April 9, 2015

ലോ ഓഫ് ഇനെര്‍ഷ്യ

"ഇക്കാ.. ഇങ്ങളല്ലേ പറഞ്ഞത് ഈ ഫിസിക്സും കെമിസ്ട്രിയുമൊന്നും പഠിച്ചിട്ടൊരു കാര്യവുമില്ലാ.. ഇതിനൊക്കെ നിത്യ ജീവിതത്തിലൊരു ഉപകാരവും ഇല്ലാന്നൊക്കെ??"
ഏഹ്.. ഇവള്‍ക്കെന്താ ഇപ്പ പെട്ടെന്നിങ്ങനെയൊക്കെ തോന്നാന്‍..?? എന്താണെന്നറിയാന്‍ ആകാംഷയുണ്ടായിരുന്നിട്ടും ജാടയൊട്ടും വിടാതെ തന്നെ മറുപടി കൊടുത്തു..
"അതേടീ.. നിത്യ ജീവിത്തില്‍ മാനേജ്മെന്റിനേക്കാള്‍ ഉപകാരപ്രധമായ മറ്റൊന്നും ഇല്ല.... എന്തോരം ആള്‍ക്കാരെയാണു ഞാന്‍ ഡെയ്‌ലി മാനേജ് ചെയ്യുന്നതന്നറിയാമോ..?" ഒരു എഞ്ചിനീയര്‍ വന്നിരിക്കുന്നു... നമ്മള്‍ടെ അടുത്താ കളി..
"എന്നാ കേട്ടോ.. ഇന്നു ഫിസിക്സ് തിയറി പ്രയോഗിച്ച് ഞാന്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.."
ഏഹ്.. ഇവളെന്നോടുള്ള വാശിക്ക് ഇമ്മാതിരി പണിയൊക്കെ ചെയ്തു തുടങ്ങിയോ..? അധികം മൈന്‍ഡാക്കെണ്ടാ.. സംസാരത്തില്‍ മാക്സിമം നിസ്സംഗത വരുതി..
"ഉവ്വ നീ ഒലത്തി.."
"അധികം ആളു കളിക്കാണ്ട് ഇതു കേള്‍ക്ക് മനുഷ്യാ.."
"ഉം പറ.."
"ഉപ്പ ഇന്നെന്നെ റെയില്‍‌വേ സ്റ്റേഷനിലേക്ക് ആക്കാന്‍ വന്നപ്പോ ഭയങ്കര ബ്ലോക്ക്.."
"ഉം.. അപ്പൊ ബ്രേക്ക് പാടിന്റെ ഫ്രിക്ഷനും നിന്റുപ്പാടെ കാലിന്റെ ഫോര്‍സും കൂടെ അങ്ങട്ട് ഉരുട്ടിക്കൂട്ടി പ്രയോഗിച്ച് കാറു നിന്നൂന്നാകും.."
"ഒലക്കേടെ മൂട്...!! അതല്ല മനുഷ്യാ.. ഇങ്ങക്ക് കേക്കാന്‍ സൗകര്യമുണ്ടോ..?"
അവള്‍ടെ സംസാരത്തിലെ മയമെല്ലാം പോയിതുടങ്ങീന്നായപ്പോള്‍ സമാധാന കാംഷിയായ വെറുമൊരു സാധാരണ ഭര്‍ത്താവായി മാറാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.. വെറുതെ അവള്‍ടെ വായിലിരിക്കുന്നത് വാങ്ങിച്ച് വെക്കണ്ട..
"ഉം ശെരി.. പറഞ്ഞോ..."
"അപ്പോ ഞങ്ങള്‍ വേറെ റോട്ടീക്കൂടെ വന്ന് ഇപ്പുറത്ത് നിര്‍ത്തി.. അവിടുന്നു ഒരു ഇടവഴീക്കൂടെ കേറിയാല്‍ പെട്ടെന്നു സ്റ്റേഷനില്‍ എത്തും എന്നു ഉപ്പ പറഞ്ഞു..."
"ഉം.. മൂപ്പര്‍ക്കീ ഇടവഴിയെല്ലാം എങ്ങനെ അറിയാടീ...?"
"ആഹ് അതു നിങ്ങ ചോയിച്ചൂന്ന് ഞാനുപ്പാനോട് പറയാട്ടാ.."
"അള്ളോ വേണ്ടാ.. നീ കാര്യത്തിലേക്ക് വാ.. എന്നിട്ട്..?"
