June 13, 2014

നൊസ്റ്റാൾജിയ

"ദേ മന്‍ഷ്യാ.. ഇങ്ങട്ട് നോക്ക്യേ.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയാന്നു പറേണ സംഭവം..?"

ഹോ, കാലത്ത് തന്നെ ഒടുക്കത്തെ സംശയവും കൊണ്ടെറെന്ങീട്ടുണ്ട്.. എന്റെ നെഞ്ചത്തു കേറാൻ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വരവ്.. പണ്ടാറം പിടിച്ച ഈ വാക്ക് ആദ്യായിട്ടു കാണുന്നത് തന്നെ ഫേസ് ബുക്കിലു വന്നേ പിന്നാ.. ഏതാണ്ടു ലക്ഷണം വെച്ചുള്ള അർഥം പറഞ്ഞു കൊടുക്കാന്നു വെച്ചാലീ പിശാശിനു ശെരിക്കും അറിഞ്ഞിട്ടാണു ചോദിക്കുന്നതെങ്കിൽ പിന്നെ, തന്നത്താന്‍ കുത്തി ചത്താ മതി..

ഓളൊന്നു പേടിച്ചോട്ടേന്നു കരുതി  കണ്ണു രണ്ടും തുറിപ്പിച്ച് മീശ വെറപ്പിച്ച് ഒരു കലിപ്പു ലുക്ക് അങ്ങു കൊടുത്തു.. "അനക്കിപ്പൊ ഏവ്ടുന്നു പൊട്ടി മൊളച്ചതാ ഈ സംശയം ന്റെ സൂറാ..??"

"ഇങ്ങടെ മേത്തെന്താ.. ജിന്നു കേറ്യാ..? കണ്ണൊക്കെ പൊറ്ത്ത്ക്ക് വീഴാന്‍ പോണുണ്ടല്ല.."
ആഹാ.. വന്നു വന്നിപ്പൊ ഇവള്‍ടെ പേടിയും പോയി തുടങ്ങിയോ..? വെര്‍തെ ഒരു കണ്ണുരുട്ടല്‍ വേയ്സ്റ്റായി.. ന്തായാലും നാളെ രാവിലെ താഴത്തെ പഠാണിയുടെ കൊച്ചുങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ച് പ്രാക്റ്റീസ് ചെയ്തിട്ടു ഒന്നൂടെ ശ്രമിച്ചു നോക്കണം.. ഇവളു പേടിക്കോന്നറിയണോലോ..

"എല്ലാ അനക്ക്പ്പോ ന്താ വേണ്ട്യേ..??"
"വെല്യ പഠിപ്പും പത്രാസും എല്ലാമുള്ള ആളായിട്ട് ന്റെ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങടെ കയ്യീമ്മലില്ലെ മന്‍ഷ്യാ.?"

"ഇയ്യതിനെന്തു ഹലാക്കിന്റെ അവലും കഞ്ഞിയാ ചോയ്ച്ചേ..?? ഇനിക്ക് ശെരിക്കും കേക്കാന്‍ കയിഞ്ഞില്ല.. ഇയ്യൊന്നൂടെ ചോയ്ച്ചേ.."
"ന്റിക്കാ.. കഞ്ഞിയും കൂട്ടാനും ഒന്നുമല്ല.. ന്തൂട്ടാ ഈ നൊസ്റ്റാള്‍ജിയ.. അത് പറഞ്ഞ് തരാന്‍ ഇങ്ങളേ കൊണ്ട് പറ്റ്വോ..? ഇല്ലെങ്കി പറഞ്ഞോ.. ഞാന്‍ ഇന്റാങ്ങളോടു ചോയ്ച്ചോളാം.. "

ആഹാ... ഇവളു ഇന്നു തയ്യാറായി തന്നെ.. എന്തു വന്നാലും വിട്ടു കൊടുക്കാൻ പാടില്ല.. കെട്ട്യോനോടു ചോയ്ച്ചിട്ട് കിട്ടിയില്ലെങ്കിൽ ആങ്ങളയോട് ചോദിക്കും എന്ന് പറയുന്ന ഈ മൂരാച്ചി സ്വഭാവം ഏതു പന്നിയാണാവോ ഇവൾക്ക് പഠിപ്പിച്ചു കൊടുത്തത്..

