May 13, 2009

പശുക്കുട്ടിയോ പശുക്കിടാവോ..?


വാശിയേറിയ ഡിബേറ്റ് നടക്കുക്കയാണ്.. ആരും വിട്ടു കൊടുക്കുന്നില്ല..എറണാംകുളത്തു കാരുടെതാണൊ ത്രിശ്ശൂരു കാരുടെതാണൊ നല്ല മലയാളം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം..

മ്മ്മടെ ഒരു ഗഡീടെ കല്യാണത്തിന്റെ തലേന്നാള്‍ ആ ഡാവിന്റെ കൊറെ ഗഡികളെ  എറണാം കുളത്തു നിന്നും ഇമ്പോര്‍ട്ട് ചെയ്തു..  ആ പുലികളും നാട്ടുകാരും കൂടിയാണ് വാശിയേറിയ മല്‍സരം നടക്കുന്നത്...  കല്യാണ ചെക്കന്‍ വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി അറേഞ്ച് ചെയ്ത സ്വകാര്യ കള്ളുകുടി പാര്‍ട്ടിയാണ് വേദി.. സ്ഥലം ഏതാണെന്നു ചോദിക്കരുത്.. ത്രിശ്ശൂരിന്റെ പ്രാന്ത പ്രദേശമാണ് ലൊക്കേഷന് (പ്രാന്തന്മാരുടെ പ്രദേശമല്ല)‍..
ഇപ്പൊ നിങ്ങള്‍ക്ക് സംഗതിയുടെ സീരിയെസ്നെസ്സ് പിടികിട്ടിയല്ലോ..??

ചര്‍ച്ച ചൂട് പിടിച്ചു കൊണ്ടിരിക്കെ  കൂട്ടത്തിലെ ബു ജി ദേവസ്സികുട്ടി നെഞ്ചും വിരിച്ചു ഒരു നിപ്പു നിന്നിട്ട് ഒരു ചോദ്യം..  "നിങ്ങളു വീട്ടിലെ കൊച്ചുങ്ങളെ എന്തുവാ പറയുന്നത്..?  ഈ ക്ടാവിനെന്തൂട്ടാ പറ്റിയേ... ടാ ക്ടാവേ ഇങ്ക്ട് വാടാ... വീട്ടിലെ പശുവിനെയോ.?? പശുക്കുട്ടി എന്നും.. അല്ലെ..?? പക്ഷെ ശുദ്ധ മലയാളത്തില്‍ പശുക്കിടാവ്.. മനുഷ്യക്കുട്ടി ഇങ്ങനെയാണു പറയേണ്ടത്.. ഞങ്ങളെറണാംകുളം കാരു പറയുന്നതങ്ങനെയാ...!!" എറണാംകുളം കാരു ബുജിക്കു സപ്പോര്‍ട്ട് കൊടുത്ത് കയ്യടിയും ഡാന്‍സും തുടങ്ങി..

മലയാള ഭാഷക്കു ശവത്തിന്റെ സ്ത്രീലിംഗമായ 'ശവി' എന്ന വാക്കു സംഭാവന ചെയ്ത ത്രിശ്ശൂരാന്‍മാര്‍ ഇതിനെങ്ങനെ മറുപടി കൊടുക്കും എന്നുള്ള കൂലങ്കുഷമായ ചര്‍ച്ച...

ഈ സന്ദര്‍ഭത്തിലാണ് "എന്തൂട്ട്രാ ശവ്യോളെ.. സ്കൂട്ടാവാറായില്ലെ.." എന്നും ചോദിച്ചു കൊണ്ട് അഞ്ചാമത്തെ റൗണ്ട് കഴിഞു ചേച്ചിയെ ഭദ്രമായി വീട്ടിലെത്തിച്ചിട്ടു ദേവസ്സ്യേട്ടന്റെ വരവ്..

ദേവസ്യേട്ടനാണെങ്കില്‍ ഫോറിന്‍ കിട്ടിയ സന്തോഷത്തില്‍ കയ്യാണൊ കാലാണൊ കുത്തി നടക്കേണ്ടതെന്ന സംശയത്തില്‍ ഇതു രണ്ടുമല്ലാതെ ഏതാണ്ട് ഗര്‍ഭ പാത്രത്തിലെ ശിശുവിന്റെ അവസ്തയിലാണ് വളഞു കൂടി നില്‍ക്കുന്നത്..

"ന്റെ ദേവസ്യേട്ടാ.. ഇങ്ക്ട്ടാ വന്നേ... ഈ ചുള്ളന്‍ പറേണ കേട്ടാ...??"
"ഹാ.. എന്തൂട്ട്രാ കന്നാല്യേ ഈ ശവി പറയ്ണെ..??"
ഒരുത്തന്‍ സംഭവം വിവരിച്ചു കൊടുത്തു...

ഇതു കേട്ടാല്‍ ദേവസ്യേട്ടനു സഹിക്കുമൊ..??
ബീഡിക്കു തീ കൊടുത്ത് ദേവസ്യേട്ടന്‍ ഉടന്‍ തന്നെ ഒരു വെടി പൊട്ടിച്ചു...  "അപ്പമ്മ്ടെ മറ്റേ ഗഡി പണ്ട് ബുക്കിലേഴുതീത് ഗഡീടെ പശു പെറ്റപ്പെഴായിരിക്ക്വോടാ തോമസുട്ട്യേ..??"

"അതാരാ ദേവസ്യേട്ടാ ആ ഗഡി...??"

അല്ലമ്മ്ടെ ഇരയിമ്മന്‍ തമ്പ്യേ..."ഓമന തിങ്കള്‍ കിടാവോ.. നല്ല താമര കോമള പൂവോ.. പൂവില്‍ നിറഞ മധുവോ.." ഇതും പറഞു ദേവസ്യേട്ടന്‍ ഇഴഞിഴഞു അടുത്ത മയക്കു വെടി പൊട്ടിക്കാനുള്ള മരുന്നു നിറക്കാന്‍ പോയി...

ആരാ ജെയിച്ചേ.. ആരാ തൊറ്റേ...??

May 12, 2009

എനിക്കും കിട്ടി

പതിവില്ലാതെ ഇന്ന് രാവിലെ  ആറു മണിക്കു തന്നെ എണീറ്റു വീടിന്റെ ഗേറ്റിനു മുന്നിലൂടെ കൂട്ടിലിട്ട വെരുകിനെ പോലെ നടക്കാന്‍ തുടങിയതാ. ഹോ.. രാവിലെ ആറു  മണിക്കൊക്കെ പുറം ലോകം കണ്ട കാലം മറന്നു..  ന്യൂസ് പേപ്പറിടുന്ന സുകു ചേട്ടനെ ദൂരേന്നു കണ്ടപ്പോള്‍ തന്നെ ഓടി ചെന്നു പേപ്പര്‍ മേടിച്ചു തുറന്നു പോലും നോക്കാതെ നേരെ ഇട്ടിരുന്ന ടീ ഷര്‍ട്ടിന്റെ ഉള്ളിലേക്കു താഴ്ത്തി വീടിന്റെ പിന്നിലേക്കോടി. പൊട്ടക്കിണറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു.. ആരും ഇല്ലാ.. വീട്ടിലെ മുഴുവന്‍ വേയ്സ്റ്റും തിന്നു വിശപ്പടക്കുന്ന കിണറിനിതാ എന്റെ വക ഒരു ഫ്രെഷ് സാധനം.. ആഹാ.. എന്തു സമാധാനം.. അങ്ങനെ പത്രത്തിന്റെ കാര്യം സോൾവായി . ഇനി നേരെ ബെഡില്‍ പോയി ഉമ്മാന്റെ ചൂരലിനു വേണ്ടിയുള്ള കാത്തു കിടപ്പ്...!!

ആടുക്കളയില്‍ ഒച്ചയും അനക്കവും കേട്ടപ്പോള്‍ പതുക്കെ ചെന്നൊന്നു എത്തി നോക്കി.. ഉമ്മ പത്തിരി ഉണ്ടാക്കാനുള്ള പൊടി വാട്ടുന്ന തിരക്കിലാണെന്നു തോന്നുന്നു.. ശബ്ദമുണ്ടാക്കാതെ പതുക്കെ തിരിഞു. ഞാന്‍ വന്നതു എങ്ങനെ അറിഞു ആവോ.. തിരിഞു പോലും നോക്കാതെ ഉമ്മാടെ ചോദ്യം വന്നു.. 
"അള്ളാ.. ഇന്നെന്താ കിയാമത്ത് നാളാണോ(ലോകാവസാന ദിവസം).. ഉമ്മാടെ കടിഞൂല്‍ പൊട്ടനിതെന്തു പറ്റി..??" 
"ഇന്നു മുതല്‍ നേരത്തെ എണീറ്റു ഉമ്മാനെ സഹായിക്കാന്നു കരുതി.. എത്ര നാളെന്നു വെച്ചിട്ടാ ഈ അടുക്കളയില്‍ എന്റുമ്മ ഒറ്റക്കു പണിയെടുക്കുന്നത്..?? ആലോചിച്ചിട്ടു സഹിക്കാന്‍ പറ്റണില്ലെന്റുമ്മോ.." ചുമ്മാ ഒരു നമ്പരിറക്കി...
"ആണോ എങ്കില്‍ പൊന്നാര മോനിങ്ങോട്ടു വാ.. ഐശ്വര്യമായിട്ടീ പൊടി കുഴച്ചു തുടന്ങിക്കോ.."  ഉമ്മ അടുപ്പത്തു നിന്നിറക്കിയ വാട്ടിയ അരിപ്പൊടി ഒരു ചെരുവത്തിലേക്ക് ഇട്ടു. പടച്ചോനേ.. പണിയായല്ലോ..
"ശ്ശെടാ.. ഇരു തമാശ പറയാനും പറ്റില്ലേ..?? ഈയുമ്മാടെ ഒരു കാര്യം.. അപ്പോഴേക്കും അതു സീരിയെസ്സായിട്ടെടുത്തോ...??"
അതും പറഞു മുങ്ങാന്‍ നോക്കിയപ്പോഴെക്കും ഉമ്മ എന്റെ ചെവിയില്‍ പിടുത്തമിട്ടു..
"അവന്റെ ഒരു തമാശ.. പൊടി കൊഴക്കെടാ... അതു കഴിഞിട്ടു വേണം മുറ്റമടിക്കാന്‍..."
"അള്ളാ...അതും ഞാന്‍ ചെയ്യണോ..?? എന്താ ഉമ്മ പറയണെ.. പ്രായ പൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ മുറ്റമടിക്കുകയോ..??"
"എന്തായാലും എന്നെ സഹായിക്കാന്‍ വന്നതല്ലെ.. സഹായിപ്പിച്ചിട്ടെ നിന്നെ ഞാന്‍ വിടൂ.."

