April 9, 2015

അല്‍കുല്‍ത്ത് കോമ്പ്രമൈസ് - PART 1

പാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചായക്കറയും ചാരം മുക്കിയ ചകിരിയും തമ്മിലുള്ള യുദ്ധം മുറുകിയ സമയത്താണു അകത്തു നിന്നും എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം സൂറാന്റെ ചെവിയില്‍ വന്നലച്ചത്..
ഒച്ച കേട്ട സൂറ കയ്യിലിരുന്ന പാത്രവും ചകിരിയും കൂടെ വാഷ് ബേസിനിലെ വെള്ളത്തിലേക്കിട്ട് അകത്തേക്കോടി. ഓടുന്ന ഓട്ടത്തില്‍ അടുക്കള സ്ലാബിന്റെ മുകളില്‍ അന്നത്തേ തേങ്ങ വെട്ടു കഴിഞ്ഞ ക്ഷീണത്തില് വിശമിച്ച് മൂളിപ്പാട്ടും പാടി കിടന്നിരുന്ന വെട്ടുകത്തിയും കൂടെ വലിച്ചെടുത്ത് "ഇന്നന്റെ മാര്‍ക്കം ഞാന്‍ കഴിക്കും കള്ളപ്പൂച്ചേ.. കളിച്ച് കളിച്ച് ഇന്റെ ബെഡ് റൂമിലായാ അന്റെ കളി..." എന്നു ചോദിച്ച് പാഞ്ഞു വന്ന സൂറ ബെഡ്റൂമിലെ കാഴ്ച കണ്ട് സഡന്‍ ബ്രേക്കിട്ടു. സൂറ അറിയാതെ തന്നെ കയ്യിലിരുന്ന വെട്ടുകത്തി ടിം എന്ന ശബ്ദത്തോടേ താഴെ വീണു..
സ്ലാബിന്റെ മുകളില്‍ ഒരു ശല്യവുമില്ലാതെ കിടന്നിരുന്ന എന്നെയെന്തിനാ അവിടുന്നു എടുത്ത് ഇവിടെ കൊണ്ടു വന്നിട്ടതെന്നു മനസ്സിലാകാതെ ഒന്നു തലപൊക്കിയ വെട്ടുകത്തി കിട്ടിയ ചാന്‍സില്‍ വീണിടത്ത് തന്നെ കിടന്ന് വീണ്ടും ഉറങ്ങനുള്ള വട്ടംകൂട്ടി.
റൂമില്‍ അലമാരയിലെ തുണികളെല്ലാം വലിച്ച് താഴെയിട്ട് അതിന്നുള്ളില്‍ വെച്ചിരുന്ന പഴയ ഇരുമ്പുപെട്ടി തുറന്ന് തന്റെ പഴയ വള്ളി നിക്കറെടുത്ത് കുടയുന്ന ജബ്ബാറിനെയാണു സൂറ കണ്ടത്. കല്യാണം കഴിഞ്ഞ അന്ന് ഇനിയൊരിക്കലും അതെടുക്കില്ലെന്നു സത്യം ചെയ്യിച്ച് പെട്ടിയിലിട്ടു പൂട്ടിയ നിക്കറാണത്. തീര്‍ന്നില്ല ജബ്ബാറതാ ടവ്വലില്‍ കെട്ടി സൂക്ഷിച്ചു വെച്ചിരുന്ന കരിങ്കല്‍ ചീളുകള്‍ എടുക്കുന്നു.. തന്റെ പ്രധാന ആയുധം കൂടെ എടുക്കുന്നത് കണ്ടപ്പോള്‍ സൂറാന്റെ ബാക്കി ജീവനും കൂടെ പോകുമെന്ന അവസ്ഥയായി..
സൂറ ഓടിച്ചെന്ന് ജബ്ബാറിന്റെ കയ്യില്‍ കേറിപ്പിടിച്ചു..
"ഇങ്ങളിതെന്തു ഭാവിച്ചാ മനുഷ്യാ..?? എന്താ ഇങ്ങടെ ഉദ്ധേശം..??"
"അനക്കെന്താണ്ടീ പോത്തേ.. മനുഷ്യന്‍ ഒരു നല്ല കാര്യത്തിനെറങ്ങുമ്പഴാണോ അന്റെ ഒരു അല്‍കുല്‍ത്ത് വര്‍ത്താനം..?"
"ന്റെ മന്‍ഷ്യാ ഇങ്ങളു തല്ലുണ്ടാക്കാന്‍ പോകുമ്പഴല്ലേ ഈ നിക്കറിടുന്നതും കല്ലെടുത്ത് കീശേലിടുന്നതും.. ഇന്നാരോട് തല്ലുണ്ടാക്കാനാ ഇങ്ങടെ ഈ പൊറപ്പാട്..?"
"ഇയ്യൊന്നു മിണ്ടാണ്ടിരിക്കിണുണ്ട സൂറാ.. ഞാനാരോട് തല്ലുണ്ടാക്കീന്നാ ഇയ്യീ പറയണത്..?"
"ഇങ്ങളീ ട്രൗസറിടുമ്പോ ഇക്ക് പേടിയാ.. മര്യാദക്കിങ്ങളതൂരിക്കോ.."
ഇതും പറഞ്ഞ് സൂറ നിക്കറിന്റെ വള്ളിയില്‍ കേറിപ്പിടിച്ചു.. അപ്രതീക്ഷിതമായ ആക്രമണം താങ്ങാനാകാതെ താഴേക്കു പോണോ അതോ ജബ്ബാറിന്റെ അരയില്‍ തന്നെ അള്ളിപ്പിടിച്ച് നിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ നിന്ന നിക്കറിനു സപ്പോര്‍ട്ട് കൊടുത്ത ജബ്ബാര്‍ നിക്കര്‍ വലിച്ചു കയറ്റി വള്ളിതിരിച്ചു വാങ്ങി അരയില്‍ കെട്ടിയുറപ്പിച്ചു.
സൂറാ നിന്നു കരയാന്‍ തുടങ്ങി.. കരച്ചില്‍ കണ്ട ജബ്ബാര്‍ ഒന്നൊതുങ്ങി..
"ഇയ്യൊന്നടങ്ങ് പൊന്നേ.. ഞാനൊരു പ്രശ്നത്തിനു പോണില്ല.."
"ന്റിക്കാ.. ഇങ്ങളൊരു പ്രശ്നത്തിനും പോണ്ടാ.. ഈ വള്ളിസൗസറിട്ടാ പ്രശ്നം ഇങ്ങടടുത്തേക്ക് വന്നോളും. അതോണ്ടാ ഇങ്ങളിനി ഇതിടരുതെന്നു ഞാന്‍ സത്യം ചെയ്യിച്ചത്.."
"അനക്ക് പിരാന്താടീ.."
"പിരാന്തൊന്നുമല്ല.. ഇങ്ങളു പണ്ട് ഇന്നോട് ഇഷ്ടാന്നു പറയാന്‍ വന്നതോര്‍മ്മണ്ടാ..?"
"ഉം.. ഇണ്ട്.. അന്റെ മാമാന്റെ മോന്റെ കല്യാണം കഴിഞ്ഞു വരുമ്പ.."
"അന്നിങ്ങടെ വര്‍ത്താനം കേട്ട് പേടിച്ച് ഞാന്‍ ഇന്റുപ്പാന്നുറക്കെ വിളിച്ച് കരഞ്ഞപ്പോ, ഉപ്പ വരുന്നൂന്നു വിചാരിച്ച് ഇങ്ങളു പേടിച്ചോടീലേ..?"
"അതു ഞാന്‍ പേടിച്ചോടീതല്ല.. ഇച്ചിരി തെരക്കുണ്ടാര്‍ന്നതോണ്ട് സ്പീഡില്‍ നടന്നതാ.. ഇയ്യ് കാര്യം പറ.."
"ഹും.. ഇന്നിട്ട് ഇന്റെ മുന്നില്‍ മൂക്കും കുത്തി വീണു മൂക്കീന്നു ചോര വന്നില്ലേ.. അന്നു ഇങ്ങളിട്ടിരുന്നത് ഈ വള്ളി ട്റൗസറായിരുന്നു..."
