വര്‍ഷങ്ങള്‍ ഒരുപാട് കഴിഞിരിക്കുന്നു. ഇന്നും ഇടക്കിടെ അവളെന്റെ സ്വപ്നങ്ങളില്‍ വരും.. തെല്ലു പോലും വളര്‍ന്നിട്ടില്ല അവളിന്നും.. അതേ രൂപം.. അതേ ഉടുപ്പ്.. എന്നെ നോക്കി അവളുടെ കൊച്ചു വെള്ളാരം കല്ലു പോലെ നിരയൊത്ത പല്ലുകള്‍ കാണിച്ച്, ഇടയില്‍ അവിടവിടെ പല വര്‍ണ്ണങ്ങളോടെ, ഒരു വശത്ത് മാത്രം നുണക്കുഴിയുള്ള ചിരി ചിരിക്കും. കാണാന്‍ നല്ല ചന്തമുള്ള ചിരി. കാക്കപുള്ളി പോലെ ഈര്‍ക്കില്‍ വട്ടത്തില്‍ കറുത്ത ഒരു കുഞ്ഞു പൊട്ട് എന്നും അവളുടെ പുരികക്കൊടികള്‍ക്കു നടുവില്‍ കാണുമായിരുന്നു. .
കേട്ടെഴുത്തിനു ശേഷം,സ്ലേറ്റ് നോക്കി മാര്‍ക്കിട്ട് കഴിഞ്ഞ് കിട്ടിയ ബാക്കി സമയത്ത് ഒച്ചയും ബഹളവുമുണ്ടാക്കാതെ, ഞങ്ങള്‍ക്കിഷ്ടമുള്ള ചിത്രം വരക്കാന്‍ വരക്കാന്‍ പറഞ്ഞ്, സംസാരിക്കുന്നവരുടെ പേരെഴുതി വെക്കാന്‍ ക്ലാസ് ലീഡറെ ഏല്പിച്ച ടീച്ചര്‍ രണ്ടു കയ്യും മുന്നിലെ മേശയില്‍ പിണച്ച് അതിനുള്ളിലേക്ക് മുഖം പൂഴ്ത്തി. സ്ലേറ്റില്‍ എഴുതിയത് കൈ കൊണ്ട് എത്ര മായ്ച്ചാലും മുന്‍പ് എഴുതിയിരുന്നത് മങ്ങി കാണുന്നുണ്ടാകും. അതിന്റെ മുകളില്‍ പൂവിനെയും കിളികളെയും വരച്ചാലും ഒരു ഭംഗി ഉണ്ടാകില്ല.
ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും മദ്രസയില്‍ പോകുന്ന വഴിക്കുള്ള ഇല്ലിക്കൂട്ടത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മുളയുടെ ഇളം തണ്ടെടുത്തു. അതിന്റെ അറ്റമൊന്നു ഒന്നു കടിച്ച് ചതച്ച് സ്ലേറ്റ് മായ്ക്കുന്ന സമയത്താണ്, എന്റെ ഇടത് വശത്ത് ഇരുന്നിരുന്ന അവളെന്നെ നോക്കുന്നത് ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. ഞാന്‍ കയ്യിലിരുന്ന മുളന്തണ്ട് അവള്‍ക്കു നേരെ നീട്ടി..
"സ്ലേറ്റ് മായ്ക്കാന്‍ മഷിത്തണ്ട് വേണോ..?" അവള്‍ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. "ഇന്നാ എടുത്തോ.. എന്റെ കീശേല്‍ ഒന്നൂടെ ഉണ്ട്.." അവള്‍ ചിരിച്ച് കൊണ്ട് കൈ നീട്ടി. ഞാന്‍ അതവളുടെ കയ്യിലേക്ക് വെച്ചു കൊടുമ്പോള്‍ ചിരിച്ച് കൊണ്ടവള്‍ പറഞ്ഞു..
"ചെക്കാ ഇത് മഷി തണ്ടല്ല.. ഇല്ലിത്തണ്ടാ.. മഷി തണ്ട് ഞാന്‍ നാളെ കൊണ്ടന്ന് തരാട്ടോ..." മുന്‍പൊരിക്കല്‍ ക്ലാസില്‍ അടുത്തിരിന്നിരുന്ന രാജേഷ് ചെക്കാ എന്നു വിളിച്ചതിനു എനിക്ക് അവന്റെ മൂക്കിടിച്ച് പരത്താന്‍ പാകത്തിന് ദേഷ്യം വന്നിരുന്നു. അവന്റെ അച്ചന്റെ കയ്യില്‍ മരം മുറിക്കുന്ന വലിയ വാളും കോടാലിയുമെല്ലാം ഉള്ള കാര്യം അവന്‍ രണ്ടു ദിവസം മുന്‍പ് പറഞ്ഞതോര്‍ത്ത് ഞാന്‍ ഒന്നും ചെയ്യാതെ വിട്ടു.
