April 9, 2015

ഉച്ചക്കഞ്ഞി

ദിവസവും വീട്ടീന്നിറങ്ങുമ്പോള്‍ കരച്ചിലോടു കരച്ചില്‍. കരഞ്ഞ് കണ്ണും തിരുമ്മി മൂക്കു പിഴിഞ്ഞ് ട്രൗസറിന്റെ മൂട്ടില്‍ കൈ തുടച്ച് ഇസ്ട്രുമെന്റ് ബോക്സും ബുക്കുകളും എടുത്തു വെച്ച അലുമിനിയപെട്ടിയും താങ്ങി കേറ്റി പിടിച്ച മോന്തയുമായി വീട്ടീന്നെറങ്ങും..
ടാറു ചെയ്യാതെ ചളി നിറഞ്ഞ് ചുവന്നു കലങ്ങി കിടക്കുന്ന റോഡ്. അല്പമെങ്കിലും ചളിയില്ലാത്ത തെളിഞ്ഞു കിടക്കുന്ന വെള്ളം കണ്ടാല്‍ ഒന്നും നോക്കാതെ നേരെ അതിലേക്ക്ചാടും.. അതും ഒറ്റക്കാലില്‍.. ഒരു കാല്‍ കുത്തിച്ചാടി വെള്ളം പൊങ്ങുമ്പോള്‍ മറ്റേ കാലുകൊണ്ട് ശക്തിയായി അടിച്ച് പടക്കം പൊട്ടുന്ന പോലെ ശബ്ദമുണ്ടാക്കും..
അടിക്കുന്ന സമയത്തെങ്ങാനും ഉന്നത് തെറ്റിയാല്‍ മറ്റേകാലും കൂടെ പൊങ്ങി മൂടും കുത്തി വെള്ളത്തില്‍.. മിക്കവാറും ഉദ്ധേശം പടക്കം പൊട്ടിക്കലായിരിക്കില്ല. ആ പേരും പറഞ്ഞ് കൂടെ നടക്കുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് ഉമ്മാനോടുള്ള ദേഷ്യം തീര്‍ക്കുക എന്ന ദുരുദ്ധേശം. മറ്റൊന്ന്, സ്വന്തം ഉടുപ്പില്‍ ചളിയാക്കി, ഒരു മകന്റെ ആഗ്രഹം മനസ്സിലാക്കാതെ കരയിപ്പിച്ച് സ്കൂളിലേക്ക് വിടുന്ന ഉമ്മാക്കിട്ട് പണി കൊടുക്കലും
സ്കൂളും വീടും തമ്മില്‍ പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഒള്ളു.. അതു കൊണ്ട് ഉച്ചഭക്ഷണത്തിനു വീട്ടിലെത്തണം. എനിക്കാണെങ്കില്‍ സ്കൂളില്‍ നിന്നു കൊടുക്കുന്ന ചോറും കറിയും കഴിക്കണം. ജീവന്‍ പോയാലും അതിനുമ്മ സമ്മതിക്കില്ല. വീട്ടീന്നു നല്ലസ്സലു ചോറും കറിയും വൃത്തിയോടും വെടിപ്പോടും കഴിക്കാനുള്ള അവസമുള്ളപ്പോള്‍ എന്തിനാടാ സ്കൂളീന്ന പുഴുവും ചെള്ളും നിറഞ്ഞ് ഉപ്പിട്ട് പുഴുങ്ങിയെടുക്കുന്ന ചോറും കറിയും തിന്നുന്നതെന്ന് ഉമ്മാടെ ചോദ്യം.. ചോദ്യം മാത്രമോ.. നല്ല പിച്ചും കിട്ടും. ശെരി, സ്കൂളിലെ ചോറു കഴിക്കില്ല, സ്കൂളില്‍ കൊണ്ട് പോയി കഴിക്കാന്‍ എനിക്ക് ടിഫിന്‍ ബോക്സില്‍ ചോറു തരണം എന്നു പറഞ്ഞാല്‍, അതും സമ്മതിക്കില്ല. കാരണം ഉമ്മാക്കറിയാം ആ ചോറും കറികളും പൈപ്പിന്റെ മൂട്ടിലോ തെങ്ങിന്റെ തടത്തിലോ അന്ത്യ വിശ്രമം കൊള്ളുമെന്ന്.
ആകെ ഒരു മണിക്കൂറിനടുത്ത് കിട്ടുന്ന ലഞ്ചു ബ്രേക്കില്‍ വീട്ടില്‍ പോകുന്ന ഈ ഒരു പരിപാടി കൊണ്ട് മാത്രം നഷ്ടമാകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പെട്ടെന്നു കഴിച്ച് കഴിഞ്ഞാല്‍ പിന്നെ ബെല്ലടിക്കുന്ന വരെ പമ്പരം കൊത്തിക്കളിക്കാം, രാശിക്കാ കളിക്കാം, ഓടി തൊട്ട് കളിക്കാം, സാറ്റെണ്ണിക്കളിക്കാം, തീപ്പെട്ടിപ്പടം കളിക്കാം.. പക്ഷേ വീട്ടിലേക്ക് നടന്നു പോയി ഭക്ഷണം കഴിച്ച് തിരിച്ച് നടന്നു സ്കൂളിലെത്തുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. അപ്പൊ ഉച്ചക്കലത്തെ കളികള്‍ ഗോവിന്ദ. അതിലെല്ലാമുപരി സ്കൂളില്‍ നിന്നു കൊടുക്കുന്ന ചോറും കറിയും മിസ്സാകുന്നതിലായിരുന്നു.