ഏതു തെണ്ടിയാണാാവോ പൊടി കുഴച്ചു പത്തിരി ചുടുന്ന പരിപാടി കണ്ടു പിടിച്ചത്. അവനെ തന്നെ മനസ്സിൽ ധ്യാനിച്ച് തുടന്ങാം.. ആവി പറക്കുന്ന പൊടി കണ്ടിട്ട് മിക്കവാറും എന്റെ മനോഹരമായ വിരലുകൾക്ക് നല്ല പണി കിട്ടും.
" ചൂടു പോകുന്നതിനു മുന്‍പു മര്യാദക്കു കൊഴക്കെട.. അല്ലെങ്കില്‍ പത്തിരി ചപ്പാത്തി പോലെ ആകും.. പിന്നെ നിന്റെയൊക്കെ വായിലിരിക്കുന്നത് ഞാന്‍ തന്നെ കേള്‍ക്കണം.. ഉണ്ടാക്കി തരികയും വേണാം വാപ്പാടേം മക്കള്‍ടേം വായിലിരിക്കുന്നത് കേള്‍ക്കേം വേണം.."

ഉമ്മ പറയാന്‍ തുടങ്ങിയാല്‍ പിന്നെ സാംബശിവന്‍ കഥാ പ്രസംഗം തുടങ്ങിയ പോലെ ആണ്‍.. ചരിത്രം മുഴുവനും പറയും.. മിനിമം ഒരു മണിക്കൂറു പിന്നെ കണ്ണും ചെവിടും ഉണ്ടാകില്ല.. അതിനേക്കാള്‍ നല്ലതു തിളച്ച വെള്ളം തന്നെ... ഒന്നും നോക്കാതെ അടുപ്പത്തു നിന്നുമിറക്കിയ പൊടിയില്‍ കയ്യിട്ടു... അന്നാണു മനസ്സിലായതു ഈ പത്തിരിയേം കുറ്റം പറഞ്ഞു വെട്ടി വിഴുന്ങുന്നതിന്റെ പിന്നിൽ ഇത്രയും വേദനാജനകമായ ഒരു കുഴക്കൽ പ്രക്രിയ കൂടിയുണ്ടെന്ന്
"നീയിന്നത്തെ പത്രം കണ്ടോ" എന്നും ചോദിച്ച് വാപ്പ അടുക്കളയിലേക്കു വന്നു... ഞാനും ഉമ്മയും ഒരുമിച്ചു പറുപടി കൊടുത്തു..
"ഇല്ലാ..!!"
എന്നെ അടുക്കളയില്‍ കണ്ടപ്പോള്‍ വാപ്പ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പട്ടാളക്കാരനെ പോലെ വായും പൊളിച്ച്  അന്തിച്ചു നിന്നു..  മലമടിയനായ മൂത്ത പുത്രൻ നിന്ന് പൊടി കുഴക്കുന്നു.. അതും അതിരാവിലെ..!! 
"അല്ല എന്താ സംഭവം...??" വാപ്പാടെ ചോദ്യം....
മൂക്കിൽ പഞ്ഞി പോലും വെക്കാതെ ഇന്നത്തെ പത്രത്തിനെ ഞാന്‍ പൊട്ടക്കിണറ്റില്‍ കബറടക്കിയ കാര്യമറിയാതെ ചുമ്മാ നിന്ന് കളിയാക്കുവാ.. ഹും കളിയാക്കിക്കോ.  ഇന്നു പത്രം വായിക്കുന്നത് എനിക്കൊന്നു കാണണം.. ഒന്നും മിണ്ടാതെ ഉള്ള ദേഷ്യം മുഴുവനും പൊടിയില്‍ തീര്‍ത്തു... 

അപ്പോഴെക്കും പുന്നാര പെന്ങൾ ഉറക്കത്തില്‍ നിന്നെണീറ്റു തലയും ചൊറിഞു കൊണ്ട് വന്നു വാപ്പാനെ കെട്ടി പിടിച്ചു നിന്നു.. വന്ന പാടെ അവളുടെ ഒടുക്കത്തെ ഒരു ചോദ്യവും...
"ഇക്കാടെ റിസല്‍ട്ട് അറിഞോ..??"
ചില നേരത്തെ ഇവൾടെ ചോദ്യന്ങളു കേൾക്കുമ്പോൾ എനിക്കു നിർത്താതെ പണി തരാൻ വേണ്ടി മാത്രമാണോ ഉമ്മ ഇവളേ പെറ്റതെന്നു തോന്നും
 "എന്തു റിസല്‍ട്ട്..പോയി പല്ലു തേച്ചിട്ടു വാടീ പിശാശെ..!!" 
"ആ.... പറഞ പോലെ ഇന്നു പ്രീ ഡിഗ്രീ റിസള്‍ട്ട് വരുമെന്നു ഇന്നലെ ന്യൂസില്‍ പറഞല്ലോ.. ഇന്നത്തെ പത്രവും കാണുന്നില്ല..." വാപ്പാടെ കമന്റും പിന്നാലെ വന്നു...
ഉം.. ഉവ്വെട മക്കളേ.. പത്രം ഇന്നു വന്നതു തന്നെ കാത്തിരുന്നോ.. 
"നിന്റെ കാര്യം എങനെ.. ഇന്നു നിനക്കു പനി പിടിക്കുമോ..??" വീണ്ടും വാപ്പാടെ ചോദ്യം..
"ഇത്രേം കൊഴച്ചാ മത്യാ..." ആ ചോദ്യം ശ്രദ്ധിക്കാത്ത പോലെ ഞാന്‍ ഉമ്മായോടു ചോദിച്ചു..
അതിനുള്ള മറൂപടി പെങ്ങളാണു തന്നത്.... "പോരാ പോരാ... ഇനീം കൊഴക്കണം.. നല്ല പതം വരട്ടെ... ശെരിക്കും കൊഴക്കെടാ മടിയാ.." 
"ആഹ്... നിനക്കുള്ളത് ഞാന്‍ ഇതു കഴിഞിട്ടു തരാട്ടാ.. അവിടെ തന്നെ നിക്ക്..."
"ടാ രണ്ടും കൂടി രാവിലെ തന്നെ തല്ലു പിടുത്തം തൊടങ്ങാതെ... ടീ നീ മിണ്ടാതിരുന്നെ.. എന്റെ മൂത്ത മോന്‍ ആദ്യായിട്ടു ഉമ്മാനെ സഹായിക്കാന്‍ വന്നതാ.. നീ അതു കൂടി ഇല്ലാതാക്കല്ലെ... ചെന്നു വാപ്പാക്കു ചായയെടുത്ത് കൊടുക്ക്..."
അപ്പോഴെക്കും ഞാന്‍ പത്രം നോക്കട്ടെ എന്നും പറഞു വാപ്പ അപ്പുറത്തേക്കും പോയി....

കുറച്ച് കഴിഞ്ഞപ്പോൾ പോയ പോയ പോലെ തന്നെ വാപ്പ തിരിച്ചു വന്നു
"മോളെ... നീ പടിഞാറേല്‍ പോയിട്ടു മനോരമ മേടിച്ചോണ്ട് വന്നെ.. റിസല്‍ട്ട് നോക്കീട്ടു ഇപ്പോ തന്നെ തിരിച്ചു കൊടുക്കാന്നു പറ. ഇന്നിനി സുകു വരുംന്നു തോന്നുന്നില്ല."
ഇതു കേട്ടതോടു കൂടി എന്റെ കമ്പ്ലീറ്റ് വോൾടേജും പോയി. അതു വരെ എന്റെ കൈകൾക്കുള്ളിൽ കിടന്ന് ഞെരിഞ്ഞ് പിരിഞ്ഞ് ശ്വാസം മുട്ടിയിരുന്ന പൊടി ആ താലത്തിൽ കിടന്ന് " നീയെന്താടാ എന്നെ ഇക്കിളിയാക്കുന്നോന്നും" ചോദിച്ച് എന്നെ പരിഹസിച്ചു തുടന്ങി .. പരിസര ബോധമില്ലാതെ അതും ഇതും ചോദിക്കുന്ന ഒരു പെങ്ങളെ കൊണ്ട് എന്നെ പോലുള്ള പാവം ആങ്ങളമാരുടെ ഒരു കഷ്ടപ്പാടെ...
"ഇക്കാ നമ്പരു പറ.. ഞാന്‍ നോക്കാം.." ഇവളു റോകറ്റിന്റെ മൂട്ടിലു തീ പിടിച്ച പോലെയാണല്ലോ പോയി പേപ്പറെടുത്തു കൊണ്ടു വന്നത്...
"നീ അങ്ങനിപ്പോ സുഖിക്കെണ്ടാട്ടാ... ഞാന്‍ നോക്കിക്കൊള്ളാം..  പത്തിരി ഉണ്ടാക്കി കഴിഞിട്ടു നോക്കാം. അതവിടെ വെച്ചോ....!!"
"പൊന്നു മോന്‍ പോയ് കൈ കഴുകീട്ടു വന്നോ.. ബാക്കി ഞാന്‍ കൊഴച്ചോളാം... ഓടി ചെല്ല്.." ഉമ്മാക്കും റിസല്‍റ്റ് അറിയാനുള്ള തിടുക്കം

