April 9, 2015

കറന്റ് ബില്‍

ഇങ്ങക്കൊരു കത്ത്ണ്ടല്ലാ ജബ്ബാര്‍ക്കാന്നു ആ ബലാലു വന്നു പറഞ്ഞപ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല.. സൊസൈറ്റീന്നു വല്ല ജപ്തി നോട്ടീസായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്.. അല്ലെങ്കിലും നാട്ടിലെ സൊസൈറ്റിക്കാരു ഇന്റെ ദുബായ് അഡ്രസില്‍ കത്തയക്കോ..? കത്ത് പൊട്ടിച്ചപ്പൊ ഞെട്ടിപ്പോയീന്ന് പണ്ട് കത്ത് പാട്ടിലൊക്കെ കേട്ടിട്ടുണ്ട്.. ഇതിലെന്തൂട്ട് പണ്ടാറാണാവോ.. ജബ്ബാര്‍ കത്ത് പൊട്ടിച്ചു..
"ഇന്റെ മന്‍ഷ്യാ.. "
ഹോ.. ആദ്യത്തെ ആ വാചകം വായിച്ചപ്പോ തന്നെ ജബ്ബാറിന്റെ രോമകൂപങ്ങളെല്ലാം എഴുന്നേറ്റ് നിന്നു.. റബ്ബേ.. ഇന്റെ സൂറാന്റെ കത്താണല്ലാ.. ഇവക്കെന്താ പിരാന്തായാ..?? ആഹ് അതൊക്കെ പിന്നെ ആലോചിക്കാം ജബ്ബാര്‍ ആര്‍ത്തിയോടെ കത്തു വായിക്കാന്‍ തുടങ്ങി..
"എപ്പ വിള്‍ച്ചാലും ഇങ്ങക്ക് തെരക്കെന്നെ തെരെക്ക്.. ഇപ്പ തിരിച്ച് വിളിക്യാന്നു പറഞ്ഞ് ഒരു പോക്കു പോയാല്‍ പിന്നെ ഇങ്ങടെ പൊക പോലും കാണാന്‍ പറ്റൂല.. ന്തെങ്കിലും അത്യാവശ്യണ്ടെങ്കില്‍ മിസ് കോളടിക്കാനൊക്കെ ഇങ്ങള്‍ വെല്യ വീമ്പ് പറഞ്ഞ്യീനല്ലോ.. ന്നിട്ടെന്തായി.. ?"
ആദ്യത്തെ വാചകം വായിച്ച് തല്ലാന്‍ നിക്കുന്ന പോലെ നെഞ്ചും വിരിച്ച് എണീറ്റ് നിന്ന രോമമെല്ലാം കൂടെ പത്തിക്കടിക്കിട്ടിയ പാമ്പിനെ പോലെ തല താഴ്ത്തി.. ഇതിലും ഭേദം ജപ്തി നോട്ടീസായിരുന്നു..
"ദീനത്തിനു പാലു വാങ്ങാന്‍ പോയോന്‍ അടിയന്ത്രത്തിനു മോരുമ്പെള്ളോം കൊണ്ട് വന്നൂന്നു പറഞ്ഞ പോലല്ലെ മന്‍ഷ്യാ ഇങ്ങടെ കാര്യം ..? വടക്കന്‍ വീരഗാഥ സില്‍മേല്‍ ഞമ്മടെ മമ്മുട്ടിക്ക പറഞ്ഞ പോലെ അവസാനം മിസ് കാളടിക്കാന്‍ മാത്രം സൂറാന്റെ ജീവിതം ബാക്കീന്നും പറഞ്ഞ് ഞാന്‍ ഇബ്ടെ കരഞ്ഞ് നടക്കുംന്നു ഇങ്ങളു വിചാരിച്ചാ..?"
ഏതു ഹമുക്കുല്‍ ബഡൂസാണാവോ ഇവള്‍ക്ക് ഇതു പോലൊരു ഐഡിയ പറഞ്ഞ് കൊടുത്തത്.. വര്‍ത്താനം പറയുമ്പ പോലും സ്പെല്ലിങ്ങ് മിസ്റ്റേക്ക് വരുത്തുന്ന ബലാലിന്നെ ചീത്ത വിളിച്ച് കത്തെഴുതുമ്പോള്‍ ഒരു തെറ്റും കാണാനില്ലല്ലോ.. ജബ്ബാര്‍ തലയില്‍ കൈ വെച്ചു..
