഷ്ഡ്..!! അങ്ങനെ ആദ്യമായി ഒരു പണി ചെയ്തിരിക്കുന്നു.. ഇത്രേയൊള്ളു കാര്യം.. ഇതിനെന്തിനാ ബംഗാളി..?? ഞാന്‍ തന്നെ ധാരാളം. പട ജയിച്ച സുല്‍ത്താന്റെ ഗമയില്‍ നെഞ്ചും വിരിച്ച് നേരെ ചാരുകസേരയില്‍ പത്രം വായിച്ച് കിടന്നിരുന്ന ഹൈദ്രോസ്ക്കാനടുത്തേക്ക് ചെന്നു..
"ഇക്കാ.. അതു കഴിഞ്ഞൂട്ടാ.. "
"ആഹ്.. ശെരിക്കും ചെയ്തോടാ..??"
"അതെന്തു ചോദ്യമാണെന്റെയിക്കാ.. ഈ ഷുക്കൂറൊരു പണിയേറ്റാല്‍ പിന്നെ ഏറ്റതാന്നിക്കാക്കറിയില്ലേ..?"
പണ്ടും നീ പണിയേല്‍ക്കലു മാത്രല്ലേ ഉണ്ടായിരുന്നൊള്ളു.. ചെയ്യാറില്ലായിരുന്നല്ലഓ.. ന്തായാലും നീ പൊയ്ക്കോ..ഞാനിതൊന്നു തീര്‍ക്കട്ടെ.. ആമിനാന്റടുത്തുന്ന് കാശു മേടിച്ചോ.. "
ഹൈദ്രോസ്ക്ക പത്രത്തിലേക്ക് മുഖം പൂഴ്ത്തി..
ആമിനാത്താന്റെ കയ്യില്‍ നിന്ന് ആദ്യ കൂലിയും വാങ്ങി സന്തോഷത്തോടെ ഷുക്കൂര്‍ വീട്ടിലേക്ക് നടന്നു. ഉച്ചക്ക് ഭേഷായിട്ടുള്ള തീറ്റയും കഴിഞ്ഞ് റൂമിലെത്തിയപ്പോഴാണ് ഹൈദ്രോസ്ക്കാക്ക് ജനലു നോക്കാനുള്ള സമയം കിട്ടിയത്. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. കനലു രണ്ടു മൂന്നു പ്രാവശ്യം തുറന്നടച്ചു.. കുഴപ്പമില്ല.. ചെറിയൊരു ഇളക്കം പോലെ തോന്നുന്നുണ്ടോ..?? ഇപ്രാവശ്യം കുറച്ച് സ്ട്രോങ്ങായിട്ടു തന്നെ ഹൈദ്രോസ്ക്കാ ജനല്‍ വലിച്ചടച്ചു. ഇത്രയും ആയപ്പോഴേക്കും ജനലിന്റെ ഫ്രെയിമും എല്ലാം കൂടെ പറിഞ്ഞ് ദാ കിടക്കുന്നു താഴെ.
ഹദ്രോസ്ക്കാ ദേഷ്യം കൊണ്ട് വിറച്ചു.. അപ്പൊ തന്നെ ഫോണെടുത്ത് ഷുക്കൂറിനെ വിളിച്ചു.. "ഡാ ഹിമാറെ.. നീയിപ്പൊ തന്നെ ഇങ്ങ് ബാ.. നിന്റെയൊരു ജനലു പണിയല്‍.."
എന്തോ പ്രശ്നമുണ്ടെന്ന് ഷുക്കൂറിനു മനസിലായി.. പക്ഷെ അതിത്രയും കടുത്ത പ്രശനമാണെന്ന് അവിടെത്തുന്ന വരെ ഷുക്കൂറ് പ്രതീക്ഷിച്ചിരുന്നില്ല.
"ഇതെന്താണ്ടാ പന്നീ നീ കാണിച്ചു വെച്ചേക്കുന്നത്..??"
ഷുക്കൂറിനൊരെത്തും പിടിയും കിട്ടിയില്ല.. ന്നാ പിന്നെ കിടന്നുരുളാന്‍ തന്നെ തീരുമാനിച്ചു..
" എന്റിക്കാ. ഇതു ഞാന്‍ ശെരിക്കും ശെരിയാക്കിയതായിരുന്നലോ.. പിന്നെങ്ങനെ.."
തക്കാളി പഴുത്ത് നില്‍ക്കുന്നത് പോലെയുള്ള ഹൈദ്രോസ്ക്കാടെ മുഖം കണ്ടത്തോടെ പിന്നൊന്നും പറയാതെ താഴെ കുത്തിയിരുന്ന് വീണു കിടക്കുന്ന ജനലും ഫ്രെയിമുമെല്ലാം ഇളക്കിയും വലിച്ചും നോക്കാന്‍ തുടങ്ങി. എന്തെങ്കിലും പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെട്ടാലെ മതിയാകൂ.. രക്ഷപ്പെടാന്‍ തക്ക വണ്ണം ശക്തമായ കാരണങ്ങളൊല്ലും നോക്കീട്ട് കാണുന്നുമില്ല. അവസാനം, വരുന്നത് വരട്ടെ എന്നു തീരുമാനിച്ച് നേരെ ഹോദ്രോസ്ക്കാന്റെ മുന്നിലേക്ക് നടന്നു..