കൈ കഴുകുമ്പോള്‍  എങ്ങനെ ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടും എന്നുള്ള ആലോചനയിലായിരുന്നുഞാൻ .  ബാക്കിയുള്ളവരുടെ കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ കുരുട്ടി ബുദ്ധി വരുന്ന എന്റെ തലക്കാണെങ്കില്‍ സ്വൊന്തം കാര്യം വരുമ്പോള്‍ ഒരിക്കലും ക്ലച്ചു പിടിക്കാറില്ല.. ഇന്നും അതു പോലെ തന്നെ സംഭവിച്ചു...
ഞാന്‍ വന്നു പേപ്പര്‍ എടുത്തു നിവര്‍ത്തി. മുൻ പേജിൽ തന്നെ റാങ്ക് വാങ്ങിച്ച പൊട്ടന്മാരെല്ലാം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. അവർക്കു നേരെ അല്പം പുഛം വാരി വിതറി നേരെ അഞ്ചാമത്തെ പേജ് തുറന്നു...
"ശോ.. പേപ്പറെടുത്തു നോക്കിയാല്‍ കമ്പ്ലീറ്റ് ആത്മഹത്യകളാണല്ലോ.. കണ്ടില്ലേ.. സ്കൂള്‍ വിദ്ധ്യാര്‍ത്തി വിഷം കുടിച്ചു മരിച്ച നിലയില്‍.."
മുന്‍ കൂര്‍ ജാമ്യമായി അല്പം ഉറക്കെ തന്നെ ആണു ഞാന്‍ അതു വായിച്ചത്... എല്ലാവരും കേള്‍ക്കട്ടെ... ആരും അതു മൈൻഡ് ചെയ്യുന്നില്ലാന്നു കണ്ടപ്പോൾ അടുത്ത നമ്പരിട്ടു.
"ഇതിലു റിസള്‍ട്ടൊന്നും കാണുന്നില്ലല്ലോ...നാളെ വരുവായിരിക്കും.."
"ഇല്ല വാപ്പാ... മൂന്നാമത്തെ പേജിലുണ്ട്.. ഞാന്‍ കണ്ടതാ..."പെങ്ങളുടെ വക അടുത്ത ബോംബ്...
എനിക്കാകെ അങ്ങു പെരുത്തു കയറി...
"എങ്കില്‍ ദാ നീ തന്നെ അങ്ങട്ടു നോക്കിക്കോ.. ഞാന്‍ പോണു...എനിക്കു നംബരൊന്നും ഓര്‍മയില്ല.. അതൊക്കെ ഇനി നോക്കി എടുത്തിട്ടു വേണം.."

വാപ്പ ഒന്നും മിണ്ടാതെ അടുക്കളയില്‍ കസേരയിലിരുന്ന് ചായ ഊതി കുടിക്കുകയാണ്‍.. മൂപ്പര്‍ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി എന്നു തോന്നുന്നു.... അവസാനം വാപ്പ തന്നെ രക്ഷക്കെത്തി..
"എന്നാ നീ പോയി നംബരെടുത്തിട്ടു വാ.. " കേട്ടതു പാതി കേള്‍ക്കാത്തതു പാതി.. ഞാന്‍ അവിടൂന്നു മുങ്ങി.. പിന്നെ പൊങ്ങിയത് മാമാടെ വീട്ടിലായിരുന്നു...
"അതേ എന്നെ ആരെങ്കിലും വിളിച്ചു ചോദിച്ചാല്‍ ഞാന്‍ ഇവിടെ വന്നിട്ടുമില്ല മാമി എന്നെ കണ്ടിട്ടുമില്ല കേട്ടല്ലോ.!! മാമിയോട് ഇതും പറഞു ഞാന്‍ നേരേ തട്ടിന്‍ പുറത്തേക്ക് കയ്യറി...
ഏകദേശം ഒരു പതിനൊന്നു മണിയായപ്പോള്‍ അമ്മായി വന്നു വിളിച്ചു...
"ടാ നിനക്കു ഒരു പാടു ഫോണ്‍ വന്നല്ലോ.. ഇപ്പൊ തന്നെ വാപ്പ വിളിച്ചു പറഞു നീ വരുവാണെങ്കില്‍ പെട്ടെന്നു വീട്ടിലേക്കു ചെല്ലാന്‍... നിന്റെ റിസല്‍ട്ട് അറിഞു നീ പാസ്സായി എന്നും പറയാന്‍ പറഞു...."
മാമിയുടെ മുഖത്ത് ഭയങ്കര സന്തോഷം.. ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു... പടച്ചോനെ.. ഞാനീ കേട്ടത് സത്യം തന്നെ ആണോ... അതോ സ്വപ്നത്തിലാണോ..?
"എന്താ എന്താ.. പാസ്സായീന്നോ.. ഞാനോ...??"
"ഇതിനു നീയെന്തിനാ ചാടുന്നത്...? പരീക്ഷ പാസ്സാകുന്നത് അത്ര വല്യ കാര്യമാണോ..??"
"ആ..ഇപ്രാവശ്യം പരീക്ഷ പാസ്സാകുന്നത് വെല്യ കാര്യം തന്നാ... ശെരിക്കും പറ മാമീ.. ഞാന്‍ പാസ്സായി എന്നു തന്നെയാണോ പറഞത്...??"
"ആ.. പിന്നെ നിന്നോട് പെട്ടെന്നു തന്നെ വീട്ടിലോട്ടു ചെല്ലാന്‍ പറഞു... വൈകുന്നേരം റിസല്‍ട്ടിന്റെ ചെലവു എത്തിച്ചില്ലെങ്കില്‍ പിന്നെ ഈ വഴിക്ക് കണ്ടു പോകരുത് കേട്ടല്ലോ..??"

ഇതന്തൂട്ട് ഹലാക്കാണാവോ// .. രാവിലെ മുതല്‍ കമ്പ്ലീറ്റ് ഫൗള്‍ ആണല്ലോ .. ഫിസിക്സ് പരീക്ഷ എഴുതാത്ത ഞാന്‍ എങ്ങനെ പാസ്സായീന്നു തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. യൂണിവേര്‍സിറ്റിയുടെ കാര്യമല്ലെ..പറയാന്‍ പറ്റില്ല.. എന്തായാലും തല്‍ക്കാലത്തേക്കു ഒരു പിടി വള്ളി കിട്ടിയ സമാധാനത്തില്‍ ഞാന്‍ സൈക്കിള്‍ ആഞു ചവിട്ടി... വീട്ടിലെത്തിയപ്പോള്‍ ഭയങ്കര ഒരുക്കങ്ങള്‍.. ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു... ആര്‍ക്കും ഒന്നും പറയാന്‍ സമയമില്ല.. എല്ലാ കസിന്‍സും വീട്ടിലെത്തിയിട്ടുണ്ട്... വാപ്പ കടയിലേക്കു പോയിരിക്കുകയാണെന്നു തോന്നുന്നു..
ഉച്ചക്കു എല്ലാവരും കൂടിയിരുന്നു ബിരിയാണിയെല്ലാം കഴിച്ചു പായസം കുടിച്ചു സിറ്റൗട്ടില്‍ വട്ടം കൂടി അന്താക്ഷരി തുടങ്ങി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ  ഞാന്‍ ഒരു മൂലക്കിരുന്നു വീണ്ടൂം ആലോചന തുടങ്ങി..
"ഇക്കാ വാപ്പ വിളീക്കുന്നു.." പെങ്ങളു വന്നു പറഞപ്പോള്‍ നേരെ വാപ്പാടെ റൂമിലേക്കു നടന്നു.. വാപ്പയും ഉമ്മയും ബെഡിലിരിക്കുന്നു.. പെങ്ങളാണെങ്കില്‍ എന്തോ തിരയുന്ന മാതിരി അവിടെ ചുറ്റി പറ്റി നില്‍ക്കുന്നു..