സ്കൂളില്‍ നിന്നു വിളമ്പുന്ന ആവി പറക്കുന്ന കുത്തരിച്ചോറും എരിവു കുറച്ച് നന്നായി നീട്ടി വെച്ച ചെറുപയറു കറിയും. ഉച്ച ബെല്ലടിക്കാറാകുമ്പോള്‍ അവിടുത്തെ ചേച്ചിയും ഔസേപ്പ് ചേട്ടനും കൂടെ വലിയ ചെമ്പില്‍ തിളക്കുന്ന ചോറു തോര്‍ത്തു മുണ്ട് കൂട്ടി പിടിച്ച മുള കൊണ്ട് നെയ്ത ചെറിയ കൊട്ടകൊണ്ട് കോരി ഊറ്റും.. കുത്തരി ചോറു വെന്ത ആവി പറന്ന് ഒരനുസരണയുമില്ലാതെ നേരെ തൊട്ടപ്പുറത്തെ ഞങ്ങളുടെ ക്ലാസിലേക്ക് വരും. എപ്പഴെങ്കിലും ഇന്നു ക്ലാസിലേക്ക് പോകാതെ വേറെ വല്ല വഴിക്കും പോകാന്‍ ആവി തീരുമാനിച്ചാല്‍ അതിനു സമ്മതിക്കാതെ, കറക്റ്റു സമയത്ത് എവിടെ നിന്നില്ലാതെ കുരുത്തം കെട്ട ഒരു തെക്കന്‍ കാറ്റു വന്നു ഞങ്ങളുടെ ക്ലാസിലേക്ക് തന്നെ ഉന്തി തള്ളി വിടും..
ചോറൂറ്റി കഴിഞ്ഞ് ബെല്ലടിക്കുന്നതിനു തൊട്ടു മുന്നേ ചെറുപയറു കറിയുടെ ചെമ്പും കൂടെ തുറക്കും. ആ രണ്ടു മണവും കൂടെ മൂക്കിലേക്കടിച്ച് കയറുമ്പോള്‍ പിന്നെ സഹിക്കാന്‍ പറ്റാതാകും. പുസ്തകമെല്ലാം ഇലാസ്റ്റിക്ക് ഇട്ട് പെട്ടിയില്‍ വെച്ച് വിശന്നു പൊരിഞ്ഞ് വെല്ലടിക്കാന്‍ കാത്തിരിക്കുന്ന ഞങ്ങളുടെ വയറ്റില്‍ നിന്നും ആവി വരാന്‍ വലിയ താമസമൊന്നും ഉണ്ടാകില്ല..
ബെഞ്ചിന്റെ അടിയില്‍ ഭദ്രമായി വെച്ചിരിക്കുന്ന അരികു വളഞ്ഞ് സ്റ്റീല്‍ പാത്രമെടുത്ത് എടുത്ത് കൂടെയുള്ളവര്‍ ചോറും പയറും വാങ്ങിക്കാന്‍ പോകുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കും. കൂടെയിരിക്കുന്നവനു കളര്‍ പെന്‍സിലിന്റെ പൊട്ടോ പൊടിയോ, വല്ല ഒട്ടിപ്പോ നെയിം സ്ലിപ്പോ കൊടുത്ത് മയക്കി ശെര്യാക്കി വെച്ചത് കൊണ്ട് ബെല്ലടിച്ചാലും വീട്ടിലേക്ക് തിരിക്കാതെ ക്ലാസില്‍ തന്നെ കാത്തിരിക്കും. അവന്‍ വാങ്ങിയ സാധനങ്ങള്‍ക്കുള്ള നന്ദി കാണിക്കും.. പാത്രത്തില്‍ ആവി പറക്കുന്ന ചോറും ചോറിനു നടുവില്‍ വട്ടത്തില്‍ വിളമ്പിയ ഇളം പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള ചെറുപയറു കറിയുമായി അവന്‍ വരും.
ചൂടു വക വെക്കാതെ, ആവി പറക്കുന്ന ചോറിലേക്ക് വിരലു താഴ്ത്തും.. പൊള്ളിയ കൈ വലിച്ച് ഔ.. എന്ന ശബ്ദത്തോടെ രണ്ടു മൂന്നു കുടയലു കുടഞ്ഞ് കയ്യിലേക്ക് ഊതിയാല്‍ ആ ചൂടു പോകും.. അങ്ങനെ മൂന്നു നാലു പ്രാവശ്യം ചെയ്യുമ്പോഴേക്കും ചൂടു പോയി വാരി വലിച്ച് ചോറു തിന്ന് കൈ കഴുകി നേരെ വീട്ടിലേക്കോടും. വീട്ടിലെത്തുമ്പോള്‍ ഉമ്മ ചൂടോടെ വിളമ്പി വെച്ചിരിക്കുന്ന മീന്‍ കറിയും ചോറും കഴിക്കാന്‍ സ്കൂളിലെ ചോറും കറിയും നിറച്ച് വെച്ചിരിക്കുന്ന എന്റെ കുഞ്ഞി വയറ്റിലെവിടെ സ്ഥലം..?