"ഉം.. എന്താണ്ടാ..?"
"ഇക്കാ.. ഇതിനൊരു പ്രശ്നവും കാണുന്നില്ലല്ലോ.."
"പിന്നെങ്ങനാടാ നായെ അതു പറിഞ്ഞ് താഴെ പോയത്.." ഹോദ്രോസിക്കാടെ ടെമ്പര്‍ വലിഞ്ഞ് ഇപ്പൊ പൊട്ടും എന്ന നിലയിലായി..
"അതു പിന്നെ ഇക്കാ.. ഒന്നുകില്‍ ഇക്ക ഈ ജനലടച്ചിട്ടുണ്ട്.. അല്ലെങ്കില്‍ തുറന്നിട്ടുണ്ട്.. അല്ലാതെ ഇതിങ്ങനെ സംഭവിക്കില്ല..."
ട്ടേ...!!
അപ്പുറത്ത് കിണറ്റില്‍ നിന്നും വെള്ളം കോറ്യി കൊണ്ടിരുന്ന ആമിനാത്താനെ കയ്യില്‍ നിന്നും പിടിവിട്ട് ബ്ലൂം ശബ്ദത്തോടെ ബകറ്റ് കിണറ്റില്‍ വീണു..
വീടിന്റെ മച്ചില്‍ കൂടു കൂട്ടിയിരുന്ന പ്രാവുകള്‍ ചിറകിട്ടടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു സ്റ്റില്ലായി നിന്നു..
രണ്ടു വട്ടം കറങ്ങി താഴെ വീണ ഷുക്കൂറിന്റെ കണ്ണിലേക്ക് ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന നക്ഷത്രങ്ങളോക്കെയും കൂട്ടത്തോടെ വിരുന്നു വന്നു.. തലയിലെ പെരുപ്പും ചെവിയിലെ ബീപ്പുമെല്ലാം നിന്നു കഴിഞ്ഞിട്ടും ഹൈദ്രോസിക്കാന്റെ അടിയുടെ ചൂടില്‍ നിന്നും റിലേ കിട്ടുന്നില്ല..
കവിളു തടവി അതവിടെ തന്നെയുണ്ടെന്നുറപ്പു വരുത്തി ഇതെന്തു പണിയാണിക്കാ എന്ന ഭാവത്തില്‍ മുഖത്ത് മാക്സിമം ദയനീയത് വിളിച്ചു വരുത്തി നോക്കി..
" നീ നോക്കെണ്ട ഷുക്കൂറെ. ഒന്നുകില്‍ ഞാന്‍ നിന്നെ അടിച്ചിട്ടുണ്ട്.. അല്ലെങ്കില്‍ നീ അടി കൊണ്ടിട്ടുണ്ട്.. ഇല്ലെങ്കില്‍ നീയിങ്ങനെ താഴെ വീഴില്ല... പിന്നെ എണീച്ചു പോകുമ്പോള്‍ എന്റേന്നു വാങ്ങിയ കാശാ തിണ്ണയില്‍ വെച്ചിട്ട് നീ പോയാ മതി.."
ഹൈദ്രോസ്ക്കാ അകത്തേക്ക് നടന്നു..
അന്ധാളിച്ച് നിന്ന ഷുക്കൂറിന്റെ മനസ്സില്‍ വേറൊന്നുമുണ്ടായിരുന്നില്ല.. "സൗദീന്റുമ്മാടെ ഒരു നിതാഖാത്ത്... #%#%^$^&* "

4 comments:

"അതു പിന്നെ ഇക്കാ.. ഒന്നുകില്‍ ഇക്ക ഈ ജനലടച്ചിട്ടുണ്ട്.. അല്ലെങ്കില്‍ തുറന്നിട്ടുണ്ട്.. അല്ലാതെ ഇതിങ്ങനെ സംഭവിക്കില്ല..."

ഹഹഹ. ഹൈദ്രോസിക്കാനോടാരാ ജനല്‍ തുറക്കാന്‍ പറഞ്ഞത്??!!

ROFL!!!ure a full on entertainer

:D :D :D u really need more readers !!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com