"ചെറിയ ഇരുട്ടായി തുടങ്ങി.. വഴിയില്‍ ആരും ഇല്ല.. വോള്‍ട്ടേജില്ലാത്ത സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം മാത്രം... ചുറ്റും ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം.."
അവളുടെ വിശദീകരണവും സംസാരത്തിലെ ഭാവവുമെല്ലാം ആയപ്പോള്‍ എനിക്കു പേടിയായി തുടങ്ങി..
" ഹോ.. എന്നിട്ട്..?? നീ പേടിച്ചോ..??"
"ഹേയ് അപ്പൊ പേടിച്ചില്ല.. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍..."
"കുറച്ച് കഴിഞ്ഞപ്പോള്‍...??"
"കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും ഒരു ചെക്കന്‍.."
"ചെക്കന്‍ നിന്നെ എന്തെങ്കിലും ചെയ്തോ.. അവനെ കണ്ടാലെങ്ങനിരിക്കും..?"
"ഇല്ലല്ല.. അവന്‍ എന്നോട് ചോദിച്ചു.."
വളരെ സീരിയസ്സായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ് അവളൊന്നു നിര്‍ത്തി..
"നീ വേഗം കാര്യം പറയെടീ.."
"എന്നോട് ചോദിച്ചു..എഞ്ചിനീയറിങ്ങ് കോളേജിലേക്കാണോ എന്നു.."
ഹോ.. നെഞ്ചില്‍ കെട്ടി നിന്ന ശ്വാസമെല്ലാം കൂടെ ഒന്നാകെ ഓട്ട വന്ന ബലൂണീന്നു കാറ്റു പോകുന്ന പോലെ ഒറ്റ പോക്കങ്ങു പോയി...
"ആഹ്.. അതാണോ.. വെല്യ കാര്യം..? നിന്നെ കണ്ടപ്പോ അവന്റെ കൂടെ പഠിക്കുന്ന വല്ല കുട്ടികളുടെയും ഉമ്മയാണെന്നു കരുതി ചോദിച്ചതാകും.. പക്ഷേ ഇതിലെവിടേടീ നിന്റെ ഫിസിക്സ്..??"
"അടങ്ങു.. ഞാന്‍ അവനു മറുപടിയൊന്നും കൊടുക്കാതെ വേഗം നടന്നു.. അപ്പോ അവനും വേഗം നടന്നു..
"അതവനു തെരക്കായിട്ടായിരിക്കും.. നീ വെറുതെ പാവം ചെക്കന്മാരെ തെറ്റിദ്ധരിക്കരുത്.."
"അല്ലല്ല.. അപ്പോ ഞാന്‍ സ്പീഡ് കൂട്ടി.. "
"അതു നന്നായി.."
"അപ്പോ അവനും സ്പീഡ് കൂട്ടി.."
"ഏഹ്...?"
"പിന്നേം ഞാന്‍ സ്പീഡ് കൂട്ടി നടന്നു.."
"ആഹാ.."
"അവനും സ്പീഡ് കൂട്ടി നടന്നു.."
ആകാംഷയുടെ നിമിഷങ്ങള്‍.. അവള്‍ പറയുന്നത് കേട്ട് മൂളി മൂളി എനിക്ക് പിന്നേം ശ്വാസം മുട്ടി തുടങ്ങി.. മനസ്സില്‍ പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം വരാന്‍ തുടങ്ങി..
"പണ്ടാരം.. നിര്‍ത്ത് നിര്‍ത്ത്.. നടന്നത് മതി... ഇങ്ങനെ നടന്നു നടന്നു ഒരു മാതിരി അമല്‍ നീരദിന്റെ പടം പോലെ ആക്കല്ലെ.. നീ ഫിസിക്സ് കൊണ്ടു വാ.."
"ആഹ്.. ദാ വരുന്നിക്കാ സംഭവത്തിന്റെ ട്വിസ്റ്റ്.."
"ട്വിസ്റ്റെങ്കില്‍ ട്വിസ്റ്റ്.. പോരട്ടെ.."
"പെട്ടെന്നാണു എനിക്കു ന്യൂട്ടന്റെ ലോ ഓഫ് ഇനെര്‍ഷ്യ ഓര്‍മ്മ വന്നത്.."
"ച്ചേയ്..!!"
"ഏഹ്.. എന്താണിക്കാ..??"