"എന്താ ഇനിയത്തെ പരിപാടി..??"
"നാളെ കോളെജില്‍ പോയി റിസല്‍റ്റ് മേടിക്കണം അതു തന്നെ.."
"അതു മേടിച്ചിട്ടു കാര്യമൊന്നുമില്ലെന്നു നിനക്കു തന്നെ അറിഞൂടെ...?? പരിക്ഷക്കു ജയവും തോല്‍ വിയും എല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്.." വാപ്പാടെ സംസാരം കേട്ടപ്പോള്‍ പിന്നെ ഒന്നും പറയാന്‍ പറ്റിയില്ല..
"നിന്റെ ചുറ്റിക്കളി കണ്ടപ്പൊ തന്നെ എനിക്കു മനസ്സിലായി എന്തോ കുഴപ്പമുന്ണ്ടെന്നു.. ഞാന്‍ നിന്റെ രാമചന്ദ്രന്‍ സാറിനെ.. പുള്ളിക്കാരന്‍ ആണു പറഞത് നീ ഒരു പരീക്ഷ എഴുതീട്ടില്ല എന്നു... ഇതു നിനക്കു ആദ്യമെ പറഞൂടായിരുന്നോ..??"
ശ്ശോ.. ഇതാണു കാർന്നോന്മാരുടെ കൂട്ടുകാര്‍ നമ്മളെ പഠിപ്പിക്കാന്‍ വന്നാലുള്ള കുഴപ്പം..
"നീ ജെയിച്ചാല്‍ ഒരു ബിരിയാണി വെക്കണം എന്നു ഞാന്‍ നിന്റുമ്മാനോടു പറഞിരുന്നു... ഇനീപ്പൊ നീ പരീക്ഷ ജെയിച്ചിട്ടു എന്നാണാവൊ ബിരിയാണി കഴിക്കാന്‍ പറ്റുക എന്നറിയില്ലല്ലൊ.. ഇതോടു കൂടി പരിപാടി നിര്‍ത്തുന്നോ അതോ തോറ്റ പേപ്പര്‍ എഴുതിയെടുക്കുന്നോ...??"
ഒന്നും മിണ്ടാതെ താഴോട്ടും നോക്കി നിന്നു...
കുറച്ചു കഴിഞപ്പോള്‍ മുഖത്തു നോക്കാതെ മറുപടി കൊടുത്തു...
"കൊടുങ്ങല്ലൂര്‍ ഒരു നല്ല ട്യൂഷന്‍ സെന്ററുണ്ട് അവിടെ പോയാലോന്നു ആലോചിക്കുവാ.."
"അങ്ങനെയാണെങ്കില്‍ നീയിനി മുതല്‍ ബസ്സില്‍ പോണ്ടാ... ഒരു ബൈക്ക് മേടിക്കാം.. ബൈക്കില്‍ പോയാല്‍ മതി.. അല്ലെങ്കില്‍ കാറു മതിയോ..??"
ഇതും കൂടി കേട്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടി.. ഉമ്മാടെ കണ്ണു തള്ളി.. പെങ്ങള്‍ടെ കയ്യിലിരുന്ന പായസം താഴെ വീണു...
ഇതെന്താ...?? പരീക്ഷക്കു തോറ്റതിനു ബിരിയാണി വെക്കുന്നു.. പായസം വെക്കുന്നു.. അതും പോരാതെ ലോകത്തൊരു മക്കള്‍ക്കും കിട്ടാത്ത ഒരു ഓഫറും... ഇതു സ്വപ്നം തന്നെ.. അല്ലെങ്കില്‍ എല്ലാര്‍ക്കും വട്ടായിട്ടുണ്ട്...ഞാന്‍ വിശ്വാസം വരാത്ത രീതിയില്‍ വാപ്പാടെയും ഉമ്മാടെയും മുഖത്തേക്ക് മാറി മാറി നോക്കി...

വാപ്പ തുടര്‍ന്നു...
"നീയീ തിന്നു ചീര്‍ത്ത തടിയും വെച്ചു ബസ്സില്‍ കേറാതിരുന്നാല്‍ ആ സ്ഥലത്തു മിനിമം രണ്ട് പേര്‍ക്കു സുഖായിട്ടു യാത്ര ചെയ്യാം.. അതു വല്ല പാവപ്പെട്ട വീട്ടിലെ പിള്ളേരാണെങ്കില്‍ അവരെങ്കിലും പോയി പഠിച്ചു നന്നാകട്ടെ..!!"

May 7, 2009

'സില്‍ വൂ പ്ലേ...'


സ്വിറ്റ്സെര്‍ലാന്റ്...!!
തമിഴ്, ഹിന്ദി സിനിമാരാധകരുടെ സ്വപ്ന തീരം...
ഫ്ലൈറ്റിലിരിക്കുംമ്പോള്‍ ദില്‍വാലെ ദുല്‍ഹനിയായിലേയും ഷാജഹാനിലേയും പാട്ടു സീനുകളായിരുന്നു മനസ്സില്‍......,..
ഫ്ലൈറ്റിറങ്ങി ജെനീവാ എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ തന്നെ ആദ്യത്തെ ബോംബ് പൊട്ടി.. പാസ്പോര്‍ട്ട് കൊടുത്തപ്പോള്‍ കൗണ്ടറിലിരുന്ന മഞതലമുടിക്കാരി സുന്ദരി മദാമ്മയുടെ ഒടുക്കത്തെ ചോദ്യം..
"കോമൂ പൂഷെ വൂ എയ്ടെ മിസ്യൂ...??"
'പടച്ചോനെ പണി കിട്ടിയോ..??
എന്തൂട്ടു കുന്തമാണാവോ ഈ പന്ന വെള്ളച്ചി ചോദിക്കുന്നത്..??'
ഇതൊന്നും നമുക്കു ബാധകമല്ല എന്നുള്ള മട്ടില്‍ ഞാന്‍ ടികറ്റ് കൗണ്ടറില്‍ താളത്തില്‍ തട്ടി ഷാറൂഖ് ഖാന്‍ സ്റ്റൈലില്‍ മുടിയിലൂടെ വിരലോടിച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി...
"മിസ്യൂ...??"
വീണ്ടും വിളി.. ഇവളെന്താ എന്നെ കണ്ടപ്പോള്‍ മിസ്സ് യൂ എന്നു പറയുന്നത്..
ഞാനാണെങ്കില്‍ ഈ സാധനത്തിനെ മുന്നു കണ്ടിട്ടു പോലുമില്ല... ലൗ അറ്റ് ഫസ്റ്റ് സൈറ്റാണോ..?? അങ്ങനെയാണെങ്കില്‍ ആദ്യമായിട്ട് ഐ ലൗ യൂ എന്നല്ലേ പറയേണ്ടത്..?? ആദ്യം തന്നെ മിസ്സ് യൂ വിലാണല്ലോ ലവളു കേറി പിടിച്ചിരിക്കുന്നത്.. ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ എന്റെ തലക്കുള്ളില്‍ മിന്നി.. എന്റെ സ്റ്റൈലാക്കലു കണ്ടപ്പൊ പൊട്ടനാണെന്നു കരുതിക്കാണും.. പിന്നൊന്നും ചോദിക്കാതെ പാസ്സ് പോര്‍ട്ടില്‍ സീലടിച്ചു ഒരു വാതില്‍ ചൂണ്ടിക്കാണിച്ചു തന്നു.. അവിടെ ചുവന്ന ലൈറ്റില്‍ തിളങ്ങുന്ന ഒരു ബോര്‍ഡും കണ്ടൂ.. വായിച്ചിട്ടൊരു ചുക്കും മനസ്സിലാവുന്നില്ല.. ഇതു നമുക്കു പറ്റിയ സ്ഥലമല്ലാ... അപ്പൊ തന്നെ മനസ്സിലുറപ്പിച്ചു. 
കോളേജിലെത്തി ക്ലാസ്സെല്ലാം തുടങ്ങി.. താമസവും ഭക്ഷണവും എല്ലാം അതിന്നുള്ളില്‍ തന്നെ.. ഒരു വെള്ളിയാഴ്ച വൈകുന്നേരം പുറത്തിറങ്ങി..
ഇംഗ്ലീഷ് സിനിമയിലെല്ലാം ആളുകളു കോട്ടിട്ടു നടക്കുന്നത് കണ്ടപ്പോള്‍ ഈ പഹയന്‍മാരെല്ലാം ജെനിച്ചതു തന്നെ ഇങ്ങനാണോ എന്നു തോന്നീട്ടുണ്ട്..
പുറത്തിറങ്ങിയപ്പോഴല്ലെ കാര്യം പിടികിട്ടിയത്.. തണുത്തു വിറച്ചു വടിയാകാതിരിക്കാനാണ് ഇവന്മാരും ഇവളുമാരും കോട്ടിടുന്നതെന്ന്...

വഴിയില്‍ ആരോടും ഒന്നും ചോദിക്കാന്‍ നിന്നില്ല.. ചോദിച്ചിട്ടൊരു ഗുണവും ഇല്ല.. അവന്മാര്‍ക്കു മലയാളവും എനിക്കു ഫ്രെഞ്ചും അറിയില്ല..
ഞായറാഴ്ച ഉച്ചക്കു ഡെല്‍ഹി ചാനലില്‍ ഒന്നരക്കുള്ള പൊട്ടന്മാരുടെ വാര്‍ത്ത തുടങ്ങുമ്പോള്‍ മുള്ളാന്‍ പോയതു വന്‍ നഷ്ട്ടമായി എന്നു മനസിസ്ലായതിപ്പഴാ..
'ലെ മാര്‍ഷെ' എന്ന ഒരു ബോര്‍ഡ് കാണാന്‍ നല്ല രസം.. നേരെ അതിന്റുള്ളിലേക്കു കയറി. അവിടെ കണ്ണാടി കൂട്ടില്‍ വെച്ചിരിക്കുന്ന ചോക്ക്ലേറ്റും.. ബാക്കി സാധനങ്ങളും നോക്കി വെള്ളമിറക്കി ചുറ്റി നടന്നു.. കുറച്ചു വെള്ളമെങ്കിലും മേടിച്ചു കുടിച്ചില്ലെങ്കില്‍ മോശമല്ലെ.. ഒന്നര ലിറ്ററിന്റെ 'ഏവിയോണ്‍' ബോട്ടിലെടുത്തു.. ചുമ്മാ അതു തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ തല ചുറ്റി.. മൂന്നര ഫ്രാങ്കേ... നാട്ടിലെ നൂറ്റിയിരുപത്തഞ്ചു രൂപ...!! കുപ്പി അവിടെതന്നെ ആരും കാണാതെ തിരിച്ചു വെച്ചു.. ഇനി റൂമിലെത്താതെ വെള്ളം കുടിക്കുന്ന പരിപാടിയില്ല.. 

