
ടാറു ചെയ്യാതെ ചളി നിറഞ്ഞ് ചുവന്നു കലങ്ങി കിടക്കുന്ന റോഡ്. അല്പമെങ്കിലും ചളിയില്ലാത്ത തെളിഞ്ഞു കിടക്കുന്ന വെള്ളം കണ്ടാല്‍ ഒന്നും നോക്കാതെ നേരെ അതിലേക്ക്ചാടും.. അതും ഒറ്റക്കാലില്‍.. ഒരു കാല്‍ കുത്തിച്ചാടി വെള്ളം പൊങ്ങുമ്പോള്‍ മറ്റേ കാലുകൊണ്ട് ശക്തിയായി അടിച്ച് പടക്കം പൊട്ടുന്ന പോലെ ശബ്ദമുണ്ടാക്കും..
അടിക്കുന്ന സമയത്തെങ്ങാനും ഉന്നത് തെറ്റിയാല്‍ മറ്റേകാലും കൂടെ പൊങ്ങി മൂടും കുത്തി വെള്ളത്തില്‍.. മിക്കവാറും ഉദ്ധേശം പടക്കം പൊട്ടിക്കലായിരിക്കില്ല. ആ പേരും പറഞ്ഞ് കൂടെ നടക്കുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് ഉമ്മാനോടുള്ള ദേഷ്യം തീര്‍ക്കുക എന്ന ദുരുദ്ധേശം. മറ്റൊന്ന്, സ്വന്തം ഉടുപ്പില്‍ ചളിയാക്കി, ഒരു മകന്റെ ആഗ്രഹം മനസ്സിലാക്കാതെ കരയിപ്പിച്ച് സ്കൂളിലേക്ക് വിടുന്ന ഉമ്മാക്കിട്ട് പണി കൊടുക്കലും
സ്കൂളും വീടും തമ്മില്‍ പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഒള്ളു.. അതു കൊണ്ട് ഉച്ചഭക്ഷണത്തിനു വീട്ടിലെത്തണം. എനിക്കാണെങ്കില്‍ സ്കൂളില്‍ നിന്നു കൊടുക്കുന്ന ചോറും കറിയും കഴിക്കണം. ജീവന്‍ പോയാലും അതിനുമ്മ സമ്മതിക്കില്ല. വീട്ടീന്നു നല്ലസ്സലു ചോറും കറിയും വൃത്തിയോടും വെടിപ്പോടും കഴിക്കാനുള്ള അവസമുള്ളപ്പോള്‍ എന്തിനാടാ സ്കൂളീന്ന പുഴുവും ചെള്ളും നിറഞ്ഞ് ഉപ്പിട്ട് പുഴുങ്ങിയെടുക്കുന്ന ചോറും കറിയും തിന്നുന്നതെന്ന് ഉമ്മാടെ ചോദ്യം.. ചോദ്യം മാത്രമോ.. നല്ല പിച്ചും കിട്ടും. ശെരി, സ്കൂളിലെ ചോറു കഴിക്കില്ല, സ്കൂളില്‍ കൊണ്ട് പോയി കഴിക്കാന്‍ എനിക്ക് ടിഫിന്‍ ബോക്സില്‍ ചോറു തരണം എന്നു പറഞ്ഞാല്‍, അതും സമ്മതിക്കില്ല. കാരണം ഉമ്മാക്കറിയാം ആ ചോറും കറികളും പൈപ്പിന്റെ മൂട്ടിലോ തെങ്ങിന്റെ തടത്തിലോ അന്ത്യ വിശ്രമം കൊള്ളുമെന്ന്.
