
അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ ഒരു സുഖമാ.. പൊട്ടി പൊളിഞ്ഞു പാളീസായി ആവണക്കെണ്ണയില്‍ വീണ പഴന്തുണി പോലെ കൊയകൊയാന്നായ പ്രണയത്തിനെ പറ്റിയാണെങ്കില്‍ പറയേം വേണ്ട.. ഉസ്കൂളീ പഠിക്കുന്ന സമയത്താണു ഇളംകാറ്റില്‍ പറന്ന് വന്ന അപ്പൂപ്പന്‍ താടി പോലെ, എന്റെ ഇച്ചിരിക്കൊളം പോന്ന കുഞ്ഞു ഹൃദയത്തില്‍ ആ പ്രണയം വന്നു വീണത്.. ചുടെണ്ണയില്‍ വീണ കടുകിനെ പോലെ അതിങ്ങനെ മനസ്സില്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
സ്വപ്നങ്ങള്‍ കൊണ്ട് വെള്ളം കോരിയും.. കിനാവുകള്‍ വളമാക്കിയും ഒരു പട്ടിക്കും പൂച്ചക്കും ആടിനും പശൂനും കൊടുക്കാതെ അതിനെ വളര്‍ത്തി വലുതാക്കി.. ആരോടും പറയാതെ, എന്റെ മാത്രം സ്വകാര്യമാക്കി ഞാനത് മനസ്സില്‍ കൊണ്ട് നടന്നു. ആ നാളുകളില്‍ എന്റെ സകലമാന ചിന്തകളും സ്വപ്നങ്ങളൂം ആഗ്രഹങ്ങളും എന്നു വേണ്ട എന്റ ഉറക്കം വരെ എന്റെ പ്രണയിനി കട്ടെടുത്തു. അവള്‍ക്കു വേണ്ടി ആപത്തിലെ മിത്രമാകാനും ശക്തരില്‍ ശക്തരാകാനും കൊതിച്ചു.. ഒരു ശീമക്കൊന്നരയുടെ വടി വെട്ടി അതിന്റെ തുമ്പത്ത് നിറയെ ആണിയടിച്ച് കയറ്റിയ മച്ചിങ്ങ കുത്തി വെച്ച് ഓഹ്രീം കുട്ടിച്ചാത്തനായി.. കോസ്റ്റ്യൂംസിന്റെ കൊറവു മാത്രമേ ഉണ്ടായിരുന്നൊള്ളു.
കോസ്റ്റ്യൂംസിന്റെ കാര്യത്തിനൊരു തീരുമാനമുണ്ടാക്കിക്കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ ഒരു വമ്പന്‍ സാക്രിഫൈസ് നടത്തി. ആ വര്‍ഷത്തെ പെരുന്നാളിനു ഷര്‍ട്ടും പാന്റും എടുക്കാന്‍ തന്ന കാശിനു ഞാന്‍ വാങ്ങിച്ചത് നെഞ്ചത്ത് ചുവന്ന നക്ഷത്രമുള്ള മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും.. അതോടെ ഷര്‍ട്ടിന്റെ ബഡ്ജറ്റ് സ്വാഹ.. സൂപ്പര്‍ ഹീറോകള്‍ക്കെല്ലാം പാന്റ്സിട്ടാ ചൊറിച്ചില്‍ വരും എന്ന നഗ്ന സത്യം മനസ്സിലാക്കിയ ഞാന്‍ പാന്റു വാങ്ങാന്‍ മാറ്റി വെച്ച കാശെടുത്ത് മറിച്ച് ഡിങ്കന്റെ കോസ്റ്റ്യൂമിനു കാശു തികയാതെ ഒഴിവാക്കിയ ചുവന്ന ഷാളും, മായാവിയാകാനുള്ള കറുത്ത ഷഡ്ഡി രണ്ടെണ്ണവും വാങ്ങി.