"അങ്ങനെ ബെശമിച്ചിരിക്കുമ്പഴാ ഇന്റെ ബാപ്പ ഇന്നോട് പറഞ്ഞത്.. 'ആ ഹിമാര്‍ അന്നെ ഫോണ്‍ ബിളിക്കുന്നില്ലെങ്കില്‍ ഇയ്യൊരു കത്തെഴ്ത് സൂറാന്ന്..' പിന്നെ ഇക്കൊന്നും ആലോയ്ക്കാനുണ്ടായിരുന്നില്ല.. കുത്തിരുന്നങ്ങട്ട് എഴുതി.. ഇങ്ങളെന്തായാലും ഈ കത്ത് വായിക്കാണ്ട് വിടൂലാന്നിക്കറിയാം.."
ആഹാ... അപ്പൊ മൂപ്പാരിപ്പോഴും ഇനിക്ക് പണി തരുന്ന പരിപാടി നിര്‍ത്തീട്ടില്ല.. മരുമോനെങ്ങനെയൊക്കെ പണി കൊടുക്കാം എന്നു ഇപ്പഴും പഠനം നടത്തി കൊണ്ടിരിക്കുകയാണല്ലേ.. ഇങ്ങക്കുള്ള അടുത്ത ഏറു ഞാന്‍ നെയ്യത്താക്കീട്ട്ണ്ട് ബാപ്പാ. ജബ്ബാര്‍ മീശ പിരിച്ചു..
"ഇങ്ങക്കറിയോ.. ഇനിക്കിവിടെ എങ്ങട്ട് തിരിഞ്ഞാലും ഇങ്ങടെ വിചാരം തന്നെയാ.. വടക്കേലെ ആ മൂശേട്ട പെണ്ണ് ഓള്‍ടെ മാക്സി അലക്കി അയലുമ്മലിടണ കണ്ടാ ഇക്കപ്പോ ഇങ്ങടെ ഓര്‍മ്മ ബരും.."
ഇവളിതെന്താ ഈ പറഞ്ഞോണ്ട് വരുന്നത്.. ജബ്ബാര്‍ വാപൊളിച്ചു..
"ഇത് വായിച്ച് ഇങ്ങള് തൊള്ള തൊറക്കെണ്ട മന്‍ഷ്യാ.. അതടച്ച് വെക്ക്.."
ഓട്ടൊമാറ്റിക്കായിട്ട് തന്നെ ജബ്ബാറിന്റെ വായടഞ്ഞു..
"ഞാനെപ്പ ഇങ്ങടെ ലുങ്കി മുണ്ട് കയ്കി ഒണക്കാനിടുമ്പഴും ഓള്‍ടെ ആ മാക്സി പറന്നു വന്ന് ഇങ്ങടെ മുണ്ടിന്റെ മേല്‍ക്കു വീഴാറല്ലെ പതിവ്..? ഇങ്ങ പോയേനു ശേഷം ആ മാക്സി കാറ്റത്ത് പറക്കുന്നില്ലാന്നു മാത്രമല്ല ഒന്നു ആടുന്നു പോലുമില്ല.. ഇരുമ്പും കട്ട കെടക്കുന്ന പോലെ ബലം പിടിച്ച് അയലുമ്മെ കെടക്കുന്നത് കാണാം.. ഇല്ലെങ്കിലെന്തായിരുന്നു അയ്ന്റെ ഒരു എളക്കം.."
ഹോ.. ഓളിന്റെ വള്ളി നിക്കറലക്കി വടക്കേപ്പുറത്തിടാഞ്ഞത് പടച്ചോന്റെ കുദ്‌റത്ത്..
"പണ്ടിങ്ങളിനിക്ക് വിവരമില്ലാന്നു പറഞ്ഞ് കൊറെ പറ്റിച്ചിട്ടുള്ളതല്ലെ.. ഇനീങ്ങക്കിന്നെ അങ്ങനെ പറ്റിക്കാന്‍ കയ്യൂലാട്ടാ.. ഇംഗ്ലീഷ് വായിക്കാന്‍ വിവരമുള്ളോരും ഇന്നോട് സ്നേഹള്ളോരും എല്ലാം ഇപ്പ ഇന്റെ കൂടെ ഇണ്ട്.. ഇങ്ങക്ക് മാത്രേ ഇന്നെ ഇപ്പം ബേണ്ടാത്തേ.."
റബ്ബുല്‍ ആലിമീനായ തമ്പുരാനേ.. ചീത്തവിളിയൊക്കെ നിര്‍ത്തി ഓളിപ്പോ സെന്റിമെറ്റലായി ഇന്നേം കൂടെ കരയിപ്പിക്കും എന്നാ തോന്നുന്നത്.. തോളില്‍ കിടന്നിരുന്ന തോര്‍ത്തെടുത്ത് ഒരു കയ്യില്‍ പിടിച്ച് ജബ്ബാര്‍ കണ്ണു തുടക്കാന്‍ തയ്യാറെടുത്തു..