ആദ്യമായിട്ട് അവളുടെ ചിരി ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.. അതിനിടയില്‍ അവളുടെ ചെക്കാന്‍ എന്ന വിളിക്കധികം പ്രാധാന്യം കൊടുത്തില്ല.. നനുനനുത്ത പച്ച രോമങ്ങള്‍ക്കിടയില്‍ മുത്തു മണികള്‍ പോലെ തിളങ്ങുന്ന വെയര്‍പ്പു തുള്ളികളുള്ള മേല്‍ചുണ്ട് കോട്ടി ചിരിക്കുമ്പോള്‍ അവളുടെ പല്ലുകള്‍ക്കിടയില്‍ പച്ചയും പിങ്കും നീലയും പല പല നിറങ്ങള്‍ കണ്ടത് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി..
'മഴവില്ലൊളിപ്പിച്ച നിന്റെയീ ചിരി കാണാന്‍ എന്തൊരു ചന്തമാണു പെണ്ണേ' എന്നു പറയാമായിരുന്നെന്ന് ഞാന്‍ ആലോചിച്ചത് പിന്നെയും ഒരു പാട് നാളുകള്‍ കഴിഞ്ഞ് ആദ്യമായി മഴ വില്ലു കണ്ട നാളിലായിരുന്നു.. അന്ന് ഞാനും അവളും ബാക്കി കൂട്ടുകാരുമെല്ലാം കൂടി സ്കൂള്‍ വരാന്തയില്‍ , "വെയിലും മഴയും കാട്ടിലെ കുറുക്കന്റെ കല്യാണവും" എന്നു പാടി കയ്യടിച്ച് അടുത്ത ബെല്ലടിക്കുന്ന വരെ തുള്ളിച്ചാടി. ഓടില്‍ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികല്‍ രണ്ടു കൈകളും നീട്ടി എടുത്ത് മുഖം കഴുകി..
പിറ്റെ ദിവസം മറക്കാതെ അവളെനിക്ക് മഷിത്തണ്ട് കൊണ്ടു വന്നു തന്നു.. തീരെ വണ്ണമില്ലാത്ത, എന്നാല്‍ നല്ല ഭംഗിയുള്ള, കണ്ടാല്‍ കടിച്ച് തിന്നാന്‍ തോന്നുന്ന തരത്തിലുള്ള ഒരു വിരലിനേക്കാള്‍ നീളം കുറഞ്ഞ ചെറിയൊരു തണ്ടായിരുന്നു അത്.. സ്ലേറ്റില്‍ തൂക്കുന്നതിനു മുന്‍പ് ആ പൂതി മാറ്റാന്‍ ആരും കാണാതെ അതൊന്നു കടിച്ചു ചവച്ചു നോക്കി. ഇല്ലിത്തണ്ടില്‍ ഉള്ള പോലെ ഇളം മധുരം അതിനുണ്ടായിരുന്നില്ല. മറ്റാരും കണ്ടില്ലെങ്കിലും അവളതു കണ്ടു.. എന്റെ വിരലില്‍ പിടിച്ച് തിരിച്ച് അവള്‍ പറഞ്ഞു..
"ചെക്കാ.. ഇതു മണ്ടക്കന്‍ ഇല്ലിത്തണ്ടല്ല.. മഷിത്തണ്ടാ.. കടിക്കാതെ തന്നെ മായ്ക്കാം..." ഇപ്രാവശ്യവും അവളുടെ ചെക്കാ എന്നുള്ള വിളിയും വിരലുകള്‍ ഞെരിഞ്ഞ വേദനയുമൊന്നും എന്നെ ദേഷ്യം പിടിപ്പിച്ചില്ല.. മഴവില്ലൊളിപ്പിച്ച അവളുടെ ചിരി തന്നെയായിരുന്നു കാരണം.. പിന്നീടെന്നും അവളുടെ ചിരി കാണും.. കാണും തോറും എനിക്കത്ഭുതം വര്‍ദ്ധിച്ചു വന്നു.. ഒരു ദിവസം അവള്‍ ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്ന രാജേഷിനെ തോണ്ടി ഞാന്‍ പറഞ്ഞു..
"നോക്കെടാ.. അവള്‍ ചിരിക്കുമ്പോള്‍ കൊറേ നിറങ്ങളില്ലേ..?" അവനതൊന്നു നോക്കുക പോലും ചെയ്യാതെ പറഞ്ഞു.. "പുഴുപ്പല്ലായിരിക്കും..." എനിക്ക് ദേഷ്യം വന്നു.. ഇപ്രാവശ്യവും അവന്റെ അച്ചന്റെ കയ്യിലുള്ള വലിയ കോടാലിയും കത്തിയും അവനെ രക്ഷിച്ചു.. പിന്നീട് അത് ഞാന്‍ ആരൊടും പറയാന്‍ പോയില്ല. എനിക്കു മാത്രമുള്ള തോന്നലാണെങ്കില്‍ അതിന്റെ നാണക്കേടോര്‍ത്ത് ഞാന്‍ ചോദിക്കാതെ വിട്ടു..