"ഓ.. ന്നാ പിന്നെ ഇയ്യ് പോയി അന്റാങ്ങളോട് പറ ഇന്നോട് അയ്മ്പയ്നായിരം ഉർപ്യ ചോയ്ചിട്ട് കിട്ടീലാ അതു തരാൻ.. ഓനെന്തു ചെയ്യുംന്നു നോക്കാലോ..? "
"അയ്യടാ.. ഇന്ങടെ പൂതി കൊള്ളാലോ.. അല്ലെങ്കിലും ഇങ്ങളീയിടായിട്ടിങ്ങനെ തന്നാ..ഇന്നെ ഒരു മൈൻഡും ചെയ്യണില്ല.. ന്തു ചോയ്ച്ചാലും ഇന്നെ കളിയാക്കല്ലേ..?"

സൂറാന്റെ പതിനാലാം രാവു പോലെയുള്ള ആ മുഖത്ത് കാർമേഘം പടർന്നത് സഹിക്കാൻ കഴിയണില്ല.. രണ്ടു കല്പിച്ച് നൊസ്റ്റാൾജിയ എന്താണെന്ന് പറഞ്ഞു കൊടുക്കാൻ ജബ്ബാര്‍ തീരുമാനിച്ചു..

"ഇയ്യെന്റെ കൽബല്ലേടീ പോത്തേ.. അന്നെല്ലാണ്ട് പിന്നെ വേറാരെയാണ്ടീ ഞാൻ കളിയാക്കാ..?? അന്നോടുള്ള മൊഹബ്ബത്തല്ലേ ഇതൊക്കേ..?"
കൊഞ്ചിക്കാൻ ശ്രമിച്ച കൈ തട്ടി മാറ്റി സൂറ പിന്നോട്ട് ചാഞ്ഞു.. തട്ടത്തിന്റെ അറ്റം കൊണ്ട് കണ്ണു തുടച്ച് മൂക്കും പിഴിഞ്ഞ് നഖം കടി തുടങ്ങി..

"വേണ്ടാ.. ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്യാ..!!"
ശ്ശോ കളഞ്ഞു.. ഓൾക്കെന്റെ വീക്ക്നെസ് പിടി കിട്ടീക്കണു.. അതീമ്മെ തന്നെ കേറി പിടിച്ചല്ലോ..

"അങ്ങനെ പറയെല്ലെന്റെ സൂറാ. അനകിപ്പൊ നൊസ്റ്റാൾജിയ എന്താന്നറിഞ്ഞാ പോരേ..? ഇക്കത്ര പരിജയമൊന്നും ഇല്ല.. ന്നാലും പറയാം.. അതൊരു പ്രത്യേക സാധനമാണു.. നമ്മക്കു മറക്കാൻ പറ്റാത്ത കാര്യങ്ങളും സംഭവങ്ങളും പിന്നെ കൊറേ നാളു കഴിഞ്ഞു എന്തെങ്കിലും കാണുമ്പോ ഓർമ്മ വന്നു സങ്കടം വരൂലേ..അതിനാണു ഈ നൊസ്റ്റാൾജിയ എന്നു പറയുന്നത്..!! ഇപ്പം മൻസിലായാ..?"