"മോനേ ഓടല്ലെ.. തട്ടി വീഴും.."
ദൈവമെ.. ഇതു സ്വപ്നമാണോ.. ഞാന്‍ കേട്ടതു തന്നെയാണോ അതോ എനിക്കു തോന്നിയതാണോ..?? കാതും മനസ്സും.. എന്തിനു പറയുന്നു.. ശരീരമാസകലം ഒരു കുളിരു വന്നു.. ഒരു കൊച്ചു ചെറുക്കന്‍ ഓടുന്നു.. അതിന്റെ പിന്നാലെ ചുരിദാറിന്റെ മേലെക്കൂടി കോട്ടിട്ട ഒരു ചേച്ചിയും.. ഞാനും ഓടി പിന്നാലെ.. ഒരാഴ്ചക്കു ശേഷം മലയാളം കേട്ട ആക്രാന്തമായിരുന്നു ആ ഓട്ടത്തിനു പിറകില്‍..
ഓടിച്ചെന്നു ചേച്ചിയോടു ചോദ്ച്ചു,,
"മലയാളിയാണോ..??"
"ക്വാ..??"
ഇതെന്താ താറാവോ.. ഒരു നിമിഷം ഞാനൊന്നു അന്തിച്ചു നിന്നു,,,
"അല്ല.. ചേച്ചി മലയാളം.. കേരള കേരള.."
"ക്ക്വി എത്തേ വൂ..??"
ഒരു ചുക്കും മനസ്സിലായില്ല.. എന്തു തെറിയാണാവൊ പറയുന്നത്..
ഈ ചേച്ചി കൊച്ചിന്റെ വാ പൊത്തി പിടിച്ചിരിക്കുന്നതെന്തിനാണെന്നു എനിക്കു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുമില്ല.. എന്തായാലും കൊച്ചിന്റെ വായീന്നുള്ള തെറി കൂടി ഉണ്ടാവില്ല...
ആശ്വാസം..!!
"സെ ക്വാ സെ പാസ്സെ..?" ദാ വരുന്നു നല്ല കറുത്തു തടിച്ച് ക്ലീന്‍ ഷേവ് ചെയ്ത ഒരു ചേട്ടന്‍...., ചേച്ചിയുടെ പാപ്പാന്‍ ആണെന്നു തോന്നുന്നു.. അത്രേം വെല്യ വയറു കണ്ടപ്പോള്‍ തന്നെ എനിക്കു ശ്വാസം മുട്ടി. ഇവരു മലയാളി തന്നെ.. പക്ഷെ മലയാളം പറയുന്നുമില്ല..എനിക്കാണെങ്കില്‍ ഒരു നാട്ടുകാരനെ കിട്ടിയ സന്തോഷത്തില്‍ നിക്കണോ ഇരിക്കണോ ചാടണോന്നൊന്നും അറിയാതെ..
ഇവരാണെങ്കില്‍ എലി പാഷാണം കണ്ട പോലെ.. എന്താണാവോ ഇതിന്റെ ഗുട്ടന്‍സ്..?? അങ്ങേരു.. എന്നെ ഒന്നും നോക്കും.. പിന്നെ കോട്ടിട്ട അമ്മച്ചിയെ നോക്കും.. പിന്നേം എന്നെ നോക്കുന്നു.. അമ്മച്ചിയെ നോക്കുന്നു... ചേച്ചിയ്ക്കു പെട്ടെന്നു കോങ്കണ്ണു വന്ന പോലെ.. ചേട്ടനെ നോക്കി ആംഗ്യം കാണിക്കുന്നു.. എന്തോ കുഴപ്പമുണ്ട്.. അല്ലാതെ ഇവരിങ്ങന്നെ  കുരിശു കണ്ട ചെകുത്താനെ പോലെ നിക്കെണ്ട കാര്യമില്ലല്ലൊ..  എന്തു വരട്ടെ.. ധൈര്യമായിട്ടു മുട്ടാം എന്ന തീരുമാനത്തോടെ അടുത്ത ഡയലോഗിനു വാ തുറന്നതും ചേട്ടനും ചേചിയും കൂടെ ആ കൊച്ചെറുക്കനേം വലിച്ചിഴച്ചു ഒരൊറ്റ പോക്ക്..!! ലെന്തോ പോയ ലെന്തിന്റെയോ കണക്ക് ഞാന്‍ അവരുടെ പോക്കും നോക്കി അങ്ങനെ തന്നെ നിന്നു..
കുറച്ചു നേരം കൂടി അവിടെ വായില്‍ നോക്കി നടന്നു.. ഇതു മാത്രം കണ്ടാല്‍ പോരല്ലോ.. ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു.. ഷാറൂഖും കാജോളും കെട്ടിപിടിച്ചു കിടന്നുരുളുന്ന ഗര്‍ഡന്‍ കാണണം... വിജയും സിമ്രാനും ഒളിച്ചു കളിക്കുന്ന മരങ്ങള്‍ കാണണം.. വേഗം പുറത്തിറങ്ങി.. റൈറ്റ് പോണോ ലെഫ്റ്റ് പോണോന്നുള്ള ആശയക്കുഴപ്പം.. അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പൊ കുറച്ചപ്പുറത്തായി ചേട്ടനും ചേച്ചിയും.. ആഹാ.. എന്നെ പൊട്ടനാക്കീട്ടു രണ്ടു പേരും കൂടെ ജ്യൂസ് കുടിക്കുന്നു.. ഞാന്‍ നേരെ അവരുടെ അടുത്തേക്ക് വെച്ചു പിടിച്ചു.. ഫോണെടുത്തു ചെവിയില്‍ വെച്ചു ചുമ്മാ സംസാരം തുടങ്ങി..
"യാ.. യാ.. ശെരി ശെരി.. ഇവിടെ നല്ല രസമാ.. അടിപൊളി ക്ലൈമെറ്റ്.. അതേടാ ശെരിക്കും സിനിമയില്‍ കാണുന്ന പോലെ തന്നെ.."
സംസാരത്തിനിടക്ക് അവരുടെ അടുത്തെത്തി.
"ആളുകളൊക്കെ നല്ലവരാ.. പിന്നെ നാട്ടില്‍ വള്ളി ട്രൗസറും ലുങ്കിയുമുടുത്തു കട്ടന്‍ ചായയും കുടിച്ചു നടന്നവരൊക്കെ ഇവിടെ കോട്ടും സ്യൂട്ടുമിട്ടു  കഞ്ഞ ഗ്ലാസ്സില്‍ ഹ്യൂസും കുടിച്ച് നടക്കുവാ... വായെടുത്താല്‍ ഫ്രെഞ്ചു മാത്രമെ പറയൂ.. ഒരു കൊട കൊടുത്താല്‍ പാതിരാക്കും ചൂടിക്കോളും.." 
അവസാന ഡയലോഗ് പറഞ്ഞത് അവരുടെ നേരെ നോക്കി തന്നെയായിരുന്നു.. അപ്പൊ അവരുടെ ചമ്മിയ മുഖം കണ്ടപ്പോഴുള്ള ഒരു സന്തോഷം.. ആഹഹാ...

നടന്നു നടന്നു കിയോസ്കിന്റെ അടുത്തെത്തിയപ്പോള്‍ സൂപ്പര്‍മാര്‍ക്കെറ്റില്‍ വെച്ചെടുത്ത പ്രതിഞ്ജ കാറ്റില്‍ പറത്തി.. പണം പോട്ടെ.. പവ്വറു വരട്ടെ എന്നുള്ള ആപ്ത വാക്യം മനസ്സില്‍ പറഞു കൊണ്ട് രണ്ടും കല്പിച്ചു ഒരു കുപ്പി വെള്ളം വാങ്ങിച്ചു.. കാശു പോയ വെഷമം മറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നേം മലയാളം കേട്ടു..
"നാട്ടിലെവിടുന്നാ....??"
പിന്നില്‍ ചേട്ടനെ കണ്ടപാടെ എന്റെ ഭാവം സീരിയലിലെ അമ്മായിയമ്മയെ കണ്ട മരുമകളെ പോലെ ആയി.. പെട്ടെന്നൊന്നു ഞെട്ടിയ പോലെ.. കണ്ണു രണ്ടും പരമാവധി വെളിയിലേക്കു തള്ളിച്ചു.. വാ മാക്സിമം പൊളിച്ചു പിടിച്ചു..
"അയ്യോ ചേട്ടന്‍ മലയാളിയായിരുന്നോ..?? ഞാന്‍ കരുതി വല്ല ഹിന്ദിക്കാരും ആയിരിക്കുമെന്ന്... ഞാന്‍ ത്രിശൂരാണു ചേട്ടാ.. ചേട്ടനോ..??"
ഭാര്യ കാണുന്നില്ല എന്നുറപ്പു വരുത്തി ചേട്ടന്‍ പറഞു..
"ഞങ്ങളു എടപ്പള്ളിയാ... ഏറണാംകുളം..!! ഒന്നും വിജാരിക്കല്ലെ കേട്ടൊ.. മിണ്ടിയാല്‍ പിന്നെ പണിയാ.. അതു കൊണ്ടാ.."
"അതെന്തു പണി.."
"പിന്നെ സംസാരിക്കാം.. മോന്റെ ഫോണ്‍ നംബരു തന്നെ.. ഞാന്‍ സൗകര്യം പോലെ വിളിക്കാം.." "ഇതെന്താ വല്ല കള്ളക്കടത്തു ഫാമിലിയാണോ പടച്ചോനെ.."
എന്റെ ചിന്ത ആ വഴിക്കു നീങ്ങി..
ആ എന്തു കുന്തമെങ്കിലുമാകട്ടെ.. ഞാന്‍ നമ്പര്‍ പറഞ്ഞു കൊടുത്തു... മൊബയിലില്‍ സേവ് പോലും ചെയ്യാതെ 'അത്തൂതല്ലെ' എന്നും പറഞു പുള്ളിക്കാരന്‍ സ്ഥലം കാലിയാക്കി.. ഇതെന്തു മറിമായം.. നംബര്‍ മേടിച്ചു ഊതല്ലെ എന്നും പറഞു ഒരാളു പൊവുക എന്നൊക്കെ പറഞാല്‍....,. എന്തെങ്കിലുമാകട്ടേന്നും കരുതി ഞാന്‍ വീണ്ടും തെണ്ടല്‍ പുനരാരംഭിച്ചു.

