December 14, 2015

സർപ്രൈസ് ബുഫേ



"സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?"
"എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.."
"അന്റെ ഒടുക്കത്തെ കുളി..!! ഇക്കറിയാടി പോത്തേ.. അതോണ്ടാ ഇപ്പ തന്നെ വിളിച്ച് പറഞ്ഞേ..."
"പിന്നേ.. വീട്ടിലു വേലക്കാരെ നെരത്തി നിർത്തീക്കല്ലേ ഇവ്ടത്തെ പണികളു നോക്കാൻ.. ഇങ്ങളിന്നെകൊണ്ടൊന്നും പറയിക്കെണ്ട.. "
ഇനീം അധികം പറഞ്ഞാ ചെലപ്പോ ഇന്നു തന്നെ വീട്ടിലു വല്ല വേലക്കാരേം നിർത്തി കൊടുക്കേണ്ടി വരും.. ഈ പിശാശിനെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ഒരേ സ്വഭാവമാണല്ലോ... തൽകാലം അടക്കി നിർത്തുന്നതാണു ബുദ്ധി..
"ഇയ്യൊന്നടങ്ങിന്റെ സൂറാ.."
"അല്ല മൻഷ്യാ.. എങ്ങട്ടാ പോണേന്നു പറ.. ഇന്നിട്ട് ബേണം ഇക്ക് ഡ്രെസ്സ് തീരുമാനിക്കാൻ.."
"അതു സർപ്രൈസാ.. ഇയ്യു നല്ല തുണ്യൊക്കെ ഉടുത്ത് തന്നെ നിന്നോ.. ഞാൻ അര മണിക്കൂറോണ്ടെത്തും.."
"ന്റെ റബ്ബേ.. ഇങ്ങക്കു പ്രൈസടിച്ചാ..??"
"ഹോ.. അന്റെ വീട്ടിലിജ്ജാതി വേറില്ലാഞ്ഞത് ഭാഗ്യം.."
അത്രേം പറഞ്ഞ് ജബ്ബാർ ഫോൺ കട്ട് ചെയ്തു..
വീടിന്റെ മുന്നിലെത്തുന്നതിനു മുന്നേ തന്നെ ജബ്ബാറു സൂറാക്ക് മിസ്കോളടിച്ചു.. എന്തായാലും എത്തി പിന്നേം അര മണിക്കൂറു തെറി പറഞ്ഞാലെ അവൾടെ ഒടുക്കത്തെ ഒരുക്കം കഴിയൂ.. ഒരു സിഗരറ്റ് വലിക്കാനുള്ള സമയം എന്തായാലും ഉണ്ടെന്നുറപ്പിച്ച് വീടിന്റെ മുന്നിലെത്തിയ ജബ്ബാറിനെ ഞെട്ടിച്ചു കൊണ്ട് ഗെയിറ്റ് തുറന്ന് സൂറ ഇറങ്ങിവന്നു. നല്ല വെള്ളയിൽ പലതരത്തിലുള്ള കല്ലുകൾ പതിപ്പിച്ച ഒരു ഉശിരൻ ചുരിദാറുമിട്ട്, അതേ ഡിസൈനിലുള്ള വെള്ള തട്ടവുമിട്ട് പടിയിറങ്ങി വരുന്ന സൂറാനെ കണ്ടപ്പോ തന്നെ ജബ്ബാറു വാ പൊളിച്ചു.. കണ്ണു രണ്ടും വെളിയിൽ ചാടാൻ പാകത്തിനുരുണ്ട് കേറി വന്നു..
സുബർക്കത്തിലെ ഹൂറിയിറങ്ങി വരുന്ന ചേലിൽ വരുന്ന സൂറാനെ കണ്ട് ഡോർ അൺലോക്ക് ചെയ്യാൻ പോലും മറന്ന് വായും പൊളിച്ചിരിക്കുന്ന ജബ്ബാറിനെ ഡോറിൽ തട്ടി വിളിക്കേണ്ടി വന്നു സൂറാക്ക്.. ഡോറു തുറന്നകത്ത് വന്ന സൂറാ ഉണ്ടക്കണ്ണുരുട്ടി ജബ്ബാറിനെ നോക്കി..