ഒരു ദിവസം അവളെന്തോ പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചപ്പോള്‍ പിന്നെയും എന്റെ വിരലുകള്‍ പിടിച്ച് തിരിച്ചെന്നെ വേദനിപ്പിച്ചു "അയ്യേ.. ചെക്കാ.. നിന്റെ പല്ലിനിടയില്‍ ഉമിക്കരിയിരിക്കുന്നു.."
അവള്‍ തൊട്ടു കാണിച്ച ഭാഗത്ത് നാക്കു കൊണ്ടുഴിഞ്ഞ് തുപ്പിക്കളഞ്ഞ് ഞാന്‍ അവളോട് ചോദിച്ചു.. "എന്നും നിന്റെ പല്ലിനിടയില്‍ എന്താ പല നിറങ്ങളില്‍ പറ്റി പിടിച്ചിരിക്കുന്നതെന്നു.. " അല്ലെങ്കില്‍ എന്തു ചോദിച്ചാലും ഒന്നിനു പത്തായി മറുപടി തരുന്ന അവളതിനു മാത്രം മറുപടി പറഞ്ഞില്ല.. മാത്രമല്ല അവളുടെ ചിരിയും കുറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച രാവിലെ മദ്രസയില്ലാത്തതു കൊണ്ട് നേരത്തേ ക്ലാസിലെത്തി.. അന്നവള്‍ മാത്രം ഉണ്ട് ക്ലാസില്‍.. അവള്‍ ചിരിച്ചില്ല..
എന്നെ കൈ കാട്ടി വിളിച്ചു..
എന്നെ കൈ കാട്ടി വിളിച്ചു..
"ചെക്കാ.. ഇങ്ങു വന്നേ.. ഒരു സൂത്രം കാണിക്കാം..." അടുത്ത് ചെന്ന എന്റെ അടുത്തേക്ക് കുറച്ച് കൂടി ചേര്‍ന്ന് നിന്നു.. എന്നേക്കാള്‍ കുറച്ച് കൂടെ പൊക്കം കുറവുള്ള അവളുടെ മുടിയിലെ മണമാണു ഞാന്‍ ശ്രദ്ധിച്ചത്.. ഹോ.. ഇതു കുറച്ചു ദിവസം മുന്‍പായിരുന്നെങ്കില്‍ തലയില്‍ വെളിച്ചെണ്ണ തേച്ചപ്പോള്‍ കരഞ്ഞതിനു ഉമ്മാടെ കയ്യില്‍ നിന്നും അടി വാങ്ങിക്കാതെ സന്തോഷത്തോടെ നിന്നു കൊടുത്തേനെ ഞാന്‍.. അന്നു മുതലാണെന്നു തോന്നുന്നു ഞാന്‍ വെളിച്ചെണ്ണയുടെ മണം ഇഷ്ടപ്പെട്ട് തുടങ്ങിയത്.
"ഇങ്ങട്ട് നോക്ക് ചെക്കാ.." എന്നു പറഞ്ഞ് അവള്‍ ബാഗ് തുറന്നപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.. ബാഗിന്റെ ഉള്ളില്‍ ഒരു വശത്ത് മറ്റൊരു കീശയും കൂടെയുണ്ട്. അവളതു തുറന്ന് അതിനുള്ളില്‍ കയ്യിട്ട് ഒരു പിടി ചോക്ക് കഷ്ണങ്ങള്‍ എന്റെ കയ്യിലേക്ക് വെച്ച് തന്നു.. പല പല നിറങ്ങളിലുള്ളവ.. അതു കിട്ടിയ സന്തോഷത്തില്‍ അവള്‍ക്കൊരു ചിത്രം വരച്ച് കാണിക്കാനുള്ള ആഗ്രഹത്തില്‍ സ്ലേറ്റ് എടുത്ത ഉടന്‍ അവളെന്റെ വിരലില്‍ പിടുത്തമിട്ടു.. അവളെന്റെ വിരലുകള്‍ പിരിച്ച് വേദനിപ്പിക്കുന്നതിനു മുന്നേ കൈ വലിച്ച് ഞാന്‍ പറഞ്ഞു.. "ഞാന്‍ ചിത്രം വരക്കാന്‍ പൂവായിരുന്നു..."
"ഇതു ചിത്രം വരക്കാനുള്ളതല്ല ചെക്കാ.." പിന്നെയും അവള്‍ ചിരിച്ചു.. ഇപ്രാവശ്യം അവളുടെ ചിരിയില്‍ ഒരു കള്ളത്തരമുള്ള പോലെ എനിക്കു തോന്നി.. ശെരിയാണല്ലോ.. ഇതു വരെ ആയിട്ടും ഇവളുടെ സ്ലേറ്റില്‍ സാധാരണ പെന്‍സിലിന്റേതല്ലാതെ മറ്റൊരു നിറവും ഞാന്‍ കണ്ടിട്ടില്ല.. പിന്നീടന്ന് മുതല്‍ ഞങ്ങളുടെ ചിരികള്‍ക്ക് ഒരേ നിറങ്ങളായിരുന്നു..!
0 comments:
Post a Comment