ശനിയായ്ഴ്ച ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടിട്ടാണ് ഞാന്‍ ഉച്ചയുറക്കത്തില്‍ നിന്നും എണീറ്റത്.. പരിജയമില്ലാത്ത ഒരു ശബ്ദം...
"ഉറക്കമായിരുന്നോ...??"
ഉറക്കത്തീന്നു വിളിച്ചെണീപ്പിച്ചു ചോദിക്കാന്‍ പറ്റിയ ചോദ്യം.. അതു പറയാതെ ഒരു മറുചോദ്യം ചോദിച്ചു..
"ആരാ..?"
"എന്നെ മനസ്സിലായില്ലേ...?? എടപ്പള്ളിക്കാരന്‍ ജോണിക്കുട്ടീന്നു പറയും.. നാട്ടിലു വള്ളീ ട്രൗസറും ലുങ്കിയുമുടുത്തു നടന്നിരുന്ന.. മഞ ഗ്ലാസ്സിലു ജ്യൂസു കുടിക്കുന്ന ജോണിക്കുട്ടി.. മറന്നോ..??"
കൂടുതലു പറയുന്നതിനു മുന്‍പു തന്നെ ഒരു പളിച്ച ചിരിയും ചിരിച്ച് ഞാന്‍ വിഷയം മാറ്റി.. 
"അയ്യോ ചേട്ടനായിരുന്നോ..?? മനസ്സിലായില്ലാട്ടൊ.."
"നിന്റെ പേരു പറഞില്ലല്ലോ..."
"ഫയാസ്.."
"ഓകെ ഫയസ്.. നാളെ ഇവിടെ ഒരു ഓണാഘോഷം ഉണ്ട്.. ജനീവാ മലയാളി അസ്സോസിയേഷന്റെ വക.. നാലു മണിക്കാണ് പരിപാടി.. ഡിന്നെറെല്ലാം അവിടുന്നാകാം.. നല്ല നാടന്‍ സദ്യയാണ് വരുന്നൊണ്ടോ..??"
ക്ലിം.. 
സദ്യ എന്നു കേട്ടപ്പോള്‍ എന്റെ ഉറക്കമെല്ലാം സ്വിച്ച് ഓഫ് ചെയ്ത പോലെ പോയി... "നല്ല ചോദ്യം എപ്പൊ വന്നൂന്നു ചോദിച്ചാല്‍ മതി പക്ഷെ സ്ഥലമറിയില്ലല്ലൊ.."
"ആഹ്.. അതൊക്കെ ശെര്യാക്കാം.. ജനീവയില്‍ ട്രെയിനിറങ്ങി സ്റ്റേഷന്റെ മുന്നിലെ അണ്ടര്‍ പാസ്സേജ് വഴി ഇറങ്ങിയാല്‍ നേരെ കയറുന്നത് പോസ്റ്റോഫീസിന്റെ മുന്നിലാ.. വൈകീട്ടൊരു മൂന്നരയാകുമ്പോള്‍ ഞാന്‍ നിന്നെ അവ്ടുന്നു പിക് ചെയ്തോളാം.."
"ഓ.. മനസ്സിലായി.. അവിടെ വരാം.."
"ഓകെ.. എങ്കില്‍ നാളെ ഷാര്‍പ് ത്രീ തേര്‍ട്ടി.. ആ പിന്നെ രെജിസ്ട്രേഷന്‍ ഫീ അമ്പത് ഫ്രാങ്കെടുക്കാന്‍ മറക്കെണ്ടാട്ടാ..."
അംബത് ഫ്രാങ്ക്.. അപ്പോ തന്നെ മനസ്സിലെ കാല്‍ക്കുലേറ്റര്‍ ഫുള്‍ ത്രോട്ടില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.. പടച്ചോനെ.. നാട്ടിലെ ഏകതേശം രണ്ടായിരം രൂപ.. ഒരു ഫോണ്‍ അറ്റെന്റ് ചെയ്തതു കൊണ്ടൂണ്ടായ നഷ്ടം... കുറെ നേരം ആലോചിച്ചു.. അവസാനം ആപ്തവാക്യം വീണ്ടു സ്വല്പം ഉറക്കെ തന്നെ വിളിച്ചു പറഞു.. മ
നസ്സമാധാനത്തിനു വേണ്ടി....
പണം പോട്ടെ.. പവ്വറു വരട്ടെ....!!
ഒന്നുമില്ലെങ്കിലും കുറെ മലയാളികളെ പരിചയപ്പെടാം.. അതിലേക്കാളുപരി ലാവിഷായിട്ടു മലയാളം കേള്‍ക്കാം കുശാലായിട്ടു ശാപ്പാടും അടിക്കാം..

പറഞ പോലെ കറക്ടു മൂന്നരയായപ്പോള്‍ മുന്നിലൊരു പച്ച ഫോര്‍ വീല്‍ ഡ്രൈവു വന്നു നിന്നു.. ഉള്ളില്‍ നിന്നും ജോണിച്ചായന്റെ കൈ നീണ്ടൂ വന്നു..
"വേഗം വാ.. ഇവിടെ സ്റ്റോപ് ചെയ്യാന്‍ പറ്റില്ല..ഫൈന്‍ കിട്ടും..."
ദൈവമേ.. ഇനി ആ ഫൈനും എന്നോടു കൊടുക്കാന്‍ പറയുമോ എന്നുള്ള ബെജാറില്‍ ഞാന്‍ ഓടി ഫ്രന്റ് സൈഡിലെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു..
ഷോക്കടിച്ച പോലെ കൈ റിട്ടേണ്‍ പോന്നു... മുന്നിലെ സീറ്റില്‍ കോട്ടു കാരി അമ്മച്ചി ഇരുന്നു പല്ലിളിക്കുന്നു.. പിന്നൊന്നും നോക്കാതെ ബാക്ക് ഡോറ് തുറന്ന് വണ്ടിക്കുള്ളില്‍ ആസനസ്ഥനായി...!!
പിന്നിലെ സീറ്റില്‍ വേറൊരു കൊച്ചു സീറ്റ് ഫിറ്റ് ചെയ്ത് വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ പറ്റാത്ത രീതിയില്‍ കൊച്ചിനെ പൂട്ടിയിട്ടിരിക്കുന്നു.. കൊച്ചിന്റെ വായില്‍ റബ്ബറിന്റെ ഒരു സാധനവും ഫിറ്റ് ചെയ്തിട്ടുണ്ട്.. ഓണാഘോഷം നടക്കുന്ന സ്ഥലത്തെത്തുന്ന വരെ ആരും ഒന്നും പറഞില്ല.. അവിടെ ചെന്നപ്പോള്‍ ഒരു മാതിരി ഇഞ്ചി കടിച്ച കൊരങ്ങിന്റെ അവസ്ഥയായി.. പരിചയപ്പെടാന്‍ വരുന്ന ആളുകളെല്ലാം തന്നെ ഫ്രെഞ്ചില്‍ ചിരിക്കുന്നു.. ഫ്രെഞ്ചില്‍ നടക്കുന്നു.. എനിക്കാണെങ്കില്‍ ഈ കോപ്പൊട്ടു പിടിക്കുന്നുമില്ല .. കഷ്ടപ്പെട്ടു ആരെയെങ്കിലും മിണ്ടാന്‍ കിട്ടിയാലോ.. പരിചയപ്പെട്ടു പുതിയ ആളാണെന്നു ഒഅറയുമ്പോള്‍ മലയാളം പിന്നേം ഫ്രെഞ്ചാകുന്നു.. ഇതെന്തു ലോകമാണപ്പാ.. ടാക്സി വിളിച്ചു പോയി അടി മേടിച്ച ഒരു ഫീലിങ്ങില്‍ ഞാന്‍ അന്തിച്ചു പോയി ഒരു മൂലക്കു ഇരുന്നു..
കല്യാണവീട്ടില്‍ ചെന്ന പോലെ പിള്ളാരെല്ലാം അവിടെയും ഇവിടെയും ഓടി നടക്കുന്നു.. മലയാളി തരുണീ മണികള്‍ ആണുങ്ങള്‍ടെ ഇടയിലൂടെ ഫ്രെഞ്ചില്‍  മിന്നുന്നു.. ചെക്കന്മാരാണെങ്കില്‍ ഓടി നടക്കുന്ന പെണ്‍പിള്ളാഅരുടെ മുഴുപ്പും മിനുപ്പും നോക്കി ഫ്രെഞ്ചില്‍ നെടുവീര്‍പ്പിടുന്നു.. കമന്റടിക്കുന്നു...!! സ്റ്റേജില്‍ കുറെ കുട്ടികള്‍ ഫ്രെഞ്ചില്‍ ഓണപ്പാട്ടു പാടുന്നു..അസ്സോസിയേഷന്‍ ഭാരവാഹികളെല്ലാം വന്നു എംഗ്ലീഷില്‍ പ്രസംഗിക്കുന്നു..  ആകെ ഒരുമാതിരി അവസ്ഥ..