ആകെ ഒരു മണിക്കൂറിനടുത്ത് കിട്ടുന്ന ലഞ്ചു ബ്രേക്കില്‍ വീട്ടില്‍ പോകുന്ന ഈ ഒരു പരിപാടി കൊണ്ട് മാത്രം നഷ്ടമാകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പെട്ടെന്നു കഴിച്ച് കഴിഞ്ഞാല്‍ പിന്നെ ബെല്ലടിക്കുന്ന വരെ പമ്പരം കൊത്തിക്കളിക്കാം, രാശിക്കാ കളിക്കാം, ഓടി തൊട്ട് കളിക്കാം, സാറ്റെണ്ണിക്കളിക്കാം, തീപ്പെട്ടിപ്പടം കളിക്കാം.. പക്ഷേ വീട്ടിലേക്ക് നടന്നു പോയി ഭക്ഷണം കഴിച്ച് തിരിച്ച് നടന്നു സ്കൂളിലെത്തുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. അപ്പൊ ഉച്ചക്കലത്തെ കളികള്‍ ഗോവിന്ദ. അതിലെല്ലാമുപരി സ്കൂളില്‍ നിന്നു കൊടുക്കുന്ന ചോറും കറിയും മിസ്സാകുന്നതിലായിരുന്നു.
സ്കൂളില്‍ നിന്നു വിളമ്പുന്ന ആവി പറക്കുന്ന കുത്തരിച്ചോറും എരിവു കുറച്ച് നന്നായി നീട്ടി വെച്ച ചെറുപയറു കറിയും. ഉച്ച ബെല്ലടിക്കാറാകുമ്പോള്‍ അവിടുത്തെ ചേച്ചിയും ഔസേപ്പ് ചേട്ടനും കൂടെ വലിയ ചെമ്പില്‍ തിളക്കുന്ന ചോറു തോര്‍ത്തു മുണ്ട് കൂട്ടി പിടിച്ച മുള കൊണ്ട് നെയ്ത ചെറിയ കൊട്ടകൊണ്ട് കോരി ഊറ്റും.. കുത്തരി ചോറു വെന്ത ആവി പറന്ന് ഒരനുസരണയുമില്ലാതെ നേരെ തൊട്ടപ്പുറത്തെ ഞങ്ങളുടെ ക്ലാസിലേക്ക് വരും. എപ്പഴെങ്കിലും ഇന്നു ക്ലാസിലേക്ക് പോകാതെ വേറെ വല്ല വഴിക്കും പോകാന്‍ ആവി തീരുമാനിച്ചാല്‍ അതിനു സമ്മതിക്കാതെ, കറക്റ്റു സമയത്ത് എവിടെ നിന്നില്ലാതെ കുരുത്തം കെട്ട ഒരു തെക്കന്‍ കാറ്റു വന്നു ഞങ്ങളുടെ ക്ലാസിലേക്ക് തന്നെ ഉന്തി തള്ളി വിടും..
ചോറൂറ്റി കഴിഞ്ഞ് ബെല്ലടിക്കുന്നതിനു തൊട്ടു മുന്നേ ചെറുപയറു കറിയുടെ ചെമ്പും കൂടെ തുറക്കും. ആ രണ്ടു മണവും കൂടെ മൂക്കിലേക്കടിച്ച് കയറുമ്പോള്‍ പിന്നെ സഹിക്കാന്‍ പറ്റാതാകും. പുസ്തകമെല്ലാം ഇലാസ്റ്റിക്ക് ഇട്ട് പെട്ടിയില്‍ വെച്ച് വിശന്നു പൊരിഞ്ഞ് വെല്ലടിക്കാന്‍ കാത്തിരിക്കുന്ന ഞങ്ങളുടെ വയറ്റില്‍ നിന്നും ആവി വരാന്‍ വലിയ താമസമൊന്നും ഉണ്ടാകില്ല..