"ന്റെ മൻഷ്യാ.. ഇന്ങളേന്തിനാ പന്തം കണ്ട പെരുച്ചാഴീന്റെ കണക്കിരുന്ന് ആലോയ്ച്ചേ..? വെയിലു കൊണ്ട് ഇന്റെ മോത്തെ പൗണ്ടറും ചുണ്ടത്തെ ലിഫ്റ്റിക്കുമെല്ലാം പോയേനേ.. "
ഹോ.. കണ്ടാൽ സുബർക്കത്തിലെ ഹൂറിയൊക്കെ തന്നെ..
പക്ഷേ.. മിണ്ടിയാൽ സകലതും പോയി... മിണ്ടെണ്ട...!!
"ഇയ്യൊന്നു മിണ്ടാണ്ടിരിക്ക് ന്റെ സൂറാ.. അന്നെ കണ്ട സന്തോഷത്തിൽ ഞാനീ ദുനിയാവു പോലും മറന്നതാണ്ടീ.."
"ഒന്നു പോ മൻഷ്യാ.. ഇങ്ങളാാപ്പീസിലെ ആ വെള്ളച്ചി പിശാശിനെ ഓർത്തിരുന്നതാവും.. ഇക്കറിയാം.."
"ന്റെ മുത്തേ.. നല്ലോരു കാര്യത്തിനു പോവുമ്പോ നീ അതും ഇതു പറഞ്ഞ് അലമ്പുണ്ടാക്കല്ലെ... ഇക്കിയ്യു മാത്രല്ലേ ഒള്ളൂ.. ന്റെ സൂറാ.."
"ഉം.. അങ്ങനെ ആയാൽ ഇങ്ങക്ക് കൊള്ളാം.. ഇല്ലെങ്കി ഇങ്ങളേ ഞാനീ ദുനിയാവീന്നു പറഞ്ഞയക്കും.."
"ഏഹ്...? അതെന്താടീ.??"
"ഇങ്ങളേ ഞാൻ കൊല്ലുംന്ന്.. കിന്നരിച്ചോണ്ട് നിക്കാണ്ട് വണ്ടിയെടുക്ക് മൻഷ്യാ.. അല്ല മൻഷ്യാ.. ഇങ്ങക്കെന്തു പ്രൈസാ അടിച്ചേ..??"
"ന്റെ റബ്ബേ.. " ജബ്ബാറു വണ്ടി സ്റ്റാർട്ട് ചെയ്തു തലയിൽ കൈ വെച്ചു.. എന്നിട്ട് തുടർന്നു..
"പ്രൈസും പിണ്ണാാക്കുമൊന്നുമില്ല.. നമ്മക്കിന്ന് ഒരു ഹോട്ടലീ പോയി ഭക്ഷണം കഴിക്കാം..അതിനാ..!!"
"ഇതിനാണോ മൻഷ്യാ ഇന്നെ കൊണ്ടീ വേഷമെല്ലാം കെട്ടിച്ചത്..? അട്ത്താഴ്ച്ച ആ മറ്റേ വമ്പത്തീന്റെ അനിയത്തീടെ നിശ്ചയത്തിനു പോവുമ്പോ ഇടാൻ വെച്ച ചുരിദാറാ.. പ്രൈസു വാങ്ങാൻ പോവല്ലേ.. കൊറേ ആൾക്കാരൊക്കെ ണ്ടാവൂലേന്ന് വചാരിച്ചിട്ടാ ഞാനിതിട്ടത്.. "
"അതിനെന്താ.. വന്നിട്ട് മാറ്റിയിട്ടാ മതി.. അടുത്താഴ്ച ഇടാം.."
"ഇന്റെ പട്ടിയിടും ഇതെന്നെ. ഇക്കിന്നു തന്നെ പുത്യേതു
വാങ്ങിത്തരണം.."
അപ്പഴേക്കും സൂറാന്റെ കണ്ണിൽ മുത്തുമണികൾ ഉരുണ്ടു കൂടി.. മുഖം വീർപ്പിച്ചു.... തെളിഞ്ഞിരുന്നിരുന്ന ആകാശത്ത് കാർമേഘം ഉരുണ്ട് കേറിയ പോലെയായപ്പോ തന്നെ ജബ്ബാറിനു ടെൻഷൻ ആയി.. അതിന്റെ പ്രതിഫലനമെന്നോണം ജബ്ബാർ ആക്സിലെറേറ്ററിൽ ആഞ്ഞു ചവിട്ടി.. അപ്രതീക്ഷിതമായ ആ ആക്രമണം താങ്ങാൻ പറ്റാതെ കാറൊന്നു മുരണ്ടു.. പിന്നെ കുറെ പൊട്ടലും ചീറ്റലും. കരിയും പുകയും..
"ഇയ്യിനി അതിനു കരഞ്ഞ് ഇന്നത്തെ ദിവസം പണ്ടാരടക്കെണ്ട.. അന്റെ ഒടുക്കത്തെ ഒരു നിശ്ചയവും കല്യാണവും... ഏതു തെണ്ടിയാണാവോ ഈ നിശ്ചയം കണ്ടു പിടിച്ചത്..."