"ഇയ്യെന്തൂട്ട് തേങ്ങ പിണ്ണാക്ക് കാണാനാണ്ടീ ഞാന്‍ വീണപ്പോ ഇന്റെ ട്രൗസറു നോക്കീത്.." എന്നു പറഞ്ഞ് ജബ്ബാററിയാതെ തന്നെ തന്റെ മൂക്കു തടവി..
"അതു മാത്രല്ല.." സൂറ പിണക്കത്തോടെ മുഖം കോട്ടി...
"പിന്നെ..?"
"ന്നെ കെട്ടിച്ച് തരൂലാന്നു പറഞ്ഞ ദേഷ്യത്തിനു ഇന്റുപ്പാനെ കല്ലെടുത്തെറിയാന്‍ ഇങ്ങളാ കലുങ്കിന്റെ അപ്പര്‍ത്തെ തെങ്ങിന്റെ താഴെ ഒളിച്ചിരുന്നപ്പോ തലേല്‍ ഒണക്ക മടലു വീണു ബോധം കെട്ടില്ലേ..?"
"ന്റെ റബ്ബേ..." അറിയാതെ തന്നെ തലയിലേക്ക് പോയ കയെടുത്ത് അരയില്‍ കുത്തി ജബ്ബാര്‍
"അന്നു ഓടിക്കൂട്യോരുടെ കൂട്ടത്തില്‍ ഞാനും ഇണ്ടായിരുന്നു.. അന്നും ഇങ്ങളിട്ടിരുന്നത് ഈ ട്രൗസറു തന്നെയാ.."
"ഹോ..."
"ഇനീംണ്ട് പറയാന്‍.. ഇങ്ങളു പണ്ടു പാടത്ത് ഫുട്ട്ബാളു ഹെഡ് ചെയ്യാന്‍ ചാടിയപ്പോ ചളീ ചവിട്ടി ഊരേം കുത്തി വീണേന്റന്നും ഇതെന്നെയായിരുന്നു ഇങ്ങളിട്ടിരുന്നത്.."
"പണ്ടാരം മതി.. അന്റെ ട്രൗസര്‍ പുരാണം.. ഇയ്യൊന്നു മന്‍സിലാക്കിക്കോ.. ഇന്റെ വീഴ്ചകളും ഈ വള്ളി ട്രൗസറും തമ്മില്‍ യാതൊരു ബന്ധവുമില്ല.. പിന്നെ ഞാന്‍ പ്രധാന ഓപ്പെറേഷനുകള്‍ക്കെല്ലാം പോകുമ്പോ ഇതിടുന്നു എന്നേ ഒള്ളൂ..."
"ആഹാ.. ഇന്നിങ്ങളാരെ ഓപ്പ്രഷന്‍ ചെയ്യാനാ പോണത്..?"
"കുന്തം.. നമ്മടെ കഴിഞ്ഞ അഷര്‍പ്പും പാത്തുമ്മയും തമ്മില്‍ നല്ല തല്ലാണത്രെ.. അവരു മിണ്ടാറില്ല.. ഇന്നതു ഒത്തു തീര്‍പ്പാക്കാന്‍ സ്വന്തക്കാരും ബന്ധൂക്കാരും എല്ലാം കൂടുന്നുണ്ട്.. ഇന്നെയാ മധ്യസ്ഥം പറയാന്‍ വിളിച്ചേക്കണേ.."
"അയ്നെന്തൂട്ടിനാ ഇങ്ങളീ കരിങ്കല്ലും പണ്ടാറോം കൂടെ കൊണ്ടോണാത്.. തല്ലാനല്ലല്ലോ ഇങ്ങളു പോണത്.. ആണോ..?"
"അതല്ലെടീ പോത്തേ.. ആ പാത്തൂന്റെ ആങ്ങളമാരു തടിമാടന്മാരു ശെരിയല്ല.. ഇപ്പ അവരാണു നാടു ഭരിക്കുന്നത്.. പിന്നെ പണ്ട് ഇന്റെ കൂടേ കൊറെ നടന്നതിന്റെ ബഹുമാനത്തിലാ ഇന്നെ വിളിച്ചേക്കണത്.."
"ന്നാ ശെരി.. ഇങ്ങളു നിക്കറിട്ടോ.. കല്ലു കൊണ്ടോണ്ടാ.. " എന്നും പറഞ്ഞ് ജബ്ബാറിന്റെ കയ്യിലിരുന്ന കല്ലുകെട്ടിയ കിഴി തട്ടിപ്പറിച്ചു വാങ്ങി... അലമാരയിലേക്കിട്ടു..
ആ ഗ്യാപ്പിനു സൂറ കാണാതെ മേശപ്പുറത്തിരുന്നിരുന്ന നഖംവെട്ടിയെടുത്ത് അതിലെ കത്തി നിവര്‍ത്തി തന്റെ മീശയുടെ ഒരു രോമം ചെത്തി മൂര്‍ച്ച ഉറപ്പു വരുത്തി പെട്ടെന്നു തന്നെ അരയില്‍ താഴ്ത്തി.. ഒരു ധൈര്യത്തിനിതിരിക്കട്ടെ എന്നു മനസ്സില്‍ പറയുകയും ചെയ്തു.. കല്ലൊളിപ്പിച്ച് കഴിഞ്ഞ് സൂറ തിരിഞ്ഞു..
"ന്റെ മന്‍ഷ്യാ ഒരു കാര്യം പറയാം.. ഈ കെട്ട്യോനും കെട്ട്യോളും തമ്മിലുള്ള തല്ലെല്ലാം കൂടുന്നത് സ്വന്തക്കാരു എടപെടുമ്പഴാണു.."
"അതു അനക്കെങ്ങനെ അറിയാം..?"
"ഹും.. അതൊക്കെ ഇക്കറിയാം.. ഞാനേ ഈ സീരിയലുകളു മുഴുമേനും കാണണത് വെര്‍തെയല്ല.. ഇങ്ങളീ കാര്യത്തില്‍ ഞാന്‍ പറയണ പോലെ ചെയ്യോ..?"
"അതെന്തൂട്ടാടീ...? പെണ്‍ ബുദ്ധി പിന്‍ബുദ്ധീന്നാ പറയാറു.. ന്നാലും ഇന്റെ മുത്തൊരു കാര്യം ചോയ്ചതല്ലേ.. പറ കേള്‍ക്കട്ടെ.."
ഇതു കേട്ടപ്പോള്‍ സൂറാക്കുഷാറു കൂടി.. തന്റെ മനോഹരമായ കണ്ണുകള്‍ വിടര്‍ത്തി ജബ്ബാറിന്റെ അടുത്ത് വന്ന് കാര്യ ഗൗരവത്തോടേ പറഞ്ഞു..
"ഇങ്ങളിന്നൊരു കാര്യം ചെയ്യ്.. അവ്ടെ ചെന്നിട്ട് എല്ലാരും കൂടെ സംസാരിക്കുന്നതിനു മുന്നേ ചെക്കനും പെണ്ണും കൂടേ ഒറ്റക്ക് സംസാരിക്കട്ടെ എന്നു പറ.. എന്നിട്ടെന്താകുംന്നു നോക്കലോ..?"
ആഹാ.. ഇവളു കൊള്ളാലോ.. ന്നാലും ഇന്റെ സൂറാന്നു പറഞ്ഞ് കെട്ടിപ്പിടീക്കാന്‍ പോയപ്പഴേക്കും ജബ്ബാറ് കണ്ട്രോള്‍ ചെയ്തു.. ഇവളീപറഞ്ഞതിനു വെല്യ വില കൊടുക്കെണ്ട.. കൊടുത്താല്‍ പിന്നെ അഹങ്കാരം കൂടി ഇന്റെ തലേ കേറിയിരിക്കും..
"ആഹ്... ഇതാണാ അന്റെ വെല്യ ആഗോള ബുദ്ധി.. നോക്കട്ടെ.." എന്നും പറഞ്ഞ് ഒരു പുച്ചം കലര്‍ത്തി വീട്ടീന്നെറങ്ങി.. കോലായില്‍ ചാരി വെച്ചിരുന്ന തന്റെ പഴേ സൈക്കിളെടുത്ത് ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞ് ആഞ്ഞു ചവിട്ടി ഗെയ്റ്റ് കടന്നു പോയി..