ഞാനെന്റെ ഹൃദയത്തോപ്പില്‍ നട്ടു വളര്‍ത്തിയ പ്രണയമങ്ങനെ വളര്‍ന്നു വളര്‍ന്നു ചെടിയായി. മരമായി അവസാനം അണ്ണാക്കു വരെ എത്തി ശ്വാസം പോലും വിടാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ആരോടെങ്കിലും ഒന്നു പറയാന്‍ തീരുമാനിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരന്‍ അതായത് എന്റെ ബെഞ്ചില്‍ എന്റെ തൊട്ടറുത്തിരുന്നിരുന്ന തെണ്ടിയോടത് പറഞ്ഞു "ഡേയ്, നമ്മളെക്കാള്‍ പ്രായം കൂടിയവരേ പ്രേമിക്കുകയോ..." പുച്ഛത്തോടേ അവന്‍ ഫൗള്‍ വിളിച്ചു..
മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച്കൊണ്ടവളെന്നും എന്റെ ക്ലാസില്‍ വന്നും പോയുമിരുന്നു.. ഒരു ദിവസം, അവളേന്നോടൊരു ചോദ്യം ചോദിച്ചു.. അപ്രതീക്ഷിത ആക്രമണമായിരുന്നത് കൊണ്ട് തന്നെ മറുപടി പറയാന്‍ സാധിച്ചില്ല. ചോദ്യത്തിന്റെ ഉത്തരം കിട്ടാതായപ്പോള്‍, ക്ലാസിലെ മറ്റു പിള്ളേരുടെ മുന്നില്‍ വെച്ച് എന്നെ ചീത്ത വിളിച്ചു.. "നീയൊക്കെ എന്തിനാണ്ടാ കെട്ടും കെട്ടി ഇങ്ങോട്ട് വരുന്നത് എന്നു ചോദിച്ചതും പോരാതെ ഇമ്പോസിഷന്‍ തന്ന് എന്നെ നാറ്റിക്കുകയും ചെയ്തു.. അന്നു ഞാനെന്റെ മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും വലിച്ചു കീറി കാട്ടിലെറിഞ്ഞു.. കറുത്ത ഷഡ്ഡിയൂരി അടുപ്പിലിട്ടു. എന്നിട്ട് ഞാനെന്റെ മനസ്സിലെ പ്രണയക്കൂടാരത്തില്‍ നിന്നും ആ പിശാശിനെ പടിയടച്ച് പിണ്ടം വെച്ചു.. അല്ലെങ്കിലും ഈ റ്റ്യൂഷന്‍ ടീച്ചര്‍ മാരെയൊന്നും പ്രേമിക്കാന്‍ കൊള്ളൂല...
കൊറേ വര്‍ഷങ്ങള്‍ക്കു ശേഷം കോളേജീ വെച്ച് വേറൊരു പ്രണയം തലക്കു കേറി പിടിച്ചു.. അന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ആലോച്ചിച്ച് തല പുണ്ണാക്കിയിരുന്നത് ഉസ്കൂളീ വെച്ച് തോന്നീത് എന്തായിരുന്നു എന്നു മനസ്സിലാകാതെ ആയിരുന്നു.. പിന്നെ മാലപ്പടക്കത്തിനു തീ കൊടുത്ത പോലെ ഓരോന്നോരോന്നായി തലേ കുടുങ്ങുമ്പോ വിചാരിക്കും മുന്നതെന്തൂട്ട് കുന്താണാവോ ഉണ്ടായിരുന്നത്.. അപ്പോഴെല്ലാം ഞാന്‍ തീരുമാനിക്കും, മുന്നുണ്ടായിരുന്നതൊന്നും ഒന്നുമല്ല.. ഇതാണു യഥാര്‍ത്ഥ പ്രണയം.. അതെ ഇതു മാത്രമാണ് പ്രണയം.. ഇതു തന്നെയാണു പ്രണയം..!!
0 comments:
Post a Comment