"അല്ലെങ്കിലും....."
"എന്തൂട്ടാ അന്റെ അല്ലെങ്കിലും ഇല്ലെങ്കിലും..."
"ഇങ്ങക്കിന്നോട് ഒട്ടും ഇഷ്ടല്ല്യാ.. അതെന്നെ..!!"
റേസ്റ്റോറന്റിലെത്തിയ ജബ്ബാറിനേം സൂറാനേം മാന്യമായി തന്നെ അവരു വരവേറ്റു.. സപ്ലയറു ചെക്കൻ വന്നു മെനു കൊടുത്തു..
"ഇതിന്റൊന്നും ആവശ്യല്യ.. ഇപ്പൊ റെഡി ഫ്രെഷ് ആയിട്ടെന്താ ഉള്ളേ.. അതു പറഞ്ഞാ മതി.."
" അതു പിന്നെ സാറേ.. അങ്ങനാണേൽ ബുഫേ ഉണ്ട്.. പെർ ഹെഡ് നാപ്പത്തേഴ് റിയാലേ ഒള്ളൂ.. അതു നോക്കിയാലോ...??"
ജബ്ബാർ സൂറാനെ നോക്കി.. "ന്നാ പിന്നെ അതായാലോ സൂറാ..??"
"ഇക്കതൊന്നും വേണ്ട.. ഇങ്ങളു കഴിച്ചോ..!!"
പണ്ടാരം.. ഇവളാ ചുരിദാറിന്റെ കേസിപ്പഴും വിട്ടിട്ടില്ലാന്നാ തോന്നുന്നത്.. വാങ്ങി കൊടുക്കാന്നു പറഞ്ഞതാണാല്ലോ.. പിന്നേം എന്താണാവോ പ്രശ്നം ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്ത ജബ്ബാർ, തീരുമാനിച്ചിട്ട് വിളിക്കാന്നു പറഞ്ഞ് സപ്ലയറു ചെക്കനെ പറഞ്ഞു വിട്ടു.. അവൻ സ്ഥലം വിട്ട പാടെ സൂറാനെ നോക്കി കണ്ണുരുട്ടി കയറ്റം കയറുന്ന പെട്ടിയോട്രഷ പോലെ മുരണ്ടു..
"ഡീ ബലാലേ.. ന്താപ്പൊ അന്റെ പുത്യേ പ്രശ്നം.. ഇന്നെന്നെ ചുരിദാറു വാങ്ങിത്തരാന്നു പറഞ്ഞതല്ലെ..?"
"ന്റെ മനുഷ്യാ.. ഇങ്ങളെന്തിന്നാ ന്നെ തിന്നാൻ വരണേ.. ഇക്ക് ബുഫേ വേണ്ടാന്നല്ലേ പറഞ്ഞേ..?"
" അതെന്താ അനക്ക് വേണ്ടാത്തെ..??"
"ഇക്ക് പരിചയില്ലാത്തതൊന്നും കയ്ച്ചാ വയറ്റീ പിടിക്കൂല മൻഷ്യാ.. ഇക്ക് വല്ല പൊറോട്ടയോ ബിരിയാണിയോ മതി.."
ഇവളെയിനി എന്തൂട്ടാ ചെയ്യേണ്ടതെന്നു കരുതി മീശ വിറപ്പിച്ച് പല്ലു കടിച്ച് ജബ്ബാർ പറഞ്ഞു..
"ന്റെ കരളേ.. ബുഫേന്നു പറഞ്ഞാ തിന്നുന്ന സാധനമല്ല.. എന്നു വെച്ചാ അവ്ടെ പോയി അനക്കിഷ്ടമുള്ളതൊക്കെ എടുത്ത് കഴിക്കാന്നാ അർത്തം.. നാട്ടിലു നീ കല്യാണത്തിനൊന്നും കണ്ടിട്ടില്ലേ..? അതു പോലെ..!!"
കേട്ട പാടെ ചാടിയെണീറ്റ് സൂറ ചോദിച്ചു..
"ഏഹ്.. അപ്പൊ ഫ്രീയാ..ന്നാ ബാ കയിക്കാം..??"
ഫ്രീയെന്നു കരുതി ചാടിയെഴുന്നേറ്റ സൂറാന്റെ കൈ പിടിച്ച് തിരിച്ച കസേരയിലേക്ക് തന്നെ വലിച്ചിട്ടു ജബ്ബാർ..