വാപ്പാക്കു കത്തെഴുതുമ്പോഴും വീട്ടില്‍ സ്വന്തക്കാരു വന്നാലും, വല്ല പനിയോ വയറ് വേദനയോ വന്നു ഡോക്ടറുടെ അടുത്ത് പോയാലും ഉമ്മാക്ക് ഒരു കമ്പ്ലെയിന്റ് മാത്രം.. ചെക്കന്‍ ഭക്ഷണം കഴിക്കുന്നില്ല.. തല്ലീട്ടും ഭീഷണിപ്പെടുത്തീട്ടും വായിലേക്ക് കുത്തിക്കയറ്റീട്ടും ഭക്ഷണത്തിനോട് വിരക്തി വെറുപ്പ്.. ചില തൊഴുത്തില്‍ കുത്തുകാര്‍ എനിക്കു വിരയുടെ അസുഖമാണെന്നു പറഞ്ഞത് വിശ്വസിച്ച് ഉമ്മ ഇടക്കിടക്ക് രാവിലെയോ രാത്രി ഉറങ്ങാന്‍ നേരത്തോ നിര്‍ബന്ധിച്ച് വിരയിളക്കാനുള്ള മരുന്ന് കുടിപ്പിക്കും.. രാവിലെ നന്നായി വയറിളകും എന്നല്ലാണ്ടു വേറെ യാതൊരു ഗുണവും ആ മരുന്നു കൊണ്ട് ഞാന്‍ കണ്ടിട്ടില്ല. എനിക്കു പിത്തമാണെന്നു പറഞ്ഞു പരത്തിയ ചില മൂരാച്ചികളുമുണ്ടായിരുന്നു.
കണ്ണിനു മുന്നില്‍ ഇന്നും മിഴിവോടു കൂടെ നില്‍ക്കുന്ന ആ കാഴ്ചകള്‍.. ആവി പറക്കുന്ന കുത്തരിച്ചോറും ചെറുപയറു കറിയും...!!!

ലവ് യൂ...

ചില സമയത്തങ്ങനെയാ.. നമ്മള്‍ സ്നേഹിക്കുന്നവരെ നമ്മളോര്‍ക്കുന്ന സമയത്ത് തന്നെ അവരും നമ്മളെ പറ്റി ഓര്‍ക്കും..
ഒരു ഏട്ട് വയസ്സുകാരന്‍ കുഞ്ഞു പെങ്ങളെ കൈ പിടിച്ച് നടത്തിയതും, കുളിപ്പിച്ച് ഒരുക്കി കൊടുക്കുന്നതും, തോടും പാടവും പശുവിനെയും ആടിനെയും കാണിച്ച് കൊടുക്കുന്നതും.. സ്കൂളില്‍ കൊണ്ടു പോകുന്നതും എല്ലാം ഇന്നു നടക്കുന്ന പോലെ തന്നെ..
"മോളേ.. ഇക്കാക് കെട്ടിപ്പിടിച്ചൊരുമ്മ തരോ..?"
"ഉമ്മ തരാം.. പക്ഷെ എന്നെ ഉത്സവം കാണിക്കാന്‍ കൊണ്ട് പോണം.."
"മോളേ ഇക്ക കൊണ്ടോവാട്ടോ.. മലയാറ്റില്‍ അമ്പലത്തില്‍ ഉത്സവം തുടങ്ങട്ടെ.."
"അവ്ടെ ഇനിച്ച് വരണ്ട.. "
"അതെന്തു പറ്റി..?"
"ഇനിച്ച് പേടിയാ.."
"അതെന്തിനാ മോളേ..?"
"അതേ അവ്ടെ ഉത്സവത്തിനു ഇടിവെട്ടുണ്ടാകും..."
ആ പ്രായത്തിലവള്‍ക്ക് പലിയ പടക്കം പൊട്ടുന്ന പോലെയുള്ള ഏതു ശബ്ദവും വെളിച്ചവും ഇടിവെട്ടായിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഉമ്മ കയ്യിലൊരു ചൂരലുമായി എന്നെയും അനിയനെയും പെങ്ങളെയും അടുക്കളയില്‍ നിരത്തി നിര്‍ത്തും.. ദിനേനയുള്ള പാലു കുടിപ്പിക്കല്‍ ചടങ്ങാണാവിടെ നടക്കാന്‍ പോകുന്നത്.. തല്ലിയും ഭീഷണിപ്പെടുത്തിയും അങ്ങനെ ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെയാണോ, ആ വഴികളെല്ലാം ഉമ്മ പ്രയോഗിച്ച് ഞങ്ങളേ കൊണ്ട് പാലു കുടിപ്പിക്കും. എന്തു ചെയ്തിട്ടും നിസ മാത്രം കുടിക്കുന്നില്ല.. വെറുതെ നിന്ന് കരച്ചിലോട് കരച്ചില്‍ തന്നെ.. അവസാനം സഹികെട്ട ഉമ്മ ചോദിച്ചു..