"വഷളത്തി.. നീ ന്യൂട്ടന്റെ എന്തോന്നു ഓര്‍ത്തെന്നാ..??"
"ന്യൂട്ടന്റെ ഇനെര്‍ഷ്യ.." അവളുടെ സംസാരത്തില്‍ ഒടുക്കത്തെ നിഷ്കളങ്കത..
"ഹോ.. ഈ സമയത്ത് നിനക്കിതൊക്കെ ഓര്‍മ്മ വന്നോ...?"
"ത്ഫൂ.. വൃത്തികേട് പറയാതെ മനുഷ്യാ.... ഇതതല്ല.."
"ഏഹ്.. ഇതതല്ലേ..? പിന്നെ നീയെന്താ ചെയ്തത്.."
"ഞാനാരാ മോള്‍.. അപ്പൊ തന്നെ ഞാനത് പ്രയോഗിച്ചു..."
ഹും.. ഇനിയിതുമ്മെ പിടിച്ചു തൂങ്ങി എനിക്കു ഇതു പോലും അറിയില്ലാന്നവളെകൊണ്ട് പറയിക്കെണ്ട.. ഇല്ലെങ്കില്‍ പിന്നെ മാനേജ്മെന്റ് പറഞ്ഞു അടിച്ചൊതുക്കാന്‍ പറ്റില്ല.. ഇനെര്‍ഷ്യയല്ല... ഇനെര്‍ഷ്യയുടെ മൂത്താപ്പയാണെങ്കിലും എനിക്കു പുല്ലാണെന്നു വരുത്തുന്ന രീതിയില്‍ ചോദിച്ചു..
"നിന്റെ ബാഗെടുത്ത് അവനെ അടിച്ചോ.?"
"ന്റെ മനുഷ്യാ അതു ഫോര്‍സില്‍ വരുന്ന കാര്യങ്ങളല്ലേ..? ഇങ്ങക്ക് ന്യൂട്ടന്‍സ് ലോ ഓഫ് മോഷനിലെ, ലോ ഓഫ് ഇനെര്‍ഷ്യ അറിയില്ലാ..??" അവള്‍ക്കത്ഭുതം..
"പിന്നേ.. മോഷനല്ലേ..? അതു ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിച്ചതാ.."
"ഏഹ് അഞ്ചിലോ..??"
"ആഹ് അഞ്ചായാലും പത്തായാലും.. അതവിടെ നിക്കട്ടെ.. പിന്നെ ഒരു ലോ ആകുമ്പോള്‍ അതു പല രീതിയിലും പ്രയോഗിക്കാമല്ലോ.. അതു കൊണ്ടാ ഞാന്‍ ബാഗെടുത്തടിച്ചോന്നു ചോദിച്ചത്...."
"ആഹ്... അതു പോട്ടെ.. ഞാന്‍ കുറച്ചൂടെ സ്പീഡ് കൂട്ടീട്ടാ.. അപ്പോ.."
പണ്ടാരടങ്ങാനായിട്ട് അവളു ദാ വീണ്ടും നടക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഇങനെ നടന്നാല്‍ ബാക്കിയുള്ളോരിവിടെ ശ്വാസം മുട്ടി ചാകും.. അതു കൊണ്ട് നേരെ ചാടി സംസാരം ഇന്റെര്‍ഫിയര്‍ ചെയ്തു..
"അവനും സ്പീഡ് കൂട്ടി.. അത്രല്ലേ ഒള്ളു..?"
"ശെടാ ചൂടാകല്ലിഷ്ടാ.. ഞാന്‍ അങ്ങനെ സ്പീഡ് കൂട്ടി നടത്തം മാറി ഓട്ടം ആകുന്ന ആ പോയിന്റില്‍ ആയപ്പോള്‍ പെട്ടെന്നു നടത്തം നിര്‍ത്തി.."
ഹോ ഭാഗ്യം.. നടത്തതിനൊരവസാനം വന്നല്ലോ.. എനിക്ക് ശ്വാസം വിടാനുള്ള ഗ്യാപ്പ് കിട്ടി..
"ഓഹ്.. വെല്യ കാര്യം.. എന്നിട്ട്..?"
"അതേ.. വെല്യ കാര്യം തന്നെ.. ഇങ്ങനെ കളിയാക്കാന്‍ ആണെങ്കില്‍ ഞാനില്ലാട്ടാ.."