മേഘം പെയ്തൊഴിഞ്ഞു.. സൂറാടെ മുഖത്ത് നിലാവുദിച്ചു.. കൂടെ ജബ്ബാറിന്റെ നെഞ്ചിലും..!! എന്തോ വലിയ ഒരു കാര്യം ചെയ്തു തീർത്ത സമാധാനത്തോടേ ജബ്ബാർ കൈ രണ്ടും പിണച്ച് തലക്കു പിന്നില്‍ വെച്ച് സോഫയിലേക്ക് ചാരി ചെറു ചിരിയോടെ ഒരു മൂളിപ്പാട്ടു എടുത്ത് വെറുതെ  ചുണ്ടുമ്മെ ഫിറ്റ് ചെയ്തു.

"ആഹാ.. അപ്പൊ ഇക്ക് മട്ടൻ ബിരിയാണി കാണുമ്പ സങ്കടം വരണതിനാണു ഈ നൊസ്റ്റാൾജിയാന്നു പറയണതല്ലേ..??"
ഡിം... പെയ്തൊഴിഞ്ഞ് പ്രകാശം പരന്ന മാനത്ത് ഇടിവെട്ടുമോ.? പക്ഷേ ഈ ഇടി  ജബ്ബാറിന്റെ നെഞ്ചിൽ തന്നെ വെട്ടി.. ചുണ്ടിൽ ഫിറ്റ് ചെയ്ത മൂളിപ്പാട്ടു തെറിച്ച് ഫാനിൽ തട്ടി കറങ്ങി ചുമരിലിടിച്ച് താഴെ വീണു ഞെരങ്ങി അവസാനിച്ചു..

"ഇന്റെ സൂറാ.. ഇയ്യെന്നെ തെറ്റിദ്ധരിച്ചിരിക്യാ..  മട്ടൻ ബിരിയാണു കാണുമ്പോ ആക്രാന്തമല്ലാതെ നൊസ്റ്റാൾജിയയുടെ ഒരു തുമ്പു പോലും ഞാൻ അന്റെ മോത്തു ഇതു  കണ്ടിട്ടില്ല.. പിന്നെ കണ്ടേക്കണത് ചുണ്ടിൽ പറ്റി പിടിച്ചിരുന്ന നെയ്യും ചോറിന്റെ വറ്റും ആണു.. "

"ഒന്നു പോയെ... മട്ടൻ ബിര്യാണി കാണുമ്പോ ഇക്കു സങ്കടം വരും.. ന്റെ മനസ്സിന്റെ സങ്കടം ന്റെ പള്ളക്കറിഞ്ഞൂടല്ലാ.. അതോണ്ട് തിന്നണതാ.. ഇക്കതു കണ്ടാലപ്പൊ ന്റെ കിച്ചൂന്റെ ഓർമ്മ വരും.."

"ഏഹ്. ഏതവനാടീ കിച്ചു.. അന്റെ ബാപ്പാന്റെ രണ്ടാം കുടീലെ മോനാണോ..? ഓനെന്താ മട്ടൻ ബിര്യാണി തിന്ന് വയറെളകി ചത്താ.."

"ഹും.. ഇങ്ങളേ പോലൊരു കാട്ടു പോത്തിനു ഇന്നെ കെട്ടിച്ചു തന്നതും പോരാ.. ന്നിട്ട് ന്റെ ബാപ്പാനെ പറഞ്ഞോട്ടാ.. ദുഷ്ടനിക്കാ.."
ഹാവൂ ഭാഗ്യം.. ചീത്ത വിളിക്കുമ്പഴും അവൾക്കു ബഹുമാനമൊക്കെയുണ്ട്.. സമാധാനം..

"ഇയ്യടങ്ങിന്റെ ബലാലെ. ആരാ അന്റെ മട്ടൻ ബിര്യാണിയിൽ നൊസ്റ്റാൾജിയ കലക്കിയ ഈ കിച്ചു..? പറ.. ഇക്കതറിഞ്ഞാലെ ഇന്നു സമാധാനം കിട്ടൂ.."