"നീയെന്തിനാണ്ടീ കരയുന്നത് നിന്റെ ആരെങ്കിലും മരിച്ച് പോയാ..?"
ഏങ്ങിയേങ്ങി കരഞ്ഞ് ഉരുണ്ട് വീഴുന്ന കണ്ണീരും മൂക്കും പുറം കൈ കൊണ്ട് തുടച്ച് അവള്‍ പറഞ്ഞു...
"ഉമ്മ എല്ലാ ദിവസവും ബൈജുക്കാക്കും അന്‍സ്ക്കാക്കും ചില്ലിന്റെ ഗ്ലാസില്‍ കൊടുക്കും ക്കും... ഇനിച്ച് മാത്രം ലീസ്റ്റിന്റെ ഗ്ലാസ്സില്‍ തരും..."
ഇതു കേട്ട് ദേഷ്യം മാറി ചിരി തുടങ്ങിയ ഉമ്മ അവളെ തിരുത്താന്‍ പോയില്ല.. കിട്ടിയ ചാന്‍സിനു ഒരു ചില്ലു ഗ്ലാസ് എടുത്ത് പാലതിലേക്ക് പകര്‍ന്നു കൊടുത്തു.
കണ്ണീരു തുടച്ച് ചില്ലു ഗ്ലാസ്സില്‍ കിട്ടിയ പാല്‍ അവള്‍ ചുണ്ടോടാടുപ്പിച്ചതും ആ ഗ്ലാസ് അവളുടെ കയ്യില്‍ നിന്നും വീണു പൊട്ടി ചിതറി.. അതോടോപ്പാം ഞാന്‍ സ്വപ്നത്തില്‍ നിന്നും. പിന്നെ ഉറക്കം വന്നില്ല.. എണീറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അവര്‍ ഖത്തറില്‍ വന്നപ്പോള്‍ എടുത്ത ആയിരക്കണക്കിനു ഫോട്ടോകള്‍ എടുത്ത് നോക്കാന്‍ തുടങ്ങി. പിന്നീടെപ്പഴോ കമ്പ്യൂട്ടെറിന്റെ മുന്നില്‍ തന്നെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറക്കമെല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് ഇന്നലെ നടന്നതൊക്കെ ഓര്‍മ്മ വന്നത്.. അവളേ വിളിച്ചു നോക്കി.. ഫോണേടുത്തില്ല.. പിന്നെ ഇന്നലെ നോക്കിയ പടങ്ങളില്‍ നിന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം എടുത്ത് ഞാന്‍ അവള്‍ക്കയച്ച് കൊടുത്തു..
കുറച്ച് കഴിഞ്ഞപ്പോള്‍ നിസയുടെ മെസ്സേജ് വന്നു..
"ഞാന്‍ ഒറങ്ങായിരുന്നു..."
"ഒ കെ.."
"ഇന്നലെ രാത്രി ഞാന്‍ ഇരുന്ന് ഈ പടങ്ങളൊക്കെ ഇരുന്ന് നോക്കുകയായിരുന്നു.."
"ഏഹ്..? സത്യം..??"
"അതെ..."
"ഡീ അപ്പൊ സെയിം പിച്ച്ട്ടാ... ഞാനും ഇന്നലെ ഈ പടങ്ങള്‍ നോക്കുകയായിരുന്നു.."
"ആണോ..."
"ഡീ..."
"എന്തെ....?"
"ലവ് യൂ...."
അതു പറഞ്ഞപ്പോല്‍ മൊബൈലിന്റെ സ്ക്രീനിനൊരു മങ്ങല്‍.. കണ്ണു തിരുമ്മിയപ്പോള്‍ രണ്ടുമൂന്നു തുള്ളി കണ്ണീര്‍ താഴെ പോയി.. കണ്ണ് തുടച്ച് നോക്കിയപ്പോഴും നിസയുടെ മറുപടിയൊന്നും വന്നിട്ടില്ല.. ഞാന്‍ അവളോട് ചോദിച്ചു..
"ഇപ്പ നിന്റെ കണ്ണീന്നു വെള്ളം വന്നാ...?"
കുറച്ച് കഴിഞ്ഞപ്പോല്‍ അവള്‍ രണ്ട് സ്മൈലി തിരിച്ച് തന്നു..
"ഡീ.. പിന്നേം സെയിം പിച്ച്ണ്ട്ട്ടാ.. അപ്പോ ശെരി ബൈ.. നമുക്ക് പിന്നെ മിണ്ടാംസ്.."
"എന്റെ കണ്ണീന്നിപ്പഴും കണ്ണീരു വരുന്നു.. ടൈപ്പ് ചെയ്യാന്‍ പറ്റണില്ലിക്കാ.. ബൈ.."
ലവ് യൂ സോ മച്ച് ഡിയര്‍..!! മിസ്സ് യൂ...!!