വീട്ടുകാരെല്ലാവരും കൂടെ സംസാരിച്ച് കൊളമായി ഒരു മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടും എന്ന മട്ടില്‍ നിക്കുമ്പഴാണ് യുനൈറ്റെഡ് നാഷന്‍ പ്രതിനിധി പോലെ ജബ്ബാറിന്റെ അരങ്ങേറ്റം നടന്നത്. വന്ന പാടെ അരയില്‍ നിന്നും നഖംവെട്ടിയെടുത്ത് ഹാളില്‍ കിടന്നിരുന്ന ടീപ്പോയിലേക്കിട്ടു തലയുയര്‍ത്തി മീശ പിരിച്ച് നെഞ്ചു വിരിച്ച് എല്ലാവരേയുമൊന്നു നോക്കി..
(തുടരും)

യോഗയും യോഗവും

"ഞാനില്ലാണ്ടായാ അനക്കത് സഹിക്കാന്‍ കയ്യോ ന്റെ സൂറാ...??" ഓഫീസില്‍ നിന്നും വന്നു കയറിയ പാടേ പതിവു കൊഞ്ചലും കുറുകലുമില്ലാതെ ജബ്ബാറിന്റെ ചോദ്യം കേട്ട് സൂറയൊന്നു പകച്ചു..
"ഇങ്ങളെന്തു പിരാന്താ മന്‍ഷ്യാ ഈ പറയുന്നത്..? ഇമ്മാതിരി ചങ്കീ കുത്തണ വര്‍ത്താനൊന്നും പറയല്ലിന്റെ പൊന്നേ..."
വന്ന സ്പീഡില്‍ തന്നെ അടുക്കളയില്‍ പോയി ഒരു കവറെടുത്ത് കൊണ്ട് വന്ന് ഫ്രിഡ്ജിന്റെ‍ ഡോര്‍ തുറന്ന് ജബ്ബാര്‍ മറുപടി പറഞ്ഞു "ന്റെ സൂറാ.. ഞാന്‍ കാര്യത്തില്‍ ചോയ്ച്ചതാണ്ടീ.. ഇന്ന് ഇക്കൊരു നെഞ്ചു വേദന വന്നു.. സഹിക്കാന്‍ പറ്റാണ്ടായപ്പ ഡോക്ടറെ കാണാന്‍ പോയി ചെക്കപ്പ് ചെയ്തു."
സൂറാന്റെ നെഞ്ചൊന്നു കത്തി. ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് ഓടി വന്ന് ജബ്ബാറിന്റെ നെഞ്ചു തടവാന്‍ തുടങ്ങി.. കൂട്ടത്തില്‍ രണ്ടു മൂന്നു തുള്ളി കണ്ണീര്‍ തറയിലിറ്റിക്കാനും സൂറ മറന്നില്ല.
"ന്റെ റബ്ബേ.. നെഞ്ചു വേദനാന്നു പറയുമ്പ ഹാര്‍ട്ടറ്റാക്കല്ലേ മന്‍ഷ്യാ..? ന്നിട്ട് ഇങ്ങക്കൊന്നും പറ്റീലേ..? ഇങ്ങക്കിപ്പ കൊഴപ്പം വല്ലതുംണ്ടാ..?"
"കൊഴപ്പൊന്നൂല്യ, ഗ്യാസിന്റാണെന്നാ ഡോക്ടറു പറഞ്ഞത്.. പക്ഷേ കൊളാസ്ട്രോളു കൂടുതലാ.. "
"ഹും ഇങ്ങക്കങ്ങനെ തന്നെ വേണം മന്‍ഷ്യാ.. കാലത്തെന്നെ ഞാന്‍ കഷ്ടപ്പെട്ട് ഓരോന്നും ഇണ്ടാക്കി വെച്ചാലും നേരം വൈകീന്നും പറഞ്ഞ് കയിക്കാണ്ട് ഓടീട്ടല്ലേ..? ഒരു ഗ്യാസും കൊണ്ട് വന്നേക്കുന്നു"
മുഖം കോട്ടി ജബ്ബാറിന്റെ നെഞ്ചത്ത് നിന്നും അഞ്ചാറു രോമം പറിച്ചെടുത്ത് സൂറ പരിഭവം തീര്‍ത്തു.. '
"ഹും.. അതെന്താ ഗ്യാസാണേന്നു പറഞ്ഞപ്പോ അനക്കൊരു നിരാശ..?"
ഫ്രീസറില്‍ ഉള്ള ഇറച്ചിയും മുട്ടയുമെല്ലാം കയ്യിലിരുന്ന കവറിന്നുള്ളിലേക്ക് എടുത്തിടുന്നതിനിടയില്‍ ജബ്ബാര്‍ ചോദിച്ചു..
"ഇങ്ങളൊന്നു മിണ്ടാണ്ടിരിക്ക്ണുണ്ടാ.. ഇങ്ങനെ തിന്നാണ്ടും കുടീക്കാണ്ടും നടന്നിട്ട് ഇങ്ങടെ വയറു ഗ്യാസും കുറ്റിയാക്കാന്നു വല്ല നേര്‍ച്ച നേര്‍ന്നിട്ടുണ്ടോ..?"
ജബ്ബാറതൊന്നും ശ്രദ്ധിക്കാതെ താന്‍ ചെയ്തു കൊണ്ടിരുന്ന പണിയില്‍ തന്നെ വ്യാപൃതനായി...
"അല്ല, ഇങ്ങട്ട് നോക്ക് മന്‍ഷ്യാ.. ഇങ്ങളീതൊക്കെ ഫ്രിഡ്ജീന്നെടുത്ത് എങ്ങട്ട് കൊണ്ടോവാ..??"
"ഡീ ബലാലേ.. എറച്ചീം മൊട്ടേം തൊട്ടു പോകരുതെന്നാ ഡോക്ടറു പറഞ്ഞേക്കുന്നത്.. ഇതൊക്കെ തിന്ന് തിന്ന് തടി കൂടീട്ടാണാത്രെ. തടി കൊറഞ്ഞാ കൊളാസ്ടോളു കൊറയുംന്നാ ഡോക്ടറു പറഞ്ഞത്. അതു കൊണ്ട് ഇന്നു മുതല്‍ ഈ വീട്ടില്‍ പച്ചക്കറി മാത്രം ഇണ്ടാക്കിയാ മതി.."
ഈ പ്രഖ്യാപനം കേട്ട് സൂറയുടേ സപ്ത നാഡികളും സ്തംഭിച്ചു.. പകച്ച് കണ്ണും തുറിച്ച് വായും തുറന്ന് ഒരു നിമിഷം ശ്വാസം കിട്ടാതായ സൂറ പെട്ടെന്നു തന്നെ പോയ ബോധം വീണ്ടെടുത്ത് നേരെ ജബ്ബാറിന്റെ കയ്യില്‍ ഇരുന്നിരുന്ന കവറില്‍ ചാടി പിടിച്ച് വലിച്ച് ഒരു വമ്പന്‍ ചോദ്യം ജബ്ബാറിനു നേരെ തൊടുത്തു വിട്ടു..
"അയ്നു ഞാനും മക്കളും എര്‍ച്ചീം മൊട്ടേം തിന്നാല്‍ ഇങ്ങക്കെങ്ങനാ മന്‍ഷ്യാ കൊളാസ്ട്റോളു കൂടുന്നത്.." തികച്ചും ന്യായമായ ചോദ്യം തന്നെ.. പക്ഷേ ജബ്ബാറത് സമ്മതിച്ചു വിട്ടു കൊടുക്കാന്‍ തയ്യാറായില്ല...
"ആ.. അതു കൂടും.. അങ്ങനിപ്പോ ഞാന്‍ തിന്നാണ്ട് നിങ്ങളു മാത്രം തിന്നു സുഖിക്കെണ്ട.. ഞാന്‍ സമ്മയ്ക്കൂല.."