ബെഞ്ചിന്റെ അടിയില്‍ ഭദ്രമായി വെച്ചിരിക്കുന്ന അരികു വളഞ്ഞ് സ്റ്റീല്‍ പാത്രമെടുത്ത് എടുത്ത് കൂടെയുള്ളവര്‍ ചോറും പയറും വാങ്ങിക്കാന്‍ പോകുമ്പോള്‍ ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കും. കൂടെയിരിക്കുന്നവനു കളര്‍ പെന്‍സിലിന്റെ പൊട്ടോ പൊടിയോ, വല്ല ഒട്ടിപ്പോ നെയിം സ്ലിപ്പോ കൊടുത്ത് മയക്കി ശെര്യാക്കി വെച്ചത് കൊണ്ട് ബെല്ലടിച്ചാലും വീട്ടിലേക്ക് തിരിക്കാതെ ക്ലാസില്‍ തന്നെ കാത്തിരിക്കും. അവന്‍ വാങ്ങിയ സാധനങ്ങള്‍ക്കുള്ള നന്ദി കാണിക്കും.. പാത്രത്തില്‍ ആവി പറക്കുന്ന ചോറും ചോറിനു നടുവില്‍ വട്ടത്തില്‍ വിളമ്പിയ ഇളം പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള ചെറുപയറു കറിയുമായി അവന്‍ വരും.
ചൂടു വക വെക്കാതെ, ആവി പറക്കുന്ന ചോറിലേക്ക് വിരലു താഴ്ത്തും.. പൊള്ളിയ കൈ വലിച്ച് ഔ.. എന്ന ശബ്ദത്തോടെ രണ്ടു മൂന്നു കുടയലു കുടഞ്ഞ് കയ്യിലേക്ക് ഊതിയാല്‍ ആ ചൂടു പോകും.. അങ്ങനെ മൂന്നു നാലു പ്രാവശ്യം ചെയ്യുമ്പോഴേക്കും ചൂടു പോയി വാരി വലിച്ച് ചോറു തിന്ന് കൈ കഴുകി നേരെ വീട്ടിലേക്കോടും. വീട്ടിലെത്തുമ്പോള്‍ ഉമ്മ ചൂടോടെ വിളമ്പി വെച്ചിരിക്കുന്ന മീന്‍ കറിയും ചോറും കഴിക്കാന്‍ സ്കൂളിലെ ചോറും കറിയും നിറച്ച് വെച്ചിരിക്കുന്ന എന്റെ കുഞ്ഞി വയറ്റിലെവിടെ സ്ഥലം..?
വാപ്പാക്കു കത്തെഴുതുമ്പോഴും വീട്ടില്‍ സ്വന്തക്കാരു വന്നാലും, വല്ല പനിയോ വയറ് വേദനയോ വന്നു ഡോക്ടറുടെ അടുത്ത് പോയാലും ഉമ്മാക്ക് ഒരു കമ്പ്ലെയിന്റ് മാത്രം.. ചെക്കന്‍ ഭക്ഷണം കഴിക്കുന്നില്ല.. തല്ലീട്ടും ഭീഷണിപ്പെടുത്തീട്ടും വായിലേക്ക് കുത്തിക്കയറ്റീട്ടും ഭക്ഷണത്തിനോട് വിരക്തി വെറുപ്പ്.. ചില തൊഴുത്തില്‍ കുത്തുകാര്‍ എനിക്കു വിരയുടെ അസുഖമാണെന്നു പറഞ്ഞത് വിശ്വസിച്ച് ഉമ്മ ഇടക്കിടക്ക് രാവിലെയോ രാത്രി ഉറങ്ങാന്‍ നേരത്തോ നിര്‍ബന്ധിച്ച് വിരയിളക്കാനുള്ള മരുന്ന് കുടിപ്പിക്കും.. രാവിലെ നന്നായി വയറിളകും എന്നല്ലാണ്ടു വേറെ യാതൊരു ഗുണവും ആ മരുന്നു കൊണ്ട് ഞാന്‍ കണ്ടിട്ടില്ല. എനിക്കു പിത്തമാണെന്നു പറഞ്ഞു പരത്തിയ ചില മൂരാച്ചികളുമുണ്ടായിരുന്നു.
കണ്ണിനു മുന്നില്‍ ഇന്നും മിഴിവോടു കൂടെ നില്‍ക്കുന്ന ആ കാഴ്ചകള്‍.. ആവി പറക്കുന്ന കുത്തരിച്ചോറും ചെറുപയറു കറിയും...!!!
0 comments:
Post a Comment