അടുത്ത ചെയറില്‍ വന്നിരുന്ന മറ്റൊരു കോട്ടു മുക്രി എന്നെ നോക്കി ചിരിച്ചു..
ഞാനും വിട്ടു കൊടുത്തില്ല.. തിരിച്ചും കൊടുത്തു ഡബിള്‍ സ്ട്രോങ്ങില്‍ അതു പോലെരെണ്ണം.. അതു കണ്ട പാടെ പുള്ളിക്കാരന്‍ എന്റെ കൈ തട്ടിപറിച്ചു മേടിച്ചു ഷേക് ഹാന്റ് തന്നു. എന്നിട്ട് പണ്ടത്തെ സിനിമയില്‍ ജോസ് പ്രകാശ് പറയുന്ന പോലെ ഒരു ഡയലോഗ്..
"ഞാന്‍ കണ്ണന്‍..""'' ആഹ ഹാ.. ഈ ഫ്രെഞ്ച് കേള്‍ക്കാന്‍ കേള്‍ക്കാന് എന്തു രസം‍..കേട്ടപ്പോള്‍ തനി മലയാളം പോലെ തന്നെ തോന്നുന്നു.....
ഇതു കൊള്ളാമല്ലോ.. ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോയില്ല..
"നിന്റെ പേരെന്താ..??" 
വീണ്ടും മലയാളം പോലെയുള്ള ഫ്രെഞ്ച്.. സാധാരണ പരിചയമില്ലാത്ത ആരെങ്കിലും വന്നു 'നീ' 'ടാ..' എന്നൊക്കെ വിളിച്ചാല്‍ രക്തം തിളച്ചു കയറുന്ന എനിക്കു നോ ഫീലിംഗ്സ്... തന്ന ഷേക്ക് ഹന്റ് വിടാന്‍ പോലും മറന്നു..
ഒരു പാടു നാളു പിന്നാലെ നടന്നു നടന്നു അവസാനം കാമുകിയുടെ വായില്‍ നിന്നും 'ഐ ലവ് യൂ' കേട്ട കാമുകന്റെ ഹൃദയത്തുടിപ്പോടെ ഞാന്‍ പറഞു..
"ഫയാസ്..!!"
"ഇവിടെത്ര നാളായി..?"
"ഒരാഴ്ച...!!"
"കണ്ണനോ...??"
"ഞാന്‍ രണ്ടു മാസമായി ഇവിടെ വന്നിട്ട്.. ജോലി അന്വേഷിച്ചോണ്ടിരിക്കുവാ.. നീ പഠിക്കാന്‍ വന്നതായിരിക്കും അല്ലേ,,??"
"അതെ"
"അതാണ് എന്നേം നിന്നേം കാണുംബോള്‍ ആരും അടുക്കാത്തത്.. മനസ്സിലായോ..? അടുത്തു പോയാല്‍ പിന്നെ ജോലിയൊ സഹായമോ ചോദിച്ചു ചെല്ലും എന്നുള്ള പേടിയാണ് എല്ലാവര്‍ക്കും..!! ഒരു തെണ്ടിയും പുതിയ ആളികളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല.. മലയാളം പോലും പറയില്ല.."
ആ.. അപ്പൊ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.. അങ്ങനെ വരട്ടെ...!! ഇപ്പോഴല്ലെ സംഗതികളുടെ  ഗുട്ടന്‍സ് പിടികിട്ടിയത്..
"ഇവിടെ എങ്ങനെ എത്തിപ്പെട്ടു...??" കണ്ണന്റെ ചോദ്യം...
"ജോണിച്ചായന്റെ കൂടെ വന്നതാ.."
"ആഹാ ആളെ അറിയുമോ.. നല്ല മനുഷ്യനാണു കേട്ടൊ.. ഇവ്ട്ത്തെ ഒരു പുലിയാ... യു എന്നിലാണു ജോലി.. ബട്ട്... അങ്ങേര്‍ടെ ഭാര്യ ഒടുക്കത്തെ മുറ്റാ... ആരേയും അടുപ്പിക്കില്ല... ഞാന്‍ സൗദീന്നു ഒരു അറബീടെ ഡ്രൈവറായിട്ടു വന്നതാ.. ഇപ്പോ ചാടി നടക്കുവാ.. ഇവിടുത്തെ ഭാഷയില്‍ പറഞാല്‍ ഇല്ലീഗല്‍..""''
അതു ശെരി.. ഇവന്റെ കൂടെ ഇരുന്നാല്‍ എന്നേം പോലീസു കൊണ്ടു പോകുമോ എന്നായി എന്റെ അടുത്ത സംശയം.. പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല.. അപ്പോഴെക്കും ഫ്രെഞ്ചില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.. ആളുകളൊക്കെ തിടുക്കത്തില്‍ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു.. എനിക്കൊന്നും മനസ്സിലായില്ല...
"വേഗം വാ അല്ലെങ്കില്‍ സീറ്റു കിട്ടില്ല.. ഫൂഡ് റെഡി ആയിട്ടുണ്ട്.."
ഇതു കേട്ടപ്പോള്‍ ഒട്ടും മടിക്കാതെ ഞാനും ചാടിയെണീറ്റു...
എങ്ങനെയെങ്കിലും കൊടുത്ത കാശു മൊതലാക്കാന്‍ കാത്തിരുന്ന അവസരമാ.. അച്ചാറും സാമ്പാറും പപ്പടവും പായസവും എല്ലാം കൂടെ കൂട്ടി ഒരു പിടി പിടിക്കാനുള്ളതാ..
ശ്രീലങ്കയില്‍ നിന്നും ഇംബോര്‍ട്ട് ചെയ്ത വാഴയിലയില്‍ നല്ലൊന്നാന്തരം സദ്യ....
വിവിധ തരം കറികള്‍...കാളന്‍.. കൂളന്‍.. പച്ചടി.. കിച്ചടി.. തോരന്‍.. അച്ചാര്‍... പരിപ്പ്.. പപ്പടം പലതരം സാംബാറുകള്‍... എന്നു വേണ്ടാ ഇല്ലാത്തതൊന്നുമില്ല...
അപ്പോഴും ഒരു പ്രശ്നം മാത്രം.. ആവശ്യമുള്ള സാധനം മാത്രം ചോദിച്ചു മേടിക്കാന്‍ പറ്റുന്നില്ല.. ചേച്ചിമാരെല്ലാം ഫ്രെഞ്ചിലാണു ചോദിക്കുന്നതും വിളംബുന്നതും... ഈ കറികളുടെയെല്ലാം ഫ്രെഞ്ചു പേരു ഏതു ഡിക്ഷ്ണറീന്നു കിട്ടും.. ഈ സമയത്തു അതും നോക്കി പോകാന്‍ എവിടെ ടൈം..??  കണ്ണനടുത്തുള്ളതു കൊണ്ട് ഒരു വിധം അഡ്ജസ്റ്റ് ചെയ്തു കഴിച്ചു...
പുള്ളിക്കാരന്‍ മുറി ഫ്രെഞ്ചെല്ലാം പറഞു കാര്യം നടത്തി.. കൂട്ടത്തില്‍ ഞാനും..

കയ്യു വളച്ചും മുഖം വക്രിച്ചും കഥകളിക്കാരെ വെല്ലുന്ന രീതിയില്‍ ഭാവാഭിനയ പ്രകടനം നറ്റത്തിയും ഒരു വിധേന മൂന്നാമത്തെ തവണയും ചോറു മേടിച്ചു... സാംബാറില്ല.. ഇനി സാമ്പാറെങ്ങനെ ഫ്രെഞ്ചില്‍ ചോദിച്ച് വാങ്ങിക്കും..?കണ്ണനോടു ചോദിക്കാന്‍ ഒരു നാണം.. മൂന്നാമതും ചോറു മേടിച്ചപ്പോള്‍ തന്നെ ഒരു മാതിരി ആക്കിയ ചിരിയും നോട്ടവും ആയിരുന്നു കണ്ണനും വിളംമ്പിയ ചേച്ചിക്കും..
അധികം ആലോചിച്ച് കയ്യുണന്നുഗ്ന്നതിനു മുന്നേ തന്നെ ഞാന്‍ ആശിച്ചതും ചേച്ചി കൊണ്ടു വന്നതും സാമ്പാര്‍ എന്ന പോലെ ഒരു ദേവത ഒരു സ്റ്റീല്‍ ബക്കറ്റ് നിറയെ ആവി പറക്കുന്ന സാമ്പാരുമായി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.. കണ്ണന്‍ ആ ചേച്ചിയെ കൈ കൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു.. ചേച്ചി അടുത്ത് വന്നപ്പോള്‍ കണ്ണന്‍ പറഞു..
"സില്‍ വൂ പ്ലേ...!!" എന്നിട്ടു വീണ്ടും ഒഴിച്ചോ എന്ന രീതിയില്‍ കൈ കൊണ്ട്  ആംഗ്യം കാണിച്ചു.. ചേച്ചി കണ്ണനു സാംബാറൊഴിച്ചു കൊടുത്തു...
"മേഴ്സീ ബൂക്കു..." കണ്ണന്‍ വീണ്ടും പറഞു...
ചേച്ചി ചിരിച്ചു..
ഹാവൂ രക്ഷപ്പെട്ടു....ഇനീപ്പൊ ധൈര്യമായി ചോദിക്കാമല്ലോ.. സാംബാറിന്റെ ഫ്രെഞ്ച് വേര്‍ട് കിട്ടി... പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല.. ആദ്യമായിട്ടു ഫ്രെഞ്ച് പറയാനുള്ള അവസരം.. അതിലുപരി സാംബാറു കിട്ടാനുള്ള ആക്രാന്തം.. നാണിച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ ഒരു കാച്ചു കാച്ചി.. ഞാന്‍ പോലുമറിയാതെ ചോദ്യം കുറച്ചു ഉച്ചത്തിലായി പോയി...