"ഇങ്ങളു തിന്നാണ്ടിരുന്നാ പോരേ..? ഇക്ക് എര്‍ച്ചീം മീനുമൊന്നുമില്ലാണ്ട് ചോറെറങ്ങൂലാന്നു ഇങ്ങക്കറിയുന്നതല്ലേ.. അല്ലെങ്കിലും ഇങ്ങക്ക് ഇങ്ങടെ കാരം മാത്രല്ലേ ചിന്തയൊള്ളു.. ഇക്കറ്യാം.. ഇങ്ങക്കിന്നോടൊട്ടും ഇഷ്ടല്ല്യ.." സൂറ പിണങ്ങി മുഖം തിരിഞ്ഞ് നഖം കടിക്കാന്‍ തുടങ്ങി
"ന്റെ മുത്തേ സൂറാ.. ഇജ്ജിങ്ങട്ടൊന്നു നോക്ക്യേ.. ഇതൊക്കെ ഇണ്ടാക്കി മേശപ്പൊറത്ത് നെരത്തി വെച്ചേകണത് കണ്ടാ ഇക്ക് സഹിക്കാന്‍ പറ്റോ..? അതു മാത്രമല്ല, ഇക്ക് തിന്നാന്‍ പാടില്ലാത്ത സാധനം കിട്ട്യാ അനക്കത് സന്തോഷത്തോടെ കഴിക്കാന്‍ പ്റ്റോ ന്റെ മുത്തേ..?"
ഈ ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങില്‍ സൂറാന്റെ നെഞ്ചു പൊട്ടിപ്പോയി.. പിന്നെ ഒരു നിമിഷം പോലും അമാന്തിക്കാതെ സൂറായും പ്രഖ്യാപിച്ചു.. ഇന്നു മുതല്‍ ഈ വീട്ടില്‍ ഇറച്ചിയും മുട്ടയുമില്ല.. ജീവിതത്തില്‍ എന്തൊക്കെ സഹിക്കുന്നു.. പിന്നാ ഈ ഇറച്ചീം മൊട്ടേം ഇല്ലാത്ത ജീവിതം..
പ്രഖ്യാപനമെല്ലാം കഴിഞ്ഞു ആദ്യ രണ്ട് ദിവസം കുഴപ്പോന്നുമില്ലാതെ പോയി. പക്ഷേ അപ്പോഴേക്കും സൂറ ആകെ ഞെളിപിരി കൊള്ളാന്‍ തുടങ്ങി.. പച്ചക്കറി മാത്രം തിന്നു തിന്നു ആകെ ബേജാറിലായ സൂറാന്റെ കയ്യും കാലുമൊക്കെ തരിക്കാന്‍ തുടങ്ങി. ജബ്ബാറാണേങ്കില്‍ പേടിച്ചിട്ട് മീന്‍ പോലും വീട്ടില്‍ കയറ്റുന്നില്ല.. ചുരുക്കം പറഞ്ഞാല്‍ കുടി നിര്‍ത്തിയ കള്ളുകുടിയനെ പോലെയായി സൂറാന്റെ കാര്യം. അന്നു വൈകുന്നേരം ജോലികഴിഞ്ഞെത്തിയ ജബ്ബാര്‍ കാണുന്നത് റൂമില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന സൂറാനെയാണു.. നടക്കുമ്പോള്‍ കാലി തട്ടിയ കസേരയെയും മേശയേയുമെല്ലാം ചീത്ത വിളിക്കുന്നുണ്ട്..
"അല്ല മന്‍ഷ്യാ.. ഇങ്ങളോടാരാ പറഞ്ഞേ എറച്ചീം മുട്ടേമെല്ലാം തിന്നാ തടി വെക്കും എന്നു..??"
ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള സൂറാന്റെ ചോദ്യം കേട്ട് ജബ്ബാറിന്റെ കണ്ണു തുറിച്ചു..
"ഏഹ്.. ഇപ്പൊ ഇങ്ങനായാ...? അനക്കെന്തിന്റെ കേടാ..?"
"അല്ല മന്‍ഷ്യാ ഇക്കൊരും സംശയം.. ഇങ്ങളു വെല്യ ഡിസ്കവറി ചാനലിന്റെ ആളല്ലേ..?"
എന്തോ പൊട്ടത്തരമായിരിക്കും ചോദിക്കാന്‍ പോണ്ടത് എന്നുറപ്പിച്ച് അതു അത് ബ്ലോക്ക് ചെയ്യാന്‍ തയ്യാറായി ജബ്ബാര്‍
"വല്ല പൊട്ടത്തരം ആണേങ്കില്‍ ചോയ്ക്കെണ്ടാട്ടാ.. ഇക്കിപ്പോ അന്റെ മാഞാളം കാണാനുള്ള മൂഡില്ല.."
"എന്നാ പോ.. ഞാന്‍ ചോയ്ക്കണില്ല..!!" സൂറ പിണങ്ങി പിന്നേ ദേഷ്യം കസേരയോട് തീര്‍ത്തു...
"ഹെന്റെ റബ്ബേ.. എന്തു പണ്ടാറാണേങ്കിലും ഇയ്യ് ചോദിക്കെന്റെ സൂറാ.. ഇയ്യിങ്ങനെ ബേജാറാവല്ലെ.."
"ഉം.. അങ്ങനെ വഴിക്കു വാ.. ഞാന്‍ ചോയ്ക്കട്ടെ.. ഇക്ക് ബുദ്ധീണ്ടാ ഇല്ലേന്ന് ഈ ചോദ്യത്തില്‍ ഇങ്ങക്ക് മന്‍സിലാകും.."
സൂറാന്റെ കോണ്‍ഫിഡന്‍സ് കണ്ടപ്പോ ജബ്ബാറിനും ഉഷാറായി.. എന്തു ചോദ്യമായാലും അതു നേരിടാന്‍ തയ്യാറായി നെഞ്ചും വിരിച്ച് നിന്നു..
"ഉം സമ്മയ്ച്ചു... ഇയ്യ് ചോദിക്ക്.."
"ന്റെ മന്‍ഷ്യാ.. ഈ എലേം പുല്ലും മാത്രം തിന്നണ ആനേം ഹിപ്പോ പൊട്ടാമസും എല്ലാം തടിച്ച് കൊഴുത്തിരിക്കണതും.. ഇറച്ചി മാത്രം തിന്നണ സിംഹോം പുലീം കടുവേമെല്ലാം മെലിഞ്ഞ് നല്ല ജിമ്മായിട്ടിരിക്കണതും എന്തു കൊണ്ടാ..?"
സൂറാന്റെ ചോദ്യം കേട്ട് കൊറച്ച് നേരം ജബ്ബാറിന്റെ ശ്വാസം നിന്നു പോയി.. ഉത്തരം കിട്ടാതെ നാക്ക് വായീന്നെറങ്ങി ഓടി ഗേറ്റ് കടന്നു.. എന്തു പറയണമെന്നറിയാതെ അന്തിച്ച് കുന്തം പോലെ നിക്കുന്ന ജബ്ബാറിന്റെ മുന്നില്‍ റിലീസ് പടത്തിനു ആദ്യത്തെ ഷോയുടെ ആദ്യത്തെ ടികറ്റ് കിട്ടിയ ആളേ പോലെ അഭിമാനം സ്ഫുരിക്കുന്ന കണ്ണുകളോടേ സൂറ ജബ്ബാറിന്റെ നോക്കി.
"ഏഹ്.. എന്താ മന്‍ഷ്യാ.. ഇങ്ങക്ക് ഉത്തരം തരാന്‍ കയ്യിണില്ലേ..? ഇങ്ങടെ നാക്കെറെങ്ങി പോയാ..?"