"ആ അതോ? ഇക്ക് കിച്ചൂനെ ഭയങ്കര ഇഷ്ടായിരുന്നു.. ഇന്റുമ്മ അറിയാതെ ഞാൻ പാൽകഞ്ഞി വരെ ഇണ്ടാക്കി കൊട് ത്തേക്കുന്നു.. നേരം മൂന്തിയായാ പിന്നെ പൊറത്തോട്ടെറങ്ങാത്ത ഞാൻ രാത്രി പത്തു മണിക്ക് എല്ലാരും ഒരങ്ങ്യേപ്പോ പൊറത്തേക്കെറങ്ങി പോയിട്ടാ ഓനെ കണ്ടത്.. ഇങ്ങക്കറ്യോ..?"

പാൽകഞ്ഞിക്കു പകരം ആ ഹറാമ്പെറന്നവൻ ഇവൾക്കു മട്ടൻ ബിരിയാണി വാങ്ങി കൊടുത്തിട്ടുണ്ടാകും.. അല്ലാണ്ട് ഇവൾക്കവനെ ഓർമ്മ വരാൻ സാധ്യതയില്ല.. വേറെന്തൊക്കെ ഇവരു കൈ മാറിക്കാണുവോ ആവോ.. സംയമനം പാലിക്കേണ്ട സമയമാണിത്.. ന്റെ റബ്ബേ. ഇക്ക് കണ്ട്രോളു തരണംട്ടാ ഇയ്യ്.. സൂറ സങ്കടത്തോടെ താടിക്കു കയ്യും കൊടുത്തിരുന്നു തുടർന്നു..

"ബീരാന്‌കാന്റെ വീട്ടീന്നു വാങ്ങിച്ചോണ്ട് വന്നതാ ഓനേ.. കണ്ട പാടെ ഇക്ക് ഓനോട് വല്ലാത്ത ഇഷ്ടം മൂത്തു.. പക്ഷേങ്കിലു രണ്ടൂസം കഴിഞ്ഞ് പെരുന്നാളിന്റെ തലേന്നാണു ബാപ്പ പറഞ്ഞത്.. ഓനേ നാളെ അറക്കാൻ കൊണ്ടു വന്നതാണെന്നു.."

അതു കേട്ടതോടെ ജബ്ബാറിന്റെ നെഞ്ചിലെ ഭാരമെല്ലാം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ എന്ങോട്ടെന്നില്ലാ തെ പറന്നു പോയി.. "അയ്നിയ്യെന്തിനാണ്ടീ പാതിരാക്കു പൊറത്തോട്ടു പോയത്..??"

"ആഹ്.. അതോ.. ബാപ്പ അറിയാണ്ട് ഓനേ കെട്ടഴിച്ചു വിടാൻ പോയതാ.. ഞാൻ അന്നു രാത്രി ഓന്റെ കെട്ടഴിച്ചു കൊറേ പറഞ്ഞയക്കാൻ നോക്കി..ഓൻ പോയില്ല.. ഇയ്യ് പോ കിച്ചൂ.. ഇയ്യെവ്ടെങ്കിലും പോയി രക്ഷപ്പെട്ടോ. ഇല്ലെങ്കിലെന്റുപ്പ അന്നെ കൊല്ലുംന്നൊക്കെ പറഞ്ഞു തള്ളി വിട്ടു.. പക്ഷെ ഓൻ പോയില്ല..!!"

"അന്നോടൂള്ള മൊഹബ്ബത്ത് കൊണ്ട് പോകാഞ്ഞതായിരിക്കും ടീ..."
"അതല്ല മൻഷ്യാ.. ഇക്കറിയണ വർത്താനത്തിലല്ലെ  പറഞ്ഞു കൊടുക്കാൻ പറ്റൂ.. ആടിന്റെ ഭാഷ ഇക്കെങ്ങനെ അറിയും.. ഞാൻ പറഞ്ഞതൊന്നും ഓനു മനസ്സിലായില്ല..പിറ്റേ ദിവസം പള്ളീന്നെറങ്ങി വന്നിട്ടു ഓനേ അറുത്തു ബിര്യാണീണ്ടാക്കി.."