ചിരിയില്‍ വിരിഞ്ഞ മഴവില്ല്

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞിരിക്കുന്നു. ഇന്നും ഇടക്കിടെ അവളെന്റെ സ്വപ്നങ്ങളില്‍ വരും.. തെല്ലു പോലും വളര്‍ന്നിട്ടില്ല അവളിന്നും.. അതേ രൂപം.. അതേ ഉടുപ്പ്.. എന്നെ നോക്കി അവളുടെ കൊച്ചു വെള്ളാരം കല്ലു പോലെ നിരയൊത്ത പല്ലുകള്‍ കാണിച്ച്, ഇടയില്‍ അവിടവിടെ പല വര്‍ണ്ണങ്ങളോടെ, ഒരു വശത്ത് മാത്രം നുണക്കുഴിയുള്ള ചിരി ചിരിക്കും. കാണാന്‍ നല്ല ചന്തമുള്ള ചിരി. കാക്കപുള്ളി പോലെ ഈര്‍ക്കില്‍ വട്ടത്തില്‍ കറുത്ത ഒരു കുഞ്ഞു പൊട്ട് എന്നും അവളുടെ പുരികക്കൊടികള്‍ക്കു നടുവില്‍ കാണുമായിരുന്നു. .
കേട്ടെഴുത്തിനു ശേഷം,സ്ലേറ്റ് നോക്കി മാര്‍ക്കിട്ട് കഴിഞ്ഞ് കിട്ടിയ ബാക്കി സമയത്ത് ഒച്ചയും ബഹളവുമുണ്ടാക്കാതെ, ഞങ്ങള്‍ക്കിഷ്ടമുള്ള ചിത്രം വരക്കാന്‍ വരക്കാന്‍ പറഞ്ഞ്, സംസാരിക്കുന്നവരുടെ പേരെഴുതി വെക്കാന്‍ ക്ലാസ് ലീഡറെ ഏല്പിച്ച ടീച്ചര്‍ രണ്ടു കയ്യും മുന്നിലെ മേശയില്‍ പിണച്ച് അതിനുള്ളിലേക്ക് മുഖം പൂഴ്ത്തി. സ്ലേറ്റില്‍ എഴുതിയത് കൈ കൊണ്ട് എത്ര മായ്ച്ചാലും മുന്‍പ് എഴുതിയിരുന്നത് മങ്ങി കാണുന്നുണ്ടാകും. അതിന്റെ മുകളില്‍ പൂവിനെയും കിളികളെയും വരച്ചാലും ഒരു ഭംഗി ഉണ്ടാകില്ല.
ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും മദ്രസയില്‍ പോകുന്ന വഴിക്കുള്ള ഇല്ലിക്കൂട്ടത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മുളയുടെ ഇളം തണ്ടെടുത്തു. അതിന്റെ അറ്റമൊന്നു ഒന്നു കടിച്ച് ചതച്ച് സ്ലേറ്റ് മായ്ക്കുന്ന സമയത്താണ്, എന്റെ ഇടത് വശത്ത് ഇരുന്നിരുന്ന അവളെന്നെ നോക്കുന്നത് ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. ഞാന്‍ കയ്യിലിരുന്ന മുളന്തണ്ട് അവള്‍ക്കു നേരെ നീട്ടി..
"സ്ലേറ്റ് മായ്ക്കാന്‍ മഷിത്തണ്ട് വേണോ..?" അവള്‍ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. "ഇന്നാ എടുത്തോ.. എന്റെ കീശേല്‍ ഒന്നൂടെ ഉണ്ട്.." അവള്‍ ചിരിച്ച് കൊണ്ട് കൈ നീട്ടി. ഞാന്‍ അതവളുടെ കയ്യിലേക്ക് വെച്ചു കൊടുമ്പോള്‍ ചിരിച്ച് കൊണ്ടവള്‍ പറഞ്ഞു..
"ചെക്കാ ഇത് മഷി തണ്ടല്ല.. ഇല്ലിത്തണ്ടാ.. മഷി തണ്ട് ഞാന്‍ നാളെ കൊണ്ടന്ന് തരാട്ടോ..." മുന്‍പൊരിക്കല്‍ ക്ലാസില്‍ അടുത്തിരിന്നിരുന്ന രാജേഷ് ചെക്കാ എന്നു വിളിച്ചതിനു എനിക്ക് അവന്റെ മൂക്കിടിച്ച് പരത്താന്‍ പാകത്തിന് ദേഷ്യം വന്നിരുന്നു. അവന്റെ അച്ചന്റെ കയ്യില്‍ മരം മുറിക്കുന്ന വലിയ വാളും കോടാലിയുമെല്ലാം ഉള്ള കാര്യം അവന്‍ രണ്ടു ദിവസം മുന്‍പ് പറഞ്ഞതോര്‍ത്ത് ഞാന്‍ ഒന്നും ചെയ്യാതെ വിട്ടു.
ആദ്യമായിട്ട് അവളുടെ ചിരി ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.. അതിനിടയില്‍ അവളുടെ ചെക്കാന്‍ എന്ന വിളിക്കധികം പ്രാധാന്യം കൊടുത്തില്ല.. നനുനനുത്ത പച്ച രോമങ്ങള്‍ക്കിടയില്‍ മുത്തു മണികള്‍ പോലെ തിളങ്ങുന്ന വെയര്‍പ്പു തുള്ളികളുള്ള മേല്‍ചുണ്ട് കോട്ടി ചിരിക്കുമ്പോള്‍ അവളുടെ പല്ലുകള്‍ക്കിടയില്‍ പച്ചയും പിങ്കും നീലയും പല പല നിറങ്ങള്‍ കണ്ടത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി..