ഓടിപോയി തിരിച്ച് വന്ന നാക്കെടുത്ത് വായിലേക്കിട്ട് ജബ്ബാര്‍ ഒന്നു ഉരുണ്ട് മറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു.. ഓളേ സമ്മയ്ച്ചു കൊടുത്തില്ലെല്‍ ഓളിനി തലേക്കേറി സൂംബാ ഡാന്‍സ് തുടങ്ങും
"ന്റെ സൂറാ.. അനക്ക് ബുദ്ധീല്ലാന്നാരാണ്ടീ ബലാലേ പറഞ്ഞത്..? അന്റെ കാലു പിടിക്കാം ഞാന്‍, ഇനി മേലില്‍ ഇമ്മാതിരി സംശയോ കൊണ്ട് വന്നേക്കരുത്..."
"അല്ല മന്‍ഷ്യാ.. ന്നാലും ഈ ആനേം പുലീം സിംഹോം.."
"ന്റെ റബ്ബേ.. പ്ലീസ്..!! വന്നു കെടന്നൊറങ്ങെടീ പോത്തേ.. അന്റെ ഹലാക്കിലെ ആനേം പുലീം മണ്ണാങ്കട്ടേം.."
അന്നു രാത്രി ഏകദേശം ഒരു രണ്ടു മണി കഴിഞ്ഞപ്പോള്‍ ഉറങ്ങാതെ എന്തൊക്കയോ ആലോചിച്ച് തിരിഞ്ഞു മറിഞ്ഞും കിടന്നിരുന്ന സൂറ ബെഡില്‍ നിന്നും ചാടിയെഴുന്നേറ്റു ജബ്ബാറീന്റെ മീശ പിടിച്ച് വലിച്ച് വയറ്റത്തൊരു കുത്തും കൊടുത്തു.. ഇല്ലെങ്കില്‍ ഭൂമി കുലുങ്ങിയാലും മൂപ്പരൊറക്കത്തീന്നെണീക്കൂല
"കിട്ടി.. കിട്ടി.. ന്റെ മന്‍ഷ്യാ. ഇങ്ങളൊന്നെണീറ്റേ.. ഇക്കൊരു ഐഡിയ കിട്ടി.."
അപ്രതീക്ഷിതമായ ആക്രമണം താങ്ങാനാകാതെ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ ജബ്ബാര്‍ പല്ലു കടിച്ച് അടുത്ത ആക്രമണം ബ്ലോക്ക് ചെയ്യാനുള്ള പൊസിഷനില്‍ കയ് രണ്ടും നെഞ്ചിനും വയറിനുമിടയില്‍ ക്രോസ് ചെയ്ത് വെച്ച് മുന്നോട്ടാഞ്ഞ് സൂറാനെ നോക്കി മുരണ്ടു..
"അന്റെ വെല്ലിപ്പാന്റെ ഐഡിയ.. സത്യായിട്ടും അന്നെ ഞാനിന്നു കൊല്ലും.. അന്റെ ഒടുക്കത്തെ ഐഡിയ.. ഇന്നെ എടങ്ങേറാക്കാനാ..??"
ഐഡിയ കേട്ടില്ലെങ്കില്‍ ബാക്കിയുള്ള ഉറക്കവും കൂടെ കയ്യാലപ്പൊറത്താകും എന്നുറപ്പാ.. എന്തെങ്കിലും പറയണം എന്നു വിചാരിച്ചാ പിന്നെ ഓളു വിടൂല..
"എന്താന്നറിയോ..? ഇക്കിപ്പഴാ ഒരു കാര്യം ഓര്‍മ്മ വന്നത്.. പണ്ട് ടീവീ കണ്ടതാ.. യോഗ ചെയ്താല്‍ കൊളാസ്ട്റോളും പോകും ഹാര്‍ട്ടറ്റാക്കും വരൂലാന്നു.. ഇങ്ങളു നാളേ മുതല്‍ യോഗ ചെയ്തു തൊടങ്ങിക്കോ..."
ഇപ്രാവശ്യം ശെരിക്കും കണ്ണു നിറഞ്ഞത് ജബ്ബാറിനായിരുന്നു..
"ന്റെ റബ്ബേ.. ഇന്റൊരു യോഗം.. അന്നെ കെട്ടീന്നല്ലാണ്ട് വേറെന്തു തെറ്റാണ്ടീ ഞാന്‍ ചെയ്തത് ന്റെ സൂറാ.. അന്റെ മൂത്താപ്പ വരോടീ ന്നെ യോഗ പഠിപ്പിക്കാന്‍..?"
"ഒന്നു പോ മന്‍ഷ്യാ.. ആനക്കാര്യത്തിന്റെടേലാ ഇങ്ങടെ ചേനക്കാര്യം.. ഇന്റെ വീടിന്റടുത്ത് ഒരു യോഗേന്റെ ആളുണ്ട്.. ഞാന്‍ പണ്ട് ഉസ്കൂളിലൊക്കെ പോകുമ്പോ അയ്യാളു വീടിന്റെ പൊറത്തു തല കുത്തി നിക്കണതും സര്‍ക്കസ് കാണിക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്.. അയാളും എര്‍ച്ചീം മീനും ഒന്നും കഴിക്കാണ്ട് പച്ചക്കറി മാത്രം തിന്ന് യോഗ ചെയ്യണ ആളാ.. കൊറേ ആള്‍ക്കാരെ പഠിപ്പിക്കുന്നും ഇണ്ട്.."
"ഇപ്പ തന്നെ അയാള്‍ടെ വീട്ടീ പോയി യോഗ പഠിക്കണോ ന്റെ സൂറാ.. നാളേ കാലത്ത് പോരേ...?"
"തമാശ പറയാതെ മന്‍ഷ്യാ.. ഞാന്‍ കാര്യായിട്ടാ.."
"നാളേ കാലത്ത് തന്നെ നമുക്കയാള്‍ടെ വീട്ടീ പോയി യോഗ പഠിക്കാം.. സമാധാനായില്ലെ.. ഇനി ഇയ്യ് കെടന്നൊറങ്ങ്.."
തന്റെ ഐഡിയ ജബ്ബാര്‍ സ്വീകരിച്ച സന്തോഴത്തില്‍ സൂറയും ഇനി ശല്യമുണ്ടാകില്ലല്ലോ എന്ന സമാധാനത്തില്‍ ജബ്ബാറും ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് കാലത്ത് ഉടുത്തൊരുങ്ങി വന്ന് പോകാം എന്നു പറഞ്ഞപ്പോഴാണു സൂറ ഇത്രക്കും സീരിയസ് ആയിരുന്നു എന്നു ജബ്ബാറിനു മനസ്സിലായത്.. രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാത്തത് കൊണ്ടും അങ്ങനെയെങ്കിലും ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതു മിസ്സാക്കെണ്ട എന്ന തീരുമാനത്തിന്റെയും ഫലമായി ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞ് സൂറാനേയും കൂട്ടി കാറെടുത്തെറങ്ങി.. യോഗാ ഗുരുവിന്റെ വീടിനെടുത്തെത്തിയപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല.. മതിലിന്റെ സൈഡിലും വീടിനെ കോമ്പൗണ്ടിലുമെല്ലാം കൊറേ കാറുകളും ആള്‍ക്കാരുമെല്ലാം ഉണ്ട്..
അതു കണ്ടപ്പോള്‍ പച്ചപ്പാതിരാക്കാണേങ്കിലും സൂറാ പറഞ്ഞ ഐഡിയ കൊള്ളാലോ.. എന്തായാലും ഇത്രേം തെരക്കാണേങ്കില്‍ ആളു വെല്യ ആള്‍ തന്നെ..
"ന്റെ സൂറാ.. ഇയ്യിന്നലെ പറഞ്ഞപ്പോ ഇയാളിത്രേം വെല്യ ആളാണെന്ന് വിചാരിച്ചില്ലാട്ടാ.. ഇയാളേ കാണാന്‍ ഇത്രേം നേരത്തെ തന്നെ എന്തോരം ആള്‍ക്കാരാ.."
താന്‍ പറഞ്ഞത് ഇത്രയും കാര്യായിട്ട് സമ്മതിച്ച പുയ്യാപ്ലേന്റെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കി അഹങ്കാരത്തോടെ തലയിലെ തട്ടമൊന്നൂടെ വലിച്ചു നേരെയിട്ട് സന്തോഷം തിളങ്ങുന്ന മുഖത്തോടെ പറഞ്ഞു
"ഹും ഇപ്പം മനസ്സിലായാ ഈ സൂറ ആരാണേന്നു..? അല്ലെങ്കിലും ഞാന്‍ വെറും മൂന്നാം ക്ലാസല്ലേ.. ഇങ്ങളു വെല്യ പഠിപ്പിന്റെ ആളായത് കൊണ്ട് ഞാന്‍ പറയണാതൊക്കെ ഇങ്ങളു കേക്കോ..?"