"ഉം.. അന്റെ ബാപ്പാന്റെ ഹോട്ടലല്ലെ ഇത്.. അപ്പൊ ഒരാൾക്ക് 47 റിയാലെന്ന് ആ ചെക്കൻ പറഞ്ഞത് നീ കേട്ടില്ലേടീ പോത്തേ.."
"ഉം ശെരി.. ബുഫേങ്കി ബുഫേ..!!"
ബൊഫേ ഹാളിലെത്തി അവിടെ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണ സാധനന്ങളും ഡെക്കറേഷനും ലൈറ്റുമെല്ലാം കണ്ട സൂറാന്റെ കണ്ണിൽ പൂത്തിരി കത്തി..
"ന്റെ റബ്ബേ.. ഇതെന്തായീ കാണണേ.. ഇതൊക്കെ നമ്മക്ക് തിന്നാനാ..??"
"പിന്നല്ലാണ്ട്.. എല്ലാറ്റീന്നും എടുത്ത് വയറു നിറച്ചും കഴിച്ചോ. കാശു മുതലാക്കാനുള്ളതാ.."
"അള്ളാ.. ഇതൊക്കെ കൂടെ എങ്ങനാ കഴിക്ക്യാ.. മൻഷ്യാ.. ഇന്റെ പള്ള പൊട്ടും.."
"അനക്ക് പറ്റണതൊക്കെ കഴിച്ചോ ന്റെ സൂറാ."
"ഇക്കെല്ലാം തിന്നണം.. പക്ഷേ. ഇങ്ങളൊന്നാലിചിച്ച് നോക്യേ..?? എല്ലാം കൂടി ഇങ്ങളെ കൊണ്ടും പറ്റൂലാ.."
"ന്തെങ്കിലും ആകട്ടെ സൂറാ.. ഇയ്യ് സമയം കളയാണ്ട് തിന്നാൻ നോക്കെടീ... പറ്റണത് കഴിച്ചാ മതി.."
" അപ്പൊ ഇങ്ങളല്ലെ കാസു മുതലാക്കണംന്നു പറഞ്ഞേ..? ആ അതേ.. ഒരു കാര്യം ചെയ്യാം.. "
"എന്തൂട്ട്..??"
അപ്പോഴേക്കും അങ്ങോട്ടേക്ക് കയറി വന്ന സപ്ലയറെ ശൂ.. ശൂ എന്നു പറഞ്ഞ സൂറ അടുത്തേക്ക വിളിച്ചു.. എന്താ കാര്യംന്നു ചോദിക്കാൻ വന്ന ജബ്ബാറിനെ തടഞ്ഞ് സൂറ സപ്ലയറോട് പറഞ്ഞു...
"അതേ ഞങ്ങക്കിച്ചിരി തെരക്കുണ്ടേ,, അതോണ്ട് ഞങ്ങക്ക് രണ്ട് ബുഫേ പാർസൽ എടുത്തോ..!!"
ഇതു കേട്ടതോടു കൂടെ സപ്ലയറു പയ്യന്റെ കയ്യിലിരുന്ന ട്രേ താഴെ വീണു.. കയ്യിലിരുന്ന ടിഷ്യൂ പേപ്പർ ചുരുട്ടി പല്ലുകടിച്ച് ജബ്ബാർ സൂറാനെയും താഴെ വീണ ട്രേയെടുക്കാൻ മറന്ന സപ്ലയറേയും മാറി മാറി നോക്കി..
ഞാൻ പറഞ്ഞതിലെന്തെങ്കിലും കറക്റ്റുണ്ടോ എന്ന മട്ടിൽ ജബ്ബാറിനേ നോക്കി നിൽകുന്ന സൂറാ..
അപ്പൊ തന്നെ ജബ്ബാറിനെ പിന്നേം ഞെട്ടിച്ചു കളഞ്ഞു സപ്ലയരു ചെക്കൻ...
"എന്തായാലും നിങ്ങടെ ബുഫേ ഞാൻ പാർസൽ തരാം..
വേറാരോടും പറയെണ്ട.."
തന്നെ നോക്കി കണ്ണിറുക്കി ചിരിച്ച് പാർസലെടുക്കാൻ പോകുന്ന ചെക്കനെ നോക്കി നിസ്സഹായനായി അടുത്ത് കണ്ട കസേരയിലേക്ക് ചായുകയായിരുന്നു ജബ്ബാർ..!!

2 comments:

പിന്നല്ലാണ്ട്!!!!
സൂറേന്റടുത്താ കളി

എന്നിട്ട് പാർസൽ കിട്ട്യാ...?

നന്നായീട്ടാ..

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com