'മഴവില്ലൊളിപ്പിച്ച നിന്റെയീ ചിരി കാണാന്‍ എന്തൊരു ചന്തമാണു പെണ്ണേ' എന്നു പറയാമായിരുന്നെന്ന് ഞാന്‍ ആലോചിച്ചത് പിന്നെയും ഒരു പാട് നാളുകള്‍ കഴിഞ്ഞ് ആദ്യമായി മഴ വില്ലു കണ്ട നാളിലായിരുന്നു.. അന്ന് ഞാനും അവളും ബാക്കി കൂട്ടുകാരുമെല്ലാം കൂടി സ്കൂള്‍ വരാന്തയില്‍ , "വെയിലും മഴയും കാട്ടിലെ കുറുക്കന്റെ കല്യാണവും" എന്നു പാടി കയ്യടിച്ച് അടുത്ത ബെല്ലടിക്കുന്ന വരെ തുള്ളിച്ചാടി. ഓടില്‍ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികല്‍ രണ്ടു കൈകളും നീട്ടി എടുത്ത് മുഖം കഴുകി..
പിറ്റെ ദിവസം മറക്കാതെ അവളെനിക്ക് മഷിത്തണ്ട് കൊണ്ടു വന്നു തന്നു.. തീരെ വണ്ണമില്ലാത്ത, എന്നാല്‍ നല്ല ഭംഗിയുള്ള, കണ്ടാല്‍ കടിച്ച് തിന്നാന്‍ തോന്നുന്ന തരത്തിലുള്ള ഒരു വിരലിനേക്കാള്‍ നീളം കുറഞ്ഞ ചെറിയൊരു തണ്ടായിരുന്നു അത്.. സ്ലേറ്റില്‍ തൂക്കുന്നതിനു മുന്‍പ് ആ പൂതി മാറ്റാന്‍ ആരും കാണാതെ അതൊന്നു കടിച്ചു ചവച്ചു നോക്കി. ഇല്ലിത്തണ്ടില്‍ ഉള്ള പോലെ ഇളം മധുരം അതിനുണ്ടായിരുന്നില്ല. മറ്റാരും കണ്ടില്ലെങ്കിലും അവളതു കണ്ടു.. എന്റെ വിരലില്‍ പിടിച്ച് തിരിച്ച് അവള്‍ പറഞ്ഞു..
"ചെക്കാ.. ഇതു മണ്ടക്കന്‍ ഇല്ലിത്തണ്ടല്ല.. മഷിത്തണ്ടാ.. കടിക്കാതെ തന്നെ മായ്ക്കാം..." ഇപ്രാവശ്യവും അവളുടെ ചെക്കാ എന്നുള്ള വിളിയും വിരലുകള്‍ ഞെരിഞ്ഞ വേദനയുമൊന്നും എന്നെ ദേഷ്യം പിടിപ്പിച്ചില്ല.. മഴവില്ലൊളിപ്പിച്ച അവളുടെ ചിരി തന്നെയായിരുന്നു കാരണം.. പിന്നീടെന്നും അവളുടെ ചിരി കാണും.. കാണും തോറും എനിക്കത്ഭുതം വര്‍ദ്ധിച്ചു വന്നു.. ഒരു ദിവസം അവള്‍ ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്ന രാജേഷിനെ തോണ്ടി ഞാന്‍ പറഞ്ഞു..
"നോക്കെടാ.. അവള്‍ ചിരിക്കുമ്പോള്‍ കൊറേ നിറങ്ങളില്ലേ..?" അവനതൊന്നു നോക്കുക പോലും ചെയ്യാതെ പറഞ്ഞു.. "പുഴുപ്പല്ലായിരിക്കും..." എനിക്ക് ദേഷ്യം വന്നു.. ഇപ്രാവശ്യവും അവന്റെ അച്ചന്റെ കയ്യിലുള്ള വലിയ കോടാലിയും കത്തിയും അവനെ രക്ഷിച്ചു.. പിന്നീട് അത് ഞാന്‍ ആരൊടും പറയാന്‍ പോയില്ല. എനിക്കു മാത്രമുള്ള തോന്നലാണെങ്കില്‍ അതിന്റെ നാണക്കേടോര്‍ത്ത് ഞാന്‍ ചോദിക്കാതെ വിട്ടു..
ഒരു ദിവസം അവളെന്തോ പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചപ്പോള്‍ പിന്നെയും എന്റെ വിരലുകള്‍ പിടിച്ച് തിരിച്ചെന്നെ വേദനിപ്പിച്ചു "അയ്യേ.. ചെക്കാ.. നിന്റെ പല്ലിനിടയില്‍ ഉമിക്കരിയിരിക്കുന്നു.."