"ശ്ശെടാ.. കളിയാക്കിയതല്ല.. ഞാനൊന്നാശ്വസിച്ചതാ.. നീ നിന്നിട്ട്..??
"ഞാന്‍ നിന്നപ്പോള്‍ ലവന്റെ ഇനെര്‍ഷ്യ കാരണം അവനു നിക്കാന്‍ പറ്റിയില്ല.. അവന്‍ അതേ സ്പീഡില്‍ നേരെ മുന്നോട്ട് തന്നെ പോയി.. ഹി ഹി ഹി.."
"ശ്ശോ.. ഇതിലെന്തൂട്ടിത്ര കിണിക്കാന്‍.. എന്നിട്ട്..?"
"ന്റെ മനുഷ്യാ.. അതാണു ഫിസിക്സ്.. അസ് പെര്‍ ദി ലോ ഓഫ് ഇനെര്‍ഷ്യ.. എൻ ഒബ്ജെക്റ്റ്‌ ഇൻ മോഷൻ സ്റ്റേയ്സ്‌ ഇൻ മോഷൻ വിത്‌ ദി സെയിം സ്പീഡ്‌ ആന്റ്‌ ഇൻ ദി സെയിം ഡയറക്ഷൻ അൺലെസ്സ്‌"
"ന്റെ റബ്ബേ.. മതി നിര്‍ത്ത്... നീ നിന്നു അവന്‍ മുന്നിലോട്ട് പോയി.. ഇതില്‍ നീയെങ്ങനെ രക്ഷപ്പെട്ടു..?"
"ന്റെ മന്‍ഷ്യാ.. ഇങ്ങളെന്തൂട്ട് മാനേജ്മെന്റാ..? അവനു പിന്നെ മനപ്പൂ‌ര്വം സ്പീട് കുറക്കാനോ ഞാന്‍ അവനെ ഓവെര്‍ടേക്ക് ചെയ്ത് പോകുന്നത് വരെ വെയിറ്റ് ചെയ്യാനോ അവന്റെ അഭിമാനം അനുവദിക്കുമോ..?"
"ഹമ്പടി കേമീ...."
"എനിക്കിനി സാവധാനത്തില്‍ പോയാ പോരെ.. അവന്‍ ചമ്മി..
"ഹോ സമ്മതിച്ചു..."
"ഇങ്ങളു പറ.. എങ്ങനുണ്ടായിരുന്നു ഫിസിക്സ് കൂട്ടിക്കലര്‍ത്തിയുള്ള എന്റെ സൈക്കോളാജിക്കല്‍ മൂവ്..??"
"ഹോ.. വെള്‍ഡണ്‍ മൈ ബോയ്.. വെരി വെല്‍ഡണ്‍.. ഫിസിക്സ് നീണാള്‍ വാഴട്ടെ.."
ഇതാണു പറഞ്ഞത്.. നമ്മളേക്കാള്‍ ബുദ്ധിയും വിവരവുമുള്ള പെണ്ണിനെ കെട്ടാന്‍ പാടില്ലാന്നു.. സത്യത്തില്‍ ഇപ്പഴും എനിക്കിതു വരെ ഈ ലോ ഓഫ് ഇനെര്‍ഷ്യ എന്താണെന്നു ഒരു എത്തു പിടിയും കിട്ടീട്ടില്ല. ന്യൂട്ടന്‍ എന്നു കേള്‍ക്കുമ്പോഴും ഇടക്കിടക്കു ലൂസ് മോഷന്‍ വരുമ്പഴുമാണീ ലോ ഓഫ് മോഷന്‍ ഓര്‍മ്മ വരുന്നത്.. അതിന്റെ ഉള്ളില്‍ ഇയ്യാളെന്തിനാ ഈ ലോ ഓഫ് ഇനെര്‍ഷ്യയും കൂടെ കുത്തിക്കയറ്റി വെച്ചത്..?
എന്നാലും, എന്തായിരിക്കും ന്യൂട്ടന്റെ ലോ ഓഫ് ഇനെര്‍ഷ്യ..???

2 comments:

ഇതൊരു പൊടിയ്ക്ക് വലിച്ചു നീട്ടൽ ആയില്ലേ............ന്നൊരു സംശയം.
ബി ഗ്രേഡ് ആണ് ഇതിനുള്ള മാർക്ക്‌.
:)

:D ആണല്ലേ... അടുത്ത തവണ നോക്കാട്ടാ...

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com