ഓൾടെ സങ്കടം കണ്ടിട്ട് വന്ന ചിരി അടക്കാൻ കഷ്ടപ്പെട്ട ജബ്ബാർ ഓളെ ചേർത്തു പിടിച്ച് തലയിൽ തലോടി ആശ്വ്വസിപ്പിച്ചു.. ഏങ്ങലോടെ സൂറ തുടർന്നു..
"ഞാൻ കരഞ്ഞു കരഞ്ഞു കെടന്നൊറങ്ങി പോയീനു.. പിന്നെ ഉമ്മ വന്നു വിളിച്ചപ്പഴാ ണീച്ചു പോയത്.."
"ഇന്റെ ചക്കരെ.. ഇയ്യിതു പറ.. ന്നിട്ടാ ബിര്യാണി എങ്ങനുണ്ടായിരുന്നു.. രുചിയുണ്ടായീനാ?"

ഇതു കേട്ടതോടെ സൂറാ ജബ്ബാറിന്റെ മേത്തൂന്നടർന്നു ചാടി.. ദേഷ്യത്തോടെ ജബ്ബാറിനെ നോക്കി...
"ഹും.. ഇങ്ങളു തന്നെ ഇതു ചോദിക്കണം.. ന്റുമ്മ ഇണ്ടാക്കണ ബിര്യാണി അണ്ണാകു നെറച്ചും മിണുങ്ങീട്ട് ചോയ്ക്കണ ചോദ്യം കേട്ടില്ലേ.. രുച്യൂണ്ടോന്നു..?? ഇങ്ങളു ഞങ്ങടെ കുടുമ്പത്തുള്ള ആരോട് വേണേലും ചോയ്ച് നോക്കിക്കോ.. ഇന്റുമ്മാന്റത്രേം രുചീം മണോമുള്ള ബിര്യാണി ആ നാട്ടിൽ വേറാരും ഇണ്ടാക്കൂല.. മരിച്ചു കെടക്കണ മയ്യത്തു വരെ ഓടി വന്നു തിന്നിട്ടേ കബറിലേക്കു പോകൂ....!!"

"അപ്പൊ ഇയ്യാ ബിര്യാണീ തിന്നൂലേ...??"
"ഉം... തിന്നു.."
"കള്ളീ,,"
"ഓ.. ഒന്നു പോ മനുഷ്യാ.. ഇനിക്കറിയാം ഇങ്ങക്കിന്നോട് തീരേം ഇഷ്ടല്ല്യാന്നു..!!"

സൂറ തന്റെ സ്വതസിദ്ധമായ ആ കള്ള നോട്ടത്തോടെ നഖം കടിച്ച് ജബ്ബാറിന്റെ നെഞ്ചിലേക്ക് വീണ്ടും ചാരി. ആ നൊസ്റ്റാൾജിക് ബിരിയാണിയുടെ രുചി അവളുടേ വായിലൂറിയതും അത് തൊണ്ടയിലൂടെ ഇറന്ങി പോയതും സൂറാന്റെ പുറത്ത് സ്നേഹത്തോടെ തലോടിയിരുന്ന ജബ്ബാറിന്റെ കൈകളറിയുന്നുണ്ടായിരുന്നു..

2 comments:

വെര്‍തെ ഒരു കണ്ണുരുട്ടല്‍ വേയ്സ്റ്റായി.. ന്തായാലും നാളെ രാവിലെ താഴത്തെ പഠാണിയുടെ കൊച്ചുങ്ങളെ കണ്ണുരുട്ടി പേടിപ്പിച്ച് പ്രാക്റ്റീസ് ചെയ്തിട്ടു ഒന്നൂടെ ശ്രമിച്ചു നോക്കണം.. ഇവളു പേടിക്കോന്നറിയണോലോ..


ഹഹഹ.....!!!

നന്നായിട്ടുണ്ട്....

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com