അവള്‍ തൊട്ടു കാണിച്ച ഭാഗത്ത് നാക്കു കൊണ്ടുഴിഞ്ഞ് തുപ്പിക്കളഞ്ഞ് ഞാന്‍ അവളോട് ചോദിച്ചു.. "എന്നും നിന്റെ പല്ലിനിടയില്‍ എന്താ പല നിറങ്ങളില്‍ പറ്റി പിടിച്ചിരിക്കുന്നതെന്നു.. " അല്ലെങ്കില്‍ എന്തു ചോദിച്ചാലും ഒന്നിനു പത്തായി മറുപടി തരുന്ന അവളതിനു മാത്രം മറുപടി പറഞ്ഞില്ല.. മാത്രമല്ല അവളുടെ ചിരിയും കുറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച രാവിലെ മദ്രസയില്ലാത്തതു കൊണ്ട് നേരത്തേ ക്ലാസിലെത്തി.. അന്നവള്‍ മാത്രം ഉണ്ട് ക്ലാസില്‍.. അവള്‍ ചിരിച്ചില്ല..
എന്നെ കൈ കാട്ടി വിളിച്ചു..
"ചെക്കാ.. ഇങ്ങു വന്നേ.. ഒരു സൂത്രം കാണിക്കാം..." അടുത്ത് ചെന്ന എന്റെ അടുത്തേക്ക് കുറച്ച് കൂടി ചേര്‍ന്ന് നിന്നു.. എന്നേക്കാള്‍ കുറച്ച് കൂടെ പൊക്കം കുറവുള്ള അവളുടെ മുടിയിലെ മണമാണു ഞാന്‍ ശ്രദ്ധിച്ചത്.. ഹോ.. ഇതു കുറച്ചു ദിവസം മുന്‍പായിരുന്നെങ്കില്‍ തലയില്‍ വെളിച്ചെണ്ണ തേച്ചപ്പോള്‍ കരഞ്ഞതിനു ഉമ്മാടെ കയ്യില്‍ നിന്നും അടി വാങ്ങിക്കാതെ സന്തോഷത്തോടെ നിന്നു കൊടുത്തേനെ ഞാന്‍.. അന്നു മുതലാണെന്നു തോന്നുന്നു ഞാന്‍ വെളിച്ചെണ്ണയുടെ മണം ഇഷ്ടപ്പെട്ട് തുടങ്ങിയത്.
"ഇങ്ങട്ട് നോക്ക് ചെക്കാ.." എന്നു പറഞ്ഞ് അവള്‍ ബാഗ് തുറന്നപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.. ബാഗിന്റെ ഉള്ളില്‍ ഒരു വശത്ത് മറ്റൊരു കീശയും കൂടെയുണ്ട്. അവളതു തുറന്ന് അതിനുള്ളില്‍ കയ്യിട്ട് ഒരു പിടി ചോക്ക് കഷ്ണങ്ങള്‍ എന്റെ കയ്യിലേക്ക് വെച്ച് തന്നു.. പല പല നിറങ്ങളിലുള്ളവ.. അതു കിട്ടിയ സന്തോഷത്തില്‍ അവള്‍ക്കൊരു ചിത്രം വരച്ച് കാണിക്കാനുള്ള ആഗ്രഹത്തില്‍ സ്ലേറ്റ് എടുത്ത ഉടന്‍ അവളെന്റെ വിരലില്‍ പിടുത്തമിട്ടു.. അവളെന്റെ വിരലുകള്‍ പിരിച്ച് വേദനിപ്പിക്കുന്നതിനു മുന്നേ കൈ വലിച്ച് ഞാന്‍ പറഞ്ഞു.. "ഞാന്‍ ചിത്രം വരക്കാന്‍ പൂവായിരുന്നു..."
"ഇതു ചിത്രം വരക്കാനുള്ളതല്ല ചെക്കാ.." പിന്നെയും അവള്‍ ചിരിച്ചു.. ഇപ്രാവശ്യം അവളുടെ ചിരിയില്‍ ഒരു കള്ളത്തരമുള്ള പോലെ എനിക്കു തോന്നി.. ശെരിയാണല്ലോ.. ഇതു വരെ ആയിട്ടും ഇവളുടെ സ്ലേറ്റില്‍ സാധാരണ പെന്‍സിലിന്റേതല്ലാതെ മറ്റൊരു നിറവും ഞാന്‍ കണ്ടിട്ടില്ല.. പിന്നീടന്ന് മുതല്‍ ഞങ്ങളുടെ ചിരികള്‍ക്ക് ഒരേ നിറങ്ങളായിരുന്നു..!

സെയിം പിച്ച്..

നട്ടുച്ച..
നല്ല ചൂട്..
ശുക്കൂര്‍ വെശന്നെടങ്ങേറായി ഉച്ചക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് കാറോടിച്ച് വരുന്ന വഴിയാണു ഒരു ഫിലിപ്പീനി പെണ്ണ് കൈ കാണിച്ചത്.. അല്പം പ്രായമുണ്ടെങ്കിലും നല്ല മുഖശ്രീയുള്ള പെണ്ണ്.. വെറുതെ വെയിലു കൊണ്ട് കരിയെണ്ടാന്നു കരുതി കാറു നിര്‍ത്തി കേറിക്കോളാന്‍ പറഞ്ഞു.
സാമാന്യ മരാദ പ്രകാരം ശുക്കൂറ് ചോദിച്ചു "എങ്ങോട്ടാ..?"