"അന്നിങ്ങളു ഫോണ്‍ വിളിക്കാത്തേനു എന്തൂട്ടാ കാരണം പറഞ്ഞേ.. ബില്ലടക്കാഞ്ഞിട്ട് ഫോണ്‍ കട്ടായി കെടക്കാണെന്ന് അല്ലെ..? ഇക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയൂലാന്ന് വിജാരിച്ച് കറന്റ് ബില്ല് അയച്ച് തന്ന് ഇന്നെ പറ്റിക്കാന്നു വിചാരിച്ചൂലെ..?"
കറന്റ് ബില്ലോ.. അതെപ്പോ..? ഫോണ്‍ ബില്ലിന്റെ സ്ക്രീന്‍ ഷോട്ടാണല്ലോ അയച്ചത് പണ്ടാരം.. കയ്യില്‍ പിടിച്ചിരുന്ന തോര്‍ത്തു മുണ്ട് ചുരുട്ടി കൂട്ടി മുറിയുടെ മൂലക്കലേക്കെറിഞ്ഞു.. ഓനെന്തിനാ ഇപ്പെന്നെ എടുത്തെറിഞ്ഞതെന്ന് മനസ്സിലാവാതെ ഒന്നു തലപൊക്കിയ തോര്‍ത്ത് എന്തു കുന്തമെങ്കിലുമാകട്ടെ എന്ന മട്ടില്‍ അവിടെ തന്നെ ചുരുണ്ട് കൂടി..
"ഞാനിങ്ങളയച്ചന്ന ആ ഫോട്ടം ന്റെ ബാപ്പാക്കു കാണിച്ചപ്പൊ ബാപ്പ അതില്‍ എഴുതിയേക്കുന്നത് ഇക്ക് ബായിച്ചു തന്നു.. കറന്റ് ബില്‍ ഡീറ്റെയില്‍സ് എന്നു....!! ഇങ്ങക്കൊക്കെ ദുബായില് ഫോണ്‍ ബിളിച്ചാ കറന്റ് ബില്ലാണോ വരാ മന്‍ഷ്യാ..??"
ജബ്ബാര്‍ അന്നയച്ച വാട്ട്സപ്പ് മെസേജെടുത്ത് നോക്കി.. അതില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു, 'Current Bill Details, Dhs 699.92' ഹോ.. അതു കണ്ടാലെങ്കിലും ആ കാട്ടു പോത്തൊന്നടങ്ങും എന്നു വിചാരിച്ചതാ.. ദാ കെടക്കുന്നു...!! ഓളും ഓള്‍ടെ ബാപ്പയും.. ന്റെ റബ്ബേ.. എല്ലാം ഹലാക്കിന്റെ അവുലും കഞ്ഞീന്നു പറഞ്ഞ പോലായിപ്പോയല്ലോ.
ദേഷ്യത്തോടെ കൈ ചുരുട്ടി മേശയില്‍ രണ്ടടിയടിച്ച ജബ്ബാര്‍ ഫോണെടുത്ത് പല്ലു ഞെരിച്ച് സൂറാന്റെ നമ്പര്‍ സ്ക്രോള്‍ ചെയ്ത് കാള്‍ കൊടുത്തു ചെവിയോടടുപ്പിച്ചു.. അപ്പുറത്ത് നിന്നും മനോഹരമായ ഒരു സ്ത്രീ ശബ്ദം ജബ്ബാറിന്റെ ചെവിയിലേക്കൊഴുകിയെത്തി
"ഡിയര്‍ കസ്റ്റമര്‍.. യുവര്‍ ഔട്ട് ഗോയിങ്ങ് ഫെസിലിറ്റീസ് ആര്‍ ടെമ്പറെര്‍ലി ഡിസ്കണക്റ്റട്.. പ്ലീസ് കോണ്ടാക്റ്റ് കസ്റ്റമര്‍ കെയര്‍.. റ്റു പേ ദി ബില്‍ ബൈ ക്രെഡിറ്റ് കാര്‍ഡ് പ്ലീസ് പ്രെസ്..."
ട്ടേ.. അപ്രതീക്ഷിതമായി ചുമരില്‍ വന്നിടിച്ച ഫോണ്‍ എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാനുള്ള സമയം കിട്ടുന്നതിനു മുന്നേ തന്നെ അഞ്ചെട്ടു പീസുകളായി തറയില്‍ റെസ്റ്റ് ഇന്‍ പീസെസ് ആയി അന്ത്യവിശ്രമം കൊണ്ടു..

0 comments:

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com