"അങ്ങനല്ലിന്റെ മുത്തേ.. അന്നോടുള്ളാ മുഹബ്ബത്ത് കൊണ്ടല്ലേ ന്റെ സൂറാ.. ഇയ്യൊരു കാര്യം ചെയ്യ്.. തെരക്കായത് കൊണ്ട് അവിടെ വല്ല ടോക്കണൊക്കെ കൊടുക്കുന്നുണ്ടാകും.. ഞാന്‍ പോയി വണ്ടി പാര്‍ക്ക് ചെയ്തു വരാം.. ഇയ്യ് പോയി ടോക്കണേടുക്ക്.."
കുറേ നോക്കിയിട്ടും പാര്‍ക്ക് ചെയ്യാന്‍ സൗകര്യം കിട്ടാതെ തിരിച്ച് വരുമ്പോ കണ്ടു ഗേറ്റ് കടന്ന് പോയതിലും സ്പീഡില്‍ തിരിച്ച് വരുന്ന സൂറ.. എന്തു പറ്റി, ടോക്കണ്‍ കിട്ടിയില്ലേ എന്ന ചോദ്യത്തിനു മറുപടിയൊന്നും പറയാതെ ചാടി വണ്ടീ കേറിയിരുന്ന് സൂറ പറഞ്ഞു..
"ഇങ്ങളു വണ്ടി വിട്ടോ മനുഷ്യാ.. യോഗയും വേണ്ടാ ഒരു കുന്തവും വേണ്ട.."
"എന്തു പറ്റി സൂറാ.. അയാളു നിന്നെ വല്ലതും പറഞ്ഞാ... എന്നാലാ ഹമുക്കിന്റെ മയ്യത്ത് ഞാനെടുക്കും.." ജബ്ബാര്‍ വണ്ടി ബ്രേക്ക് ചെയ്തു..
"ന്റെ മന്‍ഷ്യാ.. അതൊന്നുമല്ല കാര്യം.."
"പിന്നെന്താണ്ടീ ഹമുക്കേ കാര്യം.."
"ന്റെ മന്‍ഷ്യാ.. അയാള്‍ക്കു രണ്ടൂസം മുന്നു അറ്റാക്ക് വന്ന് ആസ്പത്രീ കൊണ്ടോയി ഓപ്പറേഷന്‍ കഴിഞ്ഞ് കൊണ്ട് വന്നതേയൊള്ളു.. അതു കേട്ടറിഞ്ഞ് വന്ന സ്വന്തക്കാരാ ആ നിക്കണത് മുഴുവനും.. രക്ഷപ്പെടാന്‍ ചാന്‍സൊന്നുമില്ല.. മൂന്നു കൊഴലു ബ്ലോക്കായിരുന്നത്രെ..!!"
ഇതും പറഞ്ഞ് ചമ്മിയ മുഖത്തോടെ തല തിരിച്ച് ഇരിക്കുന്ന സൂറാനെ നോക്കി വന്ന ചിരി കടിച്ചമര്‍ത്തി ജബ്ബാര്‍ വിട്ട് ആക്സിലറേറ്ററില്‍ ചവിട്ടി.. അന്നു വൈകുന്നേരം വീട്ടിലെ ഫ്രിഡ്ജില്‍ ഇറച്ചിയും മുട്ടയും മീനുമെല്ലാം വീണ്ടും നിറഞ്ഞു.. സൂറാന്റെ മുഖത്ത് തെളിഞ്ഞ പതിനാലാം രാവ് കണ്ടപ്പോള്‍ ജബ്ബാറിന്റെ മനസ്സും..!!

നൊസ്റ്റാള്‍ജിക്‍ സ്വപ്നം

നല്ല ഉശിരന്‍ ഒരു സ്വപ്നം കണ്ടു...
ഇരുപതു കൊല്ലങ്ങൾക്കു മുന്നത്തെ പ്രീഡിഗ്രീ ക്ലാസ് അതേ പടി.. ഞാനിരുന്നിരുന്ന മൂന്നാമത്തെ വരി.. തൊട്ടു മുന്നില്‍ ഇരുന്നിരുന്ന പഠിപ്പിസ്റ്റുകള്‍.. പിന്നില്‍ ഇരുന്നിരുന്ന അലമ്പന്മാര്‍ wink emoticon
ഫസ്റ്റ് ഇയര്‍ അനുഭവിച്ച റാഗിംഗ്.. പേടിച്ച് വിറച്ച് കോളേജ് വിടുന്നതിനു മുന്നേ ചാടി അടുത്ത ബസ്റ്റോപ്പ് വരെ നടന്നു അവിടുന്നു ബസ് കയറിയിരുന്ന നാളുകള്‍..
കോളേജിലെ സമരം..
സമര ദിവസങ്ങള്‍ ഞങ്ങള്‍ക്കെന്നും പ്രിപ്പെട്ടതായിരുന്നു.. കാരണം തിരക്കുള്ള ബസ് റൂട്ടല്ലാത്തത് കൊണ്ട് വല്ലപ്പൊഴും മാത്രം വരുന്ന ബസ്സുകള്‍ കാത്ത് മണിക്കൂറുകളോളം ചൂള മരത്തിന്നടിയില്‍ മറ്റു ഗ്രൂപ്പുകളിലെ സെയിം ബാച്ച് പെണ്‍കുട്ടികളുമായിരുന്ന് കഥ പറയാം.. തീര്‍ച്ചയായും എന്നും കാണുന്ന സ്വന്തം ക്ലാസിലെ പെണ്‍കുട്ടികളേക്കാള്‍ ഇഷ്ടം വല്ലപ്പോഴും മാത്രം ഫ്രീ ആയി സംസാരിക്കാന്‍ കിട്ടുന്ന അടുത്ത ക്ലാസിലെ പെണ്‍കുട്ടികളോടായിരുന്നു..
അറബിക് ക്ലാസ്..
ചൂള മരങ്ങള്‍..
പരീക്ഷാ സമയത്ത് പരീക്ഷാ ഹാള്‍ ആക്കുന്നത് കൊണ്ടും, ലൈബ്ബ്രഡി കാര്‍ഡ് നിര്‍ബന്ധമായിരുന്നത് കൊണ്ട് അതെടുക്കാനും മാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം കയറിയിരുന്ന ലൈബ്രറി..
കോള്‍റ്ജിന്റെ ഓപ്പോസിറ്റുള്ള മാഷിന്റെ ബുക്ക് സ്റ്റോര്‍..
എസ്സെന്‍ പുരത്ത് നിന്നും കോളേജിലേക്കുള്ള ആ താടി വെച്ച് വെളുത്ത ചേട്ടന്റെ ട്രക്കറില്‍ തിക്കി തിരക്കി ശ്വാസം മുട്ടിയുള്ള യാത്ര..
കോളേജ് ടൂറെന്നും പറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഞങ്ങള്‍ കൂട്ടുകാരു മാത്രം പോയ ഊട്ടി യാത്ര..
ഫിസിക്സ് പ്രാക്റ്റിക്കലും കെമിസ്ടി പ്രാക്റ്റിക്കലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉച്ചക്കായത് ഉര്‍‌വശീ ശാപം ഉപകാരമായി എന്നു പറഞ്ഞ പോലേ ആയിരുന്നു എനിക്ക്.. ബയോളജി പഠിക്കാന്‍ മെന്റലി പ്രിപ്പെയേര്‍ഡ് ആയിരുന്നത് കൊണ്ട് ആ വിഷയങ്ങള്‍ വലിയ തൊന്തരവൊന്നും ഉണ്ടാക്കിയില്ല. പക്ഷേ.., ഡോക്ടറാകാന്‍ ബയോളജി മാത്രം പോരാതെ ഫിസിക്സും കെമിസ്ട്രിയും കൂടെ പഠിക്കണം എന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടല്‍ മൂലം, ഈ രണ്ടു വിഷയങ്ങളോടും എനിക്ക് അലര്‍ജിയായിരുന്നു. അതു കൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ ലാബില്‍ കയറാതെ നേരെ കൊടുങ്ങല്ലൂര്‍ക്ക് ബസ് കയറും.. മുഗളിലും മിനി മുഗളിലും നോബിളിലും ശ്രീകാളീശ്വരിയിലും എസ്സെനിലും റിലീസ് പടങ്ങളുണ്ടായിരുന്നത് കൊണ്ട് ആ ഉച്ചകള്‍ ഉഷാറാക്കി.. ശില്പി എന്ന തീയേറ്ററിന്റെ പേരു പറയുന്നത് പോലും അന്ന് പ്രശ്നമായിരുന്നത് കൊണ്ട് ആ തീയേറ്ററിന്റെ പരിസരത്തേക്ക് പോകാറില്ല.. നാട്ടിലുള്ള സകല കാര്‍ന്നോന്മാരും ഉണ്ടാകും അവിടെ ടികറ്റെടുക്കാന്‍.. wink emoticon
ആദ്യ ദിവസം കോളേജില്‍ പോയപ്പോഴുണ്ടായിരുന്ന മഴക്കാറു വന്നു തണുത്ത കടല്‍ക്കാറ്റടിക്കുന്ന ആ മൂടീക്കെട്ടിയ അന്തരീക്ഷം... കോളേജിന്റെ ഒന്നാം നിലയില്‍ ആ തണുപ്പിലും ഇരുട്ടിലും ആരംഭിച്ച ആദ്യ ദിവസത്തെ ക്ലാസ്.. തിങ്കളാഴ്ച്ച ഒന്നാമത്തെ പിരിയേഡ് റസിയ ടീച്ചറുടെ കെമിസ്ട്രി ക്ലാസ് ആയിരുന്നു എന്നാണേന്റെ ഓര്‍മ്മ.. അന്നു തുടങ്ങിയതാ തിരുമേനി കെമിസ്ട്രിയോടുള്ള ആ ഇറെവെറെന്‍സ്.. കാരണം ജനിപ്പിട്ടന്നു വരെ മുഴുവനും ഇംഗ്ലീഷായിട്ടു കണ്ട് പരിചയിച്ചിട്ടുള്ളത് ഇംഗ്ലീഷ് ടെക്സ്റ്റില്‍ മാത്രമായിരുന്നു.. മലയാളം മീഡിയത്തില്‍ നിന്നും പെട്ടെന്ന് എല്ലാം ഇംഗ്ലീഷിലേക്ക് മാറിയപ്പോഴുണ്ടായ ആ ഒരിതും, ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും വന്ന് ക്ലാസില്‍ അപാരമായി പെര്‍ഫോം ചെയ്യുന്നവരുടെ മുന്നില്‍ എന്തെങ്കിലും പറഞ്ഞാല്‍ തെറ്റിപോകുമോ എന്ന ചമ്മലും പേടിയുമായിരുന്നു എനിക്ക് എല്ലാ ക്ലാസും കട്ട് ചെയ്യാനുള്ള പ്രേരണ നല്‍കിയിരുന്നത്.. പാവം ഞാന്‍..
ആദ്യ ആഴ്ചകളില്‍ ക്ലാസിലെ പെണ്‍ പിള്ളേരോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു നഴ്സറി മുതല്‍ കൂടെ പഠിച്ചിരുന്ന സരിതയോടൊഴിച്ച്.. കാരണം വേറൊന്നുമല്ല.. എങ്ങാനും അവറ്റകള്‍ ഇംഗ്ലീഷ് മീഡിയം ആണെങ്കില്‍ പിന്നെ നമ്മളു നിന്നു ബബ്ബബ്ബബ്ബാ.. ജബാ ജബാ അടിക്കേണ്ടി വരും.. അതില്‍ പരം നാണക്കേട് വേറെന്താ ഉള്ളത്..
എന്നിട്ടും ഞാന്‍ എം ബി ബി എസ് എന്റ്രന്‍സ് എഴുതി.. അതു ഓരോ ചോദ്യ നമ്പറുകളുടെയും താഴെ എ ബി സി ഡി ഇ എന്നുള്ള അഞ്ച് ഓപ്ഷനില്‍ ഒരെണ്ണം
ചുമ്മാ ഒരു പെന്‍സില്‍ വെച്ചു കറുപ്പിച്ചു വെച്ചാല്‍ മാത്രം മതി.. എസ്സേ എഴുതെണ്ട.. ഷോര്‍ട്ട് ആന്‍സര്‍ ക്വെസ്റ്റ്യന്‍സ് ഇല്ല.. ഒറ്റ വാക്കില്‍ ഉത്തരം എഴുതേണ്ട.. എന്നിട്ടും ഇത്രേം ഈസിയായിട്ടുള്ളാ ഈ പരിപാടി ചെയ്യാന്‍ ബാക്കിയുള്ളവര്‍ ഇത്ര മാത്രം പേടിക്കുന്നതെന്തിനാണെന്നും, ഒന്നും രണ്ടും കൊല്ലം കോച്ചിങ്ങിനു പോയി കഷ്ടപ്പെടുന്നതെന്തിനാണെന്നും ആയിരുന്നു എന്റ്രന്‍സ് ഈ ഷീറ്റ് കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത്.. ശാസ്ത്രം ജെയിച്ചു മനുഷ്യന്‍ തോറ്റു എന്നു പറഞ്ഞ പോലെ ഞാനും എന്റ്രന്‍സ് ജെയിച്ചു പക്ഷേ പ്രീഡിഗ്രീ തോറ്റു..
അങ്ങനെ ഓരോ സംഭവങ്ങളും സ്വപ്നത്തില്‍ മിന്നി മറഞ്ഞു.. രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത് വളരെ സന്തോഷത്തോടെയായിരൂന്നു.. കണ്ട സ്വപ്നം വ്യക്തമായി ഓര്‍ക്കുന്നു.. കൂടെയുണ്ടായിരുന്ന ഓരോരുത്തരേയും പേരു വിളിച്ച് സംസാരിച്ചത് ഓര്‍മയുണ്ട്.. മറവിയുടെ ഇരുള്‍ മൂടി കിടന്നിരുന്ന പല മുഖങ്ങളും സ്വപ്നത്തില്‍ തെളിഞ്ഞു വന്നു.. അവരിട്ടിരുന്ന ഉടുപ്പും ഷാളും കമ്മലും പാന്റും ഷൂസും എല്ലാം ഇപ്പഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു.. മുഖങ്ങളെല്ലാം വ്യക്തമായി മനസ്സില്‍ ഉണ്ടെങ്കിലും പേരുകള്‍ മാത്രം കിട്ടുന്നില്ല.. കുറച്ച് പേരുടെ ഒഴിച്ച്...
എന്റെ വിഷമം അതൊന്നും അല്ല.. frown emoticon ആണ്‍ പിള്ളേരു പോട്ടേ.. ആ പെണ്‍ പിള്ളേരുടെയെങ്കിലും പേരുകള്‍ കിട്ടിയിരുന്നെങ്കില്‍...!!

ഇതു മാത്രമാണ് പ്രണയം..

ആദ്യ പ്രണയം..
അതിനെ പറ്റി ഓര്‍ക്കാന്‍ തന്നെ ഒരു സുഖമാ.. പൊട്ടി പൊളിഞ്ഞു പാളീസായി ആവണക്കെണ്ണയില്‍ വീണ പഴന്തുണി പോലെ കൊയകൊയാന്നായ പ്രണയത്തിനെ പറ്റിയാണെങ്കില്‍ പറയേം വേണ്ട.. ഉസ്കൂളീ പഠിക്കുന്ന സമയത്താണു ഇളംകാറ്റില്‍ പറന്ന് വന്ന അപ്പൂപ്പന്‍ താടി പോലെ, എന്റെ ഇച്ചിരിക്കൊളം പോന്ന കുഞ്ഞു ഹൃദയത്തില്‍ ആ പ്രണയം വന്നു വീണത്.. ചുടെണ്ണയില്‍ വീണ കടുകിനെ പോലെ അതിങ്ങനെ മനസ്സില്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
സ്വപ്നങ്ങള്‍ കൊണ്ട് വെള്ളം കോരിയും.. കിനാവുകള്‍ വളമാക്കിയും ഒരു പട്ടിക്കും പൂച്ചക്കും ആടിനും പശൂനും കൊടുക്കാതെ അതിനെ വളര്‍ത്തി വലുതാക്കി.. ആരോടും പറയാതെ, എന്റെ മാത്രം സ്വകാര്യമാക്കി ഞാനത് മനസ്സില്‍ കൊണ്ട് നടന്നു. ആ നാളുകളില്‍ എന്റെ സകലമാന ചിന്തകളും സ്വപ്നങ്ങളൂം ആഗ്രഹങ്ങളും എന്നു വേണ്ട എന്റ ഉറക്കം വരെ എന്റെ പ്രണയിനി കട്ടെടുത്തു. അവള്‍ക്കു വേണ്ടി ആപത്തിലെ മിത്രമാകാനും ശക്തരില്‍ ശക്തരാകാനും കൊതിച്ചു.. ഒരു ശീമക്കൊന്നരയുടെ വടി വെട്ടി അതിന്റെ തുമ്പത്ത് നിറയെ ആണിയടിച്ച് കയറ്റിയ മച്ചിങ്ങ കുത്തി വെച്ച് ഓഹ്രീം കുട്ടിച്ചാത്തനായി.. കോസ്റ്റ്യൂംസിന്റെ കൊറവു മാത്രമേ ഉണ്ടായിരുന്നൊള്ളു.
കോസ്റ്റ്യൂംസിന്റെ കാര്യത്തിനൊരു തീരുമാനമുണ്ടാക്കിക്കൊണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഞാന്‍ ഒരു വമ്പന്‍ സാക്രിഫൈസ് നടത്തി. ആ വര്‍ഷത്തെ പെരുന്നാളിനു ഷര്‍ട്ടും പാന്റും എടുക്കാന്‍ തന്ന കാശിനു ഞാന്‍ വാങ്ങിച്ചത് നെഞ്ചത്ത് ചുവന്ന നക്ഷത്രമുള്ള മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും.. അതോടെ ഷര്‍ട്ടിന്റെ ബഡ്ജറ്റ് സ്വാഹ.. സൂപ്പര്‍ ഹീറോകള്‍ക്കെല്ലാം പാന്റ്സിട്ടാ ചൊറിച്ചില്‍ വരും എന്ന നഗ്ന സത്യം മനസ്സിലാക്കിയ ഞാന്‍ പാന്റു വാങ്ങാന്‍ മാറ്റി വെച്ച കാശെടുത്ത് മറിച്ച് ഡിങ്കന്റെ കോസ്റ്റ്യൂമിനു കാശു തികയാതെ ഒഴിവാക്കിയ ചുവന്ന ഷാളും, മായാവിയാകാനുള്ള കറുത്ത ഷഡ്ഡി രണ്ടെണ്ണവും വാങ്ങി.
ഞാനെന്റെ ഹൃദയത്തോപ്പില്‍ നട്ടു വളര്‍ത്തിയ പ്രണയമങ്ങനെ വളര്‍ന്നു വളര്‍ന്നു ചെടിയായി. മരമായി അവസാനം അണ്ണാക്കു വരെ എത്തി ശ്വാസം പോലും വിടാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ആരോടെങ്കിലും ഒന്നു പറയാന്‍ തീരുമാനിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരന്‍ അതായത് എന്റെ ബെഞ്ചില്‍ എന്റെ തൊട്ടറുത്തിരുന്നിരുന്ന തെണ്ടിയോടത് പറഞ്ഞു "ഡേയ്, നമ്മളെക്കാള്‍ പ്രായം കൂടിയവരേ പ്രേമിക്കുകയോ..." പുച്ഛത്തോടേ അവന്‍ ഫൗള്‍ വിളിച്ചു..
മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച്കൊണ്ടവളെന്നും എന്റെ ക്ലാസില്‍ വന്നും പോയുമിരുന്നു.. ഒരു ദിവസം, അവളേന്നോടൊരു ചോദ്യം ചോദിച്ചു.. അപ്രതീക്ഷിത ആക്രമണമായിരുന്നത് കൊണ്ട് തന്നെ മറുപടി പറയാന്‍ സാധിച്ചില്ല. ചോദ്യത്തിന്റെ ഉത്തരം കിട്ടാതായപ്പോള്‍, ക്ലാസിലെ മറ്റു പിള്ളേരുടെ മുന്നില്‍ വെച്ച് എന്നെ ചീത്ത വിളിച്ചു.. "നീയൊക്കെ എന്തിനാണ്ടാ കെട്ടും കെട്ടി ഇങ്ങോട്ട് വരുന്നത് എന്നു ചോദിച്ചതും പോരാതെ ഇമ്പോസിഷന്‍ തന്ന് എന്നെ നാറ്റിക്കുകയും ചെയ്തു.. അന്നു ഞാനെന്റെ മഞ്ഞ ബനിയനും ചുവന്ന ഷഡ്ഡിയും വലിച്ചു കീറി കാട്ടിലെറിഞ്ഞു.. കറുത്ത ഷഡ്ഡിയൂരി അടുപ്പിലിട്ടു. എന്നിട്ട് ഞാനെന്റെ മനസ്സിലെ പ്രണയക്കൂടാരത്തില്‍ നിന്നും ആ പിശാശിനെ പടിയടച്ച് പിണ്ടം വെച്ചു.. അല്ലെങ്കിലും ഈ റ്റ്യൂഷന്‍ ടീച്ചര്‍ മാരെയൊന്നും പ്രേമിക്കാന്‍ കൊള്ളൂല...
കൊറേ വര്‍ഷങ്ങള്‍ക്കു ശേഷം കോളേജീ വെച്ച് വേറൊരു പ്രണയം തലക്കു കേറി പിടിച്ചു.. അന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ആലോച്ചിച്ച് തല പുണ്ണാക്കിയിരുന്നത് ഉസ്കൂളീ വെച്ച് തോന്നീത് എന്തായിരുന്നു എന്നു മനസ്സിലാകാതെ ആയിരുന്നു.. പിന്നെ മാലപ്പടക്കത്തിനു തീ കൊടുത്ത പോലെ ഓരോന്നോരോന്നായി തലേ കുടുങ്ങുമ്പോ വിചാരിക്കും മുന്നതെന്തൂട്ട് കുന്താണാവോ ഉണ്ടായിരുന്നത്.. അപ്പോഴെല്ലാം ഞാന്‍ തീരുമാനിക്കും, മുന്നുണ്ടായിരുന്നതൊന്നും ഒന്നുമല്ല.. ഇതാണു യഥാര്‍ത്ഥ പ്രണയം.. അതെ ഇതു മാത്രമാണ് പ്രണയം.. ഇതു തന്നെയാണു പ്രണയം..!!

Related Posts Plugin for WordPress, Blogger...

പറഞ്ഞില്ലെന്നു വേണ്ട..

ഈ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവ പരമ്പരകളും, കഥാപാത്രങ്ങളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയി ഏതെങ്കിലും രീതിയില്‍ സാമ്യമോ, അവിഹിത ബന്ധമോ ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ അതു എന്റേയോ നിങ്ങളുടേയൊ പ്രശ്നമല്ല, കാരണം ലോകത്തിന്റെ പോക്കങ്ങനാ. അല്ലെങ്കിലും മഞ്ഞ പിത്തം വന്നാല്‍ കാണുന്നതെല്ലാം മഞ്ഞയായിട്ടേ തോന്നൂ എന്നു പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്.
© Copyright
All rights reserved
Creative Commons License
faayasam by Phayas Abdulrahman is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited.
Contact : phayas@gmail.com
Blog Designed By : www.fotoshopi.blogspot.com