"ചോറുണ്ണാന്‍ വീട്ടിലേക്ക് പോകുവാ.."
"ആണോ..? സെയിം പിച്ച്.. സെയിം പിച്ച്.. ഞാനും ചോറുണ്ണാന്‍ പോകുവാ.."
ചോറുണ്ണാന്‍ പോകുവാണെന്നു പറഞ്ഞതിനു ഇത്രയും എക്സൈറ്റെഡ് ആകാന്‍ മാത്രമെന്താണെന്ന് മനസ്സിലാകാതെ കണ്ണുമിഴിച്ച് വാ പൊളിച്ച പെണ്ണിനെ മൈന്റാക്കാതെ ഷുക്കൂര്‍ അടുത്ത ചോദ്യം പൊട്ടിച്ചു..
"വീട്ടിലെന്താ കറി..?"
"മീന്‍ ആയിരിക്കും.. "
"ആഹാ.. പിന്നേം സെയിം പിച്ച്.. എന്റെ വീട്ടിലും മീന്‍ തന്നെ ആയിരിക്കും.." ശുക്കൂറീനു പരമ സന്തോഷം..
"ഞാന്‍ ചോറു തിന്നിട്ട് കെടന്നൊറങ്ങും.. നീയെന്തു ചെയ്യും...?"
"ഞാനും കെടന്നൊറങ്ങും.." ഒരു ദീര്‍ഘ നിശ്വസത്തോടെ പെണ്ണു തുടര്‍ന്നു.. "അല്ലാണ്ടെന്തു ചെയ്യാന്‍.."
ഷുക്കൂറും നീട്ടിയൊരു ദീര്‍ഘ നിശ്വാസം പെടച്ച് പെണ്ണിനൊരു കമ്പനി കൊടുത്ത്.
"ഹ ഹ ഹ. സെയിം...." പിച്ചെന്നു മുഴുവന്‍ പറയുന്നതിനു മുന്നേ തന്നെ പെണ്ണ് എടേക്കേറി പറഞ്ഞു.. "സെയിം പിച്ചല്ലേ എനിക്കറിയാം.."
ശ്ശോ.. അല്പം ഓവെറായെന്നു തോന്നുന്നു.. എന്നാലും സാരമില്ലെന്നുറക്കെ പ്രഖ്യാപിച്ച് ഒരു കുലുക്കവുമില്ലാതെ ഇരിക്കുകയാണു ശുക്കൂര്‍.. ഇടക്കൊന്നു നിശബ്ദനായി താടി ചൊറിഞ്ഞ് സ്റ്റിയറിങ്ങില്‍ രണ്ട് തട്ടൊക്കെ തട്ടി ചോദിച്ചു..
"എന്തായാലും നമ്മളു രണ്ടാളും വീട്ടീ പോയി തിന്നാന്‍ പോണാതും ചെയ്യാന്‍ പോണാതുമെല്ലാം ഒരേ കാര്യം തന്നെയല്ലേ...?"
"അതേ...!!"
"എന്നാ നമുക്കൊരു കാര്യംചെയ്താലോ..?"
"എന്താ..?"
"നമുക്ക് എന്റെ വീട്ടീ പോയി മീന്‍ കറീം കൂട്ടി ചോറൊക്കെ തിന്ന്... സെയിം പിച്ചാക്കിയാലോ.."
ഹോ.. എത്ര സന്മനസ്കനായ ചേട്ടന്‍.. കാറില്‍ ലിഫ്റ്റ് തരുന്നു.. വീട്ടിലേക്ക് ക്ഷണിക്കുന്നു.. ഉറങ്ങാന്‍ സൗകര്യം ചെയ്തു തരുന്നു.. പെണ്ണിനു സന്തോഷം.. നാണം..
"ആ.. അതു നല്ല ഐഡിയ.. എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ.."
ഇപ്പോ തന്നെ കണ്ട തന്നെ ഇത്രക്കും വിശ്വസിച്ച് ഒരു പേടിയുമില്ലാതെ തന്റെ ക്ഷണം സ്വീകരിച്ചതില്‍ ശുക്കൂറിനു പരമ സന്തോഷം.. സന്തോഷം ഒട്ടും കുറക്കാതെ തന്നെ വീടിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ തിരിച്ചപ്പോഴാണു ആകാംഷയും അത്ഭുതവും സന്തോഷവും എല്ലാം കൂടെ കുത്തി നിറച്ച് പെണ്ണിന്റെ ചോദ്യം വന്നത്..
"ദൈവമേ.. ഇതു നമ്മുടെ പോക്കര്‍ക്കാടെ വീടല്ലേ...??"
ഏഹ്.. ചോദ്യം കേട്ടപ്പോ ഡബിള്‍ അത്ഭുതം ശുക്കൂറിനു..
"അതേലോ... മൂപ്പരെ എങ്ങനെ അറിയും..? എന്റെ വാപ്പായാ..!!"
അപ്പ തന്നെ നിഷ്കളങ്കമായ മറുപടിയും വന്നു..
"പണ്ടൊക്കെ മൂപ്പരും എനിക്കിത് പോലെ ലിഫ്റ്റ് തരാറുണ്ടായിരുന്നു...!!"

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com