"ചേച്ചീ.. ഒരുച്ചിരി 'സില്‍ വൂ പ്ലേ' എനിക്കും തര്വോ..."
സാംബാര്‍ ബക്കറ്റ് കയ്യില്‍ വെച്ചു അനക്കമില്ലാതെ എന്റെ മുഖത്തേക്കും നോക്കി നില്‍ക്കുന്ന ചേച്ചി... ഞാന്‍ പിന്നേം ചോദിച്ചു..
"ചേച്ചി കുറച്ചു 'സില്‍ വൂ പ്ലേ' ഇങ്ങോട്ടൊഴിക്കൂ..... "
എന്റെ ആക്ഷനും ചൊദ്യവും കേട്ട് അപ്പുറത്തും ഇപ്പുറത്തും തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരൊക്കെ ഒരു നിമിഷം സ്റ്റക്ക് ആയി...
എന്റെ മുഖത്തേക്ക് നോക്കി... സാംബാറു ചോദിക്കുന്നത് ഇത്ര വെല്യ തെറ്റാണോ എന്ന ഭാവത്തില്‍ ഞാനും അവരുടെയെല്ലാം മുഖത്തേക്കു നോക്കി... ചേച്ചിയാണെങ്കില്‍ സാംബാറ് പോലും ഒഴിക്കാതെ ബകറ്റ് എന്റടുത്തു ടേബിളില്‍ വെച്ചു വാ പൊത്തി ചിരിച്ചു കൊണ്ട് ഒറ്റയോട്ടം....
പിന്നെ അവിടെ കൂട്ടച്ചിരിയായിരുന്നു.. ഭക്ഷണം കഴിക്കാന്‍ പോലും മറന്നു ആളുകളു ചിരിയായി.. അടുത്തിരുന്ന കണ്ണനാണെങ്കില്‍ ചിരിച്ചു ചിരിച്ചു കണ്ണീന്നും മൂക്കീന്നുമൊക്കെ വെള്ളമൊലിപ്പിച്ചു ചുമക്കാനും തുടങ്ങി...
അപ്പോഴും; കുറച്ചു 'സില്‍ വൂ പ്ലേ' ചോദിച്ചതിനു ഇത്ര മാത്രം ചിരിക്കാനെന്താണുല്ള്ളതെന്ന ചിന്ത കുഴപ്പത്തിലായിരുന്നു നിഷ്കളങ്കനായ പാവം ഞാന്‍...!. ഞാന്‍ പതുക്കെ കണ്ണനെ തോണ്ടി..
"കണ്ണാ.. എന്താ പ്രശ്നം..?? ഫ്രെഞ്ചില്‍ സാംബാറു ചോദിച്ചതിനെന്താ ഇത്രേം ചിരിക്കാന്‍..??"
"സാംബാറിനു ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ എന്നാ പറയ്യാന്നു നിന്റടുത്താരാ പ്റഞത്...??"
"അതു ശെരി.. അപ്പോ നീ ചോദിച്ചപ്പൊ മാത്രം ആര്‍ക്കും കുഴപ്പമില്ല.. ഞാന്‍ ചോദിച്ചപ്പോള്‍ എന്താ ഇത്രേം ചിരിക്കാനുള്ളാത്...??"
അപ്പോഴും അടക്കി പിടിച്ച ചിരിയോടെ കണ്ണന്‍ പറഞു...
"ഡാ പൊട്ടാ... ഫ്രെഞ്ചില്‍ സില്‍ വൂ പ്ലേ ( s'il vous plaît ) എന്നു പറഞാല്‍ പ്ലീസ് എന്നാണ് അര്‍ഥം...!!"
വായിലുണ്ടായിരുന്ന ചോറ് ഇറക്കണൊ... ചവക്കണോ.. തുപ്പണോ എന്നറിയാതെ വിയര്‍ത്തു കുളിച്ചു ചമ്മി നാറി ഞാന്‍ അവിടെ ഇരുന്നു...!!!

May 3, 2009

പ്രണയം അഥവാ പ്രേമം

പ്രണയിക്കുന്നവരെ.. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെ.. പ്രണയിച്ചു നന്നായവരേ.. പ്രണയിച്ചു കുത്തുപാളയെടുത്തവരേ.. ഒരിക്കലും പ്രണയിക്കില്ല എന്നു വാശിപിടിച്ചു നടക്കുന്നവരേ... ആണായാലും പെണ്ണായാലും.. ആണും പെണ്ണും അല്ലാത്തവരായാലും..എന്തു മാങ്ങാ തൊലിയായാലും ശെരി ഇതു ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി വെടിക്കെട്ട് ചെയ്യുന്നു...

തുടക്കം
-------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം
നീയെന്നില്‍ മൊട്ടിട്ട നിമിഷം..
ഞാന്‍ എന്നിലെ എന്നെയറിയാന്‍ തുടങ്ങി...
ഞാന്‍ ഞാനായി...
നന്ദി പ്രണയമേ.. നന്ദി...!!

ഇടക്ക്
---------
പ്രണയമേ പ്രണയമേ പ്രണയമേ....
നീയെന്നില്‍ പൂത്തുലഞ്ഞ നാളുകള്‍
ഹാ.. എത സുന്ദരമീ നിമിഷങ്ങള്‍..
എത്ര മനോഹരമീ ലോകം..
ഒരിക്കലും വറ്റാത്ത ഒരുറവയായി നീ..
എന്‍ ജീവിത യാത്രയില്‍ വിളക്കായി നീ..
നന്ദി പ്രണയമേ.. നന്ദി..!!

ഒടുക്കം
-----------
പ്രണയമേ പ്രണയമേ പ്രണയമേ...
നീയെന്നില്‍ നിറഞപ്പോള്‍ ഞാന്‍ 
നിന്നെ മാത്രം സ്വീകരിച്ചു..
മറ്റെല്ലാം വിട്ടെറിഞു..!!
ഇന്നു നീയെന്നില്‍ നിന്നും പറന്നകലുമ്പോള്‍
എന്തുചൊല്ലണം ഞാന്‍..??

എന്നെ ഞാനല്ലാതാക്കിയ പ്രണയമേ...
എല്ലാം നശിപ്പിക്കുവാനായി നീയെന്തിനു വന്നുവെന്നോ..??
ജീവിതാമൃതത്തില്‍ കാളകൂടമായി മാറിയതെന്തിനെന്നോ..??

വീണ്ടും
-----------
 നിരശ മൂത്ത് ഒരു ഭ്രാന്തനെ പോലെ അലയാന്‍ തുടങ്ങിയ നാളുകള്‍. ഒരു ദിവസം എന്തോ കാര്യത്തിനു പുറത്തിറങ്ങി ഫ്ലാറ്റിന്റെ ഡോര്‍ ലോക്ക് ചെയ്തു തിരിഞ്ഞ നിമിഷം തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ ഡോറു തുറന്നൊരു പെണ്‍കുട്ടി.. 

അയല്‍‌പക്കക്കരനാണെന്നു തോന്നിയത് കൊണ്ടാകും.. കുട്ടിയൊന്നു ചിരിച്ചു.. 
ഹോ.. പൊട്ടി.. അപ്പൊ തന്നെ പൊട്ടി.. തൃശൂര്‍ പൂരത്തിന്റെ പടക്കം മുഴുവനും ആ ഒരൊറ്റ നിമിഷത്തിനുള്ളില്‍ പട പട പടേന്നു പൊട്ടിച്ച് തീര്‍ത്തു.. ആയിരക്കണക്കിനു പൂത്തിരികള്‍ ആ ഒരൊറ്റ ചിരിയില്‍ കത്തി തീര്‍ന്നു.. പ്രണയം വറ്റി വരണ്ട് തരിശായി കിടന്നിരുന്ന അവന്റെ ഹൃദയത്തില്‍ കുളിര്‍ മഴ പെയ്യാന്‍ തുടങ്ങി..

"എക്സ്ക്യൂസ് മീ... എന്താ കുട്ടീടെ പേര്..??"

കണ്ടോ... ഇതാണു ഞാന്‍ പറഞ്ഞത്.. പ്രണയം അഥവാ പ്രേമം..അതു അനശ്വരമാണ്... ഒരിക്കലും അവസാനിക്കാത്ത ഒരു മഹാ പ്രതിഭാസം...!!  അപ്പൊ വെയ്റ്റ് ചെയ്യെണ്ടാട്ടോ... നിങ്ങടെ പണി നടക്കട്ടെ.. ഞാനിതൊന്നു ഡീല്‍ ചെയ്തു വരാന്‍ ടൈം എടുക്കും...

ദോണ്ടെ പിന്നേം തുടക്കം
----------------------------------
പ്രണയമേ പ്രണയമേ പ്രണയമേ...
നിന്നെയറിയാന്‍ തുടങ്ങിയ നാളുകള്‍
ഹാ..!! എത്ര മനോഹരമീ ജീവിതം..

                                                                                                                                                